Friday, November 22, 2024

ad

Homeപ്രതികരണംനവകേരള സദസ് മറ്റൊരു മഹനീയ മാതൃക

നവകേരള സദസ് മറ്റൊരു മഹനീയ മാതൃക

പിണറായി വിജയൻ

നാധിപത്യവിശ്വാസവും പൗരബോധവും മുറുകെപ്പിടിക്കുന്ന പൊതുസമൂഹമാണ് കേരളത്തിന്റെ കരുത്ത് എന്ന് പലരും ചൂണ്ടിക്കാണിക്കാറുണ്ട്. അതു പൂര്‍ണ്ണമായും ശരിയാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് നവകേരള സദസ്സിന്റെ വേദികളിലേയ്ക്ക് ഒഴുകിയെത്തുന്ന ജനപ്രവാഹം.

തിരക്കു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് വേദികളില്‍ നിവേദനങ്ങള്‍ നല്‍കാനായി 20 കൗണ്ടറുകൾ ആണ് സജ്ജമാക്കുന്നത്. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പു തന്നെ നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങും. ഇവ മുഴുവനും സ്വീകരിക്കുന്നതു വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. നിവേദനം സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൗണ്ടറുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മുതിര്‍ന്ന പൗരര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന നിവേദനങ്ങളും പരാതികളും വേഗത്തില്‍ തീര്‍പ്പാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്.

നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas. kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈല്‍ നമ്പറോ നല്‍കിയാല്‍ മതി. പരാതികളില്‍ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതല്‍ നടപടിക്രമം ആവശ്യമെങ്കില്‍ പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥര്‍ തീരുമാനം എടുക്കും. സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ ജില്ലാ ഓഫീസര്‍മാര്‍ വകുപ്പുതല മേധാവി മുഖേന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത്തരം പരാതികള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും നല്‍കും.

ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ഈ കൂട്ടായ്മയിൽ പങ്കാളികളാകുന്ന ഓരോരുത്തരും സംസ്ഥാന സർക്കാരിലുള്ള പ്രതീക്ഷയും ഉറച്ച വിശ്വാസവുമാണ് പ്രഖ്യാപിക്കുന്നത്. എന്നാൽ യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ ഇതിനെക്കുറിച്ച് ചിലരുടെ എതിർപ്പുകൾ ഉയർന്നുവന്നു. അപവാദ പ്രചാരണങ്ങൾക്കിറങ്ങിയവരുമുണ്ട്. ബഹിഷ്കരണാഹ്വാനം മുഴക്കിയ ചിലർ ഉണ്ട്. ജനങ്ങൾ സ്വീകരിക്കാതിരിക്കാൻ തടസ്സപ്പെടുത്താൻ ശ്രമിച്ചവരുണ്ട്. അത്തരക്കാരുടെ ആഗ്രഹങ്ങളല്ല ജനങ്ങൾ നിറവേറ്റുന്നത്. അത്തരം കുത്സിത ശ്രമങ്ങൾക്കൊന്നും ചെവികൊടുക്കാതെ, സർക്കാരിനുള്ള അചഞ്ചലമായ പിന്തുണയുമായി ആബാലവൃദ്ധം ജനങ്ങൾ ഒരു തരത്തിലുള്ള ഭേദവുമില്ലാതെ നവകേരള സദസ്സിനൊപ്പം അണിചേരുകയാണ്. ഇത് വലിയ കരുത്താണ് സർക്കാരിനു നൽകുന്നത്.

ജനങ്ങൾ ഏറ്റെടുത്ത ഈ മുന്നേറ്റം ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്‌. അത്തരക്കാർ എങ്ങനെയെല്ലാം ഇതിനെ സംഘർഷഭരിതമാക്കാം എന്ന ആലോചന നടക്കുന്നു. ഇന്നലെ അതിന്റെ ഭാഗമായി ഒരു നീക്കം ഉണ്ടായി. കരിങ്കൊടി പ്രകടനം എന്ന് അതിനെ ചിലർ വിശേഷിപ്പിച്ചു കണ്ടു. ജനാധിപത്യപരമായ ഒരു പ്രതിഷേധത്തിനും ഈ സർക്കാർ എതിരല്ല. എന്നാൽ, കരിങ്കൊടിയുമായി ഓടുന്ന വാഹനത്തിനു നേരെ ചാടിയാലോ? അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതാവണമെന്നില്ല. റോഡിലേക്ക് ചാടുന്ന ആൾക്ക് അപകടമുണ്ടായാലോ? അത് ഏതെല്ലാം തരത്തിലുള്ള പ്രചരണത്തിന് ഇടയാക്കും.

തെരുവില്‍ നേരിടും, തലസ്ഥാനം വരെ കരിങ്കൊടി കാണിക്കും എന്നെല്ലാമുള്ള പ്രഖ്യാപനങ്ങൾ ഉത്തരവാദപ്പെട്ട ചിലരിൽ നിന്ന് വന്നതായി കണ്ടു. നവകേരള സദസ്സ് “അശ്‌ളീല നാടകമാണ്”എന്ന് ആക്ഷേപിച്ചതും കേട്ടു. ആരെയാണ് ഇതിലൂടെ അവർ അപമാനിക്കുന്നതും അവഹേളിക്കുന്നതും? ഇതിൽ പങ്കെടുക്കുന്ന ജനലക്ഷങ്ങളെയല്ലേ? ഇവരൊക്കെ അശ്ലീല പരിപാടിയിലാണോ എത്തുന്നത്? ജനലക്ഷങ്ങൾ ഒഴുകി വരുന്നത് തടയാൻ വേറെ മാർഗമില്ലാതായപ്പോൾ അതിനെ തടയാൻ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.

എല്ലാ ഭേദങ്ങൾക്കും അതീതമായി, രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റി വച്ച് കേരളമെന്ന വികാരത്തിനായി നാടൊരുമിക്കുന്ന കാഴ്ചയാണ് എങ്ങുമുള്ളത്. സാധാരണക്കാർക്ക് സമീപിക്കാനാവാത്ത ഒന്നാണ് സർക്കാരെന്ന പൊതുധാരണയെ ഇല്ലാതാക്കുക എന്നതാണ് ഈ സർക്കാരിന്റെ നയം. അതിന്റെ മനോഹരമായ ആവിഷ്കാരമാണ് നവകേരള സദസ്സുകൾ എന്നതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത.

കർഷകരുടെയും തൊഴിലാളികളുടെയും ആശാ വർക്കർമാരുടെയും പാചക തൊഴിലാളികളുടെയും ഹരിതകർമ്മ സേനയുടെയും അക്കാദമിക് വിദഗ്ധരുടെയും കലാ, സാംസ്കാരിക പ്രവർത്തകരുടെയും വിവിധ മേഖലകളിലെ പ്രൊഫഷണലുകളുടെയും വ്യവസായികളുടെയും-ഇങ്ങനെ സമൂഹത്തിന്റെയാകെ പ്രാതിനിധ്യമാണ് ഓരോ ദിവസത്തേയും പര്യടനത്തിനുമുമ്പ് ചേരുന്ന പ്രഭാത യോഗത്തിൽ ഉണ്ടാകുന്നത്.

ഓരോരുത്തർക്കും സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ആവശ്യങ്ങൾ ഉന്നയിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. ലോകത്തിനു മുന്നിൽ ജനാധിപത്യത്തിന്റെ മറ്റൊരു മഹനീയ മാതൃക കൂടി കേരളം ഉയർത്തുകയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − five =

Most Popular