Saturday, July 27, 2024

ad

Homeഇവർ നയിച്ചവർഎം കെ ഭാസ്‌കരൻ: കർഷകപ്രസ്ഥാനത്തിന്റെ നേതാവ്‌

എം കെ ഭാസ്‌കരൻ: കർഷകപ്രസ്ഥാനത്തിന്റെ നേതാവ്‌

ഗിരീഷ്‌ ചേനപ്പാടി

സിപിഐ എമ്മിന്റെ കൊല്ലം ജില്ലയിലെ പ്രമുഖ നേതാക്കളിലൊരാളായിരുന്നു എം കെ ഭാസ്‌കരൻ. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം, കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌, സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പാർട്ടിക്കും ബഹുജനസംഘനകൾക്കും വേരോട്ടമുണ്ടാക്കുന്നതിൽ സമർപ്പണമനോഭാവത്തോടെയുള്ള പ്രവർത്തനങ്ങളാണ്‌ എം കെ നടത്തിയത്‌.

കരുനാഗപ്പള്ളി ആലുംകടവ്‌ കോഴിത്തറ വീട്ടിൽ കേശവന്റെയും നാരായണിയുടെയും മകനായി 1935ൽ ആണ്‌ എം കെ ഭാസ്‌കരൻ ജനിച്ചത്‌. ഇടപ്പള്ളിക്കോട്ട ആർട്ട്‌സ്‌ ക്ലബ്‌ പ്രവർത്തകനായാണ്‌ അദ്ദേഹം പൊതുപ്രവർത്തനരംഗത്ത്‌ എത്തിയത്‌. അധികം താമസിയാതെ ചവറയിലെ സാംസ്‌കാരികരംഗത്ത്‌ നിറസാന്നിധ്യമായി എം കെ മാറി.

1954ൽ കമ്യൂണിസ്റ്റ്‌ പാർട്ടി അംഗമായ അദ്ദേഹം തൊട്ടടുത്തവർഷം കളരിമേക്കോട്‌ പാർട്ടി സെൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1958ലാണ്‌ പാർട്ടിയുടെ പത്മന ബ്രാഞ്ച്‌ രൂപീകരിക്കപ്പെട്ടത്‌. അതിന്റെ ആദ്യ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതും എം കെ ആയിരുന്നു. കർഷകത്തൊഴിലാളികളെയും കയർത്തൊഴിലാളികളെയും സംഘടിപ്പിക്കാൻ മുൻനിന്നു പ്രവർത്തിച്ച അദ്ദേഹം നിരവധി സമരങ്ങൾക്ക്‌ നേതൃത്വം നൽകി. കൊല്ലം ജില്ലയുടെ സമരചരിത്രത്തിലെ സുപ്രധാനമായ അധ്യായങ്ങളാണ്‌ പത്തനാപുരം കരിമ്പുസമരം, തെന്മലയിൽ കുടിയൊഴിപ്പിക്കലിനെതിരായി നടന്ന പ്രക്ഷോഭം, പുനലൂർ പേപ്പർ മിൽ സമരം, കല്ലട പുഞ്ചസമരം, പുനലൂർ എണ്ണപ്പനത്തോട്ടത്തിലെ തൊഴിലാളിസമരം തുടങ്ങിയവ. ഇവയുടെ നേതൃസ്ഥാനത്ത്‌ എം കെ ഉണ്ടായിരുന്നു.

അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ കരുനാഗപ്പള്ളി താലൂക്ക്‌ കമ്മിറ്റി അംഗമായി പ്രവർത്തിച്ച അദ്ദേഹം പാർട്ടി കെട്ടിപ്പടുക്കാൻ താലൂക്കൊട്ടാകെ ഓടിനടന്ന്‌ പ്രവർത്തിച്ചു.

1964ൽ പാർട്ടി ഭിന്നിച്ചപ്പോൾ എൻ ശ്രീധരൻ, സി പി കരുണാകരൻപിള്ള, പി രാമകൃഷ്‌ണൻ എന്നിവർക്കൊപ്പം എം കെ സിപിഐ എമ്മിനൊപ്പം നിന്നു. ജില്ലയിലെ പ്രമുഖരായ പല നേതാക്കളും സിപിഐ എമ്മിനൊപ്പമാണ്‌ നിലകൊണ്ടത്‌. അണികളെ സിപിഐ എമ്മിനൊപ്പം നിർത്താൻ എം കെ നിർണായകമായ പങ്കുവഹിച്ചു.

1964 ഒടുവിൽ സിപിഐ എം നേതാക്കളെ കൂട്ടത്തോടെ ചൈനാ ചാരന്മാരെന്നു മുദ്രകുത്തി സർക്കാർ ജയിലിലടച്ചു. എം കെയും അറസ്റ്റിലായി.

1965ൽ അദ്ദേഹം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

1969 ഡിസംബറിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ കർഷക‐കർഷകത്തൊഴിലാളി കൺവെൻഷൻ ആലപ്പുഴയിൽ ചേർന്നു. കാർഷിക പരിഷ്‌കരണനിയമം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരപ്രഖ്യാപന കൺവെൻഷൻ ആയിരുന്നു അത്‌. 1970 ജനുവരി ഒന്നുമുതൽ മിച്ചഭൂമിയിൽ കയറി അവകാശം സ്ഥാപിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. കൊല്ലം ജില്ലയിൽ ആ സമരത്തിന്റെ പ്രധാന നേതൃത്വം പി രാമകൃഷ്‌ണനും എം കെ ഭാസ്‌കരനുമായിരുന്നു. പത്തനാപുരത്തുനിന്ന്‌ അറസ്റ്റ്‌ ചെയ്യപ്പെട്ട എം കെ ഉൾപ്പെടെയുള്ള സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും അതിക്രൂരമായാണ്‌ പൊലീസ്‌ മർദിച്ചത്‌.

മാവേലിക്കരയിലെ മിച്ചഭൂമി സമരത്തിൽ പങ്കെടുക്കുത്തപ്പോഴും എം കെ അറസ്റ്റ്‌ ചെയ്യപ്പെട്ടു. 1974ൽ റെയിൽവേ തൊഴിലാളി പണിമുടക്കിന്‌ ശക്തമായ പിന്തുണയാണ്‌ എം കെ നൽകിയത്‌. കരിമണൽ മേഖലയിലും കെഎംഎംഎൽ ഫാക്ടറി യൂണിയൻ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു.

പത്തനാപുരം കരിമ്പുസമരം
കൊല്ലം ജില്ലയിലെ മാത്രമല്ല സംസ്ഥാനത്തിന്റെ സമരചരിത്രത്തിലെ തന്നെ സുപ്രധാനമായ ഏടാണ്‌ പത്തനാപുരം കരിമ്പുസമരം. സ്‌റ്റേറ്റ്‌ ഫാമിങ്‌ കോർപറേഷനിലെ ആയിരത്തോളം തൊഴിലാളികൾ പണിമുടക്കാരംഭിച്ചു. കൂലിവർധനവ്‌ ഉൾപ്പെടെയുള്ള അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടിയായിരുന്നു ആ സമരം. അന്ന്‌ കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റും സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗവുമായിരുന്നു എം കെ ഭാസ്‌കരൻ. സമരത്തിന്റെ അമരത്ത്‌ എം കെ ആയിരുന്നു. സമരത്തെ പരാജയപ്പെടുത്താൻ അന്നത്തെ സർക്കാർ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും വിലപ്പോയില്ല. സമരം ചെയ്‌ത തൊഴിലാളികളുടെ ഇച്ഛാശക്തിക്കു മുന്നിൽ സർക്കാരിനു മുട്ടുമടക്കേണ്ടിവന്നു.

ഫാമിങ്‌ കോർപറേഷന്റെ അഞ്ച്‌ എസ്‌റ്റേറ്റുകളിലും കരാറുകാരാണ്‌ അന്ന്‌ കൃഷി നടത്തിയിരുന്നത്‌. കരിമ്പുതോട്ടങ്ങളിലെ തൊഴിലാളികളെ നിർദയം ചൂഷണം ചെയ്യുകയായിരുന്നു കരാറുകാർ. അതിന്‌ അന്നത്തെ സർക്കാർ എല്ലാവിധ ഒത്താശകളും ചെയ്‌തു. 1973ൽ യൂണിയൻ രൂപീകരിച്ച്‌ കൂലിവർധനവ്‌ ആവശ്യപ്പെട്ട്‌ സമരം ആരംഭിക്കാൻ തൊഴിലാളികൾ ശ്രമിച്ചു. എന്നാൽ അതിനെതിരെ കരാറുകാരുടെ ഗുണ്ടകളും പൊലീകാരും മർദനവുമായി രംഗത്തുവന്നു. നിരവധി തൊഴിലാളികൾക്കെതിരെ കള്ളക്കേസുകൾ പൊലീസ്‌ എടുത്തു.

എം കെയുടെ നേതൃത്വത്തിൽ കൊല്ലം ജില്ലാ ഫാം വർക്കേഴ്‌സ്‌ യൂണിയൻ രൂപീകരിക്കപ്പെട്ടു. സിഐടിയുവിൽ അഫിലിയേറ്റ്‌ ചെയ്യപ്പെട്ട ആ യൂണിയന്റെ നേതൃത്വത്തിൽ പണിമുടക്കാരംഭിച്ചു. അന്ന്‌ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറിയായിരുന്ന പി രാമകൃഷ്‌ണൻ, ജോയിന്റ്‌ സെക്രട്ടറിയായിരുന്ന പി തുളസീധരൻ, എം മീരാപിള്ള, ബ്രഹ്മാനന്ദൻ തുടങ്ങിയവരായിരുന്നു സമരത്തിനു നേതൃത്വം നൽകിയ നേതാക്കൾ.

ഒത്തുതീർപ്പ്‌ ചർച്ചയ്‌ക്കെന്ന വ്യാജേന 1973 നവംബർ ആറിന്‌ രാത്രി സമരനേതാക്കളെ പുനലൂർ ടിബിയിൽ ചർച്ചയ്‌ക്കായി മാനേജ്‌മെന്റ്‌ ക്ഷണിച്ചു. മീരാപിള്ളയെയും ബ്രഹ്മാനന്ദനെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ ഭീകരമായി മർദിച്ചു. തുടർന്ന്‌ ഇരുവരെയും ജയിലിലടച്ചു. പൊലീസ്‌ ജീപ്പിന്‌ പടക്കമെറിഞ്ഞു എന്ന പേരിൽ കള്ളക്കേസ്‌ ചുമത്തിയായിരുന്നു അറസ്റ്റും ലോക്കപ്പും.

അറസ്റ്റ്‌ വിവരം അറിഞ്ഞതോടെ നാട്ടിലാകെ പ്രതിഷേധം ആളിക്കത്തി. നവംബർ എട്ടിനും പത്തിനും പ്രതിഷേധപ്രകടനം നടത്തിയ തൊഴിലാളികളെ പൊലീസ്‌ ഭീകരമായി മർദിച്ചു. പരിക്കേറ്റ നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ്‌ ഭീകരതയെ ശക്തിയായി അപലപിച്ചുകൊണ്ട്‌ ഇ എം എസ്‌ ദേശാഭിമാനിയിൽ എഴുതി. കെ ആർ ഗൗരിയമ്മ നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചു. നവംബർ 11ന്‌ പത്തനാപുരത്ത്‌ വൻ പ്രതിഷേധപ്രകടനം നടന്നു.

പൊലീസ്‌ അകമ്പടിയിൽ കരിമ്പുകയറ്റി വന്ന ലോറി നടുക്കുന്നിൽ എത്തിയപ്പോൾ പ്രകടനക്കാർ തടഞ്ഞു. തൊഴിലാളിവിരുദ്ധനായ സബ്‌ ഇൻസ്‌പെക്ടർ പ്രകടനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കുഞ്ഞുകുഞ്ഞമ്മ എന്ന തൊഴിലാളി വാഹനത്തിൽനിന്ന്‌ കരിമ്പ്‌ വലിച്ചൂരിയെടുത്ത്‌ സബ്‌ ഇൻസ്‌പെക്ടറെ അടിച്ചു. അയാൾ തിരിച്ചടിച്ചു. എം കെയും പി രാമകൃഷ്‌ണനും ഉൾപ്പെടെയുള്ള നേതാക്കൾ എസ്‌ഐയെ തടയാൻ ശ്രമിച്ചു. തുടർന്ന്‌ ഭീകരമായ ലത്തിച്ചാർജ്‌ പൊലീസ്‌ അഴിച്ചുവിട്ടു. പ്രകടനക്കാരും പൊലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു. തൊഴിലാളികളുടെ സമരവീര്യത്തിനു മുന്നിൽ പൊലീസിന്‌ അധികം സമയം പിടിച്ചുനിൽക്കാനായില്ല. അവർ പിൻവാങ്ങി. പൊലീസിന്റെ ലത്തിച്ചാർജിൽ എം കെയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റു; അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജനവികാരം പൊലീസിനും സർക്കാരിനും എതിരായതോടെ സർക്കാർ അനുരഞ്ജന ചർച്ചയ്‌ക്ക്‌ തയ്യാറായി. കലക്ടറും ആർഡിഒയും പങ്കെടുത്തുകൊണ്ടുള്ള യോഗം 1974 നവംബർ 12ന്‌ അടൂരിൽ ചേർന്നു. കൂലിവർധനവുൾപ്പെടെ യൂണിയൻ അംഗീകരിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടു. അതോടെ കരിമ്പുതൊഴിലാളികൾ അനുഭവിച്ചുവന്ന കൊടിയ ചൂഷണത്തിനാണ്‌ വിരാമമായത്‌.

തെന്മല ഡാം സമരം
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയാണ്‌ തെന്മല. അവിടെ പുറമ്പോക്കു നിവാസികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാൻ സർക്കാർ ശ്രമിച്ചു. അതിനെതിരെ അതിശക്തമായ പ്രക്ഷോഭമാണ്‌ എം കെയുടെ നേതൃത്വത്തിൽ നടന്നത്‌. കുടിയൊഴിപ്പിക്കപ്പെട്ട അമ്പത്തിനാല്‌ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം സംസ്ഥാനത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുന്നതായിരുന്നു.

1982 ഒക്ടോബർ 23ന്‌ കരുണാകരൻ മന്ത്രിസഭയിൽ ജലവിഭവമന്ത്രിയായിരുന്ന എം പി ഗംഗാധരന്റെ നിർദേശത്തെത്തുടർന്നാണ്‌ ഡാം സൈറ്റിലെ വീടുകളും കടകളും ഉദ്യോഗസ്ഥർ പൊളിച്ചുമാറ്റിയത്‌. ഡാമിൽ മന്ത്രി ഗംഗാധരൻ പങ്കെടുത്ത ഐഎൻടിയുസി യൂണിയന്റെ ഉദ്‌ഘാടനയോഗത്തിൽ തൊഴിലാളികൾ പങ്കെടുക്കാതിരുന്നതിന്റെ വൈരാഗ്യത്തിലാണ്‌ പെട്ടെന്നുള്ള കുടിയൊഴിപ്പിക്കലിന്‌ നിർദേശമുണ്ടായത്‌.

കുടിയൊഴിപ്പിക്കൽ വിവരമറിഞ്ഞ്‌ സിപിഐ എം ജില്ലാ സെക്രട്ടറി എൻ ശ്രീധരന്റെ നേതൃത്വത്തിൽ സിപിഐ എം പ്രവർത്തകരും അനുഭാവികളും സ്ഥലത്തെത്തി.

നാനൂറിലേറെ പട്ടിണിപ്പാവങ്ങളാണ്‌ വളർത്തുമൃഗങ്ങളുമായി വഴിയാധാരമായത്‌. ‘‘ഈ അനീതിക്കെതിരെ അതിശക്തമായി പോരാടണം’’ എന്ന്‌ എൻ എസ്‌ ആഹ്വാനം ചെയ്‌തു. നിയമവിരുദ്ധമായ ഈ കുടിയൊഴിപ്പിക്കലിനെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭം ജനങ്ങൾ ഒന്നാകെ ഏറ്റെടുത്തു. അന്ന്‌ പാർട്ടി പത്തനാപുരം താലൂക്ക്‌ സെക്രട്ടറിയായിരുന്ന കെ രാജഗോപാൽ ഒക്ടോബർ 26ന്‌ നിരാഹാരം ആരംഭിച്ചു. തുടർന്ന്‌ മറ്റ്‌ ഇടതുപക്ഷകക്ഷികളും സമരത്തിന്‌ പിന്തുണയുമായി എത്തി.

പൊലീസ്‌ സ്ഥലത്ത്‌ തമ്പടിച്ചു. മർദകവീരനെന്ന്‌ പേരുകേട്ട ഡിവൈഎസ്‌പി വിശ്വനാഥപിള്ളയെ സമരം അടിച്ചമർത്താൻ യുഡിഎഫ്‌ സർക്കാർ നിയോഗിച്ചു. ഒഴിപ്പിക്കപ്പെട്ട സ്ഥലത്ത്‌ സമരക്കാർ കെട്ടിയ കുടിലുകൾ പൊളിക്കാനുള്ള പൊലീസിന്റെ ശ്രമം വി എസ്‌ ചന്ദ്രശേഖരപിള്ള എംഎൽഎ, എം കെ ഭാസ്‌കരൻ, എൻ പത്മലോചനൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജനക്കൂട്ടം തടഞ്ഞു. സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ പത്തനാപുരം താലൂക്കിലൊട്ടാകെ പ്രകടനങ്ങൾ നടന്നു. നവംബർ ആറിന്‌ ആര്യങ്കാവ്‌, തെന്മല എന്നീ പഞ്ചായത്തുകളിൽ ബന്ദ്‌ ആചരിച്ചു. തോട്ടംതൊഴിലാളികളും സമരത്തിൽ അണിനിരന്നു.

സമരത്തെത്തുടർന്ന്‌ കൊല്ലം‐ചെങ്കോട്ട റോഡിൽ ഗതാഗതവും തീവണ്ടി സർവീസും നിലച്ചു. പൊലീസ്‌ നിരോധനാജ്ഞ പുറപ്പെടുവിച്ചു. എന്നാൽ നിരോധനം ലംഘിച്ച്‌ അന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന വി എസ്‌ അച്യുതാനന്ദൻ മൈക്കിലൂടെ പ്രസംഗം ആരംഭിച്ചു. അതോടെ പൊലീസ്‌ ലാത്തിച്ചാർജും വെടിവെയ്‌പ്പും നടത്തി; അഞ്ചുപേർക്ക്‌ പരിക്കേറ്റു. നിരാഹാരം ആരംഭിച്ച വി എസ്‌ ചന്ദ്രശേഖരപിള്ള എംഎൽഎയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. സമരപ്പന്തൽ പൊളിച്ചുമാറ്റി. കുടിയൊഴിപ്പിക്കപ്പെട്ട വീടുകളിലെ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ 250ൽ ഏറെ ആളുകളെയും സമരത്തിനു നേതൃത്വം നൽകിയ എം കെ ഭാസ്‌കരൻ ഉൾപ്പെടെയുള്ള നേതാക്കളെയും ജയിലിലടച്ചു.

ഇതിൽ പ്രതിഷേധിച്ച്‌ പത്തനാപുരം താലൂക്കിൽ രണ്ടുദിവസം ബന്ദ്‌ ആചരിച്ചു. വി എസ്‌ ചന്ദ്രശേഖരപിള്ള ജയിലിലും നിരാഹാരം തുടർന്നു. സമരം ജില്ലയിലാകെ കത്തിപ്പടർന്നു. അതോടെ സർക്കാർ ഒത്തുതീർപ്പു ചർച്ചകൾക്ക്‌ തയ്യാറായി. ഒഴിപ്പിക്കപ്പെട്ട ഓരോ വീട്ടുകാർക്കും 12 സെന്റ്‌ സ്ഥലവും 900 രൂപവീതവും നഷ്ടപരിഹാരമായി നൽകി. തെന്മല ഡാം സമരത്തിന്റെ വിജയത്തെത്തുടർന്ന്‌ പത്തനംതിട്ട, പത്തനാപുരം താലൂക്കുകളിൽ നടത്താനിരുന്ന കുടിയൊഴിപ്പിക്കൽ നടപടികൾ നിർത്തിവെക്കാൻ സർക്കാർ നിർബന്ധിതമായി.

പുനലൂർ പേപ്പർമിൽ സമരം
കൊല്ലം ജില്ലയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സമരമാണ്‌ പുനലൂർ പേപ്പർമിൽ സമരം. നൂറുകണക്കിന്‌ തൊഴിലാളികൾ ജോലിചെയ്‌തിരുന്ന പുനലൂർ പേപ്പർമിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ ഉടമ അടച്ചുപൂട്ടി. മിൽ തുറക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പ്രക്ഷോഭമാരംഭിച്ചു. സമരത്തിന്റെ പ്രചാരണത്തിനായി എം കെ ഭാസ്‌കരന്റെ നേതൃത്വത്തിൽ പത്തനാപുരം താലൂക്കിൽ കാൽനടജാഥ നടത്തി. ഒമ്പതുദിവസത്തെ കാൽനടജാഥയുടെ ഫലമായി വൻ ജനപിന്തുണയാണ്‌ സമരത്തിന്‌ ലഭിച്ചത്‌. പ്രക്ഷോഭത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകൾ പേപ്പർമിൽ വളഞ്ഞു. നീണ്ടകാലത്തെ പ്രക്ഷോഭത്തിനൊടുവിൽ മിൽ തുറക്കാൻ ഉടമയായ ഡാൽമിയ നിർബന്ധിതനായി. എം കെയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിന്റെ വിജയമായിരുന്നു അത്‌.

1980ൽ എൻ ശ്രീധരൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അതേത്തുടർന്ന്‌ കൊല്ലം ജില്ലാ സെക്രട്ടറിയായി എം കെ ഭാസ്‌കരനെ പാർട്ടി നിയോഗിച്ചു. 1982 വരെ അദ്ദേഹമായിരുന്നു പാർട്ടിയുടെ ജില്ലയിലെ അമരക്കാരൻ. 1985ൽ അദ്ദേഹം സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2015 വരെയുള്ള 30 വർഷക്കാലം സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിച്ചു.

തേവലക്കര തെക്കുംഭാഗം ഡിവിഷനിൽനിന്ന്‌ അദ്ദേഹം കൊല്ലം ജില്ലാ കൗൺസിലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ കൗൺസിൽ വൈസ്‌ പ്രസിഡന്റായും തുടർന്ന്‌ പ്രസിഡന്റായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1995ൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പിൽ മയ്യനാട്‌ ഡിവിഷനിൽനിന്നാണ്‌ എം കെ ജില്ലാ പഞ്ചായത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടത്‌. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റായ അദ്ദേഹം മികച്ച ഭരണാധികാരിയെന്ന നിലയിലും ശ്രദ്ധേയനായി.

2006‐11ലെ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ എം കെ കർഷക കടാശ്വാസ കമീഷൻ അംഗമായിരുന്നു. കർഷക‐കർഷകത്തൊഴിലാളി ക്ഷേമ ബോർഡ്‌ അംഗം, സംസ്ഥാന സഹകരണ ബാങ്ക്‌ ഭരണസമിതി അംഗം, ചവറ കെഎംഎംഎൽ ഡയറക്ടർ ബോർഡ്‌ അംഗം എന്നീ നിലകളിലും എം കെ സേവനമനുഷ്‌ഠിച്ചു.

2016 ജനുവരി 10ന്‌ എം കെ ഭാസ്‌കരൻ അന്ത്യശ്വാസം വലിച്ചു. രാജമ്മ ഭാസ്‌കരനാണ്‌ ജീവിതപങ്കാളി. സിപിഐ എം കൊല്ലം ജില്ലാകമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗവുമായിരുന്നു രാജമ്മ. എം ആർ ബിന്ദു, എം ആർ ബിജു എന്നിവരാണ്‌ മക്കൾ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven + 2 =

Most Popular