Saturday, May 18, 2024

ad

Homeകവര്‍സ്റ്റോറിഇസ്രയേലിന്റെ വംശഹത്യയെ പലസ്തീൻ അതിജീവിക്കും

ഇസ്രയേലിന്റെ വംശഹത്യയെ പലസ്തീൻ അതിജീവിക്കും

എ വിജയരാഘവൻ

നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വംശഹത്യ ഗാസയിൽ തുടരുകയാണ്. 365 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് തിങ്ങിത്താമസിക്കുന്ന 22 ലക്ഷം ജനങ്ങൾക്കുനേരെ സാമ്രാജ്യത്വ പിന്തുണയോടെ ഇസ്രയേൽ കെട്ടഴിച്ചുവിട്ട യുദ്ധം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യഹത്യയായിരിക്കുന്നു. അഭയാർത്ഥി ക്യാമ്പുകളും ആശുപത്രികളും സ്കൂളുകളും ഇസ്രയേലിന്റെ കൂട്ടസംഹാരത്തിന് വിധേയമാവുമ്പോൾ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ കൊല്ലപ്പെടുകയാണ്. ഇതിനകം 5,500 പിഞ്ചോമനകൾ ഉൾപ്പെടെ 13,000ത്തിലധികം പലസ്തീൻകാർ ഗാസയിൽ കൊല്ലപ്പെടുകയുണ്ടായി. ഗാസയിലെ ഏറ്റവും വലിയ ആതുര സേവന കേന്ദ്രമായ അൽഷിഫ ആശുപത്രിക്കുനേരെ അതിക്രമം നടത്തുന്നതിനു കാരണം ഈ ആശുപത്രിക്ക് അടിയിലെ തുരങ്കങ്ങളാണ് ഹമാസിന്റെ കേന്ദ്രം എന്ന് പ്രചരിപ്പിച്ച ഇസ്രയേലിന്റെ സെെനിക നേതൃത്വത്തിന് പക്ഷേ, തകർക്കപ്പെട്ട ആശുപത്രിയിൽ നിന്ന് തെളിവൊന്നും ഹാജരാക്കാനായില്ല. ആശുപത്രിയെ ശവപ്പറമ്പാക്കിയിട്ടും രോഷം തണുക്കാത്ത ക്രൂര ഇസ്രയേലുകാർ ഐക്യരാഷ്ട്രസഭ നടത്തുന്ന ചികിത്സാ സംവിധാനങ്ങൾക്കുനേരെയും അക്രമം കെട്ടഴിച്ചുവിട്ടു. വടക്കൻ ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രിയിലും സ്കൂളുകളിലും നടത്തിയ ബോംബാക്രമണങ്ങളെ ഐക്യരാഷ്ട്രസഭാ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസിന് ശക്തമായി അപലപിക്കേണ്ടിവന്നു. ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ കെെകളിൽ അമ്മമാർ പേരെഴുതി വെക്കുന്നത് വാത്സല്യം കൊണ്ടല്ല. മറിച്ച്, ഷെല്ലാക്രമണങ്ങളിൽ മരിച്ചു പോകാനിടയുള്ള പിഞ്ചോമനകളുടെ മൃതശരീരം കണ്ടെടുക്കാനാണെന്ന ദുഃഖ യാഥാർഥ്യം പരിഷ്കൃത മനുഷ്യ സമൂഹത്തിന് ഇസ്രയേൽ നൽകിയ മഹാ അപമാനമാണ്.

മാനവികതയ്ക്കുനേരെ ഇസ്രയേൽ നടത്തിയിരിക്കുന്ന ഈ അതിക്രമങ്ങളെ അപലപിക്കാൻ ലോകത്തെ പുരോഗമനവാദികൾ ശക്തമായി മുന്നോട്ടുവരേണ്ട സമയമായിരിക്കുന്നു. ഒക്ടോബർ 7ന് ഹമാസ് നടത്തിയ അക്രമത്തെ ഉപയോഗപ്പെടുത്തി ഇസ്രയേൽ കഴിഞ്ഞ 7 ആഴ്ചക്കാലം ബോംബുകൾ വർഷിച്ചുകൊണ്ട് ഗാസയെ കുരുതിക്കളമാക്കുകയാണ് ചെയ്തത്. ഭക്ഷണം, വെെദ്യുതി, ഗ്യാസ്, വെള്ളം എന്നിവയുടെ വിതരണം പൂർണമായി നിർത്തിവെച്ച് ഗാസ എന്ന തുറന്ന ജയിലിൽ മനുഷ്യവാസം സാധ്യമാകാത്ത സാഹചര്യം ഇസ്രയേൽ സൃഷ്ടിച്ചു. വടക്കൻ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനുള്ളിൽ വീട് വിട്ട് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. കരയാക്രമണത്തിനായി 3,60,000 സായുധ സേനയെ ഇസ്രയേൽ വിന്യസിച്ചു. ഒരു സെക്കന്റിൽ 12 പേർ നാടൊഴിഞ്ഞ് പോകണമെന്നത് അപ്രായോഗിക നിർദേശമായിരുന്നു.

1948ലെ ഐക്യരാഷ്ട്രസഭ അംഗീകരിച്ച വംശഹത്യ സംബന്ധിച്ചുള്ള കൺവൻഷൻ ഒരു ദേശ, ഗോത്ര, വംശ, മത വിഭാഗങ്ങളെ പൂർണ്ണമായോ ഭാഗികമായോ നശിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളെയാണ് വംശഹത്യയായി അംഗീകരിച്ചത്. ശാരീരിക ഉന്മൂലനം മാത്രമല്ല, ഗുരുതരമായ ശാരീരിക – മാനസിക പീഡനങ്ങളെയും ഈ നിലയിൽ തന്നെയാണ് കാണുന്നത്. അതുകൊണ്ടുതന്നെയാണ് ഇക്കാലം കണ്ട ഏറ്റവും വലിയ വംശഹത്യ എന്ന നിലയിൽ ഗാസയ്ക്കുനേരെ നടത്തുന്ന ഈ അതിക്രമം വിലയിരുത്തപ്പെടുന്നത്. ഗാസയിൽ ഭീകരവാദികൾ ഉണ്ട് എന്നതിന്റെ പേരിൽ മുഴുവൻ ജനങ്ങളെയും വംശഹത്യ ചെയ്യാനുള്ള അവകാശം ഇസ്രയേലിനില്ല. ഒരു കുറ്റവും ചെയ്യാത്ത സാധാരണ പൗരനുനേരെ ഇസ്രയേൽ നടത്തുന്ന ‘ഈ കൂട്ടശിക്ഷ’ വംശഹത്യക്കൊപ്പം യുദ്ധക്കുറ്റം കൂടിയാണ്.

75 സംവത്സരങ്ങൾക്ക് മുമ്പ് ഇസ്രയേൽ സ്ഥാപിതമായതുമുതൽ ആരംഭിച്ച അക്രമപരമ്പരയിൽ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. രണ്ടാം ലോക യുദ്ധത്തിന് ശേഷം പലസ്തീൻ ഭൂപ്രദേശത്തുനിന്ന് അറബ് ജനതയെ ആട്ടിയോടിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി യഹൂദരെ ഇസ്രയേലിൽ താമസിപ്പിക്കുകയാണുണ്ടായത്. പലസ്തീൻ പ്രദേശത്ത് താമസിക്കുന്നതിനേക്കാൾ കൂടുതൽ പലസ്തീൻകാർ പലസ്തീന് പുറത്താണ് വിവിധ അഭയാർത്ഥി ക്യാമ്പുകളിൽ താമസിക്കുന്നത്. തുടർന്നുള്ള വർഷങ്ങളിൽ പലസ്തീൻ ജനതയ്ക്കായി നീക്കിവച്ച സ്ഥലത്തിന്റെ മൂന്നിൽരണ്ട് ഭാഗവും ഇസ്രയേൽ കെെവശപ്പെടുത്തിക്കഴിഞ്ഞു. അവശിഷ്ട പ്രദേശങ്ങളിൽ തന്നെ പുതിയ പുതിയ യഹൂദക്കോളനികൾ സ്ഥാപിച്ച് ഇസ്രയേൽ അധിനിവേശം തുടരുകയാണ്. തീവ്ര വലതുപക്ഷക്കാരനായ നെതന്യാഹു വീണ്ടും പ്രധാനമന്ത്രിയാവാൻ പലസ്തീൻ വിരുദ്ധ രാഷ്ട്രീയ നേതാക്കളുമായി ഉണ്ടാക്കിയ കൂട്ടുകെട്ട് ഇസ്രയേലിന്റെ പലസ്തീൻ അധിനിവേശത്തിന്റെ അളവ് വലിയ തോതിൽ വർധിപ്പിക്കുകയുണ്ടായി.

പുതിയ ജൂത ദേശീയതാനിയമം പലസ്തീൻകാരുടെ എല്ലാ അവകാശങ്ങളെയും നിഷേധിക്കുന്നതും അവരെ രണ്ടാംതരം പൗരരായി കണക്കാക്കുന്നതുമാണ്. ഈ നിയമം അനുസരിച്ച് പലസ്തീൻകാരോടുള്ള വിവേചനത്തിന് നിയമപരിരക്ഷ നൽകി ആയിരക്കണക്കിന് പലസ്തീൻകാരെ വീടുകളിൽ നിന്നും അധിവാസ കേന്ദ്രങ്ങളിൽ നിന്നും ആട്ടിയിറക്കാനും അവിടങ്ങളിലെല്ലാം ‘ദേശീയ മൂല്യം’ ഉയർത്തിപ്പിടിക്കുന്ന പുതിയ യഹൂദ കോളനികൾ പ്രോത്സാഹിപ്പിക്കാനുമാണ് നിയമം അനുശാസിക്കുന്നത്. ഇതിനകം ലക്ഷക്കണക്കിന് പലസ്തീൻകാർ അവരുടെ ആവാസകേന്ദ്രങ്ങളിൽ നിന്ന് ആട്ടിയിറക്കപ്പെട്ടിരിക്കുന്നു. 1967ലെ ഐക്യരാഷ്ട്രസഭാ പ്രമേയമനുസരിച്ച് രണ്ടു രാഷ്ട്രങ്ങൾ എന്ന നിലപാടിന്റെയും അതിൽ കിഴക്കൻ ജെറുസലേം ആസ്ഥാനമാക്കി പലസ്തീൻ രാഷ്ട്രമെന്നുമുള്ള കാഴ്ചപ്പാടിനെ തള്ളി പലസ്തീന്റെ സ്വതന്ത്ര രാഷ്ട്ര പദവിയെ പൂർണമായും ഇസ്രയേൽ നിരാകരിച്ചിരിക്കുന്നു. ഈ നിയമത്തിലൂടെ ജെറുസലേം നഗരം പൂർണമായി സ്വന്തമാക്കി പലസ്തീനുള്ള അധികാരം പൂർണമായും നിഷേധിച്ചിരിക്കുന്നു. ഈ നിയമത്തിനെതിരായി ഇസ്രയേലിനകത്തുതന്നെ വലിയ പ്രതിഷേധങ്ങൾ ഉയർന്നുവരികയുണ്ടായി. ഈ നിയമത്തെ അപലപിക്കാത്ത അമേരിക്കൻ നിലപാടിനോടൊപ്പം നിൽക്കുന്ന പ്രധാന ലോക രാജ്യങ്ങളിലൊന്നാണ് മോദിയുടെ ഇന്ത്യ എന്നത് നിർഭാഗ്യകരമായ സത്യമാണ്.

ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ, ജൂതർ എന്നീ മൂന്ന് മതവിഭാഗങ്ങളുടെയും പുണ്യസ്ഥലമാണ് ജെറുസലേം എന്നിരിക്കെ പുതിയ സർക്കാർ വന്നതോടെ വലതുപക്ഷ യഹൂദ തീവ്രവാദികൾ മക്ക കഴിഞ്ഞാൽ മുസ്ലീങ്ങളുടെ രണ്ടാമത്തെ പുണ്യകേന്ദ്രമായ ജെറുസലേമിലെ അൽ അഖ്സ പള്ളി ആക്രമിച്ചത് പ്രകോപനപരമായ വലതുപക്ഷ വിജയാഘോഷമായിരുന്നു. പള്ളിയിൽ മുസ്ലിങ്ങൾ ആരാധന നടത്തുന്ന സ്ഥലത്ത് വിശുദ്ധ റംസാൻ മാസത്തിൽ പ്രാർത്ഥനാവേളയിൽ അക്രമം നടത്തുകയാണ് യഹൂദ വലതുപക്ഷ തീവ്രവാദികൾ ചെയ്തത്. ഇതിന് പിന്തുണ നൽകിയത് നെതന്യാഹു ഗവൺമെന്റിലെ തീവ്ര വലതുപക്ഷ മന്ത്രിമാർ തന്നെയാണ്. ഈ വർഷം ആദ്യത്തെ ആറുമാസം മാത്രം 600 അക്രമങ്ങളാണ് ഈ വിഭാഗം പലസ്തീൻകാർക്കെതിരെ നടത്തിയത്. പലസ്തീൻ മേഖലയിലേക്ക് അതിക്രമിച്ച് കടന്ന് കോളനികളുണ്ടാക്കി താമസം ഉറപ്പിക്കുക മാത്രമല്ല ഇവർ ചെയ്തത്. ഇവരുടെ സ്വകാര്യ സെെന്യത്തെ ഉപയോഗപ്പെടുത്തി പലസ്തീൻകാരെ കൊല്ലുക, അവരുടെ വീടുകൾ നശിപ്പിക്കുക, സ്കൂളുകൾ അക്രമിക്കുക കൃഷിയിടങ്ങൾ കത്തിക്കുക തുടങ്ങിയ ക്രൂരവിനോദങ്ങൾ നടത്തി ഇക്കൂട്ടർ ആഹ്ലാദിക്കുകയാണ്. നൂറുകണക്കിന് പലസ്തീൻകാരെ ഇതിനിടയിൽ കൊലപ്പെടുത്തുകയുണ്ടായി. തൊഴിൽ ആവശ്യത്തിനായി ഇസ്രയേലിലേക്ക് പോകുന്ന ഗാസയിലെ പൗരർ എല്ലാ ദിവസവും ഇത്തരം പീഡനങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയായിരുന്നു. വിവിധ ലോക രാജ്യങ്ങളിൽനിന്നും ഗാസയിലെ ഭരണകൂടത്തിന് ലഭിക്കുന്ന സഹായങ്ങൾ നിശ്ചലമാക്കാൻ അമേരിക്കൻ സാമ്രാജ്യത്വ ഭരണകൂടവും നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഗാസയിലെ ഭരണകൂടത്തിന് ധനസഹായം നൽകുന്ന ഗവൺമെന്റുകൾക്കും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നേരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. 2005 മുതൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന അക്രമ പരമ്പരകളുടെ പരിണാമമാണ് ഇപ്പോൾ രൂപപ്പെട്ട സംഭവവികാസങ്ങൾ.

ഇസ്രയേൽ ആരംഭിച്ച ഈ വംശഹത്യാ പ്രവർത്തനത്തിന് സാമ്രാജ്യത്വ രാജ്യങ്ങൾ നൽകിയ പൂർണപിന്തുണ തുടക്കം മുതലേ നാം കണ്ടുപോരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബെെഡൻ നേരിട്ട് ഇസ്രയേലിൽ എത്തി പിന്തുണ പ്രഖ്യാപിച്ചു. തുടർന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ‍ റിഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവർ വരിവരിയായി യുദ്ധ ആശംസകളുമായി ടെൽഅവീവിലെത്തി. അമേരിക്കൻ ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കൺ തുടർച്ചയായി ഈ ആവശ്യത്തിനായി വിവിധ ലോകരാജ്യങ്ങൾ സന്ദർശിച്ചു. അമേരിക്കൻ ഡിഫൻസ് സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ നേരിട്ട് ഇസ്രയേലിലെത്തി യുദ്ധ തന്ത്രങ്ങൾ മെനയാൻ സഹായിച്ചു. ബില്ല്യൺ കണക്കിന് ഡോളറുകളുടെ ആധുനിക യുദ്ധോപകരണങ്ങൾ അമേരിക്ക ഇസ്രയേലിന് നൽകുന്നതെല്ലാം നിസ്സഹായരായ പലസ്തീൻ ജനതയ്ക്കുനേരെ അവ പ്രയോഗിക്കുന്നതിനുള്ള അംഗീകാരമാണ് ഈ സന്ദർശനങ്ങൾ. ഓസ്ലോ കരാർ വഴി സൃഷ്ടിച്ച അധികാരരഹിതമായ ‘പലസ്തീൻ അതോറിറ്റി’ പൂർണമായി ഇല്ലാതാക്കാൻ കിഴക്കൻ ജെറുസലേമിലും ഗാസയിലുമുള്ള പലസ്തീന്റെ പരിമിത സ്വയം ഭരണാവകാശം പോലും ഇല്ലാതാക്കി ഇസ്രയേൽ മേധാവിത്വം പൂർണമാക്കുന്നതിനെ അംഗീകരിക്കുക കൂടിയാണ് ഈ സാമ്രാജ്യത്വ പിന്തുണയിലൂടെ ലക്ഷ്യമാക്കുന്നത്. പലസ്തീൻ ജനതയെ പരിപൂർണമായി തുടച്ചുനീക്കി യഹൂദാധിപത്യം സ്ഥാപിക്കുക എന്ന 2000 വർഷത്തെ ആഗ്രഹ സഫലീകരണം എന്ന യഹൂദ വലതുപക്ഷത്തിന്റെ അക്രമോത്സുകതയ്ക്ക് യുഎസ് സാമ്രാജ്യത്വവും അവരെ പിന്തുണയ്ക്കുന്നവരും പൂർണ പിന്തുണ നൽകുകയാണ്.

ഗാസയിൽ ഉടനടി മനുഷ്യത്വപൂർണമായ വെടിനിർത്തൽ ആഹ്വാനം ചെയ്ത് തടസ്സമില്ലാതെ ദുരിതാശ്വാസം എത്തിക്കാൻ പശ്ചാത്തലമൊരുക്കുന്ന പ്രമേയം ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പാസാക്കുകയുണ്ടായി. ഗാസയിൽ ഇസ്രയേലിന്റെ വംശഹത്യ നിർത്താനുള്ള പ്രമേയങ്ങൾ യുഎൻ രക്ഷാസമിതിയിൽ അമേരിക്കയും ബ്രിട്ടനും തുടർച്ചയായി വീറ്റോ ചെയ്യുകയാണുണ്ടായത്. ഐക്യരാഷ്ട്രസഭയിലെ 120 രാജ്യങ്ങൾ പിന്തുണച്ച പ്രമേയത്തിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് ഇന്ത്യ ഇതുവരെ പിന്തുടർന്ന നയത്തിൽ നിന്ന് മോദി ഗവൺമെന്റ് വരുത്തിയ വ്യതിചലനമായിരുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിന് കീഴ്പ്പെട്ട വിദേശനയം പിന്തുടരുന്നതിന്റെ ഭാഗമാണിത്. യഹൂദ വംശീയതയോട് പൂർണ പിന്തുണയുള്ള സംഘപരിവാറിന്റെയും സവർക്കറിസത്തിന്റെതുമായ രാഷ്ട്രീയ കാഴ്ചപ്പാട് ഇതിൽ പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പലസ്തീൻ ജനതയ്ക്കൊപ്പം എക്കാലവും നിലയുറപ്പിച്ച ചരിത്രമാണ് നമ്മുടേത്. രണ്ടാംലോക യുദ്ധകാലത്ത് ജൂതർക്ക് നേരെ ഹിറ്റ്ലർ നടത്തിയ വംശഹത്യക്കെതിരെ യഹൂദന്റെ വേദനക്കൊപ്പമാണ് ഗാന്ധിജി നിലയുറപ്പിച്ചത്. ഗാന്ധിജിയേയും നെഹ്റുവിനേയും പോലെയുള്ള ഇന്ത്യൻ സമരനേതാക്കളെ വെടിവെച്ച് കൊന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ തകർക്കണമെന്ന് ഉപദേശിച്ച ആളാണ് ഹിറ്റ്ലർ. പലസ്തീനിൽ നിന്ന് അറബ് ജനതയെ ആട്ടിയോടിക്കാനുള്ള ശ്രമത്തെ ഗാന്ധിജി നിരാകരിച്ചു. മൂന്ന് ശതമാനം യഹൂദരും 97 ശതമാനം അറബികളും അധിവസിച്ചിരുന്ന ഒരു പ്രദേശത്തുനിന്നാണ് അറബ് ജനതയെ മാറ്റാൻ ശ്രമിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ ഗാന്ധിജി അന്നു പറഞ്ഞത് ഇംഗ്ലീഷുകാർക്ക് ഇംഗ്ലണ്ട് എന്നതുപോലെ ഫ്രഞ്ചുകാർക്ക് ഫ്രാൻസ് എന്നതുപോലെ അറബ് ജനതയ്ക്ക് അവകാശപ്പെട്ടതാണ് ആ രാജ്യം എന്നാണ്. ഇതിനോട് പ്രമുഖ യഹൂദ ബുദ്ധിജീവി ആയിരുന്ന ഹായിം ഗ്രീൻബർഗ്, ന്യൂയോർക്കിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘ജൂയിഷ് ഫ്രോൻഡിയർ’ എന്ന പ്രസിദ്ധീകരണത്തിൽ ഗാന്ധിജിയുടെ ഈ നിലപാട് ഇസ്ലാമിക അനുകൂലമാണെന്നും അറബികൾക്ക് അനുകൂലമായ അദ്ദേഹത്തിന്റെ നിലപാട് ഇന്ത്യയിലെ ഹിന്ദു–മുസ്ലിം ഐക്യത്തിന് വേണ്ടിയുള്ള ഗാന്ധിജിയുടെ ശ്രമമാണെന്നും വിമർശിക്കുകയുണ്ടായി.

അറബ് ദേശീയതയ്ക്ക് പുതിയ ആത്മവീര്യം നൽകിയ ഈജിപ്തിലെ ഗമാൽ അബ്ദുൾ നാസറിനുനേരെ, അദ്ദേഹത്തെ അധികാരത്തിൽനിന്ന് മാറ്റാൻ, 1956ൽ ഇസ്രയേൽ, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ഈജിപ്തിനെ അക്രമിച്ചു. പരാജയപ്പെട്ട ഈ നീക്കത്തിനെതിരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു അന്ന് ഈജിപ്തിന് ശക്തമായ പിന്തുണയുമായി രംഗത്ത് വന്നു. ഈജിപ്തിൽനിന്ന് ഇസ്രയേൽ പിടിച്ചെടുത്ത ഗാസ പ്രദേശം തിരിച്ചുനൽകണമെന്ന ലോകാഭിപ്രായത്തോട് അമേരിക്കൻ പ്രസിഡന്റ് ഐസൻഹോവർ പോലും പിന്തുണയ്ക്കാൻ നിർബന്ധിതമായ സ്ഥിതിയാണ് അതുവഴി സൃഷ്ടിക്കപ്പെട്ടത്. ഈജിപ്തിലെ യുവതലമുറയുടെ ഏറ്റവും ജനകീയ പേരായി ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അക്കാലത്ത് ഓർമ്മിക്കപ്പെട്ടു. പലസ്തീൻ വിഷയത്തിൽ എക്കാലത്തും ഈ നിലപാടാണ് ഇന്ത്യ സ്വീകരിച്ചുപോന്നത്. എന്നാൽ ഇതിൽനിന്നുള്ള വലിയ നയംമാറ്റമാണ് ഇപ്പോൾ ദൃശ്യമാകുന്നത്. ടെൽഅവീവിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബെെഡനെ കാണാൻ വിവിധ അറബ് രാഷ്ട്രങ്ങളുടെ തലവന്മാർ വിസമ്മതിക്കുകയുണ്ടായി. ഒരു കൊച്ചുരാജ്യമായ ജോർദാന്റെ ഭരണാധികാരിപോലും ഇക്കാര്യത്തിൽ ഉറച്ച നിലപാടെടുത്തപ്പോഴാണ് മോദി സർക്കാർ അമേരിക്കയുടെ വിനീത ദാസന്മാരായിരിക്കുന്നത്. 75 വർഷമായി പലസ്തീൻ ജനതക്കുനേരെ ഇസ്രയേൽ നടത്തുന്ന എല്ലാ മനുഷ്യത്വഹീനമായ അതിക്രമങ്ങളെയും ന്യായീകരിച്ചുകൊണ്ട് ആർഎസ്എസ് മുഖപത്രമായ ഓർഗനെെസർ ഇറക്കിയ പ്രത്യേക പതിപ്പിൽ നിറയെ ഇസ്രയേലിന്റെ മഹാ സേവനങ്ങളെ പുകഴ്ത്തുന്ന സമീപനമാണ് സ്വീകരിച്ചത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. മോദി ഇസ്രയേലിനെ തുടക്കം മുതൽ പിന്തുണയ്ക്കുന്നതും ഇതുകൊണ്ടാണ്. തീവ്ര ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ നിലപാടാണിത്. ഇന്ത്യ ഇതുവരെ സ്വീകരിച്ചുപോന്ന നിലപാടുകളിൽ നിന്നുള്ള നയം മാറ്റം കൂടിയാണിത്.

സ്വന്തം രാജ്യത്തെ ഭരണാധികാരികൾ സ്വീകരിക്കുന്ന നിലപാടുകൾക്ക് വിരുദ്ധമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിനാളുകളാണ് പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇസ്രയേലിന്റെ യുദ്ധക്കുറ്റത്തിനെതിരായി തെരുവിലിറങ്ങിയത്. മൂന്ന് ലക്ഷം പേരാണ് ഇംഗ്ലണ്ടിൽ മാത്രം ഈ പരിപാടിയിൽ പങ്കെടുത്തത്. ഇത്തരം പ്രകടനങ്ങൾ പൂർണമായും നിരോധിച്ച ഫ്രാൻസിൽ ജനങ്ങൾ തെരുവിലിറങ്ങിയപ്പോൾ സ്വന്തം നിലപാടിൽ മാറ്റം വരുത്തി സംസാരിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ നിർബന്ധിതനായി. അമേരിക്കയിൽ ജൂത സംഘടനകൾ പോലും ഇസ്രയേൽ വിരുദ്ധ പോരാട്ടത്തിനിറങ്ങി. നൂറുകണക്കിന് ലോക നഗരങ്ങളിൽ പോരാടുന്ന ജനങ്ങൾ സാമ്രാജ്യത്വ – ഇസ്രയേൽ അധിനിവേശത്തിനെതിരെ പലസ്തീനിൻ ജനതയ്ക്ക് അനുകൂലമായി തെരുവിലിറങ്ങി. ഈ ഐക്യദാർഢ്യ പോരാട്ടം തന്നെയാണ് ഗാസയിലെ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആത്മവീര്യം നൽകുന്നത്.

ഇസ്രയേലിനോട് നയതന്ത്രബന്ധം തുടങ്ങിവച്ച കോൺഗ്രസ് പാർട്ടിക്ക് ഈ സന്ദിഗ്ധ സന്ദർഭത്തിലും വ്യക്തയുള്ള നിലപാട് സ്വീകരിക്കാനാവാതെ പോയത് ഇന്ത്യയിലെ ഐക്യദാർഢ്യ പ്രവർത്തനങ്ങൾക്ക് കുറവുണ്ടാക്കി. പലസ്തീൻ ഐക്യദാർഢ്യ കൂട്ടായ്മകൾ വിപുലമായി നടക്കാത്ത ഒരിടം ഇന്ത്യയുടെ ദേശീയ തലസ്ഥാനമാണ്. സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പാർട്ടിയുടെ പിബി–സിസി അംഗങ്ങളും ഡൽഹിയിലെ സിപിഐ എം പ്രവർത്തകരും രാജ്യ തലസ്ഥാനത്ത് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സംഗമം ഏറെ ശ്രദ്ധേയമായത് ഈ പശ്ചാത്തലത്തിലാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലാകെ പലസ്തീൻ ഐക്യദാർഢ്യ ജനകീയ കൂട്ടായ്മകൾ സംഘടിപ്പിച്ചതും സിപിഐ എമ്മാണ്. ഇക്കാര്യത്തിൽ കേരളത്തിലെ സിപിഐ എം നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സമ്മേളനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരന്നത് നാം കാണുകയുണ്ടായി. കോഴിക്കോട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഐക്യദാർഢ്യ സദസ് ദേശീയശ്രദ്ധ നേടുകയുണ്ടായി. ആർഎസ്എസ് പിന്തുടരുന്ന ന്യൂനപക്ഷ വിരുദ്ധത ഗാസയിലെ വംശഹത്യയിലെ വിഷയത്തിൽ ഇന്ത്യൻ നയത്തിൽ പ്രതിഫലിക്കുന്നതിനെ ആശങ്കയോടുകൂടിയാണ് മുസ്ലിം ന്യൂനപക്ഷവിഭാഗം കാണുന്നത്. സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ പ്രവർത്തനങ്ങളിൽ വിവിധങ്ങളായ മുസ്ലീം സംഘടനകൾ സജീവമായി പങ്കെടുത്തത് ശ്രദ്ധേയമായി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടത്തിയ ഐക്യദാർഢ്യ സദസുകളിൽ പങ്കെടുത്ത വിവിധ മുസ്ലിം സംഘടനകൾ സിപിഐ എം ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്യുകയുണ്ടായി. മുസ്ലിംലീഗിന്റെ രാഷ്ട്രീയ നിലപാടുകൾ കാരണം സാങ്കേതികമായി ഇത്തരം പരിപാടികളിൽ നിന്ന് അവർ മാറിനിന്നെങ്കിലും മുസ്ലിം ന്യൂനപക്ഷങ്ങൾ ഐക്യദാർഢ്യസദസുകളോട് ആഭിമുഖ്യം പ്രകടിപ്പിക്കുകയാണുണ്ടായത്.

ലോകത്തിന്റെ നാളിതുവരെയുള്ള ചരിത്രം അടിച്ചമർത്തപ്പെട്ടവർ എക്കാലവും കീഴ്പെട്ടതല്ല, മറിച്ച് നിർത്താതെ തുടരുന്ന കടന്നാക്രമണം അവരെ തിരിച്ചടിക്കാൻ പഠിപ്പിച്ചതാണ്. മനുഷ്യചരിത്രത്തിൽ, റോമൻ സാമ്രാജ്യത്തിനുനേരെ വെളുത്ത അടിമകൾ നടത്തിയ സമരവും, ഫ്രഞ്ച് സാമ്രാജ്യത്വത്തിനുനേരെ കറുത്ത അടിമകൾ നടത്തിയ സമരവും, ഇത്തരം കീഴ്പ്പെടുത്തലുകളെ തോൽപ്പിച്ചതായിരുന്നു. 20–ാം നൂറ്റാണ്ടിൽ കൊളോണിയൽ ഭരണകൂടങ്ങൾക്കെതിരെ ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ജനങ്ങൾ നടത്തിയ സമരങ്ങൾ ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. ഇന്ത്യയിലും ചെെനയിലും വിയറ്റ്നാമിലും കൊറിയയിലും അൾജീരിയയിലും അംഗോളയിലുമെല്ലാം ഇത്തരം സ്വാതന്ത്ര്യ സമരങ്ങൾ വിജയം വരിച്ചു. വെള്ള വംശീയതക്കെതിരെ നെൽസൺ മണ്ടേലയുടെ സമരം തോൽക്കുകയല്ല വിജയിക്കുകയാണ് ഉണ്ടായത്. അഫ്ഗാനിസ്ഥാനിൽ നിന്നുപോലും അമേരിക്കൻ സാമ്രാജ്യത്വത്തിന് പിന്മാറേണ്ടിവന്നു. ആ ചരിത്ര അനുഭവങ്ങൾക്ക് തുടർച്ചയുണ്ടാവുമെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിൽ തന്നെയാണ് ഗാസയും ഈ വംശഹത്യക്കെതിരെ പോരാടി തെളിയിക്കാൻ പോകുന്നത്. ഇസ്രയേലിന്റെ പോർവിമാനങ്ങൾ വർഷിക്കുന്ന ബോംബുകൾക്കും കരയിലൂടെ മാർച്ചുചെയ്യുന്ന ലക്ഷക്കണക്കിന് പട്ടാളക്കാരുടെ യന്ത്രത്തോക്കുകൾക്കും മുകളിൽ വിജയത്തിന്റെ ഒലിവിലകൾ ഉയർത്തിപ്പിടിച്ച് പലസ്തീൻ ജീവിക്കുക തന്നെ ചെയ്യും. ലോകത്താകെ ഉയരുന്ന വംശഹത്യാവിരുദ്ധ മനുഷ്യമുന്നേറ്റത്തിന്റെ ഐക്യദാർഢ്യകരുത്തിൽ ഇസ്രയേലിനും അവരെ പിന്തുണയ്ക്കുന്ന സാമ്രാജ്യത്വത്തിനും തോക്കുകൾ താഴെവച്ച് പ്രശ്നപരിഹാരം കാണാൻ നിർബന്ധിക്കപ്പെടുന്ന ലോക പൊതുജനാഭിപ്രായമാണ് രൂപപ്പെടുന്നത്. ഇന്ത്യയിലെ സിപിഐ എം പ്രവർത്തകർ സജീവമായി തന്നെ ഈ ഐക്യദാർഢ്യനിരയ്ക്കൊപ്പമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × five =

Most Popular