പിഎൽഒ മുൻ വക്താവ് ഹനൻ അഷ്റാവിയുമായി ഇന്ത്യൻ മാധ്യമപ്രവർത്തകൻ ഇഫ്ത്തിക്കർ ഗിലാനി നടത്തിയ അഭിമുഖം |
ഒക്ടോബർ 7ന്റെ ഹമാസ് ആക്രമണം താങ്കളെ അതിശയിപ്പിച്ചുവോ?
എന്നെ ഒരേ സമയം അതിശയിപ്പിക്കുകയും അതിശയിപ്പിക്കാതിരിക്കുകയും ചെയ്തു. പരാജയപ്പെടുത്താനാവാത്ത ശക്തമായ സേന എന്ന് അവകാശപ്പെടുകയും അത് പല തരത്തിൽ പ്രകടിപ്പിക്കുകയും ചെയ്ത ഇസ്രയേൽ സേനയ്ക്കുനേരെ ഹമാസ് ഇങ്ങനെയൊരാക്രമണം നടത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടതല്ല. ഗാസയ്ക്കുചുറ്റും വിന്യസിക്കപ്പെട്ട അധിനിവേശ സേന സിവിലിയന്മാർക്കുനേരെ ബോംബാക്രമണം നടത്തുകയും അവരെ കൊല്ലുകയും ചെയ്യുന്നതിനോടുള്ള ചെറുത്തുനിൽപായിരുന്നു അത്.
പാശ്ചാത്യലോകം ഒന്നാകെ അതിനെ അപലപിച്ചു. ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ആയിരക്കണക്കിന് പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇത് ഒഴിവാക്കാൻ കഴിയുന്നതായിരുന്നില്ലേ?
ഇസ്രയേൽ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് പതിറ്റാണ്ടുകളായി അവർ ചെയ്തുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇതിനുമുൻപുതന്നെ ഇസ്രയേൽ ഗാസയിൽ നടത്തിയ അഞ്ച് ബോംബാക്രമണങ്ങളിലായി ആയിരക്കണക്കിന് പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. ഇത് ചിട്ടയായി നടക്കുന്ന ഭീകര പ്രവർത്തനമാണ്. ഗാസയിലെ ജനങ്ങളെ വളരെ അകലെ നിന്ന് കൊലപ്പെടുത്തുന്നു. അവർക്ക് ഇരകളുടെ കണ്ണുകളിലേക്ക് നോക്കേണ്ട ആവശ്യമില്ല. പലസ്തീനിലെ സിവിലിയന്മാരെ പിൻതുടർന്ന് ആക്രമണം നടത്തുക എന്നതാണ് അധിനിവേശ സേനയുടെ നയം. ഇസ്രയേലിനുവേണ്ടി വക്രീകരിച്ച വാർത്തകളും ചിത്രങ്ങളുമാണ് യാതൊരു പരിശോധനയുമില്ലാതെ മുഖ്യധാരാ മാധ്യമങ്ങൾ നൽകുന്നതും ചർച്ചയ്ക്ക് വിധേയമാക്കുന്നതും. ആ ആഖ്യാനങ്ങൾ പലതവണ നിഷേധിക്കപ്പെട്ടിട്ടുള്ളതാണ്.
പലസ്തീൻകാർക്ക് മരണവും വിനാശവും മാത്രമേ ഹമാസ് നൽകിയിട്ടുള്ളൂ എന്ന വികാരം വ്യാപകമായുണ്ട്. അതിനെ താങ്കൾ എങ്ങനെയാണ് കാണുന്നത്?
ഹമാസ് വെസ്റ്റ് ബാങ്കിൽ ഉണ്ടോ? അവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് താങ്കൾക്ക് ധാരണയുണ്ടോ? പലസ്തീൻകാർ കൊല്ലപ്പെടുമ്പോൾ ലോകത്തിന്റെ ധാർമികത എവിടെയാണ്? ധാർമികശക്തി കാണിക്കാൻ പലസ്തീൻകാരോടുമാത്രം ആവശ്യപ്പെടാൻ കാരണമെന്താണ്? ഈ ചോദ്യങ്ങൾ നിങ്ങൾ സ്വയം ചോദിക്കുകയും ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക. പലസ്തീൻകാരെ അധിക്ഷേപിക്കുകയും അവർ കുറ്റക്കാരാണെന്ന ധാരണ പരത്തുകയും ചെയ്യുക എന്നത് പരമ്പരയായി നടക്കുന്ന ഒന്നാണ്. അതിലൂടെ അവർ പാശ്ചാത്യലോകത്തെ കീഴടക്കി കഴിഞ്ഞു. ഓരോ ദിവസവും ഇസ്രയേൽസേനയുടെ പിന്തുണയുള്ള കയ്യേറ്റക്കാരും പലസ്തീൻകാരും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടാകുന്നു. ഒക്ടോബർ 7ന് മുൻപുതന്നെ 2023 ആണ് പലസ്തീൻകാരുടെ ചോര ഏറ്റവും കൂടുതൽ വാർന്ന വർഷം. വെസ്റ്റ് ബാങ്കിൽ ഹമാസ് ഇല്ല.
ഞങ്ങൾ ഓരോ ദിവസവും ആക്രമിക്കപ്പെടുന്നു. വെസ്റ്റ് ബാങ്കിലെ ഓരോ പട്ടണവും ഗ്രാമവും കയ്യേറ്റക്കാരുടെ കോളനികൾ ഉപരോധിക്കുകയാണ്. അതാണ് എന്നെ ഉൽക്കണ്ഠപ്പെടുത്തുന്നത്. ഇസ്രയേലിന്റെ ഈ അക്രമങ്ങൾ തമസ്കരിക്കപ്പെടുകയാണ്. ലോകം അതേക്കുറിച്ച് അറിയുന്നില്ല.
പലസ്തീൻ പ്രശ്നത്തിൽ പൊതുവിൽ ഹമാസിന്റെ ഈ ആക്രമണത്തിന് എന്തർത്ഥമാണുള്ളത്?
പലസ്തീൻകാരെ ചാപ്പകുത്താൻ ഇത് ഉപയോഗിക്കപ്പെടും എന്നതിലാണ് എനിക്ക് ആശങ്ക. കഴിഞ്ഞ പതിനേഴു വർഷക്കാലമായി ഗാസയിലെ ജനങ്ങൾ തടങ്കലിലാണ്. അവർക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. അവർ നിരന്തരമായി ഷെല്ലാക്രമണങ്ങൾക്കു വിധേയരായിക്കൊണ്ടിരിക്കുകയും കൊല്ലപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ആഹാരം, ജലം, ഭൂമി, പിന്നെ മറ്റെന്തൊക്കെ അവർക്കുണ്ടോ അതെല്ലാം കവർന്നെടുക്കപ്പെടുകയാണ്. പലസ്തീൻകാർ മനുഷ്യരായി പരിഗണിക്കപ്പെടുന്നില്ല; അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു.
ഹമാസിനെ തുടച്ചുനീക്കണമെന്ന ഇസ്രയേലിന്റെ ആവശ്യത്തെ പാശ്ചാത്യ രാജ്യങ്ങൾ പിന്തുണയ്ക്കുന്നു. ഐഎസ്ഐഎസിനെയും ഹമാസിനെയും പലരും സമീകരിക്കുന്നു.
ഹമാസ് എന്താണെന്ന് നിങ്ങൾക്കറിയാമോ? മുൻപ് അവരെ തുടച്ചുനീക്കാൻ ഇസ്രയേൽ ശ്രമിച്ചിട്ടുള്ളതാണ്. അതിനായി അവർ ബോംബാക്രമണവും ഷെല്ലാക്രമണവും നടത്തി, ജനങ്ങളെ കൊന്നു, കുടുംബങ്ങളെ ഉന്മൂലനം ചെയ്തു. പക്ഷേ അതുകൊണ്ടൊന്നും ഹമാസിനെ തുടച്ചുനീക്കാൻ അവർക്കു കഴിഞ്ഞില്ല. ഹമാസ് ഒരു രാഷ്ട്രീയ സെെനിക സംഘടനയാണെന്ന് അവർ മനസ്സിലാക്കിയിട്ടില്ല. അത് ഒരു ഗവൺമെന്റിന്റെ തലപ്പത്താണ്. ഹമാസിന് ഒരു സംഘടനയുണ്ട്, ഒരു സ്ഥാപനമുണ്ട്, സാമൂഹിക ക്ഷേമ പരിപാടികളുണ്ട്. അത് ഒരു സംഘം പോരാളികളുടെ മാത്രം സംഘടനയല്ല. ഒരു രാഷ്ട്രീയ ഘടനയുടെ ഭാഗമാണത്. അവർ തിരഞ്ഞെടുപ്പുകളിൽ മൽസരിക്കുന്നു.
ഹമാസിനെ ഇസ്രയേലുകാർ എങ്ങനെയാണ് തുടച്ചുനീക്കുക? അവർ എല്ലാ മനുഷ്യരെയും കൊല്ലാൻ പോവുകയാണോ? നിങ്ങൾ ഗാസയിലെ ജനങ്ങളോടു ചോദിക്കുകയാണെങ്കിൽ, കുറച്ചുപേരെങ്കിലും ഹമാസിനൊപ്പം നിൽക്കുമെന്ന് അവർ മറുപടി നൽകും.
ജനങ്ങളെ കൊല്ലുകയും അവർക്കുനേരെ ബോംബാക്രമണം നടത്തുകയും ചെയ്യുന്നതിലൂടെ ഇസ്രയേൽ ഹമാസിനെ ദുർബലമാക്കുകയല്ല ചെയ്യുന്നത്; മറിച്ച് പലസ്തീൻ വിമോചന സംഘടന (പിഎൽഒ) യെ പോലെയുള്ള മറ്റു സംഘടനകളെ ഉയിർത്തെഴുന്നേൽപിക്കുകയാണ് അതിലൂടെ അവർ ചെയ്യുന്നത്. പിഎൽഒ ഒത്തുതീർപ്പിനായി ശ്രമിച്ചു. പക്ഷേ ഫലമുണ്ടായില്ല. ഞങ്ങൾ മര്യാദക്കാരാകാൻ ശ്രമിക്കുകയും ലോകം ഞങ്ങളെ കേൾക്കാൻ തയ്യാറാകുമെന്നും കരുതി. എന്നാൽ അതു സംഭവിച്ചില്ല.
ഓസ്ലോ സമാധാന പ്രക്രിയയിൽ അംഗീകരിക്കപ്പെട്ട ഇരുരാഷ്ട്രങ്ങൾ എന്ന പരിഹാര നിർദ്ദേശം പരാജയപ്പെടാൻ കാരണം പിഎൽഒയിലെ ഭിന്നത കാരണമാണെന്നാണ് ഇസ്രയേൽ ആക്ഷേപിക്കുന്നത്. താങ്കൾ അതിൽ പങ്കാളിയാണ്. ഓസ്ലോ സമാധാന പ്രക്രിയ അവതാളത്തിലായത് എന്തുകൊണ്ടാണ്?
അതൊരു ദുരന്ത കഥയാണ്. ഓസ്ലോ സമാധാന പ്രക്രിയയിൽ ഞങ്ങൾ ഒപ്പുവെച്ചതിനുശേഷം പോലും ഇസ്രയേൽ ഭൂമി പിടിച്ചെടുക്കലും സെറ്റിൽമെന്റ് നിർമാണവും തുടർന്നു. ഞാൻ അവരെ വെല്ലുവിളിക്കുന്നു. പരാജയത്തിന്റെ പേരിൽ പലസ്തീൻകാരെ അവർക്ക് കുറ്റപ്പെടുത്താനാവില്ല. കൂടുതൽ ഭാഗങ്ങൾ നിയന്ത്രിക്കാൻ അവർ ആഗ്രഹിച്ചു. അവർ ഞങ്ങളോട് പറഞ്ഞു: ‘‘ജെറുസലേമിന്റെ മുകൾ ഭാഗം നിങ്ങളെടുക്കുക, താഴെ ഭാഗം ഞങ്ങളെടുക്കാം. ഞാൻ അവരോട് പറഞ്ഞു: ‘‘നിങ്ങൾക്ക് ഛേദിച്ചെടുക്കത്തക്കവിധം ജെറുസലേം ഒരു ഉള്ളിയല്ല’’ ഒത്തുതീർപ്പു ചർച്ചകൾ ധാരാളം നടന്നുവന്നു. എന്നാൽ ഒരു ഫലവും അതുണ്ടാക്കിയില്ല.
1995 നവംബറിൽ, സമാധാനപ്രക്രിയയെ എതിർക്കുന്ന ഒരു ഇസ്രയേൽ തീവ്രവാദി ഇസ്രയേൽ പ്രധാനമന്ത്രിയായ ഇസഹാഖ് റാബിനെ കൊലപ്പെടുത്തി. ഓസ്ലോ സമാധാന നിർദ്ദേശത്തെ ശക്തമായി എതിർക്കുന്ന ബന്യാമിൻ നെതന്യാഹു പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. സമാധാന ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് അയാൾ ആഗ്രഹിച്ചു. അയാൾ അതു ചെയ്യുകയും ചെയ്തു.
എ മേഖലയിൽ പോലും (അവിടെ സുരക്ഷാ നിയന്ത്രണമുൾപ്പെടെ മുഴുവൻ ഭരണനിർവഹണത്തിന്റെയും അധികാരം പലസ്തീൻ അതോറിറ്റിക്കാണ്) ഇസ്രയേലുകാർ ആഗ്രഹിക്കുന്നിടങ്ങളിലെല്ലാം അവർ എത്തുന്നു. വീടിന്റെ വാതിലുകൾ ചവിട്ടി പൊളിക്കുന്നു, ആളുകളെ അറസ്റ്റ് ചെയ്യുകയും കൊല്ലുകയും ചെയ്യുന്നു. ഓസ്ലോ നിർദ്ദേശം ‘‘ആദരിക്കപ്പെട്ടത്’’ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ്, അനുരഞ്ജനം ശക്തിപ്പെടുത്തിക്കൊണ്ടല്ല. ഇസ്രയേൽ അവർക്ക് കൂടുതൽ ഭൂമി തട്ടിയെടുക്കാൻ വളരെ സൗകര്യപ്രദമായ ഉപകരണമായാണ് ഓസ്ലോ നിർദ്ദേശത്തെ ഉപയോഗപ്പെടുത്തിയത്. കരസേനയുടെ സുരക്ഷിതത്വത്തിന്റെ പേരിൽ പലസ്തീൻകാരെ ഇസ്രയേൽ ഇപ്പോൾ കുറ്റപ്പെടുത്തുന്നു. അവരുടെ സേന ഏരിയ എയിലും ബി ഏരിയയിലെ (ബി ഏരിയയിൽ സുരക്ഷാ ചുമതല ഇസ്രയേലിനും പലസ്തീൻ അതോറിറ്റിക്കും സംയുക്തമായാണ്) പലസ്തീൻകാരെ സംരക്ഷിക്കാൻ പലസ്തീൻ സുരക്ഷാ സേനയെ ഇസ്രയേൽ അനുവദിക്കുന്നില്ല.
സമാധാന പ്രക്രിയ എങ്ങനെയായിരിക്കും മുമ്പോട്ടു കൊണ്ടു പോകുക?
അനിധിവേശത്തിനും ക്രൂരതകൾക്കും അവസാനമുണ്ടാകണം. അതാണ് ഞങ്ങളുടെ അടിയന്തരമായ ആവശ്യം. അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര മനുഷ്യസ്നേഹത്തെയും അംഗീകരിക്കുന്ന എല്ലാ കക്ഷികളെയും കാണാൻ ഞാൻ ആഗ്രഹിക്കുന്നു. പലസ്തീൻകാർ മറവിയുള്ളവരോ സ്വയം ബഹിഷ്കൃതരോ കീഴടങ്ങിയവരോ അല്ല എന്നാണ് ഹമാസിന്റെ ആക്രമണം തെളിയിക്കുന്നത്. ഇസ്രയേലിലെ വലതുപക്ഷം എന്തൊക്കെ ഭ്രാന്തമായ നടപടികൾ സ്വീകരിച്ചാലും പലസ്തീൻകാർ പിന്തിരിഞ്ഞു പോകുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയ്ക്കുള്ള ഒരു സ്രോതസ്സ്. പലസ്തീൻ പ്രശ്നം സമഗ്രമായി പരിശോധിക്കപ്പെടേണ്ടതാണ്. അല്ലാതെ ഭാഗികമായല്ല എന്ന് ലോകം തിരിച്ചറിയേണ്ട സമയമാണിത്. ലോകസമാധാനത്തിനുവേണ്ടി എന്ന കാഴ്ചപ്പാടോടെ ഈ പ്രശ്നം പരിഹരിക്കപ്പെടണം. ♦
കടപ്പാട് : ഫ്രണ്ട് ലെെൻ