Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിശാസ്ത്രം, ചരിത്രം, സമൂഹം

ശാസ്ത്രം, ചരിത്രം, സമൂഹം

പ്രബീർ പുർകായസ്ത

ചുവടെ ചേർക്കുന്ന കാര്യങ്ങളെ വെെരുദ്ധ്യാത്മക ഭൗതികവാദം എങ്ങനെയാണ് നിരീക്ഷിച്ചത് എന്നു നോക്കാം:

(a) ഒരു ലോക വീക്ഷണം
(b) പ്രകൃതിയെയും സമൂഹത്തെയും വിശകലനം ചെയ്യുന്ന രീതി
(c) ശാസ്ത്രത്തിന്റെ ദർശനം

ശാസ്ത്രത്തിന്റെ ദർശനം എന്ന നിലയിൽ, വെെരുദ്ധ്യവാദത്തിന്റെ നിയമങ്ങളിലൂടെ ശാസ്ത്രത്തിനു പുറത്തുനിന്ന് നിർദേശങ്ങൾ നൽകുന്നതല്ല, വെെരുദ്ധ്യാത്മക ഭൗതികവാദം മറിച്ച് കണ്ടുപിടിത്തങ്ങളുടെ പ്രക്രിയയ്ക്ക് വെെരുദ്ധ്യവാദ സമ്പ്രദായം എങ്ങനെയാണ് സഹായകമാകുന്നതെന്നും പ്രകൃതിയിൽ വെെരുദ്ധ്യാത്മക നിയമങ്ങൾ എങ്ങനെയാണ് പ്രകടമാകുന്നതെന്നും വ്യക്തമാക്കുകയാണ് ചെയ്യുന്നത്. എംഗത്സ് വ്യക്തമാക്കിയതുപോലെ, മാർക്സ് മൂലധനത്തിന്റെ നിയമങ്ങൾ വെെരുധ്യവാദത്തിൽ നിന്നും അനുമാനിച്ചതല്ല മറിച്ച് വെെരുദ്ധ്യവാദത്തിന്റെ നിയമങ്ങൾ മൂലധനത്തിന്റെയും അതിന്റെ വികാസത്തിന്റെയും മണ്ഡലങ്ങൾക്കുള്ളിലാണെന്ന് മാർക്സ് വ്യക്തമാക്കുകയായിരുന്നു. ഇതേ രീതിയിൽ തന്നെയാണ് എംഗത്സ് ‘‘Dialectics of Nature” (പ്രകൃതിയുടെ വെെരുദ്ധ്യാത്മകത) എന്ന കൃതിയിൽ പ്രകൃതിയെക്കുറിച്ച് അനേ-്വഷിച്ചത്.

നിശ്ചയമായും, വെെരുദ്ധ്യാത്മകതയും പ്രകൃതിയും തമ്മിലുള്ള ബന്ധം നിശ്ചലമായി നിൽക്കുന്ന ഒന്നല്ല; പ്രകൃതിയെക്കുറിച്ച് നാം കൂടുതൽ അറിയുന്തോറും തത്വശാസ്ത്രപരമായ ഉപകരണവും നാം കാണുന്ന മാറ്റങ്ങളെയും കൂടി ഉൾക്കൊള്ളിക്കത്തക്കവിധം മാറുന്നു– അതായത്, നമ്മുടെ ചിന്തയുടെ ഘടനയെയും അതിന്റെ നിബന്ധനകളെയും കൂടി ഉൾക്കൊള്ളുന്നതായിരിക്കണം തത്വശാസ്ത്രപരമായ ആ ഉപകരണം എന്നർഥം. ഈ ഓരോ വിജ്ഞാനശാഖയും–ആപേക്ഷികതാ സിദ്ധാന്തം, ക്വാണ്ടം മെക്കാനിക്-സ്, ജനിതക വിജ്ഞാനീയം– തത്വശാസ്ത്രത്തിനുനേരെ വെല്ലുവിളി ഉയർത്തുന്നവയാണ്. ഓരോ കേസിലും ദാർശനികമായ ചട്ടക്കൂടും മാറ്റത്തിനു വിധേയമാകേണ്ടതുണ്ട്; ഈ പുതിയ അറിവുമായി ബന്ധപ്പെട്ട് തത്വശാസ്ത്രത്തെ തന്നെ പുനർനിർമിക്കേണ്ടതാണ്. ആയതിനാൽ, വെെരുദ്ധ്യവാദവും സമാനമായ മാറ്റങ്ങൾക്ക് വിധേയമാകണം; നാം നടത്തുന്ന പുനർനിർമാണവും പ്രകൃതിയിലേക്ക് അധികമധികം ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നതാവണം.

മാർക്-സിസ്റ്റ് ചട്ടക്കൂടിൽ, ശാസ്ത്രീയ നിയമങ്ങൾ നമുക്ക് ബാഹ്യമായുള്ള വസ്തുനിഷ്ഠമായ ഭൗതിക യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്നു; മാത്രമല്ല, അതിന്റെ തന്നെ വിവിധ ഭാഗങ്ങളുമായി ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു. സൗരയൂഥവും ഗ്രഹങ്ങളും ഗുരുത്വാകർഷണശക്തിയിലൂടെയും അവയുടേതായ ചലന ശക്തിയിലൂടെയും (Momentum) പരസ്പരം ബന്ധിതമായിരിക്കുന്നതെങ്ങനെയെന്ന് ന്യൂട്ടോണിയൻ മെക്കാനിക്സ് നമ്മെ പഠിപ്പിക്കുന്നു. ഈ ബന്ധം കേവലം നാം സൃ‍ഷ്ടിച്ച ആത്മനിഷ്ഠമായ ഒരു ചിത്രമല്ല; മറിച്ച് നമ്മളിൽ നിന്ന് ബാഹ്യമായി തനതായി നിലനിൽക്കുന്ന ഒന്നാണത്; നമുക്ക് ബാഹ്യമായി തിരിച്ചറിയത്തക്കവിധം നിലനിൽക്കുന്ന ഒന്നാണത്.

ശാസ്ത്രം ചരിത്രത്തിന്റെ 
ഉൽപ്പന്നമെന്ന നിലയിൽ

കാറൽ മാർക്സ്
ഫ്രെഡറിക് എംഗത്സ്
ജെ ഡി ബർണാൾ
ആൽബ്രട്ട് ഐൻസ്റ്റീൻ

പ്രകൃതിയിലെ ശരിക്കുമുള്ള സംസർഗങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒന്നെന്ന നിലയിൽ ശാസ്ത്രത്തെ അംഗീകരിക്കുമ്പോൾ തന്നെ മാർക്സും മിക്കവാറുമെല്ലാ മാർക്സിസ്റ്റുകളും ശാസ്ത്രവും ശാസ്ത്രീയവിജ്ഞാനവും ചരിത്രപരമായി ഉൽപ്പാദിപ്പിക്കപ്പെട്ടതാണെന്നു കരുതുന്നു. തങ്ങളുടെ ബുദ്ധിശക്തികൊണ്ട്, ധെെഷണികമായ ശേഷികൊണ്ട് പ്രകൃതിയുടെ രഹസ്യങ്ങൾ തുറന്നു കാണിച്ച മഹാന്മാരായ ചില ആളുകളുടെ പ്രവർത്തനമായി മാത്രം ശാസ്ത്രത്തിലെ സംഭവവികാസങ്ങളെ കാണാനാവില്ല. ചരിത്രപരമായാണ് ശാസ്ത്രം സൃഷ്ടിക്കപ്പെട്ടതെന്നും സമൂഹത്തിന്റെ ആവശ്യങ്ങളാണ് ശാസ്ത്രത്തെ വളർത്തിയതെന്നുമാണ് മാർക്-സും അദ്ദേഹത്തെ പിൻപറ്റി മാർക്-സിസ്റ്റുകളും ഉറച്ചു വിശ്വസിക്കുന്നത്.

മാർക്-സ് പറയുന്നു, ‘‘പ്രത്യേകിച്ചും ഫൊയർ ബാഹ് പറയുന്നത് പ്രകൃതി ശാസ്ത്രത്തിന്റെ പരിപ്രേക്ഷ്യത്തെ സംബന്ധിച്ചാണ്; ഭൗതികശാസ്ത്രജ്ഞന്റെയും രസതന്ത്രജ്ഞന്റെയും കണ്ണിൽ മാത്രം വെളിപ്പെടുന്ന രഹസ്യങ്ങളെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നു. എന്നാൽ, വ്യവസായവും വാണിജ്യവുമില്ലാതെ പ്രകൃതി ശാസ്ത്രത്തിന് എവിടെയാണ് സ്ഥാനം? ഈ ‘ശുദ്ധ’ പ്രകൃതിശാസ്ത്രം പോലും കൃത്യമായ ഒരു ലക്ഷ്യത്തോടെയുള്ളതണ്; മനുഷ്യരുടെ ഐഹികമായ പ്രവർത്തനത്തിലൂടെയാണ്, തൊഴിലിലൂടെയും വ്യവസായത്തിലൂടെയും മാത്രമാണ് പ്രകൃതിശാസ്ത്ര സാമഗ്രികൾക്ക് നിലനൽക്കാനാകുന്നത്.’’

എംഗത്സ് പ്രസ്താവിച്ചു, ‘‘നിങ്ങൾ പറയുന്നതുപോലെ, ശാസ്ത്രത്തിന്റെ അവസ്ഥയെയാണ് സാങ്കേതികവിദ്യ ആശ്രയിക്കുന്നതെങ്കിൽ, സാങ്കേതികവിദ്യയുടെ അവസ്ഥയെയും ആവശ്യങ്ങളെയുമാണ് പ്രകൃതിശാസ്ത്രം ഇപ്പോഴും ഏറെയും ആശ്രയിച്ചിരിക്കുന്നത്. സമൂഹത്തിന് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഒരാവശ്യമുണ്ടെങ്കിൽ അത് പത്ത് സർവകലാശാലകളെക്കാളധികം ശാസ്ത്രത്തെ മുന്നോട്ടുപോകാൻ സഹായിക്കുന്നു.’’

ജെ ബി എസ് ഹാൾഡേൻ
ഐസക് ന്യൂട്ടൻ
ജോസഫ് നിഥാം
ലാൻസ്‌ലോട്ട് ഫോഗ്ബെൻ

സമൂഹത്തിന്റെ ആവശ്യങ്ങൾ ശാസ്ത്രത്തെ മുന്നോട്ടു ചലിപ്പിക്കുന്നതെങ്ങനെയെന്ന് ചൂണ്ടിക്കാണിക്കുമ്പോൾ ശാസ്ത്രത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചും എംഗത്സ് ശ്രദ്ധാപൂർവം പറയുന്നുണ്ട്; ജേ-്യാതിശാസ്ത്രത്തിൽനിന്നും മെക്കാനിക്-സിലേക്കും അവിടെ നിന്ന് രസതന്ത്രത്തിലേക്കും ഒടുവിൽ ജീവശാസ്ത്രത്തിലേക്കും ശാസ്ത്രം നീങ്ങിയത് എങ്ങനെയാണെന്ന് അദ്ദേഹം ചർച്ച ചെയ്യുന്നുണ്ട്. ജെ ഡി ബെർണാൾ തന്റെ Science in History (ശാസ്ത്രം ചരിത്രത്തിൽ) എന്ന കൃതിയിൽ, പറയുന്നതു പ്രകാരം ശാസ്ത്രത്തിന്റെ ആന്തരിക സങ്കീർണതയിലാണ് രസതന്ത്രവും (Chemistry) ജീവശാസ്ത്രവും സങ്കീർണതയുടേതായ അധികമാനങ്ങൾ കൂട്ടിച്ചേർക്കുന്നത്. ഉദാഹരണത്തിന്, ജനിതകശാസ്ത്രത്തിലെ (Geneties) കണ്ടുപിടിത്തങ്ങൾ ആദ്യം ഭൗതികശാസ്ത്രവും പിന്നീട് രസതന്ത്രവും വികസിപ്പിക്കാതെ യാഥാർത്ഥ്യമാകില്ലയെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. ആയതിനാൽ, മാർക്സിസ്റ്റ് സമ്പ്രദായ പ്രകാരം, സമൂഹവും അതിന്റെ ആവശ്യങ്ങളുമാണ് ശാസ്ത്രത്തെ മുന്നോട്ട് ചലിപ്പിക്കുന്നത്; എന്നാൽ അത് കണ്ടുപിടുത്തങ്ങളെ തൽസ്ഥാനത്തേക്ക് എത്തിക്കില്ല. കണ്ടുപിടുത്തങ്ങൾക്കുതന്നെ അതിന്റേതായ ഒരു ആന്തരിക യുക്തിയുണ്ട്; ഓരോ കാലഘട്ടത്തിലെയും ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും ഉള്ളിൽ നിന്ന് ഉത്തരം കിട്ടാവുന്ന പ്രശ്നങ്ങളെന്തെന്ന് നിർണയിക്കുന്നത് അതാണ്.

ലണ്ടനിൽ ചേർന്ന ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ചരിത്രം സംബന്ധിച്ച രണ്ടാം അന്താരാഷ്ട്ര കോൺഗ്രസിൽ ബുഖാറിന്റെ നേതൃത്വത്തിലുള്ള സമർഥരായ ഒരുകൂട്ടം സോവിയറ്റ് പണ്ഡിതർ ഈ കാഴ്ചപ്പാട് അവതരിപ്പിച്ച 1931ലേക്ക് പിന്തിരിഞ്ഞു നോക്കാതെ ശാസ്ത്രത്തിന്റെ ചരിത്രം സംബന്ധിച്ച മാർക്സിസ്റ്റ് സിദ്ധാന്തത്തിന്റെ സ്വാധീനത്തെക്കുറിച്ച് ഇന്ന് നമുക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ന്യൂട്ടനെ സംബന്ധിച്ച The Social and Economic Roots of Newton’s Pricipia (ന്യൂട്ടന്റെ പ്രിൻസിപ്പിയയുടെ സാമൂഹികവും സാമ്പത്തികവുമായ അടിവേരുകൾ) എന്ന അടിസ്ഥാനപരമായ കൃതിയിൽ, മാർക്സ് രൂപം നൽകിയ വൈരുദ്ധ്യാത്മക ഭൗതികവാദത്തെയും ചരിത്രപരമായ പ്രക്രിയ എന്ന സങ്കൽപ്പനത്തെയും സംബന്ധിച്ചും ബോറിസ് ഹെസ്സെൻ വിവരിക്കുന്നുണ്ട്; താൻ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്ന കാലഘട്ടവുമായി ബന്ധപ്പെട്ട് ന്യൂട്ടൺ നടത്തിയ പ്രവർത്തനത്തിന്റെ ഉല്പത്തിയേയും വികാസത്തെയും വിശകലനം ചെയ്യുന്നതിൽ വലിയ തോതിൽ അത് സ്വാധീനം ചെലുത്തിയിട്ടുണ്ട്; ആദ്യമായിട്ടാണ് ശാസ്ത്രത്തിന്റെ ചരിത്രത്തെ വ്യക്തിഗതമായ ഒരു പ്രക്രിയയായിട്ടല്ലാതെ സാമൂഹിക പ്രക്രിയയായിട്ട് ഇത് അവതരിപ്പിക്കപ്പെടുന്നത്. ബർണാൾ, നിഥാം, ജെബിഎസ് ഹാൾഡേൻ, ലാൻസ്‌ലോട്ട് ഫോഗ്ബെൻ തുടങ്ങിയ ഒരു കൂട്ടം യുവ ശാസ്ത്രജ്ഞർക്ക് ഇത് ശാസ്ത്രത്തെക്കുറിച്ചറിയാനുള്ള സമ്പൂർണമായും പുതിയൊരു വഴിതെളിക്കുന്നതായി.

ശാസ്ത്രത്തെ ചരിത്രപരമായ ഒരു പ്രക്രിയയാക്കി മാറ്റുന്നത്, ശാസ്ത്രത്തെ ബൂർഷ്വാ ശാസ്ത്രവും തൊഴിലാളി വർഗ ശാസ്ത്രവും ആക്കാൻ കഴിയുമോ എന്ന ചോദ്യം ഉയർത്തുന്നു. ഈ ചോദ്യത്തിന് ഇന്ന് നമുക്ക് ലഭിക്കുന്ന വ്യക്തത അക്കാലത്ത് നിലവിലുണ്ടായിരുന്നില്ല. ശാസ്ത്രീയ കണ്ടുപിടിത്തത്തിന്റെ സാമൂഹിക പ്രക്രിയ, ശാസ്ത്രീയ നിയമങ്ങൾക്ക് രൂപം നൽകുന്ന സൈദ്ധാന്തിക സംവർഗങ്ങളെ നിയന്ത്രിക്കുന്നതെങ്ങനെ എന്നതാണ് ചോദ്യം. മറ്റു വാക്കുകളിൽ പറഞ്ഞാൽ, പ്രത്യയശാസ്ത്രം അനിവാര്യമായും ശാസ്ത്രത്തിന്റെ ഭാഗവും അതുകൊണ്ടുതന്നെ ശാസ്ത്രം വർഗപരവും അല്ലാതാകുമോ?

ആപേക്ഷികതാ സിദ്ധാന്തവുമായും ക്വാണ്ടം ബല തന്ത്രവുമായും പിന്നീട് ലൈസെങ്കോയും ജനിതകശാസ്ത്രവുമായും ബന്ധപ്പെട്ടാണ് ഈ സംവാദങ്ങളിൽ ഏറെയും ഉയർന്നുവന്നത്. ശാസ്ത്രജ്ഞരിലെ വളരെ പ്രധാനപ്പെട്ട ഒരു വിഭാഗം, പ്രത്യേകിച്ചും കോപ്പൻ ഹേഗൻ സ്കൂളിൽ പെട്ടവർ, ബാഹ്യലോകവുമായുള്ള വസ്തുനിഷ്ഠ ബന്ധത്തെ നിഷേധിക്കുന്നതിന് ആപേക്ഷികതാ സിദ്ധാന്തത്തിന്റെയും ക്വാണ്ടം ബലതന്ത്രത്തിന്റെയും അന്വേഷണഫലങ്ങളെയാണ് ഉപയോഗിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ശാസ്ത്രത്തിന്റെ നിയമങ്ങൾ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടുവരുന്ന നിയമങ്ങൾ മാത്രമാണ്. ശാസ്ത്രജ്ഞർ സൃഷ്ടിക്കുന്നവയുമാണ്. അവരെ സംബന്ധിച്ചിടത്തോളം ഈ നിയമങ്ങൾക്ക് വസ്തുനിഷ്ഠമായ അടിത്തറ ഉണ്ടോ ഇല്ലയോ എന്ന ചോദ്യം തന്നെ തെറ്റാണ്. ആയതിനാൽ ശാസ്ത്രത്തിലെ ഭൗതികവാദത്തിന്റെയും ആശയവാദത്തിനെതിരായ പോരാട്ടത്തിന്റെയും പ്രശ്നം ശാസ്ത്രജ്ഞർക്കിടയിൽ അഴിച്ചുവിടപ്പെടേണ്ട പ്രത്യയശാസ്ത്ര സമരത്തിന്റെ ഭാഗം തന്നെയാണ്. ഇതിൽനിന്ന് ഉയർന്നുവരുന്ന കാര്യം ശാസ്ത്രത്തെ നിരീക്ഷിക്കുന്നതിന് രണ്ടു വഴികൾ ഉണ്ട് എന്നതാണ് – ബൂർഷ്വാ വഴിയും തൊഴിലാളി വർഗ വഴിയും.

ഇവിടെ നാം വിട്ടുപോകാറുള്ള ഒരു കാര്യം ശാസ്ത്രജ്ഞരുടെ പ്രത്യയശാസ്ത്രപരമായ ഇഷ്ടാനിഷ്ടങ്ങൾ പ്രകാരമുള്ള ശാസ്ത്രീയ നിയമങ്ങളുടെ വ്യാഖ്യാനം തന്നെ ശാസ്ത്രജ്ഞരുടെ പ്രത്യയശാസ്ത്രപരമായ വിശ്വാസങ്ങൾക്കനുസരിച്ച് മാറേണ്ടതുണ്ടെന്ന് വാദിക്കുന്നതിൽ നിന്നും വ്യത്യസ്തമാണ്.

ലൈസെങ്കോ പ്രശ്നത്തോടുകൂടിയാണ് ഈ സംവാദത്തിൽ ഏറെയും നടന്നത്. വ്യക്തിയിൽ പാരമ്പര്യവും പരിസ്ഥിതിയും വഹിക്കുന്ന പങ്കുമായി ബന്ധപ്പെട്ട ശാസ്ത്രരംഗത്ത് ശരിക്കും ഒരു സംവാദം നടന്നിട്ടുണ്ട് (അത് ഇന്നു പോലും നടക്കുന്നുമുണ്ട്). ശെെശവാവസ്ഥയിലായിരുന്ന ജനിതകശാസ്ത്രം പരിസ്ഥിതിയെക്കാൾ അധികം പ്രാധാന്യം പാരമ്പര്യത്തിനാണെന്ന പക്ഷത്തേക്ക് ചാഞ്ഞിരിക്കാം; സാമൂഹികമായ പാരമ്പര്യം ആർജിതമായ മേധാവിത്വം മൂലമാണെന്ന് വാദിക്കുന്ന പ്രത്യയശാസ്ത്ര പോരാട്ടത്തിലെ കൂട്ടുകക്ഷിയുമാണെന്നും കരുതാവുന്നതാണ്. സർവോപരി, ആ കാലത്തെ ജനിതക വിജ്ഞാനത്തിലെ പഠനങ്ങൾ ഒതുങ്ങി നിൽക്കുന്നത്, ഏറെക്കുറെ പഴ ഈച്ചയിൽ മാത്രമായാണ്. അടിയന്തരമായും എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് കരുതിയതുമില്ല. ഈ സന്ദർഭത്തിലാണ് സസ്യപ്രജനനം നടത്തുന്ന പ്രഗൽഭ ശാസ്ത്രജ്ഞൻ, കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടുകൂടി ജനിതകശാസ്ത്രത്തെ ആക്രമിച്ചത്; ഇത് ഈ രംഗത്തെ സോവിയറ്റ് ശാസ്ത്രത്തെ ദശകങ്ങൾ തന്നെ പിന്നോട്ടടിപ്പിച്ചു. 1960കളിലെ ഹരിതവിപ്ലവത്തിൽ കാർഷിക രംഗത്തുണ്ടായ വമ്പൻ മുന്നേറ്റങ്ങൾ ജനിതകശാസ്ത്രത്തെ മനസ്സിലാക്കാതിരുന്നെങ്കിൽ സംഭവിക്കുമായിരുന്നില്ല. ബൂർഷ്വാ ശാസ്ത്രത്തിന്റെയും തൊഴിലാളി വർഗ ശാസ്ത്രത്തിന്റെയും പേരിൽ ശാസ്ത്രത്തോട് തീട്ടൂരങ്ങൾ പുറപ്പെടുവിക്കുന്നതിന്റെ അപകടങ്ങൾ വെളിപ്പെടുത്തുന്നതാണിത്. ഇതായിരുന്നു സോവിയറ്റ് കാർഷിക മേഖല മികച്ച ശാസ്ത്രത്തെ പിന്തള്ളാനിടയാക്കിയത്; ഇത് സോവിയറ്റ് കാർഷിക രംഗത്തിനെന്നപോലെ ശാസ്ത്രത്തിനും ഹാനികരമായി തീർന്നു.

സാമൂഹികമായ ആവശ്യങ്ങളാണ് ശാസ്ത്രത്തെ മുന്നോട്ടു ചലിപ്പിക്കുന്നത് എന്ന് നാം പറയുമ്പോൾ അത് കൃത്യമായും ഭരണവർഗങ്ങളുടെ ആവശ്യങ്ങൾ തന്നെയായിരിക്കും. ആയതിനാൽ ‘സാമൂഹികം’ എന്നാൽ ഒരർഥത്തിലും സമൂഹം ആകെ എന്ന് കരുതാനാവില്ല. അതിന്റെ ലളിതമായ അർഥം ശാസ്ത്രത്തെ മുന്നോട്ടു ചലിപ്പിക്കുന്ന പ്രചോദനം ശാസ്ത്രത്തിനു പുറത്തുനിന്നുള്ളതും സമൂഹത്തിനുള്ളിൽനിന്നുള്ളതുമാണ്; അത് ഭരണവർഗ താൽപര്യമാകാം അല്ലെങ്കിൽ സമൂഹത്തിന്റെയാകെ ഉൽക്കണ്ഠയുമാകാം.

സാമൂഹികമായ ആവശ്യങ്ങളാണ് സമൂഹത്തെ മുന്നോട്ട് ചലിപ്പിക്കുന്നതെങ്കിൽ, ഉൽപാദന ശക്തികളുടെ ഭാഗമെന്ന നിലയിൽ അത് നിശ്ചയമായും വർഗപരമായ ആവശ്യങ്ങൾ പൂർത്തീകരിക്കുകയും ചെയ്യുന്നുവെങ്കിൽ എന്തുകൊണ്ടാണ് വർഗപരമായ ശാസ്ത്രം എന്ന് നാം അതിനെ വിളിക്കാത്തത്? അപ്പോൾ ഈ രണ്ടു വീക്ഷണങ്ങളെയും തമ്മിൽ നാം എങ്ങനെയാണ് പൊരുത്തപ്പെടുത്തുന്നത്? – അതായത് ശാസ്ത്രം ചരിത്രത്തിന്റെ ഉൽപ്പന്നമാണെന്നു പറയുന്നതിനൊപ്പംതന്നെ വസ്തുനിഷ്ഠമായ അറിവ് സൃഷ്ടിക്കുന്നുവെന്ന് പറയുന്നതെങ്ങനെയാണ്? ആത്യന്തികമായി ശാസ്ത്രവും ഭരണവർഗങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ ഭാഗം തന്നെയാണോ?

നാം മറുപടി കണ്ടെത്തേണ്ട ചില ചോദ്യങ്ങളുണ്ട്. ഭൗതികത്തിന്റെയും (Physics) രസതന്ത്രത്തിന്റെയും (Chemistry) മണ്ഡലത്തിൽ ശാസ്ത്രവും പ്രത്യയശാസ്ത്രവും തമ്മിലുള്ള ബന്ധം ഉത്തരം കണ്ടെത്താൻ എളുപ്പമുള്ളതാണെങ്കിൽതന്നെ സമൂഹവും ജീവിതശാസ്ത്രപരവുമായ കാര്യങ്ങൾ ഇടകലർന്നു വരുന്ന മനഃശാസ്ത്രം പോലെയുള്ള മേഖലകളിൽ അത് കൂടുതൽ സങ്കീർണ്ണമായി മാറുന്നു; അത് പ്രത്യയശാസ്ത്രത്തിന് കൂടുതൽ ഇടംനൽകുകയും ചെയ്യുന്നു.

അപ്പോൾ ആദ്യത്തെ ചോദ്യം ഇതാണ്: ശാസ്ത്രം ചരിത്രപരമായി ഉൽപ്പാദിപ്പിക്കപ്പെട്ടതാണെങ്കിൽ, എങ്ങനെയാണ് ചരിത്രപരമായ ഈ പ്രക്രിയ വസ്തുനിഷ്ഠമായ ശാസ്ത്രത്തെ സൃഷ്ടിക്കുന്നത്? നാം അംഗീകരിക്കേണ്ടതായ കാര്യം നാം പരിഹാരം കാണേണ്ടതായുള്ള പ്രശ്നങ്ങൾ സാമൂഹികമായ ആവശ്യങ്ങൾ മൂലം ഉയർന്നുവരുന്നതായിരിക്കെത്തന്നെ സൃഷ്ടിക്കപ്പെടുന്ന അറിവ് തിരിച്ചറിയാനാകാത്ത വിധം നമ്മളിൽനിന്ന് സ്വതന്ത്രമായതായിരിക്കും. അങ്ങനെ നോക്കുമ്പോൾ പൗരാണിക കാലത്തെ – ഈജിപ്ത്, ഇന്ത്യ, ബാബിലോണിയ എന്നിവിടങ്ങളിലെ – കാർഷിക മേഖലയുടെ ആവശ്യം എപ്പോഴാണ് വിതയ്ക്കേണ്ടതെന്നതിലും എപ്പോഴാണ് കൊയ്യേണ്ടതെന്നതിലും ഒതുങ്ങി നിന്നു. ഇതാണ് ഒരു കലണ്ടർ വേണമെന്ന ആവശ്യം സൃഷ്ടിച്ചത്. ഒരു കലണ്ടർ വേണമെന്ന ആവശ്യം ആകാശത്തെക്കുറിച്ചുള്ള പഠനം ആവശ്യമാക്കി മാറ്റി. അതാണ് ജ്യോതിശാസ്ത്രത്തിന് (astronomy) ജന്മം നൽകിയത്. എന്നിരുന്നാലും, ഇങ്ങനെ സൃഷ്ടിക്കപ്പെട്ട ജ്യോതിശാസ്ത്രപരമായ വിജ്ഞാനം ആകാശത്തുള്ള വസ്തുക്കളുടെ ചലനം എന്ന വസ്തുനിഷ്ഠ യാഥാർത്ഥ്യത്തെ ആധാരമാക്കിയുള്ളതായിരുന്നു; അതാകട്ടെ അത് ഉയർന്നുവരാനിടയാക്കിയ സാമൂഹിക ആവശ്യത്തിൽനിന്നു സ്വതന്ത്രവുമായിരുന്നു.

പ്രകൃതിശാസ്ത്രങ്ങളിൽ പ്രചോദനമാകുന്ന ശാസ്ത്രത്തിന് സാമൂഹികമായ ആവശ്യങ്ങളാണെങ്കിലും കണ്ടെത്തപ്പെടുന്ന ശാസ്ത്രം പ്രകൃതിയുടെ നാനാഭാഗങ്ങൾ തമ്മിലുള്ള ബന്ധംകൂടിയാണ്. ഈ ബന്ധമാണ് – അതായത് ശാസ്ത്രത്തിന്റെ നിയമങ്ങളാണ് – നാം കണ്ടെത്തേണ്ടത്. നമ്മുടെ ചിന്താ പദ്ധതികളുടെ അടിസ്ഥാനത്തിലാണ് നാം അവയെക്കുറിച്ച് പ്രസ്താവിക്കുന്നതെങ്കിൽപോലും അവ നമ്മുടെ ചിന്താപ്രക്രിയയിൽ(thought process) നാം ഉൾക്കൊള്ളുന്ന പ്രകൃതിക്കുള്ളിലെ നിയമവും മാറ്റമില്ലാത്തതുമായ ബന്ധങ്ങളാണവ. ഇവയാണ് ശാസ്ത്രത്തിന്റെ നിയമങ്ങൾ.

അപ്പോൾ ശാസ്ത്രത്തിന്റെ നിയമങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്ന് – ന്യൂട്ടോണിയൻ ശാസ്ത്രത്തിന്റെ സ്ഥാനത്ത് ഐൻസ്റ്റീനിയൻ സംവിധാനം വളരുന്നതുപോലെ – വാദിക്കപ്പെടാമെന്നിരിക്കെ എങ്ങനെയാണ് ഈ നിയമങ്ങൾ നിയതവും മാറ്റമില്ലാത്തതുമാണെന്ന് നാം കാണുന്നത്? അതിനുള്ള ഉത്തരം ചില വ്യവസ്ഥകൾ ഉൾപ്പെടുത്തി ഐൻസ്റ്റീനിയൻ ശാസ്ത്രത്തിൽനിന്നും ന്യൂട്ടോണിയൻ ശാസ്ത്രത്തെ വേർതിരിച്ചെടുക്കാൻ സാധ്യമാണെന്നതാണ്. ആയതിനാൽ ഐൻസ്റ്റീന്റെ ശാസ്ത്രീയ കണ്ടെത്തലുകൾ മൂലം ന്യൂട്ടോണിയൻ ശാസ്ത്രം അസാധ്യമാവുന്നില്ല. വാസ്തവത്തിൽ, നാം ഇപ്പോഴും ന്യൂട്ടോണിയൻ രൂപവൽക്കരണങ്ങളെ (formulations) തന്നെയാണ് നമ്മുടെ നിത്യേനയുള്ള പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നത്; നമുക്ക് ആവശ്യമായതരം കണക്കുകൂട്ടലുകൾക്ക് ന്യൂട്ടോണിയൻ ശാസ്ത്രം മതിയാകുമെന്നതാണ് അതിനു കാരണം. ഈ അർത്ഥത്തിൽ, ന്യൂട്ടോണിയൻ ശാസ്ത്രം വ്യാജശാസ്ത്രമല്ല, മറിച്ച് അത് അപൂർണ്ണമായ ഒന്നുമാത്രമാണ്. അത് സൃഷ്ടിക്കപ്പെട്ടതിന് പിന്നിലുള്ള ലക്ഷ്യം നിറവേറ്റുന്നതിന് പര്യാപ്തമായത്ര പൂർണ്ണവുമാണത്. ഏതു ശാസ്ത്രത്തിലും പ്രകൃതിയുടെ ഭാഗികമായ ഒരു കാഴ്ച അന്തർലീനമാണ്; കാരണം ശാസ്ത്രം ഒരിക്കലും പൂർണ്ണമാകുന്നില്ല; പ്രകൃതിയാകട്ടെ അക്ഷയമായതുമാണ്. ഇത് ശാസ്ത്രത്തെ തെറ്റോ അസാധുവോ ആക്കുന്നില്ല.

ശാസ്ത്രം സ്വയം പ്രകടമാക്കപ്പെടുന്നതിലൂടെയാണ് ചിന്താസംവർഗ്ഗത്തിന്റെ രണ്ടാമത്തെ സമുച്ചയത്തിൽപെടുന്ന വിഷയങ്ങൾ ഉയർന്നുവരുന്നത്. ഇവയും ചരിത്രപരമായി ഉത്പാദിപ്പിക്കപ്പെടുന്നതാണെന്നതിനാൽ പ്രത്യയശാസ്ത്രം ശാസ്ത്രത്തിന്റെ ഭാഗമായി അന്തർലീനമായിരിക്കില്ലേ? നിശ്ചയമായും ശാസ്ത്രീയ പ്രതിഭാസങ്ങളെ കുറിച്ച് ഗ്രഹിക്കാൻ നാം ഉപയോഗിക്കുന്ന ചിന്താ സംവർഗ്ഗങ്ങളുടെ ഉല്പത്തി മനുഷ്യന്റെ സാമൂഹ്യബോധത്തിൽ നിന്നാണ്. എന്നാൽ ഈ സംവർഗ്ഗങ്ങൾക്ക് – അവ പിണ്ഡമോ ചലന ശക്തിയോ ഊർജ്ജമോ ആകുമ്പോൾ പ്രത്യയശാസ്ത്രവുമായി കാര്യമായ ബന്ധമൊന്നുമില്ല. എന്നാൽ മനുഷ്യനുമായി ബന്ധപ്പെട്ട ശാസ്ത്രത്തിലേക്ക് വരുമ്പോൾ ഇതാകെ മാറുന്നു – നമ്മുടെ ചിന്താ സംവർഗങ്ങൾ നമ്മുടെ സാമൂഹ്യബോധവുമായി ആഴത്തിൽ ഉൾച്ചേർക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ‘ശാസ്ത്രീയമായ’ വംശീയതയും സൽസന്താനോല്പാദന വിദ്യയും (eugenics) ഒരേപോലെ ഒരു പ്രത്യേക വിധത്തിൽ ശാസ്ത്രത്തെ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് വ്യക്തതയുള്ള മനഃശാസ്ത്രം പോലെയുള്ള ശാസ്ത്രമൊന്നും പ്രത്യയശാസ്ത്രപരമായി പക്ഷപാതിത്വത്തിൽ നിന്നും മുക്തമല്ല. എന്നാൽ, ഈ മേഖലകളിൽ പോലും ശാസ്ത്രവും പ്രത്യയശാസ്ത്രവും – അവിഭാജ്യമായ വിധം അവ ഇടകലർത്തപ്പെട്ടിരിക്കുകയാണെങ്കിൽപോലും – ശാസ്ത്രത്തിനുള്ളിൽ നിന്നുതന്നെ പൊരുതേണ്ടതുണ്ടെന്ന് ബോധ്യപ്പെടേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഇവിടെ ശാസ്ത്രത്തിനുള്ളിൽനിന്നു മാത്രമുള്ള പോരാട്ടമല്ല, അത് സമൂഹത്തിൽ നടത്തേണ്ട പോരാട്ടം കൂടിയാണ്. വർഗ്ഗവാഴ്ചയ്ക്കുള്ള ചരിത്രപരമായ സാഹചര്യങ്ങൾ നിലനിൽക്കുന്നിടത്തോളം, പ്രത്യയശാസ്ത്രപരമായ പോരാട്ടത്തിന്റെ ഭാഗമായ ശാസ്ത്രവും സമരത്തിന്റെ മേഖല തന്നെയായിരിക്കും.

ശാസ്ത്രത്തിനുമേൽ ഭരണവർഗം എങ്ങനെയാണ് വർഗവാഴ്ച അടിച്ചേൽപ്പിക്കുന്നത്? ചുവടെ പറയുന്ന മൂന്ന് വിധത്തിലാണ് അത് അടിച്ചേൽപ്പിക്കുന്നത്. ഒന്നാമത്, ശാസ്ത്രജ്ഞർ പ്രവർത്തിക്കേണ്ട മേഖലകളെ അത് തെരഞ്ഞെടുക്കുന്നു.’ ഫണ്ടിങ്ങിലൂടെയോ രക്ഷാധികാരിത്വത്തിലൂടെയോ ആയിരിക്കും ഇത്– പ്രവർത്തനരംഗത്തുള്ള ശാസ്ത്രജ്ഞരിൽ മഹാഭൂരിപക്ഷം പേരെയും ആകർഷിക്കുന്ന ഘടകം പണം തന്നെയാണ്. ആയതിനാൽ, സാമ്രാജ്യത്വാധിപത്യം സ്ഥാപിക്കാനായുള്ളതോ മൂലധനത്തിന് പ്രത്യക്ഷമായി തന്നെ വേണ്ടതോ ആയ കാര്യങ്ങളാണ് അത് തെരഞ്ഞെടുക്കുന്ന ശാസ്ത്രത്തിന്റെ പ്രശ്നങ്ങൾ. ഇത് വൻകിട ശാസ്ത്രത്തിന്റെ കാലമാണെന്നും വൻകിട ശാസ്ത്രം ഫലദായകമാണെന്നും വ്യക്തമാക്കുന്ന ഒന്നാണ് മാൻഹാട്ടൻ പ്രൊജക്ട‍്.

രണ്ടാമത്, പ്രയോഗത്തിലുള്ള ഏതുതരം ശാസ്ത്രത്തെയും അതിന്റെ ഫലങ്ങളെയും, മറ്റു വർഗങ്ങളുടെയും പ്രകൃതി വിഭവങ്ങളുടെയും മേൽ മൂലധനത്തിന്റെ മേധാവിത്വം വർധിപ്പിക്കുന്നതിന് പ്രത്യക്ഷത്തിൽ തന്നെ ഉപയോഗിക്കുന്നു. ഉൽപ്പാദനത്തിന്റെ ഒരു ഘടകമെന്ന നിലയിൽ ശാസ്ത്രം മൂലധനത്തെ സർവശക്തമാക്കാൻ സഹായിക്കുന്നു. പുത്തൻ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും ആ നിലയിൽ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് വർധിപ്പിക്കാനുമുള്ള ഉപാധികൾ പ്രദാനം ചെയ്യുക മാത്രമല്ല, തൊഴിലാളി വർഗത്തെയോ കർഷകജന സാമാന്യത്തെയോ നിയന്ത്രിക്കുന്നതിനു പ്രത്യക്ഷത്തിലുള്ള ഉപാധിയായും ഉപയോഗപ്പെടുത്തുന്നു. മൊൺസാന്റൊയുടെ ജനിതകമാറ്റം വരുത്തിയ (Bt) വിത്തുകൾ ഉദാഹരണമാണ്. വിത്തുകൾക്കുമേലുള്ള നിയന്ത്രണം മൊൺസാന്റോയ്ക്ക് കർഷകർക്കുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള ഉപാധിയായി മാറുന്നു. വിവിധയിനം വിത്തുകളിൽ ജനിതമാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ബിടി (Bt) വിത്തുകളെ തന്നെ തെരഞ്ഞെടുക്കാൻ എന്താണ് കാരണം? പ്രത്യേകമായ ഈ തെരഞ്ഞെടുപ്പും അതിന്റെ ഫലങ്ങളും ഒരേപോലെ മൊൺസാന്റോയുടെ കോർപറേറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതാണ്; കൃഷിക്കാരുടെയോ ഉപഭോക്താക്കളുടെയോ താൽപ്പര്യമല്ല അത് സംരക്ഷിക്കുന്നത്.

മൂന്നാമത്തേത്, കൂട്ടം പഠന പദ്ധതികളിൽ ശാസ‍്ത്രവും പ്രത്യയശാസ്ത്രവും ഗാ-ഢമായി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. അവയെ വേർപ്പെടുത്തുന്നത് തികച്ചും പ്രയാസകരമാണ്. ഇത് ശാസ്ത്രവും സത്യവും വർഗവാഴ്ചയെ പ്രത്യക്ഷത്തിൽ തന്നെ വെല്ലുവിളിക്കുന്ന ചില മേഖലകളിൽ പ്രത്യേകമായുള്ളവയാണെന്നതിനാലാണ്. നിശ്ചയമായും വംശീയവാദം ഇതിന്റെ ഒരുദാഹരണമാണ്; വെള്ളക്കാരുടെ മേധാവിത്വത്തെ ന്യായീകരിക്കാൻ ഡാർവിന്റെ സിദ്ധാന്തങ്ങളെ ഉപയോഗിച്ചിരുന്നു; അതുകൊണ്ടുതന്നെ യൂറോപ്യൻ സാമ്രാജ്യവാഴ്ചയും ന്യായീകരിക്കപ്പെട്ടിരുന്നു. പിന്നീട് വീണ്ടും ഇതേ ലക്ഷ്യത്തോടെ IQ പഠനങ്ങളെയും ഉപയോഗിച്ചിരുന്നു. സാമൂഹ്യശാസ്ത്രങ്ങളും ജീവശാസ്ത്രങ്ങളും മനശ്ശാസ്ത്രവും ഇതുമൂലം വളരെയേറെ ബാധിക്കപ്പെട്ടവയായിരുന്നു.

വർഗപരമായ ആവശ്യങ്ങളാലാണ് ശാസ്ത്രം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു എന്നതും എന്നിട്ടും ലോകത്തെ സംബന്ധിച്ച യഥാർഥ സത്യങ്ങൾ കണ്ടെത്തി പുറത്തുകൊണ്ടുവരുന്നു എന്നതും തമ്മിലുള്ള വെെരുദ്ധ്യം ആശയങ്ങളുടെ തലത്തിൽ പരിഹരിക്കപ്പെടില്ല. മനുഷ്യന്റെ അറിവിന്റെ വളർച്ചയെന്ന നിലയിലും മർദനപരമായ ഒരു പ്രത്യയശാസ്ത്രമെന്ന നിലയിലുമുള്ള ശാസ്ത്രം വളർന്നു വരുന്നത് രാഷ്ട്രീയ വിപ്ലവത്തോടുകൂടി മാത്രമാണ്. സാമൂഹ്യവെെരുദ്ധ്യങ്ങൾക്ക് പരിഹാരം കണ്ടുകൊണ്ടു മാത്രമേ അതിനു പരിഹാരം കാണാനാകൂ; എങ്കിൽ മാത്രമേ അതിനുള്ളിൽനിന്നാണ് ശാസ്ത്രം വികസിക്കുന്നത്; പ്രത്യയശാസ്ത്രവും, ശാസ്ത്രവും തമ്മിലുള്ള വെെരുദ്ധ്യം പരിഹരിക്കാമെന്ന് പ്രതീക്ഷിക്കാനാകൂ.

ശാസ്ത്രം, സാങ്കേതിക വിദ്യ, 
വ്യാവസായികോത്പാദനം
ഇനി നമ്മൾ ഉത്പാദനത്തിലേക്കു നോക്കുകയാണെങ്കിൽ അതിന്റെ ഏറെക്കുറെ സമാനഘടകങ്ങൾ എന്ന നിലയ്ക്ക് നമുക്ക് ശാസ്ത്രത്തിലേക്കും സാങ്കേതികവിദ്യയിലേക്കും നോക്കേണ്ടിവരും. ഉത്പാദനോപാധിയുടെ ഭൗതികഭാഗങ്ങളായ ആർട്ടിഫാക്ട്-സിനെയും (ഉപകരണങ്ങൾ/യന്ത്രങ്ങൾ തുടങ്ങിയവ) അറിവിനെയും (അതായത്, ഈ ഉപകരണങ്ങളുടെ സൃഷ്ടിക്കു വഴിവച്ച മനുഷ്യജ്ഞാനം) തമ്മിൽ വേർതിരിക്കുകയെന്നത് പ്രധാനമാണ്. ഇവിടെ വീണ്ടും, ശാസ്ത്രീയമായ അറിവ്–പ്രകൃതിനിയമങ്ങൾ– ആർട്ടിഫാക്ട്സ്/യന്ത്രങ്ങൾ/ഉപകരണങ്ങൾ ഉണ്ടാക്കുന്നതിനാവശ്യമായ അറിവിന്റെ ഭാഗമായി മാറുന്നു. എന്തുതന്നെയായാലും, സാങ്കേതികമായ അറിവിന്റെയൊരു ഘടകം ഇവിടെ വർത്തിക്കുന്നുണ്ട് എന്നു മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്; കേവലം പ്രകൃതി നിയമങ്ങളല്ലാത്ത, എന്നാൽ പ്രയോഗികാനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള കാര്യനിർവഹണം, പ്രായോഗിക ബന്ധങ്ങൾ, സുരക്ഷാഘടകം, സാങ്കേതികവിദഗ്ധരുടെ മുൻകാല അനുഭവങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളുന്ന സാങ്കേതിക അറിവിന്റെ ഒരു ഭാഗം അതിലുണ്ട്. ഒട്ടേറെ സമകാലിക കൃതികളിലെ പോലെ തന്നെ മാർക്സ് ശാസ്ത്രീയമായ അറിവിനെയും സാങ്കേതികവിദ്യാപരമായ അറിവിനെയും അയഞ്ഞ മട്ടിൽ ഒന്നിച്ചുകണ്ടു. അറിവിന്റെ ഈ രണ്ടുരൂപങ്ങളെയും വേർതിരിച്ചുകാണേണ്ടത് ആവശ്യമായിവരുന്നത്, ശാസ്ത്രീയമായ അറിവ് ഒരിക്കൽ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാൽ പിന്നീടൊരിക്കലുമത് പ്രാദേശികമോ സാമൂഹികമോ അല്ല എന്നുള്ളതുകൊണ്ടാണ്.

ഏതു സ്ഥലത്തായാലും ഏതു സമയത്തായാലും ഭൂഗുരുത്വാകർഷണ നിയമം ഒരേ പോലെ തന്നെ പ്രവർത്തിക്കും. എന്തുതന്നെയായാലും ഒരു ആർട്ടിഫാക്ടിലോ ഉപകരണത്തിലോ അടങ്ങിയിരിക്കുന്ന സാങ്കേതികമായ അറിവ് ആപേക്ഷികമായും അധികമധികം പ്രാദേശികമായിരിക്കും. അതായത് ഭൂമിശാസ്ത്രപരമായാണെങ്കിലും ചരിത്രപരമായാണെങ്കിലും. ഒരു വലിയ ഉത്പാദന സംവിധാനത്തിന്റെ ഭാഗമായി മാത്രമേ സാങ്കേതിക അറിവ് അനുവേദ്യമാകുകയുള്ളൂ. അതിനാൽ തന്നെ സാങ്കേതികമായ അറിവ് ശാസ്ത്രീയ അറിവിനെ മാത്രമല്ല, മറിച്ച് സാമൂഹിക ബന്ധങ്ങളെയും പ്രതിഫലിപ്പിക്കുന്നു.

ഒരു ലളിതമായ ഉദാഹരണം നോക്കാം. സ്വർണ്ണം ഒരു മികച്ച വെെദ്യുതചാലകം ആണെങ്കിലും വെെദ്യുത കേബിളുകൾ ഉണ്ടാക്കുന്നതിന് നമ്മൾ സ്വർണമല്ല, മറിച്ച് ചെമ്പും ഈയവുമാണുപയോഗിക്കുന്നത്. സ്വർണത്തിന്റെ വിലയെന്നത് സാങ്കേതികവിദ്യാധിഷ്ഠിതമായ അറിവിന്റെ ഭാഗവും വലിയ ഉല്പാദന സംവിധാനത്തിന്റെ ഭാഗവുമാണ്. അത് ഇവിടെ സാങ്കേതികവിദ്യ നിർബന്ധമായും മനസ്സിലാക്കേണ്ടതാണ്.

ശാസ്ത്രീയമായ അറിവും സാങ്കേതികവിദ്യാപരമായ അറിവും സമാനമല്ലാത്തത് എന്തുകൊണ്ടെന്നതിന് രണ്ടാമത്തെ കാരണം, ഉത്പാദിപ്പിക്കപ്പെട്ടിട്ടുള്ള ഏതൊരു ആർട്ടിഫാക്ടും ഒരു പ്രത്യേക ലക്ഷ്യത്തോടുകൂടിയാണ് ചെയ്തിട്ടുള്ളത്. ഒരു ഉപകരണം ഉണ്ടാക്കുന്നതിന്റെ പ്രത്യേകലക്ഷ്യം ആ ഉപകരണത്തിൽത്തന്നെ ഉള്ളടങ്ങിയിട്ടുണ്ട്. ഒരു ഉപകരണത്തിന്റെ ധർമം അതിന്റെ നിലനിൽക്കുന്ന സാമൂഹികബന്ധങ്ങൾ കണക്കിലാക്കാത്തപക്ഷം അർഥശൂന്യമാണ്. ഉപകരണത്തിൽ/ആർട്ടിഫാക്-ടിൽ ഉൾചേർന്നിട്ടുള്ള ഈ സാമൂഹികമായ അറിവ് നമുക്കില്ലെങ്കിൽ ആ ഉപകരണം കൊണ്ട് ഉപയോഗമുണ്ടാവുകയില്ല.

ശാസ്ത്രവും ഉത്പാദനവും തമ്മിലുള്ള ബന്ധം മറ്റുള്ളവരിലേക്ക് പകരുന്നത് സാങ്കേതികവിദ്യയിലൂടെയാണ്. മൂലധനം സംബന്ധിച്ച മാർക്സിന്റെ വിലയിരുത്തൽ, സാങ്കേതികവിദ്യയുടെ ചരിത്രം, പ്രത്യേകിച്ചും മുതലാളിത്തത്തിന്റെ വികാസത്തെ സംബന്ധിച്ച് അദ്ദേഹം ആർജ്ജിച്ച അഗാധമായ അറിവിനെ പ്രകടമാക്കുന്നതാണ്. മുതലാളിത്ത ഉത്പാദനത്തിലെ പ്രധാന ശക്തിയായാണ് മാർക്സ് സാങ്കേതികവിദ്യയെ കണ്ടത്. യന്ത്ര കേന്ദ്രിത ഉത്പാദനത്തിലേക്ക് നീങ്ങുന്നതിനുമുൻപ് മുതലാളിത്തം ആദ്യം സൃഷ്ടിച്ചത് മനുഷ്യകേന്ദ്രിത ഉത്പാദനഘട്ടമായിരുന്നു എന്ന കാര്യത്തിലും അദ്ദേഹത്തിന് തീർച്ചയുണ്ടായിരുന്നു. അധ്വാന പ്രക്രിയകളെ അവയുടെ ഘടക പ്രക്രിയകളാക്കി മൂലധനം ആദ്യം തകർത്തപ്പോഴാണത്; അങ്ങനെയാകുമ്പോൾ സാങ്കേതികവിദ്യക്ക് യന്ത്രങ്ങൾ നിർമിക്കാൻ കഴിയുന്നു; ആ യന്ത്രങ്ങൾ മുൻകാലത്ത് വിദഗ്ധരായ കെെത്തൊഴിലുകാർ ഏറ്റെടുക്കുന്നു. മാർക്സ് ഇവിടെ നിന്നും ഒരു പടികൂടി മുന്നോട്ടുപോയി; മൂലധനം സൃഷ്ടിക്കുന്നത് അധ്വാനപ്രക്രിയയെ ത്വരിതഗതിയിലാക്കുവാനും ശക്തിപ്പെടുത്തുവാനുമുള്ള യന്ത്രങ്ങളെ മാത്രമല്ല, മറിച്ച് യന്ത്രങ്ങളെ ഉത്പാദിപ്പിക്കുവാനുള്ള യന്ത്രങ്ങളെയും അത് സൃഷ്ടിക്കുന്നുണ്ട് എന്നദ്ദേഹം വ്യക്തമാക്കി. മുതലാളിത്തത്തിൽ അടിസ്ഥാനപരമായ മാറ്റത്തെ, അതിന്റെ നിരന്തരമായ ചലനാത്മകതയെ സാധ്യമാക്കുന്നത് സാങ്കേതികവിദ്യയും യന്ത്രങ്ങളുമാണ് എന്ന് മാർക്സ് പറഞ്ഞുവച്ചു.

ആ ചലനാത്മകതയെക്കുറിച്ചാണ് മാർക്സും എംഗൽസും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ ഇങ്ങനെ വിശദീകരിച്ചിരിക്കുന്നത്:

കഷ്ടിച്ച് ഒരു നൂറ്റാണ്ടുകാലത്തെ വാഴ്ചയ്ക്കിടയിൽ ബൂർഷ്വാസി സൃഷ്ടിച്ചിട്ടുള്ള ഉത്പാദനശക്തികൾ, കഴിഞ്ഞുപോയ എല്ലാ തലമുറകളും ചേർന്ന് സൃഷ്ടിച്ചിട്ടുള്ളതിനേക്കാൾ എത്രയോ വമ്പിച്ചതാണ്, ഭീമമാണ് ! പ്രകൃതിയുടെ ശക്തികളെ മനുഷ്യനു കീഴ്പ്പെടുത്തൽ, യന്ത്രസാമഗ്രികൾ, വ്യവസായത്തിലും കൃഷിയിലും രസതന്ത്രത്തിന്റെ ഉപയോഗം, ആവിക്കപ്പലും തീവണ്ടിയും കമ്പിത്തപാലും, ഭൂഖണ്ഡങ്ങളെയൊകെ കൃഷിക്കുവേണ്ടി വെട്ടിത്തെളിക്കൽ, നദികളെ ചാലുകീറി ഉപയോഗയോഗ്യമാക്കൽ, ഇന്ദ്രജാല പ്രയോഗത്താലെന്നപോലെ വലിയ ജനസമൂഹങ്ങളെ മണ്ണിനടിയിൽനിന്ന് ഉണർത്തിക്കൊണ്ടുവരൽ–സാമൂഹ്യാധ്വാനത്തിന്റെ മടിത്തട്ടിൽ ഇത്തരം ഉത്പാദനശക്തികൾ ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് മുമ്പേതൊരു നൂറ്റാണ്ടാണ് സ്വപനം കാണുകപോലും ചെയ്തിട്ടുള്ളത്?

യന്ത്രങ്ങളെ നിർമിക്കുന്നതിനായുള്ള സാങ്കേതികവിദ്യ രൂപപ്പെടുത്തുന്നതിന്, അത്തരമൊരു മാറ്റം സാധ്യമാക്കുന്നതിന് മുൻകാല അനുഭവങ്ങൾകൊണ്ടോ അറിവിന്റെ വാഴ്ച കൊണ്ടോ മാത്രമാവില്ലെന്നും മാർക്സ് വിശദമാക്കിയിട്ടുണ്ട്. ശാസ്ത്രീയ ജ്ഞാനം ഈ പ്രക്രിയയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. മാർക്സ് പറയുന്നു, യന്ത്രസംവിധാനത്തിന്റെ രൂപത്തിലുള്ള അധ്വാനത്തിന്റെ ഉപകരണങ്ങൾ മനുഷ്യശക്തിക്കുപകരം പ്രകൃതിശക്തികളെ പുനഃപ്രതിഷ്ഠിക്കുന്നു; അത് പ്രായോഗികതയ്ക്കു പകരം ശാസ്ത്രത്തിന്റെ ബോധപൂർവമായ പ്രയോഗത്തെയും അനിവാര്യമാക്കുന്നു. അദ്ദേഹം തുടർന്ന് പറയുന്നു, ‘ഉത്പാദനത്തിലെ ഒരു ദിശയിൽ വിപുലമാകുന്നത് അത് മറ്റ് പല ദിശയിലും എല്ലാത്തിനെയും മായ്ച്ചു കളയുന്നതുകൊണ്ടാണ്. വിദഗ്ധ തൊഴിലാളികൾക്ക് നഷ്ടപ്പെടുന്നതെന്താണോ, അത് അവരെ തൊഴിലെടുപ്പിക്കുന്ന മൂലധനത്തിൽ വന്നടിയുന്നു… ആധുനിക വ്യവസായം ശാസ്ത്രത്തെ ഒരു ഉത്പാദനശക്തിയാക്കിത്തീർക്കുകയും അത് മൂലധനത്തിന്റെ സേവനത്തിനായി പരുവപ്പെടുത്തിയെടുക്കുകയും ചെയ്യുന്നു!

മാർക്സ് ശാസ്ത്രത്തെ സാർവത്രിക അധ്വാനം എന്ന നിലയ്ക്കും കണ്ടു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ, മൂലധനം ഭിഷഗ്വരരെയും കലാകാരെയും കവികളെയുമടക്കം മറ്റെല്ലാത്തിനെയുമെന്നപോലെ ശാസ്ത്രജ്ഞനെയും കൂലിവേലക്കാരനാക്കിതീർക്കുന്നു.

നാം മുൻപ് പറഞ്ഞതുപോലെ, അധ്വാനത്തിന്റെ മറ്റുൽപ്പാദനങ്ങളിൽനിന്നെല്ലാം വ്യത്യസ്തമായി പ്രാദേശികമോ സാമൂഹികമോ ആയ സാഹചര്യങ്ങളെ ആധാരമാക്കി മാറ്റത്തിനു വിധേയമാകാത്ത ഒന്നാണ് ശാസ്ത്രം. ഈ അർഥത്തിൽ. ശാസ്ത്രീയമായ അധ്വാനത്തെ ഉൽപ്പാദിപ്പിക്കുന്ന അധ്വാനം മാർക്സ് തന്റെ അധ്വാന മൂല്യസിദ്ധാന്തത്തിൽ (Labour of Value) ഉപയോഗിക്കുന്ന സാർവത്രിക അധ്വാനവുമായി (Universal Labour) അടുത്ത് നിൽക്കുന്നു. മൂലധനത്തിന്റെ മൂന്നാം വാല്യത്തിലെ സഹകരണാത്മക അധ്വാനത്തിൽ നിന്നും അദ്ദേഹം ഈ ശാസ്ത്രീയവും സാർവത്രികവുമായ അധ്വാനത്തെ വേർതിരിച്ച് കാണുന്നു!

സാർവത്രിക അധ്വാനമാണ് കണ്ടുപിടുത്തങ്ങളെയും നൂതനാവിഷ്-ക്കാരങ്ങളെയും പോലെയുള്ള ശാസ്ത്രീയ അധ്വാനം. ഈ അധ്വാനം സജീവമായിട്ടുള്ള സഹജീവികളുടെ സഹകരണത്തിലും മുൻഗാമികളുടെ അധ്വാനത്തിന്മേലും ചിട്ടപ്പെടുത്തപ്പെട്ടതാണ്. അതേസമയം, സഹകരണാധ്വാനം ജീവിച്ചിരിക്കുന്ന വ്യക്തികളുടെ നേരിട്ടുള്ള സഹകരണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.’’

മാർക്സിന്റെ അഭിപ്രായത്തിൽ ശാസ്ത്രീയവും സാങ്കേതികവിദ്യാപരവുമായ വിജ്ഞാനം– രണ്ടും ഒരേപോലെ – ധെെഷണിക അധ്വാനത്തിന്റെ ഭാഗമാണ്. ശാസ്ത്രീയവും സാങ്കേതികവിദ്യാപരവുമായ അറിവുകൾ തമ്മിലുള്ള വിശദമായ ബന്ധത്തിലേക്ക് പോകാതെ തന്നെ ഉൽപ്പാദനശക്തികളുടെ വികാസം സംബന്ധിച്ച ചരിത്രപരമായ ഈ വിവരണത്തിൽ വിജ്ഞാനത്തിന്റെ ഈ രണ്ടു രൂപങ്ങളെയും നമുക്ക് കൂട്ടിയോജിപ്പിക്കാം. യന്ത്രങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ കെട്ടിപ്പടുക്കുന്നതിന്റെ ശാസ്ത്രീയവശങ്ങൾക്ക് മാർക്സ് അമിത പ്രാധാന്യം നൽകുന്നതായി വേണമെങ്കിൽ വാദിക്കാവുന്നതാണ്; എന്നാൽ പൊതുവെ കെെത്തൊഴിലുമായി ബന്ധപ്പെട്ട അറിവ് ഉപയോഗിച്ച് സൃഷ്ടിച്ച ആദ്യത്തെ ഒരു കൂട്ടം യന്ത്രങ്ങളെക്കുറിച്ചാണ് മാർക്സ് പറയുന്നത്. എന്നിരുന്നാലും ഇതെല്ലാം തന്നെ വിശദാംശങ്ങൾ മാത്രമാണ്.

ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും സംബന്ധിച്ച മാർക്സിന്റെ പ്രതിപാദനത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ലാഭത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലിനിടയിൽ മൂലധനം ഉൽപ്പാദനോപാധികളെ നിരന്തരം വിപ്ലവവൽക്കരിച്ചുകൊണ്ടിരിക്കുകയാണെന്നതാണ് – അതായത് ഉൽപ്പാദനോപാധികളിലെ മാറ്റം മുതലാളിത്ത വ്യവസ്ഥയിൽ ഉൾച്ചേർക്കപ്പെട്ടിരിക്കുന്നു. ഉൽപ്പാദന വ്യവസ്ഥയുടെ സ്ഥിരത ഭരണവർഗങ്ങളുടെ ലക്ഷ്യമായിരിക്കുന്ന ഇടങ്ങളിലെല്ലാമുള്ള മറ്റേതൊരു ഭരണവർഗം ചെയ്യുന്നതിൽനിന്നും വ്യത്യസ്തമായ കാര്യമാണിത്. ഈ സ്ഥിരതയുടെ സവിശേഷമായ ഉദാഹരണമാണ് ഇന്ത്യൻ ജാതിവ്യവസ്ഥ; അവിടെ പുതിയ സാങ്കേതികവിദ്യകൾക്കൊന്നും പ്രവേശനമില്ല. ആ വ്യവസ്ഥയിലേക്ക് പുതിയ സാങ്കേതികവിദ്യകൊണ്ടുവരാനുള്ള ഒരേയൊരു വഴി തൊഴിലുകൾ ചെയ്യുന്നവർ തങ്ങളുടെ മതം മാറുക മാത്രമാണ്. ഇന്ത്യയിലേക്ക് ഇസ്ലാമിന്റെ വരവോടെ എത്തിയ പുതിയ സാങ്കേതികവിദ്യകൾക്കൊപ്പം അത്തരം സാങ്കേതികവിദ്യകൾ തുടർന്നും ചെയ്യുന്നതിനുവേണ്ടി കെെത്തൊഴിലുകാർ കൂട്ടത്തോടെ മതം മാറിയത് അൽപ്പവും യാദൃച്ഛികമല്ല.

ഇംഗ്ലണ്ടിലുണ്ടായ യന്ത്രവൽകൃത ഉൽപ്പാദനത്തിന്റെ വികാസം, പ്രത്യേകിച്ചും ടെക്-സ്റ്റെൽ രംഗത്ത്, യന്ത്ര നിർമിതിയുമായി ബന്ധപ്പെട്ട ശാസ്ത്രത്തിൽ വലിയ തോതിലുള്ള വികാസത്തിനിടയാക്കി. ശാസ്ത്രജ്ഞർക്ക് കൂടുതൽ കാര്യങ്ങൾ പഠിക്കേണ്ടതായി വന്നുവെന്ന് മാത്രമല്ല, വികസിച്ചുകൊണ്ടിരുന്ന സാങ്കേതികവിദ്യ തന്നെ കണ്ടുപിടുത്തത്തിനുള്ള പുതിയ ഉപകരണങ്ങൾ പ്രദാനം ചെയ്തു. ഇംഗ്ലണ്ടിലെ തുണിവ്യവസായത്തെ പിൻപറ്റി ഫ്രാൻസിൽ രാസവ്യവസായം (Chemical Industry) വളർന്നുവന്നു. രാസവ്യവസായവും ചായംമുക്കൽ (dye) വ്യവസായവും ശാസ്ത്രീയവും സാങ്കേതികവിദ്യാപരവുമായ ഗവേഷണത്തിനു പ്രേരകശക്തി നൽകി.
(തുടരും)


ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × four =

Most Popular