Wednesday, May 8, 2024

ad

Homeസംസ്ഥാനങ്ങളിലൂടെതെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്

സഹാന പ്രദീപ്‌

വാശിയേറിയ ഒരു ത്രികോണ മത്സരമാണ് തെലങ്കാനയിൽ നടന്നത്‌. ബിആർഎസ്സും കോൺഗ്രസ്സും ബിജെപിയുമാണ് തെരഞ്ഞെടുപ്പിലെ മുൻനിര പോരാളികളെങ്കിലും ആഴത്തിൽ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് വേരോട്ടമുള്ള തെലങ്കാനയിൽ സിപിഐ എമ്മിന്റെ സാധ്യതകളും ജിജ്ഞാസ ഉണർത്തുന്നുണ്ട്.

ബിആർഎസ്
ഒരു ഹാട്രിക് വിജയം ലക്ഷ്യംവെച്ചിരിക്കുന്ന ബിആർഎസ്സിന്റെ പ്രചരണായുധങ്ങൾ ഇതുവരെ നടപ്പിലാക്കിയതും പ്രഖ്യാപിക്കപ്പെട്ടതുമായ ക്ഷേമ വികസനപദ്ധതികളായിരുന്നു. ആഗസ്ത് 20നു തന്നെ 115 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെ ബിആർഎസ് പ്രഖ്യാപിക്കുകയും എഐഎഐഎമ്മുമായുള്ള സൗഹൃദം തുടരുമെന്ന് അസന്നിഗ്‌ധമായി പ്രസ്താവിക്കുകയും ചെയ്തു. ഏഴ് സീറ്റുകളിലാണ് എഐഎഐഎം മത്സരിക്കുന്നത്. നിലവിൽ 104 എംഎൽഎമാരാണ്‌ ബിആർഎസ്സിനുള്ളത്. സ്ഥാനാർഥി പട്ടികയിൽ ആശ്ചര്യകരമായ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ബിആർഎസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഏഴു മണ്ഡലങ്ങളിലൊഴികെ മറ്റെല്ലായിടങ്ങളിലും സിറ്റിങ്ങ് എംഎൽഎമാർ വീണ്ടും ജനവിധി തേടുകയാണ്. കൗതുകകരമായൊരു ആത്മവിശ്വാസം ഈ സ്ഥാനാർഥി നിർണയത്തിൽ അതുകൊണ്ടു തന്നെ പ്രതിഫലിക്കുന്നുണ്ട്. നിരവധി അഴിമതി ആരോപണങ്ങളും ജനപ്രതിനിധികളുടെ അനനുരൂപമായ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ചർച്ചകളും വകവെക്കാതെയാണ് ബിആർഎസ് 108 സീറ്റുകളിലും തുടർച്ച തേടുന്നത്. മണ്ഡല വിഭജനത്തിലും ജാതി-മതാടിസ്ഥാനത്തിലുള്ള മുൻമാതൃക തന്നെ പിന്തുടരുകയാണ് ബിആർഎസ് എന്ന് കാണാം.

സ്ഥാനാർഥി നിർണയത്തിൽ പിന്തള്ളപ്പെട്ട്‌ നേതാക്കളുടെ അതൃപ്തിയും ചില കൊഴിഞ്ഞുപോക്കുകളും അലോരസപ്പെടുത്തുന്നുണ്ടെങ്കിലും മൂന്നാം തവണയും ജനഹിതം തങ്ങൾക്കൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസം പുറമേക്കെങ്കിലും ഉയർത്തിപ്പിടിക്കാൻ ബിആർഎസ്സിന് കഴിയുന്നുണ്ട്. തെലങ്കാന രൂപീകരണത്തിനായുള്ള പോരാട്ടത്തിൽ ബിആർഎസ്സിനുള്ള അനിഷേധ്യമായ പങ്ക് ജനഹൃദയങ്ങളിൽ ഇപ്പോഴും ബിആർഎസ്സിന്റെ സ്ഥാനം അചഞ്ചലമായി നിർത്തുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ഭരണ വിരുദ്ധ വികാരങ്ങൾക്കപ്പുറവും വിജയസാധ്യത കാണാൻ ബിആർഎസ്സിനെ പ്രോത്സാഹിപ്പിക്കുന്നത് ഈ വികാരമാണ്. അതുകൊണ്ട് തന്നെയാണ് ബിആർഎസിനെതിരായ ഓരോ വോട്ടും തെലങ്കാനക്ക് എതിരെ എന്ന പ്രചരിപ്പിക്കാൻ അവർക്ക് സാധിക്കുന്നത്.

കോൺഗ്രസ്സ്
ഭാരത് ജോഡോ യാത്രയാണ് തെലങ്കാനയിൽ മൃതിയോട് അടുത്തുകൊണ്ടിരുന്ന കോൺഗ്രസ്സിന് ജീവശ്വാസമായത് എന്നു വേണമെങ്കിൽ നിരീക്ഷിക്കാവുന്നതാണ്. അതിനു ശേഷമാണ് പ്രതിപക്ഷം എന്ന നിലയിൽ കോൺഗ്രസ്സ് പൊതുജന പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യം കൂടി കണക്കിലെടുത്തതുകൊണ്ട് അഴിമതി, തൊഴിലിലായ്മ, കർഷക പ്രശ്നങ്ങൾ, ഭൂമി തുടങ്ങിയ രാഷ്ട്രീയ ചോദ്യങ്ങൾ ഈ കാലയളവിൽ മാത്രമാണ് കോൺഗ്രസ്സിന്റെ വിഷയമാവുന്നത്. കർണ്ണാടക തിരഞ്ഞെടുപ്പ് ഫലം അവർക്ക് പുത്തനുണർവായിരുന്നു. തുടർന്ന് ബിജെപിയിൽ നിന്നും ബിആർഎസ്സിൽ നിന്നുമുള്ള കൊഴിഞ്ഞുപോക്ക് തങ്ങൾക്കനുകൂലമാക്കാനും കോൺഗ്രസ്സിന് സാധിച്ചു. ജൂലൈയിൽ തെലങ്കാന ഗിരിജന സഭ എന്ന പേരിൽ ഖമ്മത്ത് വലിയൊരു പൊതുസമ്മേളനം രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസ്‌ സംഘടിപ്പിക്കുകയുണ്ടായി. വലിയ ജനപങ്കാളിത്തം ഉറപ്പുവരുത്താനും കോൺഗ്രസ്സിന് സാധിച്ചു. ബിആർഎസ്സിന്റെ ബിജെപിയുടെ ബി ടീം എന്ന ചാപ്പ കുത്തിയ രാഹുൽ ഗാന്ധി കോൺഗ്രസ്സ് അധികാരത്തിലെത്തിയാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ സംഗ്രഹവും അവതരിപ്പിച്ചു.

മുൻ ബി ആർ എസ് എം പി പൊങ്ക്‌ലേട്ടി ശ്രീനിവാസ റെഡ്ഡിയുടെ കോൺഗ്രസ്സ് പ്രവേശനത്തിനും സമ്മേളനനഗരി വേദിയായി. ശ്രീനിവാസ റെഡ്ഡിയുടെ ചുവടുമാറ്റം ഖമ്മത്ത് കോൺഗ്രസ്സ് പ്രതീക്ഷകൾക്ക് വലിയ ആക്കം നൽകിയിട്ടുണ്ട്.

കോൺഗ്രസ്സ് സ്ഥാനാർഥി പട്ടികയിലെ മറ്റൊരു പ്രധാന ആകർഷണം മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ആണ്. ജൂബിലി ഹിൽസിൽ നിന്നാണ് അസ്‌ഹറുദ്ദീൻ ജനവിധി തേടുന്നത്.

കോൺഗ്രസ്സിന്റെ അധികാരക്കൊതിയും നിർബന്ധബുദ്ധിയും തെലങ്കാനയിൽ പ്രതിഫലിച്ച രീതിയിലാണെങ്കിൽ INDIA സഖ്യത്തിന്റെ സുസ്ഥിരമായ ഭാവിയെ അത് ചെറുതല്ലാത്ത രീതിയിൽ ബാധിക്കും. അവസാന മിനിറ്റ് വരെ മുന്നണിയിലെ മാറ്റ് പാർട്ടികളെ ഇരുട്ടിൽ നിർത്തുന്ന വളരെ ഹീനമായ രീതിയാണ് കോൺഗ്രസ്സ് തെലങ്കാനയിൽ സ്വീകരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടിജെഎസിന്‌ 6ഉം സിപിഐക്ക് 2ഉം സീറ്റുകൾ നൽകിയ മുന്നണിയിൽ ഇത്തവണ സിപിഐക്ക് ഒന്നും ടിജെഎസിന്‌ പൂജ്യവുമാണ് വീതിച്ചിരിക്കുന്നത്. മുന്നണിയോടുള്ള ഈ ഏകപക്ഷീയമായ സമീപനം അത്ര ശോഭനമായൊരു തുടർച്ചയല്ല സംവദിക്കുന്നത്.

ബിജെപി
തുടക്കത്തിൽ വലിയ ആവേശം പ്രകടിപ്പിച്ചിരുന്നെങ്കിലും തുടരെയുള്ള തിരിച്ചടികൾ ബിജെപിക്ക് തെലങ്കാനയിലുള്ള പ്രതീക്ഷയിൽ മങ്ങലേൽപ്പിച്ചിരിക്കുകയാണ്. ഉൾപ്പോരും നേതാക്കളുടെ അനിയന്ത്രിതമായ കൊഴിഞ്ഞുപോക്കും ബിജെപിയുടെ നില പരുങ്ങലിലാക്കിയിട്ടുണ്ട്. നേതൃത്വമാറ്റത്തെച്ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങളും ദിശയില്ലായ്മയും തിരഞ്ഞെടുപ്പു കാലത്ത് ബിജെപിക്ക് വലിയ വെല്ലുവിളിയായിരുന്നു. വളരെ പ്രകടമായ ഭരണ വിരുദ്ധ വികാരമുണ്ടെങ്കിലും അത് താങ്കൾക്കുള്ള വോട്ട് ആക്കിമാറ്റാനുള്ള ധിഷണയോ ദിശാബോധമോ ബിജെപിക്ക് ഇല്ല എന്നുവേണം നിരീക്ഷിക്കാൻ. ചില മണ്ഡലങ്ങളിൽ മുന്നേറ്റം പ്രകടിപ്പിക്കാമെന്നല്ലാതെ ബിആർഎസ്സിനോട് പൊരുതി ജയിക്കാൻ നിലവിൽ തെലങ്കാനയിൽ ബിജെപിക്ക് വേരുറച്ചിട്ടില്ല. പണമൊഴുക്കിയും വാർ റൂമുകൾ ഉപയോഗിച്ചും ഹൈദ്രബാദിനെ ഭാഗ്യനഗർ എന്ന പുനർനാമകരണം ചെയ്യുമെന്നുൾപ്പെടെയുള്ള വർഗ്ഗീയ പ്രചാരണങ്ങൾ ആയുധമാക്കിയും മോദി, അമിത് ഷാ, യോഗി തുടങ്ങിയ നിരവധി താരപ്രചാരകരെ ഉപയോഗിച്ചും ബിജെപി കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിലെ അങ്ങേയറ്റം അധഃപതിച്ച രീതിയിലാണ് ബിജെപിയുടെ ആഹ്വാനങ്ങളും പൊതുമണ്ഡലത്തിലെത്തിക്കൊണ്ടിരുന്നത്. അധികാരത്തിലെത്തിയാൽ 4 ശതമാനം മുസ്ലിം സംവരണം എടുത്തുമാറ്റും എന്ന അങ്ങേയറ്റം വർഗ്ഗീയമായി പ്രചാരണം ബിജെപി നടത്തുകയുണ്ടായി. ഇതേത്തുടർന്ന് മുസ്ലിം വൈകാരികതയെ ആളിക്കത്തിക്കാൻ ബിആർഎസ്സും ശ്രമിക്കുന്ന കാഴ്ചക്ക് തെലങ്കാന സാക്ഷ്യം വഹിച്ചു. കോൺഗ്രസ്സ് കാലത്തുണ്ടായ മുസ്ലിം വേട്ടയാടലുകൾ വരെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് മുറിവുകളിൽ വീണ്ടും പൊടിയ്ക്കാനും തിരഞ്ഞെടുപ്പിൽ അനുകൂല്യമുണ്ടാക്കാനും ബിആർഎസ് ശ്രമിച്ചത്. ഭരണവിരുദ്ധവികാരം ഒരു പരിധിവരെ തുണച്ചേക്കാമെന്നല്ലാതെ തെലങ്കാന ബിജെപിക്ക് മറ്റു പ്രതീക്ഷകളൊന്നും നല്കുന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് വിശകലനവിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

സിപിഐ എം
2023 നിയമസഭാ തിരഞ്ഞെടുപ്പിൽ നൈതികതയാണ് സിപിഐ എമ്മിന്റെ പോരാട്ട ആയുധം. കോൺഗ്രസുമായുള്ള സീറ്റ് ധാരണ നീതിയുക്തമല്ലാതെ കലാശിക്കയാൽ ഒറ്റയ്‌ക്കാണ് ഇത്തവണ സിപിഐ എം തിരഞ്ഞെടുപ്പിനെ നേരിട്ടത്. വർഗ്ഗീയശക്തിക്കും അഴിമതിക്കും ജനവിരുദ്ധതക്കും എതിരായ ശക്തമായൊരു മുന്നണി രൂപപ്പെട്ടുവരുന്നത് കോൺഗ്രസ്സിന്റെ നിർബന്ധബുദ്ധിയിൽ തകർന്നു പോവുകയായിരുന്നു. 19 നിയമസഭാ മണ്ഡലങ്ങളിൽ നിന്നാണ് സിപിഐ എം ജനവിധി നേരിടുന്നത്. ഇക്കാലയളവിൽ സിപിഐ എം നേതൃത്വം നൽകിയ വർഗസമരങ്ങളും അവകാശ പോരാട്ടങ്ങളും അനവധിയാണ്. ജനസാഗരങ്ങൾ അണിനിരന്ന നിരവധി സമരസദസ്സുകൾ സിപിഐ എമ്മിന്റെയും വർഗബഹുജന സംഘടനകളുടെയും മേൽനോട്ടത്തിൽ ഉണ്ടായി. അവ ബിആർഎസ് സർക്കാരിന്റെ കെടുകാര്യസ്ഥതയെയും അഴിമതിയെയും ചോദ്യം ചെയ്തു.

മുന്നണിയിൽ ഭാഗമാവാൻ സിപിഐ എമ്മിന് കഴിഞ്ഞില്ലെങ്കിലും വലിയൊരു മുന്നേറ്റം ജനങ്ങളുടെ പിന്തുണയിൽ പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്.

ബഹുജനങ്ങളുടെ ഉത്കണ്ഠകളൊന്നും ത്രികോണമത്സരം അവകാശപ്പെടുന്ന മുന്നണികളുടെയും പാർട്ടികളുടെയും തിരഞ്ഞെടുപ്പ് അജൻഡയിൽ പ്രതിഫലിക്കുന്നില്ല എന്നത് വളരെ വേദനാജനകമായിരിക്കെ ഈ വിഷയങ്ങൾ ഉയർത്തിക്കൊണ്ടു വരികയും തുടർച്ചയായ സമരങ്ങൾ നയിക്കുകയും ചെയ്തത് സിപിഐ എം മാത്രമാണ്. വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും വയോജനങ്ങളുടെയും ക്ഷേമമോ നയപരിഷ്കരണമോ തുടർച്ച അവകാശപ്പെടുന്ന ബിആർഎസിന്റെയോ ഭരണത്തിലെത്താൻ ആവേശപ്പെടുന്ന കോൺഗ്രസ്സിന്റേയോ ബിജെപിയുടെയോ പ്രകടനപത്രികകളിൽ നാമമാത്രമായല്ലാതെ മൂർത്തമായ രൂപത്തിൽ കാണാൻ കഴിയുന്നില്ല.

അതുകൊണ്ടുതന്നെ ഈ ചോദ്യങ്ങൾ രാഷ്ട്രീയമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഏക പാർട്ടി എന്ന നിലയിൽ സിപിഐ എമ്മിന്റെ സാധ്യതകൾ നിസ്സാരമല്ല.

ബിആർഎസ്സിന്റെ ഭരണം എത്രത്തോളം ഏകാധിപത്യപരവുമായിരുന്നു എന്നതിന്റെ ഓർമ്മകൾ എങ്ങനെയാണ് ആർടിസി സമരം ഭരണകൂടം കൈകാര്യം ചെയ്തത് എന്നതിൽ തുടങ്ങി ധർണ ചോക്കിന്റെ നിരോധനം അടക്കം സിവിൽ സൊസൈറ്റിയെ വേട്ടയാടിയതുപോലെയുള്ള നിരവധി സന്ദർഭങ്ങളുണ്ട്. ബിജെപിയുടെ കേന്ദ്ര സർക്കാരിൽ നിന്നും ജനാധിപത്യത്തോടുള്ള സമീപനത്തിൽ ഒട്ടും ഭേദമല്ല ബിആർഎസ്. ബിആർഎസ്സിന്റെ സ്വേച്ഛാധിപത്യ ഭരണത്തോട് നിശ്ശബ്ദത മാത്രമാണ് കോൺഗ്രസ്സും ബിജെപിയും പുലർത്തിയിട്ടുള്ളത്. ജനങ്ങൾ ജനാധിപത്യത്തിന്റെ സ്വരങ്ങളെ എങ്ങനെയാണ് ഇവർ കൂട്ടായി അടിച്ചമർത്തിയത് എന്ന ഓർമ്മിക്കുന്ന നാളായിരിക്കട്ടെ നവംബർ 30.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − 6 =

Most Popular