Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിപലസ്തീൻ: ജൂതരും അറബികളും

പലസ്തീൻ: ജൂതരും അറബികളും

മഹാത്മാ ഗാന്ധി

പലസ്തീൻ പ്രശ്നത്തെ സംബന്ധിച്ച് ‘ഹരിജനി’ൽ 
ഗാന്ധിജി എഴുതിയ ലേഖനത്തിന്റെ പരിഭാഷയാണ‍് 
ഇവിടെ പ്രസിദ്ധീകരിക്കുന്നത്. 1938 നവംബർ 20ന്റെ 
ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ 
പൂർണരൂപം. മലയാളത്തിൽ ഈ ലേഖനം ആദ്യമായി 
പ്രസിദ്ധീകരിക്കുന്നതിൽ ഞങ്ങൾക്ക് 
അതിയായ സന്തോഷമുണ്ട്.

ജൂതരെ കുറിച്ച്
പലസ്തീനിലെ അറബ് ജൂത പ്രശ്നത്തെ കുറിച്ചും ജർമനിയിൽ ജൂതർക്കെതിരായി നടക്കുന്ന പീഡനങ്ങളെക്കുറിച്ചും എന്റെ കാഴ്ചപ്പാടുകൾ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി കത്തുകൾ എനിക്ക് ലഭിച്ചിട്ടുണ്ട്. മറുപടി പറയാൻ ഏറെ പ്രയാസമുള്ള ഈ പ്രശ്നങ്ങളെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാൻ തുനിഞ്ഞിരുന്നില്ല.

ജൂതരോട് എനിക്ക് സഹതാപമുണ്ട്. ദക്ഷിണാഫ്രിക്കയിൽ വച്ച് എനിക്ക് അവരെകുറിച്ച് വളരെ അടുത്തറിയാം. അവരിൽ ചിലർ ജീവിതകാലം മുഴുവൻ എന്റെ ചങ്ങാതിമാരായി മാറി.

ഈ സുഹൃത്തുക്കളിലൂടെ ഞാൻ അവരുടെ കാലങ്ങളായുള്ള പീഡനങ്ങൾ പലതും മനസ്സിലാക്കി. അവർ ക്രിസ്തുമതത്തിലെ അയിത്തക്കാരായിരുന്നു. അവരോടുള്ള ക്രിസ്ത്യാനികളുടെ പെരുമാറ്റവും ഹിന്ദുക്കൾ അയിത്തക്കാരോട് പെരുമാറുന്നതും തമ്മിലുള്ള സമാനത വളരെ വ്യക്തമാണ്. തങ്ങളോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ ന്യായീകരിച്ചതിന് ഈ രണ്ട് കേസുകളിലും മതപരമായ അനുമതിയുണ്ടോയെന്ന് അവർ അഭ്യർത്ഥിച്ചിട്ടുണ്ട്. അതിനാൽ, സൗഹൃദങ്ങൾക്ക് അപ്പുറം ജൂതരോടുള്ള എന്റെ സഹതാപത്തിന് കൂടുതൽ പൊതുവായ സാർവത്രിക കാരണവുമുണ്ട്.

എന്നാൽ എന്റെ ഈ സഹതാപം നീതിയുടെ കാര്യത്തിൽ എന്നെ അന്ധനാക്കുന്നില്ല. ജൂതർക്ക് ദേശീയ ഭവനം വേണമെന്ന മുറവിളി എന്നെ അത്ര ആകർഷിക്കുന്നില്ല. ബൈബിളിൽ അതിനുള്ള അനുമതി തേടിയിട്ടുണ്ട്, പലസ്തീനിലേക്ക് മടങ്ങിയെത്തിയ ശേഷം ജൂതർ കൊതിച്ച ദൃഢതയെക്കുറിച്ച് പറയുന്നുണ്ട്. തങ്ങൾ ജനിച്ചതും ഉപജീവനമാർഗം കണ്ടെത്തുന്നതുമായ രാജ്യത്തെ എന്തുകൊണ്ടാണ് അവർ ഭൂമിയിലെ മറ്റ് ജനവിഭാഗങ്ങളെപ്പോലെ, സ്വന്തം വീടാക്കി മാറ്റാത്തത്?

ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കും ഉള്ളതാണ് എന്ന അതേ അർത്ഥത്തിൽ പലസ്തീൻ അറബികളുടേതാണ്. ജൂതരെ അറബികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് തെറ്റും മനുഷ്യത്വരഹിതവുമാണ്. ഇന്ന് പലസ്തീനിൽ നടക്കുന്ന കാര്യങ്ങൾ ഒരു സദാചാര പെരുമാറ്റച്ചട്ടം കൊണ്ടും ന്യായീകരിക്കാനാവില്ല. ആജ്ഞകൾക്ക് അവസാനം യുദ്ധത്തിനിടയാക്കുമെന്നല്ലാതെ ഈ അനുശാസനങ്ങൾ കൊണ്ടൊന്നും ഒരു കാര്യവുമില്ല. പലസ്തീൻ ഭാഗികമായോ പൂർണ്ണമായോ ജൂതരുടെ ദേശീയ ഭവനമായി പുനഃസ്ഥാപിക്കുന്നതിന് അഭിമാനികളായ അറബികളുടെ ജനസംഖ്യ അവിടെ കുറയ്ക്കുന്നത് തീർച്ചയായും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായിരിക്കും.

ജൂതർ എവിടെ ജനിച്ചാലും വളർന്നാലും അവരോട് നീതിപൂർവകമായ പെരുമാറ്റം വേണമെന്ന് ശഠിക്കുന്നതായിരിക്കും മഹത്തായ കാര്യം. ഫ്രാൻസിൽ ജനിച്ച ക്രിസ്ത്യാനികൾ ഫ്രഞ്ചുകാരാണെന്നതിന്റെ അതേ അർത്ഥത്തിൽ ഫ്രാൻസിൽ ജനിച്ച ജൂതരും ഫ്രഞ്ചുകാർ തന്നെയാണ്. ജൂതർക്ക് പലസ്തീനല്ലാതെ മറ്റു സ്വദേശമില്ലെങ്കിൽ, അവർ സ്ഥിരതാമസമാക്കിയിരിക്കുന്ന ലോകത്തിന്റെ മറ്റ് ഭാഗങ്ങൾ വിട്ടുപോകാൻ നിർബന്ധിതരാകുമെന്ന ആശയത്തെ അവർക്ക് ഇഷ്ടപ്പെടാനാകുമോ? അതോ അവർക്ക് ഇഷ്ടം പോലെ താമസിക്കാൻ കഴിയുന്ന ഒരു ഇരട്ട വീട് വേണമെന്നാണോ? ദേശീയ ഭവനത്തിനായുള്ള ഈ മുറവിളി ജൂതരെ ജർമ്മൻകാർ പുറത്താക്കിയതിന് വർണ്ണാഭമായ ന്യായീകരണം നൽകുകയാണ്.

എന്നാൽ ജർമ്മൻകാർ ജൂതരെ പീഡിപ്പിക്കുന്നതിന് ചരിത്രത്തിൽ സമാനതകളില്ല. പണ്ടത്തെ സ്വേച്ഛാധിപതികൾക്ക് ഹിറ്റ്ലറെപ്പോലെ ഭ്രാന്ത് പിടിച്ചിട്ടില്ല എന്ന് തോന്നുന്നു. ഹിറ്റ്ലർ മതപരമായ ആവേശത്തോടെയാണ് അത് ചെയ്യുന്നത്. എന്തെന്നാൽ, അയാൾ സമ്പൂർണ്ണവും തീവ്രവുമായ ദേശീയതയുടേതായ പുതിയ ഒരു മതം അവതരിപ്പിക്കുകയാണ്, ഈ ലോകത്തും പരലോകത്തും പ്രതിഫലം ലഭിക്കേണ്ട നടപടികളായി ജർമൻകാർ നടത്തുന്ന മനുഷ്യത്വരഹിതമായ പ്രവൃത്തികളെ വാഴ്ത്തുകയാണ്. അതിന്റെ പേരിൽ ഭ്രാന്തനും എന്നാൽ നിർഭയനുമായ ഒരു യുവാവിന്റെ കുറ്റകൃത്യത്തെ അവിശ്വസനീയമായ ക്രൂരതയോടെ അവന്റെ വംശത്തിന്റെയാകെ മേൽ കെട്ടിവയ്ക്കുകയാണ്. ഒരു വംശത്തിനാകെ എതിരായി നടത്തുന്ന നെറികെട്ട വേട്ടയാടലിനെ തടയുന്നതിനായി എപ്പോഴെങ്കിലും മനുഷ്യത്വത്തിന്റെ പേരിലും മാനവരാശിക്കു വേണ്ടിയും ജർമനിക്കെതിരായി ഒരു യുദ്ധമുണ്ടായാൽ അതിനെ തികച്ചും ന്യായീകരിക്കാവുന്നതാണ്.

എന്നാൽ ഒരു യുദ്ധത്തിലും ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെയൊരു യുദ്ധത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ചുള്ള ചർച്ച എന്റെ ചക്രവാളത്തിനോ പ്രവിശ്യയ്ക്കോ അപ്പുറത്താണ്.

ഏതു തരം കാപട്യത്തെയോ ബലഹീനതയെയോ മാനവികതയുടെ മുഖംമൂടി അണിയിച്ച് മൂടിവയ്ക്കാൻ കഴിയാതിരിക്കുമ്പോൾ എത്ര ഫലപ്രദമായി എങ്ങനെ അക്രമമഴിച്ചുവിടാമെന്ന് ജർമനി ലോകത്തിന് കാണിച്ചു കൊടുക്കുകയാണ്. അതിന്റെ നഗ്നതയിൽ അതെത്ര നികൃഷ്ടവും ഭയാനകവുമാണെന്നും അത് വെളിപ്പെടുത്തുന്നു.

ജൂതർക്ക് സംഘടിതവും ലജ്ജാഹീനവുമായ ഈ പീഡനങ്ങളെ ചെറുത്തുനിൽക്കാൻ കഴിയുമോ? തങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാൻ അവർക്ക് എന്തു വഴിയാണുള്ളത്? തങ്ങൾ നിസ്സഹായരും അവഗണിക്കപ്പെട്ടവരും ആലംബഹീനരുമാണെന്ന് കരുതാതിരിക്കാൻ അവർക്ക് എങ്ങനെ കഴിയും? അങ്ങനെ തന്നെയെന്നാണ് ഞാൻ കരുതുന്നത്. സജീവമായ ദെെവവിശ്വാസമുള്ള ഒരാൾക്കും നിസ്സഹായനാണെന്നും നിരാലംബനാണെന്നും സ്വയം കരുതാനാവില്ല. ജൂതരുടെ യഹോവ ക്രിസ്ത്യാനികളുടെയോ മുസൽമാൻമാരുടെയോ ഹിന്ദുക്കളുടെയോ ദെെവത്തെക്കാൾ കൂടുതൽ വ്യക്തിത്വമുള്ളതാണ്; എന്നിരുന്നാലും സാരാംശത്തിൽ ഒന്നുതന്നെയാണ്. ദെെവം എല്ലാവർക്കും പൊതുവിൽ ഒന്നു തന്നെയാണ്; വിവരണങ്ങൾക്കെല്ലാം അതീതനുമാണ്. എന്നാൽ ജൂതർ ദെെവത്തിന്റെ വ്യക്തിത്വത്തിനാണ് പ്രാധാന്യം നൽകുന്നത്. തങ്ങളുടെ ഓരോ നടപടിയെയും നിയന്ത്രിക്കുന്നത് യഹോവയാണെന്ന് അവർ കരുതുന്നു. അതുകൊണ്ട് അവർ നിസ്സഹായരാണെന്ന് കരുതേണ്ടതില്ല. ഞാൻ ജർമനിയിൽ ജനിച്ച്, അവിടെ ഉപജീവനം ചെയ്തു കഴിയുന്ന ഒരു ജൂതനാണെങ്കിൽ ജർമനിയെയായിരിക്കും ഞാൻ എന്റെ ഭവനമായി കരുതുക; അത് ഏത് ഉന്നതനായ ജർമൻകാരനെയും പോലെയും ആയിരിക്കും. എന്നെ വെടിവയ്ക്കാനോ ഏതെങ്കിലും ഇരുട്ടറയിലേക്ക് വലിച്ചെറിയാനോ ഞാനയാളെ വെല്ലുവിളിക്കുകയും ചെയ്യും; പുന്തള്ളാനുള്ള നീക്കത്തെ ഞാൻ എതിർക്കും; വിവേചനപരമായ പെരുമാറ്റത്തിന് ഞാൻ വഴങ്ങുകയുമില്ല. ഇങ്ങനെ ചെയ്യാൻ മറ്റു ജൂതർ എന്നോടൊപ്പം പൗരാവകാശ ചെറുത്തുനിൽപ്പിൽ അണിചേരുന്നതും കാത്ത് ഞാൻ നിൽക്കില്ല; എന്നാൽ മറ്റുള്ളവരെല്ലാം ഒടുവിൽ എന്റെ പാത പിന്തുടരുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. ഏതെങ്കിലുമൊരു ജൂതനോ ജൂതരെല്ലാമോ ഇവിടെ പറഞ്ഞ നിർദേശം അംഗീകരിക്കാൻ തയ്യാറായാൽ അയാളോ അവരോ ഇന്നത്തെക്കാൾ മോശപ്പെട്ട അവസ്ഥയിൽ എത്തില്ല. സേ–്വച്ഛയാ ദുരിതങ്ങൾ സഹിക്കുന്നത് അവർക്ക് ആന്തരികമായ ഒരു കരുത്തും ആഹ്ലാദവും ലഭിക്കാൻ സഹായിക്കും; ജർമനിക്ക് പുറത്ത് എത്ര പ്രമേയങ്ങളിലൂടെ സഹതാപം ചൊരിഞ്ഞാലും അത് ലഭിക്കില്ല തന്നെ. ബ്രിട്ടനും ഫ്രാൻസും അമേരിക്കയും ജർമനിയോട് ശത്രുത പ്രഖ്യാപിക്കുകയാണെങ്കിൽ പോലും ജർമനിയിലെ ജൂതർക്ക് ആന്തരികമായ സന്തുഷ്ടിയോ ആന്തരികമായ കരുത്തോ ലഭിക്കില്ല. ഇത്തരം ശത്രുതാ പ്രഖ്യാപനത്തോടുള്ള പ്രതികരണമെന്ന നിലയിൽ ജൂതരെ കൂട്ടക്കൊല ചെയ്യാൻപോലും ഹിറ്റ്ലർ മടിക്കില്ല എന്നുവരും. എന്നാൽ ഏതു ദുരിതവും സഹിക്കാൻ ജൂതർ സ്വമേധയാ സന്നദ്ധരാവുകയാണങ്കിൽ ഞാൻ കരുതുന്നതുപോലെയുള്ള ഒരു കൂട്ടക്കൊല പോലും ഒരു ദിവസം നന്ദി പ്രകടനമായി മാറിയേക്കും. സേ-്വച്ഛാധിപതികളുടെ കയ്യിൽനിന്നുപോലും യഹോവയ്ക്ക് വംശത്തെ രക്ഷിക്കാൻ കഴിയും. ദെെവ ഭയമുള്ളവരെ സംബന്ധിച്ചിടത്തോളം മരണം ഭീകരാനുഭവമായിരിക്കില്ല. നീണ്ട ഉറക്കത്തെത്തുടർന്ന് കൂടുതൽ ഉന്മേഷകദായകമായ ഒരു ഉണർവുണ്ടാകുന്നത് കൂടുതൽ നല്ലൊരു ദീർഘനിദ്രയ്ക്കിടയാക്കുന്നു.

ചെക്കസ്ലോവാക്യക്കാർക്ക് എന്റെ നിർദേശം പിന്തുടരുന്നതിക്കോൾ ജൂതർക്ക് കൂടുതൽ എളുപ്പമായിരിക്കുമെന്ന് ഞാൻ പ്രത്യേകം ചൂണ്ടിക്കാണിക്കേണ്ടതില്ലല്ലോ. ജൂതർ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ സത്യാഗ്രഹ കാമ്പെയ്ന് ഒപ്പമുണ്ടായിരുന്നവരാണ്. അവിടെ ഇന്ത്യാക്കാർ ഇന്ന് ജർമനിയിൽ ജൂതർ നേരിടുന്ന അവസ്ഥയാണ് നേരിടുന്നത്. ഇന്ത്യക്കാർ നേരിട്ട വേട്ടയാടലിന് മതപരമായ ഒരു ഘടകം കൂടിയുണ്ട്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ക്രൂഗർ പറയാറുള്ളത് വെള്ളക്കാരായ ക്രിസ്ത്യാനികൾ ദെെവത്തിന്റെ ഇഷ്ടജനങ്ങളാണെന്നും ഇന്ത്യക്കാർ വെള്ളക്കാരെ സേവിക്കാൻ സൃഷ്ടിക്കപ്പെട്ട അധമജന്മങ്ങളാണെന്നുമാണ്. ട്രാൻസ്-വാൾ ഭരണഘടനയിലെ മൗലികമായ ഒരു വകുപ്പ് പറയുന്നത് വെള്ളക്കാരും ഏഷ്യക്കാരുൾപ്പെടെയുള്ള കറുത്തവരും തമ്മിൽ തുല്യതയില്ല എന്നാണ്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരും ചേരികളെന്നു വിശേഷിപ്പിക്കപ്പെട്ടു സ്ഥലങ്ങളിലാണ് ഒതുക്കപ്പെട്ടിരിക്കുന്നത്. മറ്റ് അസൗകര്യങ്ങളെല്ലാം തന്നെ ഏറെക്കുറെ ജർമനിയിലെ ജൂതർ ഇന്നനുഭവിക്കുന്നതു തരത്തിലുള്ളതായിരുന്നു. ഒരു കെെപ്പിടിയിലൊതുങ്ങാൻ മാത്രമുള്ള ഇന്ത്യക്കാർ പുറംലോകത്തുനിന്നോ ഇന്ത്യാ ഗവൺമെന്റിൽനിന്നോ ഒരു പിന്തുണയും ലഭിക്കാതെയാണ് സത്യാഗ്രഹത്തെ ആശ്രയിച്ചത്. ബ്രിട്ടീഷ് അധികൃതർ സത്യാഗ്രഹികളെ തങ്ങളുടെ നിലപാടിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ലോക പൊതുജനാഭിപ്രായവും ഇന്ത്യാ ഗവൺമെന്റും സത്യാഗ്രഹികളെ സഹായിക്കാനെത്തിയത് എട്ടുവർഷത്തെ പോരാട്ടത്തിനുശേഷമായിരുന്നു. അതാകട്ടെ നയതന്ത്രപരമായ തന്ത്രം ചെലുത്തിയുമായിരുന്നു; അല്ലാതെ യുദ്ധഭീഷണി മുഴക്കിയായിരുന്നില്ല.

എന്നാൽ ജർമനിയിലെ ജൂതർക്ക് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാരെക്കാൾ മികച്ച നിലയിൽ സത്യാഗ്രഹം നടത്താൻ കഴിയും. ജൂതർ ജർമനിയിൽ ഏകതാനവും സുദൃഢവുമായ ഒരു സമൂഹമാണ്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരെക്കാൾ അവർ കൂടുതൽ അനുഗ്രഹീതരാണ്. തങ്ങൾക്കു പിന്നിൽ ലോക പൊതുജനാഭിപ്രായം അവർ സംഘടിപ്പിച്ചിട്ടുണ്ട്. ധെെര്യവും വ്യക്തമായ കാഴ്ചപ്പാടുമുള്ള ആരെങ്കിലുമൊരാൾ അവരിൽനിന്നുയർന്നു വന്ന് അവരെ അക്രമരഹിത സമരത്തിൽ നയിക്കുകയാണെങ്കിൽ കണ്ണുചിമ്മുന്നത്ര വേഗത്തിൽ അവർക്കു വിജയിക്കാൻ കഴിയും എന്നെറിക്കുറപ്പുണ്ട്. യഹോവ അവർക്കു നൽകിയ ദുരിതങ്ങൾ സഹിക്കാനുള്ള കഴിവ് കെെമുതലായുള്ള നിരായുധരായ സ്ത്രീ പുരുഷന്മാർ മുന്നോട്ടുവയ്ക്കുന്ന ശാന്തവും ദൃഢനിശ്ചയത്തോടുകൂടിയുള്ളതുമായ ഒന്നാക്കി ഇപ്പോഴത്തെ ഈവൃത്തികെട്ട നരവേട്ടയെ മാറ്റാൻ കഴിയും. മനുഷ്യത്വമില്ലാത്ത മനുഷ്യർ നടത്തുന്ന ദെെവഭയമില്ലാത്ത രോഷത്തിനെതിരെയുള്ള ശരിക്കുമുള്ള മതപരമായ ചെറുത്തുനിൽപ്പായിരിക്കുമത്. ജർമൻ ജൂതർ ജർമനിയിലെ ഇതര ജാതിവിഭാഗങ്ങൾക്കു മേൽ ശാശ്വതമായി വിജയം കെെവരിക്കും.

അവസാനമായി പലസ്തീനിലെ ജൂതരോട് ഒരുവാക്ക്. അവർ തെറ്റായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത് എന്നതിൽ എനിക്ക് സംശയമേ ഇല്ല. ബെെബിൾ സങ്കൽപമനുസരിച്ചുള്ള പലസ്തീൻ ഒരു ഭൂമിശാസ്ത്രപരമായ പ്രദേശമല്ല. അത് അവരുടെ ഹൃദയത്തിലാണ്. എന്നാൽ ഭൂമിശാസ്ത്രപരമായ പലസ്തീനെ തങ്ങളുടെ ദേശീയഭവനമായി ജൂതർ കാണുകയാണെങ്കിൽ ബ്രിട്ടീഷുകാരുടെ തോക്കിന്റെ തണലിൽ അങ്ങനെ അവിടെ കടക്കുന്നത് തെറ്റാണ്. ബയണറ്റിന്റെയോ ബോംബിന്റെയോ സഹായത്തോടുകൂടി മതപരമായ ഒരു കാര്യം നടപ്പാക്കാൻ കഴിയില്ല. അറബികളുടെ സമ്മതത്തോടെ മാത്രമേ പലസ്തീനിൽ ജൂതർക്ക് പാർപ്പുറപ്പിക്കാൻ കഴിയൂ. അറബികളുടെ മനസ്സുമാറ്റാനാണ് അവർ ശ്രമിക്കേണ്ടത്. അറബികളുടെ ഹൃദയത്തെ ഭരിക്കുന്ന അതേ ദെെവം തന്നെയാണ് ജൂതരുടെ ഹൃദയത്തെയും ഭരിക്കുന്നത്. ജൂതർക്ക് അറബികളുടെ മുന്നിൽ സത്യാഗ്രഹം നടത്താവുന്നതാണ്. അറബികൾക്കെതിരെ ചെറുവിരൽ പോലും ഉയർത്താതെ തങ്ങളെ വെടിവച്ചുകൊല്ലുകയോ ചാവുകടലിലേക്ക് വലിച്ചെറിയുകയോ ചെയ്യണമെന്ന് അറബികളോട് ആവശ്യപ്പെടാവുന്നതാണ്. ജൂതരുടെ മതപരമായ അഭിലാഷങ്ങൾക്കനുകൂലമായി ലോക പൊതുജനാഭിപ്രായം കൂടെയുണ്ടാകും. ജൂതർ ബ്രിട്ടീഷുകാരുടെ തോക്കിൻമുനയുടെ സഹായമാണ് ഉപയോഗിക്കുന്നതെങ്കിൽ അറബികൾക്ക് നൂറുകണക്കിന് കാരണങ്ങൾ അവർക്കെതിരെ പറയാനുണ്ടാകും. തങ്ങളോട് ഒരു തെറ്റും ചെയ്യാത്ത ഒരു വിഭാഗം ആളുകളെ ജൂതർ ബ്രിട്ടിഷുകാരുമായി ചേർന്ന് പുറന്തള്ളുകയാണ്.

അറബികൾ ചെയ്യുന്ന അതിക്രമങ്ങളെ ഞാൻ ന്യായീകരിക്കുകയല്ല. തങ്ങളുടെ രാജ്യത്തേക്ക് അനധികൃതമായി കടന്നു കയറുന്നതായി ശരിയായിത്തന്നെ അവർ കരുതുന്നവരെ ചെറുക്കുന്നതിന് അക്രമരാഹിത്യത്തിന്റെ മാർഗം അറബികൾ തിരഞ്ഞെടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ശരിയും തെറ്റും സംബന്ധിച്ച അംഗീകൃത ധാരണകൾ പ്രകാരം അവരുടെ ഭാഗത്ത് ശരിയുണ്ട് എന്നതിനാൽ അറബികളുടെ ചെറുത്തുനിൽപ്പിനെതിരെ ഒന്നും പറയാനാവില്ല.

യഹോവയുടെ ഇഷ്ട ജനം ആണ് തങ്ങൾ എന്നവകാശപ്പെടുന്ന ജൂതർ ഭൂമിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിന് അക്രമരാഹിത്യത്തിന്റെ മാർഗം തിരഞ്ഞെടുക്കേണ്ടതാണ്. പലസ്തീൻ ഉൾപ്പെടെയുള്ള ഏതു രാജ്യവും അവരുടെ പിതൃഭൂമി തന്നെയാണ് . പക്ഷേ അത് ആക്രമണത്തിലൂടെയായിരിക്കരുത്, സ്നേഹം നിറഞ്ഞ സേവനത്തിലൂടെയായിരിക്കണം. സെസിൽ റോത്ത് എഴുതിയ (The Jewish Contribution to Civilization (സംസ്കാരത്തിന് ജൂതരുടെ സംഭാവന) എന്ന പേരിലള്ള ഒരു പുസ്തകം ജൂതവിഭാഗത്തിൽപെട്ട ഒരു സുഹൃത്ത് എനിക്ക് അയച്ചുതന്നു. ലോകസാഹിത്യവും കലയും സംഗീതവും നാടകവും സയൻസും ചികിത്സാ ശാസ്ത്രവും കൃഷിയും മറ്റുമെല്ലാം സമ്പുഷ്ടമാക്കാൻ ജൂതർ നൽകിയ സംഭാവനകളുടെ പട്ടിക തന്നെ ആ പുസ്തകം നിരത്തുന്നു. ഇച്ഛാശക്തിയുണ്ടെങ്കിൽ ജൂതർക്ക് പാശ്ചാത്യർ അവരെ ബഹിഷ്കൃതരോ ആയി കണക്കാക്കുന്നതിനെ അവഗണിക്കാനാവും. വെറുക്കപ്പെട്ടവരോ അഥവ അവർ പരിപോഷിപ്പിക്കപ്പെടുന്നവർ ആയും കണക്കാക്കാൻ കഴിയും. ഒരു മനുഷ്യനായി നിന്നുകൊണ്ട്, ദെെവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട സൃഷ്ടിയായി നിന്നുകൊണ്ട്, ദെെവത്താൽ വെറുക്കപ്പെട്ടവനും ക്രൂരനും ആയി അതിവേഗം മുങ്ങിത്താഴുന്ന ഒരാളായി മാറിപ്പോകാതിരിക്കുകയാണങ്കിൽ അയാൾക്ക് ലോകത്തിന്റെയാകെ ആദരവും ശ്രദ്ധയും പിടിച്ചെടുക്കാൻ കഴിയും. തങ്ങൾ നൽകിയ ഒട്ടേറെ സംഭാവനകൾക്കൊപ്പം അക്രമരഹിതമായ നടപടികളുടേതായ അതിശയിപ്പിക്കുന്ന സംഭാവനകൂടി കൂട്ടിച്ചേർക്കാവുന്നതാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × four =

Most Popular