പലസ്തീന്‍ സാഹിത്യത്തിന്റെ കഥ അതിന്റെ ജനതയുടെ കഥയെ പോലെതന്നെയാണ്. അതു മുഴുവന്‍ ദേശവും പ്രവാസത്തിലായ ഒന്നിന്റെ കഥയാണ്: അഭയാര്‍ഥികള്‍, നിര്‍ബന്ധിത കുടിയൊഴിക്കല്‍, പറിച്ചെറിയല്‍, ശൈഥില്യം, ദേശമില്ലായ്മ, നഷ്ടം, ട്രോമ, ദുരന്തം, വിനാശം, പിന്നെ മൗനവും. ഈ കാലഘട്ടത്തിന്റെ ഏറ്റവും നിര്‍വ്വചനീയ പ്രകൃതം അഭയാര്‍ഥി എന്ന രൂപകമാണ്. അത്, ലോകത്തെ കുറിച്ച് ചിന്തിക്കുന്നതിലെ അംഗീകൃത ചട്ടക്കൂടായ ദേശരാഷ്ട്രത്തിന്റെ യുക്തിക്കെതിരെ പ്രസക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു”.
– അബു റമയ്ലെ
അറബ് സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍ ഒന്നാണ് പലസ്തീന്‍ സാഹിത്യമെങ്കിലും, അതിന്റെ സവിശേഷ സാഹചര്യം അതിനെ നിര്‍വ്വചിക്കുന്നതില്‍ ഏറ്റവും പ്രധാനമാണ്. ഈജിപ്തില്‍ എഴുതപ്പെടുന്നതിനെ ഈജിപ്ഷ്യന്‍ സാഹിത്യമെന്നോ ജോര്‍ദാനില്‍ എഴുതപ്പെടുന്നതിനെ ജോര്‍ദാനിയന്‍ സാഹിത്യമെന്നോ പറയുംപോലെ ഭൗമിക അതിരുകള്‍ ഇവിടെ നിലനില്‍ക്കുന്നില്ല. 1948 ലെ നക്ബക്ക് ശേഷം പലസ്തീന്‍ ദേശം ഭൗമിക അര്‍ഥത്തിലല്ല (Territorial), മറിച്ച് ദേശീയതയുടെ അര്‍ഥത്തിലാണ് ((national)) നിലനില്‍ക്കുന്നത് എന്നിരിക്കെ പലസ്തീനിയന്‍ ദേശീയതയുടെ ഉടമകള്‍, അവരെവിടെ ജീവിക്കുന്നുവെങ്കിലും, എഴുതുന്ന സാഹിത്യമാണ് ഇവിടെ നിര്‍ണ്ണായകം. 1948നു മുമ്പുള്ള സാഹിത്യം ഭൗമിക അതിരിന്റെ കൂടി നിര്‍വ്വചനത്തില്‍ വരുമെന്നതുകൊണ്ട് അതിനു ശേഷമുള്ളതിനെ വേറിട്ടു കാണുന്ന സമീപനമുണ്ട്. The Palestinian Novel: From 1948 to the Present എന്ന പഠനഗ്രന്ഥമെഴുതിയ ബഷീര്‍ അല്‍ മാനെയുടെ നിരീക്ഷണത്തില്‍ 1948 മുതല്‍ പലസ്തീന്‍ നോവല്‍ എന്നും പലസ്തീന്‍ രാഷ്ട്രീയപോരാട്ടവുമായി സംവാദത്തിലായിരുന്നു. രൂപത്തിലും ഘടനയിലും പ്രകൃതത്തിലും ഉള്ളടക്കത്തിലും അതിനെ ഏറ്റവും നന്നായി മനസ്സിലാക്കാന്‍ കഴിയുക ഈ പോരാട്ടത്തിന്റെ കേറ്റിറക്കങ്ങളെ മുന്‍കൂട്ടി കാണുന്നതും, പ്രതികരിക്കുന്നതും, അതിന്റെ പൊരുള്‍ തേടുന്നതുമായി തിരിച്ചറിയുമ്പോഴാണ്. ആ പോരാട്ടത്തിനു രണ്ടു ഘട്ടങ്ങളുണ്ട്. 1948 നും 1967 നുമിടയില്‍ അതിനു കൃത്യമായും ഒരു ലക്ഷണമൊത്ത കൊളോണിയല്‍വിരുദ്ധ, വിമോചന പ്രസ്ഥാനത്തിന്റെ സ്വഭാവമായിരുന്നു. പാന്‍ അറബ്, സെക്കുലര്‍, ഇടതുപക്ഷ രാഷ്ട്രീയ ചിന്തയായിരുന്നു അതിന്റെ ഊര്‍ജ്ജം. നയിച്ചിരുന്നതാകട്ടെ, PFLP (Popular Front for the Liberation of Palestine) എന്ന മാര്‍ക്സിസ്റ്റ്þലെനിനിസ്റ്റ് പ്രസ്ഥാനവും. 1967 ല്‍ ആറുദിനയുദ്ധത്തില്‍ അറബ്സൈന്യം പരാജയപ്പെട്ടതും 1970 ല്‍ ജോര്‍ദാന്‍ കേന്ദ്രിത പലസ്തീന്‍ ഫിദായിന്‍ പോരാളികളുടെ കൂട്ടക്കുരുതിയും ഈ ഘട്ടത്തിന് അന്ത്യം കുറിച്ചു. തുടര്‍ന്നുണ്ടായ രണ്ടാംഘട്ടത്തില്‍, പോരാട്ടത്തിന്റെ മുദ്രാവാക്യം തന്നെയും ‘വിമോചനം’ (Wataniya/liberation) എന്നതില്‍ നിന്ന് അതിരുകളില്‍ നിര്‍വ്വചിക്കപ്പെടുന്ന ‘ദേശരാഷ്ട്ര പദവി’ (qawmiya/ statehood) എന്നതിലേക്കു മാറി. പാന്‍ അറബിസം ക്ഷയിക്കുകയും എണ്ണ സമ്പത്തിലധിഷ്ടിതമായ അറബ് രാജഭരണങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയും ചെയ്ത കാലമായിരുന്നു അത്. ഈ ഘട്ടത്തിലെ സ്വതേ ദുര്‍ബ്ബലമായ പലസ്തീൻ പോരാട്ടമുഖം, 1982 ലെ ഇസ്രയേല്‍–ലബനന്‍ യുദ്ധത്തെ തുടര്‍ന്ന് കൂടുതല്‍ ശിഥിലമായി. PLO ഒരു രാഷ്ട്രീയ, സൈനിക ശക്തി അല്ലാതായിത്തീര്‍ന്നു. പിന്നീടുണ്ടായത് ഇസ്രയേലിനു അനുകൂലമായി തികച്ചും ഏകപക്ഷീയമായ ഓസ്ലോ കരാറും തുടര്‍ന്നുണ്ടായ പലസ്തീന്‍ ശൈഥില്യവുമായിരുന്നു. അതിന്നും തുടരുന്നു.
നക്ബക്കും 1967ലെ ആറുദിന യുദ്ധത്തിനും ഇടയില്‍ എഴുതപ്പെട്ട സാഹിത്യത്തെ, സായുധ ചെറുത്തുനില്‍പ്പിന്റെ അഭാവത്തില്‍ പലസ്തീന്‍ ഐഡന്റിറ്റിയുടെ സംരക്ഷണ ഉത്തരവാദിത്തം ഏറ്റെടുത്ത ഒന്നായിക്കണ്ട ഗസ്സാന്‍ കനഫാനി, ചെറുത്തുനില്‍പ്പിന്റെ സാഹിത്യം എന്നുതന്നെ വിളിച്ചു. 1967 മുതലുള്ള പലസ്തീൻ സാഹിത്യത്തെയാകട്ടെ വിവിധ പഠിതാക്കള്‍ ഭിന്നരീതിയില്‍ വര്‍ഗ്ഗീകരിച്ചിട്ടുണ്ട്. ഒരു സമീപനത്തില്‍ അത് പലസ്തീനിനകത്തു നിന്നുള്ളത്, പുറത്തു നിന്നുള്ളത് എന്നിങ്ങനെ രണ്ടായി തിരിക്കപ്പെടുമ്പോള്‍, മറ്റൊന്ന് ഇസ്രയേലില്‍ നിന്നുള്ള എഴുത്തുകാരുടേത്, അധിനിവിഷ്ട പ്രദേശങ്ങളില്‍ നിന്നുള്ളത്, മിഡില്‍ ഈസ്റ്റിലെ പലസ്തീന്‍ ഡയസ്പോറ രചനകള്‍ എന്നിങ്ങനെയാണ്. ഇംഗ്ലീഷ് ഭാഷയില്‍, വിശേഷിച്ചും അമേരിക്കയില്‍ കഴിയുന്ന പലസ്തീന്‍ എഴുത്തുകാരുടെ കൃതികള്‍ ഉള്‍പ്പെടുത്തുന്ന സമീപനവും സംഗതമാണ്. അതിനുമപ്പുറം ഇറ്റാലിയന്‍, സ്പാനിഷ്, ഡച്ച്, ഹീബ്രു തുടങ്ങിയ വിവിധ ഭാഷകളില്‍ എഴുതപ്പെടുന്ന, കണിശമായും പലസ്തീന്‍ പ്രമേയങ്ങളും ഉള്ളടക്കവും പ്രധാനമാകുന്ന ഡയസ്പോറ സാഹിത്യവും പലസ്തീന്‍ സാഹിത്യ പരിഗണനയില്‍ പ്രസക്തമാണ്.
ദേശീയതാ സങ്കല്‍പ്പത്തിലെ
പരിണാമങ്ങള്‍
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിൽ നിലനിന്ന പ്രാദേശിക ദേശീയതയില്‍ 1948 ലെ ‘ചരിത്രപരമായ പലസ്തീനിന്റെ (historic Palestine) നഷ്ട’ത്തെ തുടര്‍ന്നുണ്ടായ ചിതറലിന്റെ ഉത്പന്നമായ പ്രവാസദേശീയതയിലേക്കുള്ള മാറ്റം, പിന്നീട് 1967ലെ ആറുദിന യുദ്ധം, ഇസ്രയേലിന്റെ 1982ലെ ബൈറൂത്ത് ഉപരോധവും സബ്രþഷാതിലാ കൂട്ടക്കൊലകളും വരുത്തിവെച്ച കൂടുതല്‍ അഭയാര്‍ഥിത്തങ്ങള്‍ തുടങ്ങിയവയുടെ ഫലമായി പലസ്തീന്‍ സാഹിത്യത്തില്‍ ദേശീയ സാഹിത്യവും പ്രവാസ സാഹിത്യവും (national and exilic literatures) ഒന്നായിത്തീരുന്നു (അബു റമയ്ലെ). ഇതര അറബ് സാഹിത്യങ്ങളില്‍നിന്നു വ്യത്യസ്തമായി ഇവിടെ അഭയാര്‍ഥിയാണ് കേന്ദ്ര കഥാപാത്രം. 1994 മുതല്‍ ആരംഭിച്ചതായി കണക്കാക്കാവുന്ന സമകാലിക സാഹിത്യസന്ദര്‍ഭത്തില്‍ ആദ്യം വീണുകിടക്കുന്നത്, പ്രായോഗികമായി ഒരിക്കലും മാനിക്കപ്പെടാതെ പോയ ഓസ്ലോ ഉടമ്പടിയുടെ നിഴലാണ്. പിഎല്‍ഒയുടെ നിയന്ത്രണത്തില്‍ വെസ്റ്റ് ബാങ്കിലും ഗാസയിലുമായി പഴയ പലസ്തീന്റെ പന്ത്രണ്ടു ശതമാനത്തോളം വരുന്ന ദുര്‍ബ്ബലമായ തുരുത്തുകള്‍ ചിതറിക്കിടന്നു; അവിടങ്ങളില്‍ അങ്ങേയറ്റം പരിമിതമായ തോതില്‍ ഇസ്രയേല്‍ കൊളോണിയല്‍ അധീശത്തത്തിനു കീഴില്‍ത്തന്നെ സ്ഥാപിതമായ കൃത്രിമ പ്രാദേശിക ദേശീയതയും. ഈ പ്രദേശങ്ങള്‍ അന്നുതൊട്ടിന്നുവരെയും തുടരുന്ന അനധികൃത ഇസ്രയേലി കുടിയേറ്റത്തിന്റെയും അതിനുവേണ്ടിയുള്ള പലസ്തീനി കുടിയിറക്കത്തിന്റെയും ഫലമായി ചെറുതായിക്കൊണ്ടേയിരിക്കുകയുമാണ്. ഈ ഘട്ടം 1948 നു മുമ്പുള്ള ദേശീയതാ ധാരണകളിലേക്കുള്ള ഒരു തിരിച്ചുപോക്ക് വിഭാവനം ചെയ്യുന്നുവെങ്കിലും ഒട്ടേറെ യുഎന്‍ / അന്താരാഷ്ട്രീയ നിയമനിര്‍മ്മാണങ്ങള്‍ നടത്തപ്പെട്ടിട്ടും തിരികെവരാന്‍ അനുവാദമില്ലാത്ത വന്‍അഭയാര്‍ഥി ജനസംഖ്യ അതിനെ ഫലത്തില്‍ അസാധ്യമാക്കുന്നു. അങ്ങനെ ഒരുപാതി ദേശമില്ലാദേശത്തെ ആഭ്യന്തര അഭയാര്‍ഥികളായും മറുപാതി അറബ് ലോകത്തും ഇതര രാജ്യങ്ങളിലുമായി അഭയാര്‍ഥികളും പ്രവാസികളുമായും അതിജീവിക്കേണ്ടി വന്നു.
ഈ സവിശേഷ സാഹചര്യങ്ങള്‍ കാരണം, അബു റമയ്ല ശരിയായി നിരീക്ഷിക്കുന്നതുപോലെ, ഇതര അറബ് ദേശങ്ങള്‍ ശുഭാപ്തിയോടെ പുതുസ്വതന്ത്ര ദേശങ്ങളും പുത്തന്‍ സംസ്കാരങ്ങളും പണിയുന്നതിനെ കുറിച്ചു സ്വപ്നങ്ങള്‍ പങ്കുവെച്ച ദേശീയസാഹിത്യം നിര്‍മ്മിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ പലസ്തീന്‍ സാഹിത്യവികാസം ഒരു അപഭ്രംശമായി വര്‍ത്തിച്ചു. അത് വികസിച്ചത് ഭൂരിഭാഗവും അഭയാര്‍ഥികളായ ഒരു സമൂഹത്തിനകത്തുനിന്നാണ്, അതിനെ പിന്തുണയ്ക്കാനോ പ്രോത്സാഹിപ്പിക്കാനോ നിയതമായ ഭൗമാതിരുകളോ, ദേശീയ സ്ഥാപനങ്ങളോ ദേശരാഷ്ട്ര സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. ഇതേ കാരണങ്ങള്‍ക്കൊണ്ടുതന്നെ പലസ്തീന്‍ സാഹിത്യത്തിനും ഇതര കലാ–സാംസ്കാരിക വിനിമയങ്ങള്‍ക്കും വര്‍ദ്ധിച്ച അന്താരാഷ്ട്ര പ്രതിധ്വനി ഉണ്ടാവുന്നുമുണ്ട്. 10.8 കോടിയിലേറെ ദേശരഹിത അഭയാര്‍ഥികളുള്ള ലോകത്തിനു അഭയാര്‍ഥികളായിപ്പിറന്നവരിലൂടെ സൃഷ്ടിക്കപ്പെട്ട ശിഥിലവും ചിതറിയതുമായ പ്രകൃതമുള്ള സാഹിത്യത്തില്‍നിന്നു ഏറെ പഠിക്കാനുണ്ടല്ലോ.
പലസ്തീന്‍ നോവല്‍: ജബ്ര ഇബ്രാഹിം ജബ്ര, ഗസ്സാന്‍ കനഫാനി, ഇമില്‍ ഹബീബി
ബാല്‍ഫോർ പ്രഖ്യാപനത്തിനു (Balfour Declaration 1917) ശേഷം ദേശീയവാദികളായ പല എഴുത്തുകാരും അറബ് ചരിത്രത്തില്‍ നിന്നും സ്വത്വബോധത്തില്‍ നിന്നും പ്രചോദിതരായി ബ്രിട്ടീഷ് ആധിപത്യത്തെയും സയണിസ്റ്റ് പദ്ധതിയേയും നേര്‍ക്കുനേര്‍ വെല്ലുവിളിക്കുന്ന ഉദ്ബോധനപരമായ നോവല്‍ രചനകളില്‍ വ്യാപൃതരായി. അല്‍ കര്‍മാന്‍ പത്രത്തിന്റെ സ്ഥാപകന്‍ നജീബ് നാസര്‍ (1873–1948), ചരിത്രകാരന്‍ മുഹമ്മദ് ഇസ്സത് ദര്‍വാസ (1887–1984), ഇസ്ഹാഖ് മൂസ അല്‍ ഹുസൈനി (1904–90) തുടങ്ങിയവര്‍ ഇതിനുദാഹരണമാണ്. എന്നാല്‍, മുതലിഖ് അബ്ദുല്‍ ഖാലിദ്, അബു സല്‍മ, ഇബ്രാഹിം തുഖാന്‍ തുടങ്ങിയവരിലൂടെ 1930ല്‍ തന്നെ ശക്തമായ സാന്നിധ്യം അറിയിക്കുകയും മഹ്മൂദ് ദര്‍വിഷിനെ പോലുള്ള ലോകോത്തര കവികളെ സൃഷ്ടിക്കുകയും ചെയ്ത പലസ്തീന്‍ കവിതയില്‍ നിന്ന് വ്യത്യസ്തമായി ആധുനിക പലസ്തീന്‍ നോവലിന്റെ ചരിത്രം ആരംഭിക്കുന്നത് കുറേക്കൂടി വൈകിയാണ്. 1946ല്‍ ജറുസലേമില്‍ നിന്ന് പ്രസിദ്ധീകരിച്ച ജബ്ര ഇബ്രാഹിം ജബ്രയുടെ (1920–94) Screams in a Long Night എന്ന നോവലോടു കൂടി അതാരംഭിക്കുന്നതായി കണക്കാക്കപ്പെടുന്നു. അവാങ് ഗാര്‍ഡ് സ്വഭാവിശേഷങ്ങള്‍ കൃത്യമായും പ്രകടിപ്പിച്ച പ്രസ്തുത നോവല്‍ ഇന്നും അതിന്റെ പുതുമയും തനിമയും നിലനിര്‍ത്തുന്നു. എഡ്വാര്‍ഡ് സൈദ് ‘അറബ് സര്‍ഗ്ഗാത്മക ഗദ്യത്തിന്റെയും നാടകത്തിന്റെയും സുപ്രധാന വിജയങ്ങളില്‍ ഒന്ന്’ എന്നു വിശേഷിപ്പിച്ച നോവല്‍, ബോധാധാരാ സമ്പ്രദായം, ഫ്ലാഷ് ബാക്ക് സങ്കേതം, ആന്തര സ്വഗതാഖ്യാനം (interior monologue) എന്നിവ അറബിക് നോവലില്‍ പരിചയപ്പെടുത്തി. നക്ബയുടെ രണ്ടു വര്‍ഷംമുമ്പ് എഴുതപ്പെട്ട നോവലിലൂടെ വിധിനിര്‍ണ്ണായകമായ സംഭവങ്ങളെയും കഥാപാത്രങ്ങളെയുമാണ് നോവലിസ്റ്റ് ചിത്രീകരിച്ചത്. അറബ് സാഹിത്യത്തിലേക്ക് ആധുനികതാ സങ്കേതങ്ങളെ പരിചയപ്പെടുത്തിയ നോവലില്‍ ഡി എച്ച് ലോറന്‍സിന്റെ ഓര്‍മ്മ ചിത്രീകരണവും, ജെയിംസ് ജോയ്സിന്റെ അലയുന്ന അന്തര്‍മുഖനും ആല്‍ഡസ് ഹക്സ്ലിയുടെ ആദ്യകാലകൃതികളെ ഓര്‍മ്മിപ്പിക്കുന്ന രൂക്ഷഫലിതബോധവും നാട്ടുമ്പുറ അന്തരീക്ഷവും ശക്തമായ സ്വാധീനം ചെലുത്തുന്നു. ഇറാഖ് പ്രവാസകാലത്തും താന്‍ ലോകത്തിലെ ഏറ്റവും മനോഹര നഗരമായി കരുതിയ ജറുസലേമിനെ കേന്ദ്രീകരിച്ച് പ്രഖ്യാത കൃതികള്‍ രചിച്ച ജബ്ര, Hunters in a Narrow Street, In Search of Walid Mas’ud, The Ship തുടങ്ങിയ കൃതികളിലൂടെ ഒരു പലസ്തീനിയന്‍ നോവലിസ്റ്റ് എന്ന തന്റെ സ്വത്വം അരക്കിട്ടുറപ്പിച്ചു. The Ship, ആധുനിക അറബ് ഫിക്ഷനിലെ ഏറ്റവും മഹത്തായ കൃതികളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.
കാല്‍പ്പനികമായ ഒരഭിരുചിയുണ്ടായിരുന്ന ജബ്ര അനിതരസാധാരണ ഗുണങ്ങളുള്ള ഒരു പലസ്തീനിയന്‍ കഥാപാത്രത്തെ സൃഷ്ടിക്കുകയും വിജയപ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തപ്പോള്‍, തികച്ചും വേറിട്ടൊരു വഴിയായിരുന്നു ഗസാന്‍ കനഫാനിയുടെത് (1936–72). മുപ്പത്തിയേഴാം വയസ്സില്‍, മൊസ്സാദ് ചരടുവലിച്ച ഒരു കാര്‍ ബോംബ് സ്ഫോടനത്തില്‍ ബൈറൂത്തില്‍ വെച്ചു കൊല്ലപ്പെടുംമുമ്പ്, ലേഖനങ്ങള്‍, നാടകങ്ങള്‍, ചെറുകഥകള്‍ തുടങ്ങി ഒട്ടേറെ കൃതികള്‍ രചിച്ചു കഴിഞ്ഞതിനു ശേഷമാണ് ‘നൂറു ശതമാനവും യഥാതഥമായ’ ഒരു നോവല്‍ എന്ന സ്വയംപ്രഖ്യാപിത ലക്ഷ്യത്തിലേക്ക് അദ്ദേഹം ചുവടുവെച്ചത്. ജന്മദേശം വിട്ടുപോകേണ്ടിവരുന്നതിന്റെയും അഭയാര്‍ഥിക്യാമ്പ് ജീവിത ദുരിതങ്ങളുടെയും അന്തിമമായി ആത്മബോധത്തിലേക്ക് ഉണരുന്നതിന്റെയും കഥയായിരിക്കണം അതെന്ന് അദ്ദേഹം കരുതി. പലസ്തീനിയന്‍ ജീവിതാവസ്ഥയെ അത് വാസ്തവത്തില്‍ എന്തായിരുന്നു എന്നും എന്താവണം എന്നുമുള്ള രീതിയില്‍, പരിണമിക്കുന്ന ഒരു ഫിക്ഷനല്‍ രൂപമാണ് അദ്ദേഹം പ്രയോഗിച്ചത്. ഈ പ്രഖ്യാപിത ഉദ്ദേശാധിഷ്ടിത ശൈലിയും കൊല്ലപ്പെടുമ്പോള്‍ അപൂര്‍ണ്ണമായി ശേഷിച്ച ഏതാനും നോവലുകളും സമര്‍ഥിക്കുന്നത് എന്തായാലും, അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് എന്ന് കണക്കാക്കപ്പെടുന്ന Men in the Sun (1963) പലസ്തീനിയന്‍ ദുരന്തത്തിന്റെ എക്കാലത്തെയും മികച്ച ഒരേയൊരു സമ്പൂര്‍ണ്ണ ആവിഷ്കാരമായി തുടരുന്നു. ഏതു കാരണത്താലും ജന്മദേശം ഉപേക്ഷിച്ചു പോയവരെ വേട്ടയാടുന്ന അപമാനബോധത്തെ പലസ്തീനിയന്‍ യാഥാര്‍ത്ഥ്യം വിശകലനം ചെയ്യാനുള്ള മെറ്റഫറായി കനഫാനി കണ്ടെടുക്കുന്നു. The Man Who Returned to Haifa എന്ന നോവലില്‍ അതേ പ്രമേയത്തിലേക്കു അദ്ദേഹം തിരിച്ചുവരുന്നുണ്ട്. ജബ്രയുടെ കൃതികളില്‍ പലസ്തീനിയന്‍ അഭയാര്‍ഥിയുടെ ധാര്‍മ്മിക, ആത്മീയബലം അപഹരിക്കപ്പെട്ട ജന്മദേശത്തേക്കുള്ള തിരിച്ചുവരവ് ഉറപ്പുവരുത്തുമ്പോള്‍, കനഫാനി ആ തിരിച്ചുവരവിന് കൂടുതല്‍ പ്രായോഗികമായ മാര്‍ഗ്ഗങ്ങളാണ് കണ്ടെത്തുന്നത്: അത് കര്‍തൃത്വവും ദൃഢനിശ്ചയവും ബോധ്യങ്ങളുമാണ്. ‘ഉമ്മു സഅദ്’ എന്ന നോവലിലെ ദരിദ്രയെങ്കിലും മനസ്സുറപ്പുള്ള നായികയെ ഇത്തരം പാത്രസൃഷ്ടിയുടെ ഉദാഹരണമായി പഠിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
പലസ്തീന്‍ നോവലിലെ മൂന്നാമത് നെടുംതൂണായ ഇമീല്‍ ഹബീബി യാദൃച്ഛികമായാണ് നോവല്‍ രചനയിലേക്ക് കടന്നുവന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമെന്ന നിലയിലുള്ള പ്രതിബദ്ധതയും ജേണലിസ്റ്റ് എന്ന നിലക്കുള്ള അനുഭവങ്ങളും അദ്ദേഹം നോവല്‍ രചനയില്‍ ഉപയോഗപ്പെടുത്തി. പ്രവാസവഴിക്കു പകരം ‘കണ്ടുകെട്ടപ്പെട്ട ജന്മദേശ’ത്തിന്റെ (confiscated homeland) അനുഭവങ്ങളില്‍ത്തന്നെ തുടരാനാണ് അദ്ദേഹം തീരുമാനിച്ചത്. ആറുദിന യുദ്ധത്തിലെ (1967) പരാജയത്തിനുശേഷം എഴുതിയ The Sextet of Six Days (ആറു ദിനങ്ങളിലെ ആറു കഥകള്‍) ഇതിനുദാഹരണമാണ്. സിനിസിസവും കറുത്ത ഹാസ്യവും ചേര്‍ന്ന അനുപമ ശൈലിയില്‍, ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു വികസിക്കുന്ന തരം ചെറുകഥാ രചന നടത്തുന്ന പതിവാവാം അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയുടെ (The Secret Life of Saeed: The Pessoptimist – ശുഭാശുഭ ചിന്തക്കാരന്‍ സഈദിന്റെ രഹസ്യ ജീവിതം’) രചനയിലേക്ക് നയിച്ചത്. വോള്‍ട്ടയറുടെ Candide എന്ന നോവലിന്റെ സ്വാധീനത്തില്‍ എഴുതിയ പ്രസ്തുത കൃതി, ‘മഖാമത്’ ഗദ്യþപദ്യ സമ്പ്രദായം, അറബ് ചരിത്രത്തെ കുറിച്ചും സാഹിത്യത്തെ കുറിച്ചുമുള്ള അഗാധമായ അറിവ് എന്നിവയാലും സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. ജബ്ര പലസ്തീനിയന്‍ സ്വത്വത്തെ അനിതര സാധാരണമായ ഔദ്ധത്യബോധത്തോടെ ചിത്രീകരിക്കുമ്പോള്‍, ഹബീബി അറബ് ഭാഷയുടെ സൗന്ദര്യാത്മകതയിലൂടെ അതിനെ വീക്ഷിക്കുന്നു.
ഇതര നോവലിസ്റ്റുകള്‍
പലസ്തീനിയന്‍ സായുധകലാപം അതിനെ കൊണ്ടാടുകയും അതിവേഗം വിജയം വാഗ്ദത്തം ചെയ്യുകയും ചെയ്ത ഏതാനും നോവലുകള്‍ക്ക് നിമിത്തമായി. കനഫാനിയുടെയും യഹ്യ യഖ്ലൂഫിന്റെയും ആ തലമുറയിലെ ഇതര നോവലിസ്റ്റുകളുടെയും കൃതികളില്‍ ഈ പ്രമേയം ശക്തമായിരുന്നു. എന്നാല്‍, ഔദ്യോഗിക മുദ്രാവാക്യങ്ങളെ ആവര്‍ത്തിച്ച ഈ ശുഭാപ്തിവിശ്വാസം 1982ലെ സബ്ര ഷാതിലാ കൂട്ടക്കുരുതിക്കുശേഷം ശിഥിലമായിത്തുടങ്ങി. ഓസ്ലോ കരാര്‍ അട്ടിമറിക്കപ്പെട്ടത് ഒരര്‍ത്ഥത്തില്‍ പലസ്തീനിയന്‍ നോവലിനെ ‘മോചിപ്പിച്ചു’ എന്നുപറയാം: അത് വിമര്‍ശനാത്മക ദോഷൈകദൃക്ക് സ്വഭാവം പ്രകടമാക്കാന്‍ തുടങ്ങി. സാമിയ ഇസ്സ (Milk of Figs ; Secretly in Copenhagen), മായ അബുല്‍ ഹയാത് (No One Knows His Blood Group) തുടങ്ങിയ നോവലിസ്റ്റുകള്‍ ഈ മനോഭാവം പ്രതിഫലിപ്പിച്ചു. സഹര്‍ ഖലിഫ എഴുതിയ The Gate of the Square, 1987ലെ ഒന്നാം ഇന്‍തിഫാദയുടെ നാളുകള്‍ സൂചിപ്പിച്ചപ്പോള്‍, The Inheritance, പലസ്തീന്‍ നേതൃത്വത്തെ അതിരൂക്ഷമായി കളിയാക്കി. ഹുസൈന്‍ ബര്‍ഗൂതിയുടെ രണ്ടു നോവലുകള്‍ (The Blue Light ; I Shall be among the Almond Trees) ഇനിയൊരിക്കലും തിരികെ വരാത്ത പലസ്തീനുള്ള വിലാപകാവ്യങ്ങളായിത്തീര്‍ന്നു. 1965നു ശേഷമുണ്ടായ പലസ്തീന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഉയര്‍ച്ച നോവലെഴുത്തിനെ ഉദ്ദീപിപ്പിച്ചപ്പോള്‍, എൺപതുകളിലെയും തൊണ്ണൂറുകളിലെയും നൈരാശ്യം അതില്‍ വലിയ കുറവും ഉണ്ടാക്കി. പ്രതീക്ഷയ്ക്കും നിരാശയ്ക്കുമിടയില്‍ പെട്ടുപോയതോടെ, മുദ്രാവാക്യങ്ങളുടെ ഭാരമില്ലാതെ സമകാലികതയെ നോക്കിക്കാണാനും പുനഃസൃഷ്ടിക്കാന്‍ പ്രയാസമുള്ള ഭൂതകാല ദേശീയ സ്വത്വത്തെ കൂടുതല്‍ വ്യക്തമായി പഠിക്കാനും പുതിയ എഴുത്തുകാര്‍ ശ്രമിച്ചുതുടങ്ങി. ഓസ്ലോ ഉടമ്പടിയെ തുടര്‍ന്നുണ്ടായ ‘താല്‍ക്കാലിക സര്‍ക്കാര്‍’ (Provisional Authority) കാലത്തെ അന്യവല്‍ക്കരണം പ്രമേയമാക്കിയ അക്രം മുസല്ലമിന്റെ A Scorpion Drenched with Sweat (The Dance of the Deep-Blue Scorpion), ഗാസയിലെ ജീവിതത്തെ നിശിതമായി സമീപിക്കുന്ന അതിഫ് അബു സൈഫിന്റെ A Suspended Life ജറുസലേം നഗരത്തെ ആവിഷ്കരിക്കുന്ന ഹസന്‍ ഹമീദിന്റെ City of God, പലസ്തീനിയന്‍ സാഹചര്യം കൃത്യമായും യഥാതഥമായും അവതരിപ്പിക്കുകയും പാലസ്തീനിന്റെ ദേശീയ ഭാവിയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന റാബിഹ് അല്‍ മദ്ഹൂനിന്റെ The Lady from Tel Aviv ; Destinies എന്നീ കൃതികള്‍, ഭൂതകാല വിചാരണ തുടരുന്ന മഹ്മൂദ് ശുകൈറിന്റെ Eulogy of Women of the Family ഭൂതകാല പാഠങ്ങള്‍ ഉപയോഗിച്ച് വര്‍ത്തമാനകാലത്തെ മനസ്സിലാക്കാന്‍ വേണ്ടി 1795 ലെ ജാഫയുടെ കഥ പറയുന്ന യഹ്യ യഖ്ലൂഫിന്റെ Wind Rider തുടങ്ങിയവ ഈ ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു.
ഇന്ന് പലസ്തീന്‍ നോവല്‍ വായിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ഓര്‍മ്മിക്കാനുണ്ടെന്നു ഫൈസല്‍ ദറാജ് ഓര്‍മ്മിപ്പിക്കുന്നു: ഒന്ന്, പലസ്തീന്‍ ഡയസ്പോറയുടെ വന്‍തോതിലുള്ള ചിതറല്‍, മറ്റൊന്ന്, ഒരുമിപ്പിക്കാന്‍ പ്രാപ്തിയുള്ള സമഗ്രമായ വിദ്യാഭ്യാസ/ സാംസ്കാരിക സ്ഥാപനങ്ങളുടെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത. ചരിത്രപരമായിത്തന്നെ നോവല്‍ ഒരു സാഹിതീയ വിഭാഗ (genre)മെന്ന നിലയില്‍ വളര്‍ന്നത് ദേശരാഷ്ടങ്ങളുടെ ഉയര്‍ച്ചയും വികാസവുമായി ബന്ധപ്പെട്ടാണ്. ഗസ്സാന്‍ കനഫാനി അകാലത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ കുറേയേറെ അപൂര്‍ണ്ണ നോവലുകള്‍ ബാക്കിവെച്ചു. ഇറാഖിലേക്ക് കുടിയേറേണ്ടിവന്ന ജബ്രക്ക് ഇതര എഴുത്തുകാര്‍ ഉള്‍പ്പെടുന്ന ഒരു കമ്മ്യൂണിറ്റിയില്‍ ഒരു ഫിക്ഷനല്‍ ലോകവീക്ഷണം സൃഷ്ടിക്കാനുള്ള അവസരം ലഭിച്ചുമില്ല. ഇമില്‍ ഹബീബിയാകട്ടെ, ഭാഷാപരമായ സര്‍ഗ്ഗാത്മകതയില്‍ ഫോക്കസ് ചെയ്തു കഴിയുകയും ചെയ്തു. എല്ലാത്തിനെയും ചേര്‍ത്തുപിടിക്കാനാകുന്ന ഒരു പലസ്തീന്‍ സാംസ്കാരിക കൂട്ടായ്മയുടെ അഭാവം പരസ്പരപൂരകമായ ശ്രമങ്ങളുടെ അഭാവത്തില്‍ കലാശിക്കുകയും നോവലെഴുത്തിനെ വൈയക്തിക ശ്രമങ്ങള്‍ മാത്രമാക്കിത്തീര്‍ക്കുകയും ചെയ്തു. ചരിത്രപരമായിത്തന്നെ ഇന്നും ‘അടിച്ചമര്‍ത്തപ്പെട്ടവന്റെ സാഹിത്യം’ സൃഷ്ടിക്കുന്നതില്‍ മുഴുകേണ്ടിവരുന്ന എഴുത്തുകാര്‍ക്ക്, പോസ്റ്റ്കൊളോണിയല്‍ /പോസ്റ്റ് – പോസ്റ്റ് മോഡേൺ സാഹിത്യത്തിലെ പ്രമേയ വൈവിധ്യങ്ങള്‍ അത്രയൊന്നും പരീക്ഷിക്കാനുള്ള ഇടവേളകള്‍ ലഭിക്കുന്നുമില്ല.
ഈ ലേഖനത്തില്‍ സൂചിപ്പിക്കപ്പെട്ട പേരുകള്‍ക്കപ്പുറം പലസ്തീനിയന്‍ സാഹിത്യത്തെ ഏറ്റവും പ്രോജ്വലമായി നിലനിര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒട്ടേറെ എഴുത്തുകാരുണ്ട്. I Saw Ramallah എന്ന അവിസ്മരണീയ കൃതിയുടെ കര്‍ത്താവായ മോറിദ് ബര്‍ഗൂതി, Mornings in Jenin എന്ന സമകാലിക ക്ലാസിക്കിലൂടെ നക്ബാനന്തര പലസ്തീന്‍ ദുരന്തത്തെയും പ്രവാസത്തിലും പിന്തുടരുന്ന അതിന്റെ വേദനകളെയും അതിതീവ്രമായി ആവിഷ്കരിച്ച പലസ്തീന്‍þഅമേരിക്കന്‍ നോവലിസ്റ്റ് സൂസന്‍ അബുല്‍ഹവാ, A Woman of Five Seasons പോലുള്ള നോവലുകളിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ ലൈല അല്‍ അത്രാഷ്, നാലു തവണ അറബ് നോവലിനുള്ള അന്താരാഷ്ട്ര പുരസ്കാരത്തിനു (IPAF) പരിഗണിക്കപ്പെടുകയും The Second War of the Dog എന്ന നോവലിലൂടെ അത് നേടുകയും ചെയ്ത ഇബ്രാഹിം നസറല്ല, ഈയടുത്ത കാലത്ത് പലസ്തീന്‍ നോവലില്‍ നിന്ന് ലോകശ്രദ്ധയിലെത്തിയവരില്‍ പ്രമുഖരായ ഹല അല്‍യാന്‍ (Salt Houses; The Arsonists’ City..), അദാനിയ ശിബിലി (Minor Detail), ഇബ്തിസാം ആസം (The Book of Disappearance), ബ്രിട്ടീഷ്–പലസ്തീന്‍ എഴുത്തുകാരി ഇസബെല്ല ഹമ്മാദ് (The Parisian) തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. ഇക്കൂട്ടത്തില്‍ അറബ് മുക്ത സയണിസ്റ്റ് സങ്കല്പനത്തിന്റെ അങ്ങേയറ്റമായ, പലസ്തീന്‍ ജനത പൊടുന്നനെ ഒരു നാള്‍ അപ്രത്യക്ഷരാകുക എന്ന സങ്കല്പനത്തിന്റെ ഡിസ്റ്റോപ്പിയന്‍ സാധ്യതകള്‍ പരിഗണിക്കുന്ന ഇബ്തിസാം ആസമിന്റെ ‘തിരോധാനങ്ങളുടെ പുസ്തകം’, ഇന്നത്തെ സാഹചര്യത്തെ ഒരു ഭീഷണസാധ്യതയായി മുന്നില്‍ നിര്‍ത്തുന്നുണ്ട് എന്നു പറയാം. അദാനിയ ശിബിലിയുടെ ‘കൊച്ചു വിശദാംശം’ ഈയിടെ വിവാദച്ചുഴിയില്‍ പെട്ടതും ഓര്‍മ്മിക്കാവുന്നതാണ്. ചരിത്രം വിസ്മരിക്കാന്‍ ശ്രമിക്കുന്നതിനെ ഓര്‍മ്മിപ്പിക്കുന്നതൊന്നും സാംസ്കാരിക ലോകത്തും അത്ര സ്വീകരിക്കപ്പെടില്ല എന്നതിന്റെ തെളിവായിരുന്നു അവരുടെ പുസ്തകത്തിനുള്ള പുരസ്കാരസമര്‍പ്പണം ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേള വേണ്ടെന്നുവെച്ചത്. ♦