Tuesday, May 21, 2024

ad

തൊഴിൽ ദിനം – 2

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌ ‐ 17

നാരായണമൂർത്തിയുടെ അധികാധ്വാനസിദ്ധാന്തത്തിന്റെ പൊള്ളത്തരം

ണ്ടാം ലോകയുദ്ധത്തിനു ശേഷം വലിയ വ്യാവസായിക പുരോഗതി നേടിയ രാജ്യങ്ങളായ ജർമനിയുടെയും ജപ്പാന്റെയും ഉദാഹരണങ്ങൾ നിരത്തിയാണ് ഇന്ത്യയിലെ തൊഴിൽദിനത്തിന്റെ ദൈർഘ്യം വർധിപ്പിക്കണമെന്ന് നാരായണമൂർത്തി ആവശ്യപ്പെടുന്നത്. വളരെ ഉദാസീനമായി പുറപ്പെടുവിക്കുന്ന ഇത്തരം പ്രസ്താവനകളിൽ അടങ്ങിയിരിക്കുന്ന അയഥാർത്ഥമായ വസ്തുതകൾ നിരവധിയാണ്. ഇവിടെ പല കാര്യങ്ങളും മൂർത്തിയെപ്പോലുള്ളവർ കാണാതെ പോവുകയോ തമസ്കരിക്കുകയോ ചെയ്യുന്നുണ്ട്.

യുദ്ധത്തിൽ തകർന്നടിഞ്ഞ ജർമനിയും ജപ്പാനും അതിനുശേഷമുള്ള ദശകങ്ങളിൽ വലിയ സാമ്പത്തിക വളർച്ച കൈവരിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. ജർമനിയുടെ കാര്യം ആദ്യം പരിശോധിക്കാം. ഹിറ്റ്ലറുടെ ജർമ്മനി രണ്ടാം ലോകയുദ്ധം (1939‐-1945) അവസാനിക്കുമ്പോഴേക്കും സാമ്പത്തികമായി തകർന്നടിഞ്ഞിരുന്നു. യുദ്ധത്തിലേറ്റ സമ്പൂർണ പരാജയം എല്ലാ രീതിയിലും ജർമനിയെ കുടഞ്ഞെറിഞ്ഞിരുന്നു. ജനങ്ങളുടെ ആവാസ കേന്ദ്രങ്ങൾ 20 ശതമാനവും യുദ്ധത്തിൽ സമ്പൂർണമായും ഇല്ലാതായി. പ്രതിശീർഷ ഭക്ഷ്യോല്പാദനം 1938ൽ ഉണ്ടായിരുന്നതിന്റെ പകുതിയായി 1947ൽ കുറഞ്ഞിരുന്നു. ഇതേ കാലയളവിൽ വ്യാവസായികോല്പാദനം മൂന്നിലൊന്നായി ചുരുങ്ങി. ജർമനിയിൽ ഏതാണ്ട് 80 ലക്ഷം പേരാണ് രണ്ടാം ലോകയുദ്ധത്തിൽ കൊല്ലപ്പെട്ടത്, ഇതിൽ ഭൂരിപക്ഷവും പണിയെടുക്കുന്ന പ്രായത്തിലുള്ളവരായിരുന്നു.

പക്ഷെ ഇത്ര വലിയ സാമ്പത്തികാഘാതം ഉണ്ടായിട്ടും രണ്ടു പതിറ്റാണ്ടു കഴിയുമ്പോഴേക്കും ജർമ്മനി ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഉയർന്നു. യുദ്ധത്തിനുശേഷം ഒരു ദശകം കഴിയുമ്പോൾതന്നെ ജർമനിയിലെ ഇക്കണോമിക് മിറാക്കിളിനെക്കുറിച്ച് ലോകം ചർച്ച ചെയ്യാൻ തുടങ്ങി. ഇത് എങ്ങിനെ സാധിച്ചു എന്ന് മനസിലാക്കിയാൽ മാത്രമേ നാരായണമൂർത്തിയുടെ അധികാധ്വാന സിദ്ധാന്തത്തിന്റെ അർത്ഥശൂന്യത മനസിലാവുകയുള്ളൂ. സഖ്യശക്തികളുടെ നിയന്ത്രണത്തിലായിരുന്ന പശ്ചിമ ജർമനി വലിയതോതിലുള്ള നിർമാണപ്രവർത്തനങ്ങൾക്കാണ് യുദ്ധാനന്തര കാലയളവിൽ സാക്ഷ്യം വഹിച്ചത്. അമേരിക്കയും ബ്രിട്ടനുമടങ്ങുന്ന സഖ്യകക്ഷികൾ ‘മാർഷൽ പ്ലാൻ’ എന്നറിയപ്പെടുന്ന സാമ്പത്തിക സഹായ പാക്കേജ്, യുദ്ധത്തിൽ തകർന്ന യൂറോപ്പിനെ പുനരുദ്ധരിക്കാനും സോവിയറ്റ് യൂണിയന്റെ സ്വാധീനം യൂറോപ്പിൽ വ്യാപിക്കുന്നത് തടയാനുമായി നടപ്പിലാക്കിയിരുന്നു. 13 ബില്യൺ ഡോളറിന്റെ സഹായമാണ് അമേരിക്ക ഇതുവഴി യൂറോപ്യൻ രാജ്യങ്ങൾക്ക് നൽകിയത്. ഇതിൽ 2 ബില്യനാണ് ജർമനിക്ക് നൽകിയത്. പക്ഷെ ഇത് ജർമനിയുടെ ദേശീയ വരുമാനത്തിന്റെ 2 ശതമാനം മാത്രം വരുന്ന തുകയായിരുന്നു. ജർമനിയുടെ പുനരുദ്ധാരണത്തിൽ മാർഷൽ പ്ലാൻ അത്ര നിർണായക പങ്കു വഹിച്ചിട്ടില്ല. യുദ്ധാനന്തരകാലത്ത് ആഭ്യന്തര സാമ്പത്തികരംഗത്ത് നിലനിന്നിരുന്ന ചില സവിശേഷ ഘടകങ്ങളാണ് ജർമനിയിലെ സാമ്പത്തിക കുതിപ്പിന് കാരണമായത്.

യുദ്ധാനന്തര കാലഘട്ടത്തിൽ അവശ്യവസ്തുക്കളുടെ ക്ഷാമം അതിരൂക്ഷമായിരുന്നു. പക്ഷേ, നിർമാണപ്രവർത്തനങ്ങൾ സജീവമായി നടന്നതുകൊണ്ട് തൊഴിലിന് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. ജനങ്ങളുടെ കൈവശം ധാരാളമായി കാശുണ്ടായിരുന്നു, വാങ്ങാൻ ഭക്ഷ്യവസ്തുക്കളില്ല എന്നതായിരുന്നു ഒരു പ്രധാന പ്രശ്നം.

അമേരിക്കൻ സാമ്പത്തികവിദഗ്ദരായിരുന്നു ജർമനിയിൽ അക്കാലത്തെ സാമ്പത്തികനയങ്ങൾ തീരുമാനിച്ചിരുന്നത്. എല്ലാ വിലനിയന്ത്രണങ്ങളും എടുത്തുകളഞ്ഞു. തൊഴിലിന് ഒരു കുറവുമില്ല എന്നതും ജനങ്ങളുടെ കൈവശം ആവശ്യത്തിന് പണമുണ്ടായിരുന്നതും സ്വന്തന്ത്ര കമ്പോളവ്യവസ്ഥയ്ക്ക് കുതിക്കാൻ വേണ്ടത്ര ഇന്ധനം പകർന്നു. ഒരർത്ഥത്തിൽ പാശ്ചാത്യ മുതലാളിത്തത്തിന്റെ വളർച്ചയ്ക്ക് കളമൊരുക്കിയത് യുദ്ധാനന്തര യൂറോപ്പിലെ പുനർനിർമാണ പ്രവർത്തനങ്ങളാണ് എന്ന് വേണമെങ്കിൽ പറയാം. ഇത് ജോലിയിലേർപ്പെടുന്ന തൊഴിലാളികളുടെ മനോഭാവത്തെയും വലിയ രീതിയിൽ സ്വാധീനിച്ചു.

തൊഴിലിടങ്ങളിൽ നിന്ന് വെറുതെ വിട്ടുനിൽക്കുന്ന അവസ്ഥ – ഇംഗ്ലീഷിൽ absenteeism എന്ന് പറയുന്ന പ്രതിഭാസം – ഗണ്യമായി കുറഞ്ഞു. മെയ് 1948ൽ 9.5 മണിക്കൂറായിരുന്ന ഈ പ്രതിഭാസം ഒക്ടോബറിൽ 4.2 മണിക്കൂറായി കുറഞ്ഞു. വ്യാവസായികോല്പാദനം കുതിച്ചുയർന്നു. 1948നെ അപേക്ഷിച്ച് ഇത് 6 മടങ്ങായി വർദ്ധിച്ചു. പ്രതിശീർഷ ഉത്പാദനം 3 മടങ്ങായി.

ഉല്പാദനം ഇത്തരത്തിൽ വർധിക്കുന്നതിന് അവശ്യം വേണ്ടതെന്താണ്? ഒറ്റ വാക്കിൽ ഇതിനുള്ള ഉത്തരം ആവശ്യത്തിന് ഡിമാന്റ് ഉണ്ടായിരിക്കണം എന്നതാണ്. ഡിമാന്റില്ലെങ്കിൽ ഉല്പാദനം വർധിക്കില്ല എന്നത് ഏറ്റവും ലളിതമായ സാമ്പത്തികശാസ്ത്രപാഠമാണ്. ഒരു സമ്പദ്‌വ്യവസ്ഥയിൽ തൊഴിലാളികളുടെ ആവശ്യകതയും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉല്പാദിക്കപ്പെടുന്ന ചരക്കുകൾക്ക് ആവശ്യക്കാരില്ലെങ്കിൽ ഉല്പാദനപ്രവർത്തനങ്ങൾ താനെ താഴേക്ക് പോരും. ആവശ്യക്കാർ കൂടുകയാണെങ്കിൽ ഉത്പാദനം കൂടും. അതിനനുസരിച്ച് തൊഴിലാളികളുടെ, തൊഴിൽ സമയത്തിന്റെ ആവശ്യകതയും കൂടും. യുദ്ധാനന്തര ജർമനിയിലെ സാഹചര്യം കടുത്ത ഡിമാന്റിന്റേതായിരുന്നു. യുദ്ധം ഇല്ലാതാക്കിയ അധ്വാനശേഷിയുള്ള മനുഷ്യർക്ക് പകരം തൊഴിൽശക്തി എങ്ങനെയും കണ്ടെത്തേണ്ടതുണ്ടായിരുന്നു. ഇതാണ് തൊഴിൽ മേഖലയിലുള്ളവർക്ക് കൂടുതൽ സമയം പണിയെടുക്കാൻ അവസരമുണ്ടാക്കിയത്. അതല്ലാതെ തൊഴിലാളികൾ അധികസമയം പണിയെടുത്തതുകൊണ്ട് ജർമ്മനി കുതിച്ചുയർന്നതല്ല.

നാരായണമൂർത്തിയുടെ കണ്ണിൽപെടാതെ പോകുന്നത് ഡിമാൻന്റ് എന്ന ഈ അടിസ്ഥാന വസ്തുതയാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ തൊഴിൽശക്തിയുടെ ദൗർലഭ്യമല്ല, ആധിക്യമാണ് നിലനിൽക്കുന്നത്. തൊഴിലില്ലായ്മ നിരക്കുകൾ വളരെ ഉയർന്നു നിൽക്കുകയാണ്, വർധിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിലാളികൾ അധ്വാനിക്കാൻ തയ്യാറാണെങ്കിൽപോലും തൊഴിൽശക്തി ആവശ്യപ്പെടുന്ന സാഹചര്യമുണ്ടാകണം. ആഴ്ചയിൽ 70 മണിക്കൂർ തൊഴിലാളികൾ പണിയെടുക്കണം (ആഴ്ചയിലെ ശരാശരി തൊഴിൽ സമയം ഐടി മേഖലയിൽ 40 മണിക്കൂറാണ്. ഒരു ദിവസം 8 മണിക്കൂർ വെച്ച് ആഴ്ചയിൽ 5 മണിക്കൂർ) എന്ന് പറയുന്ന മൂർത്തി തന്റെ കണ്മുൻപിൽ അടുത്ത നാളിൽ നടന്ന മറ്റു ചില സംഭവങ്ങളും കാണാതെ പോകുന്നുണ്ട് . അല്ലെങ്കിൽ കണ്ടില്ല എന്ന് നടിക്കുന്നുണ്ട്.

കോവിഡാനന്തര കാലത്തുണ്ടായ മാന്ദ്യത്തെത്തുടർന്ന് സമ്പദ് വ്യവസ്ഥകളിലുണ്ടായ ഇടിവ് പല മേഖലകളെയും ബാധിച്ചു. വലിയ കമ്പനികൾ കൂട്ടപിരിച്ചുവിടൽ ആരംഭിച്ചു. ഗൂഗിളും ആമസോണും പോലുള്ള ഭീമൻ ബഹുരാഷ്ട്ര കമ്പനികൾ പതിനായിരക്കണക്കിന് ആൾകാരെയാണ് നിന്നനില്പിൽ പറഞ്ഞുവിട്ടത്. ലോകമെമ്പാടും ഇത് സംഭവിച്ചു. ഐടി കമ്പനികളിലെ ബെഞ്ചിന്റെ നീളം ദിനംപ്രതി കൂടി. ബെഞ്ച് എന്ന് പറയുന്നത്, താത്കാലികമായി പണിയില്ലാതെയിരിക്കുന്ന തൊഴിലാളികളെ സൂചിപ്പിക്കുന്നതാണ്. പുതിയ പ്രൊജെക്ടുകൾ ഒന്നുമില്ലെങ്കിൽ പണിയെടുത്തുകൊണ്ടിരുന്ന തൊഴിലാളികൾ ആദ്യം ബെഞ്ചിലാകും. ഏതാനും മാസങ്ങൾക്കകം പ്രൊജക്റ്റ് വന്നില്ലെങ്കിൽ നേരെ പണിയിൽനിന്നും പറഞ്ഞുവിടും. ഇത്തരമൊരു സാഹചര്യം ഇപ്പോഴും തുടരുകയാണ്. താരതമ്യേന പരുക്കേൽക്കാത്ത ഐ ടി കമ്പനികൾ പോലും പുതിയ റിക്രൂട്ട്മെന്റുകൾ ഗണ്യമായി കുറച്ചു.

അതിനാൽ യുദ്ധാനന്തര ജർമനിയിലെ സ്ഥിതിവിശേഷം ഏതു സാഹചര്യത്തിലും എടുത്തുപയറ്റാൻ പറ്റുന്ന ഒരുദാഹരണമല്ല. Truth is contextual എന്ന കാര്യം മൂർത്തിമാർ ഇവിടെ മറക്കുന്നു. ജർമനിയിലെ അന്നത്തെ സാഹചര്യത്തെ ഇന്നത്തെ ഇന്ത്യൻ അവസ്ഥയുമായി ഒന്ന് തട്ടിച്ചുനോക്കൂ. 2000ത്തിനു ശേഷമുണ്ടായാ സാമ്പത്തിക വളർച്ചയുടെ ഏറ്റവും പ്രധാന സവിശേഷത അത് jobless growth ആയിരുന്നു എന്നതാണ്. തൊഴിലില്ലാത്തവരുടെ എണ്ണം റെക്കോർഡ് തകർത്തുകൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യയിൽ ജോലിയുള്ളവർ 40 മണിക്കൂർ ആഴ്ചയിൽ പണിയെടുക്കണം എന്നത് മാറ്റി 70 മണിക്കൂറാക്കണം എന്ന് പറയുന്നത്‌ എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് (ഇത് ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്ത് സൈദ്ധാന്തികമായി വിശദീകരിച്ചിട്ടുണ്ട്). മൂർത്തിക്ക് നേരിട്ട് പരിചയമുള്ള ഐടി മേഖലയുടെ മാത്രം കാര്യമാണിത് എന്ന് വേണമെങ്കിൽ വാദിക്കാം. കാരണം വൈദഗ്ദ്യമുള്ളവർക്ക് ഇന്ത്യൻ ഐടി മേഖലയിൽ തൊഴിലിന് ഇപ്പോഴും പഞ്ഞമില്ല. എന്നു മാത്രമല്ല കോവിഡ് കാലത്ത് മറ്റ് മേഖലകൾ പലതും തകർന്നടിഞ്ഞപ്പോഴും ഐടി മേഖല വലിയ വളർച്ച നേടി. ഇതിന്റെ ഏറ്റവും പ്രധാന കാരണം ലോക്ക്ഡൗണുകൾ വലിയ തോതിൽ പരമ്പരാഗതമായി നടന്നുവന്നിരുന്ന പല പ്രവൃത്തികളെയും ഡിജിറ്റൈസ് ചെയ്തു എന്നതാണ്. ഓൺലൈൻ ലേർണിംഗ്, ഇ‐കോമേഴ്‌സ് മേഖലകൾ തടിച്ചുവളർന്നു. ഇത് ഐടി പ്രൊഫഷനലുകളുടെ ഡിമാൻഡ് ഉയർത്തി. വീട്ടിലിരുന്നു പണിയെടുക്കാവുന്ന സ്ഥിതി നോർമലൈസ് ചെയ്യപ്പെട്ടതോടെ തൊഴിൽശക്തിയുടെ ചലനാത്മകത വർദ്ധിച്ചു. ഒരുപക്ഷെ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാൻ ഐടി മേഖല ബുദ്ധിമുട്ടിയ സാഹചര്യമായിരിക്കണം ഉള്ളവരെക്കൊണ്ട് കൂടുതൽ പണിയെടുപ്പിക്കണം എന്ന ചിന്ത മൂർത്തിയിൽ സൃഷ്ടിച്ചത്. പക്ഷെ ഐടി മേഖലയുടെ അടിസ്ഥാന സ്വഭാവം തന്നെ അതൊരു ആശ്രിതമേഖലയാണ് എന്നതാണ്. നമ്മുടെ നാട്ടിലേക്ക് ഔട്ട്‌സോഴ്സ് ചെയ്യപ്പെടുന്ന മഹാഭൂരിപക്ഷം ഐടി തൊഴിലുകളും ബിസിനസ്സ് പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാനുള്ളതാണ്. അപ്പോൾ ആ പ്രൈമറി മേഖലകൾ തകർന്നാൽ ഐടി മേഖലകളിലെ പണിയും പോകും. അല്പം ദീർഘകാലയളവിലായിരിക്കും ഇത് സംഭവിക്കുക എന്നുമാത്രം. നിലവിൽ അത്തരമൊരു അവസ്ഥയിലേക്ക് ഐടി മേഖല നീങ്ങുകയുമാണ്.

ഇത്തരമൊരു സാഹചര്യത്തിൽ നാരായണമൂർത്തിയുടെ അധികാധ്വാന സിദ്ധാന്തം ചരിത്രത്തിന്റെയോ സാമ്പത്തിക ശാസ്ത്രത്തിന്റെയോ പിൻബലമില്ലാത്തതാണ് എന്ന് മനസിലാക്കാൻ സാമാന്യ യുക്തിയും പരിമിതമായ ചരിത്രബോധവും തന്നെ ധാരാളം.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 1 =

Most Popular