സെൻട്രൽ സഹേലിയൻ പ്രദേശത്തുള്ള രാജ്യങ്ങളിലെ പട്ടാള ഗവൺമെന്റുകൾ (പ്രധാനമായും മാലി, ബുർക്കിനഫാസോ, നൈജർ) കാലങ്ങളായി അവിടെ നിലനിൽക്കുന്ന കൊളോണിയൽ സാമ്രാജ്യത്വ ആധിപത്യത്തെ തുടച്ചുനീക്കാനും പ്രാദേശിക സഹകരണത്തിനായുള്ള പുതിയ പ്ലാറ്റ്ഫോമുകൾ സ്ഥാപിക്കുവാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഈ രാജ്യങ്ങളിൽ കൊളോണിയൽ മേധാവിത്വം വഹിച്ചിരുന്ന ഫ്രാൻസിന് ഗുണകരമായ രീതിയിലുള്ള ഖനന ചട്ടങ്ങളും കരാറുകളും ഭേദഗതി ചെയ്യുവാനും വിദേശ രാജ്യങ്ങളുടെ സൈനിക ക്യാമ്പുകൾ തങ്ങളുടെ രാജ്യത്തുനിന്നും നീക്കം ചെയ്യുവാനുമുള്ള നടപടികളാണ് പ്രധാനമായും കൈക്കൊള്ളുന്നത്. അതിന്റെ ഭാഗമായി ‘ഫ്രാൻസ് പുറത്തുപോവുക’ എന്ന മുദ്രാവാക്യം കൂടുതൽ ജനകീയമായി സ്വീകരിക്കപ്പെട്ടു. പ്രതിരോധവുമായി ബന്ധപ്പെട്ട് മാലി, ബുർക്കിനഫാസോ, നൈജർ എന്നീ മൂന്ന് രാജ്യങ്ങൾ തയ്യാറാക്കിയ ലിപ്തക്കോ – ഗൗർമ ചാർട്ടർ (2023 സെപ്റ്റംബർ 16) ഇക്കണോമിക് കമ്മ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കൻ സ്റ്റേറ്റ്സ് (ECOWAS) നൈജറിനുനേരെ നടത്തിയ സൈനിക ഇടപെടലിന്റെയും സാമ്പത്തിക ഉപരോധത്തിന്റെയും ഭീഷണിക്കുനേരെയുള്ള മറുപടി തന്നെയായിരുന്നു. ഈ ചാർട്ടറിന് രൂപംകൊടുത്ത് അധികം വൈകാതെതന്നെ ഈ മൂന്നു രാജ്യങ്ങളും ഇക്കോവാസ് എന്ന സാമ്രാജ്യത്വാനുകൂല പ്രാദേശിക കൂട്ടായ്മയിൽനിന്ന് പിൻവാങ്ങുകയും ചെയ്തു.
ഫ്രഞ്ച് സൈനിക ശക്തിയെ രാജ്യത്തുനിന്ന് തുടച്ചുനീക്കിക്കൊണ്ടുള്ള ഈ മൂന്ന് രാജ്യങ്ങളുടെയും നടപടികൾ വലിയ രീതിയിലുള്ള രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമാകുമെന്നും ഇത് ഈ രാജ്യങ്ങളിലെ സാമ്പത്തിക വികസനത്തെ ഗണ്യമായി ബാധിക്കുമെന്നും മറ്റും ആഗോളതലത്തിൽ തന്നെ വലിയ രീതിയിലുള്ള പ്രചരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ സാമ്രാജ്യത്വവിരുദ്ധവികാരം ഇവിടങ്ങളിൽ പതഞ്ഞുപൊങ്ങുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി. നൈജറിന്റെ മാത്രം കാര്യമെടുത്താൽ, 2023 ജൂലൈയിൽ അവിടെ നടന്ന അട്ടിമറിയുടെ ഘട്ടത്തിൽ ഫ്രഞ്ച് കൊളോണിയൽ ആധിപത്യത്തിനെതിരായി തെരുവിൽ ജനങ്ങൾ അണിനിരന്നിരുന്നു.
ഇത്തരം അഴിമതിയിൽ ഏറെയും നടക്കുന്നത് സാഹേൽ മേഖലയിലാണ്. ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട യുറേനിയം ശേഖരമുള്ള രാജ്യമാണ് നൈജർ. അതുകൊണ്ടുതന്നെ ഫ്രാൻസും അമേരിക്കയും അടക്കമുള്ള സാമ്രാജ്യത്വശക്തികൾ ഈ രാജ്യത്ത് തങ്ങളുടെ നിയന്ത്രണം എല്ലാകാലത്തും ഉറപ്പാക്കാനുള്ള നിരന്തരശ്രമത്തിലാണ്. യുറേനിയം വ്യവസായത്തിൽ നൈജറിലും ഭൂഖണ്ഡത്തിലാകെയും ഫ്രാൻസിനുള്ള സ്വാധീനം വളരെ വലുതാണ്. ഫ്രഞ്ച് ആറ്റോമിക് എനർജി കമ്മീഷനും രണ്ട് ഫ്രഞ്ച് കമ്പനികളും ചേർന്ന് നൈജറിലെ യുറേനിയം വ്യവസായത്തിന്റെ 85 ശതമാനം കമ്പനികളുടെയും ഉടമസ്ഥത വഹിക്കുമ്പോൾ നൈജർ ഗവൺമെന്റിന്റെ നിയന്ത്രണത്തിൽ ഉള്ളത് ആകെ 15 ശതമാനം മാത്രമാണ്. അതേസമയം നൈജറിലെ മൊത്തം ജനസംഖ്യയിൽ പകുതിയും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്; 90 ശതമാനം ജനങ്ങളും വൈദ്യുതി ഇല്ലാതെയാണ് ജീവിക്കുന്നത്. ഇത്തരത്തിൽ ഏറ്റവും കൂടുതൽ ദുരിതം നേരിടുന്ന രാജ്യത്തുനിന്ന് ഫ്രാൻസ് കൊയ്യുന്നത് എണ്ണമറ്റ നേട്ടങ്ങളാണ്. അതുകൊണ്ടുതന്നെയാണ് 2023ലെ അട്ടിമറിയിൽ നൈജറിലെ ജനങ്ങള്‍ രാജ്യത്തിന്റെ തലസ്ഥാനമായ നിയാമിയിലുള്ള ഫ്രഞ്ച് എംബസിയും ഫ്രാൻസിന്റെ സൈനിക കേന്ദ്രവും പിടിച്ചടക്കിയത്. ജനങ്ങളുടെ കൂട്ടായ പ്രതിരോധത്തിന്റെ ഭാഗമായി അധികംവൈകാതെതന്നെ ഫ്രാൻസ് അതിന്റെ സൈന്യത്തെ പിൻവലിക്കുകയും ചെയ്തു. ഭീകരവാദത്തെ എതിർക്കുവാനുള്ള സേനയെന്നും ലോകത്തിന്റെ സുരക്ഷയെന്നും പറഞ്ഞ് ഇത്തരം രാജ്യങ്ങളിൽ അമേരിക്കയും ഫ്രാൻസും അടക്കമുള്ള സാമ്രാജ്യത്വശക്തികൾ ചെലുത്തുന്ന ആധിപത്യവും ഈ രാജ്യങ്ങളിൽനിന്ന് ഈ ശക്തികൾ കൊയ്യുന്ന ലാഭവും അതുമാത്രം ലക്ഷ്യമിട്ട് നടത്തുന്ന ക്രൂരകൃത്യങ്ങളും ഇവിടങ്ങളിലെ ജനങ്ങളും ഗവണ്മെന്റുകളും തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്തുതുടങ്ങിയിരിക്കുന്നു. പരമാധികാരത്തിനായി നൈജറും ബുർക്കിനഫാസോയും മാലിയും നടത്തുന്ന പോരാട്ടം ഏറ്റവും പ്രധാനപ്പെട്ടതും സഹേൽ ആഫ്രിക്കൻ പ്രദേശത്തുള്ള മറ്റു രാജ്യങ്ങൾക്കാകെ മാതൃകയുമാണ്. ♦