Sunday, July 14, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്കായിക മാമാങ്കങ്ങളുടെ സാമൂഹിക ശാസ്ത്രം: ഐ പി എൽ

കായിക മാമാങ്കങ്ങളുടെ സാമൂഹിക ശാസ്ത്രം: ഐ പി എൽ

കെ എസ്‌ രഞ്‌ജിത്ത്‌

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 43

ലോകത്താകെ ക്രിക്കറ്റ് കളി പിന്തുടരുന്നവരുടെ എണ്ണം 100 കോടി വരുമെന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് ബോർഡിന്റെ കണക്ക്. ഇതിൽ 90 ശതമാനവും ഇന്ത്യയിലാണത്രെ. അതായത് ഇന്ത്യക്കാരിൽ മൂന്നിൽ രണ്ടു പേരും ക്രിക്കറ്റ് പ്രേക്ഷകരാണ്. വർഗ വർണ ഭേദമില്ലാതെ, ഗ്രാമ നഗര വ്യത്യസങ്ങളില്ലാതെ, വലിയ മൈതാനങ്ങളിലും ഇടുങ്ങിയ തെരുവുകളിലുമെല്ലാം ഇന്ത്യക്കാർ ക്രിക്കറ്റ് കളിക്കുകയും അതിനേക്കാളുപരി ടെലിവിഷനിലൂടെ വളരെ സാകൂതം ക്രിക്കറ്റ് കാണുകയുമാണ്. ഇത്രയധികം പോപ്പുലാരിറ്റി ഇന്ത്യയിൽ ഒരുകാലത്തും മറ്റൊരു കളിക്കും കിട്ടിയിട്ടുണ്ടാവില്ല. ഈയൊരു ജനകീയത ആദ്യകാലം മുതൽ ക്രിക്കറ്റിനുണ്ടായിരുന്നുവോ? അതോ സമീപകാലത്ത് ഉണ്ടായ ഒരു പ്രതിഭാസമാണോ ഇത്? ഇതിന്റെ കാരണം തിരയുമ്പോൾ നാമെത്തിപ്പെടുക കളിയുടെ സാമൂഹിക ശാസ്ത്രത്തിലേക്കും അർത്ഥശാസ്ത്രത്തിലേക്കുമൊക്കെയാണ്.

ഇന്ത്യയിലെ ക്രിക്കറ്റ് കളി കൊളോണിയൽ ഭരണകൂടത്തിന്റെ സംഭാവനയാണ്. കളി പഠിപ്പിച്ചവരെക്കാൾ കേമന്മാരായി നമ്മൾ ഈ കളിയിൽ പിൽക്കാലത്ത് മാറി എന്നത് വേറൊരു കാര്യം. എന്നുമാത്രമല്ല ആഗോള ക്രിക്കറ്റിന്റെ ധനസ്രോതസ്സിന്റെ നെടുംതൂണായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തന്നെ മാറുകയും ചെയ്തു. നേരത്തെ സൂചിപ്പിച്ച വലിയ ജനകീയതയാണ് ഇതിന്റെ അടിത്തറ. പ്രേക്ഷകരുടെ എണ്ണത്തിൽ ഇന്ത്യയുടെ അയല്പക്കത്തെങ്ങുമെത്താൻ ക്രിക്കറ്റ് കളിക്കുന്ന മറ്റൊരു രാജ്യത്തിനും കഴിയില്ല എന്നതാണ് ഇതിന്റെ കാരണം. ഉദാഹരണത്തിന് കഴിഞ്ഞ ലോക ചാമ്പ്യന്മാരായ ന്യൂസിലൻഡിന്റെ കാര്യമെടുക്കുക. 51 ലക്ഷം ജനങ്ങളാണ് ആ രാജ്യത്ത് ആകെയുള്ളത്. ഇതിൽ ഭൂരിപക്ഷവും ക്രിക്കറ്റ് ആസ്വാദകരാണെകിൽ കൂടി ഇന്ത്യയിലെ ആസ്വാദകരുടെ 3 ശതമാനം വരില്ല. ഇന്ത്യയിലെ ക്രിക്കറ്റ് കമ്പോളത്തിന്റെ വലുപ്പം ഈയൊരു കാഴ്ചപ്പാടിൽ ഞെട്ടിപ്പിക്കുന്ന ഒന്നാണ്. പണം തിളച്ചുമറിയുന്ന ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നായി ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന T 20 ഫോർമാറ്റിലുള്ള ക്രിക്കറ്റ് മത്സരം മാറിത്തീരുന്നത് ഇങ്ങനെയാണ്.

സ്വകാര്യ ഉടമസ്ഥതയിലുള്ള ക്രിക്കറ്റ് ക്ലബ്ബുകൾ തമ്മിൽ നടക്കുന്ന 20 ഓവർ ക്രിക്കറ്റ് മത്സരമാണ് ഐ പി എൽ. മുന്പ് 5 ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ നടന്നിരുന്ന ടെസ്റ്റ്ക്രിക്കറ്റ് മത്സരമാണ് പിന്നീട് ഒരു ദിവസം കൊണ്ട് തീരുന്ന, 50 ഓവർ മാത്രം ഒരു ടീം ബാറ്റു ചെയ്യുന്ന, ഏകദിന ക്രിക്കറ്റും ഇപ്പോൾ 3 മണിക്കൂർ കൊണ്ട് തീരുന്ന 20 ഓവർ ക്രിക്കറ്റുമായി പരിണമിച്ചത്.

ഫ്യൂഡൽ കാലഘട്ടത്തിലെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കഥകളി പോലെ ഒന്നായിരുന്നു ആദ്യകാലത്തെ ക്രിക്കറ്റിന്റെ രൂപമായിരുന്ന പഞ്ചദിന ടെസ്റ്റ് മത്സരങ്ങൾ. മാറിവരുന്ന സാമൂഹിക ഘടനയ്ക്കും അതിനനുസൃതമായ മനുഷ്യന്റെ ജീവിതചര്യകൾക്കുമൊത്താണ് ക്രിക്കറ്റിന് ഈ രൂപമാറ്റമുണ്ടായത്. അതോടൊപ്പം കളിയെ വാണിജ്യവൽക്കരിക്കാൻ നടന്ന ശ്രമങ്ങളും ഇതിൽ നിർണായക പങ്കു വഹിച്ചു.

ഒരു കൊളോണിയൽ കായിക രൂപത്തിന് ആധുനിക മുതലാളിത്ത ഘടനയ്ക്കുള്ളിൽ സംഭവിച്ച മാറ്റമാണിത്. ലാഭമുണ്ടാക്കാൻ സാധിക്കുന്ന ഒരു മേഖലയും മൂലധനം വെറുതെ വിടില്ല എന്നു മാത്രമല്ല, ഒരിക്കൽ പിടിമുറുക്കിക്കഴിഞ്ഞാൽ അത് അതിന് പറ്റുന്ന രൂപത്തിലേക്ക് എത്തിപ്പെടുന്ന ഇടത്തെയാകെ മാറ്റിത്തീർക്കുകയും ചെയ്യും. കളിനിയമങ്ങൾ മാത്രമല്ല ,കളിയുടെ സമയ പരിധികൾ മാത്രമല്ല, അടിസ്ഥാനപരമായി കളിക്കാൻ വേണ്ട സ്കില്ലുകൾ തന്നെ പില്കാലത്ത് T 20 എന്ന വാണിജ്യ ക്രിക്കറ്റിന്റെ വരവോടെ മാറിത്തീർന്നു. വളരെ ശ്രദ്ധാപൂർവം ബോളിനെ നിരീക്ഷിച്ച്, ആദ്യത്തെ ഏതാനും ബോളുകൾ പ്രതിരോധിച്ച്, ആവശ്യമായ ഫൂട്ട്‌വർക്കുകൾ നടത്തി ബോളിനെ കഴിയുന്നത്ര നിലത്തുകൂടിത്തന്നെ അടിക്കാൻ ശ്രമിക്കുന്ന ബാറ്റ്‌സ്‌മാന്മാരുടെ സ്ഥാനത്ത് നിന്നിടത്തു തന്നെ നിലയുറപ്പിച്ച്, നേരിടുന്ന ആദ്യ ബോളുമുതൽ സിക്സർ അടിക്കാൻ ശ്രമിക്കുന്ന പവർ ഹീറ്റിങ് ബാറ്റ്‌സ്‌മാന്മാർ വാഴുന്നയിടമായി T 20 ക്രിക്കറ്റ് വേദി മാറി. ബൗളർമാരുടെ റോളും പുനർനിർവചിക്കപ്പെട്ടു. റണ്ണൊഴുകുന്ന പിച്ചുകളിലായി കളി അത്രയും. ബൗളിംഗ് ഫ്രണ്ട്ലി പിച്ചുകൾ നല്ല കളിക്കളങ്ങൾ അല്ലാതായി കരുതപ്പെട്ടു. കളിക്കാരുടെ വേഷഭൂഷാദികളും എന്തിന്‌, ബോളിന്റെ നിറം തന്നെ മാറി. 2003 ലാണ് ക്രിക്കറ്റ് കളിയുടെ ഈ രൂപം ആദ്യമായി ഇംഗ്ലണ്ടിൽ പരീക്ഷിക്കപ്പെടുന്നത്. 2007ലാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ പി എൽ) തുടക്കം.

ഇന്ന് ലോകത്ത് ഏറ്റവുമധികം പ്രേക്ഷകരുള്ള കായികവിനോദ മത്സരങ്ങളിലൊന്നായി ഐ പി എൽ മാറിക്കഴിഞ്ഞു. ഏറ്റവുമധികം പണം കുത്തിമറിയുന്ന കായികവേദിയാണ് ഇന്ന് ഐ പി എൽ. 2022ൽ 90,038 കോടി രൂപയാണ് ഐ പി എല്ലിന്റെ ബ്രാൻഡ് മൂല്യം. 2020 ൽ മാത്രം 670 കോടി ഡോളറാണ് ഇന്ത്യൻ ജി ഡി പിയ്ക്ക് ഐ പി എല്ലിന്റെ നേരിട്ടുള്ള സംഭാവന. കളി നടക്കുന്ന കാലയളവിൽ ഇതുണ്ടാക്കുന്ന multiplier effect വേറെ വരും. ഐ പി എല്ലിന്റെ സംപ്രേക്ഷണാവകാശം 2023 ൽ 640 കോടി അമേരിക്കൻ ഡോളറിനാണ് സ്റ്റാർ സ്പോർട്സ് വാങ്ങിയത്. 60 മത്സരങ്ങൾ നടക്കുന്ന ഒരു സീസണിൽ ഒരു മത്സരത്തിന് മാത്രം 8.5 ദശലക്ഷം ഡോളറാണ് ഇതുവഴി ബിസിസിഐയ്ക്ക് ലഭിക്കുക. ബിസിസിഐ എന്ന ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെ ഐ പി എൽ ലോകത്തിലെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് ബോർഡായി മാറ്റി. ഐ പി എല്ലിന് മുൻപ് ധന സഹായത്തിനായി സർക്കാരിനെ സമീപിച്ചിരുന്ന ബിസിസിഐ പ്രതിവർഷം 350 കോടി രൂപ നികുതിയിനത്തിൽ അടയ്ക്കുന്ന സമ്പന്ന സ്ഥാപനമായി മാറി.

കളിക്കാർക്ക് പ്രതിഫലമായി ലഭിക്കുന്ന തുകകളും ഒരു വിധ യുക്തിക്കും വഴങ്ങാത്തതാണ്. ഐ പി എൽ ലേലത്തിൽ ലേലം വിളിച്ചാണ് ഓരോ ടീമും ക്രിക്കറ്റ് താരങ്ങളെ സ്വന്തമാക്കുക – ഏറ്റവുമധികം പ്രതിഫലം ലേലത്തിൽ ലഭിച്ചത് തന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ ഏതാണ്ട് അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന മിഷേൽ സ്റ്റാർക് എന്ന ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർക്കാണ്. 24 കോടി രൂപയ്ക്കാണ് കൊൽക്കൊത്ത നൈറ്റ് റൈഡേഴ്സ് എന്ന ക്ലബ് ഈ കായികതാരത്തെ ലേലത്തിൽ വാങ്ങിയത്. 14 മത്സരങ്ങളാണ് ഒരു സീസണിൽ ഒരു ടീം പരമാവധി കളിക്കുക. ഇതിൽ ഒരു ബൗളർക്ക് ഒരു മത്സരത്തിൽ എറിയാവുന്നത് 4 ഓവറാണ് -24 പന്ത്. ഇങ്ങിനെ കണക്കാക്കിയാൽ ഒരു പന്ത് എറിയുന്നതിന് ശരാശരി 7 .36 ലക്ഷം രൂപയാണ് സ്റ്റാർക്കിന് ലഭിക്കുക! തീർത്തും അവിശ്വസനീയം എന്നേ പറയേണ്ടൂ. ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു കാലത്തും ആർക്കും സ്വപ്നം കാണാൻ കഴിയാതിരുന്ന പണത്തിന്റെ മലവെള്ളപ്പാച്ചിലാണ് ഐ പി എല്ലിന്റെ വരവോടെ സംഭവിച്ചത്.

നമ്മുടെ സാമൂഹിക ശരീരത്തിലാകെ പടർന്നുകയറുന്ന നിയോ ലിബറൽ യുക്തിയുടെ ഏറ്റവും വലിയ സാധൂകരണങ്ങളിലൊന്നായി അടിമുടി കമ്പോളവൽക്കരിക്കപ്പെട്ട ഐ പി എല്ലിനെ ചിത്രീകരിക്കാറുണ്ട്. ക്രിക്കറ്റ് എന്ന കളിയെത്തന്നെ ഇത് മാറ്റിമറിച്ചു എന്ന് വേണമെങ്കിൽ പറയാം. ടെസ്റ്റ് ക്രിക്കറ്റിന്റെ സുവർണ കാലത്ത് നടന്നിരുന്ന ക്രിക്കറ്റ് മത്സരത്തിന്റെ സ്വഭാവവും T 20 ഫോർമാറ്റിലുള്ള ക്രിക്കറ്റും തമ്മിൽ പ്രത്യക്ഷത്തിലുള്ള സാമ്യം മാത്രമേയുള്ളൂ. കളിയുടെ സ്വഭാവം, കളിക്കാർക്കുണ്ടായിരിക്കേണ്ട സ്കില്ലുകൾ, കളിക്കളത്തിന്റെ പ്രകൃതം ഇതെല്ലാം അലകും പിടിയുമില്ലാതെ മാറി. ഈ മാറ്റത്തെ സൂചിപ്പിക്കുന്ന രസകരമായ ഒരു സംഗതി പഴയ വെസ്റ്റ് ഇന്ത്യൻ ഫാസ്റ്റ് ബൗളറായ മൈക്കിൾ ഹോൾഡിങ് നടത്തുകയുണ്ടായി. ഹോൾഡിങ് ഇന്ന് ഏറ്റവുമധികം അറിയപ്പെടുന്ന ക്രിക്കറ്റ് കമന്റേറ്ററാണ്. ഐ പി എല്ലിൽ കമെന്ററി പറയാൻ എന്താണ് കാണാത്തതെന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഞാൻ ക്രിക്കറ്റ് കളിക്കേ കമെന്ററി പറയാൻ പോകാറുള്ളൂ എന്നാണ്. ഹോൾഡിങ് എന്ന, ഒരുകാലത്ത് കരീബിയൻ ക്രിക്കറ്റ് ലോകം അടക്കിഭരിച്ചിരുന്ന നാളുകളിൽ അവിടത്തെ ഏറ്റവും പ്രധാന ഫാസ്റ്റ് ബൗളർ ആയിരുന്ന, ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഐ പി എൽ പ്രദാനം ചെയ്യുന്ന ടി 20 ഫോർമാറ്റിലുള്ള കളി, ക്രിക്കറ്റേയല്ല, മറ്റേതോ ഗെയിം ആണ്.

ഇത്തരത്തിൽ പണത്തിന്റെ കുത്തൊഴുക്കൊണ്ട് കളിയുടെ രൂപത്തെത്തന്നെ മാറ്റിമറിക്കാൻ തക്ക ശക്തമാണ് വളർച്ച പ്രാപിച്ചിരിക്കുന്ന എന്റർടൈൻമെന്റ് ഇൻഡസ്ട്രി. വിവിധ കമ്പനികളുടെ ഉല്പന്നങ്ങളുടെ പരസ്യമാണ് ഈ പണത്തിന്റെ ഉറവിടം. ടെലിവിഷൻ ഇൻഡസ്ട്രി ഒന്നാകെത്തന്നെ ഉപഭോഗസംസ്കാരത്തിന്റെ വ്യാപനവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. കായികമത്സരങ്ങൾ അതിന്റെ യഥാർത്ഥ ഉദ്ദേശ്യലക്ഷ്യങ്ങളിൽ നിന്നും മെല്ലെ മാറുകയും വാണിജ്യതാല്പര്യങ്ങൾ അവയുടെ ഉള്ളടക്കത്തെയും രൂപത്തെയും നിശ്ചയിക്കുകയും ചെയ്യുന്ന കാഴ്ചയ്ക്കാണ് നാമിന്ന് ക്രിക്കറ്റ് വേദിയിൽ സാക്ഷ്യം വഹിക്കുന്നത്. അതിന്റെ ഏറ്റവും മൂർത്തരൂപമാണ് ഐ പി എൽ. മുതലാളിത്ത ക്രമത്തിനുള്ളിൽ പണത്തിനും കമ്പോളത്തിനുമുള്ള സ്വാധീനത്തിന് ഇതിലും വലിയ മറ്റൊരു ഉദാഹരണം വേറെ ചൂണ്ടിക്കാണിക്കാനില്ല.

 

 

 

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − nine =

Most Popular