Saturday, November 9, 2024

ad

Homeസംസ്ഥാനങ്ങളിലൂടെവിവാഹ ധനസഹായത്തിന് കന്യകാത്വ പരിശോധനയും

വിവാഹ ധനസഹായത്തിന് കന്യകാത്വ പരിശോധനയും

കെ ആർ മായ

പിന്നോക്കവിഭാഗത്തിൽപെട്ട ദരിദ്രരായ സ്ത്രീകൾക്ക് വിവാഹത്തിന് സർക്കാർ ധനസഹായം കിട്ടണമെങ്കിൽ അവർ കന്യകയാണെന്നു തെളിയിക്കണം! മധ്യപ്രദേശിലെ ബിജെപി സർക്കാരിന്റെ തീട്ടൂരമാണിത്. ആദിവാസി ഭൂരിപക്ഷ പ്രദേശമായ ദിൻഡോരി ജില്ലയിലെ ഇരുനൂറിലധികം സ്ത്രീകളെയാണ് വിവാഹധനസഹായം നൽകുന്നതിന്റെ പേരിൽ കൂട്ടകന്യകാത്വപരിശോധനയ്ക്കു വിധേയമാക്കിയത്. ‘മുഖ്യമന്ത്രി കന്യാവിവാഹ’ പദ്ധതിയുടെ ഭാഗമായി അക്ഷയതൃതീയദിനത്തിൽ സംഘടിപ്പിച്ച സമൂഹവിവാഹത്തിൽ മംഗല്യവതികളാകാനാഗ്രഹിച്ച യുവതികളെയാണ് ബിജെപി സർക്കാർ അപമാനിച്ചത്. പരിശോധനയിൽ പരാജയപ്പെട്ട നാലുസ്ത്രീകൾ ‘അയോഗ്യ’ രാക്കപ്പെട്ടു. വിവാഹധനസഹായമായി 55,000 രൂപ പദ്ധതിയുടെ ഭാഗമായി നൽകുന്നു എന്ന പേരിലാണ് മധ്യപ്രദേശിലെ ബിജെപി സർക്കാർ ഇത്തരത്തിൽ കടുത്ത പരീക്ഷണത്തിന് യുവതികളെ വിധേയരാക്കിയത്.

സംഭവം വിവാദമായതിനെത്തുടർന്ന് പലവിധ ന്യായീകരണങ്ങളുമായി ബന്ധപ്പെട്ടവർ മുന്നോട്ടുവന്നു. അതെന്തുതന്നെയായാലും, ഈ പരിശോധനയിൽ നാലുസ്ത്രീകൾ അയോഗ്യരാക്കപ്പെട്ടുവെന്നത് ഒരു യാഥാഥ്യമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട യുവതികളാണ് ഇങ്ങനെ ക്രൂരമാംവിധം അപമാനിക്കപ്പെട്ടത്. ആദിവാസി വിഭാഗങ്ങളിൽ അരിവാൾ രോഗമുള്ളതിനാൽ രക്തപരിശോധന നടത്തുകയായിരുന്നുവെന്ന ഒരു ന്യായീകരണവുമായി ബന്ധപ്പെട്ടവർ മുന്നോട്ടുവരികയുണ്ടായി. എന്നാൽ ഈ പരിശോധന സ്ത്രീകൾക്കു മാത്രമായി നടത്തുന്നത് എന്തുകൊണ്ടാണ്? പുരുഷന്മാരെ ഇത്തരം പരിശോധനയ്ക്കു വിധേയമാക്കാതെ സ്ത്രീകളെ മാത്രം വിധേയമാക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഭരണകൂടത്തിന് ഉത്തരമില്ല. അവിടെയാണ് ഇത് കൃത്യമായും സ്ത്രീകളെ മാത്രം ലക്ഷ്യംവെച്ചുള്ളതാണെന്നു പറയേണ്ടിവരുന്നത്.

സർക്കാർ പദ്ധതിയുടെ പ്രയോജനം, അതിന് അവകാശപ്പെട്ടവർക്ക് ലഭിക്കാൻ അപമാനം നേരിടേണ്ടിവരികയെന്നത് ദയനീയമാണ്. അത് മനുഷ്യനെന്ന നിലയിലുള്ള മൗലികാവകാശങ്ങളുടെ ലംഘനവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ്. പ്രത്യേകിച്ചും ചരിത്രപരമായിത്തന്നെ സാമൂഹ്യമായ അവഗണനയും അപമാനവും ഏൽക്കേണ്ടിവരുന്ന ആദിവാസി പിന്നോക്കവിഭാഗങ്ങളെ സംബന്ധിച്ച്. ഇതാദ്യമായല്ല, സർക്കാർ ധനസഹായത്തോടെ നടക്കുന്ന സമൂഹവിവാഹത്തിന് മുമ്പ് ഇത്തരം പരിശോധന നടത്തുന്നത്. 2013 ൽ സമാനമായ സംഭവം മധ്യപ്രദേശിലെതന്നെ ആദിവാസി ഭൂരിപക്ഷ ജില്ലകളായ ദിൻഡോരിയിലും ബേതുലിലും റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുണ്ട്. ഗോത്രവർഗക്കാർ കൂടുതലായുള്ള ബേതൂൽ ജില്ലയിലെ ഹരാദ് ഗ്രാമത്തിൽ മുഖ്യമന്ത്രി ‘കന്യാവിവാഹയോജന’ എന്ന പേരിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച സമൂഹവിവാഹ പരിപാടിയ്ക്കു മുമ്പ് അതിൽ പങ്കെടുക്കുന്ന 350 ഓളം സ്ക്രീകളെ കന്യകാത്വ-ഗർഭപരിശോധനയ്ക്ക് വിധേയരാക്കിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

വിവാഹത്തിനുള്ള ഈ യോഗ്യതാപരിശോധന സ്ത്രീകളോട് ബിജെപി സർക്കാർ വച്ചുപുലർത്തുന്ന മനോഭാവത്തിന്റെ ദൃഷ്ടാന്തമാണ്. പുരുഷന്മാരെ സ്വതന്ത്രരാക്കിവിട്ടുകൊണ്ട് സ്ത്രീകൾ മാത്രം ഇത്തരം പരീക്ഷണങ്ങൾ വിജയിക്കണമെന്ന ധാർമികബോധം വച്ചുപുലർത്തുന്ന ആർഎസ്എസിനാൽ നയിക്കപ്പെടുന്ന ബിജെപി സർക്കാരിന് ഇങ്ങനെയേ പ്രവർത്തിക്കാനാകൂ എന്നതിന്റെ ഉദാഹരണം കൂടിയാണിത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 3 =

Most Popular