Sunday, September 8, 2024

ad

Homeകവര്‍സ്റ്റോറിഇന്ത്യൻ വൈദ്യശാസ്ത്രത്തിൽനിന്ന് 
എന്തുകൊണ്ട് മെഡിക്കൽ 
സയൻസ് ഉണ്ടായില്ല?

ഇന്ത്യൻ വൈദ്യശാസ്ത്രത്തിൽനിന്ന് 
എന്തുകൊണ്ട് മെഡിക്കൽ 
സയൻസ് ഉണ്ടായില്ല?

ഡോ. ടി.പി ശിഹാബുദ്ദീൻ

നുഷ്യരുടെ സാമൂഹിക ചരിത്രത്തിലുടനീളം, നിലനിൽക്കുന്ന സാംസ്കാരിക സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾക്കനുസൃതമായ അറിവുകൾ രൂപീകരിക്കുകയും അവയെ കാലികമായ മാറ്റങ്ങൾക്ക് വിധേയമാക്കുകയും പുനർനിർവചിക്കുകയും ചെയ്തു വന്നിട്ടുണ്ട്. ഈ പ്രക്രിയയുടെ അവസാനം നമ്മൾ എത്തിച്ചേർന്ന വൈജ്ഞാനിക രീതിശാസ്ത്രമാണ് സയൻസ് എന്ന് ലളിതമായി പറയാം. അതുകൊണ്ടുതന്നെ സയൻസിന്റെ രൂപീകരണത്തിൽ അതിനുമുമ്പ് ഉണ്ടായിരുന്ന വൈജ്ഞാനിക രൂപങ്ങൾക്കെല്ലാം ചെറുതല്ലാത്ത പങ്കുണ്ട്. നിലവിലുണ്ടായിരുന്ന അതിബൃഹത്തായ വൈജ്ഞാനിക പാരമ്പര്യത്തിന് പുതിയ സാഹചര്യത്തിൽ രീതിശാസ്ത്രപരമായ നവീകരണവും തിരുത്തും വഴി സയൻസായി പരിണമിക്കുന്നതിന് തടസ്സം നിൽക്കുന്ന രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ സാഹചര്യം നിലനിന്നിരുന്നതുകൊണ്ടാണ് ഇന്ത്യൻ അറിവ് രൂപങ്ങൾ സയൻസീകരിക്കപ്പെടാതിരിക്കുകയും മുരടിക്കുകയും ചെയ്തത്. മാത്രമല്ല മാറിയ സാഹചര്യത്തോട് പൊരുത്തപ്പെടാതെ പാരമ്പര്യ മഹിമയിൽ മാത്രം ഊറ്റം കൊള്ളുന്ന ഒന്നായി വിപുലമായ ഇന്ത്യൻ വൈജ്ഞാനിക പാരമ്പര്യം മാറി. അതേസമയം ദിവ്യവും വിമർശനാതീതവും സർവ്വകാലാതീതവും സകല വിജ്ഞാനങ്ങളും ഉൾക്കൊള്ളുന്നതുമായ ഒന്നായി ഇന്ത്യൻ ശാസ്ത്രങ്ങളെ ആരാധിച്ച് തൃപ്തിയടയുകയാണ് സമകാലിക ഇന്ത്യയിലും ചിലർ. ഇത്തരം അതിവാദങ്ങളൊന്നും മലയാളികളെ സംബന്ധിച്ച് പുതിയതല്ലെങ്കിലും നിലവിലെ ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഈ സാഹചര്യത്തിൽ എന്തുകൊണ്ട് ഇന്ത്യൻ വൈദ്യശാസ്ത്രത്തിൽ നിന്നും മെഡിക്കൽ സയൻസ് രൂപം കൊണ്ടില്ല എന്നതു സംബന്ധിച്ച അന്വേഷണമാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.

ചുറ്റുപാടുകളെ നിരന്തരം നിരീക്ഷണത്തിനും പരീക്ഷണങ്ങൾക്കും വിധേയമാക്കിയാണ് മനുഷ്യർ അറിവ് ഉത്പാദിപ്പിക്കുന്നതും നിലവിലുള്ള അറിവുകളെ പരിഷ്കരിക്കുന്നതും. പുരാതന ഇന്ത്യയിലും ഈ ഇതേ രീതിയിൽ തന്നെയാണ് മനുഷ്യർ അറിവുല്പാദിപ്പിച്ചിരുന്നത്. സാമൂഹിക ജീവിതം ആരംഭിച്ചതു മുതൽ ആരോഗ്യവും സൗഖ്യവും രോഗാവസ്ഥകളും അവയ്ക്കുള്ള പരിഹാരവും മനുഷ്യരുടെ അന്വേഷണങ്ങൾക്ക് നിരന്തരം വിധേയമായിരുന്നു. ഇത്തരത്തിൽ നടക്കുന്ന അന്വേഷണവും അവയുടെ കണ്ടെത്തലുകളും സാമൂഹിക വിജ്ഞാനത്തിന്റെ ഭാഗമായി മാറുന്നു. മാത്രമല്ല അവയുടെ നിരന്തര പ്രയോഗവും ക്ഷമതാപരിശോധനയും തിരുത്തലുകളും നവീകരണവും വികേന്ദ്രീകൃത സ്വഭാവവും പല മട്ടിലുള്ള വൈജ്ഞാനിക വളർച്ച പുരാതന ഇന്ത്യയിൽ പല ഭാഗത്തായി സാധ്യമാക്കി. കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വികസിച്ചുവന്ന ബാലചികിത്സ, വിഷ ചികിത്സ തുടങ്ങിയവ ഇത്തരത്തിലുള്ള വൈജ്ഞാനിക വളർച്ചയ്ക്ക് ഉദാഹരണമാണ്. ആളുകളുടെ നിത്യജീവിതത്തിലെ ആവശ്യങ്ങൾ ആയിരുന്നു എല്ലാ കണ്ടെത്തലുകളുടെയും നിദാനം.

ആയുർവേദത്തെ സംബന്ധിച്ച് രണ്ട് പ്രധാന വാദങ്ങളാണ് നിലവിലുള്ളത്. അതിലൊന്ന് അത് ചതുർവേദങ്ങളിൽ ഒന്നായ അഥർവ്വ വേദത്തിന്റെ ഉപവേദമാണ് എന്നതാണ്. മാത്രമല്ല അതിലെ അറിവുകൾ ദിവ്യപ്രോക്തമാണെന്നും വാദിക്കപ്പെടുന്നു. രണ്ടാമത്തെ വാദം ഇന്ത്യൻ വൈദ്യത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നായ ചരകസംഹിത ഉൾപ്പെടെ സൂചിപ്പിക്കുന്ന യുക്തിയടിസ്ഥാനമാക്കിയുള്ള രോഗനിർണയ ചികിത്സാ രീതിയാണ്. ‘യുക്തി വ്യാപാശ്രയ ഭേഷജ’ എന്ന പ്രയോഗം വെളിപ്പെടുത്തുന്നതുപോലെ ആയുർവേദത്തിന്റെ അടിസ്ഥാനം അനുഭവങ്ങളിൽ നിന്നും നിരീക്ഷണ പരീക്ഷണങ്ങളിൽ നിന്നും സ്വരൂപിക്കുന്ന, മാറ്റങ്ങൾക്ക് വിധേയമായ അറിവുകളാണെന്നതാണ് രണ്ടാമത്തെ വാദം. ഈ ലേഖനം ഊന്നുന്നത് ആയുർവേദത്തിന്റെ രണ്ടാമത് പറഞ്ഞ ഭൗതികാടിത്തറയിലാണ്. കാരണം വേദങ്ങളുടെ ഭാഗമാണ് ആയുർവേദം എന്ന് വാദിക്കപ്പെടുമ്പോഴും ആയുർവേദവും അത് പ്രയോഗിക്കുന്ന വൈദ്യരും അസ്പൃശ്യർ ആയിരുന്നു എന്നത് വസ്തുതയാണ്. ‘യജുർവേദം അനുസരിച്ച് വൈദ്യം എന്നത് നിന്ദ്യമായ ഒരു തൊഴിൽ ആകുന്നു. അതുകൊണ്ടുതന്നെ വൈദ്യന്മാർ അശുദ്ധരാണ്’. (ദേബിപ്രസാദ് ചതോപാധ്യായ, ‘സയൻസ് ആൻഡ് സൊസൈറ്റി ഇൻ ആൻഷ്യന്റ് ഇന്ത്യ’, കൽക്കട്ട, റിസർച്ച് ഇന്ത്യ പബ്ലിക്കേഷൻസ്, 1977, പുറം.5) അവരുടെ സാന്നിധ്യം തന്നെ ഒരു സ്ഥലത്തെ അശുദ്ധമാക്കുന്നു അവർ തരുന്ന ഭക്ഷണം മാത്രമല്ല അവർക്ക് നൽകപ്പെട്ട ഭക്ഷണവും അശുദ്ധമാണ്. അതിനാൽ അനാഹാര്യമാണ്. സ്മൃതികാരന്മാരിൽ വശിഷ്ഠൻ, അപസ്തംബൻ, മനു തുടങ്ങിയവർ വൈദ്യന്മാരെ നിന്ദ്യരായിട്ടാണ് ചിത്രീകരിക്കുന്നത്. മനു ഒരു പടികൂടി കടന്ന് വൈദ്യന്മാരിൽ നിന്ന് ലഭിക്കുന്ന ഭക്ഷണം ചലം പോലെ അശുദ്ധമാണ് (പൂയം ചികിത്സകസ്യ അന്നം) എന്ന് പ്രഖ്യാപിക്കുന്നു. (നോക്കുക: മനുസ്മൃതി iv 220. വിശദാംശങ്ങൾക്ക് ദേബിപ്രസാദ് ചതോപാധ്യായ, അതേ പുസ്തകം പേജ് 214 കാണുക). മാത്രമല്ല, വേദപഠനം നടത്തിയവർ അതൊരിക്കലും സ്വീകരിച്ചു കൂടാ എന്ന് വിലക്കുന്നു. കൂടാതെ, വൈദ്യർക്ക് നൽകപ്പെട്ട ഭക്ഷണവും രക്തവും ചലവും പോലെയാണ് എന്നത്രേ മനുവിന്റെ വിധി (ഭിഷജെ പൂയ-ശോണിതം – മനുസ്മൃതി, iii, 180, ദേബി പ്രസാദ് ചതോപാധ്യായ, പേജ് 215). ‘വൈദ്യന്മാരെ യാഗാദികൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശിപ്പിക്കരുത്. അവരുടെ സാന്നിധ്യം തന്നെ യാഗങ്ങളുടെ പവിത്രത ഇല്ലാതാക്കും’ എന്നും മനുസ്മൃതി കൂട്ടിച്ചേർക്കുന്നു. (മനുസ്മൃതി, iii, 152) വശിഷ്ഠനും ‘വൈദ്യന്മാർ നിന്ദ്യരാണ്’ എന്ന പക്ഷക്കാരനാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വൈദ്യം പ്രയോഗിച്ച് ജീവിക്കുന്ന ഒരു ദ്വിജനെ ഒരിക്കലും ബ്രാഹ്മണൻ എന്ന് വിളിക്കാൻ പാടില്ല (വശിഷ്ഠ ധർമ്മസൂത്രം iii, 3). ദേവൻമാരുടെ ഗണത്തിൽ ഉള്ളവർ ആയിട്ടും അശ്വിനിദേവകളെ രണ്ടാം തരക്കാരായി പരിഗണിക്കുന്നതുതന്നെ അവരുടെ വൈദ്യപശ്ചാത്തലം കൊണ്ടാണ് എന്നത് കാര്യങ്ങളെ കുറെക്കൂടി വ്യക്തമാക്കുന്നുണ്ടല്ലോ. മാത്രമല്ല ‘വൈദ്യാധ്യയനം നടത്തിയിരുന്ന തക്ഷശില ഒരു അശുദ്ധ പ്രദേശമായിട്ടാണ് ബ്രാഹ്മണർ കണക്കാക്കിയിരുന്നത്’ എന്ന് റോമില ഥാപർ ഉൾപ്പെടെയുള്ള ചരിത്രപണ്ഡിതർ രേഖപ്പെടുത്തുന്നു.

ലോകത്തിലെ മെഡിക്കൽ സയൻസിന്റെ വളർച്ചയ്ക്ക് മുമ്പുള്ള വൈദ്യസമ്പ്രദായങ്ങളിൽ വൈദ്യശാസ്ത്രം താരതമ്യം ഇല്ലാത്ത വിധം ഔന്നത്യം നേടിയ ഒന്നായിരുന്നു. ഇന്ത്യൻ അറിവുകളെ പോലെ പ്രായോഗികതയ്ക്കും പരീക്ഷണ നിരീക്ഷണങ്ങൾക്കും നൽകിയിരുന്ന പ്രാധാന്യമായിരുന്നു അതിന്റെ വളർച്ചയ്ക്ക് കാരണമായിരുന്നത്. ഇന്ത്യൻ വൈദ്യ സമ്പ്രദായം അതിന്റെ രൂപീകരണ ഘട്ടത്തിൽ തനതായ ഒരു രീതിശാസ്ത്രം വളർത്തിയെടുത്തു. ദേബിപ്രസാദ് ചതോപാധ്യായ അഭിപ്രായപ്പെടുന്നതുപോലെ പ്രാചീന ഇന്ത്യയിലെ വൈദ്യന്മാർ പ്രപഞ്ച പ്രതിഭാസങ്ങളുടെ പ്രത്യക്ഷ നിരീക്ഷണത്തിലും അതിലൂടെ ലഭ്യമാകുന്ന, അനുഭവവേദ്യമാകുന്ന വിവരങ്ങളെ (empirical knowledge) യുക്തിപൂർണമായി വിലയിരുത്തുന്നതിലും തികഞ്ഞ നിഷ്കർഷ ഉള്ളവരായിരുന്നു. (ദേബിപ്രസാദ് ചതോപാധ്യായ, അതേ പുസ്തകം, പുറം. 7). മാത്രമല്ല ഇപ്രകാരം നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ലഭ്യമാകുന്ന അറിവുകളും തീർപ്പുകളും പ്രായോഗിക മാനദണ്ഡങ്ങൾ അനുസരിച്ച് പരിശോധിക്കുകയും ചെയ്തിരുന്നു. ആ അർത്ഥത്തിൽ സയൻസിന്റെ രീതിശാസ്ത്രം പിന്തുടരുന്ന വൈജ്ഞാനിക മേഖലയായിരുന്നു ആദ്യഘട്ടത്തിൽ ഇന്ത്യൻ വൈദ്യശാസ്ത്രം എന്ന് കാണാവുന്നതാണ്. സയൻസ് എന്നാൽ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ലഭ്യമാകുന്ന നിരന്തര പരിശോധനയ്ക്ക് (falsifiability) വിധേയമാകുന്ന രീതിശാസ്ത്രബദ്ധമായ അറിവ് എന്നാണല്ലോ നിർവചിക്കാറ്.

ഇത്തരത്തിലുള്ള നിരീക്ഷണങ്ങളിലൂടെയാണ് ഇന്ത്യൻ വൈദ്യശാസ്ത്രം മനുഷ്യ-രും പ്രകൃതിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച, പ്രാചീന നാഗരികതകളിൽ അനന്യമായ ഭൗതികവാദ പരമായ നിരീക്ഷണം നടത്തുന്നത്. അതായത് മനുഷ്യർ എന്നത് ഈ പ്രകൃതിയെ നിർമ്മിച്ചിരിക്കുന്ന അതേ ദ്രവ്യം (മാറ്റർ) അല്ലാതെ മറ്റൊന്നുമല്ല എന്നവർ വിലയിരുത്തി. ആ ദ്രവ്യത്തിനെ അവർ ഭൂതം (element) എന്ന് നാമകരണം ചെയ്തു.‘ചരകസംഹിത’ പറയുന്നത് മനുഷ്യരിൽ എന്താണോ അടങ്ങിയിരിക്കുന്നത് അത് തന്നെയാണ് പ്രകൃതിയിലും അടങ്ങിയിരിക്കുന്നത് എന്നാണ്.

യാവന്ത: ഹി ലോകേ മൂർത്തിമന്ത: ഭാവ വിശേഷാ :

താവന്ത: പുരുഷെ/

യവന്ത: പുരുഷെ താവന്ത: ലോകെ ഇതി/

ബുദ്ധാ: തു ഏവം ദൃഷ്ടിം ഇച്ഛന്തി. (‘ചരകസംഹിത’, iv. 4. 13. കാണുക; ചതോപാധ്യായ, അതേ പുസ്തകം, പുറം .60)

എന്നാൽ മനുഷ്യരിലും ഈ പ്രപഞ്ചമാകെയും കാണുന്ന ദ്രവ്യത്തെ തരംതിരിക്കുന്നതിൽ ആ കാലത്തിന്റെ പരിമിതികൾ തീർച്ചയായും ഉണ്ട്. അതായത്, പ്രപഞ്ചത്തിൽ ഉള്ളതെല്ലാം 5 ദ്രവ്യരൂപങ്ങളിൽ (പഞ്ചഭൂത സിദ്ധാന്തം) നിന്നുണ്ടായതാണ് എന്നാണ് അവർ വിചാരിച്ചിരുന്നത്. ഈ പരിമിതി അംഗീകരിക്കുമ്പോൾ തന്നെ പ്രാചീനതയുടെ എല്ലാ പരിമിതികളും ഉള്ള ഒരു സമൂഹത്തെ സംബന്ധിച്ച് മനുഷ്യർ പ്രകൃതിയിലുള്ള അതേ മൂലകങ്ങളിൽ (ഭൂതങ്ങളിൽ) നിന്നും ഉണ്ടായതാണ് എന്ന തികച്ചും ഭൗതികവാദപരമായ (materialistic) അനുമാനത്തിൽ എത്തിച്ചേർന്നു എന്നത് വൈജ്ഞാനികമായി അത്യധികം ശ്ലാഘനീയമായ, അഭിമാനാർഹമായ ഒരു നിലയാണ്. എന്നുമാത്രമല്ല ആ മനുഷ്യശരീരങ്ങൾക്ക് സംഭവിക്കുന്ന കേടുപാടുകൾക്കും രോഗങ്ങൾക്കും ഉള്ള പരിഹാരവും പ്രകൃതിയിൽ തന്നെ അടങ്ങിയിരിക്കുന്ന ദ്രവ്യങ്ങൾ കൊണ്ട് സാധ്യമാണ് എന്ന് പ്രാചീന ഇന്ത്യക്കാർ മനസ്സിലാക്കിയിരുന്നു. അത്തരം ചികിത്സയുടെ, ആരോഗ്യ സൗഖ്യ പരിപാലനത്തിന്റെ ആകത്തുകയാണ് ഇന്ത്യൻ വൈദ്യശാസ്ത്രം. ഇന്ത്യൻ വൈദ്യസമ്പ്രദായം വളർന്നുവന്ന് സഹസ്രാബ്ധങ്ങൾക്ക് ശേഷം ആധുനിക സമൂഹത്തിൽ പോലും മനുഷ്യരെ സംബന്ധിച്ച ഇത്തരം ഭൗതികവാദ നിരീക്ഷണങ്ങൾ വേണ്ടത്ര സ്വീകരിക്കപ്പെടുന്നില്ല എന്നതിനോട് ചേർത്തു വായിക്കുമ്പോഴാണ് പ്രാചീന ഇന്ത്യക്കാരുടെ വൈജ്ഞാനിക ഔന്നത്യം നമ്മൾ തിരിച്ചറിയുന്നത്. തീർച്ചയായും സയൻസിന്റെ വളർച്ചയിലേക്ക് നയിക്കാവുന്ന ഘടകങ്ങൾ ആയിരുന്നു ഇന്ത്യൻ വൈദ്യസമ്പ്രദായത്തിന്റെ ഈ പ്രത്യേകതകൾ. എന്നാൽ ഇന്ത്യയിൽ പ്രാചീനകാലത്തോ അതിനുശേഷമോ രീതിശാസ്ത്രബദ്ധമായ സയൻസ് വളർന്നു വന്നില്ല.

അതിനെ തടഞ്ഞത് വൈദ്യം ഉൾപ്പെടെയുള്ള ഇന്ത്യൻ വൈജ്ഞാനിക സമ്പ്രദായം വളരെ വൈകാതെ തന്നെ എത്തിച്ചേർന്ന ജാതി സമ്പ്രദായവും മതബദ്ധതയും വൈജ്ഞാനിക ഗ്രന്ഥവത്കരണവും ആണ്.

എന്നാൽ, ഇത്തരത്തിൽ ഉന്നതമായ വൈജ്ഞാനിക നിലയിൽ എത്തിയ രീതിശാസ്ത്രപരമായി സയൻസിനോട് അടുത്തു വരെ എത്തിച്ചേർന്ന, തികച്ചും ഭൗതികവാദപരമായ വൈജ്ഞാനിക പാരമ്പര്യം എന്തുകൊണ്ടാണ് ക്ഷയിച്ചത്? അതല്ലെങ്കിൽ അതിന് പിന്നീട് പുരോഗതി കൈവരിക്കാൻ സാധിക്കാതിരുന്നത് എന്തുകൊണ്ടാണ്? പലരും പലതരത്തിൽ ഇക്കാര്യങ്ങൾ വ്യാഖ്യാനിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈ ലേഖകന്റെ അഭിപ്രായത്തിൽ, ഇന്ത്യൻ വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ തന്നെ അതിനുള്ള ഉത്തരം ഉണ്ട്. അതായത്, വൈജ്ഞാനിക പാരമ്പര്യം അതിന്റെ ഉന്നത സ്ഥായിയിൽ എത്തി എന്ന് വിശ്വസിക്കുന്ന ഘട്ടത്തിൽ തന്നെ അതിന് ജഡത്വം സംഭവിച്ചിട്ടുണ്ട്.

മുമ്പ് സൂചിപ്പിച്ചതുപോലെ ഇന്ത്യൻ വൈദ്യ സമ്പ്രദായം പൂർണമായും ഭൗതികവാദപരവും യുക്തിയെ അടിസ്ഥാനപ്പെടുത്തിയതും ആയിരുന്നു. അനുഭവവേദ്യമായ ജ്ഞാന (empirical knowledge) ത്തെക്കാൾ യുക്തിപൂർവ്വം നിഗമനങ്ങളിൽ എത്തിച്ചേരുന്നവരെ ഉന്നത ശ്രേണിയിൽ പരിഗണിച്ചിരുന്നു. ‘ചരകസംഹിത’ തന്നെ പറയുന്നത് നോക്കുക:

സിദ്ധിർ യുക്ത പ്രതിഷ്ഠിതാ/
തിഷ്ഠാത്യുപരി യുക്തിജ്ഞാ
ദ്രവ്യജ്ഞാനവതം സദാ. (ചരകസംഹിത’ i.2.16)

അതായത് യുക്തിപൂർവ്വം നിഗമനങ്ങളിൽ എത്തിച്ചേരുന്നതിൽ നിഷ്കർഷയുള്ള വ്യക്തമായ, രീതിശാസ്ത്രബദ്ധമായ വിജ്ഞാന സമ്പ്രദായം ആയിരുന്നു അടിസ്ഥാനപരമായി ഇന്ത്യൻ വൈദ്യം. ഇന്ത്യൻ തത്വശാസ്ത്രം മനുഷ്യൻ പുരുഷനെ ആത്മീയമായും അതിഭൗതികമായും വിലയിരുത്തുമ്പോൾ വൈദ്യസമ്പ്രദായം പുരാതന പുരുഷനെ രസജമായ ശരീരമായി വിലയിരുത്തുന്നു:

‘ശരീര മൂല: ച പുരുഷ ഭവതി’ (‘ചരകസംഹിത’, ii. 6.6 – ദേബിപ്രസാദ് ചതോപാധ്യായ, അതേ പുസ്തകം, പു.5).

‘രസജം പുരുഷം വിദ്യാത് രസം രക്ഷേത് പ്രയത്നത (‘സുശ്രുതസംഹിത’ i.4.12 – ദേബിപ്രസാദ് ചതോപാധ്യായ, അതേ പുസ്തകം, പു. 53)

ഇന്ത്യൻ വൈദ്യ സമ്പ്രദായത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ ‘ചരകസംഹിത’, ‘സുശ്രുതസംഹിത’, ‘അഷ്ടാംഗ സംഗ്രഹം’ തുടങ്ങിയ കൃതികൾ അവയിൽ നിന്നുതന്നെ വ്യക്തമാകുന്നത് പോലെ പല ഘട്ടങ്ങളിലായി എഡിറ്റിങ്ങിന് വിധേയമായതാണ്. ഉദാഹരണത്തിന് ചരകസംഹിതയിലെ ഓരോ അധ്യായവും ആരംഭിക്കുന്നത് ‘ഇതി ഹ സ്മാഹ ഭഗവാൻ അത്രേയ’ എന്ന രീതിയിലാണ്. അതിനർത്ഥം ഭഗവാൻ അത്രയേൻ അപ്രകാരം പറഞ്ഞിരിക്കുന്നു എന്നാണ്. അതുപോലെ ഓരോ അധ്യായവും അവസാനിക്കുന്നത് ‘അഗ്നിവേശൻ രചിച്ച, ചരകനാൽ സംസ്കരിക്കപ്പെട്ട കൃതിയിലെ അധ്യായം (ഇതി അഗ്നിവേശ കൃതെ ചരക സംസ്കൃതെ ശ്ലോകസ്ഥാനെ) എന്ന നിലയിലാണ്. അതായത് അത്രയേൻ എന്ന വൈദ്യജ്ഞാനി പറഞ്ഞതായി അദ്ദേഹത്തിന്റെ ശിഷ്യൻ അഗ്നിവേശൻ രചിച്ചതും ചരകൻ സംസ്കരിച്ചതുമായ കൃതി എന്നാണ് അതാകട്ടെ ദൃഢബലൻ എന്നൊരാൾ പുനഃസൃഷ്ടിച്ചതുമാണ്. പ്രസ്തുത കൃതി പുനർസൃഷ്ടിച്ച ദൃഢബലൻ, കൃതി സംസ്കരിച്ച ചരകൻ അനന്യമായ പാണ്ഡിത്യത്തിന് ഉടമയായിരുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. അദ്ദേഹം പറയുന്നത് നോക്കുക:

‘അത: തന്ത്രോത്തമം ഇദം ചരകേന അതിബുദ്ധിന/ സംസ്കൃതം തത്വ സമ്പൂർണ്ണം’ (ചരകസംഹിത’, viii. 12. 67. 8 – ദേബിപ്രസാദ് ചതോപാധ്യായ, അതേ പുസ്തകം, പു. 29).

ദൃഢബലൻ തന്നെ ചരകസംഹിതയിൽ ആ കൃതിയിലെ തന്റെ സംഭാവന വിശദീകരിക്കുന്നുണ്ട്. അതിപ്രകാരമാണ്: അതുല്യമായ വൈജ്ഞാനിക പ്രതിഭയുള്ള ചരകൻ നവീകരിച്ച് 120 അധ്യായങ്ങളുള്ള ഈ കൃതിയിലെ മൂന്നിലൊന്നു ഭാഗം നഷ്ടപ്പെട്ടിരുന്നു. ശങ്കര (ശിവ) പ്രീതിയാൽ 17 അധ്യായങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് പഞ്ചനാദത്തിലെ (പഞ്ചനാദപുരത്തെ) ദൃഢബലന് ഈ കൃതി പൂർത്തീകരിക്കാൻ സാധിച്ചു.

(‘ചരകസംഹിത’ viii.12. 34. 9 – ദേബിപ്രസാദ് ചതോപാധ്യായ, അതേ പുസ്തകം, പുറം. 31). ഈ ദൃഢബലൻ ‘അഷ്ടാംഗ സംഗ്രഹ’ത്തിൽ വാഗ്ഭടൻ പ്രതിപാദിച്ച കപിലബലന്റെ മകനാണ്. വാഗ്ഭടൻ തന്നെ പറയുന്നത്, വ്യതിരിക്തമായ അനേകം വൈദ്യസിദ്ധാന്തങ്ങൾ കൈവശം ഉണ്ടായിരുന്ന വൈദ്യ പണ്ഡിതനായിരുന്നു കപിലബലൻ എന്നാണ്. പഞ്ചനാദ എന്നത് കാശ്മീരിൽ ഝലം നദിക്കും സിന്ധുനദിക്കും ഇടയിലുള്ള ഒരു നഗരമാണെന്ന് വിശ്വസിക്കപ്പെടുന്നു. ‘ചരകസംഹിത’യിൽ കടന്നുകൂടിയ ദ്രാവിഡ വിരോധം (അതായത് നായകളെയും പിശാചുക്കളെയും ദ്രാവിഡരെയും ആന്ധ്രക്കാരെയും സ്വപ്നത്തിൽ കാണുന്നതുപോലും ഒഴിവാക്കേണ്ടതാണ് എന്ന തരത്തിലുള്ള വാദം) അങ്ങനെ വന്നതാകാം എന്നാണ് പണ്ഡിതാഭിപ്രായം. (ദേബിപ്രസാദ് ചതോപാധ്യായ, അതേ പുസ്തകം, പുറം. 31).
ദൃഢബലന്റെ കാലഘട്ടത്തെ സംബന്ധിച്ച് പണ്ഡിതർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. എങ്കിലും അദ്ദേഹം ഗുപ്ത കാലഘട്ടത്തിൽ ജീവിച്ചിരുന്നയാളാണെന്ന് അനുമാനിക്കപ്പെടുന്നു. ഏകദേശം ആറാം നൂറ്റാണ്ടിലാണ് അദ്ദേഹത്തിന്റെ കാലഘട്ടം എന്ന് വിചാരിക്കപ്പെടുന്നു. (ദേബിപ്രസാദ് ചതോപാധ്യായ, അതേ പുസ്തകം, പുറം. 32). ചരകസംഹിതയിൽ കടന്നുകൂടിയ ധാർമികവും മതപരവുമായ ആശയങ്ങൾ മിക്കവാറും ദൃഢബലന്റെ സംഭാവനയാകാം എന്ന് വിശ്വസിക്കപ്പെടുന്നു. ചരകസംഹിതയുടെ നേരത്തെ പറഞ്ഞ ഭൗതിക യുക്തിക്ക് വിപരീതമായി ദൈവികാനുഗ്രഹങ്ങളും ദൈവസൃഷ്ടിയും ഒക്കെ അദ്ദേഹം സൂചിപ്പിക്കുന്നത് കാണാം. അദ്ദേഹത്തിന് പ്രപഞ്ചനാഥൻ ശങ്കരന്റെ (ശിവന്റെ) അനുഗ്രഹം കൊണ്ടാണ് കൃതി പൂർത്തീകരിക്കാൻ സാധിച്ചത് എന്ന പ്രയോഗം ഇതാണ് സൂചിപ്പിക്കുന്നത് – ‘തത് ശങ്കരം ഭൂപതിം സംപ്രസാദ്യ സമാപയത്’ – (ചരകസംഹിത viii. 12. 38. – ദേബിപ്രസാദ് ചതോപാധ്യായ, അതേ പുസ്തകം, പുറം. 33). വൈദ്യസമ്പ്രദായം യുക്തിയിൽ നിന്ന് ഭക്തിയിലേക്ക് ചുവടുമാറുന്നതിന്റെ ഒരു സൂചനയായി ഇതിനെ കണക്കാക്കാം. ഒന്നുകിൽ ദൃഢബലന്റെ ഭക്തിയാകാം ഇതിനു കാരണം അല്ലെങ്കിൽ അക്കാലമാകുമ്പോഴേക്കും ശക്തമായിരുന്ന ഭരണകൂട നിയന്ത്രണത്തിൽ നിന്നും വൈദ്യത്തെ രക്ഷിക്കാൻ വേണ്ടി അദ്ദേഹം ബോധപൂർവ്വം ചേർത്തതുമാകാം. വിശ്വാസങ്ങൾ കടന്നുകൂടിയിട്ടുണ്ടെങ്കിലും വൈദ്യ സിദ്ധാന്തങ്ങളിൽ കാര്യമായ വെള്ളം ചേർക്കലുകൾ ഒന്നും നടത്തിയിട്ടില്ല എന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു. അതേസമയം, കൂട്ടിച്ചേർക്കപ്പെട്ട മതബോധവും ധാർമികതയും വൈദ്യ സിദ്ധാന്തങ്ങൾക്കു മുകളിൽ അധ്യാരോപിതമായി തന്നെ കാണാൻ സാധിക്കും.

ഏറെക്കുറെ സമാനമാണ് മറ്റു വൈദ്യ ഗ്രന്ഥങ്ങളുടെയും കാര്യം. ഇപ്രകാരം പറയുകയും എഴുതുകയും സംസാരിക്കുകയും സംസ്കരിക്കുകയും പുനർസൃഷ്ടിക്കുകയും ചെയ്യുന്നതിനിടയിൽ അതാതു കാലത്തിന്റെ താൽപര്യങ്ങൾ യുക്തിപൂർവ്വവും രീതിശാസ്ത്ര ബദ്ധവുമായി സൃഷ്ടിക്കപ്പെട്ട ഈ കൃതികളിൽ കടന്നുകൂടി. അവ ആദ്യ രൂപങ്ങളോട് പലപ്പോഴും നേർവിപരീതമായിട്ടാണ് നിൽക്കുന്നത് എന്ന് നമുക്ക് കാണാം. ചില ഉദാഹരണങ്ങൾ നോക്കാം: ആധുനിക സർജറിയുടെ ആദ്യപാഠം എന്നു വിവക്ഷിക്കാവുന്ന ശല്യ തന്ത്രം ഉൾപ്പെടെ കൂടുതൽ സങ്കീർണമായ ചികിത്സാരീതികൾ ഉൾക്കൊള്ളുന്ന ‘സുശ്രുതസംഹിത’ പൊതുവെ പൗരോഹിത്യ നിയന്ത്രണങ്ങളിൽ നിന്നും മത ധാർമികതയിൽ നിന്നും മുക്തമാണ് എന്ന് അഭിപ്രായപ്പെടാറുണ്ട്. എന്നാൽ ‘ചരകസംഹിത’യിൽ കടന്നുകൂടിയത് പോലെയുള്ള ധാർമിക – മത ബോധങ്ങളും പൗരോഹിത്യ താൽപര്യവും ‘സുശ്രുതസംഹിത’യിലും യഥേഷ്ടം കാണാം. ഉദാഹരണത്തിന് സുശ്രുതസംഹിതയിൽ പറയുന്നു: ‘ആയുർവേദത്തിന്റെ എട്ട് ഭാഗങ്ങൾ ഉൾപ്പെടെയുള്ളവ ബ്രഹ്മാവ് വേദങ്ങൾക്കുള്ള ഉപവേദമായി വെളിപ്പെടുത്തിയതാകുന്നു.

അതുകൊണ്ട് തന്റെ പങ്ക് മനസ്സിലാക്കി വൈദ്യന്മാർ പുരോഹിതരെ അനുസരിച്ച് ചികിത്സ നടത്തേണ്ടതാണ്. പുരോഹിതന്മാർ വേദങ്ങളുടെ സൂക്ഷിപ്പുകാരാണ്’:

ബ്രഹ്മാ വേദാഗം അഷ്ടാങ്കം ആയുർവേദം അഭാഷത/

പുരോഹിതമതെ തസ്മാത് വരതേത ഭിഷക്

ആത്മവാൻ (‘സുശ്രുതസംഹിത’, i . 34. 8. – – ദേബിപ്രസാദ് ചതോപാധ്യായ, അതേ പുസ്തകം, പു. 36).

മുകളിൽ സൂചിപ്പിച്ച രീതിയിൽ ഭൗതികമായി മനുഷ്യനെയും ജീവനെയും വിലയിരുത്തി വിശദീകരിക്കുന്ന വൈദ്യ ഗ്രന്ഥങ്ങളിൽ തന്നെ നമുക്ക് ലഭ്യമാകുമ്പോഴേക്കും അധ്യാരോപിതമായ രീതിയിൽ ആത്മീയതയും മത-ധാർമികതയും ദൈവവിശ്വാസവും ആരാധനയും എല്ലാം കടന്നുകൂടിയതായി കാണാം. കർമ സിദ്ധാന്തവും മോക്ഷവും ആത്മാവും എല്ലാം ഇത്തരത്തിൽ കടന്നുകൂടിയിരിക്കുന്നു. ഉദാഹരണത്തിന് ചരക സംഹിതയിൽ മരുന്നായും ഭക്ഷണമായും ഗോമാംസം നിർദ്ദേശിക്കുന്നത് പല സ്ഥലങ്ങളിൽ കാണാം. ‘അന്നപാന വിധി’ നിഷ്കർഷിക്കുമ്പോൾ മാംസം തരംതിരിക്കുന്നതും വിവിധ രോഗങ്ങൾക്ക് ഗോമാംസം നിർദ്ദേശിക്കുന്നതും കാണാം (ചരകസംഹിത, i 27 – ദേബിപ്രസാദ് ചതോപാധ്യായ, അതേ പുസ്തകം, പുറം.15).

മറ്റൊരിടത്ത് :

‘ഗവ്യം കേവല വാതേശു പീന വിഷമജ്വരെ/ ശുഷ്കകാസ ശ്രമ അത്യഗ്നി മാംസക്ഷയ ഹിതം ചതത് ( ചരകസംഹിത, i. 27, 79-80. – ദേബിപ്രസാദ് ചതോപാധ്യായ, അതേ പുസ്തകം, പുറം.16). ഇതേ ചരകസംഹിത നമുക്ക് ലഭ്യമാകുമ്പോഴേക്കും പശുവിനെയും ബ്രാഹ്മണനെയും ഗുരുക്കളെയും വൃദ്ധരെയും ആചാര്യനെയും പൂജിക്കണം എന്ന് ഉപദേശിക്കുന്നത് കാണാം:

ദേവ ഗോ ബ്രാഹ്മണ ഗുരു വൃദ്ധ സിദ്ധ ആചാര്യാൻ അർച്ചയേത് (‘ചരകസംഹിത’, i .8.18. – ഒന്ന് ദേബിപ്രസാദ് ചതോപാധ്യായ, അതേ പുസ്തകം, 3.15).

മറ്റൊരു ഉദാഹരണം നോക്കാം. ചരകസംഹിതയിൽ 4 ഉപ അധ്യായങ്ങളോടുകൂടിയ സുദീർഘമായ ഒരു അധ്യായത്തിൽ വാജീകരണവും ലൈംഗികശേഷിയും കരുത്തും വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും വിശദീകരിക്കുന്നു. ആ അധ്യായം തുടങ്ങുന്നതുതന്നെ ഊർജ്ജസ്വലയായ ഒരു സ്ത്രീ എങ്ങനെയൊക്കെ തന്റെ പുരുഷ പങ്കാളിക്ക് ലൈംഗികോത്തേജനം നൽകുന്നു എന്ന് വർണിച്ചുകൊണ്ടാണ്. മാത്രമല്ല ഓരോ കാലത്തിനും അനുയോജ്യമായ ലൈംഗിക രീതികളും ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു.

എന്നാൽ അതേ ഗ്രന്ഥം തന്നെ മോക്ഷത്തിലേക്കുള്ള ഏറ്റവും നല്ല മാർഗമായി ബ്രഹ്മചര്യവും കാമ നിയന്ത്രണവും നിർദ്ദേശിക്കുന്നത് കാണാം. (ചരകസംഹിത i 30.14. – ദേബിപ്രസാദ് ചതോപാധ്യായ, അതേ പുസ്തകം, പുറം.16). സമാന രീതിയിൽ തന്നെയാണ് മദ്യത്തെ സംബന്ധിച്ച വിവരണവും.ചരകസംഹിതയിൽ തന്നെ 84 തരം മദ്യം ഉത്പാദിപ്പിക്കുന്നത് സംബന്ധിച്ച് വിശദീകരിക്കുന്നു. ചരകസംഹിത’ i 29.7). മാത്രമല്ല അവ കഴിച്ചാൽ ഉണ്ടാകുന്ന ഫലങ്ങളും വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ഈ വിവരണങ്ങൾ ഒന്നും തന്നെ മദ്യപാനം പൂർണമായി തള്ളിപ്പറയുന്ന തരത്തിലുള്ളതല്ല. മറിച്ച് യുക്തിപൂർവം കഴിച്ചാൽ മദ്യം അമൃതിന് തുല്യമാണ് എന്ന നിരീക്ഷണമാണ് നടത്തുന്നത്:

‘കിംതു മദ്യം സ്വഭാവേന യഥൈവണ്ണം തഥാ സ്മൃതം/ അയുക്തിയുക്തം രോഗായ യുക്തിയുക്തം യഥാമൃതം’ (ചരകസംഹിത, vi.24.59, ദേബിപ്രസാദ് ചതോപാധ്യായ, അതേ പുസ്തകം, പുറം. 17). അതേസമയം മദ്യവർജനത്തിൽ ഊന്നിയ ബ്രഹ്മചര്യത്തിന്റെ മാഹാത്മ്യം ഈ കൃതിയിൽ യഥേഷ്ടം കാണാം.

ഇത്തരത്തിൽ നമുക്ക് ലഭ്യമായ വിധം സംശോധനം ചെയ്തു ക്രോഡീകരിക്കപ്പെടുന്ന ഘട്ടമാകുമ്പോഴേക്കും ഈ ഗ്രന്ഥങ്ങളിൽ മത ധാർമികതയും ഭക്തിയും കൂട്ടിച്ചേർക്കപ്പെട്ട് അവയുടെ വികസനോൻമുഖത ഇല്ലാതാക്കിയിരുന്നു. തുടർന്ന് പരീക്ഷണ നിരീക്ഷണ വിജ്ഞാനം എന്നതിനെക്കാൾ വൈദ്യം ഗ്രന്ഥാധിഷ്ഠിത ശാസ്ത്രമായി മാറുന്നു. ശാസ്ത്രം എന്നത് സ്വഭാവേന ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ശാസിതമായ അറിവാണല്ലോ. ഇത്തരത്തിൽ ഗ്രന്ഥങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവായി ആയുർവേദവും പരിമിതപ്പെട്ടു. അതോടെ ഇന്ത്യൻ വൈദ്യ വിജ്ഞാനീയം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ, തിരുത്തലുകൾക്ക് വിധേയമായി മുന്നേറുന്ന, രീതിശാസ്ത്രബദ്ധമായ അറിവല്ലാതായി മാറി. മാത്രമല്ല, കൂടുതൽ ശാക്തീകരിക്കപ്പെട്ട ഭരണകൂട പ്രത്യയശാസ്ത്രവും ഉച്ചനീചത്വങ്ങളിൽ അധിഷ്ഠിതമായ ജാതി സമ്പ്രദായവും ഗ്രന്ഥവൽക്കരിക്കപ്പെട്ട മതസമ്പ്രദായവും വൈജ്ഞാനിക ജഡത്വത്തിലേക്ക് നയിച്ചു. രോഗങ്ങൾക്കും രോഗലക്ഷണങ്ങൾക്കും ചികിത്സാരീതി നിർണയിക്കുന്നതിനും പൂർണമായും ഗ്രന്ഥങ്ങളെ മാത്രം ആശ്രയിക്കുന്ന നില വന്നതോടുകൂടി ഇന്ത്യൻ വൈദ്യസമ്പ്രദായം വളർച്ച അറ്റ ഒരു മുരടിച്ച ശാസ്ത്രമായി മാറി. പിന്നീട് വ്യാപകമായി കാണുന്നത് ഗ്രന്ഥങ്ങളുടെ പകർപ്പും മൊഴി മാറ്റവും തിരുത്തലും ഒക്കെയാണ്. അടിസ്ഥാന ഗവേഷണം നിലച്ചതോടെ വൈദ്യ വിജ്ഞാനവും പൂർണമായി വളർച്ചയറ്റു.

അനന്യമായ ചികിത്സാസമ്പ്രദായം കൂടുതൽ പുരോഗമിച്ച് രീതിശാസ്ത്രബദ്ധമായ സയൻസ് ആയി വളരുന്നതിനും വികാസം പ്രാപിക്കുന്നതിനും ഉള്ള സാധ്യത രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ കാരണങ്ങളാൽ ഇല്ലാതായി. ഈ വൈജ്ഞാനിക മുരടിപ്പ് ഏതാണ്ട് ഗുപ്ത കാലഘട്ടം മുതൽക്കുതന്നെ കാണാൻ സാധിക്കും. ഇതു കൂടാതെ ഈ ഘട്ടമാകുമ്പോഴേക്കും ഇന്ത്യൻ പൗരോഹിത്യ വർഗ്ഗം കൂടുതൽ ശക്തമായി വന്നതും വൈദിക മത പുനരുത്ഥാനവും വൈജ്ഞാനിക മേഖലയ്ക്ക് തിരിച്ചടിയായി. രീതിശാസ്ത്രപരമായി ഇന്ത്യൻ വൈദ്യരംഗം ആർജിച്ചിരുന്ന ഉന്നതി ആധുനിക സയൻസിനോട് ഏറെക്കുറെ അടുത്തു നിൽക്കുന്നതായിരുന്നു. ഇന്ത്യയിൽ മെഡിക്കൽ സയൻസ് വളർന്നുവരാനുണ്ടായിരുന്ന സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

തീർച്ചയായും മുതലാളിത്തത്തിന്റെ വളർച്ചയോടെ പടിഞ്ഞാറൻ യൂറോപ്പിലുണ്ടായ സവിശേഷ സാഹചര്യമാണ് സയൻസിന്റെ വിപ്ലവകരമായ മുന്നേറ്റം (Scientific revolution) അവിടെ സാധ്യമാക്കിയത്. അക്കാര്യം മറന്നു കൊണ്ടല്ല ഇത്തരം ഒരു നിരീക്ഷണം നടത്തുന്നത്. മറിച്ച് ഇന്ത്യൻ വൈദ്യരംഗം എത്തിച്ചേർന്നിരുന്ന വൈജ്ഞാനിക രീതിശാസ്ത്രത്തിന്റെ മേന്മയും അതിന് സംഭവിച്ച ജഡത്വത്തിന്റെ ആഴം സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇന്ത്യൻ മുതലാളിത്തം വികാസം പ്രാപിക്കുന്ന മുഗൾ കാലഘട്ടത്തിലും യൂറോപ്യൻ കൊളോണിയലിസത്തിന്റെ ഘട്ടത്തിൽ പോലും വൈദ്യശാസ്ത്രം അതിന്റെ രീതിശാസ്ത്ര ഔന്നത്യം തിരിച്ചുപിടിക്കുന്നില്ല. അതിന് കാരണം ജാതി വ്യവസ്ഥയോടൊപ്പം തന്നെ പൗരോഹിത്യ നിയന്ത്രണവും സൈദ്ധാന്തിക കടുംപിടുത്തവുമായിരുന്നു. ഇപ്പോൾ നമ്മുടെ മുമ്പിലുള്ള ഒരു മാർഗം സയൻസിന്റെ മുന്നേറ്റവും പുരോഗതിയും ഉപയോഗപ്പെടുത്തി വിവിധ സയൻസ് വിഷയങ്ങളെ (disciplines) സമന്വയിപ്പിച്ചു കൊണ്ട് ആയുർവേദ രംഗത്ത് പുതിയ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഗണപതി എന്ന സങ്കല്പം പ്ലാസ്റ്റിക് സർജറിയുടെ തെളിവാണെന്ന് പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ കീഴിൽ അത് അത്യാഗ്രഹമാണെന്നറിയാം. പക്ഷേ, സയൻസിനും വൈജ്ഞാനിക പുരോഗതിക്കും പ്രാധാന്യം കൊടുക്കുന്ന കേരളത്തിന് ഇക്കാര്യത്തിലും രാജ്യത്തിന് വഴികാട്ടാൻ സാധിക്കും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × two =

Most Popular