Saturday, July 27, 2024

ad

Homeലേഖനങ്ങൾപലസ്തീന്‌ യുഎൻ അംഗത്വം; ലോകരാഷ്ട്രങ്ങളുടെ നിലപാടുകൾ

പലസ്തീന്‌ യുഎൻ അംഗത്വം; ലോകരാഷ്ട്രങ്ങളുടെ നിലപാടുകൾ

ടി എം ജോർജ്

ഗാസയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുമ്പോൾ പാലസ്തീൻ ജനതയ്ക്ക് അനുകൂലമായി ലോക അഭിപ്രായം രൂപപ്പെടുകയാണ്. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ കഴിഞ്ഞ ഏപ്രിൽ 18ന് പലസ്തീന് യുഎന്നിൽ പൂർണ്ണ അംഗത്വം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. ഇതു സംബന്ധിച്ച് അവതരിപ്പിക്കപ്പെട്ട പ്രമേയത്തിൽ സെക്യൂരിറ്റി കൗൺസിലിലെ 5 സ്ഥിരാംഗങ്ങൾ അടക്കമുള്ള 15 അംഗരാജ്യങ്ങളിൽ 12 രാജ്യങ്ങളും പിന്തുണച്ചു. യുകെയും സ്വിറ്റ്സർലണ്ടും വിട്ടുനിന്നപ്പോൾ വോട്ടിംഗിൽ പങ്കെടുത്ത രാജ്യങ്ങളിൽ യുഎസ് ഒഴികെയുള്ള മുഴുവൻ രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചത് പലസ്തീന്റെ പോരാട്ടങ്ങൾക്ക് ശക്തിപകരുന്നതാണ്. യുഎസിന്റെ വീറ്റോ അധികാരം കൊണ്ടു മാത്രമാണ് പ്രമേയം പാസ്സാകാൻ കഴിയാതെ വന്നത്.

സെക്യൂരിറ്റി കൗൺസിലിന്റെ തീരുമാനം  പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുഎൻ ജനറൽ അസംബ്ലിയിൽ യുഎഇ അവതരിപ്പിച്ച പ്രമേയത്തിന് 193 അംഗരാജ്യങ്ങളിൽ 143 രാജ്യങ്ങളും പിന്തുണച്ചു. യുഎസ്, ഇസ്രായേൽ, അർജന്റീന അടക്കം 9 രാജ്യങ്ങൾ മാത്രം എതിർത്തപ്പോൾ 25 രാജ്യങ്ങൾ വിട്ടുനിന്നു.

മുൻകാലങ്ങളിൽ അമേരിക്കയെയും ഇസ്രായേലിനെയും അനുകൂലിച്ചിരുന്ന പല രാഷ്ട്രങ്ങളും പലസ്തീനെ അനുകൂലിക്കുകയോ, വിട്ടുനിൽക്കുകയോ ചെയ്‌തത്‌ ഒരു സൂചനയാണ്. പലസ്തീൻ പ്രശ്നത്തിൽ ലോകം എങ്ങനെ ചിന്തിക്കുന്നുവെന്നതിന്റെ സൂചന. പലസ്തീന് പൂർണ്ണ അംഗത്വം നൽകണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കുന്നതിൽ നീരസം പ്രകടിപ്പിച്ച് ജനറൽ അസംബ്ലിയിൽ യുഎൻ ചാർട്ടറിന്റെ പകർപ്പ് കീറിയാണ് ഇസ്രായേൽ പ്രിതിനിധി ഗിലാൻഡ് എർദാൻ പ്രതിഷേധിച്ചത്. പലസ്തീന് അനുകൂലമായി യുഎൻ സെക്യൂരിറ്റി കൗൺസിലിൽ വോട്ടുചെയ്ത ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, മാൾട്ട, സ്ലോവേനിയ, ഇക്വഡോർ, നോർവേ എന്നീ രാജ്യങ്ങളിലെ അംബാസിഡർമാരെ പ്രതിഷേധം അറിയിക്കുവാൻ വിളിച്ചുവരുത്തുമെന്നുള്ള ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഒറെൻമർ മോ സ്റ്റെനി- ന്റെ പ്രസ്താവന ഇസ്രയേൽ ലോക രാജ്യങ്ങളുടെ ഇടയിൽ ഒറ്റപ്പെട്ടു പോയതിന്റെ ജാള്യത വ്യക്തമാക്കുന്നതാണ്. ഈ രാജ്യങ്ങളെല്ലാം തന്നെ ഇസ്രായേലിനു വേണ്ടി യുഎസ് പക്ഷത്ത് നിന്നിരുന്നവയാണ്. പലസ്തീന് യു.എന്നിൽ 2012ൽ നിരീക്ഷണ പദവി ലഭിച്ചിരുന്നുവെങ്കിലും അമേരിക്കയുടെയും പാശ്ചാത്യ രാഷ്ട്രങ്ങളിലെ സ്ഥിരാംഗങ്ങളുടെയും ഇസ്രായേൽ പക്ഷ നിലപാടുകൾ മൂലം പൂർണ്ണ അംഗത്വം ലഭിച്ചില്ല.

1947 നവംബർ 29ന് യുഎൻ ജനറൽ അസംബ്ലി 181‐-ാം പ്രമേയത്തിലൂടെയാണ് പലസ്തീൻ പ്രദേശങ്ങളെ വിഭജിച്ച് ഇസ്രായേൽ പലസ്തീൻ രാഷ്ട്രങ്ങൾ രൂപീകരിക്കുവാൻ തീരുമാനിച്ചത്. 1948 മെയ് 14ന് ഇസ്രായേൽ പിറവിയെടുത്തുവെങ്കിലും പലസ്തീൻകാർക്ക് ഒരു രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യം സാദ്ധ്യമാകാതിരിക്കുവാനുള്ള കുതന്ത്രങ്ങളാണ് ഇസ്രായേൽ ഇക്കാലമത്രയും സ്വീകരിച്ചു പോരുന്നത്. പലസ്തീൻ പ്രശ്നത്തിനു പരിഹാരം ദ്വിരാഷ്ട്ര രൂപീകരണമാണെന്ന് അമേരിക്കയും സഖ്യകക്ഷി രാഷ്ട്രങ്ങളും അംഗീകരിച്ചിട്ടുള്ളതാണ്. എന്നാൽ അവർ ഇസ്രയേലിനു വേണ്ടി ഒളിച്ചുകളി നടത്തുകയാണ്. യുഎൻ. സെക്യൂരിറ്റി കൗൺസിലിൽ അമേരിക്ക 83 തവണ വീറ്റോ പ്രയോഗിച്ചിട്ടുള്ളതിൽ 42 തവണയും ഇസ്രായേലുമായി ബന്ധപ്പെട്ട പ്രമേയങ്ങൾക്കാണ്.

യുഎൻ പ്രമേയം 242 പ്രകാരം ഇസ്രയേൽ 1967ലെ യുദ്ധത്തിൽ പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്നും പിൻമാറണം. സമാധാനപരമായി ജീവിക്കുവാനുള്ള അവകാശം ഇരു രാഷ്ട്രങ്ങൾക്കുമുണ്ട്. അതു പാലിക്കപ്പെടണം. പലസ്തീൻ അഭയാർത്ഥികൾക്ക് നീതി ലഭിക്കുന്നതിനുള്ള തീരുമാനമുണ്ടാവണം. ഇതൊന്നും നടപ്പിലാക്കുവാൻ ഇസ്രയേൽ തയ്യാറല്ല. ഇസ്രയേൽ പിടിച്ചെടുത്ത വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, ഗോലാൻ കുന്നുകൾ തുടങ്ങിയ പ്രദേശങ്ങളെല്ലാം മതപരമായും, ചരിത്രപരമായും ഇസ്രയേലിനു പ്രാധാന്യമുള്ളതാണ്. അതുകൊണ്ട് അത് ഇസ്രയേലിന്റെതാണ് എന്നാണ് അവരുടെ ന്യായീകരണം.

ഇസ്രയേൽ ജന്മമെടുത്തതു മുതൽ തുടർന്നുവരുന്നതാണ് പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ. ഇസ്രയേൽ രൂപീകരണ സമയത്ത് ഇൻഡ്യൻ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്റു “നിത്യ നരകത്തിന്റെ വാതിലുകൾ മലർക്കെ തുറന്നിരിയ്ക്കുകയാണ്” എന്നാണ്‌ അഭിപ്രായപ്പെട്ടത്. അത്‌ തികച്ചും ശരിയായിരുന്നുവെന്ന് ബോദ്ധ്യപ്പെടുകയാണ്. പഴയ പലസ്തീൻ പ്രദേശത്തിന്റെ മൂന്നിലെന്നു പോലും ഇപ്പോൾ പലസ്തീൻ ജനതയുടെ നിയന്ത്രണത്തിലില്ല. പലസ്തീൻ അവകാശപ്പെട്ട വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി 6.75 ലക്ഷം ജൂദ കൂടിയേറ്റക്കാർ താമസമുറപ്പിച്ചിട്ടുണ്ട്. ഭാവിയിൽ രൂപികരിക്കപ്പെടേണ്ട പലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമായി കരുതുന്ന കിഴക്കൻ ജറുസലേം പോലും ഇസ്രയേൽ കൈവശപ്പെടുത്തി പലസ്തീൻകാർക്ക് രാഷ്ട്രം സ്ഥാപിക്കുന്നത് അസാദ്ധ്യമാക്കി. ഒട്ടകത്തിന് കൂടാരത്തിൽ തലവെയ്ക്കുവാൻ അവസരം നൽകിയ അറബിയുടെ അവസ്ഥയിലാണ് പലസ്തീൻ ജനത.

അമേരിക്കൻ ഭരണകൂടത്തിൽ സിയോണിസ്റ്റുകളുടെ സ്വാധീനം വലുതാണ്. അമേരിക്കൻ ജനസംഖ്യയിൽ 2.7 ശതമാനം മാത്രമാണ് ജൂദസമൂഹമെങ്കിലും സാമ്പത്തികമായി അവർ ഉയർന്ന നിലവാരത്തിലുള്ളവരും സംഘടിതരുമാണ്. അമേരിക്കയിലെ ബാങ്കിംഗ് മേഖലയെ നിയന്ത്രിക്കുന്നത് സിയോണിസ്റ്റുകളാണ്. ടൈം വാരിക, ന്യൂയോർക്ക് ടൈംസ്, വാർഷിംഗ്ടൺ പോസ്റ്റ്, വാൾസ്ട്രീറ്റ് ജേർണൽ തുടങ്ങിയ പത്രപ്രസിദ്ധീകരണങ്ങളുടെയും നിയന്ത്രണം അവരുടെ കൈകളിലാണ്.

“അമേരിക്ക ലോകത്തെ നിയന്ത്രിക്കുന്നു. ഞങ്ങൾ അമേരിക്കയെ നിയന്ത്രിക്കുന്നു” എന്ന് സിയോണിസ്റ്റുകൾ അഹങ്കാരത്തോടെ പറയാറുണ്ട്.

പലസ്തീൻ പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ അവർ ഒട്ടനവധി വട്ടം വിട്ടു വീഴ്ചക്ക് തയ്യാറായി. 1993ലെ ഓസ്ലോ കരാർ പലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാക്കുമെന്ന് ലോകമാകെയുള്ള സമാധാന കാംക്ഷികൾ പ്രതീക്ഷിച്ചിരുന്നതാണ്. അതിനെ വഞ്ചിച്ച് പലസ്തീനിലെ മതനിരപേക്ഷ ശക്തികളെ പാടെ തകർക്കുകയാണ് ഇസ്രയേൽ ചെയ്തത്. മുസ്ലീം ലോകത്ത് മത ഭീകരത വളർന്നു വന്നതിന്റെ പ്രധാന കാരണം ഇസ്രയേലിന്റെ ചെയ്തികളും, അതിനെ പിന്തുണയ്ക്കുന്ന അമേരിക്കൻ നിലപാടുകളുമാണ്.

ഇസ്രയേലിന്റെ നരഹത്യയെ സ്വരക്ഷയ്ക്കുള്ള നടപടികൾ സ്വീകരിക്കുവാൻ അവർക്ക് അവകാശമുണ്ടെന്നു പറഞ്ഞാണ് അമേരിക്ക ന്യായീകരിക്കുന്നത്. ഇസ്രയേലിന്റെ അധിനിവേശത്തിനെതിരെ പലസ്തീൻ ജനതയുടെ സ്വാഭാവികമായ ചെറുത്തുനിൽപ്പാണ് ഒക്ടോബർ 7-ന്‌ ഇസ്രയേലിനു നേർക്കുണ്ടായ മിസൈൽ ആക്രമണം. അതിന്റെ മറവിൽ ഭൂമുഖത്തു നിന്നും പലസ്തീനെ തുടച്ചു നീക്കാനാണ് ഇസ്രയേൽ ഒരുമ്പെടുന്നത്. 1969ൽ ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്ന ഗോൾഡ മെയർ പറഞ്ഞത് ‘ഞങ്ങൾ വന്നു അവരെ പുറത്താക്കി അവരുടെ രാജ്യം സ്വന്തമാക്കി. അങ്ങനെയൊരു വിഭാഗം ഇപ്പോൾ രാഷ്ടീയ ഭൂപടത്തിൽ ഇല്ല.’ ഗോൾഡ മെയറുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ നടപ്പിലാക്കുവാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്. അതിനാണവർ ഗാസയിൽ വംശഹത്യ നടത്തുന്നത്. ഇതിനോടകം ഗാസയിൽ ഇസ്രയേൽ 36000-ത്തിലധികം പലസ്തീൻകാരെയാണ് കൊന്നുതള്ളിയത്. ഓരോ ദിവസവും നൂറുകണക്കിന് പലസ്തീൻകാരാണ്‌ കൊല്ലപ്പെടുകയും, ആയിരങ്ങൾ പാലായനം ചെയ്യപ്പെടുകയും ചെയ്യുന്നു. ഗാസയിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന പൈശാചികമായ മനുഷ്യക്കുരുതിയോടുള്ള ലോകരാഷ്ട്രങ്ങളുടെ പ്രതിഷേധമാണ് യുഎൻ ജനറൽ അസംബ്ലിയിൽ പലസ്തീനു ലഭിച്ച വർദ്ധിച്ച പിന്തുണ. അമേരിക്കൻ പക്ഷത്തു നിന്നിരുന്ന നാറ്റോ സഖ്യത്തിന്റെ ഭാഗമായിരുന്ന രാഷ്ട്രങ്ങൾ പലതും പലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാകണമെന്ന നിലപാടിലേക്കെത്തിയത് അമേരിക്കയ്‌ക്കും ഇസ്രായേലിനുമേറ്റ കനത്ത തിരിച്ചടിയാണ്.

അമേരിക്കയുടെ വിലക്കും ഭീഷണിയും വകവെക്കാതെയാണ് ബൾഗേറിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, റൊമാനിയ, സ്ലോവാക്യ, ഹംഗറി, ഗ്രീസ്, സൈപ്രസ് എന്നീ രാഷ്ട്രങ്ങൾ പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചത്. യൂറോപ്യൻ യൂണിയനിലെ കൂടുതൽ രാഷ്ട്രങ്ങൾ പലസ്തീനെ അംഗീകരിക്കുവാൻ തയ്യാറായി വന്നിട്ടുള്ളത് അമേരിക്കയെയും ഇസ്രയേലിനെയും സമ്മർദ്ദത്തിലാക്കുന്നതാണ്. സ്പെയിൻ, അയർലണ്ട്, മാൾട്ട, സ്കാൻഡിനേവിയൻ രാഷ്ട്രമായ നോർവെ എന്നിവയും പലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിച്ചു. ഇസ്രയേലിനുമേൽ അന്തർദേശീയ സമ്മർദ്ദം ചെലുത്തുവാനുള്ള ഏകോപിത ശ്രമങ്ങളുടെ ഭാഗമായി പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ച് പ്രഖ്യാപനം നടത്തിയത് മെയ് 28നാണ്. വർക്കേഴ്സ് പാർട്ടി നേതാവും പ്രധാനമന്ത്രിയുമായ പെഡ്രോസാബസിന്റെ ഇടപെടൽ യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളുടെ നിലപാട് മാറ്റത്തിന് കാരണമായിട്ടുണ്ട്. യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തായതും മറ്റൊരു കാരണമാണ്. പലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരം പരിഗണനയിലുണ്ടെന്ന് യുകെയുടെയും, ഓസ്ട്രേലിയയുടെയും പ്രഖ്യാപനം സാർവ്വദേശിയ സമ്മർദ്ദത്തിൽ നിന്നും ആർക്കും ഒഴിഞ്ഞുനിൽക്കുവാൻ കഴിയുകയില്ലെന്നു വ്യക്തമാക്കുന്നതാണ്.

നോർവെയും അയർലണ്ടും സ്പെയിനിൽ അധികാരത്തിലെത്തിയ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഭരണം വന്നതോടെ സംയുക്തമായി പലസ്‌തീനെ അംഗീകരിച്ചു. പിറന്നുവീണ മണ്ണിൽ നിന്നും പിഴുതെറിയപ്പെട്ട ഒരു ജനതയുടെ സ്വപ്നഭൂമിയാണ് പലസ്തീൻ. ഗാസ അവരുടെ അവസാന അഭയ മുനമ്പാണ്. അടിമകളെപ്പോലെ കഴിയുവാൻ മനസ്സില്ലാത്ത അവരുടെ പോരാട്ടത്തെ ഭീകരപ്രവർത്തനമെന്ന് ആക്ഷേപിക്കുന്ന അമേരിക്കയ്‌ക്കും ഇസ്രയേലിനുമേറ്റ കനത്ത തിരിച്ചടിയാണ് ലോകരാഷ്ട്രങ്ങളുടെ നിലപാടുകൾ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 + 15 =

Most Popular