Monday, November 4, 2024

ad

Homeഇവർ നയിച്ചവർടി ശിവദാസമേനോൻ: അധ്യാപകനേതാവും ഭരണാധികാരിയും

ടി ശിവദാസമേനോൻ: അധ്യാപകനേതാവും ഭരണാധികാരിയും

ഗിരീഷ്‌ ചേനപ്പാടി

മർഥനായ സംഘാടകൻ, കരുത്തുറ്റ ഭരണാധികാരി, അധ്യാപകപ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാൾ, ട്രേഡ്‌ യൂണിയൻ നേതാവ്‌ ഇങ്ങനെ വിവിധ നിലകളിൽ കഴിവു തെളിയിച്ച കമ്യൂണിസ്റ്റുകാരനാണ്‌ ടി ശിവദാസമേനാൻ. പാലക്കാട്‌‐മലപ്പുറം ജില്ലകളിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക്‌ നിർണായകമാണ്‌.

പഴയ വള്ളുവനാട്ടിലെ മണ്ണാർക്കാട്ട്‌ ഒരു സന്പന്ന ജന്മികുടുംബത്തിലാണ്‌ ശിവദാസമേനോൻ ജനിച്ചത്‌. പിയേഴ്‌സി ലവ്‌ലി കന്പനിയുടെ മാനേജരായിരുന്ന വെള്ളോലി ശങ്കരൻകുട്ടി പണിക്കരാണ്‌ പിതാവ്‌. കല്യാണിയമ്മ എന്നാണ്‌ അമ്മയുടെ പേര്‌. 1932 ജൂൺ 14നാണ്‌ ശിവദാസമേനോൻ ജനിച്ചത്‌. മണ്ണാർക്കാട്‌ പെരുന്പടാരി സർക്കാർ വിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട്ടെ ബിഇഎം സ്‌കൂൾ, സാമൂതിരി ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു തുടർന്നുള്ള സ്‌കൂൾ വിദ്യാഭ്യാസം. പാലക്കാട്‌ വിക്ടോറിയ കോളേജിൽനിന്ന്‌ ബിരുദവും കോഴിക്കോട്‌ ട്രെയ്‌നിങ്‌ കോളേജിൽനിന്ന്‌ ബിഎഡും അദ്ദേഹം നേടി.

1952 മുതൽ മണ്ണാർക്കാട്‌ കെടിഎം ഹൈസ്‌കൂളിൽ അധ്യാപകനായി അദ്ദേഹം നിയമിക്കപ്പെട്ടു. 1956 മുതൽ ഹെഡ്‌മാസ്റ്ററായും ഇതേ സ്‌കൂളിൽ സേവനമനുഷ്‌ഠിച്ചു.

1957ൽ ശിവദാസമേനോൻ ഉൾപ്പെടെയുള്ള നേതാക്കളുടെ മുൻകൈയിൽ കേരള പ്രൈവറ്റ്‌ ടീച്ചേഴ്‌സ്‌ ഫെഡറേഷൻ രൂപീകരിച്ചു. 1958ൽ അദ്ദേഹം ആ സംഘടനയുടെ മലബാർ റീജ്യണിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1975ൽ അദ്ദേഹം കേരള പ്രൈവറ്റ്‌ ടീച്ചേഴ്‌സ്‌ യൂണിയ (കെപിടിയു)ന്റെ ജനറൽ സെക്രട്ടറിയായി. 1977ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്‌ മണ്ഡലത്തിൽനിന്ന്‌ മത്സരിക്കുന്നതിനായി ജോലി അദ്ദേഹം രാജിവെച്ചു.

1970കളിൽ 54 ദിവസം നീണ്ടുനിന്ന അധ്യാപക പണിമുടക്കിന്‌ ധീരമായ നേതൃത്വം നൽകിയത്‌ ശിവദാസമേനോനായിരുന്നു.

1956ൽ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ അദ്ദേഹം അധ്യാപകരുടെയിടയിലെ കമ്യൂണിസ്റ്റുകാരനെന്ന പേര്‌ വളരെവേഗം സന്പാദിച്ചു. അധ്യാപകരെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി അടുപ്പിക്കുന്നതിനും അവരിൽ രാഷ്‌ട്രീയമായ അവബോധം വളർത്തുന്നതിനും അദ്ദേഹത്തിന്‌ അപാരമായ ശേഷിയുണ്ടായിരുന്നതായി സഹപ്രവർത്തകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. പാർട്ടിയുടെ പെരിന്തൽമണ്ണ താലൂക്ക്‌ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർട്ടി കെട്ടിപ്പടുക്കുന്നതിന്‌ താലൂക്കൊട്ടാകെ വിശ്രമമില്ലാതെ സഞ്ചരിച്ചു; കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കാൻ രാപ്പകൽ ഭേദമില്ലാതെ അധ്വാനിച്ചു.

1961ൽ നടന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട്‌ പഞ്ചായത്ത്‌ വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ സ്വന്തം അമ്മാവനെതിരെ മത്സരിച്ചുകൊണ്ടാണ്‌ ശിവദാസമേനോൻ തിരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിന്‌ തുടക്കംകുറിച്ചത്‌. കുടുംബാംഗങ്ങളെ തന്നെ ഭിന്നിപ്പിച്ച അതീവ വാശിയേറിയ തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ചത്‌ ശിവദാസമേനോനായിരുന്നു.

1958 മുതൽ 1964 വരെ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ജില്ലാ കൗൺസിൽ അംഗമായി അദ്ദേഹം പ്രവർത്തിച്ചു. 1964ൽ പാർട്ടി ഭിന്നിച്ചപ്പോൾ സിപിഐ എമ്മിനൊപ്പം അദ്ദേഹം അടിയുറച്ചുനിന്നു. 1964ൽ അദ്ദേഹം സിപിഐ എം പെരുന്തൽമണ്ണ താലൂക്ക്‌ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പെരിന്തൽമണ്ണ താലൂക്കിലെ കമ്യൂണിസ്റ്റ്‌ പാർട്ടി അംഗങ്ങളിൽ മഹാഭൂരിപക്ഷത്തെയും സിപിഐ എമ്മിനൊപ്പം നിർത്താൻ ശിവദാസമേനോന്റെ സമർഥമായ പ്രവർത്തനങ്ങൾക്ക്‌ സാധിച്ചു.

1978ൽ കണ്ണൂരിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1979ൽ അദ്ദേഹം പാലക്കാട്‌ ജില്ലാ സെക്രട്ടറിയായി. 1987 വരെ പാലക്കാട്‌ ജില്ലയിലെ പാർട്ടിയുടെ അമരക്കാരനായി അദ്ദേഹം പ്രവർത്തിച്ചു. ശിവദാസമേനോന്റെ സംഘടനാശേഷിയും പ്രാവീണ്യവും ഏറ്റവും കൂടുതൽ പ്രകടമായ സമയമായിരുന്നു അത്‌. ജില്ലയിലൊട്ടാകെ പാർട്ടി ക്ലാസുകൾ സംഘടിപ്പിക്കുന്നതിനും അദ്ദേഹം മുൻനിന്ന്‌ പ്രവർത്തിച്ചു. പാർട്ടി സഖാക്കൾക്ക്‌ ലളിതമായി കാര്യങ്ങൾ വിശദീകരിച്ചുകൊടുത്ത അധ്യാപകനായിരുന്നു ശിവദാസമേനോൻ എന്ന്‌ പലരും അനുസ്‌മരിക്കുന്നുണ്ട്‌.

1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലന്പുഴ മണ്ഡലത്തിൽനിന്ന്‌ വൻ ഭൂരിപക്ഷത്തോടെയാണ്‌ ശിവദാസമേനോൻ തിരഞ്ഞെടുക്കപ്പെട്ടത്‌. വൈദ്യുതിവകുപ്പ്‌ മന്ത്രിയായി ചുമതലയേറ്റ അദ്ദേഹം മാതൃകാപരമായ നിരവധി പദ്ധതികൾക്ക്‌ തുടക്കം കുറിച്ചു. മുൻ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ വൈദ്യുതി കണക്‌ഷനുകൾ മന്ത്രിയുടെ സ്‌പെഷ്യൽ ഓർഡറിലൂടെ പലരും നേടിയിരുന്നു. എന്നാൽ ആ സമ്പ്രദായം ശിവദാസമേനോൻ മന്ത്രിയായ ഉടൻ നിർത്തലാക്കി. എന്നു മാത്രമല്ല പാവപ്പെട്ടവർക്ക്‌ വൈദ്യുതി കണക്‌ഷൻ അനായാസം ലഭിക്കാനുള്ള നടപടികൾ അദ്ദേഹം സ്വീകരിച്ചു. അതിലൂടെ മികച്ച ഭരണാധികാരി എന്ന ഖ്യാതി വളരെവേഗം നേടാൻ അദ്ദേഹത്തിന്‌ സാധിച്ചു. 1987ലെ നായനാർ മന്ത്രിസഭയിൽ ഗ്രാമവികസനവകുപ്പ്‌ കൈകാര്യം ചെയ്‌തതും ശിവദാസമേനോനായിരുന്നു.

1991ൽ മലന്പുഴനിന്ന്‌ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ ചീഫ്‌ വിപ്പായി പ്രവർത്തിച്ചതും അദ്ദേഹമായിരുന്നു. 1993 മുതൽ 96 വരെ നിയമസഭയുടെ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു.

1994ൽ ശിവദാസമേനോൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അതോടെ അദ്ദേഹത്തിന്റെ പാർട്ടിപ്രവർത്തനകേന്ദ്രം തിരുവനന്തപുരത്തായി.

1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവദാസമേനോൻ മൂന്നാംതവണയും മലന്പുഴയിൽനിന്ന്‌ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. 1996ലെ നായനാർ സർക്കാരിൽ ധനകാര്യ‐എക്‌സൈസ്‌ വകുപ്പുകൾ കൈകാര്യം ചെയ്‌തത്‌ മേനോനായിരുന്നു.

മികച്ച ട്രേഡ്‌ യൂണിയൻ പ്രവർത്തകനായിരുന്ന അദ്ദേഹം ദീർഘകാലം സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റായിരുന്നു.

2003ൽ മുത്തങ്ങയിൽ ആദിവാസികൾക്ക്‌ നേരെ പൊലീസ്‌ അതിക്രൂരമായ മർദനവും വെടിവെപ്പുമാണ്‌ നടത്തിയത്‌. അതിൽ പ്രതിഷേധിച്ച്‌ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ കേരളമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പാലക്കാട്ട്‌ എസ്‌പി ഓഫീസിലേക്ക്‌ നടന്ന മാർച്ചിന്‌ നേതൃത്വം നൽകിയത്‌ ശിവദാസമേനോനായിരുന്നു. മുൻ മന്ത്രിയെന്ന പരിഗണന പോലും നൽകാതെയാണ്‌ സമാരാധ്യനായ ശിവദാസമേനോനെ പൊലീസ്‌ തല്ലിച്ചതച്ചത്‌. പൊലീസ്‌ ആസൂത്രിതമായി നടത്തിയ വളഞ്ഞിട്ടാക്രമണത്തിൽ ശിവദാസമേനോന്റെ തലയ്‌ക്കുൾപ്പെടെ മാരകമായ പരിക്കേറ്റു.

വാർധക്യസഹജമായ അസുഖങ്ങളും ബുദ്ധിമുട്ടുകളും മൂലം 2012ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റിൽനിന്നും 2015ൽ സംസ്ഥാന കമ്മിറ്റിയിൽനിന്നും അദ്ദേഹം ഒഴിവായി.

2022 ജൂൺ 28ന്‌ ടി ശിവദാസമേനോൻ അന്തരിച്ചു. പരേതയായ ഭവാനിയമ്മയാണ്‌ ജീവിതപങ്കാളി. രണ്ട്‌ പെൺമക്കൾ. ടി കെ ലക്ഷ്‌മീദേവി, ടി കെ കല്യാണിക്കുട്ടി എന്നിവർ.

അഡ്വ. സി കരുണാകരൻ, പ്രോസിക്യൂഷൻ മുൻ ഡയറക്ടർ ജനറൽ അഡ്വ. സി ശ്രീധരൻനായർ എന്നിവരാണ്‌ മരുമക്കൾ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × five =

Most Popular