Tuesday, June 18, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍മുച്ചിക്കൽ പത്മനാഭൻ: മയ്യഴി വിമോചന സമരനായകൻ

മുച്ചിക്കൽ പത്മനാഭൻ: മയ്യഴി വിമോചന സമരനായകൻ

കെ ബാലകൃഷ്‌ണൻ

വിപ്ലവപാത‌യിലെ ആദ്യപഥികർ‐ 36

“കോഴിക്കോട്ട് ചികിത്സിക്കാൻ പോയി തിരിച്ചുവന്നദിവസം പൂമുഖത്ത് (കുഞ്ഞനന്തൻമാസ്റ്റരുടെ) മൂന്ന് ചില്ലിട്ട ചിത്രങ്ങൾ കാണാറായി. നടുവിൽ കാറൽ മാർക്സിന്റെ ചിത്രം. ഇരുവശത്തും ലെനിനും സ്റ്റാലിനും.

ഈ താടിക്കാരമ്മാരും മീശക്കാരമ്മാരും ഒക്കെ ആരാ മാഷേ‐ നിരത്തിൽനിന്നുകൊണ്ട് കുഞ്ഞിച്ചിരുത ചിത്രങ്ങളിൽ നോക്കി. പിന്നെ പൂമുഖത്തേക്കു കയറി. ഈ മീശക്കാരനോ മാഷേ‐ കുഞ്ഞിച്ചിരുത സ്റ്റാലിനുനേരെ വിരൽചൂണ്ടിക്കൊണ്ടു ചോദിച്ചു.

കുഞ്ഞിച്ചിരുതയെപ്പോലെതന്നെ മറ്റാർക്കും മാസ്റ്ററുടെ പൂമുഖത്തെ ചിത്രങ്ങൾ ആരുടേതാണെന്ന് മനസ്സിലായില്ല. പക്ഷേ ഒരുദിവസം മൂപ്പൻസായിവിന്റെ വലംകയ്യായ സെർഴാം ആം റെത്രേത്ത് കുഞ്ഞീകണ്ണേന്റെ മകനായ സെക്രത്തേർ കരുണൻ വൈകുന്നേരം സവാരിക്ക് ഇറങ്ങിയപ്പോൾ മാസ്റ്റരുടെ പൂമുഖത്തിന് മുമ്പിൽവന്നുനിൽക്കുകയും കോപത്തോടെ പ്രഖ്യാപിക്കുകയുംചെയ്തു‐ ” ഇലേ കൊമ്മ്യൂനിസ്ത്”

അവൻ കമ്മ്യൂണിസ്റ്റാണ്.

ഫ്രഞ്ച് കോളനിയായ മയ്യഴിയിൽ കമ്മ്യൂണിസത്തിന്റെ വിത്തുകൾ വിതയ്ക്കുകയായിരുന്നു കുഞ്ഞനന്തൻ മാഷ്. മയ്യഴിയുടെ ഇതിഹാസമായ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ തിളങ്ങിനിൽക്കുന്ന അനശ്വരകഥാപാത്രം മാത്രമല്ല, മറ്റൊരു പേരിൽ ജീവിച്ച മഹാനായ കമ്മ്യൂണിസ്റ്റായിരുന്നു മാഷ്. ഏതുനിമിഷവും മരണമെത്താവുന്ന തരത്തിൽ നിത്യരോഗിയായിട്ടും ജനസേവനത്തിനിറങ്ങുകയും അതിനായി ജനങ്ങളെ സംഘടിപ്പിക്കുകയും അവരിൽ വിപ്ലവബോധമങ്കുരിപ്പിക്കുകയുംചെയ്യുന്ന മാഷ്.

നാട്ടിൽ വസൂരി മരണംവിതച്ചുകൊണ്ടിരുന്നപ്പോൾ രോഗശയ്യയിൽ അടങ്ങിക്കിടക്കുകയല്ല, പിടഞ്ഞെഴുന്നേറ്റ് രോഗികളെ ശുശ്രൂഷിക്കാൻ പോവുകയായിരുന്നു കുഞ്ഞനന്തൻ മാസ്റ്റർ. വസൂരിബാധിച്ചവരെ മരിക്കുന്നതിന് മുമ്പ്് കുഴിച്ചിടുന്നതടക്കമുള്ള വിവരംകേട്ട് നടുങ്ങുകയാണ് മാഷ്.

മാസ്റ്റരും അയാളുടെ ബുദ്ധിജീവികളായ മറ്റ് ചങ്ങാതിമാരും എന്നും വൈകുന്നേരം ചെന്നിരിക്കുന്ന സ്ഥലമായിരുന്നു വിജ്ഞാനപോഷിണി വായനശാല. മാസ്റ്റരുടെ ശ്രമഫലമായാണ് വായനശാല രൂപംകൊണ്ടത്.

മാഷക്കെന്താ ഒര് മൗനം‐കുഞ്ഞനന്തൻ മാഷ് മിണ്ടാതെ തലയും തൂക്കിയിട്ടിരിക്കുന്നതു കണ്ട് വാസൂട്ടി ചോദിച്ചു. “കപ്യാര്് എങ്ങനെയാ മരിച്ചതെന്നു നിനക്കറിയ്യോ’

“ചാക്ന്നേനു മുമ്പ് കൊണ്ടോയി കുയിച്ചിട്ടു’

മാസ്റ്റർ തന്റെ വിളറിയ കൈപ്പത്തികൾ കൂട്ടിത്തിരുമ്മി.

വാസൂട്ടി പുസ്തകങ്ങൾ അടുക്കിവെയ്ക്കുയായിരുന്നു. അവർ രണ്ടുപേരെയും കൂടാതെ പപ്പൻ എന്ന ഒരു ചെറുപ്പക്കരൻകൂടിയുണ്ടായിരുന്നു. അവൻ കൂർ കോംപ്ലേമാന്തറിലെ വിദ്യാർഥിയായിരുന്നു. മീശ മുളച്ചുവരുന്ന പ്രായം.

“വാസൂട്ടീ നമ്മളിങ്ങനെ ഇര്ന്നാല് പോരാ. എന്തെങ്കിലും ചെയ്യണം.’

‘എന്തുചെയ്യണം എന്നാ മാഷ് പറയുന്നത്?

‘നമ്മളും കടപ്പൊറത്ത് ചെല്ലണം. നമ്മളെക്കൊണ്ട് കഴിയുന്നത് ചെയ്യണം.’

വാസൂട്ടി അതുകേട്ട് ഞെട്ടിപ്പോയി. കടപ്പുറം നിറയെ വസൂരിയാണ്. അവിടെ ചെല്ലാനോ. അയാൾക്ക് അത് ആലോചിക്കാൻപോലും വയ്യ.

“വാസൂട്ടി ഞ്ഞി വര്ന്നില്ലെങ്കില് വരണ്ട. ഞാൻ പോകും. ഞാനൊരു കമ്മ്ണിസ്റ്റാ. കമ്മ്യൂണിസ്റ്റുകാരൻ മനുഷ്യസ്നേഹിയാ. എനിക്കിതു കണ്ടു വെറുതെനിൽക്കാൻ കഴിയില്ല.’

പത്രം വായിച്ചുകൊണ്ടിരിക്കുന്ന പപ്പൻ പെട്ടെന്നു തലയുയർത്തി. അവന്റെ കണ്ണുകൾ ചൂളകൾപോലെ കത്തിപ്പടർന്നിരുന്നു.

“മാഷ്ടെ കൂടെ ഞാനുമുണ്ട്.

മാസ്റ്റരുടെ മുഖം പ്രകാശിച്ചു. നീയെങ്കിലുമുണ്ടല്ലോ പപ്പാ.

അന്നുതന്നെ അവർ കടപ്പുറത്തുചെന്നു. രോഗംവന്ന ചാളകളിൽ ചെന്നുനോക്കി. കുടിവെള്ളം കിട്ടാതെ എരിപൊരികൊള്ളുന്നവർക്ക് വെള്ളം കൊടുത്തു.

മയ്യഴിയിൽ കമ്മ്യൂണിസം വന്നുകൊണ്ടിരുന്ന വഴികളെക്കുറിച്ച് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എം.മുകുന്ദൻ വരച്ചിട്ട ചിത്രമാണ് മേൽ കൊടുത്തത്. വിജ്ഞാനപോഷിണി വായനശാല മാഹി സ്പോർട്ട്സ് ക്ലബ്ബെന്ന പേരിൽ ഇപ്പോഴുമുണ്ട്. അവിടെ കുഞ്ഞനന്തൻ മാഷുടെ യഥാർഥ പേരിലുള്ള ചിത്രവുമുണ്ട്.
മയ്യഴിയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രമുഖനായ നേതാവായിരുന്ന മുച്ചിക്കൽ പത്മനാഭനെയും കമ്മ്യൂണിസത്തിലേക്കാകർഷിച്ചത് ജയരാമൻ മാഷ് ആണ്. മയ്യഴിയുടെ ഇതിഹാസത്തിലെ കുഞ്ഞനന്തൻ മാഷ്. പുതുച്ചേരിയിൽ പോയി വലിയ പരീക്ഷകൾ പാസായി വിപ്ലവകാരിയായി തിരിച്ചെത്തുന്ന, മയ്യഴി വിമോചനസമരനായകരിലൊരാളായ, പിൽക്കാലത്ത് നൈരാശ്യത്തിലേക്ക് വഴുതിവഴുതി വീണുപോയ ദാസൻ. ആ ദാസന്റെ സ്വത്വത്തിൽ മുച്ചിക്കൽ പത്മനാഭന്റെ സ്വത്വം കുറയൈാക്കെ അന്തർലീനമാണ്” അഥവാ ജയരാമൻ മാസ്റ്റരിൽനിന്ന് കുഞ്ഞനന്തൻമാഷ് എന്ന കഥാപാത്രത്തെ വികസിപ്പിച്ചതുപോലെ മുച്ചിക്കൽ പത്മനാഭൻ ദാസൻ എന്ന കഥാപാത്രസൃഷ്ടിയിൽ വിദൂരമായെങ്കിലും സ്വാധീനിച്ചു.

മയ്യഴിയുടെ വിമോചനത്തിനായി നടന്ന സമരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി തനതായ പങ്കുവഹിച്ചുവെങ്കിലും മയ്യഴിയുടെ വിമോചനസമരചരിത്രത്തിൽനിന്ന് ആ ഭാഗം മറച്ചുവെക്കാനാണ് ഔദ്യോഗികശ്രമമുണ്ടായത്. ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ ആണ്‌ പിന്തള്ളപ്പെട്ടുപോയ ആ ചരിത്രത്തെ വീണ്ടെടുത്ത് മിഴിവോടെ തലമുറകൾക്കായി നൽകിയത്.

എം.മുകുന്ദൻ ഒരിക്കൽ ഈ ലേഖകനോട് പറഞ്ഞു‐ “മയ്യഴിയുടെ ധൈഷണികജീവിതത്തിന് ഏറ്റവും വലിയ സംഭാവനചെയ്തതാരെന്ന് ചോദിച്ചാൽ ഞാൻ പറയുക മുച്ചിക്കൽ പത്മനാഭൻ എന്നാണ്. “മയ്യഴി വിമോചനസമരനായകരിലൊരാളും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന, ഫ്രഞ്ച് ഭാഷയിലും സാഹിത്യത്തിലും ചരിത്രത്തിലും അപാരപണ്ഡിതനായിരുന്ന മുച്ചിക്കൽ പത്മനാഭൻ. (പഴശ്ശിയും കടത്തനാടും എന്ന പുസ്തകത്തിലെ മയ്യഴിയെക്കുറിട്ടുള്ള ലേഖനം)

പൊലീസിൽ ബ്രിഗേഡിയറായിരുന്ന മുച്ചിക്കൽ കുഞ്ഞിക്കണ്ണന്റെയും ചീക്കോളി മാധവിയുടെയും മകനായി 1914‐ലാണ് പത്മനാഭൻ ജനിച്ചത്. സി.എച്ച്. കണാരന്റെ അർധസഹോദരിയാണ് ചീക്കോളി മാധവി. ചെറുപ്പത്തിലേതന്നെ ഫ്രഞ്ച് ഭാഷയിലും സാഹിത്യത്തിലും പ്രത്യേക താല്പര്യം പ്രകടിപ്പിച്ച പത്മനാഭൻ ആ വിഷയത്തിൽ നിരവധി പരീക്ഷകൾ ഉയർന്ന മാർക്കുനേടി പാസായി. 1932‐ൽ 18‐ാം വയസ്സിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചശേഷവും പഠനം തുടർന്നു. അർധസഹോദരനായ സി.എച്ച്. കണാരനോടൊപ്പമാണ് പൊതുപ്രവർത്തനത്തിൽ ആദ്യം സജീവമായത്. സി.എച്ചിനെപ്പോലെതന്നെ യുക്തിവാദത്തിന്റെയും ബൗദ്ധികചർച്ചകളുടെയും ബാല്യകൗമാരകാലം. വിക്ടർ യൂഗോവിന്റെയും കാൾ മാർക്സിന്റെയും ഫ്രഞ്ച് ഭാഷയിലുള്ള കൃതികൾ ചെറുപ്പത്തിലേതന്നെ വായിച്ചുപഠിച്ച മുച്ചിക്കൽ തൊഴിലാളിവർഗരാഷ്ട്രീയത്തിൽ ആഴത്തിൽ ആകൃഷ്ടനായി. അനീതിക്കെതിരായി ശബ്ദമുയർത്തിക്കൊണ്ട് മയ്യഴിമേഖലയിൽ യുവാക്കളെ സംഘടിപ്പിക്കാൻ മുൻനിന്നുപ്രവർത്തിച്ചു. മുച്ചിക്കലിനെക്കുറിച്ചുള്ള വ്യക്തികഥനമല്ല, മുച്ചിക്കലടക്കം നേതൃത്വം നൽകിയ മയ്യഴി വിമോചനസമരമാണിവിടെ പ്രതിപാദിക്കുന്നത്.

മലയാളനാടാണെങ്കിലും കേരളമല്ല, ബ്രിട്ടീഷ് ഇന്ത്യയിലല്ല, ഫ്രഞ്ച് കൊളോണിയൽ ഭരണമാണ് മയ്യഴിയിൽ. അതിനാൽ കോൺഗ്രസ് എന്ന നിലയിൽ ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തനം ആദ്യകാലത്ത്് മയ്യഴിയിൽ ഉണ്ടായിരുന്നില്ല. 1938‐ൽ തിരുവിതാംകൂറിൽ സ്റ്റേറ് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഉത്തരവാദഭരണപ്രക്ഷോഭം ആരംഭിക്കുന്ന കാലത്താണ് മയ്യഴിയിൽ സ്വാതന്ത്ര്യസമരം നടത്തുന്നതിനായി മഹാജനസഭ രൂപവൽക്കരിക്കുന്നത്. മഹാജനസഭയെന്നാൽ കോൺഗ്രസ് തന്നെ. അതിൽ സോഷ്യലിസ്റ്റ് വിഭാഗത്തിന് മേൽക്കൈയുണ്ടായിരുന്നു, എന്നാൽ സോഷ്യലിസ്റ്റല്ലാത്ത കെ.കേളപ്പൻ അതിന്റെ രക്ഷാധികാരിയെപ്പോലെ പ്രവർത്തിക്കുകയുംചെയ്തു. കേളപ്പൻ കോൺഗ്രസ് വിട്ട് കിസാൻ മസ്ദൂർ പ്രജാ പാർട്ടിയുടെ നേതാവും പിന്നീട് സർവോദയനേതാവുമായപ്പോഴും അതിൽ മാറ്റം വന്നില്ല.

മയ്യഴിയുടെ ചരിത്രപരമായ സവിശേഷതയിലേക്ക് അല്പമൊന്നു കണ്ണോടിച്ചുകൊണ്ടേ ഇനി മുന്നോട്ടുപോകാനാവൂ. 1721 ഏപ്രിൽ രണ്ടിന്് കടത്തനാട്ടുരാജാവായ വടകര വാഴുന്നോരിൽനിന്ന് ഫ്രഞ്ചുകാർ ഒരു പടപ്പാളയം കെട്ടുന്നതിന് സമ്മതം വാങ്ങിയതോടെയാണ് മയ്യഴിയുടെ കൊളോണിയൽ ചരിത്രം തുടങ്ങുന്നത്. ഒമ്പത് ചതുരശ്ര കിലോമീറ്റർ പ്രദേശം. ബ്രിട്ടീഷ് കമ്പനി സൈന്യത്തിന്റെ കയ്യേറ്റത്തിൽ പലതവണ മയ്യഴി ഫ്രഞ്ചുകാർക്ക് നഷ്ടപ്പെട്ടു. യൂറോപ്പിൽ ഫ്രാൻസും ബ്രിട്ടനും തമ്മിൽ ഏറ്റമുട്ടുന്ന കാലത്തെല്ലാം അതിന്റെ പ്രതിഫലനം ഇവിടെയുമുണ്ടായി. 1741ൽ ഫ്രഞ്ച് നാവികസേനാമേധാവി മായെ ലുബുർദെനെയുടെ നേതൃത്വത്തിലുള്ള സൈന്യമാണ് മയ്യഴി ബ്രിട്ടീഷ് കമ്പനിയിൽനിന്ന് തിരികെ പിടിച്ചത്. അതോടെയാണ് മയ്യഴിക്ക് മായെ എന്ന് ഫ്രഞ്ചുകാർ പേരിട്ടത്. ആ പേരാണ് ഇംഗ്ലീഷിൽ മാഹിയായി പരിണമിച്ചത്. മാഹിയല്ല, മയ്യഴിയാണ് യഥാർഥ പേരെന്നർഥം. പിന്നെയും ബ്രിട്ടീഷ്‐ ഫ്രഞ്ച് അധികാരകേന്ദ്രങ്ങളുടെ മാറ്റിമറിക്കലുകളുണ്ടായെങ്കിലും 1814‐ലെ പാരീസ് ഉടമ്പടിയോടെ മയ്യഴി പൂർണമായും ഫ്രഞ്ച് കമ്പനിയുടേതായിത്തീർന്നു. പുതുച്ചേരി, യാനം, കാരക്കൽ തുടങ്ങിയ ഫ്രഞ്ച് ഇന്ത്യൻ കോളനികളുടെയും ചരിത്രം ഇത്തരത്തിൽത്തന്നെ.

ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യത്തിനെതിരെ മലബാറിൽ സ്വാതന്ത്ര്യസമരം ശക്തിപ്രാപിക്കുന്ന ഘട്ടത്തിൽത്തന്നെ മയ്യഴിയിലും കോൺഗ്രസ്സിലേക്ക് ആകർഷിക്കപ്പെട്ടവർ ഏറെയാണ്. മയ്യഴിയിൽ കോൺഗ്രസ്സിന് ശാഖയില്ലാത്തതിനാൽ, അതിന് തൽക്കാലം സാധ്യതയില്ലാത്തതിനാൽ മലബാറിന്റെ ഭാഗമായ അഴിയൂരിലെ കോൺഗ്രസ് ഘടകത്തിലാണ് മയ്യഴിയിലെ കോൺഗ്രസ്സുകാർ അംഗത്വമെടുത്തത്. തലശ്ശേരിയിലെയും അഴിയൂരിലെയും കോൺഗ്രസ് പ്രവർത്തനത്തിൽ മയ്യഴിയിലെ സ്വാതന്ത്ര്യദാഹികൾ ഭാഗഭാക്കായി. 1934‐ൽ ഹരിജൻ ഫണ്ടുപിരിവുമായി ബന്ധപ്പെട്ട്‌ ഗാന്ധിജി മയ്യഴിയിൽ വന്നതോടെയാണ് മയ്യഴിയിൽ വലിയൊരുണർവുണ്ടായത്. ഡോ.എം.കെ.മേനോന്റെ നേതൃത്വത്തിലുള്ള ഒരുസംഘം ഉല്പതിഷ്ണുക്കളാണ് ഗാന്ധിജിയുടെ സ്വീകരണത്തിന് നേതൃത്വംനൽകിയത്. ഐ.കെ.കുമാരൻ, സി.ഇ.ഭരതൻ എന്നിവരോടൊപ്പം മുച്ചിക്കൽ പത്മനാഭനും അതിൽ മുഖ്യ പങ്കുവഹിച്ചു. 1938‐ലാണ് മയ്യഴിയിലെ കോൺഗ്രസ്സായ മഹാജാനസഭ രൂപവൽക്കരിച്ചത്. അതോടെയാണ് മയ്യഴി വിമോചനത്തിനുള്ള സമരപരിശ്രമങ്ങൾ ഊർജിതമായത്. കല്ലാട് അനന്തൻ പ്രസിഡണ്ടും സി.ഇ.ഭരതൻ സെക്രട്ടരിയുമായാണ് മഹാജനസഭ രൂപീകൃതമായത്. കല്ലാട് അനന്തൻ മാറി പിന്നീട് ഐ.കെ.കുമാരൻ മാസ്റ്റർ പ്രസിഡണ്ടായി.

അതേകാലത്തുതന്നെ മയ്യഴിയിലും പുതുച്ചേരിയിലും തൊഴിലാളിപ്രസ്ഥാനങ്ങൾ രൂപപ്പെടാൻ തുടങ്ങിയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഘടകങ്ങൾ സംഘടിതമായി വരാൻ തുടങ്ങിയിരുന്നില്ലെങ്കിലും കമ്യൂണിസ്റ്റുകാരാണ് ട്രേഡ് യൂനിയനുകൾ സംഘടിപ്പിച്ചത്. പുതുച്ചേരിയിലെ മിൽ തൊഴിലാളികൾ 1936‐ൽ വലിയൊരു സമരം നടത്തി. കമ്യൂണിസ്റ്റ് നേതൃത്വത്തിൽ നടത്തിയ ആ സമരത്തെ വെടിവെച്ചുകൊണ്ടാണ് ഫ്രഞ്ച് സൈന്യം നേരിട്ടത്. 1936 ഓഗസ്റ്റ് 30‐ന് നടന്ന വെടിവെപ്പിൽ 12 തൊഴിലാളികൾ രക്തസാക്ഷികളായി. ആ സമരത്തിലൂടെ എട്ട് മണിക്കൂർ ജോലി, പ്രസവാവധി, 25 വർഷം സർവീസുള്ളവർക്ക് 40 ശതമാനം പെൻഷൻ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞു. ഈ സംഭവം പുതുച്ചേരിയിലുൾപ്പെട്ട ഫ്രഞ്ച് അധീനമേഖലയിലാകെ ചലനങ്ങൾ സൃഷ്ടിച്ചു.

എ.കെ.ജി.യുടെ നേതൃത്വത്തിൽ പട്ടിണിജാഥ കടന്നുപോകുമ്പോൾ മയ്യഴിയിൽ ഉജ്ജ്വലസ്വീകരണം നൽകി. ഡോ.എം.കെ.മേനോനാണ് സ്വീകരണത്തിന് നേതൃത്വം നൽകിയത്. ഗാന്ധിജിയെ വരവേൽക്കാനും എ.കെ.ജി.യുടെ പട്ടിണിജാഥയെ വരവേൽക്കാനും നേതൃത്വംനല്കിയ ഡോ.മേനോൻ മയ്യഴിയിൽ പുരോഗമനവാദികളെുയാകെ രക്ഷാധികാരിയെപ്പോലെയാണ് പ്രവർത്തിച്ചത്. അതിനദ്ദേഹം നൽകേണ്ടിവന്ന വില വലുതായിരുന്നു‐ മയ്യഴിയിൽനിന്ന്് പുറത്താക്കൽ. ഡോ.മേനോന്റെ ക്ലിനിക്കിന് പുറമെ മുച്ചിക്കലടക്കമുള്ള വിപ്ലവകാരികളുടെ കേന്ദ്രം മലബാർ ക്രോണിക്കിൾ പ്രസ്സായിരുന്നു. ചണോളിയൻ കൃഷ്ണനാണ് പ്രസ് നടത്തിയത്. പിൽക്കാലത്ത് മയ്യഴി മഹാജനസഭയുടെ ഖജാഞ്ജിയായിരുന്നു കൃഷ്ണൻ. മുച്ചിക്കൽ മുഖേന ക്രോണിക്കിൾ പ്രസ്സുമായി കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് നേതാക്കൾ ബന്ധം പുലർത്തി. കേരളത്തിൽ അച്ചടിക്കാൻ കഴിയാത്ത നോട്ടീസുകളും ലഘുലേഖകളും മയ്യഴിയിലെ മലബാർ ക്രോണിക്കിൾ പ്രസ്സിൽ അച്ചടിപ്പിക്കുകയായിരുന്നു. കേരളീയനും എ.കെ.ജി.യും സി.എച്ച് കണാരനും കെ.വാസുദേവും (തിരുവിതാംകൂറിൽനിന്ന്് കണ്ണൂരിൽ വന്ന് ട്രേഡ് യൂനിയൻ പ്രസ്ഥാനത്തിന്റെയും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രധാന നേതാക്കളിലൊരാളായിത്തീർന്ന കെ.വാസുദേവ്) മയ്യഴിയിൽ വന്ന് ലഘുലേഖകൾ അച്ചടിപ്പിച്ച്‌ കൊണ്ടുപോയി മലബാറിൽ വിതരണംചെയ്തു. തിരുവിതാംകൂറിലെ ഉത്തരവാദഭരണപ്രക്ഷോഭവുമായി ബന്ധപ്പെട്ട ലഘുലേഖകളിൽ പലതും അച്ചടിപ്പിച്ചതും മയ്യഴിയിലെ മലബാർ ക്രോണിക്കിൾ പ്രസ്സിലാണ്. ഇതിലെല്ലാം മുച്ചിക്കൽ വലിയ പങ്ക് വഹിച്ചു.

1942‐ലാണ് ഫ്രഞ്ച് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവൽക്കരിച്ചത്. മലബാർ, ബംഗാൾ, തമിഴ്നാട്് ഘടകങ്ങളുടെ സഹകരണത്തോടെയാണ് പുതുച്ചേരിയിലെ കമ്മിറ്റി നിലവിൽവന്നത്. അതിന്റെ ഉന്നതസമിതിയായ പോളിറ്റ്‌ ബ്യൂറോവിൽ അംഗമായിരുന്നു മുച്ചിക്കൽ പത്മനാഭൻ. പാർട്ടിയുടെ മലബാർ കമ്മിറ്റിയിലും അംഗമായിരുന്നു. ഐക്യകേരളം പ്രാബല്യത്തിലായതോടെ കേരളസംസ്ഥാന കമ്മിറ്റിയിലും അംഗമായിരുന്നു. കമ്യൂണിസ്റ്റ്് പാർട്ടിയുടെ മയ്യഴി മേഖലയിലെ ആദ്യ സെക്രട്ടരിയും മുച്ചിക്കലായിരുന്നു.

1938‐ലാണ് മയ്യഴിയിൽ വിപ്ലവകാരികളായ ചെറുപ്പക്കാർ യൂത്ത് ലീഗ് സംഘടിപ്പിച്ചത്. മലബാറിലും തിരുവിതാംകൂറിലും മുപ്പതുകളിൽ രൂപവൽക്കരിച്ച യൂത്തുലീഗിന്റെ മാതൃകയിലായിരുന്നു. പുതുച്ചേരിയയുടെ മറ്റ് ഭാഗങ്ങളിലും യൂത്തുലീഗ് സംഘടിപ്പിച്ചത് മുച്ചിക്കലിന്റെ നേതൃത്വത്തിലാണ്. കോൺഗ്രസ്സുകാർക്ക് ഭൂരിപക്ഷവും നേതൃത്വവുമുള്ള മഹാജനസഭയിൽ കമ്മ്യൂണിസ്റ്റുകാരുമുണ്ടായിരുന്നെങ്കിലും മഹാജനസഭയുടെ പരിമിതി അക്കാലത്തുതന്നെ കമ്മ്യൂണിസ്റ്റുകാർ ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നാം ലോകയുദ്ധാനന്തരം ഫ്രഞ്ച് കോളനികളിൽ ഉയർന്നുവന്ന സ്വാതന്ത്ര്യപ്രസ്ഥാനങ്ങളെപ്പോലെ കാലംമാറിയിട്ടും തികച്ചും പരിമിതമായ ആവശ്യങ്ങളേ മഹാജനസഭ ഉന്നയിക്കുന്നുള്ളൂ എന്ന വിമർശം മുച്ചിക്കലാണ് ഉന്നയിച്ചത്. ഫ്രഞ്ച് സർക്കാരിന് കീഴിൽ സ്വതന്ത്രമായ പുതുച്ചേരി പ്രവിശ്യ എന്ന മുദ്രാവാക്യമാണ് ഒരുതരത്തിൽ മഹാജനസഭ ഉയർത്തിയത്. ഫ്രഞ്ച് കൊടികളുമെന്തിയാണ് പുതുച്ചേരിയിൽ മഹാജനസഭ മോചനസമരം നടത്തിയതെന്നും മുച്ചിക്കൽ ചൂണ്ടിക്കാണിച്ചു. ഫ്രഞ്ച് ഭരണകൂടം നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യമടക്കം വിളിച്ചതായും മുച്ചിക്കൽ ചൂണ്ടിക്കാട്ടി. അതിൽനിന്ന് വ്യത്യസ്തമായി പൂർണമായ വിമോചനം എന്ന മുദ്രാവാക്യമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉയർത്തിയത്.

1942 സെപ്റ്റംബർ 11‐നാണ് പാരീസിൽ മയ്യഴിക്കാരനായ കമ്യൂണിസ്റ്റ് വിപ്ലവകാരി മിച്ചിലോട്ട് മാധവൻ രക്തസാക്ഷിയായത്. മയ്യഴിയിൽനിന്ന് ഉപരിപഠനത്തിനായി ഫ്രാൻസിൽപോയ മാധവൻ പാരീസിനടുത്തുള്ള സർബോൺ സർവകലാശാലയിലെ വിദ്യാർഥി നേതാവും ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടി അംഗവുമായിരുന്നു. ഫ്രാൻസിൽ ഫാസിസത്തിനെതിരെ നടന്ന പോരാട്ടത്തിൽ വിദ്യാർഥികളെ സംഘടിപ്പിച്ച് പോരാടുന്നതിൽ മാധവൻ വലിയ പങ്കുവഹിച്ചു. ഫാസിസത്തിനെതിരെ ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഗറില്ലാ സമരമാണക്കാലത്ത് സംഘടിപ്പിച്ചത്. പാരീസിലെ ഒരു സിനിമാ ടാക്കീസിലുണ്ടായ സ്ഫോടനത്തിൽ രണ്ട് നാസികൾ കൊല്ലപ്പെട്ട കേസിലാണ് നാസികൾ മിച്ചിലോട്ട് മാധവനെ അറസ്റ്റ് ചെയ്തത്. നാസി തടങ്കൽപാളയത്തിൽ കുറേനാൾ ക്രൂരമായി പീഡിപ്പിച്ചശേഷം പാരീസ് നഗരപ്രാന്തത്തിലുള്ള വലേറിയൻ കുന്നിൻചരിവിൽവെച്ച് മാധവനെ വെടിവെച്ചുകൊല്ലുകയായിരുന്നു. ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടരിയായിരുന്ന പിയർ സെമോറും ഫ്രഞ്ച് ചിന്തകനും കവിയും പത്രാധിപരുമായിരുന്ന ഗബ്രിയേൽ പെറിയും ഇതേ കേസുമായി ബന്ധപ്പെട്ട് ജയിലിലടക്കപ്പെടുകയും പിന്നീട് വധിക്കപ്പെടുകയുംചെയ്തു. ഈ സംഭവങ്ങൾ മയ്യഴിയിലും മലയാളനാട്ടിലാകെയും പ്രചരിപ്പിക്കുന്നതിൽ മുച്ചിക്കൽ പത്മനാഭൻ വലിയ പങ്ക് വഹിച്ചു.

മയ്യഴിയിലെ മഹാജനസഭാനേതാക്കളായ ഐ.കെ.കുമാരൻ മാസ്റ്റരടക്കമുള്ളവർ മയ്യഴിക്ക് പുറത്ത് ക്വിറ്റ് ഇന്ത്യാസമരത്തിൽ സജീവമായി പങ്കെടുത്ത് അറസ്റ്റ് വരിച്ചു. സോവിയറ്റു യൂണിയൻ യുദ്ധത്തിൽ ചേർന്നതോടെയുണ്ടായ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ക്വിറ്റ് ഇന്ത്യാസമരത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നുവല്ലോ. ഇത് മയ്യഴിയിലും കമ്മ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്താനുള്ള അവസരമായി ഉപയോഗപ്പെടുത്തുകയായിരുന്നു കോൺഗ്രസ്സുകാരും സോഷ്യലിസ്റ്റുകളും. ഈ ഒറ്റപ്പെടുത്തൽ ശ്രമത്തെ ചെറുക്കാൻ ഫാസിസത്തിനെതിരായ ആശയപ്രചരണത്തിന് മയ്യഴിയിൽ നേതൃത്വംനൽകിയത് മുച്ചിക്കൽ പത്മനാഭനാണ്.

1948 ഒക്ടോബറിൽ മയ്യഴിയിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനുള്ള കാർഡ് വിതരണം ശരിയായല്ല നടക്കുന്നത്, കൃത്രിമമുണ്ടെന്ന് ചൂണ്ടിക്കാട്ടി മഹാജനസഭ ഉപരോധസമരം പ്രഖ്യാപിച്ചു. നഗരസഭാ കാര്യാലയത്തിന് മുന്നിൽ നടന്ന സമരം അക്രമാസക്തമായി. നഗരസഭാ ഓഫീസിലെ ഫയലുകൾ ജനങ്ങൾ എടുത്ത് പുറത്തെറിഞ്ഞു. പോലീസ് സ്റ്റേഷനിലെ ആയുധങ്ങൾ എടുത്തുകൊണ്ടുപോയി. മയ്യഴിയുടെ ഭരണാധികാരിയെ കസ്റ്റഡിയിലെടുത്ത് മലബാറിന്റെ ഭാഗമായ അഴിയൂരിലേക്ക് കൊണ്ടുപോയി. ഭരണകാര്യാലയത്തിലെ (മൂപ്പന്റെ കുന്ന്) ഫ്രഞ്ച് പതാക ഊരിയെറിഞ്ഞു. ഐ.കെ.കുമാരന്റെ നേതൃത്വത്തിലുള്ള സമരക്കാർ ഭരണം പിടിക്കുകയായിരുന്നു. മഹാജനസഭയുടെ നേതൃത്വത്തിലുള്ള ഡിഫൻസ് കൗൺസിൽ ഒരാഴ്ച ഭരണം നടത്തി. എന്നാൽ ഫ്രാൻസിൽനിന്ന് ഇന്തോചീനയിലേക്കുള്ള പടക്കപ്പൽ മയ്യഴിയുടെ തീരത്തേക്ക് അടുപ്പിച്ചതോടെ മഹാജനസഭയുടെ ഡിഫൻസ് കൗൺസിലിന് ഭരണമുപേക്ഷിച്ച് അഴിയൂരിലേക്ക് രക്ഷപ്പെടേണ്ടിവന്നു. ഫ്രാൻസുമായുള്ള ബന്ധം തകരുമെന്നതിനാൽ ഇന്ത്യാ ഗവർമെന്റ് മയ്യഴിയിലെ വിമോചനസമരത്തെ സഹായിച്ചില്ല. എന്നാൽ കേസിൽ പ്രതികളാക്കപ്പെട്ട ഐ.കെ.കുമാരനടക്കമുള്ള 53 പേരെ വിട്ടുകൊടുക്കണമെന്ന ഫ്രഞ്ച് സർക്കാരിന്റെ ആവശ്യം അംഗീകരിച്ചില്ല. കടുത്ത കമ്മ്യൂണിസ്റ്റ് വിരോധം കാരണം മയ്യഴിയിലെ കമ്മ്യൂണിസ്റ്റ് പ്രവർത്തകരായ 27 പേരെ മഹാജനസഭയുടെ ഡിഫൻസ് കൗൺസിലുകാർ പിടിച്ചുകൊണ്ടുപോയി അഴിയൂരിലെത്തിച്ച് എം.എസ്.പി.ക്ക് കൈമാറി. മയ്യഴിയിലും പള്ളൂരിലും കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചു.

ഇത്തരം മർദനനയങ്ങൾക്കിടയിലും കമ്മ്യൂണിസ്റ്റ്‌ പാർട്ടി സ്വതന്ത്രമായി വിമോചനസമരവുമായി മുന്നോട്ടുനീങ്ങി. എ.ഐ.എസ്.എഫ്. വിദ്യാലയങ്ങളിൽ സമരം നടത്തി. വിമോചനസമരത്തിന്റെ നേതാക്കളിലൊരാളായ മുച്ചിക്കൽ പത്മനാഭനെ മയ്യഴിയിലെ സ്കൂളിൽനിന്ന് വിദൂരസ്ഥമായ ചന്ദ്രനഗറിലേക്ക് മാറ്റി. പിന്നീട് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നാല്പതുകളുടെ ആദ്യവും അവസാനകാലവും പാർട്ടി ഇന്ത്യയിൽ നിരോധിക്കപ്പെട്ടപ്പോൾ കേരളത്തിലെ നേതാക്കളെ മയ്യഴിയിലെയും പള്ളൂരിലെയും വിവിധ കേന്ദ്രങ്ങളിൽ ഒളിവിൽ പാർപ്പിക്കുന്ന പ്രവർത്തനത്തിൽ മയ്യഴിയിലെ പാർട്ടി പ്രവർത്തകർ മുഴുകി. ഇ.എം.എസ്., എ.കെ.ജി., സി.എച്ച്. കണാരൻ, ഇ.കെ.നായനാർ, കേരളീയൻ, എൻ.ഇ.ബാലറാം തുടങ്ങിയ നേതാക്കൾക്കെല്ലാം ആ ഘട്ടത്തിൽ മയ്യഴിയിൽ സുരക്ഷിതമായ ഷെൽടർ ലഭിച്ചു. മയ്യഴിയിലെ പാർട്ടി സെക്രട്ടരിയെന്ന നിലയിൽ മുച്ചിക്കൽ അതിനെല്ലാം നേതൃത്വം നൽകി, പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലും മലയാളം പ്രസിദ്ധീകരണങ്ങളിലും മാർക്സിസം ലെനിനിസത്തിന്റെ അടിസ്ഥാനതത്വങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിലും മുച്ചിക്കൽ അക്കാലത്ത് സമയം കണ്ടെത്തി. സമര‐സംഘടനാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പലതവണ ജോലിയിൽനിന്ന്് പിരിച്ചുവിടപ്പെട്ടു. ചില ഘട്ടങ്ങളിൽ ജോലി രാജിവെക്കേണ്ടിവന്നു.

1954‐ലാണ് മയ്യഴിവിമോചനസമരം വീണ്ടും ശക്തിയാർജിച്ചത്. അതിന് മുമ്പായി വ്യക്തിസത്യാഗ്രഹത്തിലൂടെ സമരം പുനരാരംഭിക്കാൻ ശ്രമമുണ്ടായി. പി.കെ.ഉസ്മാൻ, എൻ.സി.കണ്ണൻ എന്നിവർ സത്യാഗ്രഹം നടത്തി. അവരെ പോലീസ് തല്ലിച്ചതയ്ക്കുകയും ജയിലിലടയക്കുകയുമായിരുന്നു. പോലീസ് മർദനത്തിനിരയായ ഉസ്മാൻ അകാലത്തിൽ മരണപ്പെട്ടു. സമരം സംയുക്തമായി നടത്തണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി അഭ്യർഥിച്ചെങ്കിലും മഹാജനസഭ നിരാകരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സമരത്തിൽനിന്ന് അകറ്റിനിർത്താൻ നടടത്തിയ ശ്രമം തെറ്റായിപ്പോയെന്ന് പിൽക്കാലത്ത് മംഗലാട്ട് രാഘവനടക്കമുള്ളവർ സ്വയംവിമർശം നടത്തി.

മഹാജനസഭയുടെ നിരാസമുണ്ടായെങ്കിലും അതൊന്നും കണക്കിലെടുക്കാതെ കമ്യൂണിസ്റ്റ് പാർട്ടി സ്വന്തം നിലയ്ക്ക് സ്വാതന്ത്ര്യസമരവുമായി മുന്നോട്ടുപോയി. പാർട്ടിയുടെ മലബാർ ജില്ലാ കമ്മിറ്റി സമരത്തിന് എല്ലാ സഹായവും ചെയ്തു. മയ്യഴിപ്പാലത്തിനിപ്പുറം (കണ്ണൂർ ജില്ലയോട് ചേർന്നഭാഗം) ചെറുകല്ലായി മേഖലയാണ്. മയ്യഴിയിൽപ്പെട്ട ചെറുകല്ലായിയിലാണ് ഫ്രഞ്ച് സേനയുടെ ചെറിയൊരു കോട്ടയുള്ളത്. ഫോർട്ട് സെന്റ് ജോർജ്. ഫ്രഞ്ച് പോലീസിന്റെ ഔട്ട് പോസ്റ്റ് പ്രവർത്തിക്കുന്ന ഈ കോട്ട പിടിച്ചെടുക്കുക, ചെറുകല്ലായി മേഖല മോചിപ്പിക്കുക എന്ന തീരുമാനം കമ്മ്യൂണിസ്റ്റ് പാർട്ടി എടുത്തു. എ.കെ.ജി.അടക്കമുള്ളവർ പങ്കെടുത്ത് അഴിയൂരിലും മൂഴിക്കരയിലും യോഗം നടത്തി വോളന്റിയർമാരെ സംഘടിപ്പിച്ചു. 1954 ഏപ്രിൽ 26ന് അർധരാത്രി രണ്ടു ബാച്ചുകളിലായി നൂറോളം കമ്മ്യൂണിസ്റ്റ് വോളന്റിയർമാർ ചെറുകല്ലായിയിലേക്ക് മാർച്ച് ചെയ്തു. കെ.കെ.ജി.അടിയോടി, കോട്ടായി കണാരൻ മേസ്ത്രി, പി.വി.കുഞ്ഞിരാമൻ, കക്കോട്ട് അനന്തൻ, മുണ്ടങ്ങാടൻ ചാത്തുക്കുട്ടി, പി.വി.കുട്ടി, വി.കെ.കണാരി, കാരായി കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. തലശ്ശേരി താലൂക്കിലെ വിവിധ ഭാഗങ്ങളിലുള്ള പ്രവർത്തകരാണ് വോളന്റിയർമാരായി ഫ്രഞ്ച് കോട്ടയിലെത്തിയത്. കോട്ടയിലുള്ള ഫ്രഞ്ച് പോലീസുകാരോട് കീഴടങ്ങാൻ സഖാക്കൾ ആവശ്യപ്പെട്ടു. കാവൽക്കാരനായ പോലീസുകാരനെ വീഴ്ത്തി അയാളുടെ തോക്ക് കെ.കെ.ജി. അടിയോടി പിടിച്ചെടുത്തു. എന്നാൽ അതിനിടെ ഫ്രഞ്ച് പോലീസുകാർ നടത്തിയ വെടിവെപ്പിൽ സഖാക്കൾ എം. അച്യുതനും (ഗോപാലപേട്ട) പി.പി. അനന്തനും (ഈങ്ങയിൽ പീടിക) രക്തസാക്ഷികളായി.എന്നാൽ ഏതാനും മണിക്കൂറിനകംതന്നെ ഫ്രഞ്ച് പട്ടാളക്കാരും പോലീസുകാരും ചെറുകല്ലായി കോട്ട പേക്ഷിച്ച് കടന്നു. അതോടെ ചെറുകല്ലായി ഫ്രഞ്ച് സാമ്രാജ്യത്വത്തിൽനിന്ന് ഫലത്തിൽ മോചിതമായി. ഏതാനും ദിവസത്തിനകം പള്ളൂർ മേഖലയും മോചിതമായി. ചെറുകല്ലായിയുടെ മോചനം നാട്ടുകാരായ ഉദ്യോഗസ്ഥരുടെ കണ്ണുതുറപ്പിച്ചു. അവർ ഇന്ത്യൻ യൂണിയനോട് കൂറ് പ്രഖ്യാപിച്ചു. ചെറുകല്ലായിയുടെ സന്ദേശമുൾക്കൊണ്ട് പള്ളൂർ ഉൾപ്പെട്ട നാലുതറയിലെ മുനിസിപ്പൽ കൗൺസിലർമാർ യോഗം ചേർന്ന് ഇന്ത്യൻ യൂണിയനിൽ ചേർന്നതായി പ്രമേയം പാസാക്കി.

ആ ഘട്ടത്തിൽ യ്യഴിക്കകത്ത് മഹാജനസഭാ നേതാക്കൾ ഉണ്ടായിരുന്നില്ല. അവർ അഴിയൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. കമ്യൂണിസ്റ്റുകാർ മയ്യഴിയിൽനിന്നുകൊണ്ടുതന്നെ സമരം തുടർന്നു. ഏറ്റവുമൊടുവിൽ മയ്യഴി ഉപരോധിക്കുന്ന സമരമാണ് നടന്നത്. കമ്യൂണിസ്റ്റകാരായ പി.കെ.ഭാസ്കരൻ, പറമ്പത്ത് ബാലൻ എന്നിവരെ ഫ്രഞ്ച് മയ്യഴി ഭരണകൂടം രാജ്യദ്രോഹികളായി മുദ്രകുത്തി നാടുകടത്തി.

ഇങ്ങനെ ഉപരോധമടക്കം എല്ലാ ഭാഗത്തും സമരം കൊടുമ്പിരിക്കൊള്ളുന്ന ഘട്ടത്തിൽ മോചനം കൈപ്പാടകലെയെന്ന് വ്യക്തമായ സന്ദർഭത്തിലാണ് മഹാജനസഭ അന്തിമസമരത്തിന് തീരുമാനിച്ചത്. 1954 ജൂലായ് 14‐നായിരുന്നു അത്. ഫ്രഞ്ച് വിപ്ലവദിനമാണതെന്നതാണ് പ്രത്യേകത. മലബാറിന്റെ ഭാഗമായ വടക്കുനിന്ന് മയ്യഴിപ്പാലത്തിലൂടെ മാർച്ച് ചെയ്ത് മൂപ്പൻ സായിവിന്റെ ബംഗ്ലാവ് ഉപരോധിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനുള്ള മാർച്ച്. ആ മാർച്ചിൽ ചേരാൻ കമ്മ്യണിസ്റ്റുകാരും മറ്റുള്ളവരും താല്പര്യപ്പെട്ടെങ്കിലും മഹാജനസഭക്കാർ നിരസിച്ചു. എന്നാൽ നൂറോളം പേർ വരുന്ന മഹാജനസഭക്കാർ ജാഥയായി മയ്യഴിപ്പാലത്തിന്റെ പകുതിയിൽ അതായത് ഫ്രഞ്ച് അധികാരമേഖലയിലേക്ക് കയറുമ്പോഴേക്കും അവരെപ്പോലെ സങ്കുചിതത്വമില്ലാത്ത കമ്മ്യൂണിസ്റ്റുകാരും മറ്റ് വിപ്ലവകാരികളും ഇന്ത്യൻ പതാകയുമായി അവരെ സ്വീകരിച്ചാനായിക്കാൻ അങ്ങോട്ടു വരവേൽപ്പുജാഥ നടത്തി. ഒടുവിൽ എല്ലാവരും ചേർന്നുള്ള വിമോചനമാർച്ച് മൂപ്പന്റെ ബംഗ്ളാവിലേക്ക് നീങ്ങി. ജാഥ അവിടെയെത്തിയപ്പോൾ മൂപ്പൻ സായിവ് അതായത് അഡ്മിനിസ്ട്രേറ്റർ ദെഷാം സായിവ് പുറത്തുവന്ന് മായേ സേത്താവൂ എന്ന് പ്രഖ്യാപിച്ചു. ജൂലായ് 16‐ഓടെ ഫ്രഞ്ച് ഭരണം മയ്യഴിയിൽനിന്ന് കെട്ടുകെട്ടി. ഐ.കെ.കുമാരൻ മാസ്റ്റരുടെ നേതൃത്വത്തിലുള്ള താൽക്കാലിക ഭരണസംവിധാനം നിലവിൽവന്നു.

മുച്ചിക്കൽ പത്മനാഭനെക്കുറിച്ചുള്ള ലേഖനത്തിൽ അദ്ദേഹത്തെക്കുറിച്ചല്ലാതെ മയ്യഴി വിമോചനസമരത്തെ മൊത്തത്തിൽ പ്രതിപാദിച്ചത് മുച്ചിക്കലടക്കമുള്ള കമ്മ്യൂണിസ്റ്റുകാർ മയ്യഴിവിമോചനസമരത്തിൽ വഹിച്ച് പങ്ക് മറച്ചുപിടിക്കാൻ നടന്ന ശ്രമങ്ങൾ ചൂണ്ടിക്കാട്ടാനാണ്.

മയ്യഴി വിമോചനസമരവുമായി ബന്ധപ്പെട്ട്് കാരിക്കലിലെ ജയിലിൽ കഴിയുമ്പോഴാണ് കാൾ മാർക്സിനെയും വിക്ടർ യൂഗോവിനെയും കുറിച്ചുള്ള ബൃഹദ് ഗ്രന്ഥരചനയ്ക്ക് മുച്ചിക്കൽ ശ്രമം തുടങ്ങുന്നത്. ജയിലിലെ ലൈബ്രറിയിൽനിന്ന് ലഭിച്ച പുസ്തകങ്ങൾ ഇക്കാര്യത്തിൽ വലിയ പ്രചോദനമായി. മയ്യഴി വിമോചിതമായ ശേഷം പുതുച്ചേരിയുടെ ഭാഗമായപ്പോൾ അവിടുത്തെ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പള്ളൂർ മണ്ഡലത്തിൽനിന്നുള്ള പ്രതിനിധിയായി മുച്ചിക്കൽ മൂന്നുതവണ വിജയിച്ചു. 1964‐ൽ സി.പി.ഐ. പിളർന്നപ്പോൾ സി.പി.ഐ.യിൽ തുടർന്ന മുച്ചിക്കൽ അതിവേഗം സജീവരാഷ്ട്രീയം ഉപേക്ഷിക്കുകയും കോഴിക്കോട് ദേവഗിരി കോളേജിൽ ഫ്രഞ്ച് ലക്ചററായി ചേരുകയുമായിരുന്നു. എന്നാൽ കമ്യൂണിസ്റ്റുകാരൻ എന്ന നിലയ്ക്കുള്ള സംഘടനാ ഉത്തരവാദിത്വങ്ങളിൽനിന്ന്് ഒഴിഞ്ഞുമാറിയെങ്കിലും ആശയപ്രചാരണരംഗത്ത് സജീവമായി തുടർന്നു. ഇരു കമ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രസിദ്ധീകരണങ്ങളിൽ മാര്ക്സിസം‐ലെനിനിസത്തെപ്പറ്റി വിജ്ഞാനപ്രദമായ ലേഖനങ്ങൾ എഴുതി.

ജയിലിൽ കഴിയുമ്പോൾ തുടക്കംകുറിച്ചതാണ് കാറൽ മാർക്സിനെക്കുറിച്ചുള്ള ബൃഹദ് ഗ്രന്ഥരചനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ. കാറൽ മാർക്സിന്റെ സമ്പൂർണ ജീവചരിത്രം അദ്ദേഹത്തിന്റെ സംഭാവനകളെയാകെ അവലോകനംചെയ്തുകൊണ്ട് മലയാളത്തിൽ ആദ്യം അവതരിപ്പിച്ചത് മുച്ചിക്കലാണ്. കാറൽ മാർക്സ് ‐ ജീവിതവും പാഠങ്ങളും എന്ന പേരിൽ രണ്ടു വാല്യങ്ങളായി എണ്ണൂറ്റമ്പതോളം പേജുള്ള പുസ്തകം.സാധാരണക്കാരായ പ്രവർത്തകർക്ക്് വായിച്ച് അതിവേഗം ഹൃദിസ്ഥമാക്കാനാവുന്ന തരത്തിലുള്ള ലളിതമായ വിവരണം. പാവങ്ങൾ എഴുതിയ വിക്ടർ യൂഗോവിന്റെ ജീവിതവും പാഠങ്ങളും എന്ന ഗ്രന്ഥവും അക്കാലത്തുതന്നെ മുച്ചിക്കൽ പ്രസിദ്ധപ്പെടുത്തി.മിച്ചലോട്ട് മാധവനോടൊപ്പം രക്തസാക്ഷിയായ ഫ്രഞ്ച് കവിയും പത്രാധിപരും കമ്മ്യൂണിസ്റ്റ് നേതാവുമായ ഗബ്രിയേൽ പെറിയുടെ ആത്മകഥ പാടുന്ന നാളെയിലേക്ക് എന്ന പേരിൽ വിവർത്തനംചെയ്ത്് പ്രസിദ്ധപ്പെടുത്തി.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − 4 =

Most Popular