Monday, July 22, 2024

ad

Homeനിരീക്ഷണംഉത്തരവാദിത്വം നിറവേറ്റാത്ത ബിജെപി സർക്കാർ

ഉത്തരവാദിത്വം നിറവേറ്റാത്ത ബിജെപി സർക്കാർ

സി പി നാരായണൻ

വംബർ 12 ഞായറാഴ്ച വെളുപ്പിനു ഉത്തരാഖണ്ഡിലെ ദേശീയപാത 134ൽ നിർമാണത്തിലിരിക്കുന്ന സിൽക്കാര–ദന്തൽഗാവ് തുരങ്കപാതയിൽ മണ്ണിടിഞ്ഞ് 41 തൊഴിലാളികൾ തുരങ്കത്തിൽപ്പെട്ടു. ഇത് എഴുതുമ്പോൾ സംഭവം നടന്നിട്ട് പത്തുദിവസം കഴിഞ്ഞു. തൊഴിലാളികളെ രക്ഷിക്കാൻ കേന്ദ്ര സർക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നുണ്ടെങ്കിലും തുരങ്കത്തിൽ കുടുങ്ങിയ അവരെ എന്നേക്കു പുറത്തുകൊണ്ടുവരാൻ കഴിയുമെന്നു ഇനിയും ഉറപ്പിച്ചുപറയാൻ ഈ സ്ഥാപനങ്ങളുടെ മേധാവികൾക്കോ അവരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രിയാണെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടി സ്ഥാനാർഥികളെ ജയിപ്പിക്കാനുള്ള തിരക്കിലാണ്.

ഉത്തരകാശിയിലേക്ക് നയിക്കുന്നതാണ് ദേശീയപാത 134. ഹിമാലയത്തിലെ പല ഗിരിനിരകളിൽ ഒന്നിനെ റോഡുമാർഗം കയറി ഇറങ്ങി പിന്നീട് മറുഭാഗത്ത് എത്തുന്നത് ഒഴിവാക്കാനാണ് സിൽക്കാര–ദന്തൽഗാവ് തുരങ്ക പാത പണിയുന്നത്. 1120 കോടിയോളം രൂപ ചെലവിലാണ് അതിന്റെ നിർമാണം. ഈ തുരങ്കം രണ്ടറ്റങ്ങളിൽനിന്നും ഒരേ സമയം നിർമിക്കുകയാണ‍്. 4.5 കിമീ ആണ് അതിന്റെ നിർദ്ദിഷ്ട നീളം. അതിൽ 2.5 കിമീ നീളത്തിൽ സിൽക്കാരയിൽ നിന്നുള്ള ഭാഗം തുരന്നെടുത്തു. 2 കിലോമീറ്ററോളം ഭാഗത്ത് കോൺക്രീറ്റിങ് മുകളിലും വശങ്ങളിലും താഴെയും ചെയ്തുകഴിഞ്ഞു. കോൺക്രീറ്റ് ചെയ്യാത്ത മേഖലയുടെ മുകൾഭാഗത്തെ മണ്ണ് ഇടിഞ്ഞുവീണ് 41 തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങി. അവർ ഇരിക്കുന്ന ഭാഗത്ത് മുകൾഭാഗവും വശങ്ങളും കോൺക്രീറ്റ് ചെയ്തതിനാൽ ഇടിയുകയില്ല എന്ന സുരക്ഷിതത്വം അവർക്കുണ്ട്. പക്ഷേ, ഒരു ഭാഗത്താണ് മേലെ നിന്നു മണ്ണിടിഞ്ഞ് അവരെ കുടുക്കിയത്. മറുഭാഗത്ത് തുരങ്ക നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. അങ്ങനെ അവർ വലിയൊരു കുടുക്കിൽപെട്ടിരിക്കുകയാണ്.

ഇന്ത്യയിലെ തുരങ്ക നിർമാണത്തിൽ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ അപകടങ്ങളിൽ ഒന്നാണിത്. ഹിമാലയത്തിലെ കുന്നുകളും ഗിരിനിരകളും പശ്ചിമഘട്ടം, വിന്ധ്യൻ എന്നീ മലനിരകളോളം പഴക്കവും ഉറപ്പും ഉള്ളതല്ല എന്നാണ് ഭൗമശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. അത് അവയിൽ പലതിന്റെയും ദൃഢതയും കെട്ടുറപ്പും കുറയ്ക്കുന്നു. അതിനാൽ ഹിമാലയത്തിൽ നടത്തുന്ന നിർമാണപ്രവർത്തനത്തിനു കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും ആവശ്യമാണ്. പ്രത്യേകിച്ചും തുരങ്കങ്ങൾ നിർമിക്കുമ്പോൾ. അത്തരമൊരു മുൻകരുതൽ ദേശീയപാത 134 മായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങളിൽ ഇന്ത്യാ സർക്കാരുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളും സ്ഥാപനങ്ങളും ഉത്തരാഖണ്ഡ് സർക്കാരും കെെക്കൊണ്ടുവോ എന്ന ചോദ്യം ഈ തൊഴിലാളികൾ മണ്ണിനടിയിൽ പെടാൻ ഇടയായ സംഭവവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നു.

അദാനിയെപ്പോലുള്ള കരാറുകൾക്ക് വലിയ ലാഭം ലഭിക്കാൻ ഇടയാക്കുന്ന തരത്തിൽ ദേശീയപാതകളുടെയും തുറമുഖങ്ങളുടെയും റെയിൽപ്പാതകളുടെയും മറ്റും നിർമാണങ്ങൾക്ക് മോദി സർക്കാർ മുൻഗണന നൽകിയിട്ടുണ്ട്. ദേശീയപാതകളുടെ കരാറുകൾ ധൃതഗതിയിൽ നൽകിയതിലും വേഗത്തിലുള്ള നിർമാണ പ്രവർത്തനവും അതിനു ഉദാഹരണമാണ്. വികസനപ്രവർത്തനം വേഗത്തിൽ നടപ്പാക്കുന്നതൊക്കെ കൊള്ളാം. ആരും എതിരു പറയില്ല. പക്ഷേ, വികസന പദ്ധതികളുടെ -ഫലപ്രദമായ നിർമാണം കാര്യക്ഷമമായും ഉറപ്പോടെയും ഏറ്റവും ചെലവു കുറഞ്ഞും വേണമെന്നു ജനങ്ങളെല്ലാം ആഗ്രഹിക്കും. മോദി സർക്കാരിന്റെ പല പദ്ധതികളും അങ്ങനെയാണോ എന്ന ചോദ്യം ഈ സന്ദർഭത്തിൽ പ്രസക്തമാണ്.

അവയുടെ ആസൂത്രണത്തിലും നിർമാണത്തിലും വീഴ്ചയ്-ക്കും അധികചെലവും ഉണ്ടാകുന്നതിനെ ആരും സ്വാഗതം ചെയ്യുകയോ ശരിവയ്ക്കുകയോ ചെയ്യില്ല. കാര്യക്ഷമതയോടെയും ഫലപ്രദവുമായും ചെലവു ചുരുക്കിയും വേണം പദ്ധതി നിർവഹണം. അങ്ങനെ അല്ലാതെ വന്നാൽ വിമർശിക്കും. സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായും ചെലവു കുറച്ചും കാര്യക്ഷമമായും അല്ല ദേശീയപാത 134 ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ നിർമിച്ചുകൊണ്ടിരിക്കുന്നത് എന്ന വിമർശനം ഉയർന്നിട്ടുണ്ട്. മോദി സർക്കാർ വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന നിരവധി ദേശീയപാതകളുടെ കരാർ നൽകി കരാറുകാരെയും മറ്റും ശരിക്കും സുഖിപ്പിക്കുന്നുണ്ട്. അതിന്റെ പ്രയോജനം ഭരണകക്ഷിയായ ബിജെപിക്കും സ്വാഭാവികമായും ഉണ്ടാകും എന്നു തീർച്ച.

ഹിമാചൽ പ്രദേശിലെ മണാലിയിൽനിന്നു ആ സംസ്ഥാനത്തെ തന്നെ ലേയിൽ എത്തുന്നതിനു ഹിമാലയത്തിലെ റോത്താങ്ങ് ചുരം കടക്കേണ്ടിയിരുന്നു. ഏതാണ്ട് 13,000 അടിയാണ് അതിന്റെ ഉയരം. വർഷത്തിൽ 8–9 മാസക്കാലം ആ ചുരം മഞ്ഞുമൂടിക്കിടക്കും. അത് ആ സംസ്ഥാനത്തെ ലേ പ്രദേശത്ത് ജീവിക്കുന്നവർക്കും റോത്താങ്ങ് ചുരം കടന്നു ലേ വഴി ജമ്മു–കാശ്മീരിലേക്കു പോകുന്നവർക്കും തടസ്സമായിരുന്നു. അത് ഒഴിവാക്കാനാണ് മണാലിയിൽ നിന്നു ലേയിലേക്ക് 9.02 കിമീ നീളത്തിൽ അടൽ ടണൽ പണിതത്. അതോടെ മണാലിയിൽ നിന്നു ലേയിലേക്കും ജമ്മു–കാശ്മീരിലേക്കും മറ്റും (തിരിച്ചും) വർഷം മുഴുവൻ റോഡ് മാർഗം സഞ്ചരിക്കാനും സാധനങ്ങൾ എത്തിക്കാനും കഴിയുന്ന സ്ഥിതിയുണ്ടായി. മൻമോഹൻസിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്താണ് ഈ ടണൽ നിർമാണത്തിനുള്ള പ്രവർത്തനം ആരംഭിച്ചത്.

ഇത്തരം ചില ഉദാഹരണങ്ങൾ പരാമർശിച്ചത് ഇന്ത്യയിൽ, ഹിമാലയത്തിൽതന്നെ, ദുഷ്-കരമായ തുരങ്ക നിർമാണം വിജയകരമായി നടത്തിയിട്ടുണ്ട് എന്നു ഓർമപ്പെടുത്താനാണ്. അതിനുള്ള എൻജിനീയറിങ് സാങ്കേതികവിദ്യയും തന്ത്രങ്ങളും ഒക്കെ ഇന്ത്യയിലെ എൻജിനീയർമാർക്കും നിർമാണത്തൊഴിലാളികൾക്കും അറിയാവുന്നതാണ്. അതിലൊക്കെ അവർ മികവ് കാണിച്ചിട്ടുള്ളതുമാണ്. പിന്നെ എന്തുകൊണ്ട് ഉത്തരാഖണ്ഡിലെ സിൽകാര–ദന്തൽഗഡ് തുരങ്കപാതയിൽ നിർമാണം നടക്കവെ മണ്ണിടിഞ്ഞ് 41 തൊഴിലാളികൾ 10 ദിവസമായി മണ്ണിനടിയിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു, അവരെ രക്ഷിക്കാൻ ഇതുവരെയായിട്ടും സർക്കാരിനു എന്തുകൊണ്ട് കഴിയുന്നില്ല എന്ന പ്രസക്തമായ ചോദ്യം ഉയരുന്നു.

ഇങ്ങനെയൊരു അപകടസാധ്യത ഇത്തരം നിർമാണപ്രവർത്തനം നടത്തുമ്പോൾ തള്ളിക്കളയാനാവില്ല. അല്ലെങ്കിൽ അത്രത്തോളം കുറ്റമറ്റ നിർമാണരീതിയായിരിക്കണം അവലംബിക്കുന്നത്. ഈ തുരങ്കനിർമാണത്തിനുമുമ്പ് ആ കുന്നിൻപ്രദേശത്തെ മണ്ണിന്റെയും പാറയുടെയും ഘടനയും അവ അടർന്നു വീഴാനുള്ള സാധ്യതയും ഉത്തരവാദപ്പെട്ട ഭൗമശാസ്ത്രജ്ഞരും എൻജിനീയർമാരും വിശദമായി പഠിച്ച് ആപൽ സാധ്യതകൾക്ക് പരിഹാരം മുൻകൂട്ടി ആവിഷ്കരിച്ചിരുന്നില്ല എന്നു വ്യക്തമാണ്. അതുകൊണ്ടാണ് 41 തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ മണ്ണിടിഞ്ഞ് 10 ദിവസമായി പെട്ടു കിടക്കുമ്പോൾ അവരെ രക്ഷിക്കാനുള്ള മാർഗം തേടിപ്പോകേണ്ടിവന്നത്. ഇപ്പോൾ മണ്ണും കല്ലും മാറ്റി തൊഴിലാളികളെ എത്രയും വേഗം പുറത്തെടുക്കാനുള്ള യന്ത്രങ്ങളും അവ പ്രവർത്തിപ്പിക്കാനുള്ള വിദഗ്ധത്തൊഴിലാളികളും അമേരിക്കയിൽനിന്നും മറ്റും അപകട സ്ഥലത്തെത്തിയിട്ടുണ്ട്. അതിനാൽ തുരങ്കത്തിനുള്ളിൽ പെട്ടുപോയ 41 തൊഴിലാളികളും സുരക്ഷിതമായി പുറത്തെത്തിക്കപ്പെടും. അതിവേഗം എന്നു നമുക്കു പ്രതീക്ഷിക്കാം.

ഉത്തരാഖണ്ഡിലായാലും കേന്ദ്രത്തിലായാലും ബിജെപി സർക്കാരുകളാണ് ഉള്ളത്. ഇത്തരത്തിൽ ആപൽ സാധ്യതകൾ തീർത്തും തള്ളിക്കളയാനാകാത്ത ടണൽ നിർമാണം പോലുള്ള പദ്ധതികൾ നടപ്പാക്കുമ്പോൾ അധികാരികൾ ഉറപ്പാക്കേണ്ടതാണ് അവയിൽ പ്രവർത്തിക്കുന്നവർക്ക് ഒരു തരത്തിലും അപായം ഉണ്ടാകുന്നില്ല എന്നത്. അതിനു ആവശ്യമായ മുൻകരുതലുകൾ സർക്കാർ നിർബന്ധമായും സ്വീകരിക്കേണ്ടതായിരുന്നു. സിൽകാര–ദന്തൽഗഡ് തുരങ്കം നിർമിക്കുന്നതിനുമുമ്പുതന്നെ തുരങ്കനിർമാണത്തിനിടയിൽ അപകടം ഉണ്ടാകാമെന്നു കണ്ട് അങ്ങനെ സംഭവിച്ചാൽ അതിനു ഇരയാകുന്നവരെ പെട്ടെന്നുതന്നെ സംരക്ഷിക്കുന്നതിനു ആവശ്യമായ പരിഹാരമാർഗങ്ങൾ ആരായുക മാത്രമല്ല, അവ നടപ്പാക്കുന്നതിനുവേണ്ട എല്ലാ തയ്യാറെടുപ്പും സർക്കാർ നടത്തേണ്ടതായിരുന്നു. അത് ഉണ്ടായില്ല എന്നത് മോദി സർക്കാരിന്റെ ഭാഗത്തുണനിന്നുണ്ടായ ഒരു തരത്തിലും നീതികരിക്കാനാകാത്ത വീഴ്ചയാണ്. ഈ ടണലിന്റെ പ്രത്യേകതകൊണ്ട് ടണലിൽപെട്ടവർ പെട്ടെന്നു ശ്വാസംമുട്ടി മരിച്ചില്ല. ഇതിനിടയിൽ അവർക്ക് ആവശ്യമായ ശുദ്ധവായു, കുടിവെള്ളം, ഭക്ഷണം, മരുന്ന് മുതലായ അവശ്യവസ്തുക്കളെല്ലാം കുഴൽവഴി എത്തിച്ചു കൊടുക്കാൻ കഴിഞ്ഞത് ആശ്വാസകരമാണ്.

ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഈ പ്രശ്ന പരിഹാരത്തിനു പറ്റിയ സാങ്കേതികവിദ്യയും അവ പ്രയോഗിക്കാനുള്ള വിദഗ്ധരും ലഭ്യമായിട്ടുണ്ട്. അവരുടെ സേവനവും വിവിധ രാജ്യങ്ങളിൽനിന്നു ലഭിച്ച സാങ്കേതികവിദ്യയും യന്ത്രങ്ങളും ഉപയോഗിച്ച് 41 തൊഴിലാളികളെയും അവർക്കു കൂടുതൽ ആരോഗ്യഭീഷണി ഉണ്ടാകുന്നതിനു മുമ്പ് തുരങ്കത്തിൽനിന്നു രക്ഷിക്കുകയാണ് അടിയന്തരമായി വേണ്ടത്.

വ്യാപകമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ഈ ഗുരുതര പ്രശ്നം പരിഹരിക്കുന്നതിനു അവസാനനിമിഷത്തിൽ മോദി സർക്കാരും ഉത്തരാഖണ്ഡിലെ ബിജെപി സർക്കാരും നിർബന്ധിതമായി. ഇത്തരം ഒരു ദേശീയ ദുരന്തമുണ്ടായ ഉടനെ തന്നെ കേന്ദ്ര-–സംസ്ഥാന സർക്കാരുകൾ കൂടുതൽ വേഗത്തിൽ പ്രവർത്തിക്കേണ്ടതായിരുന്നു. ജനങ്ങളുടെ ജീവൻ രക്ഷിക്കുക തങ്ങളുടെ പ്രഥമവും പ്രധാനവുമായ കടമയാണ് എന്ന് ഏത് സർക്കാരും ഉടനടി തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടതാണ്, ജനാധിപത്യവ്യവസ്ഥയിൽ. മോദി സർക്കാർ ഈ പ്രശ്നത്തിൽ ഇടപെട്ടത് ജനങ്ങളിൽ നിന്നു സമ്മർദം ഉയർന്നുവന്നതിനെ തുടർന്നാണ്. അതാണ് ജനങ്ങളോടുള്ള അവരുടെ കൂറ്! ഏതായാലും സർക്കാരിനേക്കാൾ കൂടുതൽ ജനങ്ങൾ മുൻകയ്യെടുത്ത് പ്രവർത്തിച്ചതിന്റെ ഫലമായി ഈ തുരങ്കദുരന്തം താമസിയാതെ പരിഹരിക്കപ്പെടും എന്നു പ്രതീക്ഷിക്കാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four + two =

Most Popular