Monday, May 20, 2024

ad

Homeചിത്രകലശിൽപകലയിലെ സ്‌ത്രീസാന്നിധ്യം

ശിൽപകലയിലെ സ്‌ത്രീസാന്നിധ്യം

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

കേരളത്തിന്റെ തനത്‌ കലാരൂപങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന പാരന്പര്യമാണ്‌ ചിത്ര‐ശിൽപകലകൾക്കുള്ളത്‌. പാരന്പര്യത്തിന്റെ ശക്തിയാർജിക്കുന്ന ചിത്രകലയിൽ ചുവർചിത്രങ്ങൾക്കും ശിൽപകലയിൽ ദാരുശിൽപങ്ങൾക്കുമാണ്‌ കൂടുതൽ പ്രാധാന്യമുള്ളത്‌. നിറചാരുതയിലും ശൈലിയിലുമുള്ള ചുവർചിത്രങ്ങളിലെ സവിശേഷതകൾ ഏറെയാണ്‌. വിടർന്ന കണ്ണുകളും ഉറച്ച ശരീരവും മെയ്യലങ്കാരങ്ങളുമൊക്കെച്ചേരുന്ന ദാരുശിൽപങ്ങളും ഏക്കാലവും കേരളത്തിന്റെ സ്വന്തമാണ്‌, അഭിമാനമാണ്‌. കേരളത്തിന്റെ വനസന്പത്ത്‌ ദാരുശിൽപകലയെയും ദന്തശിൽപകലയെയും നിലനിർത്തുന്നതിന്‌ സഹായകമായിട്ടുണ്ട്‌. വാസ്‌തുശിൽപകലയിൽപ്പെടുന്ന നമ്മുടെ മനകൾ, ഇല്ലങ്ങൾ, കോവിലകം, ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ ഇവിടമൊക്കെ ദാരുശിൽപങ്ങൾക്കും പ്രാധാന്യമുള്ള ഇടങ്ങളാണ്‌. ദാരുശിൽപകല 16‐17 നൂറ്റാണ്ടുകളിലാണ്‌ സജീവമായിരുന്നത്‌. ശിലാശിൽപങ്ങളും ലോഹശിൽപങ്ങളും ദാരുശിൽപങ്ങളേക്കാൾ കാലത്തെ അതിജീവിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്‌. ആധുനിക ഭാരതീയ ശിൽപികളിൽ ശ്രദ്ധേയനായ ദേവിപ്രസാദ്‌ റോയ്‌ചൗധരി (സി പി റോയ്‌ ചൗധരി), ഗ്രാമീണതയുടെ ശക്തിയും ചൈതന്യവും പ്രസരിപ്പിക്കുന്ന ശിൽപങ്ങളുമായി രാംകിങ്കർ എന്നിവരിലൂടെ രൂപപ്പെട്ട ഇന്ത്യൻ ശിൽപകലയുടെ വികാസപരിണാമ ഘട്ടങ്ങൾ ചെന്നെത്തുന്നത്‌ പുതിയ കാലത്തെ അടയാളപ്പെടുത്തുന്ന വ്യത്യസ്‌ത ശൈലീസങ്കേതങ്ങളിലും മാധ്യമങ്ങളിലുമുമുള്ള ശിൽപകലാരംഗത്താണ്‌. സമകാലീന ശിൽപകലയിലേക്ക്‌ വരുമ്പോൾ ദേശീയ‐അന്തർദേശീയ പ്രശസ്‌തരായ ശിൽപകാരരാണ്‌ ഇന്ത്യയിലുള്ളതെന്ന്‌ കാണാം. പ്രത്യേകിച്ച്‌ കേരളത്തിൽ.

തിരുവനന്തപുരം സ്വദേശിയായ ഉഷാ രാമചന്ദ്രന്റെ ഏകാംഗ ശിൽപപ്രദർശനമാണ്‌ ഇവിടെ പരാമർശിക്കപ്പെടുന്നത്‌. ഉഷാ രാമചന്ദ്രൻ ശിൽപകലാരംഗത്ത്‌ തീർത്തും പുതുമുഖമാണെന്ന്‌ പറയാനാവില്ല. ചിത്ര‐ശിൽപകലാരംഗത്ത്‌ കൂടുതൽ പഠനങ്ങൾ അവർ നടത്തിയിട്ടില്ലെങ്കിലും കേരളത്തിനകത്തും പുറത്തും ഒന്നിലധികം തവണ ഏകാംഗ ശിൽപപ്രദർശനങ്ങളും നിരവധി സംഘചിത്ര ശിൽപ പ്രദർശനങ്ങളിലുമുള്ള പങ്കാളിത്തമാണ്‌ ഉഷാ രാമചന്ദ്രന്‌ പിൻബലമായി വർത്തിച്ചിട്ടുള്ളത്‌. കേരള ലളിതകലാ അക്കാദമിയുടെ വാർഷിക ചിത്ര‐ശിൽപ പ്രദർശനങ്ങളിലും ഇവർ പങ്കെടുത്തിട്ടുണ്ട്‌.

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ അക്കാദമി ഗ്യാലറിയിൽ കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഉഷാ രാമചന്ദ്രന്റെ ശിൽപപ്രദർശനം നവംബർ മാസം സംഘടിപ്പിക്കുകയുണ്ടായി. ഡോ. വി രാമൻകുട്ടി പ്രദർശനം ഉദ്‌ഘാടനം ചെയ്‌തു. ഇരുപതോളം ശിൽപങ്ങൾ ഉൾപ്പെടുത്തിയ പ്രദർശനം ഒരാഴ്‌ച നീണ്ടുനിന്നു. ആസ്വാദകന്റെ ആത്മാവിനെ പ്രചോദിപ്പിക്കുന്ന ജീവിതാനുഭവങ്ങളെ ക്രിയാത്മക സൗന്ദര്യസങ്കൽപങ്ങളോടെ ഉഷാ രാമചന്ദ്രൻ ശിൽപങ്ങളാക്കി അവതരിപ്പിച്ചിരിക്കുന്നു. നമ്മുടെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്‌ട്രീയ അന്തരീക്ഷത്തെ സ്വാംശീകരിച്ചെടുത്താണ്‌ മനുഷ്യജീവിതവുമായി ഇഴചേർത്ത്‌ നവീന രൂപകൽപനകളായി ആവിഷ്‌കരിച്ചിട്ടുള്ളത്‌. നേർത്തതും നീളം കൂടിയതുമായ മനുഷ്യരൂപങ്ങൾ ചലനാത്മകമായിട്ടാണ്‌ ഇവിടെ കാണാനാവുക. നീളം കൂടിയ ഉടലുകൾ, കൈകാലുകൾ, ഇവയുടെ ചലന പ്രത്യേകതകൾ ഇവയനുസരിച്ചുള്ള അനുപാതത്തിലും ഒപ്പമുള്ള രൂപവുമായി ബന്ധപ്പെട്ടുമാണ്‌ ശിൽപം പെഡസ്റ്റലിൽ ഉറപ്പിച്ചിട്ടുള്ളത്‌. ഈ ശിൽപരൂപ നിർമിതിയുടെ പ്രത്യേകതയും അതുതന്നെയാണ്‌ (ലാളിത്യവും ഋജുവുമായ ശിൽപങ്ങളിലേക്ക്‌ ആശയപ്രപഞ്ചത്തെ സന്നിവേശിപ്പിച്ചിരിക്കുന്ന പ്രത്യേകത) രൂപങ്ങളെ ലളിതവൽക്കരിക്കാനുള്ള മനഃപൂർവമായ ശ്രമവും ചില ശിൽപങ്ങളിൽ കാണാം.

അതിരുകളില്ലാത്ത അമൂർത്തത ഒഴിവാക്കി ശുദ്ധരൂപങ്ങളുടെ സാധ്യതകൾക്കാണ്‌ താൻ പ്രാധാന്യം നൽകുന്നതെന്ന്‌ ഉഷാ രാമചന്ദ്രൻ പറയുന്നു. 50 വയസ്സ്‌ പിന്നിട്ടശേഷമാണ്‌ ശിൽപരചനയിൽ അവർ സജീവമാകുന്നതെങ്കിലും ചിത്ര‐ശിൽപകല എന്നും അവർക്കൊപ്പമുണ്ടായിരുന്നു. ഈയിടെ വിടപറഞ്ഞ പ്രമുഖ ശിൽപി വി സതീശനാണ്‌ ശിൽപകലാപഠനത്തിന്‌ വേണ്ട മാർഗനിർദേശങ്ങൾ ആദ്യകാലത്ത്‌ നൽകിയിരുന്നത്‌. പുതിയ രൂപനിർമിതികളും ശൈലീസങ്കേതങ്ങളിലേക്കുള്ള നവീനമായ കാഴ്‌ചപ്പാടും ഉഷാ രാമചന്ദ്രന്റെ കലയെ സന്പന്നമാക്കുന്നു. പ്രായത്തിന്റെ നേരിയ പ്രശ്‌നങ്ങൾക്കിടയിലും തന്റെ കലയെ ചേർത്തുപിടിക്കാൻ അവർ പരിശ്രമിക്കുന്നു എന്നതാണ്‌ ശ്രദ്ധേയം. കുടുംബവും പിന്തുണയുമായി ഒപ്പമുണ്ട്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 − four =

Most Popular