കഴിഞ്ഞ അരനൂറ്റാണ്ടിലധികം കാലമായി, പലസ്തീനിയന്‍ സിനിമ ചെറുത്തുനില്പും നിത്യജീവിതവും ഓര്‍മകളും ആഖ്യാനം ചെയ്തുകൊണ്ടിരിക്കുന്നു. മാതൃഭൂമിയ്ക്കുവേണ്ടി നടത്തുന്ന പലസ്തീൻ സ്വാതന്ത്ര്യസമരത്തിന്റെ നേര്‍രേഖകളാണ് ഈ സിനിമകള്‍. പലസ്തീനിയന്‍ യാഥാര്‍ത്ഥ്യമെന്താണെന്നതിനെക്കുറിച്ച് ലോകം ശ്രദ്ധിക്കുന്നതിന് ഈ സിനിമകള്‍ കാരണമാകുന്നു. തങ്ങളുടെ രാജ്യം അധീനതയിലാണെങ്കിലും തങ്ങളുടെ മനസ്സുകളും ബോധവും കോളണിവത്കകരിക്കപ്പെട്ടിട്ടില്ല എന്ന് നിരന്തരം തെളിയിക്കുന്ന സിനിമകളാണവ. വിവരങ്ങളുടെയും പരീക്ഷണങ്ങളുടെയും കലയാണ് പലസ്തീനിയന്‍ സിനിമ.
നിരവധി മേളകളിലും മറ്റുമായി ധാരാളം പലസ്തീന്‍ സിനിമകള്‍ കാണാന്‍ സാധിച്ചിട്ടുണ്ട്. അവയില്‍ ചിലതിനെ ഇവിടെ പരിചയപ്പെടുത്താം. അറബ് ഭാഷയ്ക്കു പുറമെ, ഇംഗ്ലീഷിലും ഫ്രഞ്ചിലുമൊക്കെയാണ് പല സിനിമകളും എടുത്തിട്ടുള്ളത്.
പലസ്തീനില്‍ തുടരാന്‍ സാധിക്കാത്തതുകൊണ്ട് പാരീസിലും ന്യൂയോര്‍ക്കിലുമായാണ് ഏലിയ സുലൈമാന്‍ എന്ന ചലച്ചിത്രകാരന്‍ ജീവിക്കുന്നത്. പലസ്തീന്‍ എന്താണ് അല്ലെങ്കില്‍ എന്തല്ല എന്നത് തീക്ഷ്ണമായ നര്‍മ്മ-പരിഹാസത്തോടെ ആവിഷ്കരിക്കുന്ന അദ്ദേഹത്തിന്റെ സിനിമകള്‍ ഏറെ ശ്രദ്ധേയവും സമുന്നത നിലവാരം പുലര്‍ത്തുന്നതുമാണ്. ദുരന്തങ്ങളുടെ മഹാമാരിക്കാലത്ത്, സ്വയം പരിഹസിച്ചുകൊണ്ട് ഒരിത്തിരി ചിരി ആശ്വാസമായെത്തിക്കുക മാത്രമല്ല ഏലിയ സുലൈമാന്‍ ചെയ്യുന്നത്: ആ പ്രക്രിയയിലൂടെ നമ്മളെ ഇരുത്തിച്ചിന്തിപ്പിക്കുകയുമാണ്. 1996ല്‍ അദ്ദേഹം സംവിധാനം ചെയ്ത ക്രോണിക്കിള്‍ ഓഫ് എ ഡിസപ്പിയറന്‍സ് എന്ന ആദ്യത്തെ ഫീച്ചറിന് വെനീസ് മേളയില്‍ ഏറ്റവും നല്ല സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചു. 2002ലെടുത്ത ഡിവൈന്‍ ഇന്റര്‍വെന്‍ഷന് കാനില്‍ പ്രത്യേക ജൂറി പുരസ്കാരവും ഫിപ്രെസി പുരസ്കാരവും ലഭിച്ചു. ഈ ചിത്രമാണ് ഏലിയ സുലൈമാന്റെ മാസ്റ്റര്‍ പീസ് എന്ന നിലയില്‍ അറിയപ്പെടുന്നത്. എവിടെയെത്തിയാലും പലസ്തീന്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു പോന്നു. അദ്ദേഹത്തെ മാത്രമല്ല, ഏതൊരു പലസ്തീന്‍കാരന്റെയും പലസ്തീന്‍കാരിയുടെയും അനുഭവങ്ങളില്‍ പ്രധാനമാണിത്. ഏതാണ് തങ്ങളുടെ സ്വന്തം സ്ഥലം എന്ന് ഒരിക്കലും തിരിച്ചറിയാന്‍ കഴിയാതെയും തീര്‍പ്പിലെത്താതെയും അലയുന്ന; ഒടുങ്ങുന്ന ജീവിതം. മിക്കപ്പോഴും ഒരു സൂട്ട്കേസിലടച്ചു വെക്കാവുന്നതാണ് പലസ്തീനിയുടെ ജീവിതം. ആ സൂട്ട്കേസ് അല്ല പലസ്തീന്‍കാരന്റെ രാഷ്ട്രം എന്ന് മഹ്മൂദ് ദാര്‍വിഷ് എഴുതുന്നുണ്ട്. ദാര്‍വിഷിന്റെ ഒരു കാവ്യസമാഹാരത്തിന്റെ ശീര്‍ഷകം തന്നെ മൈ കണ്‍ട്രി ഈസ് നോട്ട് എ സ്യൂട്ട് കേസ് എന്നാണ്.
ഏലിയ സുലൈമാന്റെ അത് സ്വര്‍ഗം തന്നെയായിരിക്കണം (ഇറ്റ് മസ്റ്റ് ബി ഹെവന്‍/ഫ്രാന്‍സ്, കാനഡ,പലസ്തീന്‍/2019) കാന്‍മേളയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചു. സ്വത്വം, ദേശീയത, ജന്മദേശത്തോടുള്ള ബന്ധം തുടങ്ങി പലസ്തീനിയെ അലട്ടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍, സ്വതസിദ്ധമായ കോമഡി ട്രാക്കിലൂടെ അവതരിപ്പിക്കുകയാണ് അദ്ദേഹം. തന്റെ മുന്‍ സിനിമകളിലെന്നതു പോലെ ഇറ്റ് മസ്റ്റ് ബി ഹെവനിലും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഏലിയ സുലൈമാന്‍ തന്നെയാണ്. ബസ്റ്റര്‍ കീറ്റണിന്റെയും ഴാക് താത്തിയുടെയും ശൈലികളും സമാനമാണ്.
കപടലോകത്തിലാത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം എന്ന കവിവാക്യം ഓര്‍മ്മിപ്പിക്കുന്ന പശ്ചാത്തലാനുഭവങ്ങളാണ് ഏലിയ സുലൈമാന്‍ സിനിമയ്ക്കു പുറത്തെന്നതു പോലെ സിനിമയ്ക്കകത്തും നേരിടുന്നത്. പ്രമേയത്തോട് ഏറ്റവും അകല്‍ച്ച തോന്നിപ്പിക്കുന്ന രീതിയിലൂടെ; അതേ പ്രമേയത്തെ തന്നിലേക്കും കാണിയിലേക്കും വലിച്ചടുപ്പിക്കുകയാണ് അദ്ദേഹം.
ഓരോ ഫ്രെയിമും എങ്ങനെ രൂപസംവിധാനം(കമ്പോസ്) ചെയ്യണമെന്നും എത്ര നേരം മരവിപ്പിച്ചു(ഫ്രീസ്) നിര്‍ത്തണമെന്നും ഏലിയ സുലൈമാന് പൂര്‍ണ നിശ്ചയമുണ്ട്. ചിലപ്പോള്‍ അദ്ദേഹമടക്കമുള്ള കഥാപാത്രങ്ങളും ഫ്രീസ് ചെയ്യപ്പെടുന്നതു കാണാം. വഴിയരുകിലെ കാപ്പിക്കടയിലിരിക്കുമ്പോള്‍, അദ്ദേഹത്തെ പരിഗണിക്കാതെ ചിലര്‍ ആ സ്ഥലത്തിന്റെ ചുറ്റളവ് എടുക്കുന്നതു പോലുള്ള അസംബന്ധങ്ങള്‍ ആഴത്തിലുള്ള അര്‍ത്ഥങ്ങളെ പുനരുത്പാദിപ്പിക്കുന്നു. കുറേ ക്കാലമായി പലസ്തീന്‍ വിട്ട് പാരീസിലും ന്യൂയോര്‍ക്കിലും താമസിക്കുന്ന ഏലിയ സുലൈമാന്, പലസ്തീനിലെ നിത്യജീവിതത്തെ നിര്‍ണയിക്കുന്ന അസംബന്ധങ്ങള്‍ തന്നെയാണ് വികസിത മുതലാളിത്തത്തിന്റെയും പരിഷ്കൃത നാഗരികതയുടെയും സ്വര്‍ഗമായി കൊണ്ടാടപ്പെടുന്ന ഫ്രാന്‍സിലും അമേരിക്കയിലുമുള്ളതെന്ന് ബോധ്യപ്പെടുന്നു എന്നതാണ് സത്യത്തില്‍ ഈ സിനിമയുടെ ഇതിവൃത്തവും ആഖ്യാനവും. മനുഷ്യന്‍ എന്ന കോമഡി, നസറേത്ത് കടന്ന് പാരീസിലും ന്യൂയോര്‍ക്കിലും വ്യാപിച്ചിരിക്കുന്നു.
ഒരു പലസ്തീൻ സിനിമ നിര്‍മ്മിച്ചെടുക്കുന്നത് എത്രമാത്രം അസാധ്യമാണെന്ന് ഏലിയ സുലൈമാന്‍ തെളിയിക്കുന്നു. വൈല്‍ഡ് ബഞ്ച് എന്ന സിനിമാ നിര്‍മ്മാണക്കമ്പനിയില്‍ നിന്ന് അദ്ദേഹത്തിനുണ്ടാകുന്ന ദുരനുഭവം സിനിമാനിര്‍മാണം അഥവാ സിനിമ എന്ന യാഥാര്‍ത്ഥ്യത്തിന്റെ ഉള്‍വൈരുധ്യങ്ങളെ അനാവരണം ചെയ്യുന്നുണ്ട്. അതായത്, പലസ്തീനി സിനിമ എന്ന അസാധ്യമായ പ്രമേയത്തെ പരിചരിക്കുമ്പോള്‍, പലസ്തീന്‍ എന്ന ദേശരാഷ്ട്രത്തെയും സിനിമ എന്ന മാധ്യമപ്രയോഗത്തെയും ഏലിയ സുലൈമാന്‍ പറഞ്ഞും പറയാതെയും വിശദീകരിക്കുന്നു. വൈല്‍ഡ് ബഞ്ചിന്റെ സിഇഒ വിന്‍സന്റ് മാര്‍വല്‍ (യഥാര്‍ത്ഥത്തില്‍ ഇദ്ദേഹം തന്നെയാണ് ഈ സ്ഥാനത്തിരിക്കുന്നത്) ഏലിയ സുലൈമാന്‍ സമര്‍പ്പിക്കുന്ന പ്രോജക്റ്റ് സൗമനസ്യത്തോടെ തള്ളുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്. നിങ്ങളുടെ ഈ സിനിമയില്‍ വേണ്ടത്ര പലസ്തീനില്ല! ദുരിതവും പവര്‍കട്ടും വെള്ളക്ഷാമവും നിരന്തര ബോംബിങ്ങും മരണങ്ങളും എല്ലാമടങ്ങിയ പലസ്തീന്‍ ക്ലിപ്പിംഗുകളുടെ വില്പനയാണ് വേണ്ടത്ര പലസ്തീനില്ല എന്ന നിരീക്ഷണത്തിലൂടെ സിഇഒ പറയാതെ പറയുന്നതും ഉന്നമിടുന്നതും. സത്യത്തില്‍ ഈ കോമഡി ലക്ഷ്യം വെക്കുന്നത് സിഇഒ മാര്‍വലിനെ മാത്രമല്ല, ആ മുറിയിലിരിക്കുന്നവരും അല്ലാത്തവരുമായ മുഴുവന്‍ സിനിമാ വിദഗ്ദ്ധരെയുമാണ്. കാന്‍ ഫെസ്റ്റിവലില്‍ കാണിക്കാമെന്നു കരുതി നിര്‍മ്മാണം ആരംഭിച്ച മറ്റു ചിത്രങ്ങളുടെ ഒപ്പമാണ് ഏലിയ സുലൈമാന്റെസിനിമ (സിനിമയ്ക്കുള്ളിലെ സിനിമ)യും നിര്‍മ്മാണപ്രവൃത്തികളാരംഭിക്കുന്നത്. എന്തായാലും കാവ്യനീതിയെന്ന മട്ടില്‍, ഈ പലസ്തീന്‍ വേണ്ടത്രയില്ലാത്ത (അല്ലെങ്കില്‍ ഒട്ടുമില്ലാത്ത) ഏലിയ സുലൈമാന്‍ സിനിമ കാനില്‍ പ്രീമിയര്‍ കാണിക്കുകയും ചെയ്തു.
എന്നാല്‍, നമ്മള്‍ വിചാരിക്കുന്ന തരത്തില്‍ എളുപ്പത്തില്‍ ഏലിയ സുലൈമാന്‍ സിനിമയെടുത്തു തള്ളുകയാണെന്നും കരുതേണ്ട. ഈ ചിത്രത്തിനു മുമ്പത്തെ അദ്ദേഹത്തിന്റെ സിനിമയായ ‘ദ ടൈം ദാറ്റ് റിമൈന്‍സ്’ പത്തു വര്‍ഷം മുമ്പാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. അപ്പോള്‍, അദ്ദേഹത്തിന് റെമുന്‍ സിനിമകളിലെന്നതുപോലെ ഈ സിനിമയിലുമുള്ള കോമഡിയും ആത്മപരിഹാസവും; ഒറ്റപ്പെടലുകളും വേദനകളും തിരസ്കാരങ്ങളും ഉള്ളിലൊളിപ്പിച്ചുവെച്ചവയാണ്. റിയലിസമേത് സര്‍ റിയലിസമേത് എന്നു തിരിച്ചറിയാത്ത വിധത്തില്‍ വിജനമായ പാരീസ് നഗരവീഥികള്‍ എങ്ങനെ ഏലിയ സുലൈമാന് ചിത്രീകരിച്ചെടുക്കാന്‍ സാധിച്ചു എന്നു നാം വിസ്മയിക്കും. ഒന്നുകില്‍, വന്‍ തുക കെട്ടി വെച്ച് നഗരാധികൃതരുടെ അനുമതിയോടെ കടകളടച്ചിട്ട് ജനങ്ങളെ ഒഴിപ്പിച്ച് അദ്ദേഹം ചിത്രീകരിച്ചതാവും. അതല്ലെങ്കില്‍ രാത്രി പകലാക്കിയതോ വേനല്‍ക്കാലങ്ങളിലെ പ്രഭാതങ്ങളില്‍ ചിത്രീകരിച്ചതോ ആവും. അതുമല്ലെങ്കില്‍ സെറ്റിട്ടതാവും. ഏതായാലും ചെലവ് നല്ല തോതില്‍ വരും. അതിനര്‍ത്ഥം, എത്ര തിരസ്കാരങ്ങള്‍ക്കു ശേഷവും പ്രതിഭാശാലിയായ സംവിധായകന് അദ്ദേഹത്തിന്റെ ചലച്ചിത്ര തീര്‍ത്ഥാടനങ്ങള്‍ക്കായി അവസരങ്ങള്‍ തുറന്നുകിട്ടപ്പെടുക തന്നെ ചെയ്തുവെന്നുമാണ്. അതാണ് എല്ലാ ദുരിതങ്ങള്‍ക്കുമിടയിലുള്ള വെളിച്ചത്തിന്റെ വെള്ളിരേഖ. അതിനെ സ്വര്‍ഗമെന്നല്ലാതെ എന്താണ് വിളിക്കുക?
വിഡ്ഢിയല്ലാത്ത വിശുദ്ധ വിഡ്ഢിയായിട്ടാണ് ഏലിയ സുലൈമാന്‍ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് പീറ്റര്‍ ബ്രാഡ്ഷാ അഭിപ്രായപ്പെടുന്നു. ഒരുവട്ടം ഒരു വാക്കോ മറ്റോ ഉച്ചരിക്കുന്നതല്ലാതെ സിനിമയിലുടനീളം അദ്ദേഹം ഒന്നും സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യുന്നില്ല. മറുലോകമെന്നത്, പലസ്തീന്റെ ഒരു ചെറുപതിപ്പ് (മൈക്രോകോസം) ആണെന്നാണ് ഏലിയ സുലൈമാന്റെ അഭിപ്രായം. എല്ലാം സുരക്ഷിതമെന്നും സ്വര്‍ഗമെന്നും കരുതപ്പെടുന്ന വികസിത മുതലാളിത്ത രാജ്യങ്ങളായ ഇറ്റലിയെയും കാനഡയെയും ബ്രിട്ടനെയും അമേരിക്കയെയും ഇസ്രയേലിനെയും കൊറോണ വൈറസ് പിടികൂടിയതിനു ശേഷം കാണാവുന്ന, കാണേണ്ട സിനിമ കൂടിയാണ് ഇറ്റ് മസ്റ്റ് ബി ഹെവന്‍.
പ്രസിദ്ധ പലസ്തീനിയന്‍ ഡോക്കുമെന്ററി സംവിധായികയായ മായ് മസ്രി സംവിധാനം ചെയ്ത ആദ്യ ഫീച്ചറായ മുവായിരം രാത്രികളി (3000 നൈറ്റ്സ്/പലസ്തീന്‍, ഫ്രാന്‍സ്, ജോര്‍ദാന്‍, ലെബനന്‍/2015) ലെ കഥ ഏതാണ്ട് ബഹുഭൂരി ഭാഗവും നടക്കുന്നത് ഇസ്രയേലിലെ ഒരു ജയിലിലാണ്. ആ ജയിലിന്റെ പെണ്‍ പകുതി സമകാലിക ലോകത്തിന്റെ ഒരു പതിപ്പും പ്രതീകവുമാണ്. അധികാരത്തിന്റെ പല വിധത്തിലുള്ള ബലതന്ത്രങ്ങള്‍ ഈ തടവറയ്ക്കകത്ത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് ചലച്ചിത്രകാരി അന്വേഷിക്കുന്നത്. കുറ്റവാളികളില്‍ പലസ്തീൻകാരുമുണ്ട്, ഇസ്രയേലുകാരുമുണ്ട്. രണ്ടു രാജ്യക്കന്മാര്‍ എന്നതു മാത്രമല്ല അവര്‍ തമ്മിലുള്ള വ്യത്യാസം. രണ്ടു തരത്തിലുള്ള കേസുകളാണ് അവര്‍ക്കു മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. പലസ്തീൻകാർ രാഷ്ട്രീയ തടവുകാരാണെങ്കില്‍, ഇസ്രയേലുകാര്‍ മയക്കു മരുന്നു കടത്തും മറ്റും നടത്തിയതിന്റെപേരില്‍ പിടിക്കപ്പെട്ട കുറ്റവാളികളാണ്. അവരുടെ പെരുമാറ്റങ്ങളിലും പ്രതികരണങ്ങളിലും മറ്റും ഈ മനോഭാവവൈജാത്യം പ്രകടമാണ്. മാത്രമല്ല; തങ്ങളുടെ രാജ്യം, തങ്ങളുടെ സര്‍ക്കാര്‍, തങ്ങളുടെ പോലീസ് എന്ന ഹുങ്കും ഇസ്രായേലുകാര്‍ കാണിക്കുന്നുണ്ട്. അവരത് പലസ്തീനികളായ തടവുകാരോട് പ്രകടിപ്പിക്കുന്നു. ജയിലര്‍മാരും ഇസ്രയേല്‍ തടവുകാരും തമ്മില്‍ പരോക്ഷമായ ചില ധാരണകളും നിലനില്‍ക്കുന്നുണ്ട്. ടൊറന്‍റോ അന്താരാഷ്ട്ര മേളയിലാണ് മൂവായിരം രാത്രികളുടെ ആദ്യപ്രദര്‍ശനം നടന്നത്. ഏറ്റവും നല്ല വിദേശ ചിത്രത്തിനുള്ള ഓസ്കാറിനായി ജോര്‍ദാനില്‍ നിന്ന് ഈ ചിത്രം സമര്‍പ്പിക്കപ്പെട്ടെങ്കിലും നോമിനേഷന്‍ ലഭിച്ചില്ല.
ഡോക്കുമെന്ററി തന്നെയാണ് ഏറ്റവും മികച്ചതും ഉചിതവുമായ മാധ്യമം എന്ന് വിശ്വസിക്കുന്ന ചലച്ചിത്രപ്രവര്‍ത്തകയാണ് മായ് മിസ്രി. എന്നാല്‍, പ്രമേയത്തിന്റെ സവിശേഷത കണക്കിലെടുത്ത് മൂവായിരം രാത്രികള്‍, ഫീച്ചര്‍ സിനിമയായി ചിത്രീകരിക്കുകയായിരുന്നു. ജോര്‍ദാനിലെ ഒഴിഞ്ഞുകിടക്കുന്ന ഒരു ജയിലാണ് ലൊക്കേഷനായി ഉപയോഗിച്ചത്. അതല്ലാതെ, ഏതെങ്കിലും ഫിലിം സിറ്റിയില്‍ കലാ സംവിധായകരുടെ ‘മികവോടെ’ കാര്‍ഡ് ബോര്‍ഡ് തടവറ പണിത് അതില്‍ സിനിമ ഷൂട്ട് ചെയ്യാന്‍ തന്നെക്കൊണ്ട് ഒരു നിലയ്ക്കും കഴിയില്ലെന്നതാണ് അവരുടെ നിലപാട്.
ഇസ്രയേല്‍ അധിനിവേശ പലസ്തീനിലെ നബ്ലൂസ് എന്ന നഗരത്തിലാണ് ലയാലും ഭര്‍ത്താവ് ഫരീദും താമസിക്കുന്നത്. ലയാല്‍ സ്കൂള്‍ അദ്ധ്യാപകയാണ്. കാനഡയിലേക്ക് താമസം മാറ്റി മികച്ച ജീവിതം കെട്ടിപ്പടുക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. അതിനിടയിലാണ് ലയാല്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇസ്രയേലിന്റെഒരു പട്ടാള ബാരക്ക് ആക്രമിക്കാനൊരുമ്പെട്ടു എന്ന കേസ് ചുമത്തി പിടി കൂടിയ ഒരു കൗമാരക്കാരനെ സഹായിച്ചു എന്ന കുറ്റത്തിനാണ് ലയാല്‍ തടവിലാകുന്നത്. ഒറ്റകയ്ക്ക് കാറോടിച്ചു വരികയായിരുന്ന അവളുടെ വണ്ടിയില്‍ ഓടിക്കയറിയ ചെറുപ്പക്കാരനെ അവന്‍ പറഞ്ഞിടത്ത് അവള്‍ ഇറക്കിക്കൊടുക്കാനിരുന്നതാണ്. ഇതിനിടയില്‍ അവന്‍ ഇസ്രയേല്‍ പോലീസിന്റെ പിടിയിലാവുന്നു. അവരുടെ കേസു പ്രകാരം അവന്‍ ഭീകര തീവ്രവാദിയും രാജ്യദ്രോഹിയുമാണ്. അപ്പോള്‍ പിന്നെ, അവന് ലിഫ്റ്റ് കൊടുത്ത ലയാല്‍ അതിന്റെ തുടര്‍ച്ചയായി സംശയത്തിന്റെ നിഴലില്‍ നില്‍ക്കേണ്ടവളായി മാറുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ, ഈ പയ്യന്‍ ഭീകരപ്രവൃത്തി ചെയ്യുന്നത് കണ്ടിരുന്നുവോ എന്ന ചോദ്യത്തിന് അനുകൂലമായ ഉത്തരം പറഞ്ഞാല്‍ ഒരുപക്ഷേ അവള്‍ക്ക് രക്ഷപ്പെടാനാവുമായിരുന്നു. സത്യവിരുദ്ധമാണെങ്കിലും രക്ഷപ്പെടാനായി അത്തരമൊരു മൊഴി കൊടുക്കാനാണ് അവളുടെ ഭര്‍ത്താവ് പോലും ആവശ്യപ്പെടുന്നത്. എന്നാല്‍ അത് തന്റെ മനസ്സാക്ഷിക്ക് യോജിക്കാത്ത കാര്യമായതിനാല്‍ അവള്‍ ചെയ്യുന്നില്ല. അതിന്റെ ഫലമായാണ് അവളുടെ തടവ് തുടങ്ങുന്നത്.
എട്ടുകൊല്ലത്തെ തടവിനാണ് ലയാല്‍ ശിക്ഷിക്കപ്പെടുന്നത്. കൂടിയ സെക്യൂരിറ്റിയുള്ള ഒരു ഇസ്രയേല്‍ ജയിലില്‍ അവള്‍ അടയ്ക്കപ്പെടുന്നു. അവിടെ പലസ്തീന്‍ രാഷ്ട്രീയ തടവുകാരും ഇസ്രയേലുകാരായ ക്രിമിനലുകളുമാണുള്ളത്. ഈ ക്രിമിനലുകള്‍, ജയിലധികാരികളുമായി ഒത്തു ചേര്‍ന്ന് പലസ്തീൻകാരെ പീഡിപ്പിക്കുന്നു. ഈ കൂട്ടക്കുഴപ്പത്തിലേക്കാണ് നിരപരാധിയാണെങ്കിലും സത്യസന്ധതയ്ക്കുവേണ്ടി തടവിലാക്കപ്പെട്ട ലയാല്‍ എത്തുന്നത്. മയക്കുമരുന്നിനടിമയും ഇസ്രയേലുകാരിയുമായ ഒരു തടവുകാരി കാര്യമായ കാരണങ്ങളൊന്നുമില്ലാതെ തന്നെ ലയാലിനെ ക്രൂരമായി ആക്രമിക്കുന്നു. (പിന്നീട് അതേ മയക്കുമരുന്നടിമയുടെ ജീവന്‍ രക്ഷിക്കുന്നത് ലയാലാണ് എന്നത് വിധിവൈപരീത്യവും!) അതിനിടയില്‍ താന്‍ ഗര്‍ഭിണിയാണെന്ന് അവള്‍ മനസ്സിലാക്കുന്നു. പുറത്തു നിന്നുകൊണ്ടെങ്കിലും അവള്‍ക്ക് ആശ്വാസം പ്രദാനം ചെയ്യാനുള്ള മാനസികാവസ്ഥ അവളുടെ ഭര്‍ത്താവ് ഫരീദ് പ്രകടിപ്പിക്കുന്നില്ല. നീ ഗര്‍ഭം അലസിപ്പിക്ക്, എനിക്കിവിടെ തങ്ങാന്‍ നേരമില്ല, ഞാന്‍ ഒറ്റക്ക് കാനഡക്ക് പോകുകയാണ് എന്നതാണ് അയാളുടെ നിലപാട്. ജയിലിന്റെ ഡയറക്ടറായ റൂത്തിയും ഇതു തന്നെ ആവശ്യപ്പെടുന്നു. ഗര്‍ഭം അലസിപ്പിക്കുകയും, പലസ്തീൻ തടവുകാര്‍ക്കിടയില്‍ ചാരപ്രവൃത്തി ചെയ്യുകയും ആണെങ്കില്‍ ചില ഇളവുകള്‍ പ്രതീക്ഷിക്കാമെന്നാണവരുടെ വാഗ്ദാനം. ഇത്തരം സമ്മര്‍ദങ്ങളില്‍ പെട്ട് മനസ്സിന് ധൈര്യം ചോര്‍ന്നുപോകുന്നുണ്ടെങ്കിലും, സഹ തടവുകാരുടെ സഹായത്തോടെ അവള്‍ ആത്മവീര്യം വീണ്ടെടുക്കുന്നു. പട്ടാള ആശുപത്രിയില്‍ വെച്ച് ജന്മം നല്‍കുന്ന ആണ്‍കുഞ്ഞിന് നൂര്‍ എന്നാണവള്‍ പേരിടുന്നത്. നൂറിനെ കുട്ടിഭീകരന്‍ എന്നാണ് ഇസ്രയേലുകാര്‍ വിളിക്കുന്നത്. തടവറയ്ക്കുള്ളില്‍ തന്റെ പൊന്നോമനയെ വളര്‍ത്തുക എന്ന പ്രയാസമേറിയ കാര്യം നിര്‍വഹിക്കാന്‍ അവള്‍ പാടുപെടുന്നു. എന്നാല്‍, ഈ പാടുപെടലില്‍ ഭാവി ജീവിതത്തെ സംബന്ധിച്ച പ്രതീക്ഷയുടെ ഒരു സ്പര്‍ശം ഉണ്ടെന്നതാണ് അവളുടെ രക്ഷക്കെത്തുന്നത്. ഭര്‍ത്താവുപേക്ഷിക്കുകയും ചെയ്യാത്ത കുറ്റത്തിന് നീണ്ട തടവനുഭവിക്കേണ്ടിവരുകയും അവിടെ തന്നെ, രാഷ്ട്രീയവും വംശീയവുമായ കാരണങ്ങളാല്‍ കുറ്റവാളികളാല്‍ ആക്രമിക്കപ്പെടുകയും ചെയ്യപ്പെട്ട അവളുടെ ജീവിതത്തിന് പുതിയ അര്‍ത്ഥം തന്നെ കൈവരുകയാണ്. ആശുപത്രിയില്‍ വെച്ച് പലസ്തീന്‍ വംശജനായ ഡോക്ടര്‍ അയ്മാനെ അവള്‍ പരിചയപ്പെടുന്നു. അവളുടെയും കുഞ്ഞിന്റെയും ആരോഗ്യപ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ പല സഹായങ്ങളും ചെയ്യുന്ന അയാളിലൂടെ സ്നേഹത്തിന്റെ പുതിയ ലോകം അവള്‍ വീണ്ടെടുക്കുന്നു.
ഇതിനിടയില്‍ ജയിലിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുന്നു. പലസ്തീന്‍ തടവുകാര്‍ കൂട്ട നിരാഹാരസമരത്തിന് കോപ്പു കൂട്ടുന്നു. ആ സമരത്തില്‍ ലയാല്‍ പങ്കെടുക്കുകയാണെങ്കില്‍ നൂറിനെ ലയാലില്‍ നിന്ന് വേര്‍പെടുത്തേണ്ടി വരുമെന്ന് ഡയറക്ടര്‍ റൂത്ത് അവളെ അറിയിക്കുന്നു. പലസ്തീൻകാർക്കിടയില്‍ അധികാരികള്‍ക്കു വേണ്ടി ചാരപ്രവൃത്തി ചെയ്യുന്ന റൈഹാന്‍, റൂത്തിയോട് സഹകരിക്കുന്നതാണ് ലയാലിന് ഉചിതം എന്നവളെ ഉപദേശിക്കുന്നു. ഭീഷണിയുടെ സ്വരത്തിലുള്ള ഈ ഉപദേശങ്ങളെ മറികടക്കാന്‍ ഒരു ഘട്ടം വരെ ലയാലിന് പ്രയാസമായിരുന്നു. എന്നാല്‍, ധൈര്യം വീണ്ടെടുത്ത ഒരു നിമിഷാര്‍ദ്ധത്തില്‍ മകന്‍ നഷ്ടപ്പെട്ടാലും വേണ്ടില്ല തനിക്ക് ശരിയെന്നു തോന്നുന്ന കാര്യം ചെയ്യുമെന്ന തീരുമാനത്തോടെ, അവള്‍ സമരത്തിലണിചേരുന്നു. നൂറിനെ പിടികൂടാനെത്തുന്ന ജയിലര്‍മാരെ തടയാന്‍ മറ്റു സഹതടവുകാരോടൊപ്പം ലയാല്‍, തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. മുഖം മൂടി ധരിച്ച സായുധരായ പൊലീസുകാര്‍ ലാത്തി കൊണ്ടും കണ്ണീര്‍ വാതകം കൊണ്ടും സമരക്കാരെ നേരിടുന്നു. മതിലിനപ്പുറത്തുള്ള ജയില്‍ പകുതിയിലുള്ള അയ്മാനും മറ്റ് പുരുഷത്തടവുകാരും സമരത്തില്‍ പങ്കു ചേരുന്നു. രൂക്ഷമായ ഈ സമരത്തിന്റെ വാര്‍ത്തകള്‍ പുറത്തും പരക്കുകയും ചര്‍ച്ചയായി പരിണമിക്കുകയും ചെയ്യുന്നു. സ്ത്രീ തടവുകാര്‍ സമരത്തില്‍ വിജയിക്കുകയും നിരവധി തടവുകാര്‍ വിമോചിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാലക്കൂട്ടത്തില്‍, ലയാല്‍ ഇല്ല. അവള്‍ക്ക് മുഴുവന്‍ തടവും അനുഭവിക്കുകയേ നിവൃത്തിയുള്ളൂ. സഹനവും ക്ഷമയും കൂടുതല്‍ ആര്‍ജ്ജിക്കുന്നതിനു പുറമെ ആന്തരികമായ ധൈര്യവും വേണ്ടുംവണ്ണം അവള്‍ക്ക് ശേഖരിച്ചേ തീരൂ. അവള്‍ക്കവളുടെ മകനോട് വീണ്ടും ഒത്തു ചേരേണ്ടതുണ്ട്.
ലയാലിന്റെ ശിക്ഷാത്തടവുകാലത്തിന്റെ ദൈര്‍ഘ്യമാണ് മൂവായിരം രാത്രികള്‍. യാഥാര്‍ത്ഥ്യത്തെ എത്രയോ ദൈര്‍ഘ്യമുള്ളതായി, എന്നാല്‍ അപ്പോഴെങ്കിലും ഒരവസാനമുള്ളതായി അനുഭവിപ്പിക്കുന്ന വിശദീകരണം ശീര്‍ഷകത്തില്‍ നിന്നു തന്നെ വായിച്ചെടുക്കാനാവും. എന്നെ മരണത്തില്‍ നിന്ന് രക്ഷിച്ചെടുത്തത് ഈ തടവുമുറിയാണ്. അതിന്റെ മച്ചില്‍ ഞാനെന്റെയും സഹത്തടവുകാരുടെയും (വിശാലമായ അര്‍ത്ഥത്തില്‍ മുഴുവന്‍ പലസ്തീൻകാരുടെയും) സ്വാതന്ത്ര്യം വരച്ചുവെച്ചത് കാണുന്നു; ഓറഞ്ച് പാടങ്ങളെയും കാണുന്നു; അതോടൊപ്പം, പടക്കളങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട അനേകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഞാനവിടെ കാണുന്നു എന്നാണ് ചുമരുകളില്ലാത്ത തടവറ എന്ന കവിതയില്‍ മഹമൂദ് ദര്‍വിഷ് പറയുന്നത്. ഐക്യത്തിന്റെയും ഒത്തൊരുമയുടെയും ശക്തി എന്നതു പോലെ, ആത്മാഭിമാനത്തിനു വേണ്ടി ഓരോ വ്യക്തിയും നടത്തുന്ന പോരാട്ടവും സമഗ്രാധിപത്യത്തെയും മനുഷ്യവിരുദ്ധ ഭരണാധികാരങ്ങളെയും പ്രതിരോധിക്കാന്‍ അനിവാര്യമാണ് എന്ന വസ്തുതയാണ് മൂവായിരം രാത്രികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. മോഡേണ്‍ ടൈംസില്‍, ചാപ്ലിന്‍ പൊലീസ് പിടിയിലാവുന്നതു പോലെ സമരത്തില്‍ പങ്കെടുക്കാതെ തന്നെ കുറ്റാരോപിതയായി ലയാല്‍ തടവിലാവുകയാണിവിടെ. നിരപരാധികളേറ്റു വാങ്ങുന്ന ശിക്ഷകള്‍ക്ക് മുഴക്കം കൂടുമെങ്കിലും; സ്വാതന്ത്ര്യം എന്നത് മരീചികയാണെന്ന യാഥാര്‍ത്ഥ്യത്തെ ആവിഷ്കരിക്കാനുള്ള ശ്രമമായി ഇതിനെ വിലയിരുത്തണം.
വൈകാരികത ചോര്‍ന്നു പോകാതെ എന്നാല്‍ അതിവൈകാരികതയെ എപ്പോഴും മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ആവിഷ്കാരമാണ് മായ് മസ്രിയുടേത്. ഡോക്കുമെന്ററിയിലെ പരിചയമാണ് ഈ രീതി അവലംബിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നത്. ചരിത്രത്തിന്റെയും പ്രദേശത്തിന്റെയും സൂക്ഷ്മാംശങ്ങള്‍ രേഖപ്പെടുത്തുന്നതിലുള്ള സംവിധായികയുടെ കൃത്യത എടുത്തുപറയേണ്ടതു തന്നെയാണ്. രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളോടുള്ള നിലപാടുകളുടെ വ്യക്തതയും സിനിമയെ പ്രത്യേകം ശ്രദ്ധേയമാക്കുന്നു. 2006ലെടുത്ത ബെയ്റൂത്ത് ഡയറീസ് അടക്കമുള്ള മായ് മസ്രിയുടെ ഡോക്കുമെന്ററികളെല്ലാം തന്നെ പ്രസിദ്ധമാണ്. പല വഴിക്ക് ശിഥിലമാക്കപ്പെട്ട പലസ്തീനെ പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങളാണ് പലസ്തീന്‍ ചലച്ചിത്രപ്രവര്‍ത്തകരുടെ സിനിമാപരീക്ഷണങ്ങളെല്ലാം എന്നതാണ് അവരുടെ നിലപാട്. പറിച്ചെറിയപ്പെട്ട ജീവിതങ്ങളും കീറിമുറിക്കപ്പെട്ട ആഖ്യാനങ്ങളുമായി അര്‍ത്ഥം നഷ്ടപ്പെട്ട ഉള്ളടക്കങ്ങളില്‍ നിന്ന് അര്‍ത്ഥത്തെ വീണ്ടെടുക്കുന്ന പ്രക്രിയയാണത്. എല്ലാ പലസ്തീൻകാർക്കും ഭാവനാത്മകമായ(ഇമേജിനറി) ഒരു പലസ്തീന്‍ കൂടിയുണ്ട്. അവരതിനെ അവരുടെ മനക്കോട്ടകളില്‍ സിനിമയെന്ന വണ്ണം വീണ്ടും വീണ്ടും നിര്‍മ്മിക്കുകയും കാണുകയും ചെയ്യുന്നു. അനീതിയും കടുത്ത നിരാശയും മാത്രം ബാക്കി നില്‍ക്കുന്ന നിത്യജീവിതം മുറിച്ചുകടക്കാന്‍ അവര്‍ക്ക് പ്രേരണയാകുന്നത് ഈ സ്വത്വ ഭാവനകള്‍ മാത്രമാണ്. ഓര്‍മ്മയും ഭാവനയും സ്വത്വബോധവും തമ്മില്‍ അഴിച്ചു മാറ്റാനാകാത്ത ബന്ധങ്ങളുണ്ടെന്ന് മായ് മസ്രി വിശ്വസിക്കുന്നു. ഇസ്രയേല്‍ അധിനിവേശത്തിനു കീഴില്‍ ജീവിക്കുന്ന ഓരോ പലസ്തീനിക്കും രണ്ടു വീടുകളുണ്ട്; ഒന്ന് അവര്‍ എന്നും ജീവിക്കുന്ന സംഘര്‍ഷഭരിതമായ പരിസരത്തില്‍ സ്ഥിതി ചെയ്യുന്ന താല്‍ക്കാലിക വാസഗൃഹം. മറ്റൊന്ന് അവര്‍ക്ക് നഷ്ടമായ യഥാര്‍ത്ഥ വീടാണ്. അതെവിടെയോ ഉണ്ട്. അല്ലെങ്കില്‍ അത് നേടിയെടുക്കേണ്ടതുണ്ട്. ആ പ്രതീക്ഷയാണവരെ ജീവിപ്പിക്കുന്നത്. എന്നാല്‍ ഈ വീട് ലഭ്യമാകില്ല എന്നുമവര്‍ക്കറിയാം. അപ്പോള്‍ ഉള്ള ‘വീടും’ കിട്ടാത്ത വീട് എന്ന ശൂന്യതയും തമ്മിലുള്ള ഒരു പാരസ്പര്യമാണവരുടെ ജീവിതം. ഇവിടെ നായികയ്ക്കുള്ള വീടെന്നത് തടവറയാണ്. ആ അടഞ്ഞ തടവറയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടാല്‍ തന്നെ തുറന്ന തടവറയിലേക്കാണ് ആ വിടുതല്‍ ചെന്നെത്തുക. അഭയാര്‍ത്ഥിത്വത്തിന്റെ മൂന്നാം തലമുറയില്‍ പെട്ടവളാണ് മായ് മസ്രി.
അഭയാര്‍ത്ഥിത്വത്തിന്റെയും നിത്യമായ കലാപങ്ങളുടെയും അടിച്ചമര്‍ത്തലിന്റെയും പിടിച്ചുപറിക്കലിന്റെ യും തടവറകളുടെയും തുടര്‍ച്ചകള്‍ മാത്രമായ ജീവിതത്തില്‍ നിന്ന് സ്വപ്നങ്ങള്‍ നെയ്തെടുക്കാന്‍ കഴിയാത്തതുകൊണ്ട്, യാഥാര്‍ത്ഥ്യങ്ങളെ തന്നെ പുന:സൃഷ്ടിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഭൂമിയും അവകാശങ്ങളും സ്വാതന്ത്ര്യവും എല്ലാം യാഥാര്‍ത്ഥ്യമായിത്തീരുന്ന ഒരു പലസ്തീന് പകരമാകില്ല സിനിമയിലെ പലസ്തീന്‍ എന്ന് മായ് മസ്രിക്ക് നല്ല നിശ്ചയമുണ്ട്. എന്നാല്‍ ആ പലസ്തീന്‍ യാഥാര്‍ത്ഥ്യമായിത്തീരണമെങ്കില്‍ ഇതുപോലെ സജീവമായ ഒരു സിനിമാ പലസ്തീന്‍ അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവാണവരെ സര്‍ഗാത്മകമാക്കുന്നത്.
-പലസ്തീന്‍കാരനായ എര്‍ണാഡ് ബര്‍നാത്തും ഇസ്രയേലുകാരനായ ഗയ് ദവീദിയും ചേര്‍ന്ന് സംവിധാനം ചെയ്ത ഡോക്കുമെന്ററിയാണ് ഫൈവ് ബ്രോക്കണ്‍ ക്യാമറാസ് (തകര്‍ക്കപ്പെട്ട അഞ്ച് ക്യാമറകള്‍/94 മിനുറ്റ്/2011). 2011ല്‍ വിവിധ മേളകളിലായി ലോകമെമ്പാടും പ്രദര്‍ശിപ്പിച്ച ഈ ചിത്രം 2012ല്‍ റിലീസ് ചെയ്തു. പലസ്തീനിലെ വെസ്റ്റ് ബാങ്കിലുള്ള ബില്ലിന്‍ എന്ന ഗ്രാമവാസിയായ എര്‍ണാഡ് ആണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. തന്റെ ഇളയ പുത്രന്റെ ജനനം ചിത്രീകരിക്കാനായി 2005ലാണ് അദ്ദേഹം ആദ്യത്തെ ക്യാമറ വാങ്ങുന്നത്. 2009ല്‍ ഗയ് ദവീദി ഈ പദ്ധതിയില്‍ പങ്കു ചേര്‍ന്നു. പലസ്തീന്‍ രാഷ്ട്രത്തെയും അവിടത്തെ ജനതയെയും നശിപ്പിക്കുന്ന ഇസ്രയേല്‍ പദ്ധതിക്കിടെ കെട്ടിപ്പടുക്കപ്പെടുന്ന ഒരു കുടുംബത്തിന്‍റ നിസ്സഹായാവസ്ഥയാണ് ചിത്രത്തിലെ പ്രതിപാദ്യം. 2012ലെ സണ്‍ഡന്‍സ് മേളയില്‍ ഗോള്‍ഡന്‍ ആപ്രിക്കോട്ട് പുരസ്കാരവും 2012ലെ തന്നെ യെരെവാന്‍ മേളയില്‍ ഏറ്റവും നല്ല ഡോക്കുമെന്‍ററിക്കുള്ള പുരസ്കാരവും 2013ലെ ഇന്‍റര്‍നാഷണല്‍ എമ്മി അവാര്‍ഡും ഫൈവ് ബ്രോക്കണ്‍ ക്യാമറക്ക് ലഭിക്കുകയുണ്ടായി.
ഓരോ ക്യാമറക്കും ഓരോ കഥയുണ്ട്. ചിത്രീകരണത്തിന്റെയും തകര്‍ന്നതിന്റെയും കഥകള്‍. എല്ലാം വ്യത്യസ്തം. എന്നാല്‍ എല്ലാം സമാനം. ഓരോ പലസ്തീനിയുടെയും കഥയാണത്. അയാള്‍/അവള്‍ വെസ്റ്റ് ബാങ്കിലായാലും ഗസ്സയിലായാലും ഇതേ പോലെ ജീവിതവും കുടുംബവും കെട്ടിപ്പടുക്കുന്നതിന്‍റെയും അതാകെ തകര്‍ന്നടിയുന്നതിന്റെയും കയറ്റിറക്കങ്ങളിലൂടെ ഒറ്റപ്പെടുകയും കൂട്ടുചേരുകയും മുന്നറിയിപ്പുകളില്ലാതെ അവസാനിക്കുകയുമാണ് ചെയ്യുന്നത്. കൃഷിക്കാരനായ എര്‍ണാഡ് ബര്‍നാത്തിന്റെ നാലാമത്തെ മകന്‍ ഗിബ്രിയേല്‍ 2005ല്‍ ജനിക്കുമ്പോഴാണ് അയാള്‍ക്ക് ആദ്യത്തെ ക്യാമറ ലഭിക്കുന്നത്. അതിന്റെ പ്രവര്‍ത്തനം അയാള്‍ സ്വയം പഠിച്ചെടുക്കുന്നു. ഇതേ കാലത്താണ് ഇസ്രയേലി സൈന്യം അയാളുടെ ഗ്രാമമായ ബില്ലിനെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത്. ഒലീവ് കൃഷിയാണ് അവിടത്തെ ഉപജീവനമാര്‍ഗം. ഗ്രാമത്തിനു തൊട്ടടുത്തുള്ള ഇസ്രയേലി കുടിയേറ്റ പ്രദേശത്തിന്റെ അയല്‍പക്കത്തുനിന്ന് പലസ്തീൻകാരെ അകറ്റുന്നതിനു വേണ്ടി, അവരുടെ ഒലീവ് ചെടികളാകെ സൈന്യം നശിപ്പിക്കുന്നു. ഗ്രാമത്തിന്റെ ആകെ കൃഷിസ്ഥലത്തിന്റെ ഏതാണ്ട് അറുപതു ശതമാനവും ഇപ്രകാരം നശിപ്പിക്കപ്പെടുന്നു. തദ്ദേശവാസികള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ടെങ്കിലും സൈന്യം അത് വകവെക്കുന്നില്ല. മകന്റെ ജനനവും വളര്‍ച്ചയും ചിത്രീകരിക്കുന്നതിനിടെ എര്‍ണാഡിന് സൈന്യത്തിന്റെ കടന്നുകയറ്റവും പലസ്തീനികളുടെ പ്രതിഷേധവും ചിത്രീകരിക്കാനാകുന്നു.
ഏറെ വൈകാതെ ഈ സംഭവഗതികള്‍ അയാളുടെ കുടുംബത്തെയും അയാളുടെ ജീവിതത്തെ തന്നെയും സാരമായി ബാധിക്കുന്നു. പല പ്രതിഷേധക്കാരും സൈനികാക്രമണത്തില്‍ കൊല്ലപ്പെടുന്നതും പിഞ്ചുകുഞ്ഞുങ്ങളടക്കം അറസ്റ്റു ചെയ്യപ്പെടുന്നതും അര്‍ദ്ധരാത്രിയില്‍ ഗ്രാമം ആക്രമിക്കപ്പെടുന്നതുമെല്ലാം എര്‍ണാഡ് റെക്കോഡ് ചെയ്യുന്നു. അയാളുടെ ക്യാമറകളോരോന്നോരാന്നായി സൈനികാക്രമണത്തില്‍ തകര്‍ക്കപ്പെടുകയും ചെയ്യുന്നു. പലപ്പോഴായി ശേഖരിക്കപ്പെട്ട ഫൂട്ടേജുകള്‍ ഉപയോഗിച്ച് ഇസ്രയേലി സംവിധായകനായ ഗയ് ദവീദിയാണ് ചിത്രം പൂര്‍ത്തീകരിക്കുന്നത്.
ആഴ്ച തോറും ബില്ലിന്‍ ഗ്രാമത്തില്‍ സമാധാന പൂര്‍ണമായുള്ള പ്രതിഷേധ പരിപാടികള്‍ ചെറുജാഥകളായും മറ്റും സംഘടിപ്പിക്കപ്പെടുന്നതിന്റെ ചിത്രീകരണം ആവേശകരമാണ്. ഇടതുപക്ഷക്കാരായ ഇസ്രയേലി പൗരരും മറ്റ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവരും പലപ്പോഴായി ഈ പ്രതിഷേധങ്ങളില്‍ പങ്കുകൊള്ളുന്നുണ്ട്. 2007ല്‍ ഇസ്രയേലി സുപ്രീം കോടതി, സൈന്യം ഈ പ്രദേശത്ത് കെട്ടിക്കൊണ്ടിരുന്ന മതിലിന്റെ ദിശ മാറ്റാന്‍ വിധിച്ചതിനെ തുടര്‍ന്ന് ബില്ലിനിലെ സൈനികാക്രമണത്തിന് താല്‍ക്കാലിക ശമനമുണ്ടായി. അതോടെയാണ് പ്രതിഷേധവും നിര്‍ത്തിവെക്കുന്നത്. പലരും ഇതൊക്കെ ക്യാമറയിലാക്കുന്നുണ്ടെങ്കിലും എര്‍ണാഡിന്റെ ചിത്രീകരണവും അദ്ദേഹത്തിന്റെ ആത്മകഥാപരമായ ആഖ്യാനവും ചിത്രത്തിന്റെ മാനവും പ്രാധാന്യവും ഉയര്‍ത്തുന്നു. അഞ്ചു വര്‍ഷം കൊണ്ട് ചിത്രീകരിച്ച നൂറു കണക്കിന് മണിക്കൂര്‍ ഫൂട്ടേജുകളില്‍ നിന്ന് ഏറെ ശ്രമപ്പെട്ടാണ് എര്‍ണാഡും ഗയ് ദവീദിയും ഡോക്കുമെന്ററി ചടുലതയോടെ എഡിറ്റ് ചെയ്ത് സാക്ഷാത്കരിച്ചെടുക്കുന്നത്.
മാരകമായ അവസ്ഥകള്‍ പിന്നിടുമ്പോഴും ദാര്‍ശനികമായ ഒരു കാഴ്ചപ്പാട് ചിത്രീകരണത്തിലും ആഖ്യാനത്തിലും വെച്ചു പുലര്‍ത്താന്‍ എര്‍ണാഡിന് സാധിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം. പ്രതീക്ഷ അദ്ദേഹമൊരിക്കലും കൈവിടുന്നില്ല. അധീശത്വത്തിനു കീഴില്‍ ജീവിക്കുമ്പോഴുണ്ടാകുന്ന വൈകാരികത്തള്ളിച്ചകള്‍ നേരിട്ടനുഭവിക്കുന്നതിന് ഈ സിനിമ പോലൊന്ന് കാണുക തന്നെ വേണം. ♦