Friday, November 22, 2024

ad

Homeകവര്‍സ്റ്റോറി‘ഇന്ത്യൻ ശാസ്ത്ര’ത്തെ 
വിലയിരുത്തുമ്പോൾ

‘ഇന്ത്യൻ ശാസ്ത്ര’ത്തെ 
വിലയിരുത്തുമ്പോൾ

കെ എൻ ഗണേശ്

ന്ത്യൻ ശാസ്ത്ര പാരമ്പര്യത്തെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിലടക്കം നിരവധി വേദികളിൽ ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നു. സയൻസ് പാഠപുസ്തകങ്ങളിലടക്കം ഇന്ത്യൻ ശാസ്ത്രത്തെക്കുറിച്ചുള്ള പരാമർശങ്ങൾ പ്രത്യക്ഷപ്പെടുന്നു. പ്രധാനമന്ത്രിയടക്കം നമ്മുടെ ഭരണാധികാരികൾ ശാസ്ത്ര പാരമ്പര്യത്തെക്കുറിച്ച് അവകാശവാദങ്ങൾ ഉന്നയിക്കുന്നു. അവയിൽ ചിലതെങ്കിലും ബാലിശവും മനോധർമ്മം വഴി രൂപപ്പെടുത്തിയതാണെന്നുമുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. യഥാർത്ഥത്തിൽ ഇന്ത്യൻ ശാസ്ത്രം എന്നൊന്നുണ്ടോ? സയൻസിനെ ‘ഇന്ത്യൻ’ ‘ഇസ്ലാമികം’ ‘പാശ്ചാത്യം’ എന്നിങ്ങനെ വേർതിരിക്കാൻ കഴിയുമോ? സയൻസിന് ഇന്ത്യയുടെ സംഭാവനകൾ എന്തെല്ലാമാണ്? ഗൗരവമുള്ള ഈ വിഷയങ്ങളെക്കുറിച്ച് ചില സാമാന്യ ധാരണകളാണ് ഇവിടെ അവതരിപ്പിക്കുന്നത്.

അവകാശവാദങ്ങളുടെ ബാലിശത
ഇന്ത്യൻ സയൻസിനെക്കുറിച്ച് ഏറ്റവും അധികം അവകാശവാദങ്ങൾ നടത്തുന്നത് ഹിന്ദുത്വ വർഗീയവാദികളാണ്. രാമായണത്തിലെ രാവണന്റെ പുഷ്പക വിമാനം ഇന്ത്യക്കാരുടെ വ്യോമ സാങ്കേതികവിദ്യയുടെ തെളിവാണെന്ന വാദം പ്രസിദ്ധമാണ്. ആണവസ്ഫോടനത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ ജെ റോബർട്ട് ഓപ്പൻ ഹൈമർ ‘‘ദിവി സൂര്യ സഹസ്രസ്യ…’’ എന്ന് തുടങ്ങുന്ന ഭഗവത്ഗീതയിലെ ശ്ലോകം ഉദ്ധരിച്ച് ആണവസ്ഫോടനത്തെ വിശദീകരിച്ചത് ആണവ സാങ്കേതികവിദ്യ ഇന്ത്യക്കാർക്ക് പരിചിതമായിരുന്നുവെന്ന വാദത്തിലേക്ക് എത്തിച്ചു. (ഈയിടെ ഇറങ്ങിയ ‘‘ഓപ്പൻ ഹൈമർ’’ എന്ന ചലച്ചിത്രത്തിൽ ഓപ്പൻ ഹെെമർ ഭഗവദ്ഗീത വായിക്കുന്ന രംഗം ചിത്രീകരിച്ചത് ഇന്ത്യക്കാരെ അപമാനിക്കാനാണെന്ന വാദം വരെ ഉയർന്നു). ബാലിസ്റ്റിക് മിസൈലുകളുടെ സാങ്കേതികവിദ്യ ഭരദ്വാജ മഹർഷിയുടെ സംഭാവനയാണെന്ന വാദം അടുത്തകാലത്ത് ഉന്നയിക്കപ്പെട്ടിട്ടുണ്ട്. മഹാഭാരതത്തിൽ കൗരവരുടെ ഉല്പത്തി ജൈവ സാങ്കേതികവിദ്യയുടെ ഫലമാണെന്ന വാദവും ഉന്നയിക്കപ്പെട്ടു. പരിണാമ സിദ്ധാന്തത്തെക്കുറിച്ചുള്ള പാഠം ഉപേക്ഷിച്ച് സ്കൂളുകളിൽ ദശാവതാര സങ്കല്പം പഠിപ്പിക്കണമെന്ന നിർദ്ദേശം അടുത്തുവരികയുണ്ടായി. അവതാര സങ്കല്പം സയൻസാണെന്ന് കരുതപ്പെടുന്നു എന്നാണ് ഇതിന്റെ അർത്ഥം. ആധുനിക സയൻസിന്റെ അടിസ്ഥാന സങ്കല്പങ്ങളെല്ലാം പ്രാചീന ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും ആയുർവേദത്തിലും കണ്ടെത്താനുള്ള ശ്രമങ്ങൾ ഇവയ്ക്ക് പുറമേയാണ്.
ഇത്തരം അവകാശവാദങ്ങൾ അസംബന്ധങ്ങളാണെന്നു പറയാൻ വിഷമമില്ല. സയൻസിന്റെ വളർച്ചയെക്കുറിച്ച് നാം പൊതുവിൽ അംഗീകരിക്കുന്ന സാമാന്യ യുക്തിക്കു നിരക്കാത്ത മിത്തുകളാണ് ഇന്ത്യൻ ശാസ്ത്രത്തിന്റെ പേരിൽ അവതരിപ്പിക്കപ്പെടുന്നത്. അതേസമയം ശാസ്ത്രത്തിന്റെ വളർച്ച ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്നു പറയാൻ നമുക്ക് കഴിയില്ല.അത്തരത്തിലുള്ള നിലപാടുകൾ ഇന്ത്യ ഒരു ആധ്യാത്മിക സമൂഹമാണെന്ന പഴയ നിലപാടുകളെ പിന്തുണയ്ക്കുകയും ചെയ്യും. ഏതൊരു സമൂഹത്തിലും മനുഷ്യരുടെ നിലനിൽപ്പിന്റെ ഭാഗമായി പ്രകൃതിയുടെ ചലന തത്വങ്ങളെ കണ്ടെത്താനും അവയെ പ്രായോഗികമായി പ്രയോജനപ്പെടുത്താനുമുള്ള ശ്രമങ്ങൾ ഏത് പ്രദേശത്തും നടക്കുന്നുണ്ട്. ഇന്ത്യയെപ്പോലെ സങ്കീർണമായ കാലാവസ്ഥാ ഭേദങ്ങളും ഭൂമിശാസ്ത്രപരമായ വ്യത്യസ്തതകളുമുള്ള പ്രദേശത്ത് ഇത്തരത്തിലുള്ള ശ്രമങ്ങൾ കൂടുതൽ സങ്കീർണമാകും. ഇതിന്റെ ഭാഗമായി വ്യത്യസ്തമായ കണ്ടെത്തലുകളും അവയുടെ താത്വികവും സാങ്കേതികവുമായ പ്രയോഗങ്ങളും ഉണ്ടാകും. ചൈനയിൽ ഇത്തരത്തിലുള്ള സാധ്യതകൾ എങ്ങനെ ഉപയോഗിച്ചു എന്നതിനെ സംബന്ധിച്ച് ജോസഫ് നിധാം വളരെ വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലും ഗ്രീസിലും ഈജിപ്തിലും റോമിലുമെല്ലാം ഇതേ വിധത്തിലുള്ള കണ്ടെത്തലുകൾ നടന്നിട്ടുണ്ട്. ഇവ മറ്റു പ്രദേശങ്ങളിലെ ജനസമൂഹങ്ങളെ സ്വാധീനിക്കുകയും സയൻസിന്റെ വളർച്ചയെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ചരിത്രപരമായും ശാസ്ത്രീയമായും പഠിക്കേണ്ടത് ആവശ്യമാണ്. അത് ചെയ്യുന്നതിനുപകരം ആധുനികകാലത്തെ ശാസ്ത്രസംഭാവനകളെക്കുറിച്ചെല്ലാം പ്രാചീന ഇന്ത്യക്കാർക്ക് ബോധ്യമുണ്ടായിരുന്നു എന്നു വാദിക്കുന്നത് ശാസ്ത്രത്തിന്റെ വളർച്ച എങ്ങനെ നടക്കുന്നു എന്നറിയാതെയുള്ള ജല്പനമാണ്. ചരിത്രവിരുദ്ധവുമാണത്.

ഇന്ത്യയിലെ ശാസ്ത്രത്തിന്റെ വളർച്ച
ഇന്ത്യയിലെ ശാസ്ത്രത്തിന്റെ വളർച്ചയെക്കുറിച്ചുള്ള ലഭ്യമായ വിവരങ്ങൾ എന്തെന്നു പരിശോധിക്കാം. ആദ്യത്തെ ശാസ്ത്ര പ്രയോഗത്തിന്റെ രീതികൾ വ്യക്തമായി കാണുന്നത് ഹാരപ്പൻ സംസ്കാരത്തിലാണ്. ചക്രം ഘടിപ്പിച്ച വണ്ടികൾ, വണ്ടി വലിക്കുന്നതിനും ഭാരം ചുമക്കുന്നതിനും മൃഗങ്ങളുടെ ഉപയോഗം, വെങ്കല പ്രതിമകൾ നിർമ്മിക്കാൻ ചൂളകളുടെ ഉപയോഗം, മണ്ണു കുഴച്ച ഇഷ്ടികകളിൽ നിന്ന് ചുട്ടെടുത്ത ഇഷ്ടികകളിലേക്കുള്ള മാറ്റം, ഓവുചാലുകളുടെ നിർമ്മാണം, കളി മണ്ണിന്റെ ഉപയോഗം, തുണിത്തരങ്ങളുടെ നിർമ്മാണം തുടങ്ങിയവയിലെല്ലാം പ്രകൃതിയിലെ പ്രതിഭാസങ്ങളെക്കുറിച്ചുള്ള ധാരണയും അവയെ ഉപയോഗിക്കാനുള്ള കഴിവും കാണാം. സൗര ചാന്ദ്ര പ്രതിഭാസങ്ങളെയും ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനങ്ങളെയും സംബന്ധിച്ച പൊതുധാരണയും ഉണ്ടായിരിക്കാം. വേദങ്ങളിൽ ആകാശത്തിലെ പ്രതിഭാസങ്ങൾ, ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനം, നദികളുടെ പ്രവാഹം, വെള്ളപ്പൊക്കങ്ങൾ, മൃഗങ്ങൾ, പ്രത്യേകിച്ച് കന്നുകാലികളെ സംബന്ധിച്ച വിവരങ്ങളും കാണാം.നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ചലനത്തിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഋതുക്കളെയും കാലാവസ്ഥയെയും നിർണയിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വേദാംഗങ്ങളിൽ ഒന്നായി ജ്യോതിഷം വളർന്നു വരാനുള്ള കാരണവും ഇതാണ്.

ബിസി പത്താം നൂറ്റാണ്ടോടെ ഇരുമ്പിന്റെ ഉപയോഗത്തിന്റെ വികാസം സാങ്കേതികതലത്തിൽ കുതിച്ചുചാട്ടത്തിനു കാരണമായി. ചൂളകളും നെരിപ്പോടുകളുമുപയോഗിച്ച് പതപ്പെടുത്തിയെടുക്കാൻ കഴിഞ്ഞതോടെ ഇരുമ്പ് യുദ്ധങ്ങളടക്കം ദുഷ്കരമായ കർമ്മങ്ങൾ ചെയ്യാൻ കഴിയുന്ന ഉപാധിയായി മാറി. കൃഷി, വണ്ടികളുടെ നിർമ്മാണം, മരംമുറി, വിവിധ തരത്തിലുള്ള ആയുധങ്ങളുടെയും പണിയായുധങ്ങളുടെയും നിർമ്മാണം എന്നിവയ്ക്കെല്ലാം ഇരുമ്പു പ്രയോജനപ്പെടുത്തപ്പെട്ടു. രാജവാഴ്ചയും സ്വത്തുടമകളുടെ മർദ്ദന ചൂഷണ രൂപങ്ങളും സാധ്യമായതും ഇരുമ്പിന്റെ മേലുള്ള നിയന്ത്രണം കൊണ്ടാണ്. ദക്ഷിണേന്ത്യയിലെ മഹാശിലാസ്മാരകങ്ങൾ കൽവെട്ടിലും കൊത്തുപണിയിലും ഗുഹകളുടെയും കല്ലറകളുടെയും നിർമ്മാണത്തിലും ഇരുമ്പിന്റെ ഉപയോഗത്തെ കാണിക്കുന്നതാണ്. അതിനോടൊപ്പം അളവ്, തൂക്കം, വിസ്തീർണ്ണം തിട്ടപ്പെടുത്തൽ, ദൂരവും വേഗതയുമളക്കൽ തുടങ്ങിയ നിരവധി പ്രായോഗിക മേഖലകളും വളർന്നുവന്നു.

ഋതുചക്രവും കാലാവസ്ഥാനിർണയവും ജ്യോതിഷത്തിലേക്കു നയിച്ചതുപോലെ അളവും ദൂരവും തിട്ടപ്പെടുത്തൽ, നീളവും വീതിയും ഭാരവും അളക്കൽ തുടങ്ങിയവ ഗണിതത്തിലേക്കു നയിക്കുന്നു. വാണിജ്യത്തിന്റെ വളർച്ചയുടെ ഭാഗമായി വ്യാപാര വസ്തുക്കളുടെ എണ്ണവും അളവും തിട്ടപ്പെടുത്തുന്നതോടെ അക്കങ്ങളും അവയുടെ ഓർമിക്കലും രേഖപ്പെടുത്തലും പ്രധാനമാകുന്നു. ഇതിന്റെ ഫലമായി ഒന്നു മുതൽ 10 വരെയുള്ള എണ്ണങ്ങൾ വരുന്നു. അളവും തൂക്കങ്ങളും വ്യാപിക്കുന്നതോടെ ഭിന്നസംഖ്യകളും ചതുഷ്-ക്രിയകളും നിലവിൽ വരുന്നു. ഇന്ത്യയിലെ കച്ചവട പാതകളുടെയും വാണിജ്യത്തിന്റെയും കരവും പാട്ടവും സംബന്ധിച്ച കണക്കുകൂട്ടലുകളുടെയും ഭാഗമായാണ് ഗണിതം വളർന്നുവരുന്നത്. സൂര്യ ചന്ദ്രന്മാരുടെ ചലനങ്ങൾ, രാശിയും തിഥിയും തിട്ടപ്പെടുത്തൽ, മുഹൂർത്തങ്ങളുടെ നിർണയം എന്നിവയും കണക്കുകൂട്ടലിൽ പ്രധാനമാണ്. യാഗങ്ങളും അതുപോലുള്ള ചടങ്ങുകളും നടത്തുമ്പോഴും കോട്ടകളും ഗ്രഹങ്ങളും സ്തൂപങ്ങൾ പോലുള്ള സ്മാരകങ്ങളും ക്ഷേത്രങ്ങളും നിർമ്മിക്കുമ്പോഴും ഈ കണക്കുകൂട്ടൽ കൂടുതൽ സങ്കീർണമാവുകയും അതിന് ആവശ്യക്കാർ വർദ്ധിക്കുകയും ചെയ്യുന്നു. വരാഹമിഹിരന്റെ പഞ്ചസിദ്ധാന്തികയിൽ ഇത്തരം ഗണനങ്ങളുടെയും നക്ഷത്രങ്ങളും ഗ്രഹങ്ങളുമടക്കമുള്ളവയുടെ സ്ഥാന നിർണയത്തിന്റെയും വളർച്ച കാണാൻ സാധിക്കും.

കൃഷിയുടെയും വാണിജ്യത്തിന്റെയും വളർച്ച സ്ഥിര ജീവിതത്തിലേക്കും സ്ഥിരമായി ചില പ്രദേശങ്ങളിലെ വസ്തുക്കൾ ഉപയോഗിക്കുന്നതിലേക്കും നയിക്കുന്നുണ്ട്. ജീവജാലങ്ങൾ, സസ്യങ്ങൾ, ഖനിജ വിഭവങ്ങൾ, രത്നങ്ങൾ തുടങ്ങിയവ ഇതിൽപെടുന്നു. ഇത്തരം വിവരങ്ങളിൽ ചിലത് അഥർവവേദത്തിലുണ്ട്. വരാഹമിഹിരന്റെ പഞ്ചസിദ്ധാന്തികയിൽ കൂടുതൽ വിവരങ്ങൾ കാണാം. കൃഷിക്കും വാണിജ്യത്തിനും ആവശ്യമായ വിധത്തിൽ കാലാവസ്ഥാ നിർണയവും ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ രേഖപ്പെടുത്തുന്ന രാശിചക്രവും അയനവും വിപുലവും തിട്ടപ്പെടുത്തിക്കൊണ്ടുള്ള സംവത്സരങ്ങളുടെ നിർണയവും വേണം. ആര്യഭടീയം പോലുള്ള ഗ്രന്ഥങ്ങൾ ഇതിനാവശ്യമായ ഗണിതവും ജ്യോതിശാസ്ത്രവും രേഖപ്പെടുത്തുന്നതാണ്. പഞ്ചാംഗങ്ങളുടെ വളർച്ചയെ ക്രമീകരിക്കുന്നതിനുകൂടി ജ്യോതിഷം പ്രയോജനപ്പെടുത്തുന്നു. ഇവയനുസരിച്ച് മനുഷ്യരുടെ ഭാവി പ്രവചനവും വളർന്നു വരുന്നു. രാശിയും തിഥിയും നോക്കി ഫലം പറയുന്ന ഫല ഭാഗജ്യോതിഷവും രൂപപ്പെടുന്നു. ആര്യഭടീയം ശാസ്ത്രമാണെങ്കിൽ ഫലഭാഗ ജേ-്യാതിഷം കണക്കുകൂട്ടലുകളെ ആശ്രയിക്കുന്ന ഊഹാപോഹമാണ്. ഭാസ്കരനും ബ്രഹ്മഗുപ്തനും മാധവൻ മുതലുള്ള കേരള പണ്ഡിതന്മാരും ഇതിന്റെ ശാസ്ത്രീയമായ തലം മുന്നോട്ടുകൊണ്ടുപോയവരാണ്. രോഗാതുരത സ്ഥിരവാസത്തിന്റെ മറ്റൊരു ഫലമാണ്. ജനനവും മരണവും അനിവാര്യമാണെന്ന് പ്രാചീനർക്കറിയാം. രോഗാതുരത എങ്ങനെ ഒഴിവാക്കി എങ്ങനെ ആരോഗ്യത്തോടെ ജീവിച്ചു തീർക്കാമെന്നതായിരുന്നു പ്രധാന ചിന്ത. ഔഷധങ്ങൾ ഭക്ഷണപദാർത്ഥങ്ങൾ പോലെ തന്നെ രോഗാതുരത ഒഴിവാക്കാൻ ആവശ്യമാണ്. അഥർവവേദത്തിൽ ഔഷധങ്ങളെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. ബൗദ്ധജൈന ദർശനങ്ങൾ രോഗങ്ങൾ എങ്ങനെ ഉണ്ടാകുന്നുവെന്നും അവയ്ക്കുള്ള പ്രതിവിധി എന്താണെന്നും പരിശോധിക്കുന്നുണ്ട്. അവയെല്ലാം പൂർണമായും ശരീരഘടനയെയും അവയ്ക്കേൽക്കുന്ന ക്ഷതങ്ങളെയും പരിശോധിക്കുകയാണ്. ഗൗതമ ബുദ്ധന്റെ കൂടി വൈദ്യനായിരുന്ന ജീവകൻ തികച്ചും ഭൗതിക കാഴ്ചപ്പാടുള്ള ആദ്യകാല വെെദ്യനാണ്. ജീവകൻ രോഗികളെ അന്വേഷിച്ചുപോയി ചികിത്സിക്കുന്ന ആളാണ്. പിന്നീട് ഇത്തരം വൈദ്യന്മാർ ധാരാളമാകുന്നു. അവരുടെ ചികിത്സാ ഗ്രന്ഥമാണ് ചരക സംഹിത.മനുഷ്യശരീരത്തെ തികച്ചും ഭൗതികമായ വസ്തുവായി കാണുകയും അതിന്റെ ക്ഷതങ്ങൾ തിരുത്തി ആരോഗ്യം വീണ്ടെടുക്കാനുള്ള കർമ്മ പദ്ധതി നിർദ്ദേശിക്കുകയുമാണ് ചരകസംഹിത ചെയ്യുന്നത്. വ്യത്യസ്ത ഔഷധങ്ങൾ ഈ കർമ്മ പദ്ധതിയുടെ ഭാഗമാണ്. അതുപോലെ പ്രധാനമാണ് ഭക്ഷണക്രമവും ജീവിതക്രമവും. മുറിവുകളും ക്ഷതങ്ങളും തുന്നിക്കെട്ടുന്ന ശല്യ തന്ത്രവും അതു വിശദീകരിക്കുന്ന സുശ്രുതന്റെ സംഭാവനയും ഇതേ ഭൗതിക നിലപാടിന്റെ ഭാഗമാണ്. ഈ കർമ്മ പദ്ധതിയ്ക്കനുസരിച്ച് നിരവധി ചികിത്സാമാന-്വലുകൾ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. വാഗ്-ഭടന്റെ അഷ്ടാംഗഹൃദയം ഇവയിൽ പ്രധാനമാണ്. ഔഷധികൾ പ്രധാനമായും സസ്യങ്ങൾ, ധാതുലവണങ്ങൾ, ഖനിജങ്ങൾ എന്നിവയെ ഉപയോഗിച്ചുള്ളവയായിരുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചുള്ള ആദ്യകാല ധാരണകൾ ഇവയിൽ കാണാം. ശരീരം വിവിധ പദാർത്ഥങ്ങളാൽ നിർമ്മിക്കപ്പെട്ട ഒരു വസ്തുവാണെന്ന ധാരണ ചികിത്സാവിധികളിൽ ഉടനീളം കാണാം. അതിൽ ആഭിചാര വിദ്യകൾക്ക് പ്രത്യേകിച്ച് സ്ഥാനമില്ല.

തച്ചുശാസ്ത്രവും ശില്പകലയും പ്രതിമ നിർമ്മാണവും മറ്റൊരു പ്രധാന മേഖലയാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തെപ്പറ്റി നിരവധി ധാരണകൾ ഇവയിൽ കടന്നുവരുന്നുണ്ട്. ഒരു പ്രതലത്തിലെ മണ്ണിന്റെ ഘടന, ജൈവഘടന, ലഭ്യമായ വാസ്തുപദാർത്ഥങ്ങൾ, കാലാവസ്ഥ തുടങ്ങിയവ മുതൽ കൃത്യമായ അളവുകളും തൂക്കങ്ങളും ഗണിതക്രിയകളും വരെ ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ഒരു ശിൽപിയും തച്ചുശാസ്ത്ര വിദഗ്ധനും മദ്ധ്യകാല പണ്ഡിതരുടെ ഇടയിൽ പ്രധാന സ്ഥാനം നേടിയതും ഇതുകൊണ്ടാണ്. ഇതേ കരവിരുതും അറിവും തന്നെയാണ് ഇവരെ എഴുത്തുമായി ബന്ധിപ്പിച്ചത്. ശിലകളിലെ എഴുത്തിന് കൊത്തുപണിയിലെ വൈദഗ്ധ്യവും ഓലകളിലെ എഴുത്തിന് ചിത്രമെഴുത്തിലെ പ്രാവീണ്യവും ഉപയോഗിച്ചിരുന്നു (തമിഴിൽ എഴുത്ത് ചിത്രരചനയാണ്).

ശാസ്ത്രത്തിന്റെ ഈ വളർച്ചയ്ക്ക് മറ്റൊരു സവിശേഷതയുണ്ട്. ഇത്തരം മേഖലകളുമായി ബന്ധപ്പെട്ട് നിരവധി പേരുകൾ വരുന്നുണ്ടെങ്കിലും ഇവരിൽ ആരും തന്നെ ബ്രാഹ്മണ മഹർഷിമാരായിരുന്നില്ല. ചരകനെ ചിലപ്പോൾ മഹർഷി എന്നു വിളിക്കാറുണ്ട്. വരാഹ മിഹിരൻ, ആര്യഭട്ടൻ, ഭാസ്കരൻ, വാഗ്-ഭടൻ, ബ്രഹ്മഗുപ്തൻ, ഈശാനൻ, മയൻ തുടങ്ങിയ ആരും തന്നെ മഹർഷിമാരല്ല. പലരും ഗുരുക്കന്മാർ മാത്രമാണ്. വേദങ്ങളിൽ പിൽക്കാലത്തു രചിക്കപ്പെട്ടു എന്നു കരുതുന്ന അഥർവവേദത്തിൽ മാത്രമാണ് ഇത്തരം മേഖലകളെ കുറിച്ച് പരാമർശമുള്ളത്. യാഗങ്ങളുടെ പർണശാലകളുടെയും ഹോമകുണ്ഡത്തിന്റെയും അളവുകൾ ചിട്ടപ്പെടുത്തുന്ന ശൂൽവസ്ത്രങ്ങൾ മാത്രമാണ് വൈദിക സൂത്രങ്ങളിൽ ഗണിതവുമായി ബന്ധമുള്ളത്. വേദാംഗങ്ങളിലെ ജ്യോതിഷവും ഇത്തരം ഗ്രന്ഥമാണ്. അതായത് വൈദിക ഗണിതം മിക്കവാറും വേദകാലത്തുണ്ടായതല്ല. അവയിൽ വൈദിക ഋഷിമാർക്ക് പങ്കുമില്ല.

ദർശനങ്ങൾ
മേൽ സൂചിപ്പിച്ച മേഖലകളെല്ലാം പ്രായോഗിക മേഖലകളാണ്. ഭൗതികമായ വസ്തുതകളെയും കർമ്മ പദ്ധതികളെയും പുരസ്കരിച്ച് നൽകുന്ന നിർദ്ദേശങ്ങളുടെ സ്വഭാവമാണ് അവയ്ക്കുള്ളത്. എല്ലാ നിർദ്ദേശങ്ങളുടെയും സമാഹാരങ്ങളാണ് സംഹിതകൾ. അവയിലുള്ള നിർദ്ദേശങ്ങളും വിധികളുമാണ് ശാസ്ത്രം. അതുകൊണ്ട് പ്രയോഗ രൂപങ്ങൾ അല്ലെങ്കിൽ വിദ്യകളെ സംബന്ധിച്ച കൽപ്പനകളെയാണ് മുമ്പ് ശാസ്ത്രം എന്നു വിളിച്ചത്. സയൻസ് എന്ന പദത്തോടു കൂടുതൽ പൊരുത്തമുള്ളത് വിജ്ഞാനം എന്ന വാക്കിനാണ്. വിജ്ഞാനം വ്യത്യസ്ത മേഖലകളെ കുറിച്ചുള്ള അറിവാണ്. ഈ അറിവ് സ്വാഭാവികമായും പ്രയോഗത്തിന്റെയും പ്രായോഗിക ജ്ഞാനത്തിന്റെയും ഉൽപ്പന്നവുമാണ്. അവ ക്രമീകരിക്കപ്പെടുന്നത് പ്രപഞ്ചത്തെയും മനുഷ്യനെയും സംബന്ധിച്ച് ഒരു പൊതു കാഴ്ചപ്പാടിനെ ആധാരമാക്കിയാണ്. ഈ കാഴ്ചപ്പാടുകളെയാണ് ദർശനങ്ങൾ എന്നു വിളിക്കുന്നത്. ഏതൊരു വിദ്യയുടെയും വെെജ്ഞാനിക തലം എന്തായിരുന്നാലും അവയെ ദർശനങ്ങളുമായി ബന്ധപ്പെടുത്തിയാണ് അറിവായി കണക്കാക്കുന്നത്. അതായത് ഇന്ത്യക്കാർക്ക് ഒരു സയൻസ് അല്ല, പല സയൻസുകൾ ഉണ്ടായിരുന്നു.

ന്യായം, വെെശേഷികം, സാംഖ്യം, യോഗം, മീമാംസ (പൂർവവും ഉത്തരവും) എന്നിവയാണ് ബ്രാഹ്മണർ പൊതുവിൽ അംഗീകരിക്കുന്ന ദർശനങ്ങൾ. ഇവ കൂടാതെ ബൗദ്ധം, ജെെനം, ആജീവികം എന്നീ ശ്രമണ ദർശനങ്ങളുമുണ്ട്. ലോകായതം അല്ലെങ്കിൽ ചാർവാകം എന്ന ദർശനമുണ്ട്. വളരെ ചുരുക്കിപ്പറഞ്ഞാൽ ദർശനങ്ങളുടെ നിലപാടുകൾ താഴെ പറയുന്നവയാണ്. ന്യായം അടിസ്ഥാനപരമായി യുക്തിദർശനമാണ്. ഏതൊരു പ്രസ്താവനയെയും (പ്രമാണത്തെയും) യുക്തിസഹമായി പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ നിഗമനങ്ങളിലെത്തുകയും ചെയ്യണമെന്നതാണ് അവരുടെ നിലപാട്. പൊതുവിൽ ഇത് അനുഭവജ്ഞാനപരമാണ്. അതേ സമയം, കേവലം അനുഭവങ്ങളെ മാത്രമല്ല, അവയെ സ്ഥിരീകരിക്കുന്നതിനുള്ള വിശേഷണരൂപങ്ങളെയും അവർ അംഗീകരിക്കുന്നു. അനുമാനം (യുക്തിസഹമായ വിശദീകരണം) ഉപമാനം (താരതമ്യം), അർത്ഥാപത്തി (ഒന്നിൽനിന്ന് മറ്റൊരു അർഥം കണ്ടെത്തുന്ന വിധം), ശബ്ദം (ഏതെങ്കിലും പണ്ഡിതന്റെ, സമുന്നതവ്യക്തികളുടെ വാക്കുകൾ – പൊതുവിൽ വേദങ്ങൾ) എന്നിവയും അവർ അംഗീകരിക്കുന്നു. എല്ലാ വസ്തുക്കളെയും പദാർഥങ്ങളുടെ ചേരുവകളായാണ് ഇവർ കണക്കാക്കുന്നത്. വെെശേഷികം പൊതുവിൽ ന്യായത്തിന്റെ പരിശോധനരീതികളെ അംഗീകരിക്കുന്നു. പക്ഷേ, പദാർഥങ്ങൾക്കുപകരം അണുക്കളെയാണ് (പരമാണുക്കൾ) വസ്തുക്കളുടെ കുല രൂപമായി അംഗീകരിക്കുന്നത്. പരമാണുക്കളുടെ ചേരുവകൾ വസ്തുക്കളുടെ സവിശേഷതകൾക്ക് കാരണമായി കരുതുകയും അവയുടെ അനേ-്വഷണത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്നു.

സാംഖ്യമാണ് പരിണാമത്തിന്റെ ഉൽപ്പന്നമായ പ്രപഞ്ചത്തെ വിശദീകരിക്കുന്നത് (ദശാവതാര സങ്കൽപ്പം യഥാർഥത്തിൽ വെെഷ്ണവർ സൃഷ്ടിച്ച ഒരു വകഭേദം മാത്രാണ്). അവ്യക്തം എന്നു വിളിക്കുന്ന ആദിമ പ്രപഞ്ചാവസ്ഥയിൽ സത്വം, രജസ്, തമസ് എന്നീ ഗുണങ്ങൾ രൂപപ്പെടുന്നു. സത്വം സ്വാഭാവിക അവസ്ഥയാണ്. രജസ് ചലനാത്മകതയാണ്. തമസ് അന്തിമ സ്ഥിതിയാണ്. ഇവയാണ് പ്രകൃതിയും പ്രകൃതിയിയുടെ വിവിധ രൂപങ്ങളുമായി മാറുന്നത്. പ്രകൃതിയുടെ ചലനാത്മകതയെ വീക്ഷിക്കുകയും നിർണയിക്കുകയും ചെയ്യുന്ന അസ്തിത്വമാണ് പുരുഷൻ (ഇവയ്ക്ക് സ്ത്രീ പുരുഷന്മാരുമായി ബന്ധമില്ല) പ്രകൃതിയുടെ ചലനാത്മകത ഇരുപത്തി അഞ്ചു ദശകളിലൂടെ കടന്നുപോകുന്നു. പഞ്ചഭൂതങ്ങളും ജീവജാലങ്ങളും ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും എല്ലാം ഈ ചലനത്തിന്റെ ഉൽപ്പന്നങ്ങളാണ്. സാംഖ്യദർശനത്തെ അംഗീകരിച്ചുകൊണ്ട് മനസ്സിനെയും ശരീരത്തെയും ബുദ്ധിയെയും നിയന്ത്രിക്കുകയും നിർണയിക്കുകയും ചെയ്യുന്ന പ്രായോഗിക പ്രവർത്തനങ്ങൾ ആണ് യോഗത്തിൽ നിർദേശിക്കുന്നത്.‍ ഇത്തരത്തിൽ എല്ലാം നിയന്ത്രിക്കാൻ കഴിയുന്ന, പ്രപഞ്ചത്തിന്റെ പ്രവർത്തനങ്ങളെപ്പോലും നിർണയിക്കുന്ന ഒരു ഈശ്വരസങ്കൽപ്പം പതഞ്ജലിയുടെ യോഗസൂത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. തത്വചിന്തയുടെ തലത്തിൽനിന്ന് ഈശ്വരസങ്കൽപ്പം സൃഷ്ടിക്കാനുള്ള ആദ്യത്തെ ശ്രമം ഇതായിരിക്കും.

ഈ ഇൗശ്വരസങ്കൽപ്പമാണ് ഭഗവദ്ഗീതയിൽ കടന്നുവരുന്നത്. ഭഗവദ്ഗീതയിലെ വിശ്വരൂപദർശനത്തിന്റെ ഭാഗം ഇത്തരത്തിലുള്ള ഒരു അതിമാനുഷ സങ്കൽപമാണ്. അത് ഞാൻ തന്നെയാണ് എന്ന് കൃഷ്ണൻ സ്വയം പ്രഖ്യാപിക്കുകയും അർജുനനെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതോടെ സാംഖ്യ–യോഗദർശനത്തിന്റെ യഥാർഥ വാദഗതിയെ വികലമാക്കുകയാണ് ഗീതയിൽ ചെയ്യുന്നത്. സാംഖ്യത്തിലും യോഗത്തിലും പ്രകൃതിയുടെ ചലനാത്മകതയാണ് മൗലികഘടകം. സൃഷ്ടി കർത്താവും നിയന്താവുമായ ഏതെങ്കിലും ഈശ്വരനല്ല. അതിനെ തിരിച്ചിട്ട് ഒരു ലൗകിക മതവിശ്വാസത്തെ സൃഷ്ടിക്കുകയാണ് ഗീതയിൽ ചെയ്യുന്നത്.

മീമാംസ വെെദികക്രിയകളുടെ ഒരു സംഹിതയാണ്. ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിൽ പ്രപഞ്ചത്തെ അറിയാനും നിയന്ത്രിക്കാനുമുള്ള രീതിയാണത്. കുമാരിലഭട്ടനെപ്പോലുള്ളവരുടെ വെെദിക ക്രിയകളുടെ വിശദീകരണങ്ങൾ യാന്ത്രിക ഭൗതികവാദമാണ്. പ്രഭാകരനും മറ്റു ചിലരും ഈ ക്രിയകൾക്ക് ആത്മീയമായ തലം നൽകാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, പ്രകൃതിശക്തികളെ ഏതെങ്കിലും വിധത്തിലുള്ള ആഭിചാരക്രിയകൾ കൊണ്ട് നിയന്ത്രിക്കുകയാണ് മനുഷ്യജീവിതത്തെ നിലനിർത്തുന്ന മാർഗമെന്ന വാദം ഇതിൽ കാണാം. ഇതിന്റെ നേർവിപരീതമാണ് ഉത്തരമീമാംസ എന്നു കൂടി അറിയപ്പെടുന്ന വേദാന്തം. മനുഷ്യജീവിതത്തെ നിലനിർത്താനുള്ള കർമപദ്ധതികളെയെല്ലാം വ്യാവഹാരികമായ ജീവിതത്തിന്റെ ഭാഗമാക്കുന്ന വേദാന്തം അതിഭൗതികമായ സനാതന സത്യത്തെ തേടാൻ ഉപദേശിക്കുന്നു. പാരമാർത്ഥികം എന്ന സനാതന സത്യം ഭൗതികജീവിതത്തിൽ നിന്നുപോലും വേറിട്ടുനിൽക്കുന്ന ബ്രാഹ്മണാധിപത്യത്തിന്റെ സത്യമാണ്.

ശ്രമണ സിദ്ധാന്തങ്ങൾ പൊതുവിൽ യുക്തിസഹമായ വാദഗതികളെയും പ്രപഞ്ച പരിണാമത്തെക്കുറിച്ചുള്ള പൊതുധാരണകളെയും അംഗീകരിക്കുന്നു. അവയനുസരിച്ചുള്ള ധാർമികമായ (കുല്യബദ്ധമായ) ജീവിതരീതികളിൽ ഊന്നുന്നു. മറ്റു ദർശനങ്ങൾ അംഗീകരിക്കുന്ന വേദങ്ങൾ എന്ന പ്രമാണത്തെയും ഈശ്വരസങ്കൽപ്പത്തെയും ഏതെങ്കിലും വിധത്തിലുള്ള അതിഭൗതികമായ ആശയങ്ങളെയും നിരാകരിക്കുന്നു. എങ്കിലും പ്രപഞ്ചത്തിന്റെയോ മനുഷ്യജീവിതത്തിന്റെയോ ഉദ്ദേശ്യലക്ഷ്യങ്ങളെ അവർ നിരാകരിക്കുന്നില്ല. അവയെയും നിരാകരിക്കുകയും കേവലമായ ജീവിതാനന്ദത്തിൽ കേന്ദ്രീകരിക്കുമെന്ന് വാദിക്കുകയും ചെയ്യുന്നത് ലോകായതികന്മാരാണ്. അവരിൽ തന്നെ നിരവധി വ്യത്യസ്ത നിലപാടുകൾ ഉണ്ടായിരുന്നതായി സൂചനകളുണ്ട്.

ഇതെല്ലാം കാണിക്കുന്നത് സമ്പന്നമായ സംവാദാത്മകമായ അന്തരീക്ഷം പ്രപഞ്ചത്തെയും മനുഷ്യപരിണാമത്തെയും സംബന്ധിച്ച് പ്രാചീന ഇന്ത്യയിൽ ഉണ്ടായിരുന്നു എന്നാണ്. ഇവരിൽ മീമാംസകരൊഴികെ മറ്റാരും കേവലമായ വെെദിക ബ്രാഹ്മണ്യത്തിന്റെ വക്താക്കളല്ല. വേദാന്തം മാത്രമാണ് പൂർണമായ ആധ്യാത്മികവാദമായുള്ളത്. മറ്റുള്ളവയെല്ലാം പ്രപഞ്ചത്തെയും മനുഷ്യനടക്കമുള്ള ജീവജാലങ്ങളെയും യാഥാർഥ്യബോധത്തോടെ വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ട്. ഇവരുടെ നിരീക്ഷണങ്ങളിൽ പലതും അക്കാലത്തെ വെെജ്ഞാനിക മുന്നേറ്റങ്ങൾക്ക് കാരണവുമായിട്ടുണ്ട്. ഇതിന്റെ അർഥം ആധുനിക സയൻസിന്റെയും സാങ്കേതികവിദ്യയുടെയും അംശങ്ങൾ അക്കാലത്തുണ്ടായിരുന്നു എന്നല്ല. ഗീതയിൽ വിശ്വരൂപദർശനത്തിന്റെ ഭാഗമായി വരുന്ന ഒരു ശ്ലോകം എടുത്ത് ആണവ സാങ്കേതികവിദ്യയെക്കുറിച്ച് അക്കാലത്ത് അറിവുണ്ടായിരുന്നു എന്നു വാദിക്കുന്നത് അസംബന്ധമാണ്. സംഭോഗത്തെയും പ്രജനനത്തെയും സംബന്ധിച്ച് പല ആശയങ്ങളും അക്കാലത്ത് പ്രചരിക്കുന്നുണ്ട്. ഋതുക്രമത്തെ ആധാരമാക്കിയുള്ള ആർത്തവത്തിന്റെ സങ്കൽപ്പം ഉദാഹരണമാണ്. അതിന് ജെെവ സാങ്കേതികവിദ്യയുമായി ഒരു ബന്ധവുമില്ല. പരിണാമസങ്കൽപ്പത്തെ ദശാവതാരങ്ങളുമായി ബന്ധപ്പെടുത്തുന്നതും അതുപോലെയാണ്. മത്സ്യം, കൂർമം, വരാഹം, നരസിംഹം എന്നീ ദശകൾക്ക് സാംഖ്യത്തിലെ പരിണാമവാദവുമായോ ആധുനിക പരിണാമ സിദ്ധാന്തവുമായോ ഒരു ബന്ധവുമില്ല. അതേസമയം അരിസ്റ്റോട്ടിലിന്റെ ‘അസ്തിത്വത്തിന്റെ മഹത്തായ ശൃംഖല’ (The Great Chain of Being) യെപ്പോലെ ജീവജാലങ്ങളുടെ ഉൽപ്പത്തിയെ ഒരു ശൃംഖലയായി കാണാനുള്ള ശ്രമം ഇവിടെ കാണാം. ഇതൊന്നും ആധുനികസയൻസിന്റെ കണ്ടെത്തലുകളുമായി താരതമ്യപ്പെടുത്താൻ സാധ്യമല്ല.

വെെജ്ഞാനിക മുന്നേറ്റത്തിന് 
എന്തു സംഭവിച്ചു?
പ്രാചീന ഇന്ത്യയിൽ വെെജ്ഞാനികവും സാങ്കേതികവുമായ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നത് നിസ്തർക്കമാണ്. പ്രമാണങ്ങളെ യുക്തിഭദ്രമായി തെളിയിക്കണമെന്ന ആശയം, പദാർഥങ്ങളുടെയും അണുക്കളുടെയും സ്വഭാവം വിശദീകരിക്കാനുള്ള ശ്രമങ്ങൾ, പ്രകൃതിയുടെ ചലനാത്മകതയിലും അത് സൃഷ്ടിക്കുന്ന സങ്കീർണതകളിലുമുള്ള ഊന്നൽ, ശരീരത്തിന്റെയും മനസ്സിന്റെയും മൂല്യബന്ധമായ സംയമനത്തെ ജീവിതക്രമമാക്കി മാറ്റാനുള്ള ശ്രമം. അവയിൽ വരുന്ന പാളിച്ചകളെ ഭൗതികപ്രകൃതിയുടെ സാധ്യതകൾ തന്നെ ഉപയോഗിച്ച് നിവാരണം കണ്ടെത്താനുള്ള ശ്രമം, ജീവന്റെയും പ്രജനനത്തിന്റെയും സ്വഭാവം കണ്ടെത്താനുള്ള ശ്രമം തുടങ്ങിയവയെല്ലാം ഇത്തരത്തിലുള്ള മുന്നേറ്റങ്ങളാണ്. ഗണിതം, ജേ–്യാതിശാസ്ത്രം, പദാർഥ ശാസ്ത്രം, തച്ചുശാസ്ത്രം, വെെദ്യം മുതലായ മേഖലകളിലെ വളർച്ചയും ഇതിന്റെ ഭാഗമാണ്. എങ്കിലും, ഇതേ രീതിയിൽ മുന്നേറ്റമുണ്ടായ മറ്റു പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ മുന്നേറ്റം പിന്നീട് മുരടിക്കുകയും തകരുകയും ചെയ്തതായി കാണാം.

ഈ മുരടിപ്പിന്റെ കാരണങ്ങൾ പല വിധത്തിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും പ്രധാനം മുസ്ലിം ആക്രമണങ്ങളാണ്. പത്താം നൂറ്റാണ്ടിനുശേഷം ഇന്ത്യയെ പല തവണ ആക്രമിച്ച മുസ്ലിം നാമധാരികളായ തുർക്കി– അഫ്ഗാൻ–പേർഷ്യൻ വംശജർ ഇന്ത്യയുടെ വിദ്യാകേന്ദ്രങ്ങൾ തകർത്തുവെന്നും പരമ്പരാഗത ശാസ്ത്രരൂപങ്ങളെ നശിപ്പിച്ചുവെന്നുമാണ് വാദം. ക്ഷേത്രധ്വംസനവും കാരണമായി ചിലർ ചൂണ്ടിക്കാണിക്കുന്നു. മുഹമ്മദ് ബിൻ ബക്തിയാർ ഖിൽജി എന്ന അഫ്ഗാൻ യോദ്ധാവ് തകർത്ത നളന്ദ വിഹാരമാണ് പ്രധാനമായി ചൂണ്ടിക്കാണിക്കാനുള്ളത്. നളന്ദയെ മാറ്റിനിർത്തിയാൽ വേറൊരു വിദ്യാകേന്ദ്രവും ഈ അക്രമകാരികൾ തകർത്തതായി സൂചനയില്ല. ഇന്ത്യയിലെ പ്രധാനപ്പെട്ട പ്രാചീനകേന്ദ്രങ്ങൾ തക്ഷശില, മഥുര, ഗുജറാത്തിലെ വളഭി, ഉജ്ജയിനി, ദക്ഷിണേന്ത്യയിലെ കാഞ്ചി മുതലായവയാണ്. ഇവയിൽ തക്ഷശില ഗുപ്തകാലത്തോടുകൂടി തന്നെ തകർന്നിരുന്നു. മഥുര കുറെക്കാലംകൂടി നിലനിന്നുവെങ്കിലും ഗുപ്തകാലത്തിന്റെ അന്ത്യത്തോടെ അതും ക്ഷയിച്ചു. വളഭി ഏതാണ്ട് പത്താം നൂറ്റാണ്ടുവരെ നിലനിന്നു. ഉജ്ജയിനി ഗുപ്തകാലത്ത് വളർന്നുവന്നുവെങ്കിലും പിന്നീട് അത് ഒരു പ്രാദേശിക നഗരി മാത്രമായി. ചെെനീസ് സഞ്ചാരിയായ ഹുയുവാൻ ച്വാങ് പറയുന്നത് കാഞ്ചിയടക്കമുള്ള വിദ്യാകേന്ദ്രങ്ങൾ ഏഴാം നൂറ്റാണ്ടിൽ തന്നെ ക്ഷയിച്ചുവെന്നാണ്. അതായത് പ്രാചീന വിദ്യാകേന്ദ്രങ്ങളിൽ നല്ലൊരു ഭാഗം ‘‘മുസ്ലിം’’ ആക്രമണത്തിനു മുമ്പുതന്നെ ക്ഷയിച്ചു എന്നാണ്.

തുർക്കോ അഫ്ഗാൻ ആക്രമണങ്ങൾക്കു ശേഷം അഭിവൃദ്ധി പ്രാപിച്ച കേന്ദ്രങ്ങളെപ്പറ്റി അധികം പരാമർശങ്ങളില്ല. ജയ്-പൂർ, ഡൽഹി, ലക്നൗ, അലഹബാദ്, ബനാറസ്, പാട്ന മുതലായ നഗരങ്ങൾ ഉദാഹരണങ്ങളാണ്. ബംഗാളിലെ നാദിയയും ബനാറസും ബ്രാഹ്മണവിദ്യാ കേന്ദ്രങ്ങളായി തന്നെയാണ് നിലനിന്നത്. പുതിയ സാങ്കേതികവിദ്യാ രൂപങ്ങളും വളർന്നുവന്നു. ജയ്-പൂരിലും ഡൽഹിയിലും സൃഷ്ടിക്കപ്പെട്ട വാനനീരിക്ഷണാലയങ്ങൾ, ആയുർവേദവും പശ്ചിമേഷ്യൻ വെെദ്യവും കൂടി സമന്വയിപ്പിച്ച് സൃഷ്ടിക്കപ്പെട്ട യുനാനി വെെദ്യം, ഇന്ത്യനും പേർസ്യനും ആയ വാസ്തുശിൽപ വിദ്യകൾ സമന്വയിപ്പിച്ച ശാർഖി കെട്ടിട നിർമാണശെെലി, ഷാലിമാർ അടക്കമുള്ള ഉദ്യാനങ്ങളിൽ പരീക്ഷിക്കപ്പെട്ട പുതിയ വിത്തുകളും ബീജ സങ്കലനരീതികളും, പുതിയ കനാൽ നിർമാണം, തുണിത്തരങ്ങളിലും ലോഹ വസ്തുക്കളുടെ നിർമാണത്തിലും പുതിയ രീതികൾ പരിശോധിക്കുന്ന കർഖാനകളുടെ വളർച്ച, ഇവയെല്ലാം പ്രയോഗിക്കുന്ന പുതിയ കെെത്തൊഴിൽ സംഘങ്ങളുടെ വളർച്ച തുടങ്ങിയവ ശ്രദ്ധേയമാണ്. ഇവയുടെ ഫലമായി നഗരങ്ങളെ കേന്ദ്രീകരിച്ച് വൻതോതിൽ ആഡംബര വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവയുടെ ഉൽപ്പാദനവും വിപണനവും നടക്കുന്നുണ്ട്. കോട്ടകൾ പൊളിക്കുന്ന യാന്ത്രിക ‘‘മുട്ടനാടു’’കൾ, വൻകവിണകൾ, പീരങ്കികൾ, വെടിമരുന്നിന്റെ നിർമാണവും ഉപയോഗവും എന്നിവയും വ്യാപിക്കുന്നുണ്ട്. പാശ്ചാത്യനാടുകളിൽ പ്രചരിച്ച ‘‘പൗരസ്ത്യ സമൃദ്ധി’’ (Oriental Splendour) യുടെ സങ്കൽപ്പം വലിയൊരളവുവരെ ഇന്ത്യയിൽ നിന്നു കൂടിയായിരുന്നു.

പ്രാചീനകാലത്തുവളർന്നു വന്ന വെെജ്ഞാനിക മേഖലകൾ മധ്യകാലത്ത് അപ്രത്യക്ഷമാകുന്നില്ല. ജേ-്യാതിഷം, ആയുർവേദം, ഗണിതം, വാസ്തുവിദ്യ തുടങ്ങിയവയിലെ അറിവ് നിലനിൽക്കുന്നു എന്നു മാത്രമല്ല മധ്യകാല പഞ്ചാംഗഗണനയ്ക്കും നിർമാണപ്രവർത്തനങ്ങൾക്കും അവ ഉപയോഗിക്കുകയും ചെയ്യുന്നു. മദ്ധ്യകാലത്തിന്റെ ആരംഭത്തിൽ തന്നെ ഈ മുന്നേറ്റങ്ങൾ അറബി പണ്ഡിതന്മാർ ഏറ്റെടുക്കുകയും അവരുടെ അറിവുകൾ (ബാബിലോണിയൻ പഞ്ചാംഗം, രസതന്ത്രം, വാനനിരീക്ഷണം) ഇന്ത്യയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. 9–ാം നൂറ്റാണ്ടിൽ തന്നെ ബ്രഹ്മഗുപ്തന് പേർഷ്യയിൽ നിന്ന് ശിഷ്യന്മാരുണ്ടായിരുന്നു. അൽബിറൂണിയുടെ കിതാബ്– അൽ-–ഹിന്ദ് ഇന്ത്യൻ വെെജ്ഞാനിക മേഖലയുടെ വാഴ്-ത്തുപാട്ടാണ്. ഇതേ വിധത്തിലുള്ള നിരീക്ഷണങ്ങൾ ഇബ്നു ബത്തൂത്തയും നടത്തുന്നുണ്ട്. കേരളത്തിൽ ഇതേ കാലത്തുതന്നെ മാധവൻ മുതൽ ജ്യേഷ്ഠദേവൻവരെയുള്ള പണ്ഡിതർ വാനനിരീക്ഷണത്തെയും ജ്യോതിഷ പഠനങ്ങളെയും കാൽക്കുലസിന്റെ ആദിമ രൂപങ്ങൾ ഉപയോഗിച്ച് സമ്പുഷ്ടമാക്കുന്നുമുണ്ട്. ബംഗാളിലെ നാദിയയിൽ ഗംഗേശൻ മുതൽ രഘുനാഥശിരോമണിവരെയുള്ളവർ ന്യായദർശനത്തിന് പുതിയ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ചമയ്ക്കുന്നുണ്ട്. പതിനാറാം നൂറ്റാണ്ടിലാണ് വിജ്ഞാനഭിക്ഷു സാംഖ്യസൂത്രത്തിന് പുതിയ വ്യാഖ്യാനം എഴുതുന്നത്.

അപ്പോൾ മധ്യകാലത്ത് ഇന്ത്യൻ വൈജ്ഞാനിക പാരമ്പര്യം തകരുന്നില്ല. പിന്നെയെന്തുകൊണ്ടാണ് അതിന് ഇന്ത്യൻ സമൂഹത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയാതെ പോയത്? എന്തുകൊണ്ട് യൂറോപ്യൻ നവോത്ഥാനത്തെപ്പോലുള്ള മുന്നേറ്റം ഇന്ത്യയിൽ നടക്കാതെ പോയി? ഇവിടെ ഒരു യൂറോപ്യൻ സഞ്ചാരിയുടെ നിരീക്ഷണം പ്രധാനമാണ്. ഫ്രാൻഷ്വാ ബെർണിയെ ഒരു ഫ്രഞ്ച് ഡോക്ടറായിരുന്നു. മുഗൾ സാമ്രാജ്യത്തിൽ അദ്ദേഹം സഞ്ചരിച്ചത് 17–ാം നൂറ്റാണ്ടിൽ ഷാജഹാന്റെ കാലത്തായിരുന്നു. യൂറോപ്പിൽ സയൻസ് വിപ്ലവകാല ചിന്തയുമായി പരിചയമുള്ള ആളുമായിരുന്നു. ഇന്ത്യയിൽ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള ഭിന്നതയായിരുന്നു അദ്ദേഹം ശ്രദ്ധിച്ചത്. സമ്പന്ന ഉപരിവർഗ്ഗം താമസിച്ചിരുന്ന നഗരങ്ങളിൽ എല്ലാവിധ വിജ്ഞാനവും സാങ്കേതികവിദ്യകളും കേന്ദ്രീകരിക്കുകയും എല്ലാവിധത്തിലുള്ള സുഖഭോഗങ്ങളും ലഭ്യമാക്കുകയും ചെയ്തപ്പോൾ ഗ്രാമപ്രദേശങ്ങൾ ദാരിദ്ര്യത്തിലും പട്ടിണിയിലുമായിലുമാണ്ടിരുന്നു. ഈ ഉച്ച നീചത്വത്തെ നിലനിർത്തുന്ന സേച്ഛാധിപത്യ ഭരണകൂടങ്ങളാണ് ഇന്ത്യയിൽ നിലനിന്നിരുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതായത്, ഇന്ത്യയിൽ വളർന്നുവന്ന വൈജ്ഞാനിക പാരമ്പര്യം സമൂഹത്തിന്റെ താഴെത്തട്ടിൽ എത്തുകയോ അവരുടെ ജീവിത നിലവാരത്തെ മെച്ചപ്പെടുത്തുകയോ ചെയ്തില്ല. ഇക്കാലത്തെ മറ്റു നിരീക്ഷകരുടെയും അഭിപ്രായങ്ങൾ സമാനമാണ്. സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ നിലനിൽക്കുന്ന ഉച്ചനീചത്വത്തിന്റെ അടിസ്ഥാനത്തിലുള്ള സമൂഹങ്ങളെ ഏതെങ്കിലും മതാധിപത്യത്തിന്റെ രൂപമായി കാണാൻ ഇവരാരും തയ്യാറല്ല. ആധുനിക ചരിത്രകാരർ മതഭ്രാന്തനെന്ന് മുദ്രകുത്തിയ ഔറംഗസേബിനെ കുറിച്ചുപോലും സമകാലിക നിരീക്ഷകർ ഇത്തരത്തിലുള്ള പഴി ചുമത്തുന്നില്ല.

അപ്പോൾ പ്രശ്നം വേറൊന്നാണ്. പാശ്ചാത്യ നിരീക്ഷകർ വിശദീകരിക്കുന്ന ഗ്രാമ സമുദായങ്ങൾ ജാതിബദ്ധമായ സമൂഹരൂപങ്ങളാണ്. അവിടെ തൊഴിൽ വിഭജനവും സൗമൂഹ്യമായ ഉച്ചനീചത്വവും വിവാഹരൂപങ്ങളും പിന്തുടർച്ചാവകാശങ്ങളും എല്ലാം ജന്മസിദ്ധമാണ്. അധ്വാനരൂപങ്ങൾ ജാതിത്തൊഴിലും കുലത്തൊഴിലുമായി മാറുന്നതോടെ വൈജ്ഞാനിക രൂപങ്ങളുടെ വിതരണവും അതിനനുസരിച്ച് ക്രമീകരിക്കപ്പെടുന്നു. അധ്വാനം നഗരങ്ങളിലെ പ്രമാണിമാരുടെയും നാടുവഴികളുടെയും ഭൂപ്രഭുക്കളുടെയും കീഴിലുള്ള കൂടിയായ്മയും അടിമവേലയും ആകുമ്പോൾ തൊഴിലിന്റെ സ്വാതന്ത്ര്യവും സർഗാത്മകതയും നഷ്ടപ്പെടുകയാണ്. പ്രാചീനകാലത്ത് കൃഷിയുടെയും വാണിജ്യത്തിന്റെയും വളർച്ചയാണ് പുതിയ വൈജ്ഞാനിക രൂപങ്ങളെ സൃഷ്ടിച്ചത്. എന്നാൽ മധ്യകാലഘട്ടത്തിലെ അധ്വാനം വൈജ്ഞാനിക തലങ്ങളിൽനിന്നും പൂർണമായി വേർതിരിക്കപ്പെട്ടു. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പൊതുശാസനങ്ങളുടെ (അവിടെയാണ് വിജ്ഞാനത്തിന് ശാസ്ത്രം എന്ന പേരുവന്നത് ) അടിസ്ഥാനത്തിൽ ചെയ്തു തീർക്കേണ്ട പ്രവർത്തനങ്ങളായി എല്ലാ തൊഴിലുകളും മാറുന്നു. തൊഴിലുകൾ ജാതിബദ്ധവും യാന്ത്രികവുമയ ആവർത്തനങ്ങളായി മാറുന്നതോടെ അതിൽ നിന്നും പുതിയ വൈജ്ഞാനിക രൂപങ്ങൾ ഉണ്ടാവുക അസാധ്യമാണ്. തൊഴിൽ നൈപുണിയെ മെച്ചപ്പെടുത്താനുള്ള തൊഴിലാളികളുടെ നിരന്തര ശ്രമങ്ങളെ തടയുന്ന ഘടകമായി ജാതി പ്രത്യക്ഷപ്പെടുന്നതോടെ ഈ മുരടിപ്പ് പൂർണമാകുന്നു.

ജാതിബദ്ധമായ തൊഴിലുകൾക്ക് പുതിയ വൈജ്ഞാനിക മുന്നേറ്റങ്ങൾ ഉണ്ടാക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല എന്നതിന്റെ അർത്ഥം അധ്വാനത്തിന് ഉൽപാദനക്ഷമത ഉണ്ടായിരുന്നില്ല എന്നല്ല. 17– 18 നൂറ്റാണ്ടുകളിൽ ഇന്ത്യയിലുണ്ടായ വാണിജ്യാഭിവൃദ്ധി ഉത്പാദനത്തിന്റെ വികാസത്തെയാണ് സൂചിപ്പിക്കുന്നത്. ഈ ഉൽപാദന വികാസം സാധ്യമായത് കുലത്തൊഴിലുകൾ ചെയ്തുവന്ന കൈത്തൊഴിൽക്കാരും നാണ്യവിള കൃഷിക്കാരും അവരുടെ ഉൽപാദനം വൻതോതിൽ വർധിപ്പിച്ചതുകൊണ്ടാണ്. പട്ട്, സുഗന്ധദ്രവ്യങ്ങൾ, ചായം തേച്ച തുണികൾ, എംബ്രോയിഡറി, ബസുമതി അരി പോലുള്ള ഉൽപ്പന്നങ്ങൾ, തുകൽ ഉൽപന്നങ്ങൾ, പുകയില, ചണം തുടങ്ങിയവയുടെ വൻതോതിലുള്ള വികാസം ഉദാഹരണമാണ്. ഇവ ഏതെങ്കിലും വിധത്തിൽ രസതന്ത്രം, ജീവശാസ്ത്രം, മെക്കാനിക്സ് മുതലായ മേഖലകളിൽ പുതിയ മുന്നേറ്റങ്ങൾ സൃഷ്ടിച്ചതായി കാണുന്നില്ല. ഏറ്റവുമധികം മുന്നേറ്റമുണ്ടാക്കിയ ജ്യോതിശാസ്ത്രം പോലും വാനനിരീക്ഷണത്തിനും പഞ്ചാംഗ ഗണനയ്ക്കും അപ്പുറം പോകുന്നില്ല. തൊഴിലാളികളുടെ ഉൽപാദന ക്ഷമതയുടെയോ വെെദഗ്ധ്യത്തിന്റെയോ കുറവല്ല, അവരുടെ വെെദഗ്ധ്യത്തെ വൻതോതിൽ ഉയർത്താൻ സഹായിക്കുന്ന വൈജ്ഞാനിക മുന്നേറ്റത്തിന്റെ അഭാവമാണ് ഇന്ത്യയുടെ പിന്നോക്കാവസ്ഥയ്ക്കു കാരണം. കുലത്തൊഴിലുകളിലും ജാതി തൊഴിലുകളിലും സൃഷ്ടിക്കപ്പെട്ട ജഡത്വം ഉൽപാദകരുടെ ജഡത്വമല്ല, അവരെ നിയന്ത്രിച്ചിരുന്ന ഉടമ വർഗത്തിന്റെ വൈജ്ഞാനിക ജഡത്വമായിരുന്നു. ഈ ജഡത്വം ഉല്പാദന ശക്തികളുടെ വികാസത്തെ തടയുകയാണുണ്ടായത്.

വൈജ്ഞാനിക ജഡത്വത്തിന്റെ മൂലകാരണം വർണ–ജാതി വ്യവസ്ഥയും അതിനെ നിയന്ത്രിച്ച ബ്രാഹ്മണാധിപത്യവുമായിരുന്നു. മധ്യകാലത്തിൽ തച്ചുശാസ്ത്രവും വൈദ്യശാസ്ത്രവുമടക്കം ഏതാണ്ട് എല്ലാ വൈജ്ഞാനിക മേഖലകളും ബ്രാഹ്മണ പണ്ഡിതരുടെ (ശാസ്ത്രിമാരുടെ) നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നു. ബ്രാഹ്മണാധിപത്യം ദർശനങ്ങൾ രൂപംകൊണ്ട ഭൗതിക സാഹചര്യങ്ങളെ പൂർണ്ണമായി തമസ്കരിക്കുകയും ശ്രമണ ദർശനങ്ങളും ലോകായതികന്മാരും അടങ്ങുന്ന ഭൗതിക ദർശനങ്ങളെയും അവ പിന്തുടർന്നവരെയും പുറന്തള്ളുകയും ചെയ്തു. സാംഖ്യം, യോഗം, ന്യായം മുതലായ ദർശനങ്ങൾക്കുപോലും ആത്മീയ വ്യാഖ്യാനങ്ങൾ രൂപപ്പെടുകയും വേദാന്തത്തിന്റെ വിവിധ വകഭേദങ്ങൾക്ക് ആധിപത്യം ലഭിക്കുകയും ചെയ്തു. വിജ്ഞാനം ഭൗതികതലത്തിൽ നിന്നും മാറി ആദ്ധ്യാത്മികവും അതിഭൗതികവുമായ തലങ്ങളിലെത്തി. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടു. വിജ്ഞാനം വിജ്ഞാനരാഹിത്യത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്കും വഴുതിവീഴുകയും നിലവിലുള്ള മുന്നേറ്റങ്ങളുടെപോലും അന്തഃസത്ത നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തു.

മുസ്ലീങ്ങളല്ല ഇന്ത്യയിലെ വർണ–ജാതി വ്യവസ്ഥയും ബ്രാഹ്മണാധിപത്യവും ഇന്ത്യയിലെ വൈജ്ഞാനിക മുന്നേറ്റത്തെ നശിപ്പിച്ചത്. ഇന്ത്യയിൽ രാഷ്ട്രീയാധിപത്യം സ്ഥാപിച്ച തുർക്കി – അഫ്ഗാൻ വംശജർക്കും മുഗളർക്കും ഇന്ത്യയിലെ വർണ–ജാതി വ്യവസ്ഥയെയോ നാടുവാഴിത്തത്തെയോ ഇല്ലാതാക്കാൻ കഴിഞ്ഞില്ല. അവർ സൃഷ്ടിച്ച ഭരണസംവിധാന രൂപങ്ങൾ ഒരു പുതിയ ആധിപത്യം വളർത്തിയെടുക്കുകയാണുണ്ടായത്. ഇതിനെയാണ് പാശ്ചാത്യ നിരീക്ഷകനായ ബർണിയെ ‘‘പൗരസ്ത്യ സ്വച്ഛാധിപത്യം’’ എന്നു വിളിച്ചത്. അതിനുമുമ്പുതന്നെ നിലനിന്ന മിച്ച ഉൽപ്പന്നങ്ങളുടെയും അധ്വാനത്തിന്റെയും സമാഹരണത്തെയും കൊള്ളയേയും ഒരുപക്ഷേ, കൂടുതൽ സുതാര്യമായ മാനദണ്ഡങ്ങൾക്കധിഷ്ഠിതമാക്കി മാറ്റി എന്നതാണ് ഇക്കാലത്തുവന്ന മാറ്റം. പഴയ സമ്പന്ന വർഗീയമായ രജപുത്രരും മറ്റു നാടുവാഴികളും മുഗൾ ഭരണതന്ത്രത്തിന്റെ ഭാഗമായിത്തീരുകയും ബ്രാഹ്മണരടക്കം ജന്മി വർഗമാക്കുകയും ചെയ്തതോടെ വർണ – ജാതി വ്യവസ്ഥയും നാടുവാഴിത്ത ബന്ധങ്ങളും പുതിയ രാഷ്ട്ര ഭരണാധികാരത്തിന്റെ കീഴിൽ തുടർന്നു. ഇസ്ലാമിക മതപണ്ഡിതരും ഈ അധികാരഘടനയെ താങ്ങിനിർത്തി. ഒരർത്ഥത്തിൽ, തുർക്കി – അഫ്ഗാൻ വൈജ്ഞാനിക സംഭാവനകളാണ് പുതിയ അധികാര ക്രമത്തെ താങ്ങിനിർത്തിയ മറ്റൊരു ഘടകം. ഈ വൈജ്ഞാനിക സംഭാവനകളിൽ വർണ – ജാതി ക്രമത്തിന് പ്രത്യേക പങ്കൊന്നും ഉണ്ടായിരുന്നില്ല.

ഇന്ത്യൻ സയൻസ് എന്നൊന്നുണ്ടോ?
ഇതുവരെ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം. ഇന്ത്യയിൽ ആദ്യ ദശയിൽ മറ്റു ഏതൊരു സമൂഹത്തെയുംപോലെയുള്ള വൈജ്ഞാനിക വികാസം ഉണ്ടായിരുന്നു. സ്ഥിരവാസവും കാർഷിക വാണിജ്യ രൂപങ്ങളും വളർന്നുവന്നതോടെ വൈജ്ഞാനിക രൂപങ്ങളും സവിശേഷ സ്വഭാവം കൈവരിക്കുകയും ഗണിതം, ജ്യോതിശാസ്ത്രം, രസതന്ത്രം, വൈദ്യം, ജീവശാസ്ത്രം, വാസ്തുവിദ്യ തുടങ്ങിയവ വികസിക്കുകയും ചെയ്തു. ഈ വികാസം മധ്യകാലത്തും തുടർന്നു. മധ്യകാലത്ത് ആധിപത്യം സ്ഥാപിച്ച വർണ – ജാതി വ്യവസ്ഥയും ബ്രാഹ്മണമേധാവിത്വവും നാടുവാഴിത്ത രൂപങ്ങളുമാണ് വൈജ്ഞാനിക വികസനത്തെ മുരടിപ്പിച്ചതും ഉൽപാദന ശക്തികളുടെ വികാസത്തെ യാന്ത്രികാധ്വാന രൂപങ്ങളാക്കി മാറ്റിയതും.

ഈ വൈജ്ഞാനിക രൂപങ്ങളെ ഇന്ത്യൻ സയൻസ് എന്ന പേര് വിളിക്കാമോ? മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രപഞ്ചത്തെയും ജീവനെയും കുറിച്ചുള്ള സങ്കല്പങ്ങളെയും മനുഷ്യർ സൃഷ്ടിക്കുന്നത്. ഇത് പ്രത്യേക ജൈവ പരിസ്ഥിതിയുടെ സ്വഭാവങ്ങൾക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. ഇതുകൊണ്ടാണ് ചൈനയിലും ഇന്ത്യയിലും പശ്ചിമേഷ്യയിലും ഗ്രീസിലും റോമിലും ആഫ്രിക്കയിലും അമേരിക്കയിലും ജീവിച്ച പ്രാചീന മനുഷ്യർ പ്രപഞ്ചത്തെയും ജീവജാലങ്ങളെയും കുറിച്ച് വ്യത്യസ്ത സങ്കല്പങ്ങൾ സൃഷ്ടിച്ചത്. ഇവയിൽ സാർവലൗകിക സ്വഭാവമുള്ള (ecumenical) ആശയങ്ങളാണ് പിന്നീട് സയൻസായി മാറുന്നത്. അക്കങ്ങളും ചതുഷ്-ക്രിയകളും നക്ഷത്രപടങ്ങളും സൂര്യന്റെ ചലനവും ജീവജാലങ്ങളുടെ സ്വഭാവവും വൈദ്യവും ലോഹ സാങ്കേതികവിദ്യകളും കൃഷിയുമെല്ലാം ഇതിന്റെ തെളിവുകളാണ്. പ്രാചീന ഇന്ത്യൻ വിജ്ഞാനവും വളർന്നുവന്നത് ഇതേ വിധത്തിലുള്ള സർവലൗകിക തലത്തിൽനിന്നാണ്. വരാഹ മിഹിരന്റെ ‘പഞ്ച സിദ്ധാന്തികത’യിൽ പൈതാമഹം, വസിഷ്ഠം, സൂര്യം എന്നീ തദ്ദേശീയ വിജ്ഞാന സമാഹാരങ്ങൾ കഴിഞ്ഞാൽ റോമകം, പാലിസം എന്ന രണ്ടു ഭാഗങ്ങളുമുണ്ട്. ഒന്ന് ഗ്രേക്കോ റോമനും മറ്റേത് ബാബിലോണിയനുമാണ്. കേരളത്തിൽ ഉപയോഗിക്കുന്ന കൊല്ലവർഷത്തിന് ബാബിലോണിയൻ പഞ്ചാംഗവുമായി ബന്ധമുണ്ട്. ഇന്ത്യൻ അക്കങ്ങളാണ് അറബി അക്കങ്ങളായി യൂറോപ്പിൽ പ്രചരിപ്പിച്ചത്. അഷ്ടാംഗഹൃദയവും പഞ്ചതന്ത്രവും അറബിയിലേക്ക് വിവർത്തനം ചെയ്തപ്പെട്ടു. ചൈനീസ് സാങ്കേതികവിദ്യകൾ ഇന്ത്യയിലെ കൈത്തൊഴിൽക്കാർ പ്രയോഗിച്ചു. ഇത്തരത്തിലുള്ള പരസ്പരബന്ധങ്ങൾ വൈജ്ഞാനിക തലത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് സാർവലൗകികമായി വളർന്നുവരുന്ന വൈജ്ഞാനിക മേഖലയിൽ ഇന്ത്യക്കാരുടെ സംഭാവന ഉണ്ടാകാമെന്നല്ലാതെ ഒരു ഇന്ത്യൻ സയൻസിനെപ്പറ്റിയുള്ള അവകാശവാദങ്ങൾ ശരിയല്ല. കേരളത്തിൽ മാധവൻ മുതലുള്ള ഗണിത പണ്ഡിതർ കാൽക്കുലസിന്റെരൂപം സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് കാൽക്കുലസ് എന്ന ഗണിതശാഖ ഇന്ത്യനാണെന്ന് പറയുന്നതിൽ കഴമ്പില്ല.

സയൻസിന്റെ വളർച്ച നമ്മുടെ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കണം. ഇതിൽ ഇന്ത്യക്കാരുടെ മൗലിക സംഭാവനകളും ഉൾപ്പെടുത്തണം. പാശ്ചാത്യ ശാസ്ത്രത്തിനെതിരായ ഹിന്ദു‘ശാസ്ത്രം’ ഇസ്ലാമിക ‘ശാസ്ത്രം’ മുതലായ വാദഗതികൾ സങ്കുചിത ദേശീയവാദവും മതസ്വത്വവാദവുമാണ്. അതിന് സയൻസിന്റെ വളർച്ചയുമായി ഒരു ബന്ധവുമില്ല. മനുഷ്യരാശിയുടെ വളർച്ചയിലും ഇന്നത്തെ നേട്ടങ്ങളിലും മൗലികമായ പങ്കുവഹിച്ച സാർവലൗകിക വെെജ്ഞാനിക മേഖലയായാണ് സയൻസിനെ പരിചയപ്പെടുത്തേണ്ടത്. അതേസമയം, സാർവലൗകിക വിജ്ഞാനം തള്ളിക്കളഞ്ഞ തികഞ്ഞ അബദ്ധങ്ങളും കപടശാസ്ത്ര രൂപങ്ങളുമുണ്ടെന്നും മനസ്സിലാക്കണം. അവയെ ഏതെങ്കിലും സ്വത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ നിലനിർത്തുന്നത് തികഞ്ഞ വിജ്ഞാന വിരുദ്ധതയാണ്. ‘ഇന്ത്യൻ സയൻസ്’ അടയാളപ്പെടുത്തുന്നതും ഈ വിജ്ഞാന വിരുദ്ധതയെയാണ്. ഇന്ത്യൻ ജനതയുടെ മൗലിക സംഭാവനകളെ മിത്തുകളും പെരുംനുണകളുമായി കൂട്ടിക്കുഴച്ച് അവതരിപ്പിക്കുന്ന ഏർപ്പാട് ഹൈന്ദവ വർഗീയതയുടെ ശാസ്ത്രവിരുദ്ധവും വിജ്ഞാന വിരുദ്ധവുമായ മുഖത്തെയാണ് കാണിക്കുന്നത്. ഈ അപകടത്തെ തിരിച്ചറിഞ്ഞ് അതിനെ ചെറുത്തുനിൽക്കുക തന്നെ വേണം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten + seventeen =

Most Popular