Wednesday, May 8, 2024

ad

Homeരാജ്യങ്ങളിലൂടെഏതൻസ് ഉയിർത്തെഴുന്നേൽപ്പിന് അൻപതാണ്ട്

ഏതൻസ് ഉയിർത്തെഴുന്നേൽപ്പിന് അൻപതാണ്ട്

ടിനു ജോർജ്‌

രിത്രപ്രസിദ്ധമായ ഏതൻസ് പോളിടെക്നിക്ക് ഉയിർത്തെഴുന്നേൽപ്പിന് അഥവാ പോളിടെക്നിക്ക് വിദ്യാർത്ഥി പ്രക്ഷോഭത്തിന് അമ്പതാണ്ട്. 1973 നവംബർ 17 നു നടന്ന ഏതൻസ് പോളിടെക്നിക് വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ അൻപതാമത് വാർഷിക ദിനാചരണം 2023 നവംബർ 17ന് ഗ്രീസിലെ പുരോഗമന വിഭാഗങ്ങൾ ചേർന്ന് സംഘടിപ്പിക്കുകയുണ്ടായി. ദിനാചരണത്തിന്റെ ഭാഗമായി ഏതന്‍സ് പോളിടെക്നിക്കിൽ നിന്ന് ആരംഭിച്ച വമ്പിച്ച ബഹുജന റാലി അമേരിക്കൻ എംബസി അടക്കം നഗരത്തിന്റെ വിവിധ ഭരണസിരാകേന്ദ്രങ്ങളിലൂടെ കടന്നുപോയി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഗ്രീസ് (KKE), കമ്മ്യൂണിസ്റ്റ് യൂത്ത് ഓഫ് ഗ്രീസ് (KNE), സ്റ്റുഡൻസ് സ്ട്രഗ്ഗ്ൾ ഫ്രന്റ് (MAS), ഫെഡറേഷൻ ഓഫ് ഗ്രീക്ക് വുമൺ (OGE), ഹെലനിക് കമ്മിറ്റി ഫോര്‍ ഇൻറർനാഷണൽ ഡിറ്റന്റെ ആൻഡ് പീസ് (EEDYE), ഓൾ വർക്കേഴ്സ് മിലിട്ടണ്ട് ഫ്രന്റ് (PAME) തുടങ്ങിയ വിവിധ സംഘടനകളുടെ ആയിരക്കണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുക്കുകയും സാമ്രാജ്യത്വത്തിനും ഫാസിസത്തിനും സൈനിക സ്വേച്ഛാധിപത്യത്തിനും എതിരായ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

1973 നവംബർ 14ന് ഏതൻസ് പോളിടെക്നിക്കിലെ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിനോട് അമേരിക്കൻ പിന്തുണയോടെയുള്ള ഗ്രീക്കിന്റെ അന്നത്തെ സൈനിക അട്ടിമറി സംഘം വളരെ കടുത്ത രീതിയിൽ തന്നെ പ്രതികരിക്കുകയും വിദ്യാർത്ഥികളോട് ഭരണകൂടം നേരിട്ട് യുദ്ധപ്രഖ്യാപനം നടത്തുകയും ചെയ്തു. നവംബർ 17ന് പോളിടെക്നിക് കെട്ടിടത്തിന്റെ കവാടങ്ങൾ കടന്നു സുരക്ഷാ ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്ക് നേരെ നടത്തിയ നരനായാട്ടിൽ 40 വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്ന ‘ഡിയോമിതിസ് കോമിൻനോസ’യായിരുന്നു ആദ്യത്തെ രക്തസാക്ഷി. പോളിടെക്നിക്കിന്റെ പ്രധാന കവാടത്തിനെതിരെ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിലാണ് ‘ഡിയോമിതിസ്’ കൊല്ലപ്പെട്ടത്. തുടർന്ന് നടത്തിയ മൃഗീയമായ ആക്രമണത്തിൽ 40 വിദ്യാർത്ഥികളുടെ ജീവനാണ് പൊലിഞ്ഞത്. അതുകൊണ്ടുതന്നെ പോളിടെക്നിക്ക് വിദ്യാർത്ഥി പ്രക്ഷോഭം ഗ്രീക്കിലെ സൈനിക അട്ടിമറി വാഴ്ച്ചയുടെ അവസാനത്തിന് തുടക്കം കുറിക്കുന്നതായി മാറി. അത് സ്വേച്ഛാധിപത്യത്തിനെതിരായ ചെറുത്തുനിൽപ്പായി ഉയർന്നു. വലിയ രീതിയിലുള്ള ജനകീയ പ്രക്ഷോഭം രാജ്യത്ത് ഉയർന്നുവരികയും ജനങ്ങൾ വിജയം കൈവരിക്കുകയും ചെയ്തു .ഓർമ്മകളുടെ 50 വർഷം പൂർത്തിയായ നവംബർ 17ന് നടത്തിയ പ്രസംഗത്തിൽ ഗ്രീക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി ‘ദിമിത്രിസ്‌ കൗസമ്പാസ്’ ഇങ്ങനെ പറഞ്ഞു, ‘‘50 വർഷം പിന്നിട്ട പോളിടെക്നിക്ക് പ്രക്ഷോഭം നമുക്കെല്ലാം ആവേശം പകരുന്ന ഒന്നാണ്. ഇപ്പോൾ നടക്കുന്നതും ഭാവിയിൽ നടക്കാൻ പോകുന്നതുമായ എല്ലാ പോരാട്ടങ്ങൾക്കും അത് ആവേശം പകരുന്നു’’.

പോളിടെക്നിക് പ്രക്ഷോഭത്തിൽ നിന്നും ആവേശം ഉൾക്കൊണ്ടുകൊണ്ട് രാജ്യത്തെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും സംയുക്ത പ്രസ്ഥാനം ഫാസിസത്തിനും സ്വകാര്യവൽക്കരണത്തിനും കലാലയങ്ങളുടെ സൈനികവത്കരണത്തിനും എതിരായി നിരന്തരമായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഗ്രീസിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇക്കാലയളവിൽ പാർലമെന്റിലും തദ്ദേശ സ്ഥാപനങ്ങളിലുമുള്ള അതിന്റെ പ്രാതിനിധ്യവും അടിത്തറയും ശക്തിപ്പെടുത്തുകയും നവലിബറൽ സാമ്രാജ്യത്തനുകൂല നയങ്ങൾക്കെതിരായ ജനകീയ പ്രക്ഷോഭം കൂടുതൽ തീവ്രമാക്കുകയും ചെയ്തിട്ടുണ്ട്.

പോളിടെക്നിക് പ്രക്ഷോഭത്തിന്റെ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രകടനം പലസ്തീനോടുള്ള ഐക്യദാർഢ്യപ്രകടനമാക്കി മാറ്റാനും സംഘടകർ തയ്യാറായി. ഇസ്രായേലിന്റെ വംശഹത്യാപരമായ യുദ്ധത്തെ അനുകൂലിക്കുന്ന നടപടി ഗ്രീക്ക് ഗവൺമെന്റ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടാനും പരിപാടിയുടെ സംഘാടകർ മറന്നില്ല എന്നതും കൂടുതൽ പ്രതീക്ഷാനിർഭരമായ ഒന്നാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 + eighteen =

Most Popular