ജീവിതത്തിലേക്കു നടന്നു തുടങ്ങുന്നതിനുമുൻപെ കൊടുംഭീകരതയ്ക്കു പാത്രമായി ജീവൻ വെടിയേണ്ടി വന്ന ഗാസയിലെ കുരുന്നുകളുടെ വെള്ളത്തുണിയിൽ പൊതിഞ്ഞുകെട്ടിയ ചിത്രങ്ങളാണ് രണ്ടു മാസമായി നമ്മുടെയെല്ലാം മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്നത്. കൗതുകത്തോടെ ലോകത്തെ നോക്കിക്കാണേണ്ട പ്രായത്തിൽ ശവപറമ്പുകളിലേക്ക് ഭീതിയോടെ നോക്കിനിൽക്കേണ്ടി വരുന്ന, കുരുന്നു മുഖങ്ങളാണ് ലോകജനതയുടെ മനഃസാക്ഷിക്കുമുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്നത്. ഒക്ടോബർ 7ന് ആരംഭിച്ച യുദ്ധം ഏഴാമത്തെ ആഴ്ചയിലേക്കു കടക്കുമ്പോൾ, നവംബർ 22 വരെ ഗാസയിൽ 13,300 പേരാണ് കൊല്ലപ്പെട്ടത്. അതിൽ 5,000ത്തിലേറെയും കുട്ടികളാണ്.
ഇതൊരു പുതിയ സംഭവമോ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ യുദ്ധത്തിലെ മാത്രം സംഭവമോ അല്ല. 1948ൽ ഇസ്രയേൽ രൂപം കൊണ്ടതുമുതൽ പലസ്തീനുനേരെ നടത്തിവരുന്ന നിരന്തര കടന്നാക്രമണങ്ങളിലെല്ലാം തന്നെ കുട്ടികളെയും സ്ത്രീകളെയും ഗർഭിണികളെയും കൊന്നൊടുക്കുന്നതിൽ ഇസ്രയേൽ ഭരണകൂടം പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട് എന്നതിന് ചരിത്രം തന്നെയാണ് സാക്ഷി. 1967ലെ ആറുദിന യുദ്ധത്തിലൂടെ പലസ്തീനിന്റെ ഭൂപ്രദേശങ്ങൾ ഭൂരിഭാഗവും പിടിച്ചെടുത്ത ഇസ്രയേൽ പിന്നീടങ്ങോട്ട് പലസ്തീനിലെ കുരുന്നുകൾക്കു നേരെയുള്ള ഈ യുദ്ധം കൂടുതൽ വ്യാപകമാക്കി.
2000 മുതൽ 2023 ഒക്ടോബർ 6 വരെ ഇസ്രയേൽ സേന കൊന്നൊടുക്കിയത് 7759 പലസ്തീൻകാരെയാണ്; അതിൽ 1741 പേർ കുഞ്ഞുങ്ങളെയാണ്, 572 സ്ത്രീകളെയും. 2023 ഒക്ടോബർ 7ന് ഹമാസിന്റെ ചെറുത്തുനിൽപ്പിനെ തുടർന്ന് ഒരു ജനതയെയാകെ കൂട്ടക്കുരുതി ചെയ്തുകൊണ്ടിരിക്കുകയാണ് ഇസ്രയേൽ. ഇതുവരെ കൊല്ലപ്പെട്ട 13,300 പേരിൽ 5,000ത്തിലധികവും കുഞ്ഞുങ്ങളാണ്. എന്തുതെറ്റാണ് ഈ കുഞ്ഞുങ്ങൾ ചെയ്തത്?
2008–09ൽ ഗാസയിൽ ഇസ്രയേൽ നടത്തിയ യുദ്ധത്തിൽ കൊല്ലപ്പെട്ടത് 345 പലസ്തീൻ കുഞ്ഞുങ്ങളാണ്. 2006ൽ ഉയർന്ന സ്ഫോടനശേഷിയുള്ള ഇസ്രയേൽ മിസെെലുകൾ കൊന്നൊടുക്കിയത് 56 പലസ്തീൻ കുരുന്നുകളെയാണ്. 2014ലെ ഇസ്രയേൽ നരനായാട്ടിൽ ഗാസയിലെ 582 കുട്ടികളും 2021 ൽ 67 കുട്ടികളും കൊല്ലപ്പെട്ടു. 2002 നവംബറിൽ സ്വന്തം പിറന്നാൾ ആഘോഷിക്കുന്നതിനു വേണ്ടി പോയ ഫുള്ള റാസ്മിയെന്ന പതിനാറുകാരിയെ അവൾ സഞ്ചരിച്ചിരുന്ന കാറിനുള്ളിലേക്ക് യാതൊരു കാരണവുമില്ലാതെ നിറയൊഴിച്ച് ഇസ്രയേൽ പട്ടാളം കൊലപ്പെടുത്തി. രണ്ടാം ഇൻതിഫാദയുടെ വേളയിൽ 600 പലസ്തീൻ കുഞ്ഞുങ്ങളെയാണ് ഇസ്രയേൽ കൊന്നാടുക്കിയത്. അതിൽ 12 വയസ്സ് മാത്രം പ്രായമുള്ള മുഹമ്മദ് അൽ–ദുറയും 14 വയസ്സുള്ള ഫെയേഴ്സ് ഒദേഹയും 11 വയസ്സുള്ള ഖലീൽ അൽ–മുഖ്റാബിയും അടങ്ങുന്നു. 5000 കുഞ്ഞുങ്ങൾക്കാണ് രണ്ടാം ഇൻതിഫാദയിൽ ക്രൂരമായി പരിക്കേറ്റത്. നേരിട്ടുള്ള ഏറ്റുമുട്ടലിനു പകരം സമാധാനപരമായ സമരമുറകളിലൂടെ ഇസ്രയേൽ അധിനിവേശത്തെ ചെറുക്കുകയായിരുന്നു ഒന്നും രണ്ടും ഇൻതിഫാദയിലൂടെ പലസ്തീൻ ജനത ചെയ്തതെന്നുകൂടി ഇവിടെ ഓർക്കേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ യുദ്ധത്തിൽ കൊല്ലപ്പെട്ടതിൽ പകുതിയിലധികവും കുഞ്ഞുങ്ങളാണെങ്കിൽ അതിലേറെ കുരുന്നുകൾക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്.
പലസ്തീനിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുക മാത്രമല്ല, അവരെ ബലമായി പിടിച്ചുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയും വർഷങ്ങളോളം തടവിലിടുകയും ചെയ്യുക എന്നതും ഇസ്രയേൽ സുരക്ഷാസേനയുടെ നയമാണ്. 2019 ജൂലെെ 29ന് നാലുവയസ്സു മാത്രം പ്രായമുള്ള മുഹമ്മദ് റാബി എന്ന കുഞ്ഞിനെ അധിനിവേശ ജറുസലേമിലെ ഇസ്രയേൽ പൊലീസ് ചോദ്യം ചെയ്യുന്നതിനുവേണ്ടി വിളിച്ചു. ഇസ്രയേൽ അധിനിവേശ പ്രദേശത്തേക്ക് ഒരു ചെറിയ കല്ലുരുട്ടി വിട്ടു എന്നതായിരുന്നു ആ കുരുന്നു ബാലൻ ചെയ്ത മഹാ അപരാധം. മുഹമ്മദിനെ ചോദ്യംചെയ്ത് ഒരു ദിവസം കഴിഞ്ഞപ്പോൾ 6 വയസ്സുള്ള ഖയസ് ഫിറാസ് ഒബെെദിന്റെ പിതാവിനെ ഇസ്രയേൽ സെെനിക അധികാരികൾ വിളിപ്പിച്ചു. ഇസ്രായേൽ പട്ടാളക്കാർക്കു നേരെ ഒഴിഞ്ഞ ജ്യൂസ് കുപ്പിയെറിഞ്ഞു എന്നതായിരുന്നു ആ കുട്ടി ചെയ്ത കുറ്റം. 2000ലെ ജനകീയ പ്രക്ഷോഭമായ രണ്ടാം ഇൻതിഫാദ മുതലിങ്ങോട്ട് 15000 ത്തോളം കുഞ്ഞുങ്ങളെയാണ് ഇസ്രയേൽ പട്ടാളം അറസ്റ്റു ചെയ്ത് വിചാരണ നടത്തിയത്. ഈ കുട്ടികളിലധികവും ചെയ്ത കുറ്റം കല്ലുകളെറിഞ്ഞു എന്നതാണ്; ഇസ്രയേൽ സെെനിക നിയമമനുസരിച്ച് 20 വർഷംവരെ തടവാണ് ഈ ‘ഭീകര’ കുറ്റകൃത്യത്തിനേർപ്പെടുത്തിയിട്ടുള്ള ശിക്ഷ.
കുട്ടികൾക്കെതിരായ ഇസ്രയേലിന്റെ വെറിപിടിച്ച കടന്നാക്രമണം ആകസ്മിക സംഭവമല്ല, നേരെമറിച്ച് അത് ഇസ്രയേൽ ഭരണകൂടത്തിന്റെ വ്യവസ്ഥാപിതവും ആസൂത്രിതവുമായ നയമാണെന്നാണ് ഈ സംഭവങ്ങളെല്ലാം കാണിക്കുന്നത്. പലസ്തീനിലെ കുഞ്ഞുങ്ങളെ ‘‘വിഷ പാമ്പുകളെന്നും’’ അമ്മമാരെ ‘‘വിഷപാമ്പുകളെ പെറ്റുപോറ്റുന്നവർ’’ എന്നുമാണ് 2014ൽ ഇസ്രയേൽ പ്രതിരോധമന്ത്രി അയലേത്ത് ഷേക്ക്ഡ് പറഞ്ഞത്. കൗമാരപ്രായക്കാരനായ മുഹമ്മദ് അബു ഖാദിറെന്ന പലസ്തീൻ കുട്ടിയെ ആറ് ഇസ്രയേലി ജൂത യുവാക്കൾ ചേർന്ന് പിടികൂടി ജീവനോടെ ചുട്ടുകൊന്നതിനെ തുടർന്നുണ്ടായ സംഘർഷത്തെക്കുറിച്ച് അയലേത്ത് നടത്തിയ പ്രതികരണമായിരുന്നു അത്.
പുതുതലമുറയെ ഉന്മൂലനം ചെയ്യുന്നതിലൂടെ ഇസ്രയേൽ നടത്തുന്നത് പലസ്തീൻ ജനതയുടെയാകെ ഉന്മൂലനമാണ്. അതാണ് പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നതിലൂടെ ഇസ്രയേൽ ലക്ഷ്യം വയ്ക്കുന്നത്. ♦