Monday, May 20, 2024

ad

Homeരാജ്യങ്ങളിലൂടെഅപ്പെക്‌ ഉച്ചകോടിക്കെതിരായി അമേരിക്കയിൽ പ്രതിഷേധം

അപ്പെക്‌ ഉച്ചകോടിക്കെതിരായി അമേരിക്കയിൽ പ്രതിഷേധം

ആര്യ ജിനദേവൻ

സിംഗപ്പൂർ ആസഥാനമായ ഏഷ്യാ‐പെസഫിക്‌ ഇക്കണോമിക്‌ കോ‐ഓപ്പറേഷൻ എന്ന മേഖലാതല സ്വതന്ത്ര വ്യാപാര കൂട്ടായ്‌മയുടെ ഉച്ചകോടിയുടെ 2023ലെ വേദി അമേരിക്കയായിരുന്നു. അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോ നഗരത്തിൽ പ്രസിഡന്റ്‌ ജോ ബൈഡന്റെ അധ്യക്ഷതയിൽ ചേർന്ന 34‐ാമത്‌ ഉച്ചകോടി പതിനായിരത്തിലേറെ ആളുകൾ പങ്കെടുത്ത സാമ്രാജ്യത്വവിരുദ്ധ ബഹുജന പ്രതിഷേധത്തിന്റെ വേദികൂടിയായി.

നവംബർ 11 മുതൽ 17 വരെയാണ്‌ അപ്പെക്‌ ഉച്ചകോടി ചേർന്നത്‌. ആസ്‌ട്രേലിയ മുതൽ കാനഡയും അമേരിക്കയും വരെയുള്ള പെസഫിക്‌ തീരം പങ്കിടുന്ന 21 അംഗരാജ്യങ്ങളുടെ രാഷ്‌ട്രത്തലവന്മാരോ ഭരണത്തലവന്മാരോ ഭരണതലത്തിലെ അവരുടെ പ്രതിനിധികളോ ആണ്‌ പങ്കെടുക്കുന്നത്‌.

1989ൽ സ്ഥാപിക്കപ്പെട്ടതാണ്‌ ഈ 21 അംഗ കൂട്ടായ്‌മ. ഇതിന്റെ ഉച്ചകോടി നടക്കുന്ന സ്ഥലങ്ങളിൽ ബദൽ സമ്മേളനവും പ്രതിഷേധ പ്രകടനങ്ങളും ഇടയ്‌ക്കിടെ പതിവായിരിക്കുന്നു. അപ്പെക്‌ സഖ്യവിരുദ്ധസമിതി (No to APEC Coalition)യാണ്‌ ഈ പ്രതിഷേധങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌. അതാത്‌ കാലത്ത്‌ സാമ്രാജ്യത്വം നടത്തുന്ന ആക്രമണങ്ങൾക്കും മൂലധനത്തിന്റെ കൊള്ളയ്‌ക്കുമെതിരെയാണ്‌ ഈ പ്രതിഷേധങ്ങൾ അരങ്ങേറുന്നത്‌. ഈവർഷം അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന വ്യത്യസ്‌ത വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന 150 ഓളം സംഘടനകളുടെ പ്രതിനിധികളാണ്‌ അപ്പെക്‌ ഉച്ചകോടിക്കെതിരെ സാൻഫ്രാൻസിസ്‌കോയിൽ ബദൽ ഉച്ചകോടിക്കായി ഒത്തുചേർന്നത്‌.

മൂലധനാധിപത്യത്തിനും സാമ്രാജ്യത്വത്തിന്റെ അതിക്രമങ്ങൾക്കും എതിരായ ബദൽ ഉച്ചകോടി ഈവർഷം നവംബർ 11ന്‌ അതായത്‌ അപ്പെക്‌ ഉച്ചകോടി ആരംഭിച്ച ദിവസമാണ്‌ ചേർന്നത്‌. അതിന്റെ തുടർച്ചയായിട്ടായിരുന്നു പതിനായിരത്തിലേറെ ആളുകൾ അണിനിരന്ന പ്രതിഷേധപ്രകടനം നടന്നത്‌. സാമ്രാജ്യത്വവിരുദ്ധ കൊറിയൻ അമേരിക്കൻ സംഘടനയായ നൊഡുത്‌ഡോൾ അംഗമായ ഡോ. സൈമൺ മാ അപ്പെക്‌ ഉച്ചകോടിയെക്കുറിച്ച്‌ പ്രതികരിച്ചത്‌, അടച്ചിട്ട മുറിക്കുള്ളിൽ അധ്വാനിക്കുന്ന മനുഷ്യരെ ചൂഷണം ചെയ്യുന്നതിനായി പുത്തൻ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്‌ ഒത്തുകൂടുന്ന ശതകോടീശ്വരന്മാരുടെയും രാഷ്‌ട്രീയ നേതാക്കളുടെയും സംഘമാണ്‌ അപ്പെക്‌ ഉച്ചകോടിയെന്നാണ്‌.

പലസ്‌തീൻ യൂത്ത്‌ മൂവ്‌മെന്റിന്റെ പ്രതിനിധിയായ വയലറ്റ്‌ മൻസൂർ പ്രസ്‌താവിച്ചത്‌, ജനങ്ങളെ കൊന്നൊടുക്കി എങ്ങനെ കൂടുതൽ ലാഭമുണ്ടാക്കാമെന്നും നമ്മുടെയെല്ലാം നാടിനെ കൊള്ളയടിച്ച്‌ കൂടുതൽ ലാഭമുണ്ടാക്കാമെന്നുമുള്ള ആലോചനയാണ്‌ ഈ ഉച്ചകോടിയിൽ നടക്കുന്നത്‌ എന്നാണ്‌. പലസ്‌തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയെ പിന്തുണയ്‌ക്കുന്ന അമേരിക്കൻ പ്രസിഡന്റ്‌ ബൈഡനെയും അമേരിക്കൻ ഗവൺമെന്റിനെയും ഈ ഉച്ചകോടിയിൽനിന്ന്‌ പുറത്താക്കണമെന്നും പ്രതിഷേധക്കാർ ആഹ്വാനം ചെയ്‌തു. ‘‘പലസ്‌തീൻ മുതൽ ഫിലിപ്പൈൻസ്‌ വരെ അമേരിക്ക നടത്തുന്ന ആക്രമണപദ്ധതികൾ അവസാനിപ്പിക്കുക’’ എന്ന മുദ്രാവമ്യൈവും ഉയർത്തപ്പെട്ടു.

കടുത്ത പൊലീസ്‌ സുരക്ഷയിലാണ്‌, സാൻഫ്രാൻസിസ്‌കോ പൊലീസിന്റെ വലയത്തിലാണ്‌ അപ്പെക്‌ ഉച്ചകോടി നടന്നത്‌. ഇതിനെതിരെയും പ്രകടനക്കാർ ശക്തമായ പ്രതിഷേധമുയർത്തി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 + 2 =

Most Popular