Wednesday, October 9, 2024

ad

Homeരാജ്യങ്ങളിലൂടെപലസ്തീനിൽ വേണ്ടത് ശാശ്വത സമാധാനം

പലസ്തീനിൽ വേണ്ടത് ശാശ്വത സമാധാനം

ആര്യ ജിനദേവൻ

ലസ്തീനിലെ താൽക്കാലിക വെടിനിർത്തൽ രണ്ടുദിവസത്തേക്കുകൂടി നീട്ടിയിരിക്കുന്നു. നവംബർ 22ന് ഖത്തറിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ ഇസ്രായേലും ഹമാസും ചേർന്നുണ്ടാക്കിയ പരസ്പര ധാരണപ്രകാരം നാല് ദിവസത്തേക്ക് ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രായേൽ സമ്മതിക്കുകയായിരുന്നു. പലസ്തീനിലെ 150 രാഷ്ട്രീയ തടവുകാരെ ഇസ്രായേൽ വിട്ടയക്കുമ്പോൾ തങ്ങൾ ബന്ദികളാക്കിയ 50 ഇസ്രായേലുകാരെ പലസ്തീൻകാരും വിട്ടയക്കണമെന്നതായിരുന്നു പരസ്പരധാരണ. അങ്ങനെ നടപ്പാക്കിയ വെടിനിർത്തൽ ഇന്നലെ, അതായത് നവംബർ 27 തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ്, അത് രണ്ടുദിവസത്തേക്ക് കൂടി നീട്ടിയത്. 14800 നു മുകളിൽ പലസ്തീൻ പൗരരെ കൊന്നൊടുക്കുകയും 35000ത്തിലധികം പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തതിനുശേഷമാണ് ഒടുവിൽ ഇസ്രയേൽ താൽക്കാലികമായി എങ്കിലും വെടിനിർത്തൽ നടപ്പാക്കാൻ സമ്മതിച്ചത്. രണ്ടുമാസത്തോളമായി ഇസ്രയേൽ നടത്തുന്ന നഗ്നമായ വംശഹത്യയിൽ ഒരു നാടാകെ തകർന്നടിയുകയും വെള്ളവും ഭക്ഷണവും മരുന്നും വൈദ്യുതിയും ഒന്നും തന്നെ ഇല്ലാതെ ഒരു ജനതയാകെ ഒറ്റപ്പെട്ടു പോവുകയും ചെയ്തു. ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റ വർക്കും പുറമേ 7000 ത്തോളം പേർ ഇസ്രയേൽ തകർത്ത ഗസ്സയിലേ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.

ഇത്തരത്തിൽ ഒരു നാടിനെയാകെ സാധ്യമായടത്തോളം നശിപ്പിച്ചതിനുശേഷമാണ് ആഴ്ചകൾനീണ്ട മധ്യസ്ഥ ചർച്ചയിൽ താൽക്കാലികമായെങ്കിലും ഒന്ന് പിൻവലിയുവാൻ ഇസ്രയേൽ തയ്യാറായത്. അതിനു പിന്നിൽ പലസ്തീനിൽ തടവിൽ കഴിയുന്ന ഇസ്രായേൽ പൗരരുടെ കുടുംബങ്ങളുടെ സമ്മർദ്ദവും ഉണ്ടായിട്ടുണ്ട്. ഈ ചുരുങ്ങിയ നാളുകൾ കൊണ്ട് ഒന്നര ദശലക്ഷം പലസ്തീൻകാർ നാടുവിട്ടു; 2,33000 വീടുകൾ ഭാഗികമായും 45 000 വീടുകൾ പൂർണ്ണമായും തകർന്നടിഞ്ഞു; 266 സ്കൂളുകൾ പൂർണമായും തകര്‍ന്നു; 67 സ്കൂളുകൾ പ്രവർത്തനരഹിതമായി; 85 മുസ്ലിം പള്ളികളും മൂന്ന് ക്രിസ്ത്യൻ പള്ളികളും ഇസ്രായേൽ തകർത്തു. ഇത്രയേറെ കടുത്ത വംശഹത്യതന്നെ നേരിടേണ്ടി വന്നിട്ടും പലസ്തീനിലെ ജനങ്ങളുടെ അവധാനതയോടെയുള്ള പിൻവലിയലും ചെറുത്തുനിൽപ്പുമാണ് നാലുദിവസത്തെ വെടിനിർത്തൽ ലഭ്യമാക്കാനും 150 ഓളം രാഷ്ട്രീയ തടവുകാരെ ഇസ്രായേലിൽനിന്നും വിട്ടു കിട്ടാനും വഴിവെച്ചത്.

എന്നാൽ ഈ താൽക്കാലിക വെടിനിർത്തൽ കൊണ്ടൊന്നുംതന്നെ പലസ്തീനിലെ ജനങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്നത്തിന്, ഇസ്രയേലിന്റെ നിരന്തരമായ ആക്രമണത്തിന് പരിഹാരമാവുകയില്ല. പലസ്തീനിലെ ജനങ്ങൾക്ക് ആവശ്യം ശാശ്വതമായ വെടിനിർത്തലാണ്. വർഷങ്ങളായി പലസ്തീന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്ക് ശാശ്വതമായ അന്ത്യംകുറിക്കലാണ് പലസ്തീന് ആവശ്യം. ഗാസയ്ക്കുമേൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധത്തിന് അവസാനം കുറിക്കേണ്ടതും അനിവാര്യമാണ്. അതുപോലെതന്നെ പലസ്തീൻ എന്ന രാജ്യത്തിനുനേരെ നിരന്തരമായ കടന്നാക്രമണങ്ങൾ നടത്തുന്നതിനും അവിടുത്തെ മനുഷ്യരെ നിഷ്‌കരുണം കൊന്നൊടുക്കുന്നതിനും അവരുടെ ഭൂമി അനുദിനം വെട്ടിപ്പിടിക്കുന്നതിനും ഇസ്രയേലിനുവേണ്ട സഹായങ്ങൾ നൽകുന്നതിൽനിന്നും അമേരിക്കയെയും കാനഡയും യൂറോപ്പിനെയും പിന്തിരിപ്പിക്കേണ്ടതും പലസ്തീനിൽ സമാധാനം പുലർത്തുന്നതിന് ആവശ്യമാണ്. ചുരുക്കിപ്പറഞ്ഞാൽ, ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന വംശഹത്യയ്ക്ക് ശാശ്വതമായ അന്ത്യം കുറിക്കുന്നത്വഴി മാത്രമേ ആ നാടിന്റെ ഏറ്റവും വലിയ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ. ഇസ്രയേലിനെയും സാമ്രാജ്യത്വ രാജ്യങ്ങളെയും അതിനു നിർബന്ധിതരാക്കുന്നതിനുവേണ്ടി തെരുവിൽ ഇറങ്ങണമെന്ന് ലോകരാജ്യങ്ങളിലെ ജനങ്ങളോട് പലസ്തീനിലെ സന്നദ്ധ സംഘടനകൾ ആവശ്യപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 5 =

Most Popular