1948ൽ ഗാന്ധിജിയെ കൊന്നത് ഹിന്ദുമഹാസഭക്കാരാണ്. അവരിൽ ചിലർക്ക് ആർ എസ് എസുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഗാന്ധിവധം അന്വേഷിച്ച കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. അതേത്തുടർന്ന് ആർഎസ്എസും ഹിന്ദു മഹാസഭയും നിരോധിക്കപ്പെട്ടു. ഇരുപതിനായിരത്തോളം വരുന്ന സ്വയംസേവകരെ കേന്ദ്ര ഗവൺമെന്റ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. സർദാർ വല്ലഭ് ഭായി പട്ടേലിന്റെ നിർദ്ദേശാനുസൃതമാണ് ഇത് നടന്നത്. അറസ്റ്റ് നടക്കുന്നതറിഞ്ഞ് സ്വയംസേവകർ പലരും ഒളിവിൽ പോയി. അങ്ങനെ ഒളിവിൽ പോയ ആർഎസ്എസുകാരെ ദുഃഖിപ്പിച്ച ഒരു വിഷയം അവരുടെ സംഘടനയ്ക്കെതിരായി നടന്ന നിരോധനത്തെ എതിർക്കാൻ ഇന്ത്യയിൽ അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയപാർട്ടികൾ ഒന്നും തന്നെ തയ്യാറായില്ല എന്നതാണ്. അവർക്കുവേണ്ടി ശബ്ദിക്കാൻ പാർലമെന്റിലും ആരുമുണ്ടായിരുന്നില്ല.
സർസംഘചാലകിന്റെ അപ്രമാദിത്വത്തിൽ പ്രവർത്തിച്ചുവരുന്ന ഒരു സംഘടനയാണ് ആർഎസ്എസ്. തീരുമാനങ്ങൾ ഒക്കെ മുകളിൽ നിന്ന് താഴോട്ടാണ് വരാറുള്ളത്. എന്നാൽ മുകളിലില്ലാതിരുന്ന ചിലർ നിലനിൽക്കുന്ന സ്ഥിതിവിശേഷത്തെ വിലയിരുത്തുകയും പരസ്യമായി അഭിപ്രായ പ്രകടനം നടത്തുകയും ചെയ്തു. കെ. ആർ. മൽക്കാനി അവരിൽ ഒരാളാണ്. അദ്ദേഹം തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചത് ഇങ്ങനെയായിരുന്നു: ‘‘അത്യാർത്തിക്കാരായ രാഷ്ട്രീയക്കാരുടെ താൽപര്യങ്ങളിൽ നിന്ന് സ്വരക്ഷയ്ക്കുവേണ്ടി സംഘം രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കെടുക്കണം. ഒപ്പം ഗവൺമെന്റിന്റെ ഭാരതീയവിരുദ്ധവും ഭാരതീയേതരവുമായ നയങ്ങളെ തടയണം. ഭാരതീയത നടപ്പിലാക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കണം…. ഒപ്പം ഈ ആശയങ്ങൾ നേടിയെടുക്കുന്നതിന് ഒരു രാഷ്ട്രീയ പാർട്ടിയും രൂപീകരിക്കണം’’. കെ.ആർ.മൽക്കാനി കോൺഗ്രസ് കുടുംബത്തിൽ ജനിച്ച ഒരു വ്യക്തിയായിരുന്നു. ഹൈദരാബാദ് കാരനായ അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ എൻ ആർ മൽക്കാനി ഗാന്ധിജിയുടെ ഏറ്റവും അടുത്ത സഹപ്രവർത്തകരിൽ ഒരാളായിരുന്നു. 1941ൽ ആണ് കെ ആർ മൽക്കാനി ആർ എസ് എസിൽ ചേരുന്നത്. 1948ൽ അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിന്റെ സബ് എഡിറ്ററായി പ്രവർത്തിക്കുകയായിരുന്നു. ആർഎസ്എസ് നേതൃത്വം അദ്ദേഹത്തെ തങ്ങളുടെ ഇംഗ്ലീഷ് മുഖപത്രമായ ഓർഗനൈസർ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ചുമതല ഏൽപ്പിച്ചു. 34 വർഷക്കാലം ഓർഗനൈസറുടെ പത്രാധിപരായി പ്രവർത്തിച്ചത് കെ ആർ മൽക്കാനിയായിരുന്നു. ദീൻ ദയാൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിസർച്ച് ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. രാജ്യസഭാ അംഗമായും പോണ്ടിച്ചേരി ഗവർണറായും ഒക്കെ അദ്ദേഹം നിയോഗിക്കപ്പെട്ടിട്ടുണ്ട്. എന്തായാലും കെ ആർ മൽക്കാനിയുടെ അഭിപ്രായത്തെ മാനിക്കാൻ ഗോൾവാൾക്കർ തയ്യാറായി.
ഗോൾവാൾക്കർ അന്ന് പ്രതീക്ഷിച്ചിരുന്നത് സർദാർ പട്ടേലിനെ സ്വാധീനിക്കുന്നതിലൂടെ കോൺഗ്രസിനെ ഒരു ഹിന്ദുത്വ പാർട്ടിയാക്കി മാറ്റിയെടുക്കാനാവും എന്നതായിരുന്നു. ഗാന്ധിവധത്തിന് ആഴ്ചകൾക്ക് മുമ്പ് 1948 ജനുവരിയിൽ ലഖ്നൗവിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ വച്ച് ഹിന്ദുമഹാസഭയെയും ആർഎസ്എസിനെയും കോൺഗ്രസിൽ ചേരുന്നതിന് പട്ടേൽ പരസ്യമായി ക്ഷണിച്ചിരുന്നു. ഗാന്ധി വധത്തിനു ശേഷം ആർഎസ്എസിനെ നിരോധിക്കുന്നതിന് മുൻകൈയെടുത്തത് പട്ടേൽ ആയിരുന്നുവെങ്കിലും അതേ പട്ടേൽ തന്നെയാണ് ആർഎസ്എസിനെ നിരോധനാനന്തരം കോൺഗ്രസിൽ ചേർക്കുന്നതിന് പിന്നീട് തീരുമാനമെടുത്തതും. പക്ഷേ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു വിദേശത്തായിരുന്ന സമയത്തായിരുന്നു ആ തീരുമാനം പട്ടേൽ എടുത്തത്. വിദേശത്തുനിന്ന് തിരിച്ചെത്തിയ നെഹ്റു അടിയന്തരമായി കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി യോഗം വിളിച്ചുചേർക്കാൻ നിർദേശിക്കുകയും യോഗത്തിൽ പട്ടേലിന്റെ തീരുമാനം റദ്ദാക്കുകയും ചെയ്തു. ഗോൾവാൾക്കർക്ക് അപ്രതീക്ഷിതമായി ഏറ്റ ഒരടിയായിരുന്നു അത്. ഈ പശ്ചാത്തലത്തിലാണ് മൽക്കാനിയുടെ നിർദ്ദേശം അംഗീകരിക്കാൻ ഗോൾവാൾക്കർ തയ്യാറായത്. ഈ കാലത്ത് സർദാർ പട്ടേൽ മരണമടയുകയും ചെയ്തു. അതോടെ കോൺഗ്രസിനെ ഹിന്ദുത്വ പാർട്ടിയാക്കി മാറ്റിയെടുക്കുക എന്ന ആർ എസ് എസ് ലക്ഷ്യം പൊളിഞ്ഞു.
ഈ കാലത്താണ് നെഹ്റു മന്ത്രിസഭയിൽ അംഗമായിരുന്ന ശ്യാമപ്രസാദ് മുഖർജി, ജമ്മു-കാശ്മീർ വിഷയത്തിൽ നെഹ്റുവുമായി കലഹിച്ച് ക്യാബിനറ്റിൽ നിന്നും രാജിവെക്കുന്നത്. ജനസംഘം രൂപീകരിക്കുന്നതിനു മുമ്പ് അദ്ദേഹം നാഗ്പൂരിൽ ചെന്ന് ഗോൾവാൾക്കറുമായി ചർച്ച നടത്തുന്നുണ്ട്. ചർച്ചയെക്കുറിച്ച് ഗോൾവാൾക്കർ രേഖപ്പെടുത്തിയത് താഴെ പറയും പ്രകാരമായിരുന്നു: ‘‘ആർഎസ്എസിനെ പൂർണമായി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കാനാകില്ല എന്ന മുന്നറിയിപ്പ് എനിക്ക് അദ്ദേഹത്തിന് നൽകേണ്ടിയിരുന്നു. രാഷ്ട്രത്തിന്റെ സർവതല സ്പർശിയായ സാംസ്കാരിക ജീവിതത്തിന്റെ പുനരുജ്ജീവനത്തിനായി എല്ലായ്‌പ്പോഴും അർപ്പണബോധത്തോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സംഘടനയ്‌ക്ക് ഒരിക്കലും ഒരു രാഷ്ട്രീയപാർട്ടിയുടെ വാദ്യോപകരണമായി പ്രവർത്തിക്കാനാവില്ല’’. നിരോധനം പിൻവലിച്ചു കിട്ടുന്നതിനുവേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതല്ല എന്ന് കേന്ദ്രസർക്കാരിന് ആർഎസ്‌എസ് എഴുതിക്കൊടുത്തിരുന്നു എന്നതാണ് വാസ്തവം.
അതിനാൽ ആർഎസ്എസിന്റെ രണ്ടാം നിര നേതാക്കളായ ദീൻദയാൽ ഉപാദ്ധ്യായ,ബൽരാജ് മഥോക്, ശേഷാദ്രി ചാരി എന്നിവരെ ജനസംഘത്തിന്റെ സംഘടനാ പ്രവർത്തനത്തിനായി അദ്ദേഹം വിട്ടുകൊടുക്കുകയും ചെയ്തു. ഭരണകക്ഷിയായ കോൺഗ്രസ്സിനെ വിഴുങ്ങലായിരുന്നു അന്നത്തെ ആർ എസ് എസ് നേതൃത്വം ലക്ഷ്യം വെച്ചിരുന്നത്. ഇന്ദിരാ ഗാന്ധിയുടെ ഇരുപതിന പരിപാടിയെ ആർ എസ് എസ് പരസ്യമായിത്തന്നെ പിന്തുണച്ചിരുന്നു. ജനസംഘം എതിർക്കുകയും ചെയ്തിരുന്നു. പിന്നീട് ജനതാ പാർട്ടിയിൽ ജനസംഘം ലയിച്ചു. കേന്ദ്രഭരണത്തിൽ പങ്കാളിയാവുന്നതിന്റെ നേട്ടം ആർഎസ്എസ് നേരിട്ടനുഭവിച്ച വർഷങ്ങളായിരുന്നു അത്. ആർഎസ്എസ് നിർദ്ദേശിച്ചതനുസരിച്ച് ജനതാപാർട്ടിയിൽ ചേർന്നവരൊക്കെ ജനതാ പാർട്ടിയിൽ അംഗമായിരിക്കെത്തന്നെ ആർഎസ്എസ് അംഗത്വവും തുടർന്നു. ഇത് ജനതാപാർട്ടിയിൽ ഭിന്നിപ്പിനിടയാക്കി.
തുടർന്നാണ് ബിജെപി രൂപീകരിക്കപ്പെട്ടത്. അന്ന് ബിജെപിയുടെ ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടത് ഗാന്ധിയൻ സോഷ്യലിസമായിരുന്നു. ഗാന്ധിയും സോഷ്യലിസവും ഒരു നിലയ്ക്കും ആർഎസ്എസിന് യോജിക്കാനാവാത്ത മുദ്രാവാക്യങ്ങളായിരുന്നു. എന്നിട്ടും അവർ അതിന് സമ്മതം നൽകിയത് ഗാന്ധിയനും സോഷ്യലിസ്റ്റുമായിരുന്ന ജയപ്രകാശ് നാരായണന്റെ അനുയായികളെ തങ്ങളുടെകൂടെ നിർത്താനാവും എന്ന പ്രതീക്ഷയിൽ ആയിരുന്നു. ഇപ്പോൾ ഗാന്ധിയൻ സോഷ്യലിസത്തെ കുറിച്ച് ബിജെപി മൗനവ്രതത്തിലാണ്.
ഇതൊക്കെ കാണിക്കുന്നത് ആർഎസ്‌എസും ബിജെപിയും ഭിന്നിപ്പ് അഭിനയിക്കുന്നത് ആർഎസ്എസിന്റെ നിർദ്ദേശാനുസരണമാണെന്നാണ്. ♦