ഒന്ന്:
നുണരാജ്യത്തിലേക്കുള്ള സൈറൺ മുഴക്കത്തോടെ വേദി തെളിയുന്നു.
വേദിയുടെ പിന്നരങ്ങിൽ നുണവചനങ്ങൾ കുറിച്ച തിരശ്ശീലയുടെ ചെറുദ്വാരങ്ങളിലൂടെ നുണയന്മാരുടെ തിരനോട്ടം.
അല്പനേരം!
ഒരു ശബ്ദധ്വനി:
“നുണരാജന്റെ കൊട്ടാരത്തിലേക്ക് സ്വാഗതം’
ഭീകര സംഗീതത്തിന്റെ മുഴക്കത്തോടെ ഒരു യന്ത്രത്തിനുള്ളിൽ നിന്നും കാവി തിരശ്ശീല പോലെ നുണരാജന്റെ നാവ് നീണ്ടുവരുന്നു. നാവ് നിറയെ നുണവചനങ്ങൾ കുറിച്ചിരിക്കുകയാണ്. അത് ഒരു ഭീകരസർപ്പത്തെ പോലെ നീണ്ടുവന്നു വേദിയുടെ മുൻനിര തൊടുന്നു. കാവി വേഷധാരിയായ ഒരു പൂജാരി പ്രവേശിച്ച് നാവിന് പൂജയർപ്പിക്കുന്നു. അരങ്ങാകെ നിറയുന്ന മന്ത്രധ്വനികൾ.
കാവിഭക്തന്മാർ പല ദിക്കിൽനിന്നുംപ്രവേശിച്ച്ഭക്തിപൂർവംതൊഴുതു നിൽക്കുന്നു. പൂജാരി എല്ലാഭക്തർക്കും പൂജ കഴിഞ്ഞ് പ്രസാദംനൽകുന്നു. ഭക്തന്മാർ അത് നിറഞ്ഞ ഭക്തിയോടെ വാങ്ങി ഒരേ സ്വരത്തിൽ ഒരു മന്ത്രധ്വനി പോലെ പറയുന്നു:
“നുണരാജൻ നീണാൾ വാഴട്ടെ’
രണ്ട്:
രണ്ട് നുണ ഭക്തന്മാർ തമ്മിൽ നുണസ്തുതികൾ ചൊല്ലുകയാണ്.
ഒന്നാമൻ: നുണ രാജൻ ഒന്നാം വട്ടം ജയിച്ചപ്പോ നാടൊന്നു നടുങ്ങി.
രണ്ടാമൻ: അതെ ! നാട്ടാരുടെനട്ടെല്ലൊക്കെ വളഞ്ഞു.
ഒന്നാമൻ: നുണരാജന്റെ വളർച്ചയ്ക്ക് കരുത്തായി കൊല്ലും കൊലയും വളർന്നു.
രണ്ടാമൻ: (താളത്തിൽ) രണ്ടാംവട്ടംജയിച്ചപ്പോഴോ?
ഒന്നാമൻ: ജനത്തിന്റെ നട്ടൊല്ലൊടിഞ്ഞു.
രണ്ടാമൻ: പാവംജനം. കഷ്ടപ്പാടിന്റെ കലത്തിൽ വെന്തുരുകുന്നു.
ഒന്നാമൻ: സമ്പന്നർ വളർന്ന് ആകാശം തൊടുമ്പോ, ദരിദ്രരെല്ലാം പാതാളത്തിലേക്ക് താഴ്ന്നുപോകുന്നു.
രണ്ടാമൻ: നുണവളരുന്തോറും നുണ രാജന് കരുത്തു കൂടുന്നു.
ഒന്നാമൻ: നുണ രാജന്റെ ഭരണകാലത്ത് സത്യത്തിന് യാതൊരു വിലയുമില്ല.
രണ്ടാമൻ: (പരിഹാസം) സത്യം ചെരുപ്പിടാൻ തുടങ്ങുമ്പോഴേക്കും നമ്മുടെ മിടുക്കനായ നുണ ലോകം ചുറ്റിക്കഴിഞ്ഞിരിക്കും.
ഒന്നാമൻ: (ചിരിയോടെ ) അതെ ……. അതെ !!
രണ്ടാമൻ: ഉറപ്പുള്ള നുണക്കല്ലുകൾ കൊണ്ട് അധികാരക്കൊട്ടാരം പണിതതുകൊണ്ടാ മഹാരാജൻ രണ്ടാം വട്ടവും രാജാധികാരത്തിലെത്തിയത്.
ഒന്നാമൻ: പണ്ടുമുതലേ രാജാവിന് നുണകളോട് വല്ലാത്ത പ്രണയമാ.
രണ്ടാമൻ: നേര് കണ്ടാ കോപിക്കും.
ഒന്നാമൻ: നേരിനൊപ്പം നിൽക്കുന്നോരെയെല്ലാം കൊന്നൊടുക്കും.
ഇരുവരും: (ഒരേ സ്വരം)
നുണ വളരട്ടെ … രാജ്യം തകരട്ടെ…
(ഇരുവരും ചിരിക്കുന്നു.)
മൂന്ന്:
നുണയൻ രാജാവ് തുഴയില്ലാത്ത തോണിയിൽ സഞ്ചരിക്കുന്ന ദൃശ്യം.
ശക്തമായ കൊടുങ്കാറ്റടിക്കുന്നു.
തോണി ഉലയുന്നു.
രാജാവ് രക്ഷയ്ക്കായി തോണി നിയന്ത്രിക്കാൻ ശ്രമിക്കുന്നു.കഴിയുന്നില്ല. തോണി ലക്ഷ്യം തെറ്റി മുങ്ങുന്നു.
രാജാവിന്റെ നിലവിളി.
പിന്നരങ്ങിൽ നുണക്കൊട്ടാരത്തിന്റെ കല്ലുകൾ പൊളിഞ്ഞ് കൊട്ടാരം തകരുന്ന ദൃശ്യം.
ജനത്തിന്റെ വിജയാഹ്ളാദം.
നുണക്കൊടികൾ താഴ്ന്ന് നേരിന്റെകൊടികൾ ഉയരുന്നു.
ആഹ്ലാദ സംഗീതത്തോടെ വെളിച്ചം പതിയെ അരങ്ങൊഴിയുന്നു. ♦