Wednesday, October 9, 2024

ad

Homeകവര്‍സ്റ്റോറിഗാസയിൽ മാധ്യമപ്രവർത്തകർക്ക് 
സംഭവിക്കുന്നത്

ഗാസയിൽ മാധ്യമപ്രവർത്തകർക്ക് 
സംഭവിക്കുന്നത്

ഗിരീഷ് ചേനപ്പാടി

ലോകത്തെവിടെയായാലും യുദ്ധം നടന്നാൽ അവിടെയെത്തുകയും യുദ്ധത്തെ സംബന്ധിച്ച ദൃശ്യങ്ങളും വാർത്തകളും ജനങ്ങളെ അറിയിക്കുക എന്നതും മാധ്യമ പ്രവർത്തകരുടെ കടമയാണ്. അന്താരാഷ്ട്ര മാധ്യമ ഏജൻസികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് യാതൊരു സുരക്ഷയുമില്ല എന്നതാണ് യാഥാർത്ഥ്യം.

മനുഷ്യത്വത്തിന്റെ കണിക പോലും അവശേഷിക്കാത്ത രീതിയിലാണ് ഇസ്രയേൽ ഗാസയിലെ ജനങ്ങൾക്കും ആശുപത്രികൾക്കും സ്കൂളുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും പാർപ്പിട സമുച്ചയങ്ങളുൾപ്പെടെയുള്ള ആവാസ സ്ഥലങ്ങൾക്കും നേരെ ബോംബുകൾ വർഷിക്കുന്നത്.

യുദ്ധം ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ 6500 ഓളം ബോംബുകളാണ് ജനസാന്ദ്രത വളരെ കൂടിയ ഗാസയ്ക്കുമേൽ ഇസ്രയേൽ വർഷിച്ചത്. അ–ഫ്ഗാനിസ്ഥാനിൽ ഒരു വർഷത്തിനുള്ളിൽ അമേരിക്ക വർഷിച്ച ബോംബുകൾക്കു തുല്യമാണിത്. അത്രമാത്രം ഭീകരമായ മനുഷ്യവേട്ട. ഒരുപക്ഷേ ലോകത്തൊരിടത്തും ഉണ്ടാകാത്ത തരത്തിലുള്ള കൊടുംക്രൂരത.

യുദ്ധം ആരംഭിച്ച നാൾമുതൽ യുദ്ധത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടുള്ള അതിഭീകരതയാണ് ഇസ്രയേൽ പക്ഷത്തുനിന്നുണ്ടാകുന്നത്. കഴിവതും സ്ത്രീകളെയും കുട്ടികളെയും വൃദ്ധജനങ്ങളെയും ആക്രമിക്കാതിരിക്കുക, ആശുപത്രികളെയും സ്കൂളുകളെയും ആരാധനാലയങ്ങളെയും ആക്രമണങ്ങളിൽനിന്ന് ഒഴിവാക്കി നിർത്തുക. ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ ഒരു പ്രത്യേക സമയം അനുവദിച്ചുകൊണ്ട് ആ സമയത്ത് യുദ്ധം നിർത്തിവെക്കുക. സിവിലിയന്മാർക്കു പരമാവധി സുരക്ഷ നൽകുക, ആരോഗ്യ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്ക് സുരക്ഷയൊരുക്കുക ഇതൊക്കെയാണ് ഐക്യരാഷ്ട്രസഭ അംഗീകരിച്ച യുദ്ധ മര്യതകൾ. യുദ്ധത്തിന്റെ ഒരു ഘട്ടം എത്തിക്കഴിയുമ്പോൾ ഇതൊക്കെ ലംഘിക്കപ്പെടാറുണ്ട്. എന്നാൽ യുദ്ധം ആരംഭിച്ച നാൾ മുതൽ മേൽപറഞ്ഞ എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടാണ് ഇസ്രയേൽ ഗാസയ്ക്കുമേൽ അതിനിഷ്ഠുരമായ ആക്രമണങ്ങൾ നടത്തുന്നത്. അതിന് അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും ശക്തമായ പിന്തുണയും ഇസ്രയേലിനുണ്ട്. മോദി സർക്കാരാകട്ടെ ഇന്ത്യയുടെ മുൻകാലങ്ങളിലെ വിദേശ നയങ്ങൾക്കു വിരുദ്ധമായി ഇസ്രയേലിനെ പിന്തുണയ്ക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മാധ്യമ പ്രവർത്തകർക്ക് യാതൊരു സുരക്ഷയുമില്ല എന്നു മാത്രമല്ല ഏതു നിമിഷവും കൊല്ലപ്പെടും എന്ന അവസ്ഥയാണുള്ളത്.

ഇസ്രയേൽ – പലസ്തീൻ യുദ്ധം ആരംഭിച്ചതിനുശേഷം നിരവധി മാധ്യമ പ്രവർത്തകരും മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരും കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. അംഗവെെകല്യങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നവർ ഏറെയാണ്. കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (സിപിജെ‍) എന്ന അന്താരാഷ്ട്ര സംഘടന കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ കണക്കുകൾ എടുത്തുവരികയാണ്. മാതാപിതാക്കളും ജീവിതപങ്കാളികളും മക്കളും സഹോദരങ്ങളും ഉൾപ്പെടെ അടുത്ത ബന്ധുക്കൾ നഷ്ടപ്പെട്ടവർ നിരവധിയാണ്. ഗാസയിൽ അൽജസീറ ടിവിയുടെ ബ്യൂറോ ചീഫ് വയ്ൽ അൽ ദഹ്ത്തോത്തിന്റെ ഭാര്യയും മകനും മകളും കൊല്ലപ്പെട്ടു. യുദ്ധം റിപ്പോർട്ടു ചെയ്ത് വീട്ടിൽ മടങ്ങിയെത്തിയ ആ ഒരു മാധ്യമ പ്രവർത്തകന്റെ അനുഭവമാണിത്. യുദ്ധം റിപ്പോർട്ടു ചെയ്യാൻ പോകുന്ന മാധ്യമ പ്രവർത്തകന്റെ ജീവിതം തന്നെ ദുരന്തമാകുന്നതിന്റെ നേരനുഭവം.

ഒക്ടോബർ 19 വരെ മാധ്യമ പ്രവർത്തകരും മാധ്യമ ജീവനക്കാരും ഉൾപ്പെടെ 48 പേർ കൊല്ലപ്പെട്ടതായാണ് കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (സിപിജെ) എന്ന സംഘടനയ്ക്ക് ലഭിച്ച വിവരം. യുദ്ധം ആരംഭിച്ച ഒക്ടോബർ 7നു തന്നെ 6 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു.

നവംബർ 19 വരെ മാധ്യമ പ്രവർത്തകരും മാധ്യമ ജീവനക്കാരും ഉൾപ്പെടെ 48 പേർ കൊല്ലപ്പെട്ടുവെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. അവരിൽ 43 പേർ പലസ്തീൻകാരാണ്. 4 പേർ ഇസ്രയേൽകാരും ഒരാൾ ലബനോൺകാരനും.

9 മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരെ കാണാതായിട്ടുണ്ട്. 13 മാധ്യമ പ്രവർത്തകർ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്.

നാനാതരത്തിലുള്ള ആക്രമണങ്ങളും ഭീഷണികളും സെെബർ ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും മർദ്ദനങ്ങളും മാധ്യമ പ്രവർത്തകർ വ്യാപകമായി നേരിടുന്നു. അറസ്റ്റു ചെയ്യപ്പെടുന്നവർ പ്രത്യേകിച്ച് പലസ്തീൻ മാധ്യമ പ്രവർത്തകർ അതിക്രൂരമായ മർദ്ദനങ്ങളാണ് സഹിക്കേണ്ടിവരുന്നത്.

ഇങ്ങനെ അതിസാഹസികമായി യുദ്ധ ഭൂമിയിൽനിന്നു തയ്യാറാക്കുന്ന റിപ്പോർട്ടുകളും എടുക്കുന്ന ഫോട്ടോകളും വീഡിയോ ചിത്രങ്ങളും ഇസ്രയേലിന്റെ അതിസൂക്ഷ്മമായ സെൻസർഷിപ്പിന് ഇരയാകുന്നു; ഇസ്രയേൽ അനുകൂല വക്രീകരണങ്ങൾക്ക് വിധേയമാകുന്നു. സത്യത്തെ എത്രമാത്രം തമസ്കരിക്കാമോ അത് പൂർണമായും ഇസ്രയേൽ ചെയ്യുന്നു. അതിനിടയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സെൻസർമാരുടെയും കണ്ണുവെട്ടിച്ചുള്ള വിവരങ്ങൾ മാത്രമേ പുറംലോകം അറിയുന്നുള്ളു. മഞ്ഞുമലയുടെ ചെറിയ ഒരു ഭാഗം മാത്രമേ പുറത്തുവരുന്നുള്ളൂ എന്നു സാരം. അതിനുവേണ്ടി മാധ്യമ പ്രവർത്തകർക്ക് തങ്ങളുടെയും തങ്ങളുടെ ഏറ്റവും അടുത്ത ബന്ധുക്കളുടെയും ജീവൻ തന്നെ നഷ്ടപ്പെടുത്തേണ്ടിവരുന്നു. ഗാസയിലെ ജനങ്ങളെപ്പോലെ മാധ്യമ പ്രവർത്തകരുടെ ജീവിതവും ജോലിയും അങ്ങേയറ്റം അപായകരമാണ്.

യുദ്ധം ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകർ

(പേര്, മാധ്യമ സ്ഥാപനം, കൊല്ലപ്പെട്ട തീയതി)

മുഹമ്മദ് ഇമാദ് ലബാദ് – എഐ റെസാല ന്യൂസ് വെബ്സെെറ്റ്, ഒക്ടോബർ 23
റോഷ്ദി സറാജ് – പലസ്തീനിയൻ മീഡിയ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എയിൻ മീഡിയയുടെ സഹസ്ഥാപകൻ, ഒക്ടോബർ 22
ഖലീൽ അബു ആത്ര – അൽ അഖ്സ ടിവിയുടെ വീഡിയോഗ്രാഫർ, ഒക്ടോബർ 19
സമീഷ് അൽ നാദി – അൽ അഖ്സ ടിവിയിലെ മാധ്യമ പ്രവർത്തകനും ഡയറക്ടറും, ഒക്ടോബർ 18
മുഹമ്മദ് ബലൗഷ – ഗാസയിലെ പലസ്തീൻ ടുഡേ മീഡിയ ചാനലിലെ മാധ്യമ പ്രവർത്തകനും മാനേജരും, ഒക്ടോബർ 17
ഇസാംഭർ – അൽ അഖ്സ ടിവിയിലെ മാധ്യമ പ്രവർത്തകൻ, ഒക്ടോബർ 17
അബ്ദുൾ ഹാദി ഹബീബ് – അൽ മണാറ ന്യൂസ് ഏജൻസിയിലെയും എച്ച് ക്യു ന്യൂസ് ഏജൻസിയിലെയും മാധ്യമ പ്രവർത്തകൻ, ഒക്ടോബർ 16
യൂസഫ് മഹർ ദവാസ് – പലസ്തീൻ ക്രോണിക്കിളിലെയും ഒരു പലസ്തീൻ സന്നദ്ധ യുവജന സംഘടനയുടെ പ്രസിദ്ധീകരണമായ വി ആർ നോട്ട് നമ്പേഴ്സിലെയും എഴുത്തുകാരൻ, ഒക്ടോബർ 14
സലാം മേമ – പലസ്തീനിയൻ മീഡിയ അസംബ്ലിയിലെ വനിത ജേണലിസ്റ്റ്സ് കമ്മിറ്റിയുടെ മേധാവി, ഒക്ടോബർ 13
ഇസ്ലാം അബ്ദല്ല – റോയിട്ടേഴ്സിന്റെ ബെയ്റൂട്ട് ആസ്ഥാനത്ത് പ്രവർത്തിച്ചുവന്ന വീഡിയോഗ്രാഫർ, ഒക്ടോബർ 13
അഹ്മദ് ഷെഹാബ് – സോഫ്റ്റ് അൽ – അസ്റ റേഡിയോ (റേഡിയോ വോയ്സ് ഓഫ് ദി പ്രസ്ണേഴ്സ‍്) യിലെ മാധ്യമ പ്രവർത്തകൻ, ഒക്ടോബർ 12
മുഹമ്മദ് ഫയേസ് അബു മനർ – സ്വതന്ത്ര ഫോട്ടോ ജേണലിസ്റ്റ്, ഒക്ടോബർ 11
സെയ്ദ് അൽ തവീൽ – എഡിറ്റർ –ഇൻ– ചീഫ് അൽ–ഖംസ ന്യുസ് വെബ‍്സെെറ്റ് , ഒക്ടോബർ 9
മുഹമ്മദ് സോബ് – ഖബർ ന്യൂസ് ഏജൻസിയിലെ ഫോട്ടോഗ്രാഫർ, ഒക്ടോബർ 9
ഹിഷാം അൽന്വാജ – ഖബർ ന്യൂസ് ഏജൻസിയിലെ മാധ്യമ പ്രവർത്തകൻ, ഒക്ടോബർ 9
ആസാദ് ഷംലഖ് – സ്വതന്ത്ര മാധ്യമ പ്രവർത്തകൻ, ഒക്ടോബർ 8
ഷായ് ഷെഗേവ് – ഹീബ്രൂ ഭാഷയിലെ ദിനപത്രമായ മറിവിന്റെ പത്രാധിപർ, ഒക്ടോബർ 7
അയ്ലെത് അമിൻ – ഇസ്രയേൽ പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനിലെ ന്യൂസ് എഡിറ്റർ, ഒക്ടോബർ 7
യാനിവ് സോഹർ – ഇസ്രയേൽ ഖയം എന്ന ഹീബ്രൂ ഭാഷയിലെ ദിനപത്രത്തിലെ ഇസ്രയേൽകാരനായ ഫോട്ടോഗ്രാ-ഫർ, ഒക്ടോബർ 7
മുഹമ്മദ് ജാർഗൗൺ – സ്മാർട്ട് മീഡിയയിലെ മാധ്യമ പ്രവർത്തകൻ, ഒക്ടോബർ 7
ഇബ്രാഹിം മുഹമ്മദ് ലാഫി – അയ്ൻ മീഡിയയിലെ ഫോട്ടോഗ്രാഫർ, ഒക്ടോബർ 7
അവലംബം: സിപിജെ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × four =

Most Popular