അരനൂറ്റാണ്ടുമുമ്പ് കോൺഗ്രസ് ഇൻഡിക്കേറ്റും സിൻഡിക്കേറ്റുമായി വേർപിരിഞ്ഞ കാലം മുതൽ മുമ്പു ചെയ്തിരുന്നതുപോലെ, ആ സംഘടനയിൽ തിരഞ്ഞെടുപ്പിലൂടെയല്ല വിവിധ തട്ടുകളിലുള്ള കമ്മിറ്റികളെ തിരഞ്ഞെടുക്കാറുള്ളത്. എല്ലാം നിലവിലുള്ള കമ്മിറ്റി നോമിനേഷൻ വഴി നിയമിക്കുകയാണ് പതിവ്. പലപ്പോഴും അത് നേതാവ് നടത്തുന്ന നിയമനമാകാറുണ്ട്. കേരളത്തിൽ യൂത്ത് കോൺഗ്രസ് ആ പതിവിനുപകരം തിരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ കണ്ടെത്തുന്ന വഴക്കമാണ് സ്വീകരിച്ചുപോന്നത്. അതുവഴി ‘മൂത്ത’ കോൺഗ്രസ്സിനു യൂത്ത് കോൺഗ്രസ് നേതൃത്വത്തെ രൂപപ്പെടുത്തുന്നതിൽ പലപ്പോഴും ഒരു പങ്കും ഇല്ലാതായി. മറ്റ് കക്ഷികളുടെ യുവജന സംഘടനകളിൽനിന്നു വ്യത്യസ്തമാണ് യൂത്ത് കോൺഗ്രസ്. (സിപിഐ എം അംഗമല്ലാത്തവർ ആയിരിക്കും ഡിവെെഎഫ്ഐയിൽ ഏറെപേരും. എന്നാൽ കോൺഗ്രസ്സിൽ അംഗത്വമോ അതിനോട് വിധേയത്വമോ ഉള്ളവർ മാത്രമേ യൂത്ത് കോൺഗ്രസ്സിൽ ഉണ്ടാകൂ.)
ഇത്തവണത്തെ യൂത്ത് കോൺഗ്രസ് നേതാക്കളെ തിരഞ്ഞെടുത്തത് പൊതുതിരഞ്ഞെടുപ്പിന്റെ മാതൃക പിന്തുടർന്നുകൊണ്ടാണ്. വോട്ടർമാർക്ക് പൊതുതിരഞ്ഞെടുപ്പിനു തിരഞ്ഞെടുപ്പു കമ്മീഷൻ ഏർപ്പെടുത്തുന്നതുപോലുള്ള തിരിച്ചറിയൽ കാർഡ് അവർ വിതരണം ചെയ്തു. തിരഞ്ഞെടുപ്പു കമ്മീഷന്റെ കാർഡ് യൂത്ത് കോൺഗ്രസ് വോട്ടറെ തിരിച്ചറിയുന്നതിനുപയോഗിക്കുന്നതിനെ ആർക്കും എതിർക്കാനാവില്ല. എന്നാൽ, അതേ വലുപ്പത്തിലും അതേ ഉള്ളടക്കത്തോടെയും യൂത്ത് കോൺഗ്രസ് തിരിച്ചറിയൽ കാർഡ് നിർമിച്ചു വിതരണം ചെയ്തത് മറ്റു പല ആവശ്യങ്ങൾക്കും ദുരുപയോഗം ചെയ്യാനുള്ള വഴി തുറക്കുന്നു.
ഒട്ടു വളരെ വ്യാജ തിരിച്ചറിയൽ കാർഡുകൾ യൂത്ത് കോൺഗ്രസ് നേതൃത്വം നിർമിച്ച് അവരുടെ തിരഞ്ഞെടുപ്പിൽ കള്ളവോട്ടിനുപയോഗിച്ചതായി ആ സംഘടനയിലെ ചില അംഗങ്ങൾ തന്നെ അതിന്റെ നേതൃത്വത്തോട് പരാതിപ്പെട്ടിരിക്കുന്നതായി വാർത്ത വന്നു. പൊതുതിരഞ്ഞെടുപ്പിനുപയോഗിക്കുന്ന തിരിച്ചറിയൽ കാർഡുതന്നെ യൂത്ത് കോൺഗ്രസ് നേതൃത്വം കൃത്രിമമായി വൻതോതിൽ നിർമിച്ച് വിതരണം ചെയ്തതായി ഡിവെെഎഫ്ഐയും കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും പൊലീസിനോട് പരാതിപ്പെട്ടിട്ടുണ്ട്. അത് സംബന്ധിച്ച് സമഗ്രാനേ-്വഷണം വേണമെന്നാണ് അവരുടെ ആവശ്യം. പൊലീസ് അനേ-്വഷണം നടത്തി എന്താണ് സംഭവിച്ചത് എന്നു വെളിവാക്കട്ടെ. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന്റെ പേരിൽ പൊതു തിരഞ്ഞെടുപ്പിനു ഉപയോഗിക്കുന്ന തിരിച്ചറിയൽ കാർഡ് വൻതോതിൽ കൃത്രിമമായി സൃഷ്ടിച്ച് വിതരണം ചെയ്തവർ ആരായാലും, അവരെയും അവരുടെ ചെയ്തികളെയും അനേ-്വഷിച്ചു കണ്ടെത്തി തക്ക നടപടികെെക്കൊള്ളേണ്ടത് പാർലമെന്ററി ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പു പ്രക്രിയയുടെ പരിശുദ്ധി നിലനിർത്തുന്നതിനു ഒഴിവാക്കാനാവാത്തതാണ്. എല്ലാറ്റിലും കൃത്രിമം എന്നത് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിലേക്കും അതുവഴി സർക്കാർ രൂപീകരിക്കുന്നതിലേക്കും കൂടി വ്യാപിച്ചാൽ, ജനാധിപത്യ ഭരണവ്യവസ്ഥ തന്നെ കള്ളനാണയമായി മാറും. ജനാധിപത്യപ്രക്രിയ തന്നെ അതോടെ നിരർഥകമാകും.
സാങ്കേതികവിദ്യയുടെ വളർച്ചയോടെ കള്ളനോട്ടും അതുപോലെ മറ്റെല്ലാ രേഖകളുടെയും വ്യാജനിർമിതികളും വ്യാപകമായി. ആ വിദ്യയാണ് യൂത്ത് കോൺഗ്രസ്സിന്റെ ഒരുപറ്റം നേതാക്കന്മാർ വോട്ടർമാരെ തിരിച്ചറിയുന്നതിനുള്ള ഐഡന്റിറ്റി (തിരിച്ചറിയൽ) കാർഡ് കൃത്രിമമായി നിർമിക്കുന്നതിൽ പ്രയോഗിച്ചത്. പക്ഷേ, ആ തിരിച്ചറിയൽ കാർഡ് പൊതുതിരഞ്ഞെടുപ്പു വേളയിൽ ഉപയോഗിക്കുന്ന തിരിച്ചറിയൽ കാർഡായും ഉപയോഗിക്കാം. ആ കാർഡ് നിർമിക്കേണ്ടതും ഓരോ വോട്ടർക്കും ഒൗദ്യോഗിക സംവിധാനം വഴി വിതരണം ചെയ്യേണ്ടതും തിരഞ്ഞെടുപ്പു കമ്മീഷനാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പണിയാണ് ഒരു കൂട്ടം യൂത്ത് കോൺഗ്രസ് നേതാക്കൾ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചെയ്തിരിക്കുന്നത്.
തനതായി സ്വന്തം തിരഞ്ഞെടുപ്പു പ്രക്രിയ നടപ്പാക്കാൻ കഴിയാത്തതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് നേതൃത്വം ആ ചുമതല ഒരു സ്വകാര്യ ഏജൻസിയെ കരാർ അടിസ്ഥാനത്തിൽ ഏൽപ്പിച്ചതായാണ് അറിയുന്നത്. അതായത്, ആ ഏജൻസി തിരഞ്ഞെടുപ്പു നടത്തി അതിൽ വിജയികളാക്കുന്നവരുടെ പട്ടിക യൂത്ത് കോൺഗ്രസ് നേതൃത്വത്തെ ഏൽപ്പിക്കണം. വോട്ടർ പട്ടിക തയ്യാറാക്കുന്നതും ഈ ഏജൻസിയാണ്. 18-–35 വയസ്സുകാർക്ക് സ്വന്തം തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇവരുടെ സെെറ്റിൽ വോട്ടറായി രജിസ്റ്റർ ചെയ്യാം. 50 രൂപയാണ് അവർക്ക് നൽകേണ്ട ഫീസ്. ഇങ്ങനെ അംഗങ്ങളായവർക്ക് മണ്ഡലം പ്രസിഡന്റ് മുതൽ സംസ്ഥാന പ്രസിഡന്റ് വരെയുള്ളവരെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാം. ഏജൻസി ഈ അംഗങ്ങളെ രജിസ്റ്റർ ചെയ്ത് ഫോൺ വഴിയാണ്, ഒടിപി നൽകിക്കൊണ്ട്. ഒരേ ഫോൺ നമ്പറിൽനിന്നു ഒന്നിലേറെ പേരെ ചേർക്കുന്നതൊന്നും ഏജൻസി ശ്രദ്ധിക്കില്ല. അതിനാൽ ഒരേ ഫോണിൽ നിന്ന് എത്ര പേരെ വേണമെങ്കിലും ചേർക്കാം, അവരുടെ വോട്ടവകാശവും വിനിയോഗിക്കാം. അങ്ങനെയാവണം തിരഞ്ഞെടുപ്പ് തട്ടിപ്പ് ചെയ്തിട്ടുണ്ടാവുക എന്നാണ് കരുതപ്പെടുന്നത്. ഏഴുലക്ഷത്തോളം അംഗങ്ങളെ ചേർത്തതായി ഏജൻസി പറയുന്നു. ആ ഇനത്തിൽ തന്നെ അവർക്ക് പ്രവേശന /അംഗത്വ ഫീസായി 3.5 കോടി രൂപ ലഭിച്ചിരിക്കണം.
തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിനു 2,21,986 വോട്ട് ലഭിച്ചപ്പോൾ രണ്ടാം സ്ഥാനക്കാരനായി എത്തിയ അബിൻവർക്കിക്ക് 1,68,588 വോട്ടേ ലഭിച്ചുള്ളൂ. മാങ്കൂട്ടത്തിന് രേഖപ്പെടുത്തപ്പെട്ട 1.86 ലക്ഷം വോട്ടുകൾ അസാധുവായതായി പറയപ്പെടുന്നു. പല കാരണങ്ങളാൽ 2.16 ലക്ഷം അംഗത്വം അംഗീകരിക്കപ്പെട്ടിരുന്നില്ല എന്നാണ് അറിയുന്നത്. അത് കാണിക്കുന്നത് യൂത്ത് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ഒട്ടും ജനാധിപത്യപരമോ സുതാര്യമോ ആയല്ല നടത്തപ്പെട്ടത് എന്നാണ്. ആകെ എട്ടു ലക്ഷത്തോളം വോട്ടർമാർ. അവരിൽ ഏതാണ്ട് 27 ശതമാനം വോട്ടാണ് മത്സരിച്ച രണ്ടുപേരിൽ ജയിച്ചയാൾക്ക് ലഭിച്ചത്. ഈ തിരഞ്ഞെടുപ്പ് സുതാര്യമോ ജനാധിപത്യപരമോ ആയിരുന്നില്ല എന്നാണ് ഈ കണക്കുകൾ വെളിപ്പെടുത്തുന്നത്. അത് എന്തുകൊണ്ട് എന്നു കൂടുതൽ വിവരം ഇല്ലാതെ തീർപ്പു കൽപ്പിക്കാനാവില്ല. ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള സാധ്യത യൂത്ത് കോൺഗ്രസ് ഏർപ്പെടുത്തിയ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ ഉണ്ടായിരുന്നു എന്നാണ് ലഭിച്ച വിവരം വെളിപ്പെടുത്തുന്നത്.
ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചവരിൽ പോക്-സോ കേസ് പ്രതിയും ക്രിമിനൽ കേസിൽ റിമാണ്ടിലായ ആളും യുവമോർച്ച മണ്ഡലം പ്രസിഡന്റും ഒക്കെയുണ്ട് എന്നത് ഏതെല്ലാം തരത്തിലുള്ള വികൃത ജീവികളുടെ കൂടാരമാണ് യൂത്ത് കോൺഗ്രസ് എന്നു വിളിച്ചോതുന്നു. പക്ഷേ, അതിനേക്കാൾ ഒക്കെ പ്രധാനം ജനാധിപത്യ പ്രക്രിയയെ തന്നെ തകിടം മറിക്കാൻ കെൽപ്പുള്ളവരോ മടിയില്ലാത്തവരോ ആണ് തങ്ങളെന്നു ഈ തിരഞ്ഞെടുപ്പിലൂടെ യൂത്ത് കോൺഗ്രസ് നേതൃത്വം തെളിയിച്ചതാണ്. ഏറ്റവും പ്രധാനം ജനാധിപത്യ പ്രക്രിയയുടെ ജീവനായ തിരഞ്ഞെടുപ്പു പ്രക്രിയയെ അവർ കീഴ്-മേൽ മറിച്ചതാണ്. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ മാർഗദർശിത്വത്തിലോ പിന്തുണയോടെയോ ആണ് ഇൗ വിക്രിയകളെല്ലാം നടന്നത് എന്നു തുറന്നു പറയുന്നത് യൂത്ത് കോൺഗ്രസ്സിൽപെട്ടവർ തന്നെയാണ്. അവർ തന്നെയാണല്ലോ പൊലീസിൽ അത് സംബന്ധിച്ച് പരാതി ബോധിപ്പിച്ചത്. പൊലീസ് അനേ-്വഷണത്തിന്റെ തുടക്കത്തിൽ തന്നെ ഞെട്ടിക്കുന്ന വിവരമാണ് അവർക്ക് ലഭിച്ചത് എന്നറിയുന്നു. വ്യാജമായ യൂത്ത് കോൺഗ്രസ് തിരിച്ചറിയൽ കാർഡുണ്ടാക്കാൻ ഉപയോഗിക്കപ്പെട്ട മദർ കാർഡ് പൊലീസിനു ലഭിച്ചതായാണ് വിവരം. സിആർ കാർഡ് എന്ന മൊബെെൽ ആപ് ഉപയോഗിച്ചാണ് വ്യാജരേഖ ഉണ്ടാക്കിയത് എന്നും ഈ ആപ് ഉപയോഗിച്ചുണ്ടാക്കിയ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ ഐവെെസി സെെറ്റിൽ അപ്-ലോഡ് ചെയ്താണ് വ്യാജ അംഗങ്ങളെ ചേർത്തതെന്നുമാണ് വിവരം. ഇത്തരത്തിൽ രാജ്യദ്രോഹപരമായ ക്രിമിനൽക്കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടു വന്ന് മാതൃകാപരമായി ശിക്ഷിക്കേണ്ടത് ജനാധിപത്യവ്യവസ്ഥയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ♦