Sunday, September 8, 2024

ad

Homeസിനിമകാൻ മേളയുടെ ഇന്ത്യൻ സിനിമ വ്യവസായത്തോടുള്ള ഓർമപ്പെടുത്തൽ

കാൻ മേളയുടെ ഇന്ത്യൻ സിനിമ വ്യവസായത്തോടുള്ള ഓർമപ്പെടുത്തൽ

കെ എ നിധിൻ നാഥ്‌

ന്ത്യൻ സിനിമയ്ക്ക്‌ അഭിമാനിക്കാവുന്ന നേട്ടങ്ങളുമായാണ്‌ 77-ാമത് കാന്‍ ചലച്ചിത്രോത്സവം അവസാനിച്ചത്‌. പായൽ കപാഡിയ സംവിധാനം ചെയ്‌ത ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ മേളയിലെ രണ്ടാമത്തെ വലിയ പുരസ്‌കാരമായ ഗ്രാന്‍ഡ് പ്രിക്‌സ്‌ നേടി. 30 വർഷത്തിന്‌ ശേഷം പാം ദോറിനായി മത്സരിക്കുന്ന ഇന്ത്യൻ സിനിമ എന്ന ഖ്യാതിയോടെയാണ്‌ ചിത്രം മേളയിലെത്തിയത്‌. അവാർഡ്‌ തിളക്കത്തോടെ മടക്കം.

ഇന്ത്യൻ സ്വതന്ത്ര സിനിമയുടെ സാധ്യതകളെ ചിത്രത്തിന്റെ നേട്ടം ഒന്നുകൂടി ഓർമപ്പെടുത്തുന്നുണ്ട്‌. മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയും നായികമാരായ ചിത്രത്തിൽ അസീസ്‌ നെടുമങ്ങാടും കെ എസ് ആർദ്രയുമുണ്ട്‌ എന്നത്‌ ഏറെ അഭിമാനകരമാണ്‌. ചിത്രത്തിന്റെ അണിയറപ്രവർത്തകരിലും മലയാളി സാന്നിധ്യമുണ്ട്‌. അസോസിയേറ്റ് ഡയറക്ടർ റോബിൻ ജോയ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസറും കാസ്റ്റിങ് ഡയറക്ടറുമായ പ്രണവ് രാജ്, സ്‌ക്രിപ്‌റ്റ്‌ സൂപ്പർവൈസർ നസീം ആസാദ്, കാസ്റ്റിങ് ടീം അംഗം അഖിൽ ദേവൻ എന്നിവർ പാലക്കാട്‌ സ്വദേശികളാണ്‌. കാനില്‍ നടന്ന പ്രദര്‍ശനത്തിൽ ചിത്രത്തിന് വന്‍ സ്വീകര്യതയാണ്‌ ലഭിച്ചത്. പ്രദർശനത്തിനുശേഷം കാണികൾ എട്ടുമിനിറ്റോളമാണ്‌ എഴുന്നേറ്റുനിന്ന് കൈയടിച്ചത്‌.

കേരളത്തിൽനിന്ന്‌ മുംബൈയിൽ ജോലിക്കെത്തിയ രണ്ടു മലയാളി നഴ്‌സുമാരായ പ്രഭ (കനി കുസൃതി), അനു (ദിവ്യപ്രഭ) എന്നിവരുടെ ജീവിതസംഘര്‍ഷങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ പറയുന്നത്‌. മുംബൈയിലും രത്‌നഗിരിയിലും ചിത്രീകരിച്ച സിനിമയുടെ തിരക്കഥാകൃത്തും പായലാണ്‌. മലയാളം, ഹിന്ദി ഭാഷകളിലായി ചിത്രീകരിച്ച ചിത്രത്തിൽ 80 ശതമാനവും മലയാളമാണ്‌.

ബള്‍ഗേറിയന്‍ സംവിധായകനായ കോണ്‍സ്റ്റാറ്റിന്‍ ബോജനോവിന്റെ ‘ദി ഷേംലെസി’ലെ പ്രകടനത്തിലൂടെ അണ്‍സര്‍ട്ടന്‍ റിഗാര്‍ഡ്സ്‌ വിഭാഗത്തിലെ മികച്ച നടിക്കുള്ള പുരസ്‌കാരം അനസൂയ സെന്‍ഗുപ്ത നേടി. ആദ്യമായാണ്‌ ഇന്ത്യൻ നടിക്ക്‌ ഈ പുരസ്‌കാരം ലഭിക്കുന്നത്‌. ഷഹാന ഗോസ്വാമി അഭിനയിച്ച സന്ധ്യ സൂരിയുടെ സന്തോഷ് എന്ന സിനിമയും ഇതേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. ചിദാനന്ദ എസ് നായിക്കിന്റെ ഹ്രസ്വ ചിത്രം ‘സണ്‍ഫ്‌ളവേര്‍സ് വേര്‍ ദി ഫസ്റ്റ് വണ്‍സ് ടു നോ’ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ലാ സിനെഫ് പുരസ്‌കാരവും നേടി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയാണ്‌ ചിദാനന്ദ. പിയർ ആഞ്ജിനോ പുരസ്കാരം മലയാളിയായ ഛായാഗ്രാഹകൻ സന്തോഷ് ശിവന്‌ ലഭിച്ചു. പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഏഷ്യക്കാരനാണ്‌ അദ്ദേഹം.

ഇത്തരത്തിൽ ഇന്ത്യൻ സിനിമയ്‌ക്ക്‌ ലോക സിനിമാ ഭൂപടത്തിൽ പുത്തൻ അടയാളപ്പെടുത്തലുകൾ സാധ്യമാക്കിയാണ്‌ കാൻ ചലച്ചിത്രോത്സവം സമാപിച്ചത്‌. പായൽ കപാഡിയയുടെ അവാർഡ്‌ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ്‌ ചെയ്‌തു. പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ 77––ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടി. ഈ ചരിത്ര നേട്ടത്തിൽ ഇന്ത്യ അഭിമാനിക്കുന്നു. എഫ്‌ടിഐഐയുടെ പൂർവ വിദ്യാർഥിയുടെ കഴിവ് ആഗോള വേദിയിൽ തിളങ്ങുന്നത് തുടരുകയാണ്‌. ഇത് ഇന്ത്യയിലെ സമ്പന്നമായ സർഗ്ഗാത്മകതയുടെ നേർക്കാഴ്ചയാണ്‌. ഈ അഭിമാനകരമായ അംഗീകാരം അവരുടെ അസാധാരണമായ കഴിവുകൾക്കുള്ള അഭിനന്ദനത്തിനൊപ്പം പുതിയ തലമുറയിലെ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.’ എന്നായിരുന്നു മോദിയുടെ ആശംസ. എന്നാൽ ഇതിൽ ഇന്ത്യയ്‌ക്ക്‌ അഭിമാനിക്കാൻ എന്തുണ്ട്‌ എന്ന ചോദ്യം അവാർഡ്‌ നേട്ടത്തോളം തന്നെ പ്രസക്തമാണ്‌.

മോദി സർക്കാർ 2014ൽ അധികാരത്തിൽ വന്നതിനു പിന്നാലെ ആദ്യം ലക്ഷ്യമിട്ട സ്ഥാപനങ്ങളിൽ ഒന്നായിരുന്നു പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്‌. സംഘപരിവാർ വിധേയനായ മോദി ആരാധകൻ ഗജേന്ദ്ര ചൗഹാൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഡയറക്ടറായി. ചൗഹാന്റെ നിയമനത്തിനെതിരെ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയ വിദ്യാർഥികളിൽ ഒരാളായിരുന്നു പായൽ കപാഡിയ. സ്ഥാപനത്തിന്റെ ചരിത്രത്തിന്റെ ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു അത്‌. 139 ദിവസമാണ്‌ സമരം നടന്നത്‌. സമരത്തെ മോദി സർക്കാർ നേരിട്ടത്‌ പായൽ അടക്കമുള്ള വിദ്യാർഥികളുടെ സ്‌കോളർഷിപ്പ്‌ റദ്ദാക്കിയാണ്‌. ഇത്തരത്തിൽ മോദി സർക്കാരിന്റെ വേട്ടയെ കൂടി അതിജീവിച്ചാണ്‌ പായൽ കാനിലെ ചുവപ്പ്‌ പരവതാനിയിലൂടെ നടന്നത്‌.

2021ല്‍ കാനില്‍ ‘ഗോള്‍ഡന്‍ ഐ’ പുരസ്‌കാരം ലഭിച്ച ‘ദ നൈറ്റ് ഓഫ് നോയിങ് നതിങ്’ എന്ന പായലിന്റെ ഡോക്യുമെന്ററി ഇതുവരെ ഇന്ത്യയില്‍ റിലീസ് ചെയ്യാനായിട്ടില്ല. അതിന്‌ ഇന്ത്യയിലെ നിർമാണ–-വിതരണ കമ്പനികൾ ആരും താൽപര്യം പ്രകടിപ്പിച്ചിട്ടില്ല എന്നതാണ്‌ യാഥാർഥ്യം. അവാർഡ്‌ നേട്ടത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും ഇന്ത്യയിലെ സ്വതന്ത്ര/ആർട്ട് ഹൗസ് സിനിമ മേഖല നേരിടുന്ന അവഗണന കൂടിയാണ്‌ ഇതിൽ വെളിവാകുന്നത്‌. പായലിന്റെ സിനിമ നിർമിച്ചത്‌ ഫ്രഞ്ച് നിർമാണക്കമ്പനി ആയ പെറ്റിറ്റ് ചാവോസാണ്. നെതർലാൻഡിലെ ബാൽഡർ ഫിലിം, ലക്സംബർഗിലെ ലെസ് ഫിലിംസ് ഫൗവ്സ്, ഇറ്റലി പല്പ ഫിലിംസും ഫ്രാൻസിന്റെ ആർട്ടെ ഫ്രാൻസ് സിനിമയും പങ്കാളിയായി.

ഇന്ത്യയിലെ സിനിമാ വ്യവസായത്തിന്‌ കച്ചവട സിനിമകളിൽ അഭിരമിക്കുന്നവരായതിനാൽ ഇവിടെനിന്ന്‌ ഇത്തരമൊരു സിനിമ സാധ്യമാക്കാൻ കഴിയില്ലെന്ന്‌ പായൽ തിരിച്ചറിഞ്ഞിട്ടുണ്ടാകണം. അതിനാലായിരിക്കണം ഹുബ് ബാൽസ് ഗ്രാന്റിൽ നിന്നും സിനിഫോണ്ടേഷനിൽ നിന്നും ലഭിച്ച സാമ്പത്തിക സഹായം ഉപയോഗിച്ച്‌ യൂറോപ്പിൽ താമസിച്ച്‌ സിനിമയുടെ നിർമാതാവിനെ കണ്ടെത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾ നടത്തിയത്‌. അതായത്‌ ഈ നേട്ടങ്ങൾ ഇന്ത്യൻ സിനിമയുടെയും കേന്ദ്ര സർക്കാരിന്റെയും നയങ്ങൾക്കും പ്രവർത്തനങ്ങൾക്കുമെതിരെ പൊരുതി നേടിയതാണ്‌.

നടി കനി കുസൃതി കാനിലെ ചുവപ്പ്‌ പരവതാനിയിലൂടെ നടന്നത്‌ മുറിച്ച തണ്ണിമത്തന്റെ മാതൃകയിലുള്ള ഹാൻഡ്‌ ബാഗുമായാണ്‌. ഇസ്രയേൽ പലസ്‌തീനുമേൽ നടത്തുന്ന വംശഹത്യയ്‌ക്കെതിരെയുള്ള രാഷ്‌ട്രീയ പ്രഖ്യാപനമായിരുന്നു അത്‌. ജൂറി അംഗവും സംവിധായികയുമായ അസ്മേ എൽ മൗദിർ, ഓസ്‌ട്രേലിയൻ നടിയും നിർമാതാവുമായ കെയ്‌റ്റ്‌ ബ്ലാൻഷെറ്റ്‌ തുടങ്ങി നിരവധി പേർ അധിനിവേശത്തിനെതിരെയായ പോരാട്ടത്തിൽ കണ്ണിചേർന്നു. തങ്ങൾ ഭാഗഭാക്കാവേണ്ടതല്ലാത്ത യുദ്ധത്തില്‍ ധീരമായി പോരാടുന്ന ലോകമെമ്പാടുമുള്ള ലിംഗ–-ലൈംഗിക ന്യൂനപക്ഷങ്ങൾക്കും (ക്വീര്‍) മറ്റു പാര്‍ശ്വവല്‍കൃത സമൂഹത്തിനും പുരസ്‌കാരം സമര്‍പ്പിക്കുന്നതായാണ്‌ അനസൂയ സെന്‍ഗുപ്ത പ്രതികരിച്ചത്‌. തുല്യതയ്ക്കുവേണ്ടി പോരാടാന്‍ നിങ്ങള്‍ ക്വീര്‍ ആകണമെന്നില്ല, കോളനിവല്‍ക്കരണം ദയനീയമാണെന്ന് മനസിലാക്കാന്‍ കോളനിവല്‍ക്കരിക്കപ്പെടേണ്ടതില്ല. നമ്മള്‍ വളരെ അന്തസ്സുള്ള മനുഷ്യരായാല്‍ മതി– എന്നായിരുന്നു പ്രതികരണം.

1938ലെ വെനീസ്‌ മേളയിൽ ബെനിറ്റോ മുസോളിനിയും അഡോൾഫ്‌ ഹിറ്റ്‌ലറും തങ്ങളുടെ അജൻഡ പ്രകാരമുള്ള ചിത്രങ്ങൾക്ക്‌ അവാർഡുകൾ നൽകാൻ ഇടപെട്ടതിനെതിരെ പ്രതിഷേധിച്ചിറങ്ങിയ ചലച്ചിത്ര പ്രവർത്തകരാണ്‌ കാൻ മേളയ്‌ക്ക്‌ തുടക്കമിട്ടത്‌. ആ രാഷ്‌ട്രീയ ബോധ്യത്തിന്റെ തുടർ സാക്ഷ്യമാണ്‌ കാനിൽ കേട്ട പലസ്‌തീനു വേണ്ടിയുള്ള ശബ്ദങ്ങൾ. ആ രാഷ്‌ട്രീയ ഇടത്താണ്‌ ഇന്ത്യയിലെ അധികാര സംവിധാനങ്ങൾ ഇല്ലായ്‌മ ചെയ്യാൻ ശ്രമിച്ച പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്‌ രാജ്യത്തിന്‌ അഭിമാനിക്കാകുന്ന നേട്ടങ്ങൾ സാധ്യമാക്കിയത്‌. ഇന്ത്യൻ സിനിമാ വ്യവസായം അവഗണിച്ച സ്വതന്ത്ര സിനിമയുടെയും സിനിമാ പ്രവർത്തകരുടെയും നേട്ടത്തിന്റെ തിരയടയാളമാണ്‌ 77-ാമത്‌ കാൻ ചലച്ചിത്രോത്സവം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen + 5 =

Most Popular