Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിഇന്ത്യൻ ശാസ്ത്ര രംഗം: കുതിപ്പും കിതപ്പും

ഇന്ത്യൻ ശാസ്ത്ര രംഗം: കുതിപ്പും കിതപ്പും

ഡോ. രതീഷ് കൃഷ്ണൻ

ഗോള ശാസ്ത്ര മുന്നേറ്റങ്ങളെ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ പുരോഗതി ഒരു പ്രധാന പങ്കുവഹിക്കുന്നു. സ്വാതന്ത്ര്യാനന്തരം വിവിധ ശാസ്ത്ര മേഖലകളിൽ ഗവേഷണത്തിലും വികസനത്തിലും ഇന്ത്യ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ ഐ ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐഐഎസ്ഇആർ), ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) എന്നിങ്ങനെ നിരവധി ലോകോത്തര ഗവേഷണ സ്ഥാപനങ്ങൾ ഇന്ന് രാജ്യത്തിനുണ്ട്. ബഹിരാകാശ സാങ്കേതികവിദ്യ, ബയോടെക്നോളജി, ഫാർമസ്യൂട്ടിക്കൽസ്, ഇൻഫർമേഷൻ ടെക്നോളജി എന്നിങ്ങനെ വിവിധ മേഖലകളിൽ നമ്മൾ അതികായന്മാരുമാണ്. ഇതിനെല്ലാം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം സ്വീകരിച്ചിരുന്ന നയങ്ങൾ വലിയ അളവിൽ കാരണമായിട്ടുണ്ട്.

എന്നാൽ സമീപ കാലത്തായി, മേല്പറഞ്ഞ ശക്തികളെക്കുറിച്ചല്ലാതെ പുരാതന ഇന്ത്യൻ ശാസ്ത്രത്തിത്തെക്കുറിച്ചുള്ള ചർച്ചകൾ അക്കാദമിക് സർക്കിളുകളിലും പൊതുമേഖലയിലും വ്യാപകമായിട്ടുണ്ട്. ഇന്ത്യ പൗരാണിക കാലത്തിൽ ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് എന്നതിൽ ആർക്കും സംശയമില്ല. കേന്ദ്ര സർക്കാരും അതിനെ നയിക്കുന്ന രാഷ്ട്രീയ കക്ഷിയും പുരാതന ഇന്ത്യൻ ശാസ്ത്രത്തിന്റെ പുനരുജ്ജീവനവും പര്യവേക്ഷണവും കെട്ടുകഥകളുമായി സംയോജിപ്പിച്ചു രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. പുഷ്പക വിമാനം പോലുള്ള അത്തരം അവകാശ വാദങ്ങൾ സത്യത്തിൽ നമ്മുടെ രാജ്യം കൈവരിച്ച ശാസ്ത്രീയ നേട്ടങ്ങളെ കൂടി പുതു തലമുറ സംശയത്തോടെ കാണുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഈ അവസരത്തിൽ പൗരാണിക ഇന്ത്യയിലെ ശാസ്ത്രീയ നേട്ടങ്ങളും വിവിധ മേഖലകളിലെ കുതിപ്പും കിതപ്പും പരിചയപ്പെടുത്തുകയും, അവയുടെ കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്‌ഷ്യം.

സിന്ധു നദീതട നാഗരികതയിൽ (3300 BCE – 1300 BCE) ഉൾപ്പെടുന്ന പ്രധാന നഗരങ്ങളായ ഹാരപ്പയിലെയും മോഹൻജൊദാരോയിലെയും ഖനനങ്ങൾക്ക് മേൽനോട്ടം വഹിച്ചത് 1902 മുതൽ 1928 വരെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായിരുന്ന ഇംഗ്ലീഷ് പുരാവസ്തു ഗവേഷകനായിരുന്ന സർ ജോൺ ഹ്യൂബർട്ട് മാർഷലായിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ജോലി ചെയ്തിരുന്ന ഇംഗ്ലീഷ് ജിയോളജിസ്റ്റായിരുന്ന സർ എഡ്വിൻ പാസ്കോ യുടെ കീഴിലുള്ള മെറ്റലർജിക്കൽ വിദഗ്ധരുടെ സമിതിയാണ് ഹാരപ്പൻ സംസ്കാരത്തിൽ ആഭരണങ്ങൾക്കായി ഉപയോഗിച്ചിരുന്ന സ്വർണ്ണം കോലാർ സ്വർണ്ണ ഖനികളിൽ നിന്നുള്ളതാണ് എന്ന് രാസ വിശകലനം നടത്തി തെളിയിച്ചത്. ഹാരപ്പയിലും മോഹൻജദാരോയിലും കണ്ടെത്തിയ സ്വർണ്ണ വസ്തുക്കളിൽ 11% വെള്ളിയുടെ സാന്നിധ്യം കൂടി ഉൾപ്പെടുന്നു. കെജിഎഫ് അയിരിൽ മാത്രം കാണപ്പെടുന്ന ഒരു തോതാണിത്. ഇതിൽ നിന്നാണ് കോലാർ സ്വർണ്ണ ഖനികളിൽ നിന്നുള്ള സ്വർണമാണ് ഇവിടങ്ങളിൽ ഉപയോഗിച്ചിരുന്നത് എന്ന് കണക്കാക്കിയത്. അതായത് സ്വർണ്ണ ഖനനം അക്കാലത്തെ അഭിവൃദ്ധി പ്രാപിച്ച ഒരു വ്യവസായമായിരുന്നു. അതുപോലെ ഹാരപ്പൻ നാഗരികതയിൽ ഉപയോഗിച്ചിരുന്ന ചെമ്പ് രജപുത്താനയിൽ നിന്നും ടിൻ ഹസാരിബാഗിൽ നിന്നും ഇറക്കുമതി ചെയ്തതാണ് എന്ന് ഇന്ന് നമുക്കറിയാം. ആ കൂട്ടത്തിൽ അവർ തെളിയിച്ചത് ആര്യൻ നാഗരികത നിലവിലുണ്ടായിരുന്നു എന്ന് കരുതുന്ന കാലത്തിനു മുൻപുതന്നെ ഇവിടെ മറ്റൊരു നാഗരികത നിലവിലുണ്ടായിരുന്നു എന്നുകൂടിയാണ്. ഡൽഹിയിലെ കുത്തുബ് മിനാറിന്റെ മുറ്റത്ത് നിൽക്കുന്ന മെഹറൗലി ഇരുമ്പ് സ്തംഭം എ.ഡി നാലാം നൂറ്റാണ്ടിലേതാണ്. കാലത്തിന്റെ കെടുതികളെ മുഴുവൻ നേരിട്ടുകൊണ്ട് തുരുമ്പു പോലും പിടിക്കാതെ നൂറ്റാണ്ടുകളായി അത് അവിടെ നിൽക്കുന്നു. അന്ന് ലോകത്തിൽ വേറെ എവിടെയെങ്കിലുമുള്ള ഒരു ഇരുമ്പ് ഫൗണ്ടറിയിൽ ഇത്തരമൊരു മാസ്റ്റർപീസ് നിർമ്മിക്കാനുള്ള ശേഷിയുണ്ടായിരുന്നോ എന്ന് സംശയമാണ്. ഏറെ പ്രശസ്തമായ ഡമാസ്കസ് ബ്ലേഡ് ഇന്ത്യൻ സ്റ്റീലിൽ നിന്നാണ് നിർമ്മിച്ചത്. ബർമിംഗ്ഹാം മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന, ചെമ്പിലുള്ള ഭീമാകാരമായ സുൽത്താൻഗാൻജ് ബുദ്ധൻ ഒരു മെറ്റലർജിക്കൽ മാസ്റ്റർപീസും അത്ഭുതമാണ്. ഇതെല്ലം ലോഹശാസ്ത്രത്തിലെ ഏറ്റവും ഉയർന്ന വൈദഗ്ധ്യവും അറിവും കാണിക്കുന്നു.

എ.ഡി ഒന്നും മൂന്നും നൂറ്റാണ്ടുകളിൽ വൈദ്യശാസ്ത്രത്തെക്കുറിച്ച് രണ്ട് പ്രധാന ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു– ചരകസംഹിതയും, സുശ്രുത സംഹിതയും. ആ കാലഘട്ടത്തിലെ വികസിത വൈദ്യശാസ്ത്ര പരിജ്ഞാനം കാണിക്കുന്ന ഗ്രന്ഥങ്ങളാണിവ. സുശ്രുത സംഹിതയിൽ നൂറിലധികം ശസ്‌ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ച്‌ വിവരിക്കുന്നുണ്ട്. ബുദ്ധമത ഗ്രന്ഥങ്ങളിൽ, മസ്തിഷ്കത്തിൽ ശസ്ത്രക്രിയ നടത്തിയ ജീവകനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ബിംബിസാര ചക്രവർത്തി ബുദ്ധന്റെ ഭിഷഗ്വരനായി നിയമിച്ച ആളായിരുന്നു ജീവകൻ. ബിസി മൂന്നാം നൂറ്റാണ്ടിൽ തന്നെ, അശോകന്റെ കാലത്ത്, വെറ്ററിനറി സയൻസിൽ വലിയ പുരോഗതിയുണ്ടായിരുന്നു. ആനകളുടെ ചികിത്സയ്ക്കായി “പൽകാപ്യ സംഹിത’, കുതിരകളുടെ ചികിത്സയ്ക്കായി “ശാലിഹോത്ര സംഹിത’ എന്നിവ രചിക്കപ്പെട്ടു. ദക്ഷിണേന്ത്യയിലെ വിദൂര സ്ഥലങ്ങളിൽ പോലും മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ടി അദ്ദേഹം സ്ഥാപിച്ച ആശുപത്രികളെക്കുറിച്ചുള്ള പരാമർശം അദ്ദേഹത്തിന്റെ ശാസനകളിൽ കാണാം.

പുരാതന ഇന്ത്യൻ പ്രകൃതി ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ കണാദൻ ഇന്നത്തെ പരമാണു സിദ്ധാന്തത്തിനോട് സാമ്യമുള്ള ഒരു സിദ്ധാന്തം മുന്നോട്ടു വെച്ചിരുന്നു. ആദ്യകാല ഇന്ത്യൻ ഭൗതികശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന വൈശേഷിക സ്കൂൾ സ്ഥാപിച്ചത് അദ്ദേഹമാണ്. അറബ് രാജ്യങ്ങൾ വഴി യൂറോപ്പിലേക്ക് വ്യാപിച്ച ദശാംശം ഉപയോഗിച്ച് 0 മുതൽ 9 വരെയുള്ള ആധുനിക സംഖ്യാ സമ്പ്രദായം ഇന്ത്യൻ ഗണിതശാസ്ത്രജ്ഞരുടെ സംഭാവനയാണ്. മഗധ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ പാടലീപുത്രത്തിൽ 476 എ.ഡി.യിൽ ജനിച്ച ആര്യഭടൻ എ.ഡി. 499-ലാണ് ആര്യഭടീയം രചിക്കുന്നത്. വിസ്തീർണ്ണം, വ്യാപ്തം, പ്രോഗ്രഷൻസ്, ബീജഗണിത ഐഡന്റിറ്റികൾ, ഒന്നാം ഡിഗ്രിയിലെ ഇന്റർമീഡിയറ്റ് സമവാക്യങ്ങൾ, തുടങ്ങി നിരവധി സംഭാവനകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഭൂമി ഒരു ഗോളമാണെന്നും അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നുവെന്നും ആദ്യം പറഞ്ഞത് ആര്യഭടനാണ്. ഗ്രഹണങ്ങൾ രാഹുവിന്റെയും കേതുവിന്റെയോ മറ്റേതെങ്കിലും ‘രാക്ഷസന്മാരുടെയോ’ സൃഷ്ടിയല്ലെന്നും ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിച്ചതുകൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. അങ്ങനെ ഒട്ടനവധി മഹാരഥന്മാരുടെ സംഭാവനകൾ ആ കാലഘട്ടത്തിലെല്ലാം ഉണ്ടായിട്ടുണ്ട്. 4-–ാം നൂറ്റാണ്ടിനും 6-–ാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടം (ഗുപ്ത സാമ്രാജ്യത്തിന്റെ കാലം) ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഗണ്യമായ നേട്ടങ്ങൾ കൈവരിച്ചതിനാൽ, ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം എന്ന് അറിയപ്പെടുന്നു.

എന്നാൽ മേൽ പറഞ്ഞതിനർത്ഥം ആ കാലഘട്ടത്തിലാണ് മനുഷ്യർ ആദ്യമായി ഇത്തരം ചിന്തകൾ വെച്ചുപുലർത്തിയിരുന്നത് എന്നല്ല. ഏകദേശം 12,000 വർഷങ്ങൾക്ക് മുമ്പുള്ള പാലിയോലിത്തിക്ക് കാലഘട്ടത്തിലേത് എന്ന് വിലയിരുത്തപ്പെടുന്ന ‘ജ്യോതിശാസ്ത്ര’ വസ്തുക്കൾ ആൻഡമാനിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു മരത്തടിയിൽ ദിവസേനയുള്ള ചന്ദ്രന്റെ വളർച്ചയും ക്ഷയവും രേഖപ്പെടുത്തുന്ന കലണ്ടർ സ്റ്റിക്കുകളാണ് അവ. കശ്മീരിൽ കാണപ്പെടുന്ന, ഏകദേശം 7,000 വർഷങ്ങൾക്ക് മുമ്പുള്ള ഇരട്ട സൂര്യന്റെയും, കേന്ദ്രീകൃത വൃത്തങ്ങൾ പോലെയുള്ളതുമായ റോക്ക് ആർട്ട് പാറ്റേണുകൾ, യഥാക്രമം ഒരു സൂപ്പർനോവയുടെയും ഉൽക്കാവർഷത്തിന്റെയും ചിത്രീകരണങ്ങളാണെന്നാണ് ഇന്ന് വിലയിരുത്തപ്പെടുന്നത്. സിന്ധു നാഗരികതയിലെ ഏറ്റവും വലിയ നഗരമായ മോഹൻജൊ-ദാരോയിൽ കണ്ടെത്തിയ റിംഗ്‌സ്റ്റോണുകൾ (ചെറിയ തുളകളുടെ നിരകൾ പ്രദർശിപ്പിക്കുന്നത്) വർഷത്തിലെ വിവിധ സമയങ്ങളിൽ സൂര്യോദയത്തിന്റെ ട്രാക്ക് സൂക്ഷിക്കുന്ന കലണ്ടർ ഉപകരണങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നു. മോഹൻജൊ-ദാരോയിലെ തന്നെ തെരുവുകളുടെ കിഴക്ക് പടിഞ്ഞാറ് വിന്യാസം കാര്‍ത്തികനക്ഷത്രത്തെ അടിസ്ഥാനപ്പെടുത്തി ക്രമീകരിച്ചതാണ് എന്നാണ് ഇന്ന് നമ്മൾ മനസ്സിലാക്കുന്നത്. അതായത് എല്ലാ കാലത്തും മനുഷ്യൻ അറിവ് നിർമിച്ചിട്ടുണ്ട്‌. അത് പ്രയോഗിച്ചിട്ടുമുണ്ട്. കൃത്യമായി പറഞ്ഞാൽ തന്റെ തൊഴിൽ അഭിവൃദ്ധിയ്ക്കായി അവൾ / അവൻ പരിസര നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുണ്ട്.

ആറാം നൂറ്റാണ്ടുവരെ ഇന്ത്യൻ ശാസ്ത്രം വളരെ പുരോഗമിച്ചിരുന്നു എന്നാണ് ഇതെല്ലാം കാണിക്കുന്നത്. ശാസ്ത്രത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുക മാത്രമല്ല, ഇതിനകം നേടിയതിനെ നശിപ്പിക്കുകയും ചെയ്ത കാരണങ്ങൾ എന്താണെന്ന് ചിന്തിക്കേണ്ടതുണ്ട്. പാരമ്പര്യങ്ങളുടെ ചങ്ങലകളിൽ നിന്ന് മുക്തമാകുമ്പോൾ മാത്രമാണ് ശാസ്ത്രം വ്യാപിക്കുന്നത്. ഇന്ത്യയിൽ ശാസ്ത്രത്തിന്റെ പുരോഗതിയുടെ കാലഘട്ടം ബുദ്ധമതത്തിന്റെ മഹത്വത്തിന്റെ കൂടി കാലഘട്ടമാണെന്ന് കാണാൻ ബുദ്ധിമുട്ടില്ല. ഒന്നാം നൂറ്റാണ്ടിലെ ബുദ്ധമത ചക്രവർത്തിയായ കനിഷ്കന്റെ കൊട്ടാരത്തിലെ രാജവൈദ്യനായിരുന്നു ചരകൻ. ജീവകൻ ചാണകക്കൂമ്പാരത്തിൽ നിന്നും കണ്ടെത്തപ്പെട്ട ഒരു ശിശുവായിരുന്നു. ബുദ്ധമത പരിതഃസ്ഥിതി കാരണമാവണം അദ്ദേഹത്തിന് വൈദ്യം പഠിക്കാൻ കഴിഞ്ഞത്. അതേ സമയം ബ്രാഹ്മണ പാരമ്പര്യത്തിൽ, കർണ്ണൻ, ഏകലവ്യൻ തുടങ്ങിയവരുടെ കഥകൾ വ്യത്യസ്തമായ ഒരു ചിത്രമാണ് പ്രദാനം ചെയ്യുന്നത്. ദ്രോണാചാര്യൻ ഏകലവ്യന് പ്രവേശനം നിഷേധിക്കുക മാത്രമല്ല, താൻ നൽകാത്ത വിദ്യാഭ്യാസത്തിന് ഏകലവ്യന്റെ പെരുവിരൽ ഗുരുദക്ഷിണയായി ആവശ്യപ്പെടുകയും ചെയ്തു. ബ്രാഹ്മണർക്ക് മാത്രമായി സംവരണം ചെയ്തിരുന്ന പരശുരാമന്റെ ക്ലാസിലേക്ക് ജാതിയുടെ തെറ്റായ പ്രസ്‌താവനയിൽ കർണൻ പ്രവേശനം നേടിയതാണ് ആവശ്യമുള്ള സമയത്തു നേടിയ അറിവ് ഉപകാരപ്പെടാതെ പോകട്ടെ എന്ന ശാപത്തിന്റെ പിന്നിലെ കാരണം.

മുസ്ലീം അധിനിവേശത്തിന് മുമ്പുള്ള ഇന്ത്യയുടെ ചരിത്രം ബ്രാഹ്മണമതവും ബുദ്ധമതവും തമ്മിലുള്ള മാരകമായ സംഘട്ടനത്തിന്റെ ചരിത്രം കൂടിയാണല്ലോ. ബുദ്ധമതത്തിന്റെ പതനത്തിനുശേഷം, ബ്രാഹ്മണർ ആധിപത്യം സ്ഥാപിക്കുകയും ബുദ്ധമതക്കാർ മികവ് പുലർത്തിയ എല്ലാ കാര്യങ്ങളെയും അപലപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തു. ഗ്രഹണത്തെക്കുറിച്ചും ഭൂമിയെ കുറിച്ചുമുള്ള ആര്യഭടന്റെ കണ്ടെത്തലുകളെ പിൽക്കാല ജ്യോതിഷികളായ വരാഹമിഹിരനെയും ബ്രഹ്മഗുപ്തനെയും പോലെയുള്ളവർ തള്ളിക്കളയുകയും അതി കഠിനമായി അപലപിക്കുകയും ചെയ്തിരുന്നു എന്നത് ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്. ബുദ്ധമതക്കാർക്കെതിരായ പോരാട്ടത്തിൽ ഈ സമൂഹത്തിന്മേൽ കലി വർജ്യം അടിച്ചേൽപ്പിക്കപ്പെട്ടു. കപ്പൽ നിർമ്മാണത്തിന്റെ ശാസ്ത്രവും കലയും കലി വർജ്യം തകർത്തു. കലിയുഗത്തിൽ മാറ്റം വരുത്താൻ അനുവാദമില്ലാത്ത കാര്യങ്ങളാണ് കലി വർജ്യം. 55 കാര്യങ്ങളുണ്ട്. കടൽ യാത്രയ്ക്കുശേഷവും ഒരു ബ്രാഹ്മണനെ വീണ്ടും ബ്രാഹ്മണനായി കാണുന്നത് വിലക്കിയിരുന്നു. വിദേശരാജ്യങ്ങളിലേക്കുള്ള യാത്രാ നിരോധനം മൂലം ഇന്ത്യയെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തി കുളത്തിലെ തവളയെപ്പോലെയാക്കി മാറ്റിയത് ആരായിരുന്നു? പുറംലോകവുമായുള്ള ആശയവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടതിനാൽ, പുരോഹിതരുടെ മണ്ടൻ നിർദ്ദേശങ്ങൾ അധികാരത്തിന്റെ വാക്കുകളായി മാറി.

ജാതി ശ്രേണിയുടെ അടിസ്ഥാനത്തിൽ വിവിധ തൊഴിലുകൾ ഗ്രേഡുചെയ്തതും, വർണ്ണ വ്യവസ്ഥ വീണ്ടും കർശനമാക്കി താഴ്ന്ന ജാതികളിൽ നിന്ന് അറിവിനെ പൊതുവിലും ശാസ്ത്രത്തെ പ്രത്യേകിച്ചും അകറ്റി നിറുത്തിയതും ഇതേ പുരോഹിത വിഭാഗമാണ്. എഴുത്ത് വന്നപ്പോൾ, ഗ്രന്ഥങ്ങൾ വളരെ കുറച്ച് ആളുകൾക്ക് മാത്രം മനസ്സിലാകുന്ന ഒരു ലിപിയിലെഴുതി തിരഞ്ഞെടുത്ത ശിഷ്യന്മാർക്ക് മാത്രമേ അത്തരം അറിവ് നൽകാവൂ എന്ന് ആജ്ഞാപിച്ച വരാഹ്മിഹിരന്റെ ഉദാഹരണം ഇവിടെ പ്രസക്തമാണ്. ശാസ്ത്രം ഭൗതിക ലോകത്തെയാണ് കൈകാര്യം ചെയ്യുന്നത്, എന്നാൽ ഈ ലോകം അയഥാർത്ഥമാണെന്ന് നമ്മെ പഠിപ്പിച്ചത് ബ്രാഹ്മണരാണ്. അപ്പോൾ ശാസ്ത്രമോ ?

12 മുതൽ 14 വരെ നൂറ്റാണ്ടുകളിൽ എപ്പോഴോ ജീവിച്ചിരുന്ന ഭാസ്‌കരാചാര്യരെ ഒഴിവാക്കിയാൽ, ഏകദേശം ആറാം നൂറ്റാണ്ട് മുതൽ ബ്രിട്ടീഷുകാർ വന്ന 19-–ാം നൂറ്റാണ്ട് വരെ, ശാസ്ത്ര വിജ്ഞാന മേഖലയിൽ ഒരു പ്രവർത്തനവും ഉണ്ടായിട്ടില്ല. ശാസ്ത്രത്തിന്റെ ഈ അപചയത്തിന് ഇസ്‌ലാമിനെ കുറ്റപ്പെടുത്താൻ കഴിയില്ല. മുസ്ലീങ്ങൾ വരുന്നതിന് വളരെ മുമ്പുതന്നെ ആ തകർച്ച ആരംഭിച്ചിരുന്നു. ഇന്ത്യയിലെ ശാസ്ത്രത്തിന്റെ തകർച്ചയ്ക്കും തോൽവികൾക്കും രാഷ്ട്രീയ പതനത്തിനും കാരണം വർണ്ണ വ്യവസ്ഥയാണ്. വേദങ്ങൾക്ക് പുറത്ത് അറിവില്ല എന്ന് പ്രചരിപ്പിച്ചതിനാൽ ബ്രാഹ്മണർക്ക് മാത്രമുള്ള വിദ്യാലയങ്ങളിൽ ഔപചാരിക വിദ്യാഭ്യാസം വേദങ്ങളിൽ മാത്രമായി ഒതുങ്ങി. വൈശ്യരുടെ കുട്ടികൾ കച്ചവട യാത്രകളിൽ പിതാവിൽ നിന്ന് ഭൂമിശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും അടിസ്ഥാനങ്ങൾ പഠിച്ചു. അതുപോലെ തന്നെ ശൂദ്ര ശില്പികളും അവരുടെ മാതാപിതാക്കളിൽ നിന്ന് പഠിച്ചു. ഈ വിദ്യാഭ്യാസം ആഭ്യന്തരവും പ്രായോഗികവുമായിരുന്നു. ഇതുമൂലം നിരക്ഷരത വർധിച്ചു. വേദങ്ങൾ പഠിക്കാൻ അവകാശമുള്ളവർക്ക് എഴുതാനും വായിക്കാനും അവകാശമുണ്ടായിരുന്നു, മറ്റുള്ളവർക്ക് ഈ അവകാശം നിഷേധിക്കപ്പെട്ടു. അതിനാൽ മനുവിന്റെ നിയമമനുസരിച്ച്, എഴുത്തും വായനയും ഉയർന്ന ജാതിക്കാരുടെ അവകാശമായും നിരക്ഷരത താഴ്ന്ന ജാതിക്കാരുടെ വിധിയായും മാറി. ശാസ്ത്രത്തിന്റെ ഈ തകർച്ചയുടെ ഉത്തരവാദിത്വം മുസ്ലീങ്ങളെയും വിദേശികളെയും പഴിചാരി തങ്ങളുടെ ഭാരവും കുറ്റബോധവും തീർക്കുകയാണ് ഇന്ന് ചിലർ.

സമൂഹത്തെ ആറായിരം ജാതികളായി വിഭജിച്ച്, ഏറ്റവും മുകളിൽ ബ്രാഹ്മണനെ നിർത്തി മേൽക്കോയ്മ നിലനിർത്താൻ ശാസ്ത്രവും സാങ്കേതികവിദ്യയും സാധാരണ ജനങ്ങൾക്ക് അന്യമാക്കിയവർ തന്നെ അതിന്റെ പാപഭാരം ചുമക്കണം. ഭൂമിയിലെ ഈ ദേവന്മാരും അവരുടെ ശിഷ്യരായ ഭരണാധികാരികളും ബഹുജനങ്ങളുടെ വിശാലമായ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുകയും ഈ പ്രശ്നങ്ങൾ അവരുടെ അജൻഡയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നെങ്കിൽ, ശാസ്ത്രത്തിന്റെ വളർച്ച സാധ്യമാക്കാമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ വിദേശികളുടെ കീഴിൽ ഈ രാജ്യം നൂറ്റാണ്ടുകൾ അടിമപ്പെടുമായിരുന്നില്ല. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 + 4 =

Most Popular