Friday, November 22, 2024

ad

Homeസംസ്ഥാനങ്ങളിലൂടെയുപിയിൽ അഗ്നിവീരർക്ക്‌ വിവാഹം അഗ്നിപരീക്ഷ

യുപിയിൽ അഗ്നിവീരർക്ക്‌ വിവാഹം അഗ്നിപരീക്ഷ

കെ ആർ മായ

ത്തർപ്രദേശിലെ പൂർവാഞ്ചൽ മേഖലയിലെ ഘാസിപൂരിൽ ഗഹ്‌മർ എന്നൊരു പ്രദേശമുണ്ട്‌. ഇന്ത്യൻ സായുധസേനയിലേക്ക്‌ യുവാക്കളെ ഏറ്റവും കൂടുതൽ അയയ്‌ക്കുന്ന ഗ്രാമം എന്ന നിലയിൽ ഗഹ്‌മർ പ്രസിദ്ധമാണ്‌. ഇവിടത്തെ അച്ഛനമ്മമാർക്ക്‌ പെൺമക്കളെ പട്ടാളക്കാർക്ക്‌ വിവാഹം ചെയ്‌ത്‌ അയയ്‌ക്കുന്നതിൽ വലിയ താൽപര്യമാണുള്ളത്‌. അതുകൊണ്ടുതന്നെ വിവാഹ കമ്പോളത്തിൽ ജവാന്മാർക്ക്‌ വലിയ മാർക്കറ്റാണ്. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ. വിവാഹാലോചനയുമായി വരുന്നത്‌ അഗ്നിപഥ്‌ പ്രകാരം പട്ടാളത്തിൽ ചേർന്നവരാണെങ്കിൽ അവർക്ക്‌ തങ്ങളുടെ പെൺമക്കളെ വിവാഹംചെയ്‌തു കൊടുക്കില്ല എന്നാണിപ്പോൾ രക്ഷിതാക്കൾ പറയുന്നത്‌. അഗഗ്നിപഥിലൂടെ സേനയിൽ ചേർന്ന്‌ നാലുവർഷം കഴിഞ്ഞാൽ പിരിഞ്ഞുപോകണം. പിന്നെ ഇവരുടെ ഭാവി ഇരുട്ടിലാണ്‌. സ്വാഭാവികമായും തങ്ങളുടെ പെൺമക്കളുടെ ഭാവിയോർത്ത്‌ രക്ഷകർത്താക്കൾ അഗ്നിപഥിലൂടെ സേനാംഗമായവർക്ക്‌ വിവാഹം ചെയ്‌തു കൊടുക്കാൻ വിമുഖരാകും, അതാണിവിടെ സംഭവിക്കുന്നത്‌. യഥാർഥത്തിൽ അഗ്നിപഥ്‌ പദ്ധതി യുവാക്കളുടെ ഭാവിയെ മാത്രമല്ല സാമൂഹിക, സാമ്പത്തിക ഘടനയെയും കൂടിയാണ്‌ സാരമായി ബാധിച്ചിട്ടുള്ളത്‌. പട്ടാളത്തിൽ സേവനമനുഷ്‌ഠിക്കുന്നതിലൂടെ ലഭിച്ചിരുന്ന സാമൂഹ്യപദവിയും സാമ്പത്തിക സുരക്ഷിതത്വവുമാണ്‌ മോദി സർക്കാർ അഗ്നിപഥ്‌ എന്ന സംവിധാനം കൊണ്ടുവന്നതുവഴി ചെറുപ്പക്കാർക്ക്‌ നഷ്ടമായത്‌. അതിനു പുറമെ ഇത്‌ ഇന്ത്യയിലെ ഭീമമായ തൊഴിലില്ലായ്‌മയുടെ ആഴം കൂടുതൽ വർധിപ്പിക്കുകയും ചെയ്‌തിരിക്കുന്നു.

അഗ്നിവീർ വഴി റിക്രൂട്ട്‌ ചെയ്യപ്പെടുന്നവരിൽ 25 ശതമാനം പേർക്കു മാത്രമേ തുടർന്നു സേവനത്തിനു അർഹത ലഭിക്കൂ. ബാക്കിയുള്ളവർക്ക്‌ പെൻഷനോ മറ്റേതെങ്കിലും ആനുകൂല്യമോ ലഭിക്കില്ല. സേവനകാലത്തു മരണപ്പെട്ടാൽ, വീരമൃത്യു വരിച്ചാൽ സാധാരണ ലഭിക്കാറുള്ള രക്തസാക്ഷി പദവിയും ലഭിക്കില്ല. ചുരുക്കിപ്പറഞ്ഞാൽ ഏതൊരു സാധാരണ പൗരനും മരണപ്പെട്ടാൽ ഉണ്ടാകുന്ന അതേ അവസ്ഥ! പേരിൽ മാത്രം വീരത്വവും ഫലത്തിൽ ഒന്നുമില്ലാത്ത നിലയുമാണ്‌ അഗ്നിവീരർക്ക്‌. ഇതൊക്കെയാണ്‌ ഇപ്പോൾ വിവാഹ മാർക്കറ്റിൽ ഇവരുടെ ഡിമാൻഡ്‌ ഇടിയാൻ കാരണമായത്‌.

വാതോരാതെ ദേശസ്‌നേഹം പറയുന്ന ആർഎസ്‌എസിനും അതിന്റെ ചട്ടുകമായ മോഡി സർക്കാരിനും രാജ്യത്തിനു വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറായി മുന്നോട്ടുവരുന്ന സൈനികരെ അഗ്നിവീറിന്റെ പേരിൽ ഇങ്ങനെ അവഗണിക്കുന്നതിനും അവഹേളിക്കുന്നതിനും യാതൊരു മടിയുമില്ല എന്നാണ്‌ ഗഹ്‌മീറിലെ ചെറുപ്പക്കാർ ഒന്നടങ്കം പറയുന്നത്‌. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപിക്കേറ്റ കനത്ത തോൽവി ഇവർക്കുള്ള ചെറുപ്പക്കാരുടെ മറുപടി തന്നെയാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen + two =

Most Popular