Tuesday, April 23, 2024

ad

Homeകവര്‍സ്റ്റോറിനിസ്സഹായരായ രോഗികളോടും സയണിസ്റ്റ് ഭീകരത

നിസ്സഹായരായ രോഗികളോടും സയണിസ്റ്റ് ഭീകരത

കെ ആർ മായ

സ്രയേലി പട്ടാളം ഗാസയിലെ ആശുപത്രികൾക്കു നേരെ നടത്തുന്ന ആക്രമണം തുടരുകയാണ്. ഒരു ആക്രമണമുണ്ടായാൽ തിരിച്ചൊന്നും പ്രതികരിക്കാനാവാതെ നിസ്സഹായരായിപ്പോവുന്ന മനുഷ്യർ ഉള്ള ഇടമാണല്ലോ ആശുപത്രികൾ. മുറിവേറ്റവരും രോഗികളും മരണത്തിൽനിന്നും രക്ഷപ്പെടാൻ എത്തിപ്പെടുന്ന ഏക ആശ്രയം. അവിടെയാണ് ഇസ്രയേലി ഭീകരത പുതിയ ആക്രമണമുഖം തുറന്നിരിക്കുന്നത്. അവശ്യം വേണ്ട മരുന്നും, ആഹാരവും വെള്ളവും ജനറേറ്റർ പ്രവർത്തിപ്പിക്കാനാവശ്യമായ ഇന്ധനവും എത്തുന്നത് സെെന്യം തടഞ്ഞതിനാൽ ഗാസയിലെ 35 ആശുപത്രികളുടെയും പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഏതാനും ദിവസം കൊണ്ട് ഡസൻകണക്കിന് രോഗികളും നവജാത ശിശുക്കളും മാസം തികയാതെ പിറന്ന കുഞ്ഞുങ്ങളും മരണത്തിനു കീഴടങ്ങിക്കഴിഞ്ഞു. ആക്രമണങ്ങളിങ്ങനെ തുടരുകയാണെങ്കിൽ ആശുപത്രികൾ അടച്ചിടുകയേ നിവൃത്തിയുള്ളൂവെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റെ വക്താവ് അഷ്റഫ് അൽ–ഖുദ്ര പറയുന്നു.

ആശുപത്രികളെ ആക്രമണലക്ഷ്യമാക്കുന്നതിന് മുന്നോടിയായി,ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ–ഷിഫ ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്നതിന്റെ അടിഭാഗത്തായി ഹമാസിന്റെ തുരങ്കമുണ്ടെന്ന് ആഴ്ചകളോളം ഇസ്രയേൽ പ്രചരണം നടത്തി. ഗാസയിലെ എല്ലാ ആശുപത്രികളും നശിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള, നൂറോളം ഇസ്രയേലി ഡോക്ടർമാർ ചേർന്നെഴുതിയതായി പറയപ്പെടുന്ന കത്ത് പ്രചരിപ്പിക്കപ്പെട്ടു. തുടർന്ന് നവംബർ 11ന് ഇസ്രയേൽ സേന അൽ–ഷിഫ ആശുപത്രി കെട്ടിട സമുച്ചയത്തിനുനേരെ ബോംബാക്രമണം നടത്തി. ആ സമയം 1700 രോഗികളും, ആക്രമണത്തിൽ പരിക്കേറ്റവരും കുടിയൊഴികപ്പിക്കപ്പെട്ട് അഭയം പ്രാപിച്ച 5000ത്തോളം പലസ്തീൻകാരും അവിടെ ഉണ്ടായിരുന്നതായി ആശുപത്രിയിലെ സർജനായ ഡോ. ഗസ്സൽ അബു പറയുന്നു. ആ ആക്രമണത്തിൽ ആശുപത്രിയുടെ മുക്കാൽഭാഗവും തകർന്നു. വെെദ്യുതി നിലച്ചതോടെ ഇൻകുബേറ്ററിലെ 39 നവജാതശിശുക്കൾ ഓരോന്നായി പിടഞ്ഞു മരിച്ചു. ‘‘ഇരുട്ടിന്റെ സന്തതികൾ’’ എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈകൺതുറക്കാ കൺമണികളെ വിശേഷിപ്പിച്ചത്.

ആക്രമണത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മറവു ചെയ്യാൻ ആശുപത്രി അധികൃതർ വല്ലാതെ ബുദ്ധിമുട്ടുകയാണ്. അതുകൊണ്ട് ആശുപത്രി പരിസരത്തുതന്നെ മൃതദേഹങ്ങൾ കൂട്ടത്തോടെ മറവുചെയ്യുകയാണ്. ചീഞ്ഞു തുടങ്ങിയ മൃതദേഹങ്ങൾ മറ്റിടങ്ങളിലേക്കു കൊണ്ടുപോയി അടക്കം ചെയ്യുക അസാധ്യമാണ്. ആംബുലൻസുകൾ ആശുപത്രിയ്ക്കുള്ളിലേക്ക് പ്രവേശിക്കുന്നതും പുറത്തു പോകുന്നതും തടഞ്ഞിരിക്കുകയാണ്. ആശുപത്രി കോമ്പൗണ്ടിനുള്ളിൽ ഒരാളൊന്നനങ്ങിയാൽ അയാൾക്കുനേരെ പട്ടാളത്തിന്റെ തോക്കിൻകുഴൽ നീളും. രക്ഷപ്പെടാൻ ശ്രമിച്ച ചില കുടുംബങ്ങളെ ഒന്നാകെ സേന കൊലപ്പെടുത്തി. അവരുടെ മൃതദേഹങ്ങൾ ആശുപത്രിക്കുപുറത്ത് അനാഥമായി കിടക്കുകയാണ്.

നവംബർ 9നും 10നുമായി അഞ്ചുതവണയാണ് അൽ–ഷിഫ ഹോസ്പിറ്റലിനു നേരെ ഇസ്രയേൽ ബോംബാക്രമണം നടത്തിയത‍്. ഒബ്സ്റ്റെട്രിക്സ് വിഭാഗം പൂർണമായും തകർക്കപ്പെട്ടു. ഗാസയിലെ 50000ത്തോളം വരുന്ന ഗർഭിണികൾക്ക് ഗർഭ ശുശ്രൂഷയോ പ്രസവാനന്തര ശുശ്രൂഷയോ നവജാത ശിശുപരിചരണമോ ലഭിച്ചില്ല. അന്താരാഷ്ട്ര തലത്തിൽ നിരോധിക്കപ്പെട്ട വെെറ്റ് ഫോസ്-ഫറസ് ബോംബുകൾ ആശുപത്രി പരിസരത്ത് പ്രയോഗിച്ചു. വടക്കൻ ഗാസയിലെ കുട്ടികൾക്കായുള്ള ഒരേയൊരു ആശുപത്രിയായ അൽ–റാന്റിസി ആശുപത്രി ആക്രമണം മൂലം അടച്ചിടാൻ അധികൃതർ നിർബന്ധിതമായിരിക്കുകയാണ് എന്ന് ഡബ്ല്യൂഎച്ച്ഒ തന്നെ റിപ്പോർട്ടു ചെയ്യുന്നു. ഗാസയിലെ അൽ–നാസർ, അൽ–ദുറാ തുടങ്ങീ കുട്ടികൾക്കായുള്ള ആശുപത്രികൾ പൂട്ടിക്കഴിഞ്ഞു. ഇതുവരെ ഇസ്രയേൽ ഭരണകൂടം 5000ത്തിലധികം കുഞ്ഞുങ്ങളെ കൊന്നുകഴിഞ്ഞു.

ഗാസയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആശുപത്രിയായ അൽ-–ഖുദ‍്സ് ഹോസ്പിറ്റലിനു ചുറ്റും 20 മീറ്റർ അതിർത്തിയിൽ ഇസ്രയേലി ടാങ്കുകൾ നിലയുറപ്പിച്ചിരിക്കുകയാണെന്ന് പലസ്തീൻ റെഡ് ക്രെസന്റ് സൊസെെറ്റി (പിആർസിഎസ്) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇസ്രയേലി സെെന്യം വെറുതെ നിലയുറപ്പിക്കുക മാത്രമായിരുന്നില്ല, ആശുപത്രിയ്ക്കു നേരെ നിർദാക്ഷിണ്യം വെടിയുതിർക്കുകയും ചെയ്തു. രോഗികളെ കൂടാതെ പതിനായിരത്തിലേറെ കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീൻകാരും അവിടെയുണ്ടായിരുന്നു. തലങ്ങും വിലങ്ങുമുള്ള വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ കൂടുതലും ആരോഗ്യപ്രവർത്തകരായിരുന്നു. 2023 നവംബറിൽ തന്നെ രൂപീകരിച്ച ഹെൽത്ത് കെയർ വർക്കേഴ്സ് വാച്ച്–പലസ്തീൻ എന്ന ഒരു ഗ്രൂപ്പ് ഗാസയിൽ ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ആരോഗ്യപ്രവർത്തകരുടെ പട്ടിക തയ്യാറാക്കി സൂക്ഷിക്കുന്നുണ്ട്. അതനുസരിച്ച് ഒക്ടോബർ 7നും നവംബർ 13നുമിടയ്ക്ക് ഡോക്ടർമാരുൾപ്പെടെ 226 ആരോഗ്യപ്രവർത്തകർ ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളെയും ഇൻകുബേററ്റിൽ കഴിയുന്ന കുഞ്ഞുങ്ങളെയും ആശുപത്രിയിൽനിന്നും ഒഴിപ്പിക്കാൻ സാധ്യമല്ല എന്ന ഉറച്ച നിലപാടിലാണ് ഇവിടത്തെ ആരോഗ്യപ്രവർത്തകർ.

മരണത്തോടു മല്ലടിക്കുന്ന കാൻസർ രോഗികൾക്കായുള്ള ആശുപത്രിയെയും ഇസ്രയേൽ ഭീകരത വെറുതെ വിട്ടില്ല. തുർക്കിയുടെ സഹായത്തോടെയുള്ള തുർക്കി–പലസ്തീൻ സൗഹൃദ ആശുപത്രിയിലേക്കുള്ള ഇന്ധനം, വെെദ്യുതി, വെള്ളം, ഭക്ഷണം എന്നിവ തടഞ്ഞു. ആക്രമണത്തിൽ തകർത്തില്ലാതായിക്കൊണ്ടിരിക്കുന്ന ആശുപത്രിയിൽനിന്നു രോഗികളെ ഒഴിപ്പിക്കുകയെന്നാൽ അവരുടെ മരണം നേരത്തെ ഉറപ്പാക്കുകയെന്നാണ് അർഥം. ജീവനുവേണ്ടി പൊരുതുന്ന 70 കാൻസർ രോഗികളുണ്ടിവിടെ. ഇതുകൂടാതെ ഗാസയിലെ ആയിരക്കണക്കിന് കാൻസർ രോഗികൾക്ക് ഏക ആശ്രയവുമാണ് ഈ ആശുപത്രി. അവരെ സംബന്ധിച്ച് കടന്നുപോകുന്നത്, ജീവിതത്തിനും മരണത്തിനുമിടയിലെ നിർണായക നിമിഷങ്ങളാണ്.

ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളായ അൽ–ഷിഫയിലും അൽ–ഖുദ്സിലും വേ-്യാമാക്രമണത്തോടൊപ്പം കരമാർഗേണയും ഇപ്പോൾ ആക്രമണം നടക്കുകയാണ്. ആശുപത്രികളെ ‘‘നിയമാനുസൃത ടാർഗറ്റുകളാക്കി മാറ്റുന്നു’’ എന്നാണ് പലസ്തീനിലെ ജനകീയാരോഗ്യപ്രസ്ഥാനത്തിന്റെ വക്താവ് ആബിദ് ഗസൽ പറയുന്നത്. ഏറെയും തകർന്ന അൽ ഷിഫ ആശുപത്രിയിൽ ഇടനാഴികളിലാണ് രോഗികളെ കിടത്തിയിരിക്കുന്നത്. ആഴ്ചകളായി ഡോക്ടർമാരും നേഴ്സുമാരും സ്വന്തം വീടുമായി യാതൊരു ബന്ധവുമില്ലാതെ ആശുപത്രിയിൽത്തന്നെ കഴിയുകയാണ്.

ഏറ്റവും ഒടുവിലായി ആക്രമണമുണ്ടായിരിക്കുന്നത് വടക്കൻ ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രിക്കുനേരെയാണ്. നൂറുക്കണക്കിനു രോഗികളെക്കൂടാതെ ആട്ടിയോടിക്കപ്പെട്ട 2000ത്തോളം പലസ്തീൻകാരും കഴിയുന്ന ഈ ആശുപത്രിയ്ക്കുനേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 470 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽനിന്ന് എല്ലാവരും ഒഴിഞ്ഞുപോകണമെന്ന് സെെന്യം അന്ത്യശാസനം നൽകിയിരിക്കുകയാണ്.

ഗാസയിലെ ആശുപത്രികൾക്കുനേരെ നടക്കുന്ന ഈ ക്രൂരമായ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വേണ്ടത്ര പ്രതികരണം ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം (International Humanitarian Law) ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും യുദ്ധസമയത്ത് പരിരക്ഷ ലഭിക്കണം. 1949ലെ ജനീവകരാറിന്റെ അനുച്ഛേദം 19 (മെഡിക്കൽ യൂണിറ്റുകളുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണം) പ്രകാരം ആരോഗ്യസ്ഥാപനങ്ങളെയും മൊബെെൽ മെഡിക്കൽ യൂണിറ്റുകളെയും ഒരു സാഹചര്യത്തിലും ആക്രമണ വിധേയമാക്കാൻ പാടില്ല എന്നാണ്. ഇതേ നിയമത്തിന്റെ ചട്ടം 25 അനുസരിച്ച് ഏതു സാഹചര്യത്തിലും ആരോഗ്യപ്രവർത്തകരെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണമെന്നാണ്. ലോകത്തു നടക്കുന്ന എല്ലാ സംഘർഷമേഖലകളിലും ഇതു പാലിക്കപ്പെടണം. അന്താരാഷ്ട്ര ക്രിമിനൽ കോടതി നിയമത്തിന്റെ അടിസ്ഥാനമായ റോം ഉടമ്പടി (2002) പ്രകാരം ആശുപത്രികളെയും രോഗികളെയും പരിക്കേറ്റവരെയും സംരക്ഷിക്കുന്ന ഇടങ്ങൾ ആക്രമിക്കുന്നതിന് ഒരു രാജ്യത്തിന്റെ സെെന്യം നേതൃത്വം നൽകുന്നത് യുദ്ധക്കുറ്റകൃത്യമാണ്. അതറിയാവുന്ന ഇസ്രയേൽ തങ്ങൾ ആശുപത്രികളെ ആക്രമണലക്ഷ്യമാക്കുന്നതിന് മുന്നോട്ടുവച്ച ന്യായീകരണം ഹമാസിന്റെ ബങ്കറുകൾക്ക് മുകളിലാണ് ഗാസയിലെ ആശുപത്രികളെന്നാണ്. അന്താരാഷ്ട്ര മാനുഷിക നിയമത്തെ മറികടക്കാനുള്ള ഇസ്രയേലിന്റെ ഗൂ-ഢനീക്കത്തിന്റെ ഭാഗമാണിത്. ഇതിനെല്ലാം അമേരിക്കയുടെ പിന്തുണ ആവോളമുണ്ട്.

നവംബർ 11ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ (AMA) അതിന്റെ പ്രതിനിധി സഭയുടെ ഒരു യോഗം വിളിച്ചുചേർത്തിരുന്നു. 135 ലധികം മെഡിക്കൽ വിദ്യാർഥികളും എഎംഎയിൽ അംഗങ്ങളായിട്ടുള്ള ഡോക്ടർമാരും ചേർന്ന് ഗാസയിലെ വെടിനിർത്തലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രമേയം അവതരിപ്പിക്കുന്നതിന് എഎംഎ നേതൃത്വം അനുമതി നിഷേധിച്ചു. എല്ലാ യുദ്ധങ്ങൾക്കു പിന്നിലും ചരടുവലിക്കുന്ന അമേരിക്കയുടെ മൂലധന താൽപ്പര്യത്തിന്റെ സംരക്ഷകരായി മാറുകയായിരുന്നു മനുഷ്യജീവൻ രക്ഷിക്കുകയെന്ന ധർമം നിർവഹിക്കാൻ ബാധ്യസ്ഥരായ ഡോക്ടർമാരുടെ ഒരു വിഭാഗം. അമേരിക്കയുടെ അതേ താൽപ്പര്യവും പലസ്തീൻ ജനതയുടെ ആത്യന്തികമായ വംശീയ ഉന്മൂലന ലക്ഷ്യവുമാണ് നിസ്സഹായരും നിരാലംബരുമായ രോഗികളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കിക്കൊണ്ടുള്ള ഇസ്രയേലി സയണിസ്റ്റ് ഭീകരതയുടെ അങ്ങേയറ്റം ക്രൂരമായ, കെട്ടഴിച്ചുവിടപ്പെട്ട ആക്രമണത്തിനു പിന്നിൽ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten − six =

Most Popular