കർട്ടനുയരുമ്പോൾ സ്റ്റേജിൽ മങ്ങിയ വെളിച്ചം. അരങ്ങിനു: നടുവിൽ വലിച്ചുകെട്ടിയ തുണികൊണ്ട് മുറി ഉണ്ടാക്കിയിരിക്കുന്നു. വെളിച്ചം വ്യക്തമാകുമ്പോൾ മുറിയിലെ തുണിയിൽ ചിത്രങ്ങളും മുദ്രാവാക്യങ്ങളും വരച്ചിരിക്കുന്നതു കാണാം. (ബിജിഎം) ഇപ്പോൾ ഒരു സ്ത്രീ ആ തുണിച്ചുവരിൽ എന്തോ എഴുതുകയാണ്. മുറിയുടെ പിന്നിൽ നിന്ന് എത്തി ആയുധമേന്തിയ രണ്ടു മനുഷ്യർ സ്ത്രീയുടെ ഇരുവശവുമായി നിൽക്കുന്നു)
ഒന്നാം മനുഷ്യൻ: സർ ഇവരോട് എത്ര പറഞ്ഞിട്ടും കാര്യമില്ല. അനുസരിക്കില്ല. ഒന്നു കൂടി പറഞ്ഞുനോക്കാം
ഹേ. സ്ത്രീയേ നിങ്ങളോടല്ലേ ഇവിടെ ഒന്നും എഴുതരുതെന്ന് പറഞ്ഞത്?
(സ്ത്രീ മൗനത്തിൽ. എഴുത്തു തുടരുന്നു.)
( ഒന്നാം മനുഷ്യൻ രണ്ടാ മനോട്) – അങ്ങു കൊന്നുകളയട്ടെ?
രണ്ടാം മനുഷ്യൻ – അതെളുപ്പമാണ്.
കൊന്നു കളയൽ. പക്ഷേ ഇവളുടെ ലക്ഷ്യം എന്തെന്നറിഞ്ഞിട്ടു മതി.
ഹേ – സ്ത്രീയേ, നീയെന്താ എഴുതുന്നത്. വരയ്ക്കുന്നത്?
(ചോദ്യം ആവർത്തിക്കുന്നു. സ്ത്രീ അനങ്ങുന്നില്ല)
ഒന്നാം മനുഷ്യൻ: – ഈ വീട്ടിൽ ആരെല്ലാമുണ്ട്?
(സ്ത്രീ ശരി മൗനം. അയാൾ തുടരുന്നു ) നീ എഴുതുന്നത് ഞാനൊന്നു വായിക്കാൻ ശ്രമിക്കാം
‘‘അയ്യോ സർ എന്റെ ഡിസ്ക് ശരിയല്ല. എനിക്ക് വായിക്കാൻ കഴിയില്ല’’.
രണ്ടാം മനുഷ്യൻ: – എടോ, ഡിസ്‌ലെക്‌സിയ എന്നു പറ.
തനിക്കുവായിക്കാൻ കഴിയില്ല.
എന്നാ താൻ കേട്ടോ… ആ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് അന്നേ പറഞ്ഞതല്ലേ. വായിക്കാതെ എന്തു മനുഷ്യനാണെടോ താൻ… ചരിത്രത്തെ വളച്ചൊടിക്കണമെങ്കിൽ ഞാൻ പറയുന്നതു മാത്രം താൻ വായിക്കണം’. വായിച്ചാൽ വളയും വളയ്ക്കും എന്നുള്ളതാണ് നമ്മൾ അടിമകളുടെ മേന്മ
(സ്ത്രീയുടെ അടുത്തേക്ക് കുനിഞ്ഞ് തുണിച്ചുവരിലെഴുതിയത് വായിക്കുന്നു) – എനിക്ക് യുദ്ധം ചെയ്യാൻ കളിമൺ സൈനികർ, എന്റെ ആയുധങ്ങൾ ചുള്ളിക്കമ്പുകൾ… എങ്കിലും ഞാൻ സ്വാതന്ത്ര്യത്തിനായി പോരാടും.
(രണ്ടു പേരും പൊട്ടിച്ചിരിക്കുന്നു.
ഒന്നിച്ച് ) ഹൊ! എന്തൊരു ഭാവന!
(ഭയപ്പെടുത്തുന്ന സ്വരത്തിൽ)
രണ്ടാമൻ, … ഒരു വെടിയുണ്ടയ്ക്ക് എത്രയാ വില! അതു നിനക്കായി നഷ്ടപ്പെടുത്തില്ല. അല്ലാതെ തന്നെ നിന്നെ ഇല്ലാതാക്കാനറിയാം.
(സ്ത്രീ സാവധാനം എഴുന്നേറ്റ് പുറത്തേക്കു നടക്കുന്നു. നദി ഒഴുകുന്ന ശബ്ദം കേ ട്ട് ലയിച്ചു നിൽക്കുന്നു)
തിരിച്ചു വന്ന് മനുഷ്യരുടെ ചുമലിൽ കൈയിട്ട് മെല്ലെ പറയുന്നു:)
നിങ്ങൾ വല്ലാതെ ഒച്ചയിടുന്നു. ഭയപ്പെടുത്തുകയാണോ? ഇനിയും
‘‘നിങ്ങൾക്ക് ക്ഷീണമില്ലെങ്കിൽ ആ നദിക്കരയിൽ എന്നോടൊപ്പം വരൂ. അവിടെ മീൻ കൊത്തികളും മീനുകളും മത്സരിക്കുന്നുണ്ടാവും. അതിജീവനത്തിനായി. നിങ്ങൾക്കുള്ള ഭക്ഷണം തയാറായിട്ടുണ്ട്. ഈ വീടിനുള്ളിൽ എന്റെ സഹോദരങ്ങൾ ശാന്തമായ ഉറക്കത്തിലാണ്. അവർക്കു ഭയമില്ല. ഉണർന്നാൽ അവരുടെ സ്വാതന്ത്ര്യത്തിന്റെ ഭാവനകളെ നിങ്ങൾക്കു തടയാനാകില്ല.
(നദിയുടെ ഒഴുക്ക് ഉച്ചത്തിലാകുന്നു)
വീണ്ടും എഴുത്തു തുടരുന്നു.
ഒന്നാമൻ: നീയതു കേട്ടോ. ആ കളകള സ്വരം.
രണ്ടാമൻ: കേട്ടു. കേട്ടിട്ടുണ്ട്. എന്റെ ബാല്യത്തിൽ വീട്ടിനരികിൽ പുഴയുണ്ടായിരുന്നു. കൂട്ടുകാരും ഞാനും ആർത്തുല്ലസിച്ച് നീന്തുമായിരുന്നു.
ഒന്നാമൻ: അപ്പോഴാണ് നമ്മൾ ആ കാട്ടുപോത്തിന്റെ മുന്നിൽ പെട്ടത്. മെല്ലെ മെല്ലെ അതു നമ്മെ മെരുക്കി. അതിന്റെ ആജ്ഞയിൽ നമ്മൾ മനുഷ്യരെ …. കൊന്നു കളഞ്ഞു.
രണ്ടാമൻ: അതേ വെറുപ്പും വിദ്വേഷവും നമ്മെ കീഴടക്കി. നമ്മൾ കൊന്നുകൊണ്ടേയിരുന്നു. ഇനി പിൻതിരിയാനാവില്ല. അരുത് നമ്മൾ ദുർബലരാകരുത്. അവരുടെ ഭാവനയല്ല നമ്മുടെ നുണകളുടെ ഭാവന. (രണ്ടു പേരും ആയുധങ്ങൾ വൃത്തിയാക്കുന്നു)
(സ്ത്രീ -എഴുത്തു നിർത്തി എഴുന്നേൽക്കുന്നു. രണ്ടു പേരും വായിക്കുന്നു)
ജനാധിപത്യം, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം (ആവർത്തിക്കുന്നു പരസ്പരം നോക്കുന്നു). സ്ത്രീ നിങ്ങളെന്തു തീരുമാനിച്ചു അല്ലെങ്കിൽ വേണ്ട. എന്നെക്കാൾ തളർന്നവരും പോരാട്ടവീര്യം ഭാവനയായി വളർന്നവരും ഞങ്ങൾക്ക് തുണയായ് വരും. അവരെ സഹായിക്കാൻ നിങ്ങളിവിടെ വേണം (പുറത്തേക്ക് നടക്കുന്നു)
(ഒന്നാമനും രണ്ടാമനും അസ്വസ്ഥരായി ചുറ്റി നടക്കുന്നു)
രണ്ട്
(രംഗം ഇരുളുന്നു. ഇരുട്ടിൽ വീടിനു ചുറ്റും ആരോ കൊത്തിക്കിളയ്ക്കുന്ന ശബ്ദം. വീടിനകത്തു നിന്ന് 12 വയസുകാരൻ ചോദിക്കുന്നു.)
ആരാ അവിടെ? നിങ്ങൾക്കെന്തു വേണം?
പാതിരാത്രിയിൽ ഉറങ്ങാനും സമ്മതിക്കില്ല
എന്നായല്ലോ. ശല്യം
(വീടിനുള്ളിൽ നിന്ന് കൈകുത്തി ഇഴഞ്ഞ് പുറത്തേക്കു വരുന്നു)
കുട്ടി -വീടിനു ചുറ്റുംകൊത്തിക്കിളക്കുന്നതെന്തിനാ?
(വെളിച്ചത്തിലേക്ക് വരുന്ന ഒന്നാമനും രണ്ടാമനും)
ഞങ്ങൾക്ക് വാക്കുകൾ വേണം
കുട്ടി … വാക്കുകളോ? ആരുടെ?
മനുഷ്യർ – കവിയുടെ വാക്കുകൾ. അയാൾ ചിലപ്പോൾ അത് കുന്തമുനയാക്കുന്നു. ചിലപ്പോൾ മിന്നൽപ്പിണർ, ഞങ്ങൾ കൊന്നുകളഞ്ഞ ആ കവിയെക്കാൾ ഭീകരമാണ് അയാളുടെ മരണമില്ലാത്ത കവിതകൾ. അവ ഞങ്ങളുടെ യജമാനരെ നശിപ്പിക്കും.
(കുട്ടി അവരുടെ ഇടയിലേക്ക് കടന്നു നിൽക്കുന്നു)
കുട്ടി – ഉം.. അയാൾ വാക്കുകളെ ഇവിടെയൊക്കെ വിതറിയിട്ടുണ്ട്. ഏതു നിമിഷവും അവ പൊട്ടിത്തെറിക്കും. ഞങ്ങൾക്കവ തിരിച്ചറിയാം. നിങ്ങൾക്കു കഴിയില്ല. നിങ്ങൾ … ചാകും.
(ഒന്നാമനും രണ്ടാമനും നിലവിളിക്കുന്നു’ ) അയ്യോ….
(കുട്ടി പാട്ടു പാടുന്നു)
ആഹാ… എന്തൊരു മരണ ഭാവന.
കവിത മരിച്ചിട്ടില്ല. ചുറ്റിലും ലില്ലിപ്പൂക്കളും മൂത്രവും മണക്കുന്നുണ്ട്. വരൂ.
കൊല്ലിക്കുന്ന യജമാനരെ വിട്ട് കവിയെ പിന്തുടരാം.
ഞാൻ പുഴയുടെ തീരത്തേക്ക് പോകുന്നു.
(രണ്ടു പേരുംകുട്ടിയോട്)- പുഴക്കരയിലാണ് നിന്റെ അന്ത്യ വിധി
(രംഗം ഇരുളിലാഴുന്നു. കുട്ടിയുടെ പിറകേ രണ്ടുപേരും പുറത്തേക്കു പോകുന്നു.
(മുറിക്കകത്തു മാത്രം വെളിച്ചം. അതിനുള്ളിൽ ചില ചലനങ്ങൾ. സ്നേഹത്തെക്കുറിച്ചുള്ള കവിതകൾ കേൾക്കാം)
ആദ്യം പുറത്തേക്കു പോയ സ്ത്രീയും കുട്ടിയും കൈകോർത്തു വരുന്നു. ബെഞ്ചിലിരിക്കുന്നു)
കുട്ടി: ആ മനുഷ്യർ നദിയിൽ ചാടിയത് എന്തു കൊണ്ടായിരിക്കും?
സ്ത്രീ: കുറ്റബോധംകൊണ്ട്. ഏകാധിപതികളുടെ പിണിയാളുകൾ എപ്പോഴുമിങ്ങനെയാണ്. നീതി എന്തെന്നു മനസ്സിലാക്കിയാൽ പിന്നെ അവർക്ക് ജീവിച്ചിരിക്കാനാവില്ല.
കുട്ടി (മുമ്പിലേക്കു മെല്ലെ വന്നു) അച്ഛന്റയും അമ്മയുടെയും അരികിലുറങ്ങുകയായിരുന്നു.
ഞാൻ: അവർ കൂട്ടത്തോടെ വന്ന് എന്റെ… (പൊട്ടിക്കരയുന്നു )
(സ്ത്രീ എഴുന്നേറ്റ് ചെന്ന് കുട്ടിയെ തലോടുന്നു)
വാ … നിനക്കൊരു കഥ പറഞ്ഞു തരാം
(കുട്ടിയെ മടിയിൽക്കിടത്തുന്നു)
സ്ത്രീ: നിന്നെപ്പോലെയായിരുന്നു ആ ബാലനും. ധൈര്യമുള്ള കുട്ടി. മോഹൻദാസ് കരംചന്ദ് ഗാന്ധി. ഒരു ദിവസം മോഹൻദാസിന്റെ ക്ലാസ് മുറിയിലേക്ക് ഇൻസ്പെക്ടർ ക്ലാസ് പരിശോധനയ്ക്കായി കടന്നു വന്നു.. (BGMൽ സ്ത്രീയുടെ ശബ്ദം നേർത്തുവരുന്നു ഉറങ്ങുന്ന കുട്ടിയെ ബെഞ്ചിൽ കിടത്തി സ്ത്രീ പുറത്തേക്കു നോക്കുന്നു)
മഹാത്മജീ അവരെന്റെ മക്കളെ… എന്റെ കൺമുന്നിലിട്ട് …
(പൊട്ടിക്കരയുന്നു) അനാഥരുടെ നിലവിളികളിൽ എന്റെ രാജ്യം …
ഈ കാട്ടിനുള്ളിൽ… ഈ ഒറ്റമുറിക്കുള്ളിൽ എല്ലാവർക്കും അഭയമുണ്ട്. ഇവിടെ ആരുടെയും നുണകൾ ആരെയും കൊല്ലില്ല
(അകലെ എക്‌ല ചലോ രേ എന്ന പാട്ടു കേൾക്കുന്നു),
സ്ത്രീ: -ആരൊക്കെയോ ഇതുവഴി കടന്നുപോകുന്നുണ്ട്. ഇങ്ങോട്ടു വന്നാൽ ഇവിടെ അവർക്കും ഇടമുണ്ട്.
(ഒന്നാമനും രണ്ടാമനും നനഞ്ഞൊലിച്ചു തണുത്തു വിറച്ചു കടന്നു വരുന്നു)
ഒന്നാമൻ- എല്ലാം മനസ്സിലായി എല്ലാമെല്ലാം മനസ്സിലായി.
സഹോദരീ… കുടിക്കാൻ കുറച്ചു ചായ കിട്ടിയെങ്കിൽ
(കുട്ടി കണ്ണു തിരുമ്മി എഴുന്നേൽക്കുന്നു)
കുട്ടി അപ്പോൾ നിങ്ങൾ നദിയിൽ ചാടിയതോ? മുങ്ങിത്താഴുന്നത് ഞാൻ കണ്ടതാണല്ലോ.
രണ്ടാമൻ: ഹേയ് … ആ കുത്തൊഴുക്കു കണ്ടാൽ… ആരെങ്കി ലും നദിയിൽ ചാടുമോ?
നിനക്കു, തോന്നിയതാവും
അയ്യോ.. ഞങ്ങളില്ലേ …
(കുട്ടി ചിരിക്കുന്നു)-
പേടിത്തൊണ്ടൻമാർ
സ്ത്രീ:- ഭയം നിങ്ങളുടെ ഭാവനയാണ്. ഞങ്ങളെ നോക്കൂ. കൺമുന്നിൽ വേണ്ടപ്പെട്ടവർ വെട്ടിയരിയപ്പെടുന്നതു കണ്ടു.
ഉളതെല്ലാം നഷ്ടപ്പെട്ടു. കലാപത്തിൽ സകലതും ഇല്ലാതായി. അതു ഞങ്ങളുടെ ഭാവനയായിരുന്നില്ല. നാടും വീടും ഉറ്റവരും എല്ലാം എല്ലാം. എന്നിട്ടും ഈ ഒറ്റമുറിയിൽ ഇപ്പോൾ ഞങ്ങൾ ജീവിതം പണിതെടുക്കുന്നു.
(കുട്ടി മുറിക്കുള്ളിൽ പോയി ചിത്ര പുസ്തകമെടുക്കുന്നു)
(ഒന്നാമനും രണ്ടാമനും അതു മറിച്ചു നോക്കുന്നു)
രണ്ടാമൻ – ഹായ്… കിളികൾ മരങ്ങൾ മേഘങ്ങൾ പുഴകൾ ഞങ്ങളിതു വരെ ഇതൊന്നും കണ്ടിട്ടില്ല. യജമാനന്റെ ആജ്ഞകൾ മാത്രം കേട്ടു. അനുസരിച്ചു. ഞങ്ങളുടെ ആയുധങ്ങൾ അനേകംപേരുടെ ചോര കുടിച്ചു. വയ്യ… ഇനി വയ്യ (തേങ്ങിത്തളർന്ന് പരസ്പരം കെട്ടിപ്പിടിക്കുന്നു)
സ്ത്രീ – ഈ ഒറ്റ മുറി വീട്ടിലേക്കു നോക്കൂ. അവർ എവിടെ നിന്നൊക്കെയോ നിലവിളിച്ചു വന്നവർ. ഇപ്പോഴവർ സ്വസ്ഥമായി ഉറങ്ങുന്നു. നിങ്ങൾക്കും ഇവിടെ ഇടമുണ്ട്. (അകത്തേക്ക് കയറിപ്പോകുന്നു)
കുട്ടി: അല്ലാ നിങ്ങൾ നദിയിൽ ചാടുന്നതു ഞാൻ കണ്ടതാണ്. നിങ്ങളെങ്ങനെ രക്ഷിപ്പെട്ടു? അതെന്റെ ഭാവനയാണെന്നു പറയരുത്.
ഒന്നാമൻ – കുട്ടീ – ദയവു ചെയ്ത് ചോദ്യങ്ങൾ ചോദിക്കരുത്. നിന്റെ ചോദ്യങ്ങ ൾ ഞങ്ങളെ ഭയപ്പെടുത്തുന്നു.
പൊള്ളിക്കുന്നു.
(സ്ത്രീ അവരുടെ കൈ പിടിച്ച്) അകത്തേക്കു ചെല്ലൂ ഭക്ഷണം കഴിച്ച് സുഖമായി ഉറങ്ങിക്കൊള്ളൂ.
(രണ്ടു പേരും ഒറ്റമുറി വീടിനുള്ളിലേക്ക് പോകുന്നു)
(കുട്ടി സ്ത്രീയോട്)- അവരെ എനിക്കറിയാം. അവരാണ് എന്റെ അച്ഛനമ്മമാരെ… ( വിതുമ്പുന്നു)
അവരെ നദിയിലേക്ക് തള്ളിയിട്ടതു ഞാനാണ്…
(സ്ത്രീ കുട്ടിയെ ചേർത്തണയ്ക്കുന്നു)
അല്ല. നീയവരെ നദിയിൽനിന്ന് രക്ഷിക്കുകയായിരുന്നു. നിനക്കതിനേ കഴിയൂ. ആരെയും ശിക്ഷിക്കാനാവില്ല.
അവർ ആയുധങ്ങളും അടിമത്വവും നദിയിൽ ഉപേക്ഷിച്ചു. അല്ലങ്കിലും അതൊരു കറുത്ത നദിയാണ്. കറുത്തനിറമുള്ള എന്റെ തൊലിക്കടിയിൽ ഒഴുകുന്ന ആ കറുത്ത ദ്രാവകം. നിറഞ്ഞത്. അതാരെയും കൊല്ലില്ല. കരകവിയുമെ. ന്നല്ലാതെ… വരു നമുക്ക് ജോലി തുടരാം. കണ്ണിമ ചിമ്മാതെ ഈ ഒറ്റമുറി വീടിനു കാവലിരിക്കാൻ ഞാനും നീയുമുണ്ട്. അകത്തുള്ളവർ സുരക്ഷിതരായി വിശ്രമിക്കട്ടെ.
സ്ത്രീ വീടിന്റെ ചുമരിൽ എന്തോ എഴുതുന്നു
ഇപ്പോൾ നമുക്കതു വായിക്കാം
We, the people …
കുട്ടി അവരുടെ അടുത്തു ചെന്ന് അതുറക്കെ വായിക്കുന്നു
(ഒന്നാമനും രണ്ടാമനും ഒറ്റമുറി വീടിനുളളിൽ നിന്ന് പുറത്തേക്കു വരുന്നു)- ഞങ്ങൾക്ക് ചിത്ര പുസ്തകങ്ങളും ചായപ്പെട്ടികളും തരൂ. ഞങ്ങളുടെ ചരിത്രഭാവനകൾ ചിറകുവിടർത്തട്ടെ. സഹിഷ്ണുത ഞങ്ങളിൽ പുലരട്ടെ.
സ്ത്രീ എവിടെയും കൂടുതൽ കാറ്റും വെളിച്ചവും കടക്കുന്ന ജനാലകളും വാതിലുകളും വരയ്ക്കാൻ ഞങ്ങൾ സഹായിക്കാം. (എല്ലാവരും വരയ്ക്കാൻ പരസ്പരം സഹായിക്കുന്നു…) (പിന്നണിയിൽ സംഘമായി സ്വാതന്ത്ര്യഗാനം ഉയർന്നുകേൾക്കുന്നു)
(രംഗത്ത് പൂർണ വെളിച്ചവും സംഗീതവും നിറയുന്നു)
കർട്ടൻ. ♦