Saturday, May 18, 2024

ad

Homeഇവർ നയിച്ചവർഎ കണാരൻ: കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരൻ

എ കണാരൻ: കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരൻ

ഗിരീഷ്‌ ചേനപ്പാടി

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം, കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചുവരവെയാണ്‌ എ കണാരൻ 2004 ഡിസംബർ 19ന്‌ ഓർമയായത്‌. നാലര പതിറ്റാണ്ടിലേറെക്കാലത്തെ അദ്ദേഹത്തിന്റെ പൊതുപ്രവർത്തനം പോരാട്ടങ്ങളുടെയും ചെറുത്തുനിൽപിന്റെയും ഉജ്വല അധ്യായങ്ങൾ രചിച്ചുകൊണ്ടുള്ളതായിരുന്നു. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും ബഹുജനസംഘടനകൾക്കും സംസ്ഥാനത്തൊട്ടാകെ പ്രത്യേകിച്ച്‌ കോഴിക്കോട്‌ ജില്ലയിൽ വേരോട്ടമുണ്ടാക്കുന്നതിൽ കണാരേട്ടൻ വഹിച്ച പങ്ക്‌ നിർണായകമാണ്‌. സമരവും സഹനവും സംഘടനാശേഷിയും കൊണ്ട്‌ എതിരാളികളെ മുട്ടുകുത്തിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശേഷി അപാരമായിരുന്നു.

കോഴിക്കോട്‌ ജില്ലയിൽ എടച്ചേരി അരയാക്കൂലിയിലെ ഒരു ദരിദ്ര കർഷക കുടുംബത്തിൽ 1935ലാണ്‌ എ കണാരൻ ജനിച്ചത്‌. പിതാവ്‌ കണ്ണൻ, മാതാവ്‌ മാത. അച്ഛനമ്മമാരുടെ അഞ്ചു മക്കളിൽ മൂന്നാമനായിരുന്നു കണാരൻ. ജന്മിത്തത്തിന്റെ നിഷ്‌ഠുരമായ അടിച്ചമർത്തലുകളും കൊടും ക്രൂരതകളും ജാതീയമായ വിവേചനങ്ങളും കുട്ടിക്കാലം മുതൽ കണ്ടും അനുഭവിച്ചുമാണ്‌ എ കണാരൻ വളർന്നത്‌. അനീതികൾക്കെതിരെ അതിശക്തമായി പ്രതിഷേധിച്ചുവന്ന അദ്ദേഹം ആദ്യം മുതലേ പോരാളിയുടെ വീറ്‌ കാണിച്ചിരുന്നുവെന്ന്‌ സമകാലികർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. നരിക്കുന്ന്‌ യുപി സ്‌കൂളിലായിരുന്നു കണാരന്റെ പ്രാഥമിക വിദ്യാഭ്യാസം. വീട്ടിൽനിന്ന്‌ വിളിപ്പാടകലെ കോവിലകം വക സ്‌കൂൾ ഉണ്ടായിരുന്നെങ്കിലും താഴ്‌ന്ന സമുദായക്കാർക്ക്‌ അവിടെ പ്രവേശനമില്ലായിരുന്നു. അതുകൊണ്ട്‌ ആറു കിലോമീറ്റർ അകലെയുള്ള വരിശ്യക്കുനി യുപി സ്‌കൂളിലായിരുന്നു പിന്നീടുള്ള പഠനം. ഏഴാംക്ലാസ്‌ വരെ അവിടെ പഠിച്ച കണാരന്‌ വീട്ടിലെ സാന്പത്തികസ്ഥിതി വളരെ പരിതാപകരമായതിരുന്നതിനാൽ തുടർന്നു പഠിക്കാൻ സാധിച്ചില്ല.

പന്ത്രണ്ടാം വയസ്സിൽ ഒരു വൈദ്യശാലയിൽ സഹായിയായി ചേർന്നു. സ്വന്തം ചെലവിന്‌ വീട്ടുകാരെ ബുദ്ധിമുട്ടിക്കേണ്ടിവന്നില്ലെങ്കിലും അതിൽനിന്ന്‌ കാര്യമായ വരുമാനം അദ്ദേഹത്തിനില്ലായിരുന്നു. എങ്കിലും വൈദ്യശാലയിൽ വരുന്നവരുമായി ബന്ധപ്പെടാനും നല്ല പൊതുജനബന്ധം നേടാനും അദ്ദേഹത്തിന്‌ സാധിച്ചു. രണ്ടാംലോകയുദ്ധവും അതുമൂലമുണ്ടായ പട്ടിണിയും പകർച്ചവ്യാധിയും ജനങ്ങളെ പൊറുതിമുട്ടിക്കുന്ന സമയമായിരുന്നല്ലോ കണാരന്റെ കുട്ടിക്കാലം. ദേശീയപ്രസ്ഥാനവും വിദേശവസ്‌ത്ര ബഹിഷ്‌കരണപ്രസ്ഥാനവുമെല്ലാം ജനങ്ങളെ ആവേശംകൊള്ളിച്ച സമയം.

സ്വാതന്ത്ര്യം ലഭിച്ചിട്ടും ജന്മിമാരുടെ അഴിഞ്ഞാട്ടത്തിനു കുറവുവന്നില്ല; ജാതീയമായ അടിച്ചമർത്തലുകൾക്കും അയിത്തത്തിനും കുറവുവന്നില്ല. പൊലീസാകട്ടെ ജന്മിമാരുടെയും അവരുടെ ഗുണ്ടകളുടെയും പക്ഷത്തായിരുന്നു. ജന്മികളുടെ ഗുണ്ടകൾക്കെതിരെ പരാതിയുമായി പൊലീസ്‌ സ്‌റ്റേഷനിൽ ചെന്നാൽ പരാതിക്കാരനെ ഭീഷണിപ്പെടുത്തുന്ന പഴയ രീതി സ്വതന്ത്ര ഇന്ത്യയിലും തുടർന്നു.

കർഷകത്തൊഴിലാളികളിൽ ഏറെയും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ടവരായിരുന്നു. പാടത്തു പണിയെടുക്കുന്നവർ വയസ്സിൽ എത്ര മൂത്തവരായാലും ചെറുക്കൻ എന്നും പെണ്ണ്‌ എന്നും മാത്രമേ ജന്മിമാരും അവരുടെ സിൽബന്തികളും വിളിക്കുമായിരുന്നുള്ളൂ. അത്‌ തങ്ങളുടെ അധീശത്വത്തിന്റെ അടയാളമായാണ്‌ ജന്മിമാർ കണ്ടത്‌. എന്നാൽ പണിയെടുക്കുന്ന വിഭാഗത്തിനു നേരെയുള്ള, ഈ അധിക്ഷേപത്തെ കമ്യൂണിസ്റ്റ്‌ പാർട്ടി ആദ്യംമുതലേ ചോദ്യംചെയ്‌തുവന്നു.

1948ൽ കമ്യൂണിസ്റ്റ്‌ പാർട്ടി നിരോധിക്കപ്പെട്ടതോടെ അന്നത്തെ അറിയപ്പെട്ട നേതാക്കളെല്ലാം ഒളിവിലായി. പാർട്ടി നേതാക്കളെ ഒളിവിൽ സഹായിക്കുക എന്നത്‌ കണാരന്റെ പ്രധാന ജോലിയും കടമയുമായി. നേതാക്കളെ ഒളിത്താവളങ്ങളിൽ സന്ദർശിക്കുകയും അവരുടെ സന്ദേശങ്ങൾ മറ്റു പാർട്ടി സഖാക്കൾക്ക്‌ എത്തിക്കുകയും ചെയ്യാൻ കുട്ടിയായ കണാരൻ വളരെയേറെ സാമർഥ്യം കാട്ടി. ഒരു ഒളിത്താവളത്തിൽനിന്ന്‌ മറ്റൊന്നിലെത്തിക്കുന്നതിലും കണാരൻ നല്ല സഹായം നൽകി. കത്തുകൾ പരസ്‌പരം കൈമാറാനുള്ള ടെക്‌മാനായും അദ്ദേഹം നിയോഗിക്കപ്പെട്ടു.

കമ്യൂണിസ്റ്റ്‌ പാർട്ടി നേതാക്കളുമായുള്ള കണാരന്റെ ബന്ധം അദ്ദേഹത്തെ അടിമുടി കമ്യൂണിസ്റ്റാക്കി. പാർട്ടിയെക്കുറിച്ചും സമത്വസുന്ദരമായ സോഷ്യലിസ്റ്റ്‌ വ്യവസ്ഥയെന്ന പാർട്ടി ലക്ഷ്യത്തെക്കുറിച്ചുമുള്ള അറിവ്‌ കണാരന്‌ പുതിയ ഉൾവെളിച്ചം നൽകി.

ഇ വി കുമാരനുമായുള്ള സ്‌നേഹബന്ധം കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമാകാൻ അദ്ദേഹത്തിന്‌ ഏറെ പ്രേരണ നൽകി.

കുട്ടിയായിരുന്നപ്പോൾ തന്നെ കണാരൻ കാണിച്ച പോരാട്ടവീറും പാർട്ടി അച്ചടക്കവും പാർട്ടി നേതാക്കളിൽ വലിയ മതിപ്പുളവാക്കി. പാർട്ടി രഹസ്യങ്ങൾ പാലിക്കുന്നതിൽ അപാരമായ പക്വതയും പ്രാപ്‌തിയും കാട്ടിയ കണാരനെ പാർട്ടി അംഗത്വത്തിലേക്കു കൊണ്ടുവരുന്നതിന്‌ വൈകേണ്ടതില്ലെന്ന്‌ നേതാക്കൾ തീരുമാനിച്ചു. അങ്ങനെയാണ്‌ 1949ൽ പതിനാലാം വയസ്സിൽ എ കണാരൻ കമ്യൂണിസ്റ്റ്‌ പാർട്ടി അംഗമായത്‌. നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായതോടെ കണാരൻ ഹസ്യ പൊലീസിന്റെ നോട്ടപ്പുള്ളിയായി.

ഒളിവിൽ പാർട്ടി പ്രവർത്തനം തുടർന്ന കണാരൻ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുക എന്ന പാർട്ടി ദൗത്യം ഏറ്റെടുത്തു. സാന്പത്തികമായും സാമൂഹികമായും ഏറ്റവും പിന്നോക്കം നിന്നിരുന്ന ജനവിഭാഗത്തെ സംഘടിപ്പിക്കുന്നതിൽ അസാധാരണമായ മികവാണ്‌ കണാരൻ പ്രദർശിപ്പിച്ചത്‌.

ചെറുക്കൻ‐പെണ്ണ്‌ വിളിക്കെതിരായ സമരം
കർഷകത്തൊഴിലാളികളിൽ മഹാഭൂരിപക്ഷവും അധഃസ്ഥിത ജനവിഭാഗങ്ങളിൽപെട്ടവരായിരുന്നു. ജന്മിമാരും സവർണരും പ്രായഭേദമെന്യേ അവരെ ചെറുക്കാ എന്നും പെണ്ണേ എന്നുമാണ്‌ വിളിച്ചിരുന്നത്‌. കൊച്ചുകുട്ടികൾ പോലും കർഷകത്തൊഴിലാളിയായ വയോവൃദ്ധരെ ഉൾപ്പെടെ എടാ ചെറുക്ക, എടീ പെണ്ണേ എന്നായിരുന്നു സംബോധന ചെയ്‌തിരുന്നത്‌. പണിയെടുക്കുന്നവരോടുള്ള പുച്ഛത്തേക്കാൾ ജാതീയമായ അധിക്ഷേപിക്കലായിരുന്നു ആ വിളി.

ജന്മിമാരുടെ പലതരത്തിലുള്ള അധിക്ഷേപങ്ങൾക്കും അടിച്ചമർത്തലിനുമെതിരെ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിൽ നിരവധി ചെറുത്തുനിൽപുകൾ സംഘടിപ്പിക്കപ്പെട്ടു; പതിയിരുന്നാക്രമിച്ച ഗുണ്ടകളെ തിരിച്ചടിയിലൂടെ വിറപ്പിച്ചു.

ചെറുക്കൻ‐പെണ്ണ്‌ വിളികൾക്കെതിരെ എ കണാരന്റെ നേതൃത്വത്തിൽ 1950കളിൽ പ്രക്ഷോഭം ആരംഭിച്ചു. തങ്ങളെ ചെറുക്കനെന്നും പെണ്ണെന്നും വിളിച്ചാൽ വിളികേൾക്കേണ്ടതില്ല, അവർ പറയുന്നത്‌ അനുസരിക്കേണ്ടതില്ല എന്ന്‌ കർഷകത്തൊഴിലാളികൾ തീരുമാനിച്ചു. അതിന്റെ പേരിൽ കള്ളക്കേസുകളിൽ കുടുക്കി ജന്മിമാരും സിൽബന്തികളും പൊലീസ്‌ സഹായത്തോടെ തൊഴിലാളികളെ വിരട്ടാൻ ശ്രമിച്ചു. എന്നാൽ അതിനെയും കണാരൻ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ്‌ നേതാക്കളുടെ നേതൃത്വത്തിൽ ചെറുത്തുതോൽപിച്ചു. അവസാനം തൊഴിലാളികളുടെ ഇച്ഛാശക്തിക്കു മുന്പിൽ ജന്മിമാർക്കും അവരുടെ അനുചരന്മാർക്കും മുട്ടുമടക്കേണ്ടിവന്നു.

കല്ലാച്ചിമുതൽ ഏറാമലവരെ ഉൾപ്പെടുന്ന ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി എ കണാരൻ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്‌ നാദാപുരം മണ്ഡലം സെക്രട്ടറിയായും നിയോഗിക്കപ്പെട്ടു. ഈ പ്രദേശത്ത്‌ കമ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ വേരോട്ടമുണ്ടാക്കുന്നതിൽ കണാരന്റെ കഠിനാധ്വാനത്തിന്റെ പങ്ക്‌ വളരെ വലുതാണ്‌.

1959ൽ അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയിലേക്ക്‌ കണാരൻ തിരഞ്ഞെടുക്കപ്പെട്ടു.

ഇ എം എസ്‌ സർക്കാർ 1957ൽ കൊണ്ടുവന്ന ഭൂപരിഷ്‌കരണനിയമത്തെ അട്ടിമറിക്കാനും അതിൽ വെള്ളംചേർക്കാനുമുള്ള ശ്രമങ്ങളാണ്‌ പിന്നീടുവന്ന കോൺഗ്രസ്‌ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്‌. അതിനെതിരെ ചെറുകിട കർഷകരെയും കർഷകത്തൊഴിലാളികളെയും അണിനിരത്തിക്കൊണ്ട്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ പ്രക്ഷോഭങ്ങൾ നടന്നു. കേഴിക്കോട്‌ ജില്ലയിലെ സമരത്തിന്റെ മുൻനിരയിൽ കണാരനുണ്ടായിരുന്നു. പ്രക്ഷോഭത്തിനു നേതൃത്വം നൽകിയതിന്റെ പേരിൽ കണാരൻ ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും അറസ്റ്റ്‌ ചെയ്യപ്പെട്ടു. രണ്ടുമാസക്കാലം അദ്ദേഹത്തെ സെൻട്രൽ ജയിലിൽ അടച്ചു.

1964ൽ പാർട്ടി ഭിന്നിച്ചപ്പോൾ സിപിഐ എമ്മിനൊപ്പം അടിയുറച്ചു നിന്ന നേതാവാണ്‌ എ കണാരൻ. സിപിഐ എം കെട്ടിപ്പടുക്കുന്നതിന്‌ അദ്ദേഹം കഠിനാധ്വാനം ചെയ്‌തു.

1965ൽ ഭക്ഷ്യക്ഷാമത്തിനെതിരെ അതിവിപുലമായ പ്രക്ഷോഭവും ക്യാന്പയിനുമാണ്‌ സിപിഐ എം സംഘടിപ്പിച്ചത്‌. പാർട്ടി നേതാക്കളിൽ പലരും ജയിലിലായിരുന്നെങ്കിലും പ്രക്ഷോഭത്തിൽ പങ്കെടുത്ത ജനപങ്കാളിത്തം എതിരാളികളെ അന്പരപ്പിക്കുന്നതായിരുന്നു. ഭക്ഷ്യക്ഷാമത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചതിന്‌ എ കണാരന്‌ രണ്ടുമാസത്തെ തടവുശിക്ഷ ലഭിച്ചു.

1967ൽ നാദാപുരത്തു നടന്ന കുടിയേറ്റസമരത്തിന്റെ മുൻനിരയിൽ എ കണാരനുണ്ടായിരുന്നു. കോഴിക്കോട്‌ ജില്ലയിലെ വടകര താലൂക്കിന്റെ കിഴക്കൻ മലയോരങ്ങളും ഇടനാടും ചേർന്ന പ്രദേശമാണ്‌ നാദാപുരം. കർഷകസംഘത്തിനും കമ്യൂണിസ്റ്റ്‌ പാർട്ടിക്കും ശക്തമായ അടിത്തറയുള്ള പ്രദേശമാണിത്‌. ജന്മിമാരുടെ ഗുണ്ടകളും കർഷകരും തമ്മിൽ ഏറ്റുമുട്ടലിൽ കണാരന്‌ ഗുരുതരമായി പരിക്കേറ്റു.

1970കളുടെ ആരംഭത്തിൽ ജില്ലയിലെന്പാടും നടന്ന മിച്ചഭൂമി സമരത്തിൽ മുൻനിര പോരാളിയായിരുന്നു എ കണാരൻ. 1972ൽ നടന്ന തോട്ടേക്കാട്‌ മിച്ചഭൂമി സമരത്തിന്റെ നായകർ ഇ വി കുമാരനും എ കണാരനുമായിരുന്നു. സംസ്ഥാനത്ത്‌ മിച്ചഭൂമിയില്ല എന്ന സർക്കാരിന്റെ വാദങ്ങളെ പൊളിച്ചുകൊണ്ട്‌ യഥാർഥ മിച്ചഭൂമിയിൽ പ്രവേശിച്ച്‌ കർഷകരും കർഷകത്തൊഴിലാളികളും നടത്തിയ ഉജ്വല സമരമായിരുന്നു അത്‌. കാവലുപാറ പഞ്ചായത്തിലുൾപ്പെട്ടതാണ്‌ തോട്ടേക്കാട് എസ്‌റ്റേറ്റ്‌. മിച്ചഭൂമിയായിരുന്നിട്ടും സർക്കാർ മുതലാളിമാരുടെ പക്ഷത്തുനിന്നതിനെതിരെ അതിശക്തമായ സമരമാണവിടെ നടന്നത്‌.

വാണിമേലിലെ നിരവധി ആദിവാസി കുടുംബങ്ങൾക്ക്‌ റേഷൻ കാർഡ്‌ അനുവദിക്കപ്പെട്ടിരുന്നില്ല. അതിനെതിരെ നൂറ്‌ ആദിവാസി കുടുംബങ്ങളിലെ അംഗങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ജാഥയ്‌ക്ക്‌ എ കണാരൻ നേതൃത്വം നൽകി. സപ്ലൈ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണയ്‌ക്കു മുന്നിൽ അധികാരികൾക്ക്‌ കണ്ണടയ്‌ക്കാൻ കഴിയുമായിരുന്നില്ല. അതോടെ എല്ലാ ആദിവാസി കുടുംബങ്ങൾക്കും റേഷൻ കാർഡ്‌ അനുവദിക്കപ്പെട്ടു.

1980‐81 കാലത്ത്‌ ചെങ്ങളത്ത്‌ ബാബു എന്ന ധനിക കർഷകന്റെ ഭൂമിയിൽ പണിയെടുത്തിരുന്ന ആദിവാസികളായ തൊഴിലാളികൾ കൂലിക്കൂടുതലിനായി പണിമുടക്കി. അവകാശസമര പോരാട്ടരംഗത്തെ ശക്തമായ ഒരു കാൽവെയ്‌പായിരുന്നു അത്‌. പണിമുടക്കിയ തൊഴിലാളികൾ പ്രതിഷേധ ജാഥ നയിച്ചു. മുതലാളിയുടെ ഗുണ്ടകൾ തൊഴിലാളികൾക്കുനേരെ ആരകമണം അഴിച്ചുവിട്ടു. സംഭവമറിഞ്ഞ്‌ അവിടെയെത്തിയ എ കണാരനുനേരെ ഗുണ്ടകൾ ബോംബാക്രമണം നടത്തി. ആക്രമണത്തിൽ കണാരന്‌ ഗുരുതരമായി പരിക്കേറ്റു. അദ്ദേഹം ദീർഘകാലം ചികിത്സയിലായി.

1988ൽ കുറ്റ്യാടിക്കു സമീപം നീലേച്ചുകുന്നിൽ മുസ്ലിം ലീഗ്‌ ഗുണ്ടകൾ കണാരനെയും കൂടയെുണ്ടായിരുന്ന സഖാക്കളെയും ആക്രമിച്ചു.

കോഴിക്കോട്‌ ജില്ലയിലെ കിഴക്കൻ മലയോരപ്രദേശങ്ങളിൽ കുടിയേറ്റ കർഷകരെ സംരക്ഷിക്കുന്നതിനു നടന്ന ഒട്ടനവധി സമരങ്ങളിൽ നേതൃത്വപരമായ പങ്ക്‌ കണാരൻ വഹിച്ചു. അതിന്റെ പേരിൽ കായികമായി പലതവണ ജന്മിമാരുടെ ഗുണ്ടകളിൽനിന്ന്‌ ആക്രമണം അദ്ദേഹത്തിന്‌ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്‌.

1968ൽ കണിങ്ങാട്‌‐ഓലേപ്പൊയിൽ സമരം ശക്തമായ ചെറുത്തുനിൽപ്പായിരുന്നു. കൃഷിക്കാരെ ഒഴിപ്പിക്കാനുള്ള ജന്മിമാരുടെ സമരത്തെ ബഹുജനപിന്തുണകൊണ്ട്‌ ചെറുത്ത ആ പോരാട്ടത്തിന്റെ മുൻനിരയിൽ കണാരനുണ്ടായിരുന്നു.

കർഷകസംഘത്തിൽ ആദ്യകാലംമുതൽ പ്രവർത്തിച്ച കണാരൻ കർഷകത്തൊഴിലാളി യൂണിയൻ രൂപീകരിക്കപ്പെട്ടതോടെ ആ സംഘടനയുടെ ജില്ലാ സെക്രട്ടറിയായി. 1969 മുതൽ 1980 വരെ അദ്ദേഹമായിരുന്നു കോഴിക്കോട്‌ ജില്ലാ സെക്രട്ടറി. തുടർന്ന്‌ കർഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റായും അദ്ദേഹം ഒരേ കാലഘട്ടത്തിൽ ദീർഘകാലം പ്രവർത്തിച്ചു. മരിക്കുമ്പോൾ കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റായിരുന്നു.

1987 മുതൽ 2001 വരെ തുടർച്ചയായി മൂന്നുതവണ അദ്ദേഹം മേപ്പയൂരിൽനിന്ന്‌ നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. അതുവരെ മണ്ഡലം കണ്ടിട്ടില്ലാത്ത വികസനപ്രവർത്തനങ്ങൾക്കാണ്‌ കണാരൻ നേതൃത്വം നൽകിയത്‌. നിയമസഭയിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലുകളും മറ്റും സമഗ്രമായി പഠിക്കാനും ചർച്ചകളിൽ നന്നായി ശോഭിക്കാനും അദ്ദേഹത്തിനു സാധിച്ചു.

അടിയന്തരാവസ്ഥയിൽ ഒളിവിൽ പ്രവർത്തനമാരംഭിച്ച കണാരൻ താമസിയാതെ അറസ്റ്റിലായി. ഒന്നരവർഷക്കാലം ജയിലിലടയ്‌ക്കപ്പെട്ട അദ്ദേഹത്തിന്‌ അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടതിനു ശേഷമാണ്‌ മോചനം ലഭിച്ചത്‌.

സിപിഐ എം രൂപീകരിക്കപ്പെട്ട കാലംമുതൽ ജില്ലാ കമ്മിറ്റി അംഗവും പിന്നീട്‌ ജില്ലാ സെക്രട്ടറിയറ്റംഗവുമായി പ്രവർത്തിച്ച കണാരൻ 1985ൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1995ൽ അദ്ദേഹം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മരണംവരെ അദ്ദേഹം ആ സ്ഥാനത്ത്‌ തുടർന്നു.

ധീരതയുടെയും പോരാട്ടവീറിന്റെയും ആൾരൂപമായിരുന്ന എ കണാരന്‌ പൊലീസിൽനിന്നും ഗുണ്ടകളിൽനിന്നും ഏൽക്കേണ്ടിവന്ന മർദനങ്ങൾക്ക്‌ കൈയും കണക്കുമില്ല. ഈ മർദനങ്ങൾ അദ്ദേഹത്തെ മാനസികമായി കരുത്തനാക്കിയെങ്കിലും ശാരീരികമായി തളർത്തി. അനിതരസാധാരണമായ മനക്കരുത്തോടെ രോഗത്തെ നേരിട്ട കണാരൻ 2004 ഡിസംബർ 19ന്‌ അന്ത്യശ്വാസം വലിച്ചു.

നരിക്കുന്ന്‌ യുപി സ്‌കൂളിലെ അധ്യാപികയായിരുന്ന വി കെ നളിനിയാണ്‌ അദ്ദേഹത്തിന്റെ ജീവിതപങ്കാളി. ഈ ദന്പതികൾക്ക്‌ മൂന്ന്‌ മക്കൾ: പവിത്രൻ, അജയൻ, വിനീത എന്നിവർ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 2 =

Most Popular