Monday, April 22, 2024

ad

Homeകവര്‍സ്റ്റോറിഅമേരിക്കതന്നെ 
ഏറ്റവും വലിയ ഭീകരരാഷ്ട്രം

അമേരിക്കതന്നെ 
ഏറ്റവും വലിയ ഭീകരരാഷ്ട്രം

ജി വിജയകുമാർ

റബ് മേഖലയിൽ അധീശാധിപത്യം ഉറപ്പിക്കാനുള്ള സാമ്രാജ്യത്വ പദ്ധതിപ്രകാരമാണ് സയണിസം എന്ന പ്രത്യയശാസ്ത്രം തന്നെ ഉയർന്നുവന്നത്. പലസ്തീൻ പ്രദേശത്ത് നടന്ന ജൂത കുടിയേറ്റത്തിനും ഒടുവിൽ രണ്ടാം ലോകയുദ്ധാനന്തരം പലസ്തീൻ വിഭജിച്ച് അതിലെ ഭൂരിപക്ഷം വരുന്ന പ്രദേശത്ത് ഇസ്രയേൽ രൂപീകരിച്ചതിനും പിന്നിൽ സാമ്രാജ്യത്വത്തിന്റെ അജൻഡ തന്നെയാണുള്ളത്. തുടക്കത്തിൽ അത് ബ്രിട്ടീഷ് സാമ്രാജ്യത്വമായിരുന്നെങ്കിൽ രണ്ടാം ലോക യുദ്ധാനന്തരം അമേരിക്കൻ സാമ്രാജ്യത്വം അതേറ്റെടുത്തു. സയണിസ്റ്റുകളുടെ ഭീകരാക്രമണങ്ങൾക്കും ക്രൂരതകൾക്കുമെല്ലാം അമേരിക്കയും മറ്റ് സാമ്രാജ്യത്വശക്തികളും സംരക്ഷണം നൽകുന്നതിൽ നിന്നുതന്നെ ഇതിനുപിന്നിൽ സാമ്രാജ്യത്വതാല്പര്യം ഉണ്ടെന്ന് വ്യക്തമാണ്.

പ്രശസ്ത ഇസ്രയേലി ചരിത്രകാരനും രാഷ്ട്രീയ നേതാവുമായ സിംഹ ഫ്ലാപ്പന്റെ Zionism and the Palestinians എന്ന കൃതിയിൽ പറയുന്നതൊന്നു നോക്കാം: ‘‘ഇസ്രയേൽ സ്ഥാപിക്കപ്പെടുന്നതിനു മുൻപു തന്നെ ഇസ്രയേലി രാഷ്ട്രീയ സിദ്ധാന്തം രൂപപ്പെട്ടു കഴിഞ്ഞിരുന്നു; ഈ സിദ്ധാന്തത്തിനു വ്യക്തത വരുത്താനുള്ള പ്രക്രിയയിൽ ചില അടിസ്ഥാന സങ്കൽപ്പനങ്ങൾ ഉൾച്ചേർത്തിരുന്നു: രാഷ്ട്രീയ ലക്ഷ്യം കൈവരിക്കുന്നതിനുള്ള അടിസ്ഥാനമെന്ന നിലയിൽ സാമ്പത്തികവും സൈനികവുമായ സംഘടനകൾ ക്രമാനുഗതമായി രൂപപ്പെടുത്തൽ; പശ്ചിമേഷ്യയ്ക്കു പുറത്തുള്ള ഒരു വൻശക്തിയുമായി സഖ്യം; പലസ്തീൻ ജനതയുടെ ദേശീയ അസ്തിത്വത്തെ തന്നെ നിഷേധിക്കൽ. ജൂത ദേശീയ ജീവിതത്തിന്റെ നവോത്ഥാനമെന്ന നിലയിൽ സാമ്പത്തികമായും സാമൂഹികമായും സാംസ്കാരികമായും പലസ്തീൻകാരോട് വിവേചനം; ബലപ്രയോഗത്തിലൂടെ സമാധാനം സ്ഥാപിക്കൽ. ഇതിലൂടെ കൃത്യമായ സയണിസ്റ്റ് പദ്ധതി നമുക്ക് വായിച്ചെടുക്കാം. ഇടതുപക്ഷ സയണിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവും ഇസ്രയേലിന്റെ ഔദ്യോഗിക ചരിത്രമെന്നു തന്നെ പറയാവുന്ന The Birth of Israel: Myths and Realities (ഇസ്രയേലിന്റെ പിറവി: കെട്ടുകഥകളും യാഥാർത്ഥ്യങ്ങളും) എന്ന കൃതിയുടെ കർത്താവുമായ സിംഹ ഫ്ലാപ്പന്റെ വാക്കുകൾ ആധികാരികവുമാണ്. ഇത് പക്ഷേ, ഇസ്രയേലിന് നേതൃത്വം നൽകുന്ന സയണിസ്റ്റുകളുടെ നിലപാട് മാത്രമേ ആകുന്നുള്ളൂ. ഇതിനും അപ്പുറമാണ് സാമ്രാജ്യത്വത്തിന്റെ, ആഗോള മൂലധനത്തിന്റെ പദ്ധതി.

പലസ്തീനിൽ സാമ്രാജ്യത്വത്തിന്റെ നോട്ടം 
പതിയുന്നത് സയണിസത്തിനും മുൻപ്
കൊളോണിയൽ -– സാമ്രാജ്യ ഭരണകൂടങ്ങൾക്ക് പലസ്തീനിൽ താൽപര്യം ജനിക്കുന്നത് സ്വതന്ത്ര വ്യാപാര മുതലാളിത്തത്തിന്റെയും കൊളോണിയൽ വ്യാവസായിക മുതലാളിത്ത രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യ മത്സരങ്ങളുടെയും കാലം മുതലാണ്. അതായത് 19–ാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിനും മുൻപു മുതൽ. അന്താരാഷ്ട്ര കൊളോണിയൽ വ്യാപാരത്തെ സംബന്ധിച്ചിടത്തോളം പലസ്തീനുള്ള ഭൂമിശാസ്ത്രപരമായ പ്രാധാന്യമാണ് കൊളോണിയൽ ശക്തികളുടെ കണ്ണ് അവിടേയ്ക്ക് പതിയാൻ കാരണമായത്.

ഈ കാലഘട്ടത്തിൽ തുർക്കി ആസ്ഥാനമായ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു പലസ്തീൻ. വ്യാവസായികമായി വികസിച്ചുകൊണ്ടിരുന്ന പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഓട്ടോമൻ സാമ്രാജ്യം ഏറെക്കുറെ ദുർബലവും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുമായിരുന്നു. ആ കാലത്ത് പലസ്തീൻ, ലബനൻ, ട്രാൻസ് ജോർദാൻ, സിറിയ എന്നിവ ഉൾപ്പെടുന്ന ഭൂപ്രദേശമാകെ ചരിത്രപരമായി സിറിയ (Historical Syria) എന്നാണറിയപ്പെട്ടിരുന്നത്. ഓട്ടോമൻ തുർക്കികളുടെ കൈവശമായിരുന്ന ഈ ഭൂപ്രദേശം ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ പാശ്ചാത്യ സാമ്രാജ്യശക്തികൾക്ക് ഇന്ത്യ ഉൾപ്പെടെയുള്ള വിദൂരപൂർവദേശം (Far East) എന്നറിയപ്പെട്ടിരുന്ന കോളനി രാജ്യങ്ങളിലേക്ക് (അറബ് രാജ്യങ്ങളെ പാശ്ചാത്യ രാജ്യങ്ങൾ വിശേഷിപ്പിച്ചിരുന്നത് സമീപപൂർവ രാജ്യങ്ങൾ (Near East) എന്ന നിലയിലാണ്) പോകാനുള്ള കര മാർഗമുള്ള എളുപ്പവഴിയായിരുന്നു. ഓട്ടോമൻ തുർക്കികൾ പ്രബലരായിരുന്ന കാലത്ത് യൂറോപ്യൻ വ്യാപാരികളുടെ ഇതുവഴിയുള്ള സഞ്ചാരം വിലക്കിയപ്പോഴായിരുന്നല്ലോ പാശ്ചാത്യർ ആഫ്രിക്കയുടെ തെക്കൻ മുനമ്പ് ചുറ്റി ഇന്ത്യയിലേക്കുള്ള കടൽ മാർഗം കണ്ടെത്തിയത്.

പലസ്തീനിൽ താൽപര്യം വർദ്ധിച്ചതോടെ 1839–1854 കാലഘട്ടത്തിൽ പ്രമുഖ യൂറോപ്യൻ ശക്തികളെല്ലാം ജെറുസലേം നഗരത്തിൽ കോൺസുലേറ്റുകൾ സ്ഥാപിച്ചു. പലസ്തീൻ ഭൂപ്രദേശത്തെ വിവിധ വിഭാഗങ്ങളെ പ്രീണിപ്പിച്ച് തങ്ങൾക്കൊപ്പം നിർത്താനും അവയെ തമ്മിൽ അകറ്റാനും ഈ സാമ്രാജ്യശക്തികൾ ശ്രമം തുടങ്ങി. പലസ്തീനിൽ ആധിപത്യം ഉറപ്പിക്കുകയെന്ന തങ്ങളുടെ യഥാർഥ ലക്ഷ്യം മറച്ചുവെച്ചുകൊണ്ട് പലസ്തീനിലെ ഓരോ വിഭാഗത്തിന്റെയും സംരക്ഷകരാണ് തങ്ങൾ എന്ന പ്രതീതി സൃഷ്ടിക്കുകയായിരുന്നു ഈ സാമ്രാജ്യ ശക്തികൾ. ജൂതസമൂഹത്തോട് ബ്രിട്ടീഷ് സാമ്രാജ്യത്വം തുടക്കം മുതൽ പ്രകടിപ്പിച്ചിരുന്ന അടുപ്പം തങ്ങളുടെ കൊളോണിയൽ സ്വാധീനം വ്യാപിപ്പിക്കുന്നതിനുള്ള മുഖ്യ ആശ്രയമായി അതിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയായിരുന്നു.

ലോക സയണിസ്റ്റ് സംഘടന രാഷ്ട്രീയ രംഗത്ത് രംഗപ്രവേശം ചെയ്യുന്നതിന് വളരെ മുൻപുതന്നെ പലസ്തീനിലേക്ക് ജൂത കുടിയേറ്റം നടത്തേണ്ടതിനെക്കുറിച്ച് ബ്രിട്ടൻ ആലോചന തുടങ്ങിയതായി The History of Zionism (സയണിസത്തിന്റെ ചരിത്രം) എന്ന കൃതിയിൽ ആദ്യകാല സയണിസ്റ്റ് നേതാവായ നഹും സൊക്കൊളോവ് (1859–1936) രേഖപ്പെടുത്തുന്നുണ്ട്. 1840 സെപ്റ്റംബർ 25ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വിസ്കൗണ്ട് പാമേഴ്സ്റ്റൺ പ്രസ്താവിച്ചത് പലസ്തീൻ പ്രദേശത്തെ ബ്രിട്ടീഷ് കോളനിയാക്കി മാറ്റുന്നതിനെ കുറിച്ചാണ്. യൂറോപ്പിൽ പലഭാഗത്തും കഴിയുന്ന ജൂതർ പലസ്തീൻ ഭൂപ്രദേശത്തേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതായും പാമേഴ്സ്റ്റൺ പറയുന്നു. ഈ പ്രദേശത്ത് ജൂതർക്ക് നിയമപരമായി തുല്യത ഉറപ്പാക്കാൻ കഴിയുകയും ജൂതരുടെ ഇക്കാര്യത്തിലെ ആശങ്കകൾ അകറ്റുകയും ചെയ്താൽ പെട്ടെന്നു തന്നെ തങ്ങളുടെ സമ്പത്തും വ്യവസായങ്ങളുമടക്കം അവിടേക്ക് പോകാൻ അവരെ പ്രേരിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം തുടരുന്നു. പലസ്തീനിൽ ജൂത കോളനിവൽക്കരണം നടത്തലാണ് ബ്രിട്ടനെ സംബന്ധിച്ച് അനായാസം ആ പ്രദേശത്ത് സ്വാധീനമുറപ്പിക്കാൻ പറ്റിയ വഴിയെന്നും അക്കാലത്ത് പാമേഴ്സ്റ്റൺ ചൂണ്ടിക്കാണിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് 1896ൽ ജൂതരാഷ്ട്രം എന്ന കൃതിയുമായി ആസ്ട്രിയക്കാരനായ തിയഡോർ ഹെർസലിന്റെ വരവിനെയും 1897 ലെ ലോക സയണിസ്റ്റ് സമ്മേളനത്തെയും കാണേണ്ടത്.

1869ൽ സൂയസ് കനാൽ തുറന്നതിനെ തുടർന്നാണ് സാമ്രാജ്യത്വശക്തികൾ തമ്മിൽ ഈ മേഖലയിൽ ആധിപത്യമുറപ്പിക്കാനുള്ള പോര് ശക്തിപ്പെട്ടത്. ബ്രിട്ടനു പുറമെ ഫ്രാൻസ്, സാറിസ്റ്റ് റഷ്യ, ജർമൻ സാമ്രാജ്യം എന്നിവയെല്ലാം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ പലസ്തീനിൽ ആധിപത്യമുറപ്പിക്കുന്നതിനുള്ള നീക്കം ആരംഭിച്ചിരുന്നു. ഒടുവിൽ ഒന്നാം ലോക യുദ്ധകാലത്ത് 1916ൽ സെെക്സ് – പിക്കോട്ട് ഉടമ്പടി പ്രകാരം സമീപപൂർവ മേഖലയിലെ രാജ്യങ്ങളെ പങ്കിട്ടെടുക്കാൻ ബ്രിട്ടനും ഫ്രാൻസും സാറിസ്റ്റ് റഷ്യയും ധാരണയിലെത്തി. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു 1917 ലെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബാൽഫോർ പ്രഭുവിന്റെ പലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കുമെന്ന പ്രഖ്യാപനം.

സയണിസ്റ്റ് സംഘടന നിലവിൽ വന്ന ഉടൻ തന്നെ അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ, സ്വീഡൻ, സ്വിറ്റ്സർലണ്ട്, ബെൽജിയം, ജർമനി തുടങ്ങിയ മുതലാളിത്ത രാജ്യങ്ങൾ ആ സംഘടനയെ സാമ്പത്തികമായി സഹായിക്കുകയെന്ന ദൗത്യം ഏറ്റെടുത്തു. അന്നുമുതൽ തുടങ്ങിയതാണ് ജൂത രാഷ്ട്രത്തിലേക്കുള്ള മൂലധന പ്രവാഹം. പലസ്തീനിലേക്കുള്ള സയണിസ്റ്റ് അധിനിവേശത്തിന് ബ്രിട്ടന്റെയും അമേരിക്കയുടെയും സാമ്പത്തിക സഹായത്തിനൊപ്പം ഫ്രാൻസിൽനിന്നുള്ള ആയുധങ്ങളും ലഭിച്ചിരുന്നു. ജർമനിയിലും സാറിസ്റ്റ് റഷ്യയിലും ജൂതർക്കെതിരെ നിലനിന്നിരുന്ന വിവേചനവും പിന്നീട് ഹിറ്റ്ലർ വാഴ്ചയിൽ നടന്ന അടിച്ചമർത്തലും ഈപ്രൊജക്ടിന്റെ ഗതിവേഗം വർധിപ്പിച്ചു.

അമേരിക്കയുടെ രംഗപ്രവേശം
ഒന്നാം ലോകയുദ്ധകാലത്തെ ബാൽഫോർ പ്രഖ്യാപനത്തോടെ പലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കുകയെന്ന പ്രോജക്ടിന്റെ നടുനായകത്വം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കെെവശം വന്നു. അത് യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു 1936ലെ അറബ് ചെറുത്തുനിൽപ്പിനെ അടിച്ചമർത്തുന്നതിൽ ബ്രിട്ടൻ സർവശക്തിയുമെടുത്ത് പ്രയോഗിച്ചത്; സാമ്രാജ്യത്വത്തിനെതിരെയും സയണിസത്തിനെതിരെയും പോരാടിയ അറബ് ദേശീയവാദികളെ കൊന്നൊടുക്കിയും ജയിലിലടച്ചും പലസ്തീനിൽ തലമുറകളായി പാർത്തിരുന്ന തദ്ദേശീയരെ ആട്ടിയോടിച്ചും ബ്രിട്ടീഷ് സാമ്രാജ്യത്വം ഇസ്രയേൽ രാഷ്ട്ര സ്ഥാപനത്തിന് അരങ്ങൊരുക്കി.

രണ്ടാം ലോകയുദ്ധത്തോടെ ദുർബലമായിതീർന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സ്ഥാനം അമേരിക്ക ഏറ്റെടുക്കുകയായിരുന്നു. മുതലാളിത്ത ലോകത്തിന്റെയാകെ സാമ്രാജ്യത്വ ചേരിയുടെ, നായകസ്ഥാനത്ത് രണ്ടാം ലോക യുദ്ധാനന്തരം അമേരിക്ക അവരോധിക്കപ്പെട്ടതിനെ തുടർന്നാണിത്. സയണിസ്റ്റുകളും തങ്ങളുടെ മുഖ്യ പ്രവർത്തനകേന്ദ്രം യൂറോപ്പിൽനിന്നും അമേരിക്കയിലേക്ക് മാറ്റി. 1942 മെയ് 11ന് ന്യൂയോർക്കിലെ ബാർട്ടിമോർ ഹോട്ടലിൽ ചേർന്ന അസാധാരണ സയണിസ്റ്റ് സമ്മേളനം അംഗീകരിച്ച പ്രസ്താവന (‘‘ബാർട്ടിമോർ പ്രസ്താവന’’ എന്നാണ് ഇത് അറിയപ്പെടുന്നത്) ഭാവിയിൽ സയണിസ്റ്റ് മുന്നേറ്റങ്ങൾക്കുള്ള മുഖ്യ ആശ്രയം അമേരിക്ക ആയിരിക്കുമെന്ന് തറപ്പിച്ച് പറയുന്നുണ്ട്. അമേരിക്കയുടെ ശക്തമായ ഇടപെടൽ തന്നെയാണ് പലസ്തീൻ വിഭജനത്തിനും ഇസ്രയേൽ സ്ഥാപിക്കുന്നതിനും ഇടയാക്കിയ യുഎൻ പ്രമേയത്തിനു പിന്നിൽ പ്രവർത്തിച്ചത്.

1948നും 1962നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ മാത്രം 320 കോടി ഡോളറാണ് ഇസ്രയേലിന്റെ സാമ്പത്തിക വികസനത്തിനും പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി അമേരിക്ക നൽകിയത്. 1967ലെ ആറുദിന യുദ്ധാനന്തരം (ജൂൺ യുദ്ധം എന്നും ഇതറിയപ്പെടുന്നു‍) ഇസ്രയേലിന് വിവിധ രൂപങ്ങളിലുള്ള ധനസഹായം ലഭിക്കുന്ന മുഖ്യസ്രോതസ്സ് അമേരിക്കയായി മാറി. ആറുദിന യുദ്ധത്തിന് തൊട്ടുമുൻപുള്ള 20 വർഷത്തിനിടയിൽ ഇസ്രയേലിന് അമേരിക്ക നൽകിയ സാമ്പത്തിക സഹായത്തിന്റെ ഏറെക്കുറെ ഇരട്ടിത്തുകയാണ് 1967നു ശേഷമുള്ള 5 വർഷം നൽകിയത്. അതുപോലെതന്നെ ഉദാരമായ വ്യവസ്ഥകളിൽ കുറഞ്ഞ പലിശയ്ക്ക് യഥേഷ്ടം വായ്പകളും അമേരിക്കയിൽനിന്ന് ഇസ്രയേലിന് ലഭിക്കുന്നുണ്ട്. ഇസ്രയേൽ എന്ന രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതിനു മുൻപു തന്നെ സയണിസ്റ്റ് സമ്പദ്ഘടനയെ ശാക്തീകരിക്കുന്നതിൽ അമേരിക്ക പ്രധാന പങ്ക് വഹിച്ചിരുന്നു – 1926ൽ സ്ഥാപിക്കപ്പെട്ട പലസ്തീനിയൻ ഇക്കണോമിക് കമ്പനിയും 1942ൽ സ്ഥാപിക്കപ്പെട്ട അമേരിക്കൻ പലസ്തീനിയൻ കമ്പനിയുമാണ് ഈ പങ്ക് വഹിച്ചത്. അമേരിക്കൻ മുതലാളിത്തത്തെയും സയണിസത്തെയും കൂട്ടിയിണക്കുന്ന ഭീമൻ കുത്തകകളായാണ് ഈ കമ്പനികൾ എന്നാണ് അറിയപ്പെടുന്നത്. അധിനിവേശ പലസ്തീനിൽ, ഇസ്രയേൽ സ്ഥാപിക്കപ്പെടുന്നതിനുമുൻപുതന്നെ, ഈ കമ്പനികൾ വൻതോതിൽ മൂലധന നിക്ഷേപം നടത്തിതുടങ്ങിയിരുന്നു. ഈ കമ്പനികൾക്കു പുറമെ ലേമാൻ ബ്രദേഴ്സ്, മോർഗൻ സ്റ്റാൻലി, ഗോൾഡ്മാൻ സാച്ചസ്, റോക്ക് ഫെല്ലർ തുടങ്ങിയ അമേരിക്കൻ കുത്തകകളും സയണിസ്റ്റ് പ്രസ്ഥാനത്തെയും രാഷ്ട്രത്തെയും സംരക്ഷിക്കാൻ യഥേഷ്ടം പണം ഒഴുക്കിയിട്ടുണ്ട്.ഇസ്രയേൽ മാതൃകയെക്കുറിച്ചും ജാലവിദ്യയെക്കുറിച്ചുമെല്ലാം കൊട്ടിഘോഷിക്കുന്നവർ ഈ യാഥാർഥ്യങ്ങൾ മറച്ചുവയ്ക്കുകയാണ്. അമേരിക്കൻ ഭരണം കയ്യാളുന്നത് റിപ്പബ്ലിക്കൻ പാർട്ടിയായാലും ഡെമോക്രാറ്റിക് പാർട്ടിയായാലും ഇസ്രയേൽ നയത്തിൽ മാറ്റം വരാറില്ല. കാരണം അടിസ്ഥാനപരമായി അന്താരാഷ്ട്ര ധനമൂലധനത്തിന്റെ താൽപര്യമാണ് ഇസ്രയേൽ അറബ് മേഖലയിൽ ശക്തമായി നിലനിൽക്കുകയെന്നത്.

ഔപചാരികമായി ഇസ്രയേൽ ആണവശക്തിയായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇസ്രയേലിൽ ആണവായുധങ്ങൾ ഉണ്ടെന്നത് പരക്കെ അംഗീകരിക്കപ്പെട്ട യാഥാർഥ്യമാണ്. ഇത് അമേരിക്ക നൽകുന്നതാണെന്നതും വസ്തുതയാണ്. മാത്രമല്ല പലസ്തീൻ ജനതയ്ക്കെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിലെല്ലാം അമേരിക്ക നേരിട്ട് അഫ്ഗാനിസ്ഥാനിലും ഇറാഖിലും സിറിയയിലും ലിബിയയിലും പ്രയോഗിച്ച പോലെ തന്നെ, ഡിപ്ലീറ്റഡ് യുറേനിയം ഉപയോഗിക്കുന്നുണ്ട്. 1948 മുതൽ ഐക്യരാഷ‍്ട്ര പൊതുസഭ നിരവധി പ്രമേയങ്ങൾ പലസ്തീൻ പ്രശ്നത്തിൽ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇസ്രയേൽ രാഷ്ട്ര സ്ഥാപനം സംബന്ധിച്ചുള്ളതൊഴികെ ഒന്നുപോലും നടപ്പാക്കാൻ ഇസ്രയേൽ കൂട്ടാക്കാതിരുന്നതും അമേരിക്കയുടെ ശക്തമായ പിന്തുണയുള്ളതുകൊണ്ടു മാത്രമാണ്. ഇസ്രയേൽ നടത്തുന്ന യുദ്ധ കുറ്റകൃത്യങ്ങൾക്കെതിരായി യുഎൻ രക്ഷാസമിതിയിൽ വരുന്ന പ്രമേയങ്ങളെയെല്ലാം അമേരിക്ക വിറ്റോ അധികാരം ഉപയോഗിച്ച് തടയുന്നതും ഇസ്രയേലിന്റെ ഭീകരവാഴ്ച തുടരാൻ സഹായിക്കുന്നു. ഇപ്പോൾ താൽകാലിക വെടിനിർത്തലും മാനുഷിക സഹായങ്ങളും ആവശ്യപ്പെടുന്ന പ്രമേയത്തെ പോലും ഇസ്രയേലിനു ഹിതകരമല്ലാത്തതുകൊണ്ട് യുഎൻ സെക്യുരിറ്റി കൗൺസിലിൽ അമേരിക്ക വീറ്റോ ചെയ്തത് സാമ്രാജ്യത്വത്തിന്റെ മനുഷ്യത്വരഹിതമായ മുഖമാണ് തുറന്നു കാണിക്കുന്നത്.

വരെന്നോടുപറഞ്ഞു:
തിന്നുക, കുടിക്കുക.
അതു ലഭിച്ചതിലാനന്ദിക്കുക!
പക്ഷേ,
ഞാൻ കഴിക്കുന്നത്
പട്ടിണിക്കാരിൽ നിന്ന്
തട്ടിപ്പറിച്ചതാണെങ്കിൽ,
ഞാൻ കുടിക്കുന്നത്
ദാഹാർത്തനായി മരിക്കുന്നവന്റെ
ജീവജലമാണെങ്കിൽ,
എനിക്കെങ്ങനെ
തിന്നാനും കുടിക്കാനും കഴിയും?
എന്നിട്ടും ഞാൻ
തിന്നുകയും കുടിക്കുകയും ചെയ്യുന്നു

ബെർത്തോൾഡ് ബ്രെഹ്ത്ത്

മതവർഗീയതയും വംശീയതയും സാമ്രാജ്യത്വത്തിന്റെ ഉപകരണങ്ങൾ
പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യകാലത്തിനു മുൻപു തന്നെ പലസ്തീൻ പ്രദേശത്ത് ആധിപത്യമുറപ്പിക്കാൻ ജൂത – അറബ് വിദേ-്വഷം സൃഷ്ടിക്കാൻ തീരുമാനിച്ച അതേ മൂലധന ശക്തികളാണ് (മുൻപ് ബ്രിട്ടനായിരുന്നെങ്കിൽ ഇപ്പോൾ അമേരിക്കയെന്ന വ്യത്യാസമേയുള്ളൂ) പലസ്തീൻ വിമോചന സംഘടനയുടെ മതനിരപേക്ഷ സ്വഭാവവും അതിലെ ഇടതുപക്ഷ സ്വാധീനവും തകർക്കാൻ മതവർഗീയതയെ ഉൗട്ടി വളർത്തിയത്. അങ്ങനെയാണ് ഹമാസ് എന്ന മതമൗലികവാദ സംഘടനയുടെ പിറവി തന്നെ. ഹമാസിന് ആശയപരമായ ഊർജം നൽകിയ മുസ്ലീം ബ്രദർഹുഡ് ജന്മം കൊണ്ടതുതന്നെ ഇൗജിപ്തിലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളെ തകർക്കാനുള്ള സാമ്രാജ്യത്വ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നുവെന്ന് സാക്ഷ്യപ്പെടുന്നത് പ്രശസ്ത ഈജിപ്ഷ്യൻ ചിന്തകനായ സമീർ അമിനാണ്. ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഉപകരണമായി ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ വളർത്തിക്കൊണ്ടുവന്ന, അതിന് ആർഎസ്എസ് എന്ന സംഘടനാരൂപം സൃഷ്ടിച്ച 1920കളിൽ തന്നെയാണ് ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ആധിപത്യത്തിലായിരുന്ന ഇൗജിപ്തിൽ മുസ്ലിം ബ്രദർഹുഡ് എന്ന ഇസ്ലാമിസ്റ്റ‍് രാഷ്ട്രീയ പ്രത്യയശാസ്ത്രവും പ്രസ്ഥാനവും പിറവികൊണ്ടത്. അതിന്റെ ആശയം ഉൾക്കൊണ്ടാണ്, അതിന്റെ പലസ്തീൻ ഘടകമെന്ന പോലെയാണ് ഹമാസും രൂപീകരിക്കപ്പെട്ടത്. എന്നാൽ 2006ൽ പലസ്തീൻ അതോറിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഗാസ മേഖലയിൽ ഹമാസ് ഭൂരിപക്ഷം നേടുകയും പിന്നീട് പലസ്തീൻ രാഷ്ട്രത്തിനൊപ്പം ഇസ്രയേലും എന്ന പരിഹാരമാർഗം പിഎൽഒയെ പോലെതന്നെ ഹമാസും അംഗീകരിച്ചതോടെ ഹമാസിന്റെ മേൽ ഭീകരതയുടെ മുദ്രകുത്തി (എന്നാൽ അമേരിക്കയോ ഐക്യരാഷ്ട്ര സഭയോ ഹമാസിനെ ഭീകരവാദ സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമില്ല) അടിച്ചമർത്താൻ നോക്കുന്നത്. ഹമാസ് ജനാധിപത്യപരമായ മാർഗത്തിലേക്ക് തിരിഞ്ഞപ്പോൾ അതിൽ ചേരിതിരിവുണ്ടാക്കി മറ്റൊരു ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടന ഉയർന്നുവന്നതിനുപിന്നിലും സാമ്രാജ്യത്വ – സയണിസ്റ്റ് ശക്തികൾ തന്നെയാണ്. വൻ ഭൂരിപക്ഷത്തോടെ, രഹസ്യ ബാലറ്റിൽ ജനങ്ങൾ ഹമാസിനെ തിരഞ്ഞെടുത്തപ്പോൾ അതംഗീകരിക്കില്ല എന്ന അമേരിക്കയുടെ നിലപാട് അവരുടെ ജനാധിപത്യവിരുദ്ധമുഖമാണ് കാണിക്കുന്നത്.

സോവിയറ്റ് യൂണിയനെ തകർക്കാനും പശ്ചിമേഷ്യയിൽ ആധിപത്യം ഉറപ്പിക്കാനും അമേരിക്ക തന്നെയാണ് മതഭീകര സംഘടനകളായ അൽഖ്വയ്ദയെയും ഐഎസ്ഐഎസിനെയും സാമ്പത്തികവും സെെനികവുമായ സർവസഹായങ്ങളും നൽകി വളർത്തിക്കൊണ്ടുവന്നത്. യുഗോസ്ലാവിയയെ ശിഥിലീകരിക്കാനും ആഫ്രിക്കൻ വിമോചന പ്രസ്ഥാനങ്ങളെ തകർക്കാനും മത – വംശീയ ഭീകര സംഘടനകളെയാണ് സാമ്രാജ്യത്വശക്തികൾ കൂട്ടുപിടിച്ചത്.

അമേരിക്ക നടത്തിയ സെെനിക അട്ടിമറികൾ

1953 ഇറാൻ
ജനാധിപത്യപരമായി 1951ൽ അധികാരത്തിലെത്തിയ ഇറാനിലെ പ്രധാനമന്ത്രി മൊഹമ്മദ് മൊസാദെഖിനെ 1953ൽ സെെനിക അട്ടിമറിയിലൂടെ പുറത്താക്കിയത് അമേരിക്കയാണ്. ‘‘സോവിയറ്റ് ഭീഷണി’’ ഒഴിവാക്കാൻ എന്ന കാരണമായിരുന്നു അതിനു ന്യായീകരണമായി അമേരിക്കൻ വക്താക്കൾ പറഞ്ഞത്. എന്നാൽ യാഥാർഥ്യം അമേരിക്കയുടെയും ബ്രിട്ടന്റെയും എണ്ണക്കമ്പനികളുടെ താൽപ്പര്യമാണ് അതിനു പിന്നിൽ എന്നതാണ്. ഇറാനിലെ എണ്ണക്കമ്പനികൾ മൊസാദെഖ് ദേശസാൽക്കരിച്ചതാണ് അദ്ദേഹത്തിനെതിരെ തിരിയാൻ അമേരിക്കയെ പ്രേരിപ്പിച്ചത്. ഷാ പഹൽവി രാജാവിന്റെ ഭരണം തിരിച്ചുകൊണ്ടുവരികയായിരുന്നു അമേരിക്ക.

1954 ഗ്വാട്ടിമാല
ഗ്വാട്ടിമാലയിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജേക്കബ് അർബൻസിനെ ഗ്വാട്ടിമാലയിലെ സെെനിക മേധാവികളെ മുന്നിൽ നിർത്തി സിഐഎ നടത്തിയ അട്ടിമറിയിലൂടെ അധികാരത്തിൽനിന്ന് പുറത്താക്കുകയായിരുന്നു. തുടർന്ന് കാർലോസ് കാസ്റ്റിയൊ അർമാസിന്റെ സെെനിക സേ–്വച്ഛാധിപത്യ വാഴ്ചയായിരുന്നു. ഗ്വാട്ടിമാലയിലെ 42 ശതമാനം കൃഷി ഭൂമിയും നികുതിപോലും നൽകാതെ കയ്യടക്കി വച്ചിരുന്ന യുണെെറ്റഡ് ഫ്രൂട്ട് കമ്പനിയുടെ തോട്ടങ്ങൾ ദേശസാൽക്കരിക്കുകയും ഭൂപരിഷ്കരണം നടത്തുകയും ചെയ്തതായിരുന്നു അർബൻസ് ചെയ്ത കുറ്റം. ഗ്വാട്ടിമാലയിലെ വലതുപക്ഷ മാധ്യമങ്ങളും സെെനിക ഭരണകൂടവും ചേർന്ന് അർബൻസിനെയും കുടുംബത്തെയും കൊല്ലാക്കൊല ചെയ്ത് നാടുകടത്തി. വിമാനത്താവളത്തിൽ പരസ്യമായി കുടുംബാംഗങ്ങളുടെ മുന്നിൽവച്ച് അർബൻസിന്റെ വസ്ത്രങ്ങളാകെ അഴിച്ചുമാറ്റാൻ പോലും സെെനിക ഭരണാധികാരികൾ മടിച്ചില്ല. പിന്നീട് വർഷങ്ങളോളം ഗ്വാട്ടിമാലയിലെ ജനത നേരിട്ടത് കൊടിയ പീഡനങ്ങളായിരുന്നു.

1960–1965 കോംഗൊ
1960ൽ കോംഗൊ(ഇപ്പോൾ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗൊ) ബൽജിയത്തിൽനിന്ന് സ്വാതന്ത്ര്യം നേടി. സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നൽകിയ പാട്രീസ് ലുമുംബ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഏറെ കഴിയുംമുമ്പ് പ്രസിഡന്റ് ജോസ-ഫ് കസാവുബു ബെൽജിയത്തിന്റെ സെെനിക സഹായത്തോടെ ലുമുംബയെ അധികാരത്തിൽനിന്ന് പുറത്താക്കി. പിന്നീട് ക്യൂബയിലെ കാസ്ട്രോയെപോലെ ലുമുംബയും കമ്യൂണിസ്റ്റാണെന്ന് ആരോപിച്ച് സിഐഎ അദ്ദേഹത്തെ പിടികൂടി വധിക്കാൻ കൊലയാളി സംഘങ്ങളെ നിയോഗിച്ചു. 1961ൽ പാട്രിസ് ലുമുംബ രക്തസാക്ഷിയായി. സിഐഎയുടെ പിന്തുണയോടെ സെെനികമേധാവി മൊബുട്ടു സെസെ സിക്കൊയുടെ സെെനിക വാഴ്ചയായിരുന്നു കോംഗൊയിൽ 1997 വരെ.

1965 ഇൻഡൊനേഷ്യ
ഇൻഡൊനേഷ്യയിലെ സുക്കാർണൊയുടെ ജനാധിപത്യഭരണത്തിൽ കമ്യൂണിസ്റ്റു സ്വാധീനം വർധിക്കുന്നതായി ആരോപിച്ച് 1965ൽ സിഐഎ ഒത്താശ ചെയ്ത് സെെനിക മേധാവി ജനറൽ സുഹാർത്തൊ അട്ടിമറിക്കുകയും ഇരുപത് ലക്ഷത്തോളം കമ്യൂണിസ്റ്റുകാരെയും ട്രേഡ് യൂണിയൻ പ്രവർത്തകരെയും കൊന്നൊടുക്കുകയും പുരോഗമന ചിന്താഗതിക്കാരെയാകെ തുറുങ്കിലടയ്ക്കുകയും ചെയ്തു.

1973 ചിലി
1970ൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽവന്ന സോഷ്യലിസ്റ്റ് നേതാവ് സാൽവദോർ അലന്ദെയുടെ ഭരണത്തെ അട്ടിമറിക്കാൻ അമേരിക്ക 1973ൽ സെെനിക മേധാവി ജനറൽ അഗസ്തൊ പിനോഷെയ്ക്ക് പിന്തുണ നൽകി. രാജ്യത്ത് ഭൂപരിഷ്കരണം നടപ്പാക്കുകയും ചെമ്പ് ഖനികളും ടെലികമ്യൂണിക്കേഷൻ രംഗവും മറ്റും കയ്യടക്കി വച്ചിരുന്ന അമേരിക്കൻ കുത്തക കമ്പനികളെ ദേശസാൽക്കരിക്കുകയും ചെയ്തതായിരുന്നു അലന്ദെയുടെയും തെറ്റ്. അലന്ദെയെയും വിശ്വമഹാകവി പബ്ലൊ നെരൂദയെയും മഹാഗായകനും കവിയുമായ വിക്ടർ ഹാറയെയും ഉൾപ്പെടെ പതിനായിരക്കണക്കിന് കമ്യൂണിസ്റ്റുകാരെയും പുരോഗമനവാദികളെയുമാണ് പിനോഷെ വാഴ്ച കൊന്നൊടുക്കിയത്.

1981–90 നിക്കരാഗ്വ
നിക്കരാഗ്വയിൽ അധികാരത്തിലിരുന്ന പുരോഗമന സ്വഭാവമുള്ള ഡാനിയൽ ഒർട്ടേഗയുടെ സാൻഡിനിസ്റ്റ ഭരണവും അമേരിക്കയുടെ ഹിതാനുവർത്തിയാകാൻ വിസമ്മതിച്ചത് അവിടെ സിഐഎയുടെ നേതൃത്വത്തിൽ അട്ടിമറിക്കും വലതുപക്ഷ അധികാരാരോഹണത്തിനും കാരണമായി.

പിന്നീടും അമേരിക്ക അട്ടിമറികൾ അവസാനിപ്പിച്ചില്ല. 21–ാം നൂറ്റാണ്ടിൽ വെനസേ-്വലയിൽ നടത്തിയ അട്ടിമറി നീക്കങ്ങളും ഹോണ്ടുറാസിലും ബൊളീവിയയിലും ബ്രസീലിലും പെറുവിലും നടത്തിയ അട്ടിമറികളുടെ ലക്ഷ്യവും ലാറ്റിനമേരിക്കയ്ക്കു മേൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയെന്നതുതന്നെ.

ലോക സമാധാനത്തിനും 
ജനാധിപത്യത്തിനും
ഭീഷണി അമേരിക്കൻ സാമ്രാജ്യത്വം
രണ്ടാം ലോകയുദ്ധത്തിനൊടുവിൽ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ച് രണ്ട് ലക്ഷത്തോളം മനുഷ്യരെ കൊന്നൊടുക്കിയതിനും ആ രണ്ട് മഹാനഗരങ്ങളെ തകർത്ത് കരിങ്കൽ കൂനകളും ചാരവുമാക്കി മാറ്റിയതിനും പിന്നിൽ അമേരിക്കൻ സാമ്രാജ്യത്വത്തിന് യുദ്ധാനന്തര ലോകത്ത് ആധിപത്യം ഉറപ്പിക്കാനായിരുന്നു; ഒരിക്കലും ജപ്പാനെ കീഴ്പ്പെടുത്താനായിരുന്നില്ല. കാരണം, ജപ്പാന്റെ മണ്ണിൽ അണുബോംബിടുന്നതിനും മുൻപു തന്നെ കീഴടങ്ങാനുള്ള സന്നദ്ധത ജപ്പാൻ സോവിയറ്റ് യൂണിയനെ അറിയിച്ചിരുന്നുവെന്നത് ചരിത്രം. ജർമനിയെ മുട്ടുകുത്തിച്ച സോവിയറ്റു യൂണിയനു മുന്നിൽ തങ്ങളുടെ ഇടപെടൽ കൂടാതെ ജപ്പാൻ കൂടി കീഴടങ്ങുകയാണെങ്കിൽ, അത് യുദ്ധാനന്തര ലോകത്ത് സോവിയറ്റ് യൂണിയന് മേൽക്കെെ നേടാൻ സഹായകമാകുമെന്നതിനാലാണ്, അത് തടയാനാണ് അമേരിക്ക അണുബോംബ് പ്രയോഗിച്ചത്.

അവിടെയും അവസാനിക്കുന്നില്ല, ലോകത്തിനുമേൽ അധീശാധിപത്യം ഉറപ്പിക്കാൻ അമേരിക്ക നടത്തിയ ആക്രമണങ്ങൾ, മനുഷ്യക്കുരുതികൾ. 20 ലക്ഷത്തിലേറെ കൊറിയൻ പൗരർക്കുപുറമെ ഒരു ലക്ഷത്തിലധികം ചെെനീസ് സെെനികരെയും കൊന്നൊടുക്കിയ 1951–53 കാലത്തെ കൊറിയൻ യുദ്ധത്തിൽ അരലക്ഷത്തോളം ദക്ഷിണ കൊറിയൻ സെെനികരും അത്രയും തന്നെ ഉത്തര കൊറിയൻ സെെനികരും കൊല്ലപ്പെടുന്നതിന് ഇടയാക്കിയത് ലോകത്തിനുമേൽ സാമ്രാജ്യത്വ അധീശത്വം, മൂലധനത്തിന്റെ ആധിപത്യം ഉറപ്പാക്കാനായിരുന്നല്ലോ.

കൊറിയയിൽനിന്ന് കടന്ന് വിയത്-നാമിൽ ഒന്നര ദശകത്തിലേറെ കാലം നടത്തിയ ആക്രമണത്തിൽ 6,55,000 പുരുഷന്മാരും 1,43,000 സ്ത്രീകളും 84,000 കുട്ടികളും ഉൾപ്പെടെ 8.82 ലക്ഷം വിയത്-നാംകാരെ കൊന്നൊടുക്കിയതും ഇതേ ആധിപത്യം ഉറപ്പിക്കാനാണല്ലോ. വിയത്-നാം ജനതയ്ക്കുമുന്നിൽ അടിയറവ് പറഞ്ഞ് രായ്ക്കുരാമാനം അവിടെനിന്ന് ഒളിച്ചുകടന്ന അമേരിക്കൻ സെെന്യം (അവരെ അതിനു നിർബന്ധിതരാക്കിയ ഭരണാധികാരികൾ) പിന്നെയും അടങ്ങിയിരുന്നില്ല എന്നതല്ലേ സമീപകാല ചരിത്രം നമ്മെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നത്.

ലോകത്തുടനീളം 
അമേരിക്കൻ സെെനിക സാന്നിധ്യം

അമേരിക്കയുടെ സെെനിക ആസ്ഥാനമായ പെന്റഗൺ പുറത്തുവിട്ട ഒരു കണക്കുപ്രകാരം വിവിധ രാജ്യങ്ങളിലുള്ള പത്തിലധികം സെെനികതാവളങ്ങളിലായി ഒരു ലക്ഷത്തോളം അമേരിക്കൻ പട്ടാളക്കാർ താവളമടിച്ചിട്ടുണ്ട്. ഇതിനു പുറമെ ഓരോ ഘട്ടത്തിലും ഓരോ രാജ്യത്തെയും കീഴടക്കാനും അധിനിവേശത്തിനുമായി പോകുന്ന പട്ടാളക്കാരുടെ എണ്ണം നിരവധി ലക്ഷങ്ങൾ വരും. 2001–11 കാലത്ത് അഫ്ഗാനിസ്ഥാനിൽ മാത്രം 8 ലക്ഷം പട്ടാളക്കാരുണ്ടായിരുന്നതായും പെന്റഗൺ വെളിപ്പെടുത്തിയിട്ടുണ്ട്.

വാഷിങ്ടണിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ ആന്ത്രപ്പോളജി വിഭാഗം പ്രൊഫസർ ഡേവിഡ് വിനി 2021 ജൂലെെയിൽ നടത്തിയ പഠനത്തിൽ വ്യക്തമാക്കിയത് ലോകത്തിലെ 80ൽ അധികം രാജ്യങ്ങളിലായി 750 സെെനിക താവളങ്ങൾ അമേരിക്കയ്ക്ക് ഉണ്ടെന്നാണ്. ജപ്പാനിൽ മാത്രം 120 സജീവതാവളങ്ങളുണ്ട്. രണ്ടാം സ്ഥാനത്തുള്ള ജർമനിയിൽ 119 അമേരിക്കൻ സെെനിക താവളങ്ങളുണ്ട്; ദക്ഷിണകൊറിയയിൽ അമേരിക്കയ്ക്ക് 73 സെെനികതാവളങ്ങളുണ്ട്.

അമേരിക്കൻ സെെനിക താവളങ്ങൾ രണ്ട് ഗണത്തിലുണ്ട്– വൻകിടതാവളങ്ങളും ചെറുകിടതാവളങ്ങളും; 4 ഹെക്ടറിലധികം വിസ്തീർണമുള്ളതും ഒരു കോടി ഡോളറിലധികം ചെലവഴിക്കപ്പെടുന്നതുമായ താവളങ്ങളാണ് വൻകിട താവളങ്ങൾ. അവയിൽ 200ൽ കുറയാത്ത അമേരിക്കൻ സെെനികരുമുണ്ടാകും. അമേരിക്കയുടെ സെെനിക താവളങ്ങളിൽ 60 ശതമാനവും (439) ഇവയാണ്. 4 ഹെക്ടറിൽ കുറഞ്ഞ വിസ്തീർണവും ഒരു കോടി ഡോളറിൽ കുറഞ്ഞ ചെലവുമുള്ളവയാണ് ചെറുകിട താവളങ്ങൾ അഥവാ ലില്ലി പാഡുകൾ.

2020ൽ കോൺഫ്ലിക്ട് മാനേജ്മെന്റ് ആന്റ് പീസ് സയൻസ് ജേണൽ പ്രസിദ്ധീകരിച്ച ഡാറ്റപ്രകാരം 159 രാജ്യങ്ങളിലായി അമേരിക്കയുടെ 1,73,000 സെെനികർ താവളമടിച്ചിട്ടുണ്ട്.

കഴിഞ്ഞ 70ൽ അധികവർഷത്തിനിടയിൽ 200ൽ ഏറെ രാജ്യങ്ങളിൽ അമേരിക്കൻ സെെനിക വിന്യാസം നടന്നിട്ടുണ്ട്.

പിന്നീട് ലോകത്തെ പല രാജ്യങ്ങളെയും, ഇറാഖ് – ഇറാൻ യുദ്ധം പോലെ പരസ്പരം ഏറ്റുമുട്ടിച്ച് മുട്ടനാടുകളെ തമ്മിലടിപ്പിച്ച് നടുക്കുനിന്ന് ചോര നക്കി കുടിച്ച ചെന്നായെ പോലെ അമേരിക്ക എത്ര മനുഷ്യരക്തം കുടിച്ചു; എത്ര മനുഷ്യ ജീവനെടുത്തു? പിന്നീട് 2001ൽ അഫ്ഗാനിസ്ഥാനിൽ രണ്ടര ലക്ഷത്തോളം മനുഷ്യരെ കുരുതി കൊടുത്ത (അതിൽ എഴുപതിനായിരത്തിലേറെയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സാധാരണക്കാരായിരുന്നു‍) ആക്രമണം നടത്തിയതും അതിനുപിന്നാലെ 2003 മുതൽ ഇറാഖിനെ ആക്രമിച്ച് കീഴ്പ്പെടുത്തുകയും പ്രസിഡന്റ് സദ്ദാം ഹുസെെനെ പിടികൂടി കൊലപ്പെടുത്തുകയും ചെയ്തതും എന്തിനുവേണ്ടിയായിരുന്നു, ആധിപത്യം ഉറപ്പിക്കാനല്ലാതെ? ഇറാഖിൽ 1991ലും 2003 മുതലും അമേരിക്ക കൊലപ്പെടുത്തിയത് കുട്ടികൾ ഉൾപ്പെടെ പത്ത് ലക്ഷത്തിലേറെ ആളുകളെയായിരുന്നു. പിന്നീട് സിറിയയിൽ, ലിബിയയിൽ, അമേരിക്കൻ പിന്തുണയോടെ സൗദി അറേബ്യ യെമനിൽ എല്ലാം എത്ര ലക്ഷം മനുഷ്യരെയാണ് സാമ്രാജ്യത്വത്തിന്റെ ലോകാധിപത്യ മോഹം കൊന്നൊടുക്കിയത്? എത്ര അമേരിക്കൻ സെെനികരുടെ ജീവനാണ് ഈ ആക്രമണങ്ങളിലെല്ലാം പൊലിഞ്ഞത്? അമേരിക്കൻ നികുതിദായകരുടെ എത്ര ലക്ഷം കോടി ഡോളറാണ് ഈ ആക്രമണങ്ങൾക്കായി അമേരിക്ക ചെലവിട്ടത്? ഇറാഖ് ആക്രമണത്തെ വിശേഷിപ്പിക്കുന്നതുതന്നെ മൂന്ന് ലക്ഷം കോടി ഡോളറിന്റെ ആക്രമണമെന്നാണ്.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ സ്വന്തം വരുതിക്കു നിൽക്കുന്നില്ലയെന്നു കണ്ടാൽ സെെനിക അട്ടിമറിയിലൂടെ അത്തരം സർക്കാരുകളെ പുറത്താക്കിയ ചരിത്രമാണ് അമേരിക്കയ്ക്കുള്ളത്. അങ്ങനെ ചരിത്രത്തിലുടനീളം അമേരിക്ക നടത്തിയ എത്രയെത്ര അട്ടിമറികൾ, ആ ജനാധിപത്യ കശാപ്പുകളിലൂടെയും ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കാൻ അതാതിടത്തെ സെനിക മേധാവികൾക്ക് അമേരിക്കൻ ഭരണകൂടം ഒത്താശ ചെയ്തിരുന്നു.

അമേരിക്കയുടെ 
1950 മുതലുള്ള 
സെെനിക ചെലവ്

2020ൽ 77,800 കോടി ഡോളറാണ് അമേരിക്കയുടെ സെെനിക ചെലവ് എന്നാണ് സ്റ്റോക് ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്യുന്നത്. ഇത് സെെനിക ചെലവിൽ അമേരിക്കയ്ക്ക് തൊട്ടടുത്ത് നിൽക്കുന്ന 10 രാജ്യങ്ങളുടെ മൊത്തം സെെനിക ചെലവിനു തുല്യമാണ്.

കഴിഞ്ഞ 20 വർഷത്തിനിടയിൽ ‘‘ഭീകരതയ്ക്കെതിരായ യുദ്ധ’’ത്തിന്റെ പേരിൽ അമേരിക്ക 8 ലക്ഷം കോടി ഡോളർ ചെലവഴിച്ചതായാണ് ബ്രൗൺ യൂണിവേഴ്സിറ്റിയുടെ കോസ്റ്റ് ഓഫ് വാർ പ്രൊജക്ട് പറയുന്നത്. അഫ്ഗാൻ ആക്രമണത്തിനു മാത്രം ചെലവഴിച്ചത് 2.3 ലക്ഷം കോടി ഡോളറാണ്. ഒടുവിൽ താലിബാനെ തന്നെ ഭരണമേൽപ്പിച്ച് അമേരിക്ക തോറ്റു പിൻവാങ്ങുകയുമായിരുന്നു.

ഇറാഖിലും സിറിയയിലുമായി ആക്രമണത്തിനു അമേരിക്ക ചെലവഴിച്ചത് 2.1 ലക്ഷം കോടി ഡോളറാണ്. മറ്റു പല ആക്രമണങ്ങൾക്കുമായി അമേരിക്ക ചെലവിട്ടത് 35,500 കോടി ഡോളറും. ഇതിനുപുറമെ ആക്രമണാവശ്യങ്ങൾക്കായി അമേരിക്ക വായ്പ വാങ്ങിയ തുകയ്ക്ക് വർഷങ്ങളോളം കോടിക്കണക്കിന് ഡോളർ പലിശ കൊടുത്തുകൊണ്ടിരിക്കണം. പലിശ നൽകാനും പഴയ ആക്രമണങ്ങളിൽ പങ്കെടുത്തിട്ടുള്ള പട്ടാളക്കാരുടെ ക്ഷേമത്തിനായും പ്രതിവർഷം അമേരിക്കൻ ഖജനാവിൽ നിന്ന് 220 കോടി ഡോളറാണ് ചെലവിടേണ്ടത്.

1893 ജനുവരിയിൽ ഹവായ‍് ദ്വീപ സമൂഹത്തെ ആക്രമിച്ച് കീഴ്പ്പെടുത്തുന്നിടത്ത് തുടങ്ങുന്നു അമേരിക്കയുടെ ആക്രമണ പരമ്പര. പിന്നീട് ഫിലിപ്പെെൻസിൽ, ക്യൂബയിൽ, ഗ്വാട്ടിമാലയിൽ, ഇറാനിൽ, ഇൻഡൊനേഷ്യയിൽ, ചിലിയിൽ ഇങ്ങനെ സെെനിക അട്ടിമറികൾ എത്രയെത്ര! ലോകത്തിന്റെ മുക്കിലും മൂലയിലും വരെ 80ൽ അധികം രാജ്യങ്ങളിലായി 750ൽ ഏറെ സെെനിക താവളങ്ങൾ, അവയിൽ പലേടത്തും ആണവായുധശേഖരം, സപ്ത സാഗരങ്ങളിലും സദാ റോന്തു ചുറ്റുകൊണ്ടിരിക്കുന്ന പടുകൂറ്റൻ പടക്കപ്പലുകളുടെ നിര ഇതെല്ലാം എന്തിനുവേണ്ടി? ആരാണ് ഈ രാജ്യത്തിന് ഇതിനെല്ലാം അധികാരം നൽകിയത്? ലോകത്തിനാകെ മേൽ മൂലധനത്തിന്റെ സമഗ്രാധിപത്യം ഉറപ്പിക്കുന്നതിനുള്ള പടയൊരുക്കങ്ങളാണ് അമേരിക്ക സദാ നടത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കയെന്നാൽ പ്രചരിപ്പിക്കപ്പെടുന്നതുപോലെ സിലിക്കൺ വാലിയും നാസയും ഹോളിവുഡും ഗവേഷണ പഠന കേന്ദ്രങ്ങളുമെല്ലാം അടങ്ങുന്ന സുന്ദര സുരഭിലമായ സംവിധാനമല്ല. അതിനെല്ലാമുപരി ലോകത്തെയാകെ അടക്കി ഭരിക്കാനുള്ള പടുകൂറ്റൻ സെെനിക സംവിധാനമാണ്. അമേരിക്കയെന്നാൽ അവിടത്തെ ജനസാമാന്യമല്ല, അധികാരത്തിൽ മാറിമാറി എത്താറുള്ള റിപ്പബ്ലിക്കൻ – ഡെമോക്രാറ്റ് പാർട്ടിക്കാർ പോലുമല്ല; വാൾസ്ട്രീറ്റിലെ ധനമൂലധന സംവിധാനങ്ങളും പെന്റഗണും സിഐഎയും മിലിറ്ററി ഇൻഡസ്ട്രിയൽ കോംപ്ലക്സുമെല്ലാം ചേർന്ന സമഗ്രാധിപത്യപരമായ ഒന്നാണത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − 3 =

Most Popular