Monday, May 20, 2024

ad

Homeകവര്‍സ്റ്റോറിഇസ്രയേൽ തടവറകളും വംശീയ ഉന്മൂലന ലക്ഷ്യങ്ങളും

ഇസ്രയേൽ തടവറകളും വംശീയ ഉന്മൂലന ലക്ഷ്യങ്ങളും

അഖിൽ എം എസ്

സ്രയേലിന്റെ പലസ്തീൻ അധിനിവേശവും കൂട്ടക്കൊലകളും ഒരിടവേളക്ക് ശേഷം വീണ്ടും ആരംഭിച്ചതിന് ശേഷം പ്രമുഖ മാധ്യമമായ അൽജസീറ പുറത്തുവിട്ട കണക്ക് പ്രകാരം ഒക്ടോബറിന് ശേഷം ഏകദേശം 12,000 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ പകുതിയും കുട്ടികളാണ്.ഗാസയിലേക്കുള്ള അധിനിവേശം ശക്തമായി തുടരുമ്പോൾ തന്നെ കഴിഞ്ഞ ദശകങ്ങളിൽ ഇസ്രായേൽ നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ രാഷ്ട്രീയമായും മനുഷ്യാവകാശപരമായും വിലയിരുത്തേണ്ടതുണ്ട്.

ഒക്ടോബർ 7 മുതൽ ഏകദേശം 1,680 പാലസ്തീൻകാർ വെസ്റ്റ്ബാങ്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റിലായി. ഈ അറസ്റ്റുകളിൽ ഏറിയ പങ്കും നിയമ വിരുദ്ധവും ഏകപക്ഷീയവും വംശീയത അടിസ്ഥാനമാക്കിയുള്ളതുമായിരുന്നു. പതിനേഴോളം മാധ്യമ പ്രവർത്തകരും ഇവർക്കൊപ്പം ഇസ്രയലിന്റെ തടവറകളിൽ അടയ്ക്കപ്പെട്ടു. കടുത്ത പട്ടിണിയും പീഡനവുമാണ് ജയിലുകളിൽ തടവുകാർക്ക് അനുഭവിക്കേണ്ടി വരുന്നത്. പലസ്തീൻ രാഷ്ട്രീയ തടവുകാർക്ക് എതിരെ ഇസ്രയേൽ ഭരണകൂടം നടത്തുന്ന മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങളുടെ ഉദാഹരണമാണിത്. ഒക്ടോബർ 23 ന് തടവറയിൽ 58 കാരനായ ഷെയ്ഖ് ഒമർ ഹംസകൊല്ലപ്പെട്ടു. ഇരുപത്തിനാല് മണിക്കൂറിനകം 25 കാരനായ അറഫാത്ത് യാസർ ഹംദാൻ എന്ന യുവാവും കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. ഒക്ടോബർ ഏഴുമുതൽ ജയിലുകളിൽ ശക്തമായ റെയ്‌ഡുകളും പീഡന പരമ്പരകളുമാണ് അധിനിവേശ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. ജലവിതരണവും വൈദ്യുതിയും ഇടയ്ക്കിടെ ഇല്ലാതാക്കിയും വാർത്താ വിനിമയ ബന്ധം വിഛേദിച്ചും തടവുകാരെ പട്ടിണിക്കിട്ട് വ്യക്തമായ വംശീയ ഉന്മൂലനമാണ് ഇസ്രായേൽ സേന ലക്ഷ്യമിടുന്നത്. പലസ്തീൻ രാഷ്ട്രീയ തടവുകാർക്ക് ജയിലിൽ 1967 മുതൽ നേരിടേണ്ടി വരുന്നത് ബോധപൂർവമായ അവഗണനയാണ്. ഏകദേശം 230ൽ അധികം തടവുകാർ ഇത്തരത്തിൽ കൊല്ലപ്പെട്ടു. പത്തുപേരോളം അടങ്ങുന്നതാണ് ഒരു ജയിൽ മുറി എന്നത് നാസി കാലത്തെ കോൺസൻട്രേഷൻ ക്യാമ്പുകളെ ഓർമിപ്പിക്കുന്നു.മെഡിക്കൽ സൗകര്യങ്ങൾ നിഷേധിക്കുക ,വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുക എന്നിങ്ങനെ തടവുകാരുടെ മാനസിക നിലയെ തകർക്കുക എന്ന വ്യക്തമായ പദ്ധതിയാണ് ഇതിലൂടെ അവർ നടപ്പിലാക്കുന്നത്. ഒക്ടോബർ ഏഴിന് മുൻപ് 5,200 രാഷ്ട്രീയ തടവുകാർ ഇസ്രയേൽ ജയിലിൽ ഉണ്ടായിരുന്നതിൽ 170 പേർ കുട്ടികളാണ് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.

ഇസ്രയേലിലെ ജയിലുകളിൽ തടവിലാക്കപ്പെടുന്ന പലസ്തീൻകാരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. 1967 ലെ ആറുദിന യുദ്ധത്തിന് ശേഷം ഇസ്രയേൽ ഏകദേശം 70,000 പലസ്തീൻ അറബികളെയാണ് തടവിലാക്കിയത്. പലരും തടവറയിൽ കൊടിയ പീഡനങ്ങൾക്ക് ഇരയായി കൊല്ലപ്പെട്ടു.ചെറിയൊരു ശതമാനം ആളുകളാണ് തിരികെ പലസ്തീനിലേക്ക് സ്വതന്ത്രരായി എത്തപ്പെട്ടത്. എക്കാലവും ഇസ്രയേലിന് തടവറകൾ നിറയ്ക്കാനുള്ള കൃത്യമായ അജൻഡകളുണ്ടായിരുന്നു. ഇസ്രായേൽ അധിനിവേശത്തിനുശേഷം ജനസംഖ്യയുടെ അഞ്ചിലൊന്ന് ശതമാനം ജനങ്ങൾക്ക് ഏതെങ്കിലും വിധേന ഇസ്രയേൽ ജയിലുകളിൽ കഴിയേണ്ടി വന്നിട്ടുണ്ട്.ഇതിൽ പലതും അകാരണമായ തടവിലാക്കലുകളായിരുന്നു. നിസ്സാരമായ കുറ്റങ്ങൾക്ക് പോലും കടുത്ത പീഡനങ്ങളാണ് അധിനിവേശ ഭരണകൂടം പലസ്തീൻകാർക്ക് നൽകിയിരുന്നത്. മനഃശാസ്ത്രപരമായ പീഡന രീതികളും ഇസ്രയേൽ അതിനായി പ്രയോഗിച്ചു. ഏകാന്ത തടവ് മുതൽ ആധുനിക ഉപകരണങ്ങളുടെ സാധ്യതകൾ പോലും ഇതിനായി അവർ ഉപയോഗിച്ചു വെന്നാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്.

എന്തുകൊണ്ടാണ് ഇസ്രയേൽ ജയിലുകൾ പലസ്തീൻകാരാൽ നിറയപ്പെട്ടത്? ആ ചോദ്യം വിരൽ ചൂണ്ടുന്നത് ഇസ്രയേലിന്റെ രാഷ്ട്രീയ ലക്ഷ്യമായ പലസ്തീൻ ജനതയുടെ ഉന്മൂലനത്തിലേക്ക് തന്നെയാണ്. കണക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന ഒരു വസ്തുത ജയിലിൽ കഴിയുന്നതിൽ പത്തിൽ നാലും ചെറുപ്പക്കാരായ പുരുഷന്മാരാണ് എന്നതാണ്. മാത്രമല്ല യുദ്ധത്തിലും ആക്രമണങ്ങളിലും കൊല്ലപ്പെടുന്നതിൽ ഭൂരിഭാഗവും കുട്ടികളാണ് എന്നതും തടവിലാക്കപ്പെടുന്നതിൽ ഭൂരിഭാഗവും യുവാക്കളാണ് എന്നുള്ളതും അവരെ കുടുംബങ്ങളുമായി ബന്ധപ്പെടാനുള്ള അവസരം നിഷേധിക്കുന്നതും വംശഹത്യയെന്ന ഇസ്രയേൽ അജൻഡയുടെ ഭാഗം തന്നെയാണ്. ജയിലിൽ നിന്നും പുരുഷന്മാരുടെ ബീജം ഒളിച്ചു കടത്തി അമ്മയായ നിരവധി സ്ത്രീകളുടെ കഥകൾ ഇതിന്റെ പശ്ചാത്തലത്തിലുള്ളതാണ്. പലസ്തീൻ പ്രധാനമന്ത്രിയുടെ ഓഫീസ് 2012-ൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്, ഏകദേശം 8,00,000 പലസ്തീൻ പുരുഷന്മാർ, വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും ജനസംഖ്യയുടെ ഏകദേശം 20 ശതമാനവും, 1967 മുതൽ ഒരാഴ്ചയോ അതിൽ കൂടുതലോ ഇസ്രയേലി ജയിലിൽ കഴിഞ്ഞിട്ടുണ്ട് എന്നാണ്. IVF ചികിത്സ വഴി തങ്ങളുടെ പരമ്പരയെ നിലനിർത്തുക എന്ന വെല്ലുവിളികൂടി ഏറ്റെടുത്തു പോരാടുകയാണ് പലസ്തീൻ ജനത.

1967 ലെ യുദ്ധത്തിനു ശേഷം യഥാർത്ഥത്തിൽ മനുഷ്യത്വ വിരുദ്ധമായ നിയമങ്ങൾക്ക് രൂപംകൊടുക്കുകയാണ് ഇസ്രയേൽ ചെയ്തത്. സമാധാന പൂർണ്ണമായ പ്രതിഷേധങ്ങൾ പോലും ഭീകര പ്രവർത്തനമായി കണക്കാക്കി കേസ് രജിസ്റ്റർ ചെയ്ത് കുറ്റവാളികൾ എന്ന് ആരോപിക്കപ്പെടുന്നവരെ തടവറയിലാക്കാം എന്നതാണ് എല്ലാത്തരം നിയമങ്ങളുടെയും അടിസ്ഥാനം. ഈ നിയമ സാധുതയെ മുൻനിർത്തി ലോകരാജ്യങ്ങളെയും മനുഷ്യാവകാശ സംഘടനകളെയും കാഴ്ചക്കാരാക്കിയാണ് ഇസ്രയേൽ ഭരണകൂടം തങ്ങളുടെ നയങ്ങൾ നടപ്പാക്കിയത്. ഇസ്രയേലിനുള്ളിൽ ഏകദേശം പത്തൊമ്പത് ജയിലുകളും പുറമെ അധിനിവേശ വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിൽ താൽക്കാലിക തടവറകളുമുണ്ട്. 1,264 ഔദ്യോഗിക രാഷ്ട്രീയ തടവുകാരുടെ എണ്ണമാണ് അന്താരാഷ്ട സമൂഹത്തിനു മുന്നിൽ ഇസ്രയേൽ ഭരണകൂടം വെളിപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും ഞെട്ടിപ്പിക്കുന്ന വസ്തുത ഇവർ വിചാരണ തടവുകാരാണ് എന്നതാണ്. അതിനർത്ഥം അവരുടെ തടവുജീവിതം ജീവിതാവസാനം വരെ നീണ്ടേക്കാം എന്നുകൂടിയാണ്. ഇത്തരത്തിൽ മനുഷ്യത്വ വിരുദ്ധമായ എല്ലാ സാധ്യതകളും പലസ്തീൻ വിമോചന പോരാട്ടങ്ങളെ ഇല്ലാതാക്കാൻ ഇസ്രയേൽ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു.

ഒരു അറബ് മാധ്യമത്തിന്റെ റിപ്പോർട്ട് ഇങ്ങനെ പറയുന്നു. “”2000-ൽ രണ്ടാം ഇൻതിഫാദ പൊട്ടിപ്പുറപ്പെട്ടതിനുശേഷം, 12,000-ലധികം പലസ്തീൻ കുട്ടികളെ ഇസ്രയേൽ സൈന്യം തടവിലാക്കിയിട്ടുണ്ട്.

അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്നുള്ള 18 വയസ്സിന് താഴെയുള്ള 700 പലസ്തീൻ കുട്ടികളെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും തടവിലിടുകയും ചെയ്ത ശേഷം ഇസ്രയേൽ സൈനിക കോടതികൾ വഴി പ്രതിവർഷം വിചാരണ ചെയ്യപ്പെടുന്നു.”

ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കണക്കാണിത്. ചെറിയ ഒരു കല്ലെറിയലിന്റെ ശിക്ഷ ഇരുപത് വർഷമാണ് എന്ന് മനസ്സിലാക്കുമ്പോൾ അതിനു പിന്നിലെ യഥാർത്ഥ അജൻഡ മനസ്സിലാക്കാം.കുട്ടികളെ കൈകാര്യം ചെയ്യുന്നതിനുവേണ്ടിയുള്ള ഇസ്രയേൽ നിയമങ്ങൾ പരിശോധിക്കാം.ഒരു കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് പതിനഞ്ചു ദിവസത്തോളം കുട്ടികളെ തടങ്കലിൽ പാർപ്പിക്കാനുള്ള നിയമ സാധുത പട്ടാളത്തിന് നൽകുന്നു എന്നുമാത്രമല്ല കോടതിക്ക് ആ തടങ്കൽ ഓരോ തവണയും പരമാവധി 40 തവണ വരെ 10 ദിവസത്തേക്ക് നീട്ടാമെന്നും മിലിട്ടറി ഓർഡർ 1726 പറയുന്നു.

മിലിട്ടറി ഓർഡർ 132 പ്രകാരം, 16 വയസും അതിൽ കൂടുതലുമുള്ള പ ലസ്തീൻ കുട്ടികളെ ഇസ്രയേൽ സൈനിക കോടതികൾ മുതിർന്നവരെപ്പോലെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുന്നു.

കൂടാതെ, അന്താരാഷ്ട്ര നിയമം അനുശാസിക്കുന്ന കുറ്റം ആരോപിക്കപ്പെടുന്ന സമയത്ത് അവരുടെ പ്രായത്തിനുപകരം, ശിക്ഷാ സമയത്തുള്ള അവരുടെ പ്രായത്തിനനുസരിച്ച് പലസ്തീൻ കുട്ടികളെ ശിക്ഷാ നടപടികൾക്ക് വിധേയരാകുന്നു.

പലസ്തീൻ വിമോചന പോരാട്ടങ്ങളുടെ നേതൃനിരയിലുള്ള പലരും ഇപ്പോൾ ഇസ്രയേൽ തടവറയിലാണ് അതിൽ പ്രധാനിയാണ് എഴുത്തുകാരനും ചിന്തകനുമായ വാലിദ് ദഖ’ കഴിഞ്ഞ 37 വർഷമായി ഇസ്രയേലിന്റെ തടവറയിൽ കഴിയുകയാണ്. അദ്ദേഹം ഇരുപത്തി അഞ്ചാം വയസ്സിൽ അറസ്റ്റിലായ ദഖക്ക് ഇപ്പോൾ 61 വയസ്സുണ്ട്.ഇക്കാലയളവിൽ ഒരിക്കൽപ്പോലും ശിക്ഷ ഇളവ് നൽകാനോ നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന അദ്ദേഹത്തിന് മതിയായ ചികിത്സ നൽകാനോ ഇസ്രയേൽ ഭരണകൂടം തയ്യാറായിട്ടില്ല. മർവാൻ ഹാസിബ് ഇബ്രാഹിം ബർഗൂത്തിയാണ് രാഷ്ട്രീയ തടവുകാരിൽ മറ്റൊരു പ്രശസ്തൻ. പാലസ്തീൻ വിമോചന പോരാട്ടങ്ങളുടെ നേതൃ നിരയിൽ പ്രവർത്തിച്ച അദ്ദേഹം ഇസ്രയേൽ സൈന്യത്തിനെതിരെ ശക്തമായി പോരാടിയ വ്യക്തിയാണ്. അദ്ദേഹത്തെ കുറ്റങ്ങൾ ചുമത്തി അറസ്റ്റു ചെയ്ത ഇസ്രയേൽ സൈന്യം ദീർഘകാലമായി തടവിൽ പാർപ്പിച്ചിരിക്കുകയാണ്. ജയിലിൽ കൊല്ലപ്പെട്ട ആക്ടിവിസ്റ്റുകളിൽ പ്രധാനി ഖാദർ അദ്നാനാണ്. പന്ത്രണ്ട് തവണ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം എട്ടുവർഷത്തോളം തടവ് അനുഭവിച്ചിരുന്നു. നിരന്തരമായ പീഡനങ്ങളും തുടർന്നുള്ള നിരാഹാരവും ഏകാന്ത തടവുമെല്ലാം 45 കാരനായ ഖാദർ അദ്നാനെ തളർത്തിയതിനെ തുടർന്ന് അദ്ദേഹം ജയിലിൽ രക്തസാക്ഷിത്വം വരിച്ചു.

ഈ കൊലപാതകങ്ങളുടെ കണക്ക് നീണ്ടുപോകുന്നതാണ്. രാഷ്ട്രീയ തടവുകാരുടെയും സാധാരണ മനുഷ്യരുടെയും കുട്ടികളുടെയും അനേകം കഥകൾ ഇസ്രയേലിലെ ജയിലുകൾ പറയുന്നുണ്ട്. യുദ്ധവും തടവും രണ്ടുതരത്തിൽ വംശീയ ഉന്മൂലന മാതൃകകളായി സ്വീകരിക്കുകയും കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലമായി നടപ്പാക്കുകയുമാണ് ഇസ്രയേൽ ചെയ്യുന്നത്. പലസ്തീൻ ജനത തങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയിൽ നിന്നും നിഷ്കാസനം ചെയ്യപ്പെടുന്നു എന്നുമാത്രമല്ല ജീവിക്കാനുള്ള അവരുടെ അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ലോക സാമ്രാജ്യത്വ ശക്തികൾ ഈ ശ്രമങ്ങൾക്കും വംശഹത്യകൾക്കും ഇസ്രയേലിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയും ചെയ്യുന്നു. മധ്യേഷ്യയുടെ ഈ ദുരിതത്തിന് കാരണം ഈ സാമ്രാജ്യത്വ ശക്തികളുടെ ഇടപെടലുകൾ കൂടിയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − 16 =

Most Popular