കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളിലൊരാളും മികച്ച ഭരണാധികാരിയുമായിരുന്ന കെ ആർ ഗൗരി അമ്മയ്‌ക്ക് ചരിത്രം നൽകിയ ബഹുമതി നിരവധിയാണ്. ഐക്യകേരളത്തിലെ ആദ്യ വനിതാ മന്ത്രി, അമ്പതുവർഷക്കാലം നിയമസഭാംഗമായിരുന്ന വ്യക്തി, തിരു‐കൊച്ചി നിയമസഭയിലെ ആദ്യ വനിതാ സാമാജിക… ഇങ്ങനെ പോകുന്നു വിശേഷണങ്ങൾ.
1919 ജൂലൈ 14ന് പട്ടണക്കാട് പഞ്ചായത്തിലെ വിയാത്രയിൽ കളത്തിപ്പറമ്പിൽ രാമന്റെയും പാർവതി അമ്മയുടെയും പത്തു മക്കളിൽ ഏഴാമത്തെ കുട്ടിയായാണ് കെ ആർ ഗൗരി അമ്മയുടെ ജനനം. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ഉൾപ്പെട്ട പ്രദേശമാണ് വിയാത്ര. തുറവൂരിൽ അച്ഛൻ സ്ഥാപിച്ച ഏകാധ്യാപക സ്‌കൂളിലായിരുന്നു ഗൗരി അമ്മയുടെ പ്രാഥമിക വിദ്യാഭ്യാസം. കോർമശ്ശേരി സ്‌കൂൾ, ഭാരതിവിലാസം സ്‌കൂൾ, ചേർത്തല ഇംഗ്ലീഷ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു തുടർവിദ്യാഭ്യാസം.
എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു ഗൗരി അമ്മയുടെ ഇന്റർമീഡിയറ്റ് വിദ്യാഭ്യാസം. ഇന്റർമീഡിയറ്റ് കാലത്ത് എസ്‌എൻ സദനത്തിന്റെ ഹോസ്റ്റലിൽ നിന്നാണ് അവർ പഠിച്ചത്. ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളുടെ പൊതുവിജ്ഞാനം വളർത്തുന്നതിനും സാഹിത്യവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒരു ലിറ്ററി അസോസിയേഷൻ പ്രവർത്തിച്ചിരുന്നു. ഗൗരി അമ്മ ഇന്റർമീഡിയറ്റിനു രണ്ടാംവർഷമായതോടുകൂടി ലിറ്റററി അസോസിയേഷന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അവരുടെ നേതൃപാടവം പ്രകടമാക്കാൻ ലഭിച്ച ആദ്യ അവസരമായിരുന്നു അത. ഏൽപ്പിക്കപ്പെട്ട ചുമതല വളരെ ഭംഗിയായിത്തന്നെ അവർ നിറവേറ്റി. ജി ശങ്കരക്കുറുപ്പ് ഉൾപ്പെടെയുള്ള സാഹിത്യകാരന്മാരുമായി പരിചയപ്പെടാൻ ഇക്കാലത്ത് അവർക്ക് അവസരം ലഭിച്ചതായി ഗൗരി അമ്മ ആത്മകഥയിൽ അനുസ്‌മരിക്കുന്നുണ്ട്. സദനം ലിറ്റററി അസോസിയേഷന്റെ പ്രവർത്തനം മൂലം എറണാകുളത്തെ ഇടത്തരക്കാരായ ഈഴവരുമായും അവരിൽത്തന്നെയുള്ള മറ്റ് ഉദ്യോഗസ്ഥർ, കച്ചവടക്കാർ തുടങ്ങിയവരുമായും തനിക്ക് ബന്ധപ്പെടാൻ കഴിഞ്ഞതായി അവർ അനുസ്‌മരിക്കുന്നു. ചങ്ങന്പുഴ കൃഷ്‌ണപിള്ള ഈ കാലത്ത് ഗൗരി അമ്മയുടെ സഹപാഠിയായിരുന്നു. അതേക്കുറിച്ച് അവർ അനുസ്‌മരിക്കുന്നു: ‘‘ഒരുദിവസം മലയാളം ക്ലാസ് തുടങ്ങുന്നതിനു മുന്പ് കുറ്റിപ്പുഴ സാർ എഴുന്നേറ്റുനിന്ന് ചോദിച്ചു, നിങ്ങൾ ചങ്ങന്പുഴ എന്ന കവിയെപ്പറ്റി കേട്ടിട്ടുണ്ടോയെന്ന്. കുട്ടികൾ ഏകസ്വരത്തിൽ വിളിച്ചുപറഞ്ഞു, ഉവ്വ് സാർ എന്ന്. രമണന്റെ കാലമാണ്. ആ കാവ്യം വായിക്കാത്ത ചെറുപ്പക്കാരനും ചെറുപ്പക്കാരിയുമില്ല.
കാനനച്ഛായയിലാടുമേയ്‌ക്കാൻ
ഞാനും വരട്ടെയോ നിന്റെ കൂടെ
പാടില്ല പാടില്ല നമ്മെ നമ്മൾ
പാടേ മറന്നൊന്നും ചെയ്‌തുകൂടാ
എന്ന പാട്ട് അന്ന് അക്ഷരാഭ്യാസം പോലുമില്ലാത്ത ചെറുപ്പക്കാരും ചെറുപ്പക്കാരികളും മൂളിനടക്കുന്ന കാലമാണ്. സാറിന്റെ അടുത്ത ചോദ്യം ആ ചങ്ങന്പുഴയെ നിങ്ങൾക്ക്‌കാണണോ എന്നായിരുന്നു. കുട്ടികൾക്ക് ഹരമായി. കാണണമെന്ന് ക്ലാസിലെ കുട്ടികൾ ഒറ്റക്കെട്ടായി വിളിച്ചുപറഞ്ഞു. അപ്പോൾ സാറ് പറഞ്ഞു, എടോ ചങ്ങന്പുഴേ താൻ ഒന്ന് എഴുന്നേറ്റ് നിൽക്ക്, ഇവരൊന്ന് കാണട്ടെ എന്ന്. എല്ലാ നോട്ടവും ആൺകുട്ടികൾ ഇരിക്കുന്ന ഭാഗത്തേയ്‌ക്ക് തിരിഞ്ഞ് ആളിനെ പരതി. അപ്പോഴാണ് കുട്ടികളുടെ ഇടയിൽനിന്ന് കറുത്തു മെലിഞ്ഞ് പൊക്കംകൂടിയ ഒരാൾ എഴുന്നേൽക്കുന്നു. ഏതാണ്ട് തവിട്ടുനിറത്തിലുള്ള ഒരു ഖദർ ജൂബയ്‌ക്ക് മീതെ വെള്ളനിറത്തിൽ കരയുള്ള ഷാൾ ചുറ്റിയിരിക്കുന്നു. ഖദർ മുണ്ടും തലമുടി ചികിയിട്ടും അനുസരിക്കാതെ നെറ്റിയിലേക്ക് വീണുകിടക്കുന്നു. എല്ലാവരും നിർന്നിമേഷരായി നോക്കി. പിന്നെയും പിന്നെയും നോക്കി. മതിയാവോളം നോക്കി. ചെറുപ്പക്കാരുടെ സ്‌നേഹവിശ്വാസങ്ങളുടെ കവി. പെൺകുട്ടികളടക്കം അദ്ദേഹത്തെ പിചയപ്പെട്ടു. അന്ന് ക്ലാസൊന്നും നടന്നില്ല. ചങ്ങന്പുഴയെ ക്ലാസിൽ വെച്ചു പരിചയപ്പെട്ടശേഷം അദ്ദേഹത്തെ മറ്റു ക്ലാസുകളിലെ കുട്ടികൾക്ക് പരിചയപ്പെടുത്തലായി ഞങ്ങളുടെ ജോലി. ച
ങ്ങന്പുഴയെ കാണാൻ എങ്ങും കൂട്ടമാണ്. കുറച്ചുകാലത്ത് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് അവരുടെ കവിയെ കാണലായിരുന്നു പ്രധാന പണി. എവിടെയെങ്കിലും കൂടി ചങ്ങന്പുഴ പോയാൽ ഒരുപറ്റം കുട്ടികൾ ഓടിച്ചെന്നു നോക്കും. കവിയാണെങ്കിലോ? കോളേജിൽ വല്ലപ്പോഴുമേ വരികയുള്ളൂ; അതും സമയം തെറ്റി. എപ്പോഴും തിരക്കായിരുന്നു. എപ്പോഴും അദ്ദേഹം ഏതോ സ്വപ്‌നലോകത്തായിരുന്നു. ഇങ്ങനെയാണെങ്കിലും എന്നെ ഉൾപ്പെടെ പല പെൺകുട്ടികളെയും അദ്ദേഹത്തിന് നേരിട്ടറിയാമായിരുന്നു; പേരും അറിയും. വഴിയിൽ കണ്ടാൽ നിന്നു വർത്തമാനം പറയുകയും ചെയ്‌തിരുന്നു’’.
എറണാകുളം സെന്റ് തെരേസാസ് കോളേജിൽനിന്നാണ് ഗൗരി അമ്മ ബിഎ പാസായത്. തിരുവിതാംകൂറിൽ സ്‌റ്റേറ്റ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ദിവാൻ സർ സി പി രാമസ്വാമി അയ്യരുടെ നേതൃത്വത്തിൽ ശക്തമായ അടിച്ചമർത്തലാണ്. അതിനെതിരെ ശക്തമായി പ്രതിഷേധിച്ചുകൊണ്ടും തിരുവിതാംകൂറിലെ കോൺഗ്രസ് പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകാനും എ കെ ജിയുടെ നേതൃത്വത്തിൽ 1938ൽ മലബാർ ജാഥ ആരംഭിച്ചു. അതിന് കൊച്ചിയിൽ സ്വീകരണം നൽകുന്നതിന് ഫണ്ട് പിരിവ് നടത്തിയ വിദ്യാർഥിനികളുടെ കൂട്ടത്തിൽ ഗൗരി അമ്മയും ഉണ്ടായിരുന്നു. എറണാകുളം ബോട്ടു ജെട്ടിയിൽ നൽകപ്പെട്ട സ്വീകരണയോഗത്തിൽ എ കെ ജി പ്രസംഗിച്ചു. എ കെ ജിയുടെ പ്രസംഗം ആദ്യന്തം കേട്ടു. ഗൗരി അമ്മ ഒരു രാഷ്‌ട്രീയപാർട്ടിയുടെ മീറ്റിങ്ങിൽ അന്ന് ആദ്യമായാണ് പങ്കെടുത്തത്.
അച്ഛന്റെ കത്ത് വാങ്ങിക്കൊണ്ടുവന്നാൽ മാത്രമേ ക്ലാസ്സിൽ കയറ്റൂ എന്ന് കോളേജ് അധികൃതർ ശഠിച്ചു. സമരത്തിൽ പങ്കെടുത്ത സുഹൃത്തുക്കളായ ചില വിദ്യാർഥികൾ വിവരമറിഞ്ഞു. മീറ്റിങ്ങിൽ പങ്കെടുത്ത വിദ്യാർഥിനികളെ ക്ലാസിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ കോൺവെന്റിനു മുന്നിൽ തങ്ങൾ നിരാഹാരമിരിക്കുമെന്ന് അവർ പറഞ്ഞു. അതോടെ ഒത്തുതീർപ്പു ചർച്ചകൾ സജീവമായി. ഗൗരി അമ്മയുൾപ്പെടെയുള്ള വിദ്യാർഥിനികളെ ക്ലാസിൽ പ്രവേശിപ്പിക്കാമെന്ന് കോളേജ് അധികൃതർ സമ്മതിച്ചു. ഗൗരി അമ്മ വക്കീലായി ചേർത്തലയിൽ പ്രാക്ടീസ് ആരംഭിച്ചു. അതിനിടയിൽ ജ്യേഷ്‌ഠസഹോദരൻ കെ ആർ സുകുമാരൻ സ്‌റ്റേറ്റ് കോൺഗ്രസിന്റെ ചേർത്തല താലൂക്ക് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതോടൊപ്പം കമ്യൂണിസ്റ്റ് പാർട്ടിയിലും ട്രേഡ് യൂണിയനുകളിലും അദ്ദേഹം സജീവമായി. കമ്യൂണിസ്റ്റ് പാർട്ടിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രധാന നേതാക്കളിലൊരാളായി സുകുമാരൻ മാറി. സുകുമാരന്റെ പ്രേരണയാൽ ഗൗരി അമ്മയും പാർട്ടിയുടെ അനുഭാവിയായി മാറി. പി കൃഷ്‌ണപിള്ള ഉൾപ്പെടെയുള്ള നേതാക്കൾ സുകുമാരനുമൊത്ത് വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. നേതാക്കളുമായുള്ള സന്പർക്കവും സംവാദവും താമസിയാതെ ഗൗി അമ്മയെയും കമ്യൂണിസ്റ്റുകാരിയാക്കി മാറ്റി.
1947 ആഗസ്‌ത് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. എന്നാൽ തിരുവിതാംകൂർ സ്വതന്ത്ര രാജ്യമായി നിൽക്കുമെന്ന് രാജാവ് വിളംബരം പുറപ്പെടുവിച്ചു. തിരുവിതാംകൂർ ഇന്ത്യയുടെ ഭാഗമാണെന്നും ആഗസ്‌ത് 15ന് ഇന്ത്യൻ യൂണിയന്റെ കൊടി ഉയർത്തണമെന്നും സ്‌റ്റേറ്റ് കോൺഗ്രസ് തീരുമാനിച്ചു. അതിന്റെ ഭാഗമായി ചേർത്തലയിൽ ഇന്ത്യൻ ദേശീയപതാക ഉയർത്താൻ ബാർ അസോസിയേഷൻ ഹാളിൽ കൂടിയ യോഗത്തിൽ തീരുമാനിക്കപ്പെട്ടു. സ്‌റ്റേറ്റ് കോൺഗ്രസിന്റെ ചേർത്തല താലൂക്ക് പ്രസിഡന്റിന്റെയും ഗൗരി അമ്മയുടെയും പേരുവെച്ചാണ് അതിന് ആഹ്വാനം ചെയ്‌തുകൊണ്ടുള്ള നോട്ടീസ് ഇറക്കിയത്. പൊലീസിൽനിന്ന് വലിയ ഭീഷണിയുണ്ടായിട്ടും അതിനെ അവഗണിച്ച് ഗൗരി അമ്മയും കൂട്ടരും ഇന്ത്യൻ ദേശീയപതാക ഉയർത്തി.
താമസിയാതെ ഇന്ത്യയുടെയും തിരുവിതാംകൂറിന്റെയും രാഷ്‌ട്രീയരംഗമാകെ മാറി. പുന്നപ്ര‐വയലാർ സമരത്തിൽ പങ്കെടുത്ത നേതാക്കൾ ഉൾപ്പെടെയുള്ളവർ ജയിൽമോചിതരായി. ടി വി തോമസ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് ചേർത്തലയിൽ സ്വീകരണം നൽകി. ഗൗരി അമ്മയും സ്വീകരണ സമ്മേളനങ്ങളിൽ സജീവമായി പങ്കാളിയായി. സമ്മേളനത്തിന്റെ വിജയത്തിനായി പി കൃഷ്‌ണപിള്ളയുടെ പ്രേരണയിൽ ഫണ്ടു പിരിവു നടത്താൻ ഗൗരി അമ്മയും സജീവമായി പ്രവർത്തിച്ചു.
1948ൽ ഒരുദിവസം കമ്യൂണിസ്റ്റ് പാർട്ടി തിരുവിതാംകൂർ സ്‌റ്റേറ്റ് സെക്രട്ടറിയറ്റ് അംഗം എ കെ തന്പി ഗൗരി അമ്മയെ അന്വേഷിച്ച് അവർ താമസിക്കുന്ന വീട്ടിലെത്തി. ചേർത്തല താലൂക്ക് കയർ വർക്കേഴ്‌സ് സെന്ററിന്റെ പ്രസിഡന്റ് ഗൗരി അമ്മയാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. ആദ്യം വിസമ്മതിച്ചെങ്കിലും കയർ വർക്കേഴ്‌സ് സെന്ററിന്റെ താലൂക്ക് പ്രസിഡന്റായി ഗൗരി അമ്മ തിരഞ്ഞെടുക്കപ്പെട്ടു. അതോടെ ട്രേഡ് യൂണിയൻ രംഗത്ത് അവർ സജീവ സാന്നിധ്യമായി.
അതോടെ ഗൗരി അമ്മയുടെ വീട് പാർട്ടി ഓഫീസ് പോലെയായി. പാർട്ടി നേതാക്കളും പ്രവർത്തകരും ഒളിവിൽ താമസിക്കാൻ തുടങ്ങി. അതേപ്പറ്റി ഗൗരി അമ്മ രേഖപ്പെടുത്തിയത് ഇങ്ങനെ: ‘‘സഖാവ് പി കൃഷ്‌ണപിള്ളയും താമസം എന്റെ വീട്ടിലാക്കി. അക്കാലത്ത് സഖാക്കൾ വരുന്നതും ഒളിവിൽ താമസിക്കുതുമല്ലാതെ താമസിക്കുന്നതിനും മറ്റും വീട്ടുകാരുടെ സമ്മതമൊന്നും വാങ്ങാറില്ല. എന്റെ വീട്ടിൽ സി ജി സദാശിവൻ വന്നതും പി കൃഷ്‌ണപിള്ള വന്നതും താമസിച്ചതുമൊന്നും എന്നോട് മുൻകൂട്ടി ആലോചിച്ചിട്ടോ അഭിപ്രായം ചോദിച്ചിട്ടോ അല്ല. ഏതായാലും പി കൃഷ്‌ണപിള്ള വീട്ടിൽ സ്ഥിരതാമസമാക്കി. അദ്ദേഹമാണ് എന്നെ കമ്യൂണിസ്റ്റ് പാർട്ടി അംഗമാക്കിയത്. പാർട്ടി പരിപാടിയുടെ ഒരു കരട് 1948ലെ പാർട്ടി കോൺഗ്രസിൽ ചർച്ചചെയ്യുവാൻ തയ്യാറാക്കിയത് എനിക്ക് വായിക്കുവാൻ തന്നു. എന്റെ പ്രോഗ്രാം നിശ്ചയിക്കുന്നതും പ്രോഗ്രാമിനു വിടുന്നതും സഖാവായിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു താൻ വിവാഹിതനാണെന്ന്. ഭാര്യ വൈക്കത്തുണ്ട്. വിളിച്ച് ഇവിടെ കൂടെത്താമസിപ്പിക്കുന്നതിന് വിരോധമുണ്ടോ എന്നും തിരക്കി. വിരോധമില്ല, സന്തോഷമേയുള്ളൂ എന്ന് ഞാൻ അറിയിച്ചു. സങ്ങനെ പിറ്റേദിവസം തങ്കമ്മ ചേച്ചിയും താമസം എന്റെ വീട്ടിലാക്കി. കൃഷ്‌ണപിള്ളയാണ് അക്കാലത്ത് തൃശൂർ ആന്പല്ലൂരിൽ വെച്ചു നടന്ന കെപിടിയുസി കോൺഫറൻസിൽ സംബന്ധിക്കാൻ എന്നെ വിട്ടത്. ഞാനാണ് ആ മീറ്റിങ്ങിൽ യൂണിയൻ കൊടി ഉയർത്തിയത്’’.
(ആത്മകഥ, കെ ആർ ഗൗരി അമ്മ)
1948ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി ചേർത്തലയിൽ മത്സരിച്ചത് ഗൗരി അമ്മയാണ്. വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും കെട്ടിവച്ച പണം നഷ്ടമാകാത്ത ചുരുക്കം ചില കമ്യൂണിസ്റ്റ് സ്ഥാനാർഥികളിൽ ഒരാളായിരുന്നു ഗൗരി അമ്മ.
കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം പാർട്ടി കോൺഗ്രസ് കൽക്കത്ത തീസിസ് അംഗീകരിച്ചതോടെ പാർട്ടി നിരോധിക്കപ്പെട്ടു. പാർട്ടി നേതാക്കൾ ഒളിവിൽ പ്രവർത്തിക്കാൻ തുടങ്ങി. ഗൗരി അമ്മ ഒളിവിൽ പോകാതെ തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കട്ടെ എന്നായിരുന്നു പാർട്ടി തീരുമാനം.
നാട്ടിൽ പാർട്ടി പ്രവർത്തനം സജീവമായി നടത്തവെ, ഗൗരി അമ്മ അറസ്റ്റ് ചെയ്യപ്പെട്ടു. ചേർത്തല പൊലീസ് സ്‌റ്റേഷൻ ലോക്കപ്പിലാണ് ഗൗരി അമ്മയെ താമസിപ്പിച്ചത്. ഗൗരി അമ്മ ചേർത്തല ലോക്കപ്പിൽ കഴിയുമ്പോഴാണ് പി കൃഷ്‌ണപിള്ളയുടെ മരണവാർത്ത അറിയുന്നത്.
ആറുമാസത്തെ തടവിന് ഗൗരി അമ്മ ശിക്ഷിക്കപ്പെട്ടു.
1952ൽ തിരു‐കൊച്ചി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച ഗൗരി അമ്മ നിയമസഭയിൽ ആദ്യ വനിതാ അംഗമായി. 1953ലും തിരു‐കൊച്ചി നിയമസഭയിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു.
ഐക്യകേരളം രൂപീകരിക്കപ്പെട്ടതിനുശേഷം 1957ൽ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിലും ചേർത്തല മണ്ഡലത്തെയാണ് ഗൗരി അമ്മ പ്രതിനിധീകരിച്ചത്. റവന്യൂ, എക്‌സൈസ്, ദേവസ്വം എന്നീ വകുപ്പുകളാണ് 1957ലെ ഇ എം എസ് മന്ത്രിസഭയിൽ ഗൗരി അമ്മയ്‌ക്ക് ലഭിച്ചത്. ഗൗരി അമ്മയാണ് രാജ്യമൊട്ടാകെ ശ്രദ്ധിച്ച കാർഷികബന്ധ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. മികച്ച ഭരണാധികാരി എന്ന ഖ്യാതി നേടാൻ ഗൗരി അമ്മയ്‌ക്ക് ആദ്യമുതൽ തന്നെ സാധിച്ചു. 1957ൽ ഗൗരി അമ്മ മന്ത്രിയായിരിക്കെയാണ് അതേ മന്ത്രിസഭയിൽ അംഗമായിരുന്ന ടി വി തോമസുമായുള്ള വിവാഹം നടന്നത്.
വിമോചനസമരത്തിനുശേഷം 1960ൽ നടന്ന തിരഞ്ഞെടുപ്പിൽ പിന്തിരിപ്പൻ ശക്തികൾ ഒന്നടങ്കം കമ്യൂണിസ്റ്റ് പാർട്ടിക്കെതിരായി അണിനിരന്നു. ആ തിരഞ്ഞെടുപ്പിലും ഗൗരി അമ്മയെ ചേർത്തലക്കാർ കൈവിട്ടില്ല. മികച്ച ഭൂരിപക്ഷത്തിൽ അവർ ചേർത്തലയിൽനിന്ന് വിജയിച്ചു.
1964ൽ കമ്യൂണിസ്റ്റ് പാർട്ടി ഭിന്നിച്ചപ്പോൾ ഗൗരി അമ്മ സിപിഐ എമ്മിനൊപ്പം അടിയുറച്ചുനിന്നു. ജീവിതപങ്കാളി ടി വി തോമസ് സിപിഐക്കൊപ്പമാണ് നിലയുറപ്പിച്ചതെങ്കിലും അത് ഗൗരി അമ്മയെ സ്വാധീനിച്ചില്ല.
1965ൽ ഗൗരി അമ്മ അരൂരിൽനിന്ന് വിജയിച്ചത് ജയിലിൽ കിടന്നുകൊണ്ടാണ്. 1967ലെ ഇ എം എസ് മന്ത്രിസഭയിലും ഗൗരി അമ്മ അംഗമായി. 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അവർ നിയമസഭയിൽ അരൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1980ലെയും 1987ലെയും ഇ കെ നായനാർ മന്ത്രിസഭയിൽ ഗൗരി അമ്മ അംഗമായിരുന്നു.
1967‐76 കാലയളവിൽ ഗൗരി അമ്മ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു. 1976 മുതൽ ആ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു അവർ.
1987‐91 കാലയളവിൽ അവർ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1994ൽ സിപിഐ എമ്മിൽനിന്ന് ഗൗരി അമ്മ പുറത്താക്കപ്പെട്ടു. 1994 മുതൽ 2019 വരെ അവർ ജനാധിപത്യ സംരക്ഷണസമിതി (ജെഎസ്‌എസ്) എന്ന രാഷ്‌ട്രീയ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 2001ലെ യുഡിഎഫ് മന്ത്രിസഭയിൽ അംഗമായി അവർ പ്രവർത്തിച്ചു. 2006ൽ അരൂരിൽനിന്ന് എ എം ആരിഫിനോടും 2011ൽ ചേർത്തലയിൽനിന്ന് പി തിലോത്തമനോടും ഗൗരി അമ്മ പരാജയപ്പെട്ടു.
2019നു ശേഷം സിപിഐ എമ്മിന്റെ സഹയാത്രികയായാണ് ഗൗരി അമ്മ പ്രവർത്തിച്ചത്. അന്തരിക്കുമ്പോൾ അവർ സിപിഐ എം അംഗമായിരുന്നു.
2021 മെയ് 11ന് 102‐ാം വയസ്സിൽ ഗൗരി അമ്മ അന്തരിച്ചു.♦