Monday, May 20, 2024

ad

Homeകവര്‍സ്റ്റോറിശാസ്ത്രവും ദർശനവും പ്രാചീന ഭാരതത്തിൽ

ശാസ്ത്രവും ദർശനവും പ്രാചീന ഭാരതത്തിൽ

ദേബീ പ്രസാദ് ചതോപാധ്യായ

പ്രാചീനഭാരതീയ സംസ്കാരത്തെക്കുറിച്ച് നമുക്കറിവുള്ളിടത്തോളം, വൈദ്യവൃത്തങ്ങളിലാണ് പ്രകൃതിശാസ് ത്രത്തിന്റെ രീതിശാസ്ത്രം ആദ്യമായി വികസിപ്പിച്ചെടുക്കാനുള്ള ബോധപൂർവമായ ശ്രമം നടന്നത്. ഭാരതീയ തർക്കത്തിന്റെ വളർച്ചയിൽ ഇതിന്റെ പ്രാധാന്യത്തെപ്പറ്റി എസ് എൻ ദാസ്ഗുപ്ത (ഹിസ്റ്ററി ഓഫ് ഇന്ത്യൻ ഫിലോസഫി, വാള്യം ii, പുറം. 273) ചർച്ച ചെയ്തിട്ടുണ്ട്.

ഭാരതീയശാസ്ത്ര ചരിത്രത്തിൽ ആയുർവേദത്തിന്റെ പ്രാധാന്യത്തെപ്പറ്റി നമുക്ക് വ്യക്തതയുണ്ടാക്കാൻ ആദ്യമായി ശ്രമിക്കാം.

യാഥാസ്ഥിതികവൃത്തങ്ങളിൽ ഏറെ പറയപ്പെടാറുള്ള മറ്റു വിജ്ഞാനശാഖകൾ ശിക്ഷ (ഉച്ചാരണശാസ്ത്രം), വ്യാകരണം, നിരുക്തം, ഛന്ദസ്സ‍് (വൃത്തശാസ്ത്രം), ജേ-്യാതിഷം, ശുൽബം (ക്ഷേത്രഗണിതം) എന്നിവയാണ് – ഒടുവിലത്തേത് മതാനുഷ്ഠാന സമ്പ്രദായത്തിന്റെ ഭാഗം (കൽപം) എന്നനിലയിൽ നിയന്ത്രിതമായ അർഥത്തിലാണ്. പക്ഷേ മതാനുഷ്ഠാന സമ്പ്രദായം പോലെ ഇവയെല്ലാം വൈദികമത വിജ്ഞാപനത്തിന്റെ ഭാഗമായി പൗരോഹിത്യ സംഘങ്ങളിൽ ആവിർഭവിച്ചവയാണ്. അവയുടെ സാമ്പ്രദായികമായ പേര് വേദാംഗങ്ങളെന്നത്രേ. ഈ വിജ്ഞാനശാഖകൾ, അങ്ങനെ മതത്തിന്റെ അഥവാ സെക്കുലറിസവിരുദ്ധതയുടെ ജന്മചിഹ്നങ്ങൾ വഹിക്കുന്നവയാണ്. പതിനൊന്നാം ശതകത്തിലെ ഏറ്റവും വലിയ സന്ദർശകശാസ്ത്രജ്ഞനായ ആൽ– ബറുണി ബ്രഹ്മഗുപ്തന്റെ ജ്യോതിശാസ്ത്രത്തിന്റെ കാര്യത്തിൽ വിശേഷിച്ചും അത്ര ഗംഭീരമായി വെളിപ്പെടുത്തുന്നതുപോലെ, അവ യഥാർഥമായ പ്രകൃതിശാസ്ത്രങ്ങളായി വളരുന്നതിൽ ഭയങ്കരമായ പ്രയാസങ്ങൾ നേരിടുന്നു. ബ്രഹ്മഗുപ്തന് (സുമാർ ക്രി പി 598ൽ ജനനം) തന്റെ പ്രസിദ്ധമായ ജ്യോതിശാസ്ത്ര ഗ്രന്ഥത്തിൽ (ബ്രഹ്മസ്ഫുട സിദ്ധാന്തം) ശരിയായ ശാസ്ത്രത്തിലേക്ക് നീങ്ങുന്നതിന് കഴിഞ്ഞത് മതത്തെ വളരെയേറെ തൃപ്തിപ്പെടുത്തിയതിനുശേഷം മാത്രമാണ്.

ഇതിൽനിന്ന് വിരുദ്ധമായി, പ്രാചീനകാലത്തുതന്നെ, വെെദ്യം – അതിന്റെ അനിവാര്യമായും എളിയ തുടക്കങ്ങളിൽ പോലും – മന്ത്രവാദപരമായ ചികിത്സാ സമ്പ്രദായത്തിൽ നിന്ന് യുക്തിസഹമായ ചികിത്സാ ശാസ്ത്രത്തിലേക്ക് – അതായത് ചരക സംഹിതയുടെ ഭാഷയിൽ ദൈവവ്യപാശ്രയ ഭേഷജത്തിൽനിന്ന് യുക്തി വ്യപാശ്രയഭേഷജത്തിലേക്ക് – അതിപ്രധാനമായ ഒരു ചുവട് മുന്നോട്ടുവെക്കുന്നുണ്ട്. ആ വൈദ്യസംഹിത, ആദ്യത്തേതിനെ മന്ത്രം, ആഭിചാരം, പ്രാർഥന, പ്രീണനം മുതലായവയെ അടിസ്ഥാനമാക്കിയ, അതായത്, ചുരുക്കത്തിൽ, പ്രാചീനമായ അഥർവ വേദത്തിൽ മുഖ്യമായി നിർദേശിക്കപ്പെട്ടതും ആധുനികലോകത്തിലെ ചില പ്രദേശങ്ങളിൽ അതിജീവിക്കുന്ന ഗോത്രവർഗ ജനങ്ങൾക്കിടയിൽ കണ്ടുവരുന്നതുമായ, ചികിത്സാസമ്പ്രദായമെന്ന് നിർവചിക്കുന്നു. ഉദാഹരണമായി, (ബൊഡ്ഡിങ്ങ് പിഒ, സ്റ്റഡീസ് ഇൻസാന്താൾ മെഡിസിൻ, കൽക്കത്ത 1925, നോക്കുക) എന്നാൽ ചരകസംഹിത സ്വയം അംഗീകരിക്കുന്ന വൈദ്യസമ്പ്രദായം അതല്ല. മറിച്ച്, അതിന് താൽപര്യം, പലതരം പ്രകൃതിവസ്തുക്കൾ ആഹാരമായും ഔഷധമായും ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ളതും രോഗങ്ങളുടെ യഥാർഥ കാരണമായി വീക്ഷിക്കപ്പെട്ട ഏതെങ്കിലും ശരീരമൂലകങ്ങളുടെ അസന്തുലിതത്വത്തെ തിരുത്തുന്നതുപോലുള്ള ‘‘നേരിട്ടുകാണപ്പെടുന്ന ഫലങ്ങൾ’’ (പ്രത്യക്ഷ ലക്ഷണഫലാ: – സുശ്രുതസംഹിത i 40. 12–3: ചരകസംഹിത i 27.3) കൂടുതലായി അവകാശപ്പെടുന്നതുമായ വെെദ്യം അഥവാ യുക്തിവ്യപാശ്രയഭേഷജം എന്ന് നിർവചിക്കപ്പെട്ട യുക്തിസഹമായ വൈദ്യസമ്പ്രദായത്തിലാണ്.

ഈ വ്യത്യാസം ചരകസംഹിതയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. കാരണം, ആ കൃതി ഇതിനെ വെെദ്യശാസ്ത്രത്തിന്റെ സാമാന്യതത്വങ്ങൾ പ്രതിപാദിക്കുന്ന ഖണ്ഡത്തിൽ (സൂത്രസ്ഥാനം – i. 11.53) മാത്രമല്ല വെെദ്യശാസ്ത്രത്തിന്റെ രീതിശാസ്ത്രം വിവരിക്കാൻ ഉദ്ദേശിക്കപ്പെട്ട ഖണ്ഡത്തിലും (വിമാനസ്ഥാനം iii. 8.87. വിമാന സ്ഥാനത്തിന് പ്രത്യേകമായ തെളിവുകളെക്കുറിച്ചുള്ള ഖണ്ഡം എന്ന് അക്ഷരാർഥം) വിവരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.

വൈദ്യശാസ്ത്രത്തെപ്പറ്റിയുള്ള അത്തരമൊരു ധാരണ എടുത്തുപറയത്തക്കവിധം, മതനിരപേക്ഷമാണ് – പ്രകൃത്യതീതത്വം, മതം, വേദ കേന്ദ്രിതത്വം എന്നിവയിൽ നിന്ന് തികച്ചും മുക്തം. ഇപ്രകാരം, പ്രാചീന ഭാരതത്തിൽ ഭൗതികശാസ്ത്രത്തിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പ് ആവശ്യപ്പെടുന്നത് പ്രകൃതിയുടെയും മനുഷ്യന്റെയും മത – മന്ത്രവാദപരമായ നിഗൂഢാത്മകതയെ ചീന്തിയെറിയുവാനാണ്. ഇത് നമ്മുടെ കാലത്തുപോലും താൽപര്യമുളവാക്കുന്ന, സ്പഷ്ടമായും ദാർശനികമായ ചിലതുൾപ്പെടെയുള്ള സൈദ്ധാന്തിക പ്രശ്നങ്ങളുടെ വിപുലമായ ഒരു നിര ഉയർത്തിക്കൊണ്ടുവരുന്നു. ഈ സൈദ്ധാന്തിക പ്രശ്നങ്ങളിലാണ് പ്രസ്തുത ചർച്ചയിൽ നാം പ്രധാനമായി കേന്ദ്രീകരിക്കുന്നത്.

ഇവയെപ്പറ്റി ചർച്ചചെയ്യുന്നതിലേക്ക് നീങ്ങുന്നതിനുമുൻപ്, മറെറാരു ചോദ്യത്തിന് മറുപടി പറയേണ്ടതാവശ്യമാണ്. ഭാരതീയ വൈദ്യശാസ്ത്രം ദൈവവ്യപാശ്രയഭേഷജത്തിൽനിന്ന് യുക്തി വ്യാപാശ്രയദേഷത്തിലേക്ക് ഈ ചുവടുവെക്കുന്നത് കൃത്യമായും എപ്പോഴാണ്?

ഇന്നത്തെ ചരിത്രഗവേഷണത്തിന്റെ സ്ഥിതിയിൽ, തീർച്ചയായും, ഉത്തരം കൃത്യമാവുക അസാധ്യമാണ്. സാധ്യമായത്. ഏതായാലും, പൊതുതാൽപര്യമുള്ള ഏതാനും സംഗതികൾ ശ്രദ്ധിക്കുകയാണ്.

ചരകസംഹിതയുടെയും അതിന്റെ ശസ്ത്രക്രിയാപരമായ പ്രതിരൂപമെന്നു പറയാവുന്ന സുശ്രുതസംഹിതയുടെയും രചനാകാലത്തെപ്പറ്റിയുള്ള ഊഹങ്ങളുടെ അടിസ്ഥാനത്തിൽ ഈ കാലം നിർണയിക്കാനുള്ള ഏതു പ്രവണതയും തെറ്റായിരിക്കുമെന്ന് കാണിക്കാൻ ഞാൻ മറ്റൊരിടത്ത് (സയൻസ് ആൻഡ് സൊസെെറ്റി ഇൻ ഏൻഷ്യന്റ് ഇന്ത്യ. പുറം. 320 മുതൽ) ശ്രമിച്ചിട്ടുണ്ട്. ഇൗ മഹത്തായ വെെദ്യസംഹിതകൾ അത്യന്തം സങ്കീർണങ്ങളാണ്. നമുക്ക് ഇന്ന് ലഭ്യമായ രൂപങ്ങളിലേക്കെത്തുന്നതിന്, അവതന്നെ സമ്മതിക്കുന്നതനുസരിച്ച്, ദീർഘമായൊരു ചരിത്രം അവയ്ക്കുണ്ട്. ആദ്യമായി ചരകനെന്ന സംജ്ഞാനാമത്തിൽ അറിയപ്പെടുന്ന ഒരു പ്രാചീന വെെദ്യന്റെ കാലം നിശ്ചയിക്കാനുള്ള ശ്രമം എങ്ങനെ വേണമെന്നുള്ളത് കൂടുതൽ സംശയാവഹമാണ്. ഏതായാലും കനിഷ്കരാജാവിന്റെ കൊട്ടാരം വൈദ്യനായി അങ്ങനെയൊരാളെപ്പറ്റി ചൈനീസ് രേഖകൾ സംസാരിക്കുന്നുണ്ടെന്ന് സിൽവൻലെവി 1896 നവംബർ – ഡിസംബർ ലക്കം ജേണൽ ഏഷ്യാറ്റിക്കിലെ Notes Surles Indo – Seythis എന്ന ലേഖനം. ആധുനിക പണ്ഡിതർക്ക് സാങ്കൽപികമായ ഒരു ഉറപ്പ് നൽകുന്നുണ്ട്. ഇവിടെ പരാമർശിക്കപ്പെട്ട ചൈനീസ് രേഖകൾ രണ്ടെണ്ണം മാത്രമാണ്. ഇവയിലൊന്ന് ഇന്ത്യയിലുണ്ടായതാണോ എന്ന് നിശ്ചയമില്ലാത്ത കുറച്ചു ഉപദേശകഥകളുടെ വിവർത്തനമാണ്. മറ്റേത് വ്യാജനിർമിതമായൊരു കൃതിയാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണ്. നിഷ്കൃഷ്ടമായ ചരിത്രാവശ്യങ്ങളുടെ ദൃഷ്ടിയിൽ അങ്ങനെ ഈ രണ്ടും ഉപയോഗശൂന്യമാണ്. മറിച്ച് പ്രാചീന വൈദ്യത്തിന്റെ സന്ദർഭത്തിൽ ചരക പദം ഒരു വ്യക്തിയുടെ പേരായിരുന്നില്ലെന്നാണ് അഭിപ്രായം. ഏറെക്കുറെ അത് കാൽനടയായി സഞ്ചരിക്കുന്ന, രോഗം ഭേദമാക്കുന്നവരെയും ഫലപ്രദങ്ങളായ ഔഷധങ്ങളെയും അന്വേഷിച്ചുകൊണ്ട് അലഞ്ഞുനടക്കുന്ന ചാരണവൈദ്യൻമാരെ അനുസ്മരിപ്പിക്കുന്ന, വൈദ്യൻമാരുടെ ഒരു വിഭാഗത്തിന്റെ പേരാണെന്നു തോന്നുന്നു. അഥർവവേദത്തിന്റെ നഷ്ടപ്പെട്ടുപോയ ഒരു പാഠം ഇവരിൽനിന്നാണ് സ്വന്തം പേര് സ്വീകരിച്ചത് (ദാസ് ഗുപ്ത, ii 283-– 4) സിൽ വൻ ലെവിയുടെ ചെെനീസ് രേഖകളുടെ വിശ്വാസ്യത അംഗീകരിച്ചാൽ പോലും, അത്തരം വിഭാഗത്തിലെ ഒരു വെെദ്യൻ കനിഷ്കന്റെ കൊട്ടാരത്തിലുണ്ടായിരുന്നുവെന്നു വരുന്നതിൽ അസംഭവ്യമായി ഒന്നുമില്ല. അഥവാ ഫിലേ-്യാസ (ദ ക്ലാസിക്കൽ ഡോക്-ട്രൈൻ ഓഫ് ഇന്ത്യൻ മെഡിസിൻ, ന്യൂദൽഹി, 1954, പുറം. 18) വളരെ ശരിയായി നിരീക്ഷിക്കുന്നതുപോലെ, ‘‘കനിഷ്കന്റെ വൈദ്യൻ ഫലപ്രദമായി ചരകൻ എന്നു വിളിക്കപ്പെട്ടിരുന്നെങ്കിൽ പോലും ” അദ്ദേഹത്തെ നമ്മുടെ ചരകസംഹിതയുമായി ബന്ധിപ്പിക്കുന്നതിന് കാരണമൊന്നുമില്ല.

ഭാരതീയ വൈദ്യത്തിന് കാലം നിർണയിക്കാനുള്ള അത്തരം സംശയാവഹമായ പ്രവർത്തനക്രമത്തെ ഉപേക്ഷിച്ചുകൊണ്ട് നമുക്ക് സ്വയം ചോദിക്കാം: ഈ വൈദ്യസംഹിതകളുടെ മുഖ്യസൈദ്ധാന്തിക വിഷയങ്ങളുടെ അഥവാ കൂടുതൽ കൃത്യമായി, യുക്തി വ്യാപാശ്രയ ഭേഷജത്തിന്റെ അടിസ്ഥാനതത്വങ്ങളുടെ രൂപവൽകരണത്തിന്റെ കാലത്തെപ്പറ്റി ഏതാണ്ടൊരു ധാരണയുണ്ടാക്കാൻ സഹായിക്കുന്ന നിയതമായ ഏതെങ്കിലും പാർശ്വികമായ തെളിവുകൾ നമുക്കുണ്ടോ? മറുപടി വിധിരൂപത്തിലാണെന്നു തോന്നുന്നു. ബുദ്ധന്റെ മരണത്തിന് അധികം പിന്നീടല്ലാതെ ക്രോഡീകരിക്കപ്പെട്ടതെന്നൂഹിക്കപ്പെടുന്ന പാലിയിലുള്ള വിനയപിടകത്തിൽ (മഹാവഗ്ഗ vi), അദ്ദേഹം സംഘത്തിനുള്ളിൽ ഭിക്ഷുക്കൾക്ക് അനുവദിക്കപ്പെടേണ്ടുന്ന വൈദ്യചികിത്സയുടെ സ്വഭാവത്തെക്കുറിച്ച് സുദീർഘമായ ഒരു പ്രഭാഷണം നടത്തുന്നതായി പറയുന്നുണ്ട്. ആ ചർച്ച ഏറ്റവും സുവ്യവസ്ഥിതവും വിശദാംശങ്ങളിൽ, വിസ്മയമുളവാക്കുമാറ് സമ്പന്നവുമാണ്. വിനയപിടകത്തിന്റെ ക്രോഡീകരണകാലത്ത് ഈ രാജ്യത്തിൽ സുസ്ഥാപിതമായിക്കഴിഞ്ഞ ഒരു ചികിത്സാരീതിയെ അത് വ്യക്തമായും മുൻകൂട്ടി കാണുന്നു. മാത്രമല്ല, നമ്മുടെ ഈ ചർച്ചയുടെ ദൃഷ്ടിയിൽ അതേക്കുറിച്ച് നിർണായകമായത്. അതിന് ദൈവവ്യപാശ്രയഭേഷജവുമായി ഒരു ബന്ധവുമില്ലെന്നതാണ്. മറിച്ച്, രോഗങ്ങളുടെ കാരണങ്ങളെ മാത്രമല്ല, അവയുടെ പരിഹാരങ്ങളെക്കുറിച്ചും തികച്ചും പ്രകൃതിവാദപരമായ ധാരണയുടെ അടിസ്ഥാനത്തിലുള്ള ചികിത്സാസമ്പ്രദായമാണ് അത് മുൻകൂട്ടിക്കാണുന്നത്. ചുരുക്കത്തിൽ അതിന്റെ സൈദ്ധാന്തികമായ ഉള്ളടക്കം നമ്മുടെ ചരകസംഹിതയിലെ യുക്തിവ്യപാശ്രയഭേഷജത്തോട് വളരെ സാദൃശ്യമുള്ളതാണ്. അതുകൊണ്ട് പാലിവിനയപിടകത്തിന്റെ ആധികാരികത അംഗീകരിച്ചുകൊണ്ട് ബുദ്ധന് കുറച്ചുകാലം മുൻപ് (ഏകദേശം ക്രി. മു. ആറാം നൂറ്റാണ്ടിൽ, അതിനുമുൻപല്ലെങ്കിൽ) ഇന്ത്യയിൽ യുക്തിസഹമായ വൈദ്യത്തിന്റെ അടിസ്ഥാനതത്വങ്ങൾ സ്ഥാപിതമായിരുന്നുവെന്ന് ഊഹിക്കുന്നത് തെറ്റായേക്കില്ല. ഇതെല്ലാം, ബുദ്ധന്റെ വൈദ്യസുഹൃത്തായ ജീവകനെപ്പറ്റിയുള്ള വ്യാപകമായ ഐതിഹ്യങ്ങളുമായി യോജിക്കുന്നുണ്ട്. പാലി വിനയപിടകത്തിൽ ഉൾകൊള്ളിച്ച നിലയിൽ (മഹാവഗ്ഗ viii) ഈ ഐതിഹ്യങ്ങളും, വൈദ്യത്തിന്റെ സിദ്ധാന്തത്തോടും പ്രയോഗത്തോടും പ്രശംസനീയമാംവിധം യുക്തിസഹമായ ജീവകന്റെ സമീപനത്തിൽ വിശ്വസിക്കുവാൻ നമ്മോട് ആവശ്യപ്പെടുന്നു.

കാലഗണനാപരമായ ഈ സംക്ഷിപ്തക്കുറിപ്പോടെ, നമുക്ക് യുക്തിസഹവൈദ്യത്തിന്റെ പ്രമുഖമായ ചില സവിശേഷതകൾ മനസ്സിലാക്കുന്നതിലേക്ക് കടക്കാം.

ചരകസംഹിതയുടെയും സുശ്രുതസംഹിതയുടെയും അടിസ്ഥാനത്തിൽ നമുക്ക് വിലയിരുത്താൻ കഴിയുന്നിടത്തോളം, യുക്തിസഹവൈദ്യത്തിൽ ഉയർത്തപ്പെടുന്ന പ്രധാന സൈദ്ധാന്തിക പ്രശ്നത്തിന് നമ്മുടെ കാലത്തുപോലും പ്രാധാന്യം നിലനിൽക്കുന്നുണ്ട്. പരിസരത്തിലുള്ള പദാർഥവും ശരീരത്തിലുള്ള പദാർഥവും തമ്മിൽ – പലതരം പ്രകൃതി ഘടകങ്ങളുടെ അവസ്ഥയിലുള്ള പദാർഥവും ജീവികളുടെ, പ്രത്യേകിച്ച് മനുഷ്യരുടെ ശരീരങ്ങളുടെ രൂപമെടുക്കുന്ന പദാർഥവും തമ്മിൽ – നടക്കുന്ന പരസ്പര പ്രവർത്തനത്തെ സംബന്ധിച്ച പ്രശ്നമാണത്. പ്രശ്നത്തെ ഈ രൂപത്തിൽ ആവിഷ്കരിക്കുന്നതിന്റെ അടിയിലുള്ള പൊതുധാരണ, മനുഷ്യശരീരം, പ്രകൃതിയിലെ ഏതു വസ്തുവെയും പോലെ, ഒരേ പദാർഥം കൊണ്ട് – പ്രാചീനശാസ്ത്രജ്ഞർ മനസിലാക്കിയതനുസരിച്ച് ഭൂതം കൊണ്ട് – നിർമിക്കപ്പെട്ടതാണെന്നതാണ്.

പ്രധാനമായി, ഭക്ഷണവും പാനീയവുമായി കഴിച്ച വിവിധ വസ്തുക്കൾ മൃഗശരീരത്തിലുളവാക്കിയ ഫലത്തിന്റെ സ്വഭാവത്തെപ്പറ്റിയും, രസകരമാകുമാറ്, പ്രധാന ശരീരഘടകങ്ങളിൽ കാലാവസ്ഥാമാറ്റങ്ങൾ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റിയുമുള്ള നിരവധി ആനുഭവികമായ വസ്തുതകളാണ് പ്രാചീന വൈദ്യൻമാർക്ക് ഈ പ്രശ്നം തന്നെ നിർദേശിച്ചുകൊടുത്തത്. ഏതെങ്കിലുമൊരു വ്യക്തിയോ വിദഗ്ധരുടെ ഒരു ചെറുസംഘമോ പോലും ഇവയെല്ലാം സമാഹരിക്കാനുള്ള സാധ്യതയെ, വസ്തുതകളുടെ അനന്തബാഹുല്യം എളുപ്പത്തിൽ നിരാകരിക്കുന്നു. മറിച്ച്, ജന്തുസമൂഹം കൊണ്ടും സസ്യജാലം കൊണ്ടും ശിലാജതു അഥവാ കൻമദം പോലുള്ള അപൂർവമായ ചില ധാതുപദാർഥങ്ങൾ കൊണ്ടുപോലും തികച്ചും സമ്പന്നമായ വിശാലമായ ഈ ഭൂഖണ്ഡത്തിലെ നിരീക്ഷകരുടെ തലമുറകൾ ശേഖരിച്ച അനുഭവവിജ്ഞാനത്തിന്റെ പൊതുനിധിയെ പ്രതിനിധാനം ചെയ്യുകയാണവ എന്നാണ് ശക്തമായ അഭ്യൂഹം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × four =

Most Popular