ആഴ്ചയിൽ ആറു ദിവസവും ജോലി ചെയ്യണം. അതിന് പ്രതിമാസം വെറും 1000 രൂപ ലഭിക്കും. അതും വേതനമായല്ല, പ്രതി ഫലം എന്നനിലയ്ക്ക്. എന്നാൽ ഈ ആയിരം രൂപപോലും കൃത്യമായി എല്ലാ മാസവും ലഭിക്കില്ല. 10 മാസംവരെ കാത്തിരിക്കേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്. ഇതാണ് ആസാമിലെയും യുപിയിലേയുമൊക്കെ വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികൾക്കു കീഴിൽ പണിയെടുക്കുന്ന സ്ത്രീതൊഴിലാളികളുടെ അവസ്ഥ. ആശ പ്രവർത്തകർ, ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾ, അങ്കൻവാടി ജീവനക്കാർ എന്നീ വിഭാഗങ്ങളെല്ലാം സർക്കാരുകളൊന്നും തയ്യാറാകാത്ത സാഹചര്യത്തിലാണ് അവർ തെരുവിലിറങ്ങാൻ നിർബന്ധിതരായിരിക്കുന്നത്. കാലങ്ങളായി തങ്ങൾ നേരിടുന്ന അവഗണനയ്ക്കെതിരെ പൊരുതാനുറച്ചുതന്നെയാണവർ നവംബർ 26 മുതൽ 28 വരെ ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി ആഹ്വാനം ചെയ്ത മഹാധർണയിൽ അണിനിരക്കുന്നത്.
ആശാ വർക്കർമാർ നിരന്തരമായി സമരത്തിലാണ്. ഇവരുടെ സേവനങ്ങൾ എത്രത്തോളം വിലപ്പെട്ടതാണെന്നത് കോവിഡ് കാലത്ത് ജനങ്ങൾക്കാകെ ബോധ്യപ്പെട്ടതാണ്. അടിസ്ഥാന ആരോഗ്യവികസനത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭാഗമാണ് ഇവർ. എന്നിട്ടും തൊഴിലാളികളെന്ന നിലയിൽ അങ്ങേയറ്റം അവഗണനയാണ് ഇവർ നേരിടുന്നത്. ഗ്രാമങ്ങളിൽ വിറ്റാമിൻ ഗുളികകളും ഗർഭനിരോധന മാർഗങ്ങളും വിതരണം ചെയ്യുന്ന ആശമാർക്ക് ഓരോ വിതരണത്തിനും ഒരു രൂപയാണ് കിട്ടുന്നത്. ഈ വകയിൽ മാസം ഏറിയാൽ 600 രൂപ വരെ കിട്ടും. ഓണറേറിയം ഉൾപ്പെടെ പ്രതിമാസം കഷ്ടിച്ച് 3500‐-3600 രൂപ കയ്യിൽ കിട്ടും. ഈ തുച്ഛമായ തുകപോലും സർക്കാർ മുടക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇതാണ് ആശാവർക്കർമാരുടെ സ്ഥിതി.
അടിസ്ഥാന സേവനമേഖലകലിൽ ജോലിചെയ്യുന്നവരെകൂടാതെ മറ്റ് തൊഴിലാളികളും കർഷകരും വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കപ്പെട്ട മഹാധർണയിൽ അണിനിരന്നു. നാല് ലേബർ കോഡുകൾ റദ്ദാക്കുക. സംഘടിത തൊഴിലാളികളുടെ പ്രതിമാസ മിനിമം വേതനം 26,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച് തൊഴിലാളികളും എല്ലാ വിളകൾക്കും താങ്ങുവില (എം എസ്പി) ഉറപ്പാക്കുക, പ്രധാനമന്ത്രി ഫസൽ ബീമാ യോജനയ്ക്കു പകരം പുതിയ വിള ഇൻഷുറൻസ് ഏർപ്പെടുത്തുക, രാസവളം പോലുള്ള കാർഷിക ഉൽപ്പനങ്ങൾക്ക് ജി എസ് ടി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കർഷകരും അണിനിരന്നു.
പെൻഷനുകൾ ഉൾപ്പെടെയുള്ള സമഗ്രമായ സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, പുതിയ പെൻഷൻ പദ്ധതി റദ്ദാക്കി പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പ്രതിമാസം 10,000 രൂപ പെൻഷൻ, എല്ലാ വിഭാഗം അസംഘടിത തൊഴിലാളികളെയും രജിസ്റ്റർ ചെയ്യുക. അംഗൻവാടി, ആശ വർക്കർമാർ തുടങ്ങി എല്ലാ സ്കീം തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളും ധർണയിൽ ഉയർത്തപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷക വിരുദ്ധ, ജനവിരുദ്ധ, ദേശവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി ആഹ്വാനം ചെയ്ത ത്രിദിന മഹാപാടവിന് കർഷകയൂണിയനുകളുടെ സംയുക്തവേദിയായ സംയുക്ത കിസാൻ മോർച്ചയുടെ എല്ലാ പിന്തുണയും ഉണ്ടായി. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കപ്പെട്ട മഹാധർണയ്ക്ക് വലിയ ജനപിന്തുണ ലഭിച്ചതും ശ്രദ്ധേയമായി. സാധാരണക്കാരിൽ വലിയ വ്യാമോഹം സൃഷ്ടിച്ച് തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്ന ബിജെപി അധികാരമുപയോഗിച്ച് കോർപ്പറേറ്റനുകൂല, ജനവിരുദ്ധ നയങ്ങൾ കൂടുതൽ ശകത്മമായി നടപ്പിലാക്കുന്നത് ഉറപ്പാണ്. തീർച്ചയായും ഇതിനെ പ്രതിരോധിക്കുന്നതിന് പ്രക്ഷോഭങ്ങൾക്ക് വരും നാളുകളിൽ കൂടുതൽ മൂർച്ചകൂടേണ്ടിവരും. ♦