Sunday, July 14, 2024

ad

Homeരാജ്യങ്ങളിലൂടെബ്രിട്ടനിൽ രക്തമലിനീകരണ റിപ്പോർട്ട് പുറത്തുവന്നപ്പോൾ

ബ്രിട്ടനിൽ രക്തമലിനീകരണ റിപ്പോർട്ട് പുറത്തുവന്നപ്പോൾ

ആര്യ ജിനദേവൻ

ബ്രിട്ടനിലെ ആരോഗ്യരംഗത്ത് ഭരണകൂട തലത്തിൽ നടത്തിയ ഗവേഷണ പഠനത്തിലൂടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഉണ്ടായിരിക്കുന്നത്. 1970നും 1991നും ഇടയ്ക്ക് ബ്രിട്ടനിൽ മുപ്പതിനായിരത്തോളം ജനങ്ങൾക്കാണ് രക്തം കയറ്റിയതുവഴി ഹെപ്പറ്റൈറ്റിസ് സി യും എച്ച്ഐവിയും പോലെയുള്ള മാരകരോഗങ്ങൾ പിടിപെട്ടത്. തത്ഫലമായി ഒട്ടേറെ പേർ മരണപ്പെടുകയും അവരുടെ കുടുംബങ്ങൾ അടക്കം ആയിരക്കണക്കിനനു പേർ ഭരണകൂടത്തിനാലും ദേശീയ ആരോഗ്യ സംവിധാനത്തിനാലും അവഗണിക്കപ്പെടുകയും ചെയ്തു. റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടതോടെ, ആ ദുരന്തത്തെ അതിജീവിച്ചവർക്കും അതുമൂലം മരണപ്പെട്ടവരുടെ ഇന്ന് ജീവിച്ചിരിക്കുന്ന ബന്ധുക്കൾക്കും നഷ്ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് വാഗ്ദാനം ചെയ്തു. എന്തുതന്നെയായാലും, എത്രതന്നെ സാമ്പത്തികമായ നഷ്ടപരിഹാരം നൽകിയെന്നു പറഞ്ഞാലും വർഷങ്ങളായി ഇവർ നേരിട്ട, ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതങ്ങൾക്കും രോഗപീഡകൾക്കും പൊതുജനാരോഗ്യം സംരക്ഷിക്കേണ്ട സ്ഥാപനങ്ങളിൽ നിന്ന് ഉണ്ടായ തെറ്റായ രോഗനിർണയത്തിനും തെറ്റായ വിവരങ്ങൾക്കുമൊന്നും അത് പകരമാവില്ല.

ഇപ്പോൾ ഈ പഠനം സാർത്ഥകമാക്കിയ അന്വേഷണ കമ്മീഷന് നേതൃത്വം വഹിച്ച ബ്രിയാൻ ലാങ്സ്റ്റാഫ് ഈ ദുരന്തത്തെ വിശേഷിപ്പിച്ചത്, “വ്യവസ്ഥാപിതവും കൂട്ടായതും വ്യക്തിപരവുമായ വീഴ്ച’ എന്നാണ്. ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കാത്ത അനുരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതടക്കമുള്ള രക്തവും പ്ലാസ്മയും രാജ്യത്തെ രോഗികളിൽ കയറ്റിയതിന്റെ ഭാഗമായി ഉണ്ടായതാണ് ഈ മഹാദുരന്തം. രക്ത ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് ആരോഗ്യ രംഗത്തെ ഉദ്യോഗസ്ഥർക്കും ഗവൺമെന്റിനും ബോധ്യപ്പെട്ടതിനുശേഷവും ഈ വീഴ്ച, ഈ കൃത്യവിലോപം തുടർന്നു എന്നത് ഏറ്റവും വലിയ ക്രൂരതയാണ്. 1970 കളിൽ ബ്രിട്ടനിലെ രക്തവിതരണത്തിൽ ഏതാണ്ട് 50 ശതമാനവും ഇറക്കുമതി ചെയ്ത രക്തമാണ് ഉപയോഗിച്ചിരുന്നത്. ഈ ഇറക്കുമതിയിൽ ഗണ്യമായ ഭാഗവും അമേരിക്കയിൽ നിന്നാണ് എത്തിച്ചിരുന്നത്. പൊതുമേഖലയുടെ കാര്യമായ നിയന്ത്രണങ്ങളും പരിശോധനകളും ഒന്നുമില്ലാതെ രക്തത്തിന്റെയും പ്ലാസ്മയുടെയും വിതരണം വാണിജ്യവൽക്കരിച്ചിട്ടുള്ള രാജ്യമാണ് അമേരിക്ക, അന്നും ഇന്നും. തടവുപുള്ളികൾ അടക്കംവരുന്ന ഉന്നത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സമൂഹങ്ങളിൽ നിന്നും രക്തവും പ്ലാസ്മേയും ശേഖരിച്ച് അത് കേവലം ലാഭത്തിനുവേണ്ടി വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്ന അമേരിക്ക, സ്വീകരിക്കുന്ന മനുഷ്യർക്ക് അതുമൂലം ഉണ്ടാകുന്ന വലിയ ആരോഗ്യപ്രശ്നങ്ങളും തലമുറകളിലേക്ക് അതുണ്ടാക്കുന്ന ആഘാതവും ഒന്നുംതന്നെ പരിഗണിച്ചിരുന്നില്ല. സാമ്രാജ്യത്വത്തിന്റെ നായകത്വം വഹിക്കുന്ന ഈ രാജ്യത്തിന് ലാഭം എന്നതല്ലാതെ മറ്റൊരു ചിന്തയില്ലല്ലോ. ഈ ഉൽപ്പന്നങ്ങൾ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കുവാനും അണുബാധയുണ്ടോ എന്ന് നോക്കുവാനും ഒന്നുംത ന്നെ ബ്രിട്ടീഷ് ഗവൺമന്റും യാതൊന്നും ചെയ്തിരുന്നില്ല. മറിച്ച്, നിരന്തരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന മനുഷ്യരെ അവരുടെ ജീവിതരീതി കൊണ്ടും മറ്റുമാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് പറഞ്ഞുകൊണ്ട് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഭരണസംവിധാനവും അധിക്ഷേപിക്കുകയാണ് ഉണ്ടായത്. 1989ല്‍ അന്നത്തെ പ്രധാനമന്ത്രി മാർഗരേറ്റ് താച്ചർ അവകാശപ്പെട്ടത് രോഗികൾക്ക് സാധ്യമായ ഏറ്റവും നല്ല ചികിത്സയാണ് ബ്രിട്ടനിൽ ലഭിക്കുന്നത് എന്നാണ്. എന്നാൽ രോഗികളുടെ ആരോഗ്യ പ്രശ്നങ്ങളെ കൃത്യമായി കണക്കിലെടുക്കാതെയാണ് അവർ ഈ പ്രസ്താവന നടത്തിയത്. ഹെപ്പറ്റൈറ്റിസ് സി ട്രസ്റ്റ് പറയുന്നതനുസരിച്ച്, പ്രസവാനന്തരം രക്തം കേറ്റേണ്ടിവരുന്ന സ്ത്രീകളിൽ 64 ശതമാനം പേർക്കും അണുബാധയുള്ള രക്തമാണ് കയറ്റിയത്. ഈ സ്ത്രീകളിൽ ഗുരുതരമായ വൃക്കരോഗം പോലെയുള്ള ചില രോഗങ്ങൾ കണ്ടുതുടങ്ങിയപ്പോൾ ഡോക്ടർമാർ അത് മദ്യപാനം മൂലമാണ് എന്നുപറഞ്ഞ് അവരെ അധിക്ഷേപിക്കുകയായിരുന്നു. ദശകങ്ങൾക്കുശേഷവും നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഇത് അവരിൽ ഉളവാക്കി. ചില കേസുകളിൽ ഇങ്ങനെ രോഗബാധയുണ്ടായ ആളുകൾ പിന്നീട് രക്തം ദാനം ചെയ്യുകയും അങ്ങനെ രോഗം മറ്റുള്ളവരിലേക്ക് വ്യാപകമായി പടരുകയും ചെയ്തു. കുടുംബത്തിലെ മറ്റുള്ളവർക്കും ഇവരിൽനിന്ന് രോഗം പകരുകയുണ്ടായി. ഇറക്കുമതി ചെയ്ത രക്തം യാതൊരു വീണ്ടുവിചാരവും കൂടാതെ, പരിശോധനകൾ ഒന്നുംതന്നെ നടത്താതെ ആളുകളിലേക്ക് പകർത്തിയതുവഴി ഉണ്ടായ ഈ പിഴവ് അന്നേതന്നെ ഗവൺമെൻറ് തിരിച്ചറിഞ്ഞിരുന്നു എന്നും കരുതിക്കൂട്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമല്ലെങ്കിലും മുഖം രക്ഷിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും വേണ്ടി ഇത് അന്നത്തെ ഗവൺമെന്റുകൾ മൂടിവെച്ചു എന്ന് എടുത്ത പറഞ്ഞുകൊണ്ടാണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ള ഈ റിപ്പോർട്ട് അവസാനിപ്പിക്കുന്നത്. ഈ ദുരന്തത്തിന്റെ തിക്തഫലം അനുഭവിക്കേണ്ടി വന്നവർക്ക് സാധ്യമായത്ര പിന്തുണ എല്ലാതരത്തിലും നൽകിക്കൊണ്ടും ഇത്തരം പിഴവ് ഒരിക്കൽ കൂടി ഉണ്ടാവാതിരിക്കാൻവേണ്ട എല്ലാവിധ നടപടികളും സ്വീകരിച്ചുകൊണ്ടുംമാത്രമേ ഇതിന് പരിഹാരം കാണുവാൻ സാധിക്കുകയുള്ളൂ. അതിന് മനുഷ്യരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യത്തിലെങ്കിലും മുതലാളിത്തഗവൺമെന്റുകൾക്ക് ലാഭം കാണാതിരിക്കാൻ കഴിയണം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven − 8 =

Most Popular