Monday, May 20, 2024

ad

Homeകവര്‍സ്റ്റോറിസയണിസ്റ്റുകളും 
ഹിന്ദുത്വവാദികളും 
സമാന ചിന്താഗതിക്കാർ

സയണിസ്റ്റുകളും 
ഹിന്ദുത്വവാദികളും 
സമാന ചിന്താഗതിക്കാർ

കെ എ വേണുഗോപാലൻ

സ്രയേലിലെ പ്രമുഖമായ ഇംഗ്ലീഷ് പത്രങ്ങളിൽ ഒന്നായ ജെറുസലേം പോസ്റ്റ് ഒരിക്കൽ എഴുതി. ‘‘എപ്പോഴൊക്കെയാണോ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വരുന്നത് അപ്പോഴൊക്കെ ഇന്ത്യ- – ഇസ്രയേൽ ബന്ധം കൂടുതൽ ഊർജ്ജസ്വലമാവുകയും അത് പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു’’. 2014 ൽ നരേന്ദ്രമോദി അധികാരത്തിൽ വന്നപ്പോഴാണ് ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശിക്കുന്നത്. 2017 -ലായിരുന്നു അത്. ഇന്ത്യ സ്വതന്ത്രമായതിനുശേഷം അപ്പോഴേക്കും ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടിരുന്നു. നെഹ്റുവിന്റെ കാലത്ത് ആരംഭിച്ച ചേരിചേരാ വിദേശ നയത്തിൽ നിന്ന് ഇന്ത്യ പിന്മാറുകയും അമേരിക്കൻ പക്ഷപാതിത്വത്തിലേക്ക് മാറുകയും ചെയ്തിരുന്നു. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യശക്തിയായി അപ്പോഴേക്കും ഇസ്രയേൽ മാറിക്കഴിഞ്ഞിരുന്നു. ഇന്ത്യയുമായി ആയുധകച്ചവടം നടത്തുന്ന കാര്യത്തിലും ഇസ്രയേൽ ഏറെ മുന്നിലേക്ക് പോയിരുന്നു. ഇത് മാത്രമാണോ ബി ജെ പിയും ഇസ്രയേലിലെ സയണിസ്റ്റ് ശക്തികളും തമ്മിലുള്ള അടുപ്പത്തിനുകാരണം?

സയണിസവും ബി ജെ പി യുടെ ഹിന്ദുത്വവാദവും തമ്മിലുള്ള സമാനതകളും ഇതിനു പിന്നിലുണ്ടെന്ന് കാണാനാവും. എന്തൊക്കെയാണ് ആ സമാനതകൾ? സയണിസ്റ്റുകൾ അവകാശപ്പെടുന്നത് തന്റെ യഥാർത്ഥ ആരാധകരായി ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരാണ് തങ്ങൾ എന്നാണ്. ദൈവത്തിന്റെ ആശയങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കാൻ നിയോഗിക്കപ്പെട്ടവരാണ് തങ്ങൾ എന്നും അവർ അവകാശപ്പെടുന്നു. ഹിന്ദുത്വവാദികളും ഹിന്ദുക്കളെ കുറിച്ച് അവകാശപ്പെടുന്നത് ഇതു തന്നെയാണ്. അവരുടെ അഭിപ്രായത്തിൽ ഹിന്ദുവംശം, ‘‘അവരുടെ പ്രസിദ്ധമായ ഹിന്ദു മതത്തിലൂടെ പ്രകടിതമാക്കുന്നത് അതാണ്; മതമെന്ന് വിളിക്കപ്പെടുന്നതിന് അർഹതയുള്ള ഏകമതമാണത്; നിരന്തരമായി ജൈവമായി നിലകൊള്ളുന്ന ഏകമതമാണത്. മനുഷ്യന്റെ കുലീനമായ അഭിലാഷങ്ങളെയെല്ലാം പൂർത്തീകരിക്കുന്ന മതമാണത്. ജീവിതത്തെ കുറിച്ചുള്ള ഏറ്റവും കുലീനമായ തത്വചിന്തയാണത്… കഴിഞ്ഞ പത്ത് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഏറ്റവും ശ്രേഷ്ഠമായ മതമാണത്’’. (നാം അല്ലെങ്കിൽ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു. എം എസ് ഗോൾവാൾക്കർ) ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങൾക്കു മുമ്പിൽ ലോകമാകെ ഭയംകൊണ്ട് വിറയ്ക്കും എന്നുവരെ ഗോൾവാൾക്കർ പറയുന്നുണ്ട്. സയണിസ്റ്റുകൾ പറയുന്നതും ഇതൊക്കെ തന്നെയാണ്.

സയണിസ്റ്റുകളും ഹിന്ദുത്വവാദികളും ദേശീയത രൂപം കൊള്ളുന്നത് മതത്തിൽ നിന്നാണെന്ന് വിശ്വസിക്കുന്നവരാണ്.നാം അല്ലെങ്കിൽ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു എന്ന ലഘുലേഖയിൽ ഗോൾവാൾക്കർ ഈ ആശയം വിശദീകരിക്കുകയും വ്യക്തത വരുത്തുകയും ചെയ്യുന്നുണ്ട്. “നമ്മുടെ ഇന്നത്തെ സ്ഥിതിഗതികളിൽ ദേശരാഷ്ട്രം സംബന്ധിച്ച ആധുനിക സങ്കല്പനത്തെ പ്രയോഗിച്ചാൽ അതിന്റെ അന്തിമവിധി സംശയരഹിതമായി ഈ രാഷ്ട്രം ഹിന്ദുസ്ഥാൻ, അതിന്റെ ഹിന്ദു വംശവും അവരുടെ ഹിന്ദുമതവും ഹിന്ദു സംസ്കാരവും ഹിന്ദു ഭാഷയും (സംസ്കൃതവും അതിന്റെ സ്വാഭാവിക കുടുംബവും സന്തതി പരമ്പരകളും) ആയാൽ ദേശരാഷ്ട്ര സങ്കൽപ്പനത്തെ പൂർത്തീകരിക്കുന്നതായി കാണാനാവും. അങ്ങനെ ഹിന്ദുസ്ഥാൻ നിലനിൽക്കുകയും പുരാതനമായ ഹിന്ദു രാഷ്ട്രം നിലനിൽക്കുകയും ഹിന്ദു രാഷ്ട്രമല്ലാതെ മറ്റൊന്നും നിലനിൽക്കാതിരിക്കുകയും വേണം. ഹിന്ദു വംശത്തിലും മതത്തിലും സംസ്കാരത്തിലും ഭാഷയിലും ഉൾപ്പെടാത്ത എല്ലാം തന്നെ സ്വാഭാവികമായും യഥാർത്ഥ ദേശീയ ജീവിതത്തിന്റെ അതിർത്തിക്ക് പുറത്തായിരിക്കും. ” ഹിന്ദു മതത്തിലും സംസ്കാരത്തിലും സംസ്കൃത ഭാഷയിലും അടിസ്ഥാനപ്പെടുത്തിയാണ് ഹിന്ദുത്വവാദികൾ അവരുടെ രാഷ്ട്രസങ്കൽപ്പനത്തെ വികസിപ്പിച്ചിരിക്കുന്നത്. സമാനമാണ് സയണിസ്റ്റ് കാഴ്ചപ്പാട് എന്നും കാണാനാവും. ജൂതമതത്തിന്റെയും അതിന്റെ വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇസ്രയേൽ തങ്ങളുടെ മാതൃഭൂമിയാണെന്നും അത് തങ്ങൾക്കു മാത്രം അവകാശപ്പെട്ടതാണ് എന്നും സയണിസ്റ്റുകൾ അവകാശപ്പെടുന്നത്. ഈ രണ്ടു കൂട്ടരുടെയും കാഴ്ചപ്പാടിൽ മതമാണ് ദേശീയതയ്ക്ക് അടിസ്ഥാനമായി വർത്തിക്കുന്നത്.

വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും മറ്റും ചരിത്ര ഗ്രന്ഥങ്ങളാക്കി അവതരിപ്പിക്കുകയും അതുവഴി ഇന്ത്യ ഹിന്ദു രാഷ്ട്രമാണ് എന്ന് വരുത്തുകയും ആണ് സംഘപരിവാർ ചെയ്യുന്നത്. ഇതേപോലെ ബൈബിളിനെ ചരിത്രഗ്രന്ഥമാക്കി അവതരിപ്പിക്കുകയാണ് സയണിസ്റ്റുകൾ ചെയ്യുന്നത്. ചരിത്രത്തെ മിത്തു കൊണ്ട് പകരം വെക്കുന്നവരാണ് ഇരുകൂട്ടരും.

വംശഹത്യാപരമായ സമീപനം സ്വീകരിക്കുന്നതിൽ സയണിസ്റ്റുകളും ഹിന്ദുത്വവാദികളും സമാന പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയും സെക്യൂരിറ്റി കൗൺസിലും 1948ൽ രൂപീകരിക്കപ്പെട്ടതിനു ശേഷം 200 ലേറെ തവണ ഇസ്രയേൽ ഭരണാധികാരികളെ പരസ്യമായി കുറ്റപ്പെടുത്തിയിട്ടുണ്ട്. പലസ്തീൻ ജനതയ്ക്കുനേരെ നടത്തിയ വംശഹത്യകളെ തുടർന്നാണ് ഇത്തരത്തിലുള്ള പരസ്യമായ കുറ്റപ്പെടുത്തലിന് ഇസ്രയേൽ ഭരണകൂടം ഇരയായത്. ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങളെ വംശഹത്യക്ക് ഇരയാക്കിക്കൊണ്ടിരിക്കുകയാണ് ആർഎസ്എസ്. അവരുടെ രൂപീകരണത്തിന് ശേഷം നടത്തിയ വർഗീയ കലാപങ്ങളിൽ ആയിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. സാംസ്കാരിക സംഘടന എന്നവകാശപ്പെടുന്ന ആർഎസ്എസ് പരസ്യമായി ആയുധപൂജ നടത്തുന്ന സംഘടനയാണ് എന്ന് നമുക്കൊക്കെ അറിവുള്ളതാണ്.അതിൽ ആർഎസ്എസിന്റെ നേതാക്കളും അനുയായികളും ഒക്കെ പരസ്യമായി പങ്കെടുക്കാറുമുണ്ട്. ഈ ആയുധം ഇന്ത്യയിലെ മുസ്ലിം ജനവിഭാഗത്തിനെതിരായി ഉപയോഗപ്പെടുത്തുന്നതിൽ അവർ ഒരു വിട്ടുവീഴ്ചയും കാണിക്കാറില്ല. ഈയടുത്തകാലത്തായി കേന്ദ്രസർക്കാരിനെ പരസ്യമായി വിമർശിക്കുന്ന സാംസ്കാരിക നായകരെ കൊലപ്പെടുത്തുന്നതിലും അവർക്ക് യാതൊരു കുറ്റബോധവും ഇല്ല. ഇസ്രയേലുമായുള്ള അടുപ്പം ശക്തിപ്പെട്ടതിന്റെ ഫലമായി ഇന്ത്യയിൽ ബുൾഡോസർ മുസ്ലിം ജനവിഭാഗത്തിനെ ശിക്ഷിക്കുന്നതിനുള്ള ഒരു ആയുധമായി മാറിയിരിക്കുന്നു.

തങ്ങളെ രാഷ്ട്രീയമായി എതിർക്കുന്നവരെയൊക്കെ പൊതുസമൂഹത്തിനു മുമ്പിൽ പൈശാചികവൽക്കരിച്ച് അവതരിപ്പിക്കുക എന്നത് സയണിസ്റ്റുകളും ഹിന്ദുത്വവാദികളും ഒരേപോലെ പിന്തുടരുന്ന ഒരു പാതയാണ്.

സയണിസ്റ്റുകൾ ലോകത്താകമാനമുള്ള ജൂത ജനവിഭാഗത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് അവകാശപ്പെടാറുണ്ടെങ്കിലും ജൂത ജനതയിലെ കുലീന വിഭാഗം എന്ന് അവകാശപ്പെടുന്ന അഷ്കേനാസി (യൂറോപ്യൻ )ജൂതർക്ക് വേണ്ടിയാണ് അവർ ഭരണം നടത്തുന്നത്. അതേപോലെ ഹിന്ദുമത വിശ്വാസികൾക്കുവേണ്ടിയാണ് തങ്ങൾ ഭരിക്കുന്നത് എന്ന് ഹിന്ദുത്വവാദികൾ അവകാശപ്പെടുന്നുണ്ടെങ്കിലും അവരുടെ ഭരണം ത്രൈവർണികരിലെ സമ്പന്ന വിഭാഗത്തിന് വേണ്ടിയാണെന്ന് കാണാനാവും.

ഇങ്ങനെ സയണിസ്റ്റുകളും ഹിന്ദുത്വവാദികളും തമ്മിൽ ഒട്ടേറെ സമാനതകൾ ഉണ്ട്. അതിൽ അവർ തമ്മിൽ ഏറ്റവും യോജിപ്പുള്ള കാര്യം മുസ്ലിം വിരോധമാണ്. അതാണ് പലസ്തീനിലെ വംശഹത്യയെ കണ്ണടച്ച് പിന്തുണയ്ക്കാൻ മോഡി ഗവൺമെന്റിനെ പ്രേരിപ്പിച്ചത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 + twenty =

Most Popular