Saturday, May 4, 2024

ad

Homeമുഖപ്രസംഗംപരമാധികരം ജനങ്ങൾക്കുതന്നെ

പരമാധികരം ജനങ്ങൾക്കുതന്നെ

ഴിഞ്ഞ 67 വർഷങ്ങൾക്കിടയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭകളുടെ കാലത്ത് കേരളത്തിൽ അവയോട് ഏറെക്കുറെ ശത്രുതാപരമായി നിലകൊണ്ട ചില ഗവർണർമാർ ഉണ്ടായിരുന്നു. അവരിൽ എടുത്തുപറയേണ്ട പേരുകളാണ് ബി രാമകൃഷ്ണറാവു, ജേ-്യാതി വെങ്കട ചെല്ലം എന്നിവർ. അവരുടെ കലാവധിയിൽ അവരായിരുന്നു മന്ത്രിസഭക്കെതിരെ ശത്രുതാപരമായി പ്രവർത്തിച്ചവർ. അവരെയെല്ലാം കടത്തിവെട്ടിക്കൊണ്ടാണ് ഇപ്പോഴത്തെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം രാഷ്ട്രീയ നേതാവായിരുന്നു. ആ നിലയിൽ അദ്ദേഹം റെക്കോർഡിട്ടത് രാഷ്ട്രീയ കാലുമാറ്റത്തിലായിരുന്നു. എത്ര പാർട്ടികളിൽ അംഗമായി, വിട്ടു എന്നതിന്റെ നാൾവഴി കണക്കൊന്നും അദ്ദേഹത്തിന്റെ പക്കൽ ഉണ്ടാകുമോ എന്ന് സംശയമാണ്. പണത്തോടും പദവിയോടും പ്രതാപത്തോടുമുള്ള ആസക്തിയിൽ അദ്ദേഹം സമകാലത്ത് രാഷ്ട്രീയ രംഗത്ത് ഉണ്ടായിരുന്നവരെയെല്ലാം ബഹുദൂരം പിൻതള്ളി.

ആ ഓട്ടത്തിന്റെ ഏറ്റവും ഒടുവിലത്തെ ഘട്ടത്തിലാണ് കേരള ഗവർണറായി നിയമനം നേടി ഇവിടെ എത്തിയത്. എൽഡിഎഫ് സർക്കാരിനെ സകല കാര്യങ്ങളിലും ഇടങ്കോലിട്ട് എല്ലാ വിധത്തിലും ദ്രോഹിക്കുക, കേരളത്തിന്റെ സമ്പത്ത് ഒരു നിയന്ത്രണവുമില്ലാതെ ചെലവിടുക എന്നിവയൊക്കെ അദ്ദേഹത്തിന്റെ നിത്യവൃത്തിയുടെ ഭാഗമാണ്. സർക്കാർ എല്ലാ കാര്യങ്ങൾക്കും ബജറ്റുണ്ടാക്കിയാണ് പ്രവർത്തിക്കുക. അതിന്റെ ഭാഗമായി ഗവർണർക്കും രാജ്ഭവനുമൊക്കെ ബജറ്റുണ്ടാക്കും. ഈ സാമ്പത്തികവർഷത്തിൽ ഗവർണറുടെ അതിഥി സൽക്കാരത്തിനായുള്ള ബജറ്റ് ചെലവിന്റെ മുപ്പതിരട്ടിയിലധികം ചെലവഴിച്ചു കഴിഞ്ഞു, ഇതേവരെയുള്ള 8 മാസങ്ങൾക്കകം എന്നാണ് കണക്ക‍്. കാട്ടിലെ മരം, തേവരുടെ ആന, വലിയെടാ വലി എന്നൊരു ചൊല്ലുണ്ട്. അതിന്റെ മകുടോദാഹരണമാണ് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ കേരള സർക്കാരിന്റെ ഖജനാവിൽ നിന്നു ചെലവഴിച്ചുകൊണ്ടിരിക്കുന്ന തുക. അദ്ദേഹമാണ് സംസ്ഥാന ഭരണത്തിന്റെ ഒൗപചാരികമായ തലവൻ. ആയാറാം, ഗയാറാം രാഷ്ട്രീയത്തിന്റെ ഭാഗമായ അദ്ദേഹത്തെ ബിജെപി സർക്കാർ ഇവിടേക്ക് നിയോഗിച്ചത് ഈ സർക്കാരിന്റെ ഭരണത്തെ അടിച്ചുപൊളിച്ച് കുട്ടിച്ചോറാക്കാനാണ്. അതാണ് അദ്ദേഹം ജോറായി ചെയ്തുകൊണ്ടിരിക്കുന്നത്.

സർക്കാർ ഖജനാവിലെ പണം ധൂർത്തടിക്കുന്നത് അതിലെ ഏറ്റവും ലഘുവായ കാര്യമാണ്. ഗവർണർക്ക് ഭരണഘടനയനുസരിച്ച് സംസ്ഥാന ഭരണത്തിൽ കാര്യമായി ഒന്നും ചെയ്യാനില്ല. സംസ്ഥാന സർക്കാർ ചെയ്യുന്ന ഭരണ പ്രവർത്തനമെല്ലാം ഗവർണറുടെ പേരിലാണ്. അതിനാൽ എല്ലാ ഉത്തരവുകളിലും നിയമനിർമാണങ്ങളിലും അദ്ദേഹം ഒപ്പുവെച്ചാൽ മാത്രമേ അവ സാധുവാകൂ. അവിടെയാണ് ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ കളി. കേരള ഗവർണറാണെങ്കിലും, മാസത്തിൽ ഒന്നോ രണ്ടോ അല്ലെങ്കിൽ നാലോ അഞ്ചോ ദിവസം മാത്രമാണ് അദ്ദേഹം സംസ്ഥാനത്തുണ്ടാവുക. ബാക്കി ദിവസങ്ങളിലെല്ലാം അന്യ സംസ്ഥാനങ്ങളിൽ യാത്രയിലാണ്. അതുകൊണ്ടാണ്, ഈ സാമ്പത്തിക വർഷത്തിൽ ഗവർണറുടെ യാത്രക്കായി ബജറ്റിൽ വക കൊള്ളിച്ച സംഖ്യയുടെ 36 ഇരട്ടിയിൽ അധികം നവംബർ മാസത്തിനുള്ളിൽ അദ്ദേഹം ചെലവഴിച്ചത്. ഗവർണറുടെയും രാജ്ഭവന്റെയും ചെലവുകൾ, അദ്ദേഹം ഭരണത്തലവനായതിനാൽ സർക്കാർ നിയന്ത്രിക്കാറില്ല. അത് ഒരവസരമായി കണക്കാക്കി ഇഷ്ടക്കാരെയൊക്കെ ഇവിടെ കൊണ്ടുവന്നും മറ്റെല്ലാ സംസ്ഥാനങ്ങളിലും നിരന്തരം യാത്ര ചെയ്തും ഗവർണറുടെ ബജറ്റ് ചെലവിൽ സർവകാല റെക്കോർഡിടാൻ ശ്രമിക്കുകയാണ് അദ്ദേഹം.

ഇക്കാര്യത്തിൽ കാണിക്കുന്ന ഉദാര സമീപനം, ധാരാളിത്തം, പക്ഷേ, സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹം കാണിക്കുന്നില്ല. സർക്കാർ ദെെനംദിനം അദ്ദേഹത്തിന്റെ ഒപ്പിനായി അയക്കുന്ന ഫയലുകളിൽ ഒപ്പിടുന്നതിൽ അദ്ദേഹത്തിന് ഒട്ടും വേഗമോ ഉദാര സമീപനമോ ഇല്ല. ഫയൽ വെച്ചു താമസിപ്പിക്കുന്നത് രാജ്ഭവന്റെ ശീലമായിരിക്കുന്നു, ആരിഫ് മൊഹമ്മദ് ഖാൻ ഗവർണറായശേഷം. സർക്കാർ നടത്തുന്ന നിയമനിർമാണങ്ങളുടെ കാര്യത്തിലാണ് ഈ താമസം ഏറ്റവും കൂടുതൽ. ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ അല്ല, വർഷങ്ങളാണ് അദ്ദേഹം ബില്ലുകൾ ഒപ്പിടാതെ വെച്ചു താമസിപ്പിക്കുന്നത്. നാട്ടിലും ഭരണമുന്നണിയിലും ഉയർന്നുവരുന്ന ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാർ പുതിയ നിയമനിർമാണങ്ങൾക്ക് മുതിരുന്നത്. അവയിൽ പലവയും എൽഡിഎഫ് ജനങ്ങൾക്ക് മുൻകാലങ്ങളിൽ നൽകിയ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമാണ്. അടിയന്തരമായി വേണ്ടവ ഓർഡിനൻസായി ആദ്യം കൊണ്ടുവന്നു നടപ്പാക്കും. പിന്നീട് നിയമസഭയിൽ അവതരിപ്പിച്ച് അത് സ്ഥിരം നിയമമാക്കും.

ഓർഡിനൻസാണെങ്കിൽ മന്ത്രിസഭ പാസാക്കി ഗവർണർ ഒപ്പുവെച്ചാൽ നിയമമാകും. ബില്ലാണെങ്കിൽ നിയമസഭ പാസാക്കി ഗവർണർ ഒപ്പുവെച്ചാലേ നിയമമാകൂ. ഇവ രണ്ടും അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന ഗവർണറുടെ സമീപനം അസഹനീയമായപ്പോഴാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഇക്കാര്യത്തിൽ കേസു കൊടുത്തത്. അത് ഇപ്പോൾ കോടതി പരിഗണിച്ചു വരികയാണ്. ഗവർണരുടെ അധികാര വിനിയോഗം സംബന്ധിച്ച് ഭരണഘടനയിൽ ആനുഷംഗികമായ പരാമർശമേയുള്ളൂ. ഭരണപരമായ കാര്യങ്ങളിൽ ഫലപ്രദമായും വേഗത്തിലും തീരുമാനം കെെക്കൊള്ളുന്നവരാകും ഗവർണർമാരാകുക എന്ന സങ്കൽപ്പത്തിൽ ഭരണഘടനാ പരാമർശം പൊതുവിലാണ്, കൃത്യമല്ല. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായി അത് നിർദേശിക്കണമെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് കേരള സർക്കാർ ആവശ്യപ്പെടുന്നത്. കോടതിക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായതായി നവംബർ 29ന് കേസിൽ വാദം നടന്നപ്പോൾ സ്പഷ്ടമായി. അങ്ങനെ ആവശ്യപ്പെടാൻ ചീഫ് ജസ്റ്റിസ് കേരളത്തിന്റെ അഭിഭാഷകനായ കെ കെ വേണുഗോപാലിനോട് നിർദേശിക്കുകയും ചെയ്തു.

നിയമസഭ പാസാക്കിയ എട്ടു ബില്ലുകൾ രണ്ടുവർഷം കെെവശം വച്ചശേഷം, പഞ്ചാബ് സംസ്ഥാനത്തിന്റെ കേസിൽ സുപ്രീംകോടതി വിധി വന്നപ്പോൾ അവയിൽ ഒരെണ്ണത്തിൽ ഒപ്പുവച്ച ശേഷം ബാക്കി ഏഴെണ്ണം രാഷ്ട്രപതിക്ക് അയച്ചുകൊടുത്തു. ലോകായുക്ത ബിൽ ഉൾപ്പെടെ അവയൊന്നും രാഷ്ട്രപതിയ്ക്ക് അയക്കേണ്ട കാര്യമില്ല. കാലതാമസം വരുത്താനാണ് അത് ചെയ്തതെന്നു വ്യക്തം. നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകാരത്തിനായി ലഭിച്ചാൽ നിയമാനുസൃതമായി ചെയ്യാവുന്ന കാര്യം ഒപ്പിടാം, രാഷ്ട്രപതിയ്ക്ക് അയക്കാം, പിടിച്ചുവയ്ക്കാം. അവസാനം പറഞ്ഞത് അനന്തമായി കെെവശം വയ്ക്കാനാവില്ല. ഗവർണർ അഭിപ്രായം രേഖപ്പെടുത്തി നിയമസഭക്ക് തിരിച്ചയക്കണം. അങ്ങനെ ലഭിച്ച ബിൽ ഭേദഗതിയോടെയോ ഇല്ലാതെയോ നിയമസഭ വീണ്ടും അയച്ചാൽ അതിൽ ഒപ്പിടാൻ ഗവർണർ ബാധ്യസ്ഥനാണ്. ഇതാണ് നിയമം. ഗവർണർ ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് നിയമസഭയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തലാണ്. അത് ഭരണഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധമാണ്. ബിൽ തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് അധികാരമുണ്ടെന്നു പറയുന്നത് പാർലമെന്ററി വ്യവസ്ഥയുടെ അന്തസ്സത്തക്ക് വിരുദ്ധമാണ് എന്ന് പഞ്ചാബ് നിയമസഭാ കേസിൽ സുപ്രീംകോടതി വ്യക്തമാക്കി. ഗവർണർക്ക് നിയമസഭ പാസാക്കിയ ബിൽ തിരിച്ചയക്കാം എന്നല്ലാതെ അനന്തമായി പിടിച്ചുവയ്ക്കാനാവില്ല. കേരള സർക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത് ഇക്കാര്യത്തിൽ അവശേഷിക്കുന്ന അവ്യക്തത നീക്കാനും പാർലമെന്ററി പ്രവർത്തന തടസ്സം കൂടാതെ നടത്താൻ ആവശ്യമായ നിർദേശം ഗവർണർക്ക് നൽകാനുമാണ്. ഇക്കാര്യത്തിൽ ഗവർണർ ഉന്നതനീതി പീഠത്തോട് അർഹിക്കുന്ന ആദരവ് കാണിച്ചോ എന്ന ചോദ്യം സുപ്രീംകോടതി ഉന്നയിച്ചിട്ടുണ്ട്. ആവശ്യമായ മാർഗനിർദേശം വിധിയിൽ ഉണ്ടാക്കും എന്നു പ്രതീക്ഷിക്കാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen + thirteen =

Most Popular