പലസ്തീനെ പിന്തുണച്ചുകൊണ്ട് വളരെ വിപുലവും നിർണായകവുമായ പ്രക്ഷോഭ സമരങ്ങൾക്കാണ് ഇക്കഴിഞ്ഞ ആഴ്ച ബ്രിട്ടൻ സാക്ഷ്യം വഹിച്ചത്. കോളേജ് അധ്യാപകരും സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ആരോഗ്യപ്രവർത്തകരും പോസ്റ്റൽ തൊഴിലാളികളും ഫാക്ടറി തൊഴിലാളികളുമടക്കം വലിയൊരു നിരതന്നെ ലണ്ടനിലെ പലസ്തീൻ അനുകൂല പ്രക്ഷോഭ സമരങ്ങൾ സംഘടിപ്പിക്കുന്ന ‘സ്റ്റോപ്പ് ദ വാർ’ എന്ന സംഘടന ആഹ്വാനം ചെയ്ത ‘രണ്ടാമത് തൊഴിലിട പ്രക്ഷോഭ ദിന’ത്തിൽ പങ്കെടുത്തു. ഓരോ യൂണിയനുകളും ഓരോ തൊഴിലിടത്തിലെ ജീവനക്കാരും തൊഴിലാളികളും വ്യത്യസ്തതയാര്‍ന്ന പ്രക്ഷോഭ പരിപാടികളാണ് സംഘടിപ്പിച്ചത്. നവംബർ 29 ബുധനാഴ്ച സംഘടിപ്പിച്ച ഈ പ്രക്ഷോഭ പരിപാടിയിൽ ബ്രിട്ടനിലുടനീളമുള്ള ആയിരക്കണക്കിന് തൊഴിലാളികളും വിദ്യാർത്ഥികളും അണിനിരക്കുകയും നാനാതരത്തിലുള്ള പ്രക്ഷോഭസമരങ്ങൾ സംഘടിപ്പിക്കുകയും റാലികളും പ്രതിഷേധസമരങ്ങളും മറ്റും നടത്തുകയും ചെയ്തു.
ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ കിംഗ്സ് കോളേജിലെ നൂറിലേറെ ജീവനക്കാരും വിദ്യാർത്ഥികളും കോളേജിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. വടക്കേ ലണ്ടനിലെ സിറ്റി ആൻഡ് ഇസ്‍ലിംഗ്ട്ടൻ കോളേജിലെ യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ അംഗങ്ങളും വിദ്യാർഥികളും “വെടിനിർത്തൽ ഉടനടി” എന്ന ആവശ്യം ഉയർത്തിക്കൊണ്ട് പ്രതിഷേധിച്ചു. കിഴക്കൻ ലണ്ടനിലെ ടവർ ഹാംലെറ്റ്‌സ് കോളേജിനുപുറത്ത് നൂറിലേറെ പേർ ഉച്ചഭക്ഷണ ഇടവേള നേരത്തു പ്രതിഷേധിച്ചു. “നദിയിൽനിന്ന് സമുദ്രത്തിലേക്ക്, പലസ്തീൻ സ്വതന്ത്രമാകുകതന്നെ ചെയ്യും” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ആ പ്രതിഷേധത്തിന്റെ വക്താക്കൾ സംസാരിച്ചു.
കിഴക്കൻ സ്റ്റോക്ക് ന്യൂയിൻട്ടൻ സ്കൂൾ ജീവനക്കാർ പലസ്തീൻ പതാകകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സ്കൂളിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ബിസിക്സ് കോളേജിലെ നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ അംഗങ്ങൾ “ഉടനടി വെടിനിർത്തൽ’ എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോളേജിനുപുറത്ത് ഒപ്പുശേഖരണം സംഘടിപ്പിച്ചു. ദക്ഷിണ ലണ്ടൻ നഴ്സറി സ്കൂൾ അംഗങ്ങളായ യൂണിയൻ അംഗങ്ങൾ കോളേജിന് പുറത്ത് ഏകദിന പ്രതിഷേധം നടത്തി. ഗ്രെറ്റ് മാഞ്ചസ്റ്ററിലെ ബറിയിൽ നൂറോളം വിദ്യാർത്ഥികൾ, പ്രധാനമായും കോളേജ് വിദ്യാർത്ഥികൾ ഉച്ചഭക്ഷണ ഇടവേളയിൽ നടത്തിയ പലസ്തീൻ അനുകൂല റാലിയിൽ പങ്കെടുത്തു. യുസിയു യൂണിയൻ ബാനറിന്റെ കീഴിൽ ഉച്ചഭക്ഷണ നേരത്ത് ബ്രാഡ്ഫോർഡ് കോളേജിലെ തൊഴിലാളികൾ റാലി നടത്തി.
എഡിൻബർഗ് യൂണിവേഴ്സിറ്റിയിലെ 300 ഓളം വിദ്യാർത്ഥികൾ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ക്ലാസുകൾ ബഹിഷ്‌കരിച്ചു. സർവകലാശാലയിൽ പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട് നടക്കുന്ന ബഹിഷ്‌കരണങ്ങൾ നിലവിൽ എട്ടാമത്തെ ആഴ്ച കടന്നിരിക്കുന്നു. വിദ്യാർത്ഥികളുടെ ഈ പ്രക്ഷോഭത്തിന് ഇഐഎസ്,യു സി യു, യുണൈറ്റ് തുടങ്ങിയ യൂണിയനുകളിലെ അംഗങ്ങളും എഡിൻബർഗ് ട്രേഡ്സ് കൗൺസിലിലെ അംഗങ്ങളും സംയുക്തമായി അണിനിരന്നു. ഒരു യുസിയു യൂണിയൻ പ്രതിനിധി സ്റ്റാഫ് മീറ്റിംഗ് ബഹിഷ്കരിച്ചുകൊണ്ട് പ്രക്ഷോഭത്തിൽ അണിനിരക്കുകയും വിദ്യാർത്ഥികളോടും ജീവനക്കാരോടും തൊഴിലാളികളോടും പ്രക്ഷോഭം കൂടുതൽ ശക്തമാക്കുവാൻ തന്റെ പ്രസംഗത്തിൽ ആവശ്യപ്പെടുകയും ചെയ്തു. ഗ്ലാസ്ഗോ സർവകലാശാലയിലെ വിദ്യാർത്ഥികൾ ഗ്രാജുവേഷൻ സെറിമണി ബഹിഷ്കരിക്കുകയും “നിങ്ങളുടെ കൈകളിലും ഈ രക്തം കാണാനാവുന്നു” എന്ന് പറഞ്ഞുകൊണ്ട് യൂണിവേഴ്സിറ്റിക്ക് നേരെ കടുത്ത വിമർശനമുന്നയിക്കുകയും ചെയ്തു ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ വിദ്യാർത്ഥികൾ “അടിയന്തര വെടിനിർത്തൽ” ആവശ്യപ്പെട്ടുകൊണ്ട് കിടപ്പു സമരം നടത്തി. കെ സി എൽ, എസ് ഒ എ എസ് തുടങ്ങിയ സർവ്വകലാശാലകളിലെ വിദ്യാർത്ഥികളും ഈ കിടപ്പുസമരത്തിൽ പങ്കെടുത്തു. ഏകദേശം 180 വിദ്യാർഥികളോളം ലേക്ച്ചേഴ്‌സ് തിയേറ്ററുകൾ ബഹിഷ്കരിച്ചുകൊണ്ട് പഠിപ്പുമുടക്ക് നടത്തുകയും ബിർമിംഗാമിൽ മാർച്ച് ചെയ്യുകയും ചെയ്തു. 200 ഓളം വിദ്യാർത്ഥികൾ കേംബ്രിഡ്‌ജ് സർവകലാശാലയിൽ നടത്തിയ പ്രകടനത്തിൽ പങ്കെടുക്കുകയുണ്ടായി.ലേയ്സെസ്റ്റർ സർവ്വകലാശാലയിലും വാർവിക് സർവ്വകലാശാലയിലും വിദ്യാർത്ഥികളുടെ ഇറങ്ങിപ്പോക്ക് സമരം നടക്കുകയുണ്ടായി.
ദക്ഷിണ ലണ്ടനിലെ സെന്റ് ജോർജ് ആശുപത്രിയിലെ 25 ഓളം ജീവനക്കാർ പതാകകളും പ്ലക്കാടുകളും ഉയർത്തിപ്പിടിച്ചുകൊണ്ട് ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു. ഉച്ചസമയ പ്രതിഷേധം സംഘടിപ്പിച്ച ഈ ആരോഗ്യ പ്രവർത്തകരിൽ ഒരാൾ പറഞ്ഞതിങ്ങനെ, “ഗാസയിലെ വെടിവെപ്പ് സ്വയം ചെറുത്തുനിൽപ്പിന്റെ ഭാഗമായുള്ളതെല്ല, മറിച്ച് അത് മനുഷ്യത്വത്തിനെതിരായ ഗുരുതരമായ കുറ്റകൃത്യമാണ്. അടിച്ചമർത്തപ്പെട്ടവനോടൊപ്പം നിൽക്കുവാൻ ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു’. ഡോര്‍സെറ്റ് കൗണ്ടി ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരും ഉച്ചസമയത്ത് പലസ്തീൻ ഐക്യദാർഢ്യ ക്യാമ്പയിന്റെ ഭാഗമായി പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. റോയൽ സ്റ്റോക്ക് ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകർ ഉച്ചഭക്ഷണ ഇടവേള നേരത്ത് പലസ്തീൻ പതാക ഉയർത്തിക്കൊണ്ട് ആശുപത്രിക്കുള്ളിൽ വച്ചുതന്നെ പ്രതിഷേധം സംഘടിപ്പിച്ചു. സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിലെ CWU യൂണിയനിലെ പോസ്റ്റൽ തൊഴിലാളികളും “ഉടനടി വെടി നിർത്തൽ” എന്നെഴുതിയ പ്ലക്കാർഡുകളുമായി പ്രതിഷേധം സംഘടിപ്പിച്ചു. ദക്ഷിണ ലണ്ടനിലെ സൗത്ത് ബാങ്ക് സെന്ററിന് പുറത്ത് ഏതാണ്ട് 200 ഓളം സാംസ്കാരിക പ്രവർത്തകർ ഇതേ വിഷയം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിക്കുകയും പ്രതിഷേധ കൂട്ടായ്മ നടത്തുകയും ചെയ്തു. യൂണിവേഴ്സിറ്റി സ്ക്വയറിൽ ലിവർപൂൾ സർവകലാശാലയിലെയും ലിവർപൂൾ ജോൺ മൂർസ് സർവ്വകലാശാലയിലെയും ഏകദേശം മുപ്പതോളംവരുന്ന വിദ്യാർഥികളും ജീവനക്കാരും ചേർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മാഞ്ചസ്റ്റർ സർവകലാശാലയിലെയും മാഞ്ചസ്റ്റർ മെട്രോപോളിറ്റൻ ആൻഡ് സാൽഫോർഡ് സർവകലാശാലകളിലെയും 200 ഓളം വിദ്യാർത്ഥികൾ സിറ്റി സെൻററിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇത്തരത്തിൽ ബ്രിട്ടനിൽ നവംബർ 29നു നടന്ന രണ്ടാമത് തൊഴിലിട പ്രക്ഷോഭ ദിനം വിപുലവും വമ്പിച്ചതും ആയ ബഹുജന പ്രതിഷേധ-പ്രക്ഷോഭ പരിപാടികൾക്കാണ് സാക്ഷ്യം വഹിച്ചത്. ബ്രിട്ടനിലെ അധ്യാപകരും വിദ്യാർത്ഥികളും ആരോഗ്യപ്രവർത്തകരും സർക്കാർ ജീവനക്കാരും മറ്റു തൊഴിലാളികളും അടക്കമുള്ള വിവിധ വിഭാഗം ജനങ്ങൾ ഇസ്രായേലിനോട് ബ്രിട്ടീഷ് ഗവൺമെൻറ് കാണിക്കുന്ന അനുഭാവത്തിനും യുദ്ധത്തിന് നൽകുന്ന ആയുധങ്ങൾ അടക്കമുള്ള സഹായത്തിനും എതിരായ നിലപാടുള്ളവരാണെന്ന് ഓരോ ദിനവും ആ രാജ്യത്ത് നടന്നുവരുന്ന പലസ്തീൻ അനുകൂല സമരങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
ഇതിനു മുൻപ് നവംബർ 27ന് ബ്രിട്ടൻ ഇസ്രയേലിന് ആയുധങ്ങൾ നൽകുന്നതിനെതിരെ ബ്രിട്ടനിലെ മൂന്ന് മുന്തിയ ആയുധ കമ്പനികൾക്ക് മുൻപിൽ ബ്രിട്ടീഷ് ടെനൻസ് യൂണിയനിലെയും ACORN ലെയും ആക്ടിവിസ്റ്റുകൾ ഉപരോധം സംഘടിപ്പിച്ചിരുന്നു. ബ്രിട്ടനിലെ ഏറ്റവും മുന്തിയ വ്യോമമാർഗ്ഗത്തിലുള്ള യുദ്ധാപകരണങ്ങൾ അടക്കം ഇസ്രായേലിന് വിതരണം ചെയ്യുന്ന ഈ മൂന്ന് ആയുധ കമ്പനികൾക്ക് മുമ്പിൽ യൂണിയനുകൾ നടത്തിയ ഉപരോധം വലിയ വാർത്തപ്രാധാന്യം നേടിയിരുന്നു. ഇസ്രായേലിന് വ്യോമമാർഗത്തിലുള്ള യുദ്ധാപകരണങ്ങൾ, പ്രധാനമായും ബോംബുകളും ഡ്രോണുകളും പൈലറ്റ് രഹിത വിമാനങ്ങളും അടക്കമുള്ള യുദ്ധോപകരണങ്ങൾ നിർമ്മിച്ചു നൽകുന്ന ഈ ആയുധകമ്പനികൾക്കെതിരെ വലിയ രീതിയിലുള്ള ജനവികാരമാണ് നിലവിൽ ബ്രിട്ടനിൽ ഉയർന്നുവന്നിട്ടുള്ളത്. അമേരിക്കയോടൊപ്പം നിന്ന് ബ്രിട്ടൻ ഇസ്രായേലിന് നൽകുന്ന സാമ്രാജ്യത്വ താത്പര്യത്തോടെയുള്ള പിന്തുണയ്ക്കെതിരായ ജനവികാരം ബ്രിട്ടനിൽ ശക്തമാണ് എന്നുതന്നെ വേണം ഇതിൽനിന്നും മനസ്സിലാക്കാൻ. ♦