പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ആയിരക്കണക്കിന് കരിമ്പ്കൃഷിക്കാർ ഒരാഴ്ചയിലേറെയായി പ്രക്ഷോഭത്തിലാണ്. 2022-‐23 ലെ ക്രഷിങ് സീസണിലെ കുടിശ്ശികയായ 4000 കോടിരൂപ ഇവർക്കുകിട്ടാനുണ്ട്. ഭാരതീയ കിസാൻ യൂണിയൻ (ബികെയു) പ്രവർത്തകർ ഉൾപ്പെടെ നിരവധി കർഷകർ കഴിഞ്ഞ രണ്ടുമാസമായി ബുധാനയിലേയും മുസഫർനഗറിലേയും ബജാജ് ഷുഗർ മില്ലിനും മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തുകയാണ്. കുടിശ്ശിക തീർക്കുംവരെ പ്രക്ഷോഭം തുടരാനാണ് കർഷകരുടെ തീരുമാനം.
ഒട്ടനവധി പരാധീനതകളുടെ നടുവിൽ നട്ടംതിരിയുകയാണ് യുപിയിലെ കരിമ്പ് കർഷകർ. സീസൺ ആരംഭിക്കുന്നതിനുമുമ്പ് കരിമ്പുവില പ്രഖ്യാപിക്കണമെന്ന ആവശ്യം സർക്കാർ ചെവിക്കൊണ്ടിട്ടില്ല. പല ഗ്രാമങ്ങളിലും കരിമ്പ് സംഭരണകേന്ദ്രങ്ങളില്ല. ജില്ലാ ഭരണകൂടം കരിമ്പ് സംഭരണകേന്ദ്രം നിർമിക്കണമെന്ന ആവശ്യം കർഷ ഉയർത്താൻ തുടങ്ങിയിട്ടേറെനാളായി. മില്ലുകൾ ക്രഷിങ് ആരംഭിച്ചിട്ട് ഒരു മാസത്തിലേറെയായിട്ടും നൽകാനുള്ള കുടിശ്ശിക നൽകിയിട്ടില്ല. കനത്ത മഴയിൽ ഗോതമ്പ്, ഉരുളക്കിഴങ്ങ്, കരിമ്പ് എന്നീവിളകളെല്ലാം നശിച്ചു. അതിനുള്ള നഷ്ടപരിഹാരം കർഷകർക്ക് ഗവൺമെന്റിൽ നിന്നും കിട്ടിയിട്ടില്ല.
സംസ്ഥാനത്ത് ഒരു ഡസനിലധികം മില്ലുകളിലായി ഏകദേശം 4000 കോടി രൂപ കുടിശ്ശിക കർഷകർക്ക് നൽകാനുണ്ട്. ഈ മില്ലുകളിൽ പലതും കർഷകർക്ക് 2022 ഡിസംബർവരെ മാത്രമേ പണം നൽകിയിട്ടുള്ളൂ. ഷാംലി ജില്ലയിലെ ഭൈൻസ്വാൻ ഗ്രാമത്തിൽ നിന്നുള്ള നാമമാത്ര കർഷകനായ സുമൻസിംഗ് തന്റെ അനുഭവം വിവരിക്കുന്നു: “2022 ഡിസംബർ വരെ മാത്രമേ ഷംലി മിൽ പണം നൽകിയിട്ടുള്ളൂ. പുതിയ ക്രഷിങ് സീസൺ ആരംഭിച്ചിട്ടും കുടിശ്ശിക കിട്ടിയിട്ടില്ല. മില്ലുടമകൾ ഇത്രയും നാളായി പണം നൽകാത്തതുകാരണം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. പുതിയ വിളവെടുപ്പിന് പാകമായിട്ടും കഴിഞ്ഞ കൃഷിയുടെ വായ്പതിരിച്ചടയ്ക്കാൻ ഇരുവരെ കഴിഞ്ഞിട്ടില്ല”. ഷാംലി ജില്ലയിലെ ആയിരക്കണക്കിനു കർഷകരുടെ അവസ്ഥ ഇതാണ്.
എന്നാൽ നിലനിൽപിനായി പൊരുതുന്ന കർഷകരുടെ ശബ്ദത്തെ അടിച്ചമർത്താനാണ് ആദിത്യനാഥിന്റെ യുപി സർക്കാർ ശ്രമിക്കുന്നത്. അത്തരം ഭീഷണികൾക്കു മുന്നിൽ തോറ്റുപിൻമാറുന്നതല്ല കർഷകരുടെ പോരാട്ടവീര്യം എന്ന് ഡൽഹിയിലെ കർഷകസമരം തെളിയിച്ചതാണ്. അഗ്രിബിസിനസുകാർക്കും വൻകിട കോർപ്പറേറ്റുകൾക്കും വേണ്ടി രാജ്യത്തിന്റെ നട്ടെല്ലായ കാർഷികമേഖലയെയും ചോരനീരാക്കി പണിയെടുക്കുന്ന കർഷകരെയും ഇല്ലാതാക്കാനുള്ള മോദിസർക്കാരിന്റെ നിക്കങ്ങൾക്കെതിരെ ഇനിയും ശക്തമായ ചെറുത്തുനിൽപ് പോരാട്ടങ്ങളുമായി മുന്നോട്ടുപോകാൻ തന്നെയാണ് യുപിയിലെ കരിമ്പുകർഷകരുടെ ഉറച്ച തീരുമാനം. ♦