പൊതുവിൽ അറബ് മേഖലയിലെ കമ്യൂണിസ്റ്റു പാർട്ടികൾ വളർന്നുവന്നത് കോളനിവാഴ്ചയ്ക്കെതിരായ പോരാട്ടങ്ങളിലൂടെയാണ്. 1919ൽ രൂപം കൊണ്ട പലസ്തീൻ കമ്യൂണിസ്റ്റു പാർട്ടിയാണ് ജോർദാൻ, ലബനൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ കമ്യൂണിസ്റ്റു പാർട്ടികളുടെ മാതാവ് എന്ന് പൊതുവിൽ പറയാം. ഒന്നാം ലോകയുദ്ധാനന്തരകാലത്തുതന്നെ ജോർദാനിലും ആ മേഖലയിലെ കമ്യൂണിസ്റ്റു പാർട്ടികളുമായി ബന്ധപ്പെട്ട നിരവധി വ്യക്തികളും ഗ്രൂപ്പുകളും പ്രവർത്തിച്ചുതുടങ്ങിയിരുന്നു; ട്രേഡ് യൂണിയനുകളും രൂപപ്പെട്ടു വന്നിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പ്രചാരണങ്ങളിൽ ഈ വിഭാഗം സജീവമായി ഇടപ്പെട്ടിരുന്നു. എന്നാൽ ജോർദാൻ കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചിരുന്നില്ല. അങ്ങനെ 1946 വരെ ബ്രിട്ടീഷ് പ്രൊട്ടക്ടറേറ്റിന്റെ ഭാഗമായിരുന്ന ജോർദാനിലെ കമ്യൂണിസ്റ്റുകാരും പലസ്തീൻ കമ്യൂണിസ്റ്റു പാർട്ടിയുടെ ഭാഗമായിട്ടായിരുന്നു പ്രവർത്തിച്ചത്. 1948ൽ പലസ്തീൻ പ്രദേശത്ത് ഇസ്രയേൽ രാഷ്ട്രം സ്ഥാപിക്കപ്പെടുകയും ബ്രിട്ടീഷ് സാമ്രാജ്യത്വം ജോർദാന്റെ ഭരണം ഹാഷമെെറ്റ് രാജകുടുംബത്തിന് കെെമാറുകയും ചെയ്തശേഷമാണ്, 1948ൽ ജോർദാൻ കമ്യൂണിസ്റ്റു പാർട്ടി രൂപീകരിക്കപ്പെട്ടത്.
1952 ജൂണിൽ വെസ്റ്റ് ബാങ്കിൽ പലസ്തീൻ നാഷണൽ ലിബറേഷൻ ലീഗ് എന്ന പേരിൽ ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന പലസ്തീൻ കമ്യൂണിസ്റ്റുകാർ (ഇടക്കാലത്ത് പലസ്തീൻ കമ്യൂണിസ്റ്റു പാർട്ടിയിലുണ്ടായ അഭിപ്രായഭിന്നതയെ തുടർന്ന് രൂപംകൊണ്ട രണ്ട് വിഭാഗവും) ജോർദാനിയൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. കാരണം, യുഎൻ തീരുമാനപ്രകാരം പലസ്തീൻ വിഭജിച്ച് ഇസ്രയേൽ രൂപീകരിച്ചെങ്കിലും പലസ്തീൻ രാഷ്ട്രം രൂപീകരിച്ചില്ല. മാൻഡേറ്ററിയായി പലസ്തീൻ പ്രദേശമാകെ കെെയടക്കി വച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വം പലസ്തീനിലെ വെസ്റ്റ് ബാങ്ക് ജോർദാന്റെ ഭാഗമാക്കുകയും ഗാസ ഈജിപ്തിനു വിട്ടുകൊടുക്കുകയും ചെയ്തിട്ടാണ് പലസ‍്തീനിൽ നിന്നും പിൻവാങ്ങിയത്. അങ്ങനെ യഥാർഥത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വവും, ബ്രിട്ടൻ ശക്തിക്ഷയിച്ച് ദുർബലമായതിനെ തുടർന്ന് അമേരിക്കൻ സാമ്രാജ്യത്വവും ചേർന്നാണ്, പലസ്തീൻ ജനതയെ രാജ്യം നഷ്ടപ്പെട്ട ജനതയാക്കി മാറ്റിയത്. ആ സാഹചര്യത്തിലാണ് 1952 ജൂണിൽ വെസ്റ്റ് ബാങ്കിലെ കമ്യൂണിസ്റ്റുകാർ ജോർദാനിയൻ കമ്യൂണിസ്റ്റു പാർട്ടിയുടെ ഭാഗമായത്. 1940കളിൽ തന്നെ, പ്രത്യേകിച്ചും രണ്ടാം ലോകയുദ്ധാനന്തരം ജോർദാൻ രാജ്യത്തിനുള്ളിൽ കമ്യൂണിസ്റ്റു പ്രവർത്തനം ശക്തിപ്പെടുത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് 1948ൽ ജോർദാൻ കമ്യൂണിസ്റ്റു പാർട്ടി രൂപീകരിക്കപ്പെട്ടത്. ഈജിപ്ത്, ലബനൻ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി മടങ്ങിയെത്തിയ വിദ്യാർഥികളിൽ പലരും ആ രാജ്യങ്ങളിലെ കമ്യൂണിസ്റ്റു പാർട്ടികളുമായോ മാർക്സിസ്റ്റ് ഗ്രൂപ്പുകളുമായോ ബന്ധമുള്ളവരായിരുന്നു. ജോർദാനിയൻ കമ്യൂണിസ്റ്റു പാർട്ടിയുടെ രൂപീകരണത്തിൽ അവരും പങ്കു വഹിച്ചിരുന്നു.
1952നു ശേഷമുള്ള വർഷങ്ങളിൽ ജോർദാനിയൻ കമ്യൂണിസ്റ്റു പാർട്ടിയുടെ ശക്തികേന്ദ്രം വെസ്റ്റ് ബാങ്കായി മാറി; പാർട്ടിയുടെ നേതൃത്വത്തിലേക്കും പ്രധാനമായും പലസ്തീൻകാർ ഉയർന്നുവന്നു. ജോർദാനിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായി മാറുന്നതിനുമുൻപ് പലസ്തീൻ കമ്യൂണിസ്റ്റുകാർ വെസ്റ്റ് ബാങ്കിനെ ജോർദാനുമായി കൂട്ടിച്ചേർക്കുന്നതിനെ ശക്തമായി എതിർത്തിരുന്നു. പലസ്തീനെ വിഭജിച്ച് ഇസ്രയേൽ രൂപീകരിക്കുന്നതിനെയെന്ന പോലെ തന്നെ പലസ്തീൻ ഭൂപ്രദേശങ്ങളെ മറ്റ് അറബ് രാജ്യങ്ങളുടെ ഭാഗമാക്കുന്നതിനെയും പലസ്തീൻ കമ്യൂണിസ്റ്റു പാർട്ടിയും പലസ്തീൻ ദേശീയ പ്രസ്ഥാനങ്ങളും എതിർത്തതാണ്. കൃത്യമായ സാമ്രാജ്യത്വ നിഗൂഢ അജൻഡയാണ് പലസ്തീൻ വിഭജനത്തിൽ കലാശിച്ചത്.
ജോർദാനിയൻ കമ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട 1948ൽ തന്നെ ജോർദാനിലെ രാജഭരണം കമ്യൂണിസ്റ്റു വിരുദ്ധ നിയമം കൊണ്ടുവന്നു. കമ്യൂണിസ്റ്റ് സാഹിത്യം പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകൃത്യമായി മാറ്റുന്നതാണ് 1948 മെയ് രണ്ടിന് നടപ്പിലാക്കിയ കമ്യൂണിസ്റ്റു വിരുദ്ധ നിയമം. പുതുതായി അധികാരത്തിൽ വന്ന അബ്ദുള്ള രാജാവ് പാശ്ചാത്യശക്തികളുടെ പിന്തുണ ഉറപ്പാക്കുന്നതിനു കൂടിയാണ് കമ്യൂണിസ്റ്റ് വിരുദ്ധ നിയമം കൊണ്ടുവന്നത്. മാത്രമല്ല, രാജവാഴ്ചക്കെതിരായ ഏതു വിമർശനത്തെയും ഈ നിയമം പ്രയോഗിച്ച് നേരിടാനുമാകുമായിരുന്നു. അബ്ദുള്ള രാജാവ് 1949ൽ തന്നെ സ്പെയിനിലെത്തി ഫാസിസ്റ്റ് സേ-്വച്ഛാധിപതിയായ ജനറൽ ഫ്രാങ്കോയെ സന്ദർശിച്ചതിലൂടെ താനും ഫാസിസ്റ്റു ചേരിയിലാണെന്ന് ഭംഗ്യന്തരേണ വെളിപ്പെടുത്തുകയായിരുന്നു.
1948ൽ ജോർദാനിയൻ കമ്യൂണിസ്റ്റു പാർട്ടി (ജെസിപി) രൂപീകരിക്കപ്പെട്ടെങ്കിലും വെസ്റ്റ് ബാങ്കിലെ കമ്യൂണിസ്റ്റുകാരും കൂടി ചേർന്ന ശേഷമാണ് പാർട്ടി കരുത്താർജിക്കാൻ തുടങ്ങിയത്. 1950കളുടെ തുടക്കത്തിൽ തന്നെ ജോർദാനിയൻ കമ്യൂണിസ്റ്റു പാർട്ടി വെസ്റ്റ് ബാങ്കിലെ കമ്യൂണിസ്റ്റുകാരുമായി ബന്ധം സ്ഥാപിക്കാൻ തുടങ്ങി. അങ്ങനെയാണ് 1952 ജൂണിൽ വെസ്റ്റ് ബാങ്കിലെ കമ്യൂണിസ്റ്റുകാരും ജെസിപിയിൽ ചേർന്നത്. ആരംഭകാലത്ത് ഫുവാദ് നാസർ, ഫഹ്മി അൽ–സൽഫിതി, ഫയ്ഖ് വറാദ് എന്നിവരായിരുന്നു പാർട്ടിയുടെ മുഖ്യനേതാക്കൾ.
നബ്-ലസിലും ജെറുസലേമിലുമുള്ള ബുദ്ധിജീവി വിഭാഗങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വാധീനം ഗണ്യമായി വർധിച്ചുവന്നു. പ്രത്യേകിച്ചും, നബ്-ലസ് നഗരത്തിനോട് ചേർന്ന സൽഫിതി ഗ്രാമത്തിൽ പാർട്ടിയ്ക്ക് ശക്തമായ അടിത്തറ വികസിപ്പിക്കാനായി. ഇവിടെ നിന്നാണ് പിൽക്കാലത്തെ പല പ്രമുഖ ജോർദാനിയൻ കമ്യൂണിസ്റ്റ് നേതാക്കളും ഉയർന്നുവന്നത്. റാമള്ള, ബെത്ലഹേം തുടങ്ങിയ വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിലും പാർട്ടി ശക്തമായിരുന്നു; അതുപോലെ തന്നെ ജെറിക്കോയ്ക്കടുത്തുള്ള അഭയാർഥി ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർക്കിടയിലും കമ്യൂണിസ്റ്റ് പാർട്ടിക്ക് നല്ല സ്വാധീനമുണ്ടായിരുന്നു. ‘മുഖവമ അൽശബിയ’ (ജനകീയ ചെറുത്തുനിൽപ്പ്) എന്ന മാസികയായിരുന്നു പാർട്ടിയുടെ ഔദ്യോഗിക ജിഹ്വ.
ജോർദാനിലെ ഹാഷമെെറ്റ് രാജവാഴ്ചയ്ക്കു കീഴിൽ കമ്യൂണിസ്റ്റു പാർട്ടി കടുത്ത അടിച്ചമർത്തലുകളാണ് നേരിട്ടിരുന്നത്. 1951 ഡിസംബറിൽ പാർട്ടി ജനറൽസെക്രട്ടിയായിരുന്ന ഫുവാദ നാസർ അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന് പത്ത് വർഷത്തെ കഠിനതടവാണ് വിധിച്ചത്. ജെസിപി കാഡർമാരെ നിർബന്ധിതമായി ലേബർ ക്യാമ്പുകളിലാക്കാൻ 1953ൽ ജോർദാൻ ഭരണകൂടം നിയമം കൊണ്ടുവന്നു. എന്നാൽ ഇത്തരം മർദന നടപടികളെയെല്ലാം നേരിട്ടു കൊണ്ട് വെെവിധ്യമാർന്ന സംഘടനാ രൂപങ്ങളിലൂടെ പാർട്ടി പ്രവർത്തനം തുടരുകയാണുണ്ടായത്. യുവജനങ്ങളുടെയും സ്ത്രീകളുടെയും പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ പാർട്ടി പ്രതേ-്യകം ശ്രദ്ധചെലുത്തിയിരുന്നു. 1920കൾ മുതൽ മാൻഡേറ്ററി പലസ്തീൻ മേഖലയിൽ സ്ത്രീ വിദ്യാഭ്യാസം സാർവത്രികമാക്കാനുള്ള നീക്കങ്ങളിൽ പ്രധാന പങ്കു വഹിച്ചത് കമ്യൂണിസ്റ്റു പാർട്ടിയായിരുന്നു. 1930കളുടെ അവസാനം സാമ്രാജ്യത്വത്തിനും സയണിസ്റ്റ് വിപത്തിനുമെതിരെ നടന്ന അറബ് പോരാട്ടത്തിൽ സ്ത്രീകൾ, പ്രതേ-്യകിച്ചും പുതുതായി വിദ്യാഭ്യാസം നേടിയ സ്ത്രീകൾ ശ്രദ്ധേയമായ പങ്കുവഹിച്ചിരുന്നു. ഇങ്ങനെ കരുത്താർജിച്ചുവന്ന വനിതാ പ്രസ്ഥാനത്തിനുപുറമെ ഡമോക്രാറ്റിക് യൂത്ത് അസോസിയേഷൻ, ലോക സമാധാന പ്രസ്ഥാനത്തിന്റെ ഭാഗമായ പീസ് പാർട്ടി സാൻ തുടങ്ങിയ ബഹുജന പ്രസ്ഥാനങ്ങളിലൂടെയാണ് ജോർദാനിൽ കമ്യൂണിസ്റ്റുകാർ പ്രവർത്തനം തുടർന്നത‍്.
1954 മെയ് മാസത്തിൽ നാഷണൽ ഫ്രണ്ട് എന്ന സംഘടനയ്ക്കും പാർട്ടി രൂപം നൽകി. ഈ സംഘടനയുടെ ബാനറിലാണ് 1954ൽ നടന്ന ജോർദാൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റുകാർ മത്സരിച്ചത്. ആ തിരഞ്ഞെടുപ്പിൽ പാർട്ടി ഒരു സീറ്റിൽ വിജയിച്ചു–നബ്-ലസിൽ നിന്ന് വിജയിച്ച അബ്ദുൽ ഖാദിർ സാലിഹായിരുന്നു ജോർദാനിയൻ പാർലമെന്റംഗമായ ആദ്യ കമ്യൂണിസ്റ്റുകാരൻ.
കമ്യൂണിസത്തിന്റെയും അറബ് ദേശീയതയുടെയും, പ്രത്യേകിച്ച് സോവിയറ്റ് യൂണിയന്റെ, സ്വാധീനം തടയുന്നതിനായി അമേരിക്കയുടെയും ബ്രിട്ടന്റെയും മുൻ കയ്യിൽ, തുർക്കി, ഇറാഖ്, ഇറാൻ, പാകിസ്ഥാൻ എന്നിവയെ ചേർത്ത് രൂപീകരിച്ച ബാഗ്ദാദ് സഖ്യം അഥവാ സെൻട്രൽ ട്രീറ്റി ഓർഗനെെസേഷൻ (സെന്റോ) നിലവിൽവന്നതിനെ തുടർന്ന് ജോർദാനെ അതിന്റെ ഭാഗമാക്കാൻ നീക്കം തുടങ്ങിയിരുന്നു. അതിനെതിരായ പ്രക്ഷോഭം കമ്യൂണിസ്റ്റു പാർട്ടിയുടെ സ്വാധീനം വിപുലമാകാൻ സഹായകമായി. പിന്നീട് സൂയസ് പ്രതിസന്ധിയെയും ബ്രിട്ടീഷ്– ജോർദാനിയൻ ഉടമ്പടിക്കെതിരായ പ്രക്ഷോഭത്തെയും തുടർന്ന് 1956–1957 കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം എല്ലാവിധ അടിച്ചമർത്തലുകളെയും അതിജീവിച്ച് വളർന്നുവന്നു.
1956ൽ നടന്ന ജോർദാനിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നാഷണൽ ഫ്രണ്ട് മൂന്ന് സീറ്റിൽ വിജയിച്ചു. നബ്-ലസിൽ നിന്ന് 1953ൽ വിജയിച്ച സാലിഹ് ആ സീറ്റ് നിലനിർത്തിയതിനുപുറമെ, റാമള്ളയിൽനിന്ന് ഫയ്ഖ് ഫരാദും ജെറുസലേമിൽനിന്ന് യാക്കൂബ് സിയാദിനും വിജയിച്ചു. ഇതേ തുടർന്ന് രൂപീകരിച്ച 1951 ഒക്ടോബർ മുതൽ 1957 ഏപ്രിൽ വരെ നിലനിന്ന സുലെെമാൻ നബ്-ലൂസിയുടെ മന്ത്രിസഭയിൽ സാലിഫ് കൃഷിമന്ത്രിയായി നിയമിക്കപ്പെട്ടു. ഫുവാദ് നാസറിനെ ജയിൽമോചിതനാക്കി. പാർട്ടി പ്രസിദ്ധീകരണങ്ങൾ നിയമവിധേയമായി പ്രസിദ്ധീകരിക്കാനും വിതരണം നടത്താനും കഴിയുന്ന അവസ്ഥയായി. എന്നാൽ മതനിരപേക്ഷ ജനവിഭാഗങ്ങൾക്കിടയിൽ കടന്നുകയറാൻ ശ്രമിച്ചുകൊണ്ടിരുന്ന ബാത്ത് പാർട്ടിയായിരുന്നു ആ കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യ എതിരാളി.
എന്നാൽ, ഈ സ്വാതന്ത്ര്യവും പരസ്യപ്രവർത്തനത്തിനുള്ള സൗകര്യവും അധികകാലം നീണ്ടുനിന്നില്ല. 1957ൽ അമേരിക്കൻ സമ്മർദത്തിനു വഴങ്ങിയ ജോർദാനിലെ ഹുസെെൻ രാജാവ് കമ്യൂണിസ്റ്റുകാരോടുള്ള നിലപാട് കടുപ്പിച്ചു. കമ്യൂണിസ്റ്റുകാർ ഇസ്രയേലുമായി ഒത്തുകളിക്കുകയാണെന്ന കെട്ടുകഥ ആരോപണമായി ഉന്നയിച്ച് വീണ്ടും കമ്യൂണിസ്റ്റ് വേട്ട തുടങ്ങി. പാർലമെന്റംഗങ്ങളായ സിയാദിന്റെയും വരാദിന്റെയും പാർലമെന്റംഗത്വം റദ്ദുചെയ്യുകയും അവരെ ജയിലിലടയ്ക്കുകയും ചെയ്തു. അവർക്ക് യഥാക്രമം 19 വർഷത്തെയും 16 വർഷത്തെയും ജയിൽ ശിക്ഷ വിധിച്ചു. ഇപ്പോൾ ഇസ്രയേൽ പാർലമെന്റിലെ കമ്യൂണിസ്റ്റ് അംഗങ്ങളെയും സമാനമായ ദുരാരോപണങ്ങൾ ഉന്നയിച്ച് പാർലമെന്റിൽ നിന്ന് പുറത്താക്കിയിരിക്കുകയാണല്ലോ. പാർട്ടിയുടെ പ്രവർത്തനം ഏറെക്കുറെ നിലച്ച അവസ്ഥയായി. പാർട്ടി അംഗങ്ങൾക്കുള്ള വിദ്യാഭ്യാസത്തിലും അൽ–മുഖാവമ അശ് –ശാബിയ എന്ന പാർട്ടി പ്രസിദ്ധീകരണത്തിലും പാർട്ടി പ്രവർത്തനം ഒതുക്കപ്പെട്ടു.
1960കളായപ്പോൾ പാർട്ടിക്കുള്ളിൽ അഭിപ്രായഭിന്നത രൂക്ഷമായി. ഫുവാദ് നാസറിന്റെ അസാന്നിധ്യത്തിൽ ആക്ടിങ് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ഫഹ്മി അൽ–സൽഫിത്തി ഹാഷമെെറ്റ് രാജവാഴ്ചയുമായി ചില വിട്ടുവീഴ്ചകൾ ചെയ്ത് സഹകരിച്ച് നിൽക്കുകയെന്ന വലതുപക്ഷ നിലപാട് സ്വീകരിച്ചു. പലസ്തീൻ ജനതയുടെ മോചനത്തിനായുള്ള സായുധ ചെറുത്തുനിൽപ്പുകളെ എതിർക്കുകയും ജോർദാനിലെ ഹുസെെൻ രാജാവ് ഇസ്രയേലിനെതിരായ സമരത്തിൽ നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്യുമെന്ന നിലപാടാണ് ഈ വിഭാഗം സ്വീകരിച്ചത്. 1967 നവംബർ 22ലെ യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം 242 പ്രകാരം പലസ്തീൻ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാനാവും എന്ന നിലപാടായിരുന്നു ഈ വിഭാഗത്തിനുണ്ടായിരുന്നത്. എന്നാൽ പ്രമേയം നടപ്പാക്കാൻ ഇസ്രയേൽ കൂട്ടാക്കുന്നില്ല എന്നതുപോലും പാർട്ടിയിലെ ഈ വലതുപക്ഷ വിഭാഗം കണക്കിലെടുത്തില്ല.
എന്നാൽ രാജ്യത്തിനു പുറത്തുനിന്ന് പ്രവർത്തിച്ചിരുന്ന പാർട്ടി ജനറൽ സെക്രട്ടറി ഫുവാദ് നാസർ ഉൾപ്പെടെയുള്ള വിഭാഗം ഈ നിലപാടിനെതിരായിരുന്നു. 1967 ജൂണിലെ ആറ് ദിന യുദ്ധകാലത്ത് വെസ്റ്റ് ബാങ്കിൽ പാർട്ടി പ്രവർത്തനത്തിനു നേതൃത്വം നൽകിയിരുന്നത് നയിം അൽ അശ്ശാബ്, സുലെെമാൻ അൽ–നജ്ജാബ്, ‘അറബി’ അവ്വാദ് എന്നിവരായിരുന്നു. പിന്നീട് ബഷീർ ബർഗുതി നേതൃത്വം ഏറ്റെടുത്തു. വെസ്റ്റ് ബാങ്കിൽ അൽ–വതൻ (പിതൃഭൂമി) എന്ന പേരിൽ ഒരു പ്രസിദ്ധീകരണം തുടങ്ങി. വെസ്റ്റ് ബാങ്കിൽ അൽ–അശ്ശാബിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കമ്യൂണിസ്റ്റുകാർ സായുധ സമരത്തിലേക്ക് എടുത്തുചാടിയിരുന്നില്ല. നിലവിലുള്ള ആത്മനിഷ്ഠ സാഹചര്യത്തിൽ സായുധസമരത്തിലേക്ക് നീങ്ങുന്നത് അകാലികമാണെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. എന്നാൽ വെസ്റ്റ് ബാങ്കിൽ മാറിവന്ന രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തുകൊണ്ട് തങ്ങളുടെ നിലപാട് പുനഃപരിശോധിക്കേണ്ടതുണ്ടെന്ന നിഗമനത്തിലാണ് അവിടെ പ്രവർത്തിച്ചിരുന്ന പാർട്ടി അംഗങ്ങൾ എത്തിച്ചേർന്നത്. ജോർദാനിയൻ കമ്യൂണിസ്റ്റ് പാർട്ടിയിലൊ ജോർദാൻ ഭരണത്തിനനുകൂലമായ നിലപാടുകാരും സായുധ സമരത്തോടുള്ള അവരുടെ വ്യക്തതയില്ലാത്ത നിലപാടും പാർട്ടിയുടെ മുന്നോട്ടുപോക്കിന് തടസ്സമായിവന്നു. എന്നാൽ വെസ്റ്റ് ബാങ്കിലെ കമ്യൂണിസ്റ്റുകാർ പലസ്തീൻ വിമോചന പ്രസ്ഥാനവുമായി ഉറ്റബന്ധം പുലർത്തിനിന്നു. കാരണം അവർ സയണിസ്റ്റ് ഭീകരത നേരിട്ടനുഭവിക്കുന്നവരായിരുന്നു.
1973 ആയപ്പോൾ വെസ്റ്റ് ബാങ്കും ഗാസയും ചേർത്തുള്ള പലസ്തീൻ രാഷ്ട്ര രൂപീകരണം നടത്തണമെന്ന നിലപാടായിരുന്നു വെസ്റ്റ് ബാങ്കിലെ കമ്യൂണിസ്റ്റുകാർ മുന്നോട്ടുവച്ചത്. ഈ വ്യത്യസ്ത നിലപാടുകൾ വെസ്റ്റ് ബാങ്കിലെ പാർട്ടി പ്രവർത്തകരും അമ്മാനിൽ നിന്നിരുന്ന ജോർദാനിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔപചാരിക നേതൃത്വവും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കി. ഈ തർക്കങ്ങൾ ഒടുവിൽ വെസ്റ്റ് ബാങ്കിൽ പ്രവർത്തിച്ചിരുന്ന വിഭാഗം പാലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിയായി തുടർന്ന് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനും ജോർദാൻ രാജ്യാതിർത്തിക്കുള്ളിൽ ഒതുങ്ങുന്നതായി ജോർദാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനത്തെ മാറ്റാനും 1982 ഫെബ്രുവരി 10ന് നടന്ന പാർട്ടി സമ്മേളനത്തിൽ തീരുമാനമായി. ഇവിടെ നാം ഓർക്കേണ്ട ഒരുകാര്യം 1967ലെ ആറ് ദിന യുദ്ധത്തെത്തുടർന്ന് വെസ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ള പലസ്തീൻ പ്രദേശത്തിന്റെയാകെ നിയന്ത്രണം ഇസ്രയേൽ കയ്യടക്കിയിരുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ജോർദാന്റെ രാഷ്ട്രാതിർത്തിക്ക് പുറത്തുള്ള പ്രദേശത്തെ വസ്തുനിഷ്ഠമായ സാഹചര്യം വിലയിരുത്താൻ അവിടെ പ്രവർത്തിച്ചിരുന്നവർക്കേ കഴിയുമായിരുന്നുള്ളൂ. ഈ നിലയിലുള്ള ചർച്ചകളുടെ പര്യവസാനമായിരുന്നു 1982 ഫെബ്രുവരിയിലെ തീരുമാനം.
അതേസമയം 1993 വരെയും ജോർദാനിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനത്തെ ജോർദാനിലെ സർക്കാർ നിരോധിച്ചിരുന്നു. 1986ൽ സർവകലാശാലകൾക്കുള്ളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളെ തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടിക്ക് നേരെ കടുത്ത ആക്രമണമാണ് അവിടെ ഭരണകൂടം അഴിച്ചുവിട്ടത്. ലിബിയക്കുമേൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ പ്രതിഷേധിച്ച 31 വിദ്യാർത്ഥികളെ പിരിച്ചുവിട്ടതിലും സർവ്വകലാശാലയിലെ ഫീസുകൾ കുത്തനെ വർധിപ്പിച്ചതിലും രോഷാകുലരായാണ് വിദ്യാർത്ഥികൾ പഠിപ്പുമുടക്കി തെരുവിലിറങ്ങിയത്. ജോർദാനിലെ രണ്ടാമത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ ആൾ യാർ മൗതക്ക് സർവകലാശാലയിലായിരുന്നു പ്രതിഷേധ പ്രകടനം ആരംഭിച്ചത്. പൊലീസ് നടപടിയിൽ നാല് വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിദ്യാർത്ഥി പ്രക്ഷോഭത്തിനു പിന്നിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആസൂത്രിത നീക്കമുണ്ടായിരുന്നുവെന്ന പേരിലാണ് പാർട്ടിക്കു നേരെ സർക്കാർ ആക്രമണം അഴിച്ചുവിട്ടത്. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളെയാകെ നിരോധിച്ചിട്ടും ജനങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വാധീനം വർദ്ധിച്ചുവരുന്നു എന്ന് സർക്കാരിനു തന്നെ അംഗീകരിക്കേണ്ടതായി വന്നു. നിരോധനം നിലനിൽക്കുമ്പോഴും പാർട്ടി സജീവ സാന്നിധ്യമായിരുന്നുവെന്നതാണ് ഇത് വ്യക്തമാക്കുന്നത്.
എന്നാൽ ജെസിപി നേതൃത്വത്തിന്റെ പരിഷ്കരണവാദപരമായ സമീപനത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം പാർട്ടി വിടുകയും 1997ൽ ജോർദാനിയൻ കമ്യൂണിസ്റ്റ് ടോയ്‌ലേ ഴ്സ് പാർട്ടി രൂപീകരിക്കുകയും ചെയ്തു. എന്നാൽ 2008ൽ ആ പാർട്ടി വീണ്ടും ജെസിപിയിൽ ലയിച്ചു. 2011 –12?ൽ അറബ് വസന്ത പ്രക്ഷോഭത്തിൽ കമ്യൂണിസ്റ്റ് പാർട്ടി മുൻനിരയിൽ തന്നെ സജീവമായി ഉണ്ടായിരുന്നു. 2023 ഒക്ടോബർ 7 മുതൽ ഗാസയ്ക്കുനേരെ സാമ്രാജ്യത്വ പിന്തുണയോടെ നടക്കുന്ന ഇസ്രയേലിന്റെ ആക്രമണത്തിലും ജോർദാൻ ഭരണകൂടം ഇസ്രയേലുമായി നയതന്ത്രബന്ധം തുടരുന്നതിലും പ്രതിഷേധിച്ച് ജോർദാനിലാകെ ഉയരുന്ന പ്രക്ഷോഭത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയും സജീവ സാന്നിധ്യമാണ്. ഡോക്ടർ മുനീർ ഹമറാന ആണ് ജെസിപിയുടെ ജനറൽ സെക്രട്ടറി. അൽ ജമാഹിർ (ബഹുജനം)ആണ് പാർട്ടിയുടെ ജിഹ്വ. ♦