Monday, July 22, 2024

ad

Homeകവര്‍സ്റ്റോറിറബർ കർഷക ദുരിതം കോൺഗ്രസ് – ബിജെപി നയങ്ങൾമൂലം

റബർ കർഷക ദുരിതം കോൺഗ്രസ് – ബിജെപി നയങ്ങൾമൂലം

വിജൂ കൃഷ്ണൻ

ബ്ബർ മേഖലയിലെ ഇന്നത്തെ പ്രതിസന്ധി വളരെ രൂക്ഷമാണ്. ഒരു കാലത്ത് ‘‘വെെറ്റ് ഗോൾഡ്’’ (വെളുത്ത സ്വർണം) എന്നാണ് റബ്ബർ അറിയപ്പെട്ടിരുന്നത്. സ്വന്തമായി ഒരു കിലോ റബ്ബർ ഉണ്ടെങ്കിൽ ആ കർഷകൻ പട്ടിണി കിടക്കേണ്ടി വരില്ല എന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. 2011 കാലത്ത് കിലോയ്ക്ക് 230–240 രൂപവരെ ഉണ്ടായിരുന്ന റബ്ബറിന് 2023 ജൂൺ–ജൂലെെയിൽ ലഭിച്ചത് 120 രൂപമാത്രമാണ്. അതായത് വില നേർപകുതിയായി കുറഞ്ഞു. 2011 കാലത്ത് ഒരു കിലോ റബ്ബർ വിറ്റാൽ 11 കിലോ അരി വാങ്ങാൻ സാധിച്ചിരുന്ന സ്ഥാനത്ത് ഇന്ന് 3 കിലോ അരി പോലും വാങ്ങാൻ അതുകൊണ്ട് സാധിക്കുന്നില്ല. അതായത് ആദായകരമായ വില കിട്ടിക്കൊണ്ടിരുന്ന സാഹചര്യം ഇന്ന് ഇല്ലാതായിരിക്കുന്നു. അതിന്റെ ആദ്യത്തെ കാരണം ഇന്ത്യാ ഗവൺമെന്റ് കെെക്കൊണ്ടിട്ടുള്ള സ്വതന്ത്ര വ്യാപാര കരാർ പോലെയുള്ള നയങ്ങളും നിലപാടുകളുമാണ്. തായ്-ലാൻഡ്, വിയറ്റ്നാം, മലേഷ്യ, നമ്മുടെ അയൽരാജ്യമായ ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം അതത് ഗവൺമെന്റുകൾ കർഷകർക്ക് ഇന്ത്യയിൽ നൽകുന്നതിനേക്കാൾ കൂടുതൽ സബ്സിഡി നൽകുന്നുണ്ട്. കേരളത്തിൽ ഒരു റബ്ബർ കർഷകന് ഹെക്ടർ ഒന്നിന് 25,000 രൂപ സബ്സിഡി ലഭിക്കുമ്പോൾ തായ്-ലാൻഡിൽ ഹെക്ടർ ഒന്നിന് 2,08,000 രൂപയും മലേഷ്യയിൽ 1,57,800 രൂപയും ശ്രീലങ്കയിൽ 64,200 രൂപയുമാണ് സബ്സിഡി ലഭിക്കുന്നത്. (കഴിഞ്ഞ കുറേ മാസങ്ങളായി കേന്ദ്ര സർക്കാർ കേരളത്തിന് ഈ തുക പോലും നൽകുന്നില്ല.) ഈ രാജ്യങ്ങളുമായിട്ടാണ് നമ്മൾക്ക് മത്സരിക്കേണ്ടി വരുന്നത്; മാത്രമല്ല ഈ രാജ്യങ്ങളിൽ റബ്ബറിന്റെ ഉൽപാദനക്ഷമതയും കേരളത്തിലേതിനെക്കാൾ അധികമാണ്. അതുകൊണ്ട് അവിടങ്ങളിൽനിന്നും ഇന്ത്യയിലേക്ക് വലിയ തോതിൽ റബ്ബർ ഇറക്കുമതി ചെയ്യുന്നത് ഇവിടെ അതിന്റെ വിലയിടിവിന് കാരണമാകുന്നുണ്ട്. എംആർഎഫ്, അപ്പോളൊ ടയേഴ്സ്, ബിർള അടക്കമുള്ള ഇന്ത്യയിലെ വൻകിട ടയർ കമ്പനികൾ ഈ വിലയിടിവിനെ പിന്തുണയ്ക്കുന്നവരാണ്. കാരണം അവയ്ക്ക് കുറഞ്ഞ വിലയിൽ റബ്ബർ കിട്ടുകയും എന്നാൽ ഉപഭോക്താക്കൾക്ക് അതിന്റെ ഗുണം നൽകാതിരിക്കുകയും ചെയ്യാം; അതാണിപ്പോൾ നടക്കുന്നത്. Competition Commission ഈയടുത്തയിടെ 1788 കോടി രൂപയാണ് 5 ടയർ കമ്പനികൾക്കുമേൽ ചുമത്തിയിരിക്കുന്നത്. ഈ കമ്പനികൾ ആണ് ഇന്ന് ഇന്ത്യയിലെ മൊത്തം ടയർ ഉൽപ്പാദനത്തിന്റെ 90 ശതമാനവും നിയന്ത്രിക്കുന്നത് സ്വാഭാവിക റബ്ബറിന് വിലവർധനവാണെന്ന കാരണം പറഞ്ഞ് ഈ കമ്പനികൾ ടയറിന്റെയും ട്യൂബിന്റെയും വില കുത്തനെ ഉയർത്തി. മനോരമ കുടുംബത്തിന്റെ വകയായ എംആർഎഫിൽ നിന്നാണ് ഏറ്റവും ഉയർന്ന പിഴ ഈടാക്കിയത്–622.09 കോടി രൂപ. മലയാള മനോരമ പത്രമാണ് സ്വതന്ത്ര വ്യാപാരത്തിന്റെയും നവലിബറൽ നയങ്ങളുടെയും ഏറ്റവും ശക്തരായ വക്താക്കൾ. കൂടാതെ നാണ്യവിളകളുടെ മേൽനോട്ട ചുമതല കമോഡിറ്റി ബോർഡുകൾക്കാണ്. റബ്ബർ, നാളികേരം, തേയില തുടങ്ങിയ ഓരോ വിളയ്ക്കും പ്രത്യേകം ബോർഡുകളുണ്ട്. ഈ ബോർഡുകളെയും തകർക്കുന്ന നിലപാടാണ് ഇപ്പോൾ ബിജെപി സർക്കാർ സ്വീകരിക്കുന്നത്. റബ്ബർ, നാളികേരം, സുഗന്ധവ്യഞ്ജനങ്ങൾ, തേയില എന്നിവയോരോന്നിനെയും തകർക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. പഴയ റബ്ബർ ആക്ടിൽ ബിജെപി സർക്കാർ വലിയ തോതിൽ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നു; കേരളത്തിന്റെ പ്രാധാന്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നു; കോട്ടയത്തുനിന്ന് റബ്ബർ ബോർഡിന്റെ ആസ്ഥാനം തന്നെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. നിതി ആയോഗ് റബ്ബർ കർഷകർ സ്വയം പര്യാപ്തരായി കഴിഞ്ഞു എന്നതുകൊണ്ട് ഇനി ആ മേഖലയിൽ ഗവൺമെന്റിന്റെ ഇടപെടൽ ആവശ്യമില്ല എന്ന സമീപനമാണ് കെെക്കൊള്ളുന്നത്. ഇതെല്ലാം ഇനി കമ്പോളശക്തികൾ നിയന്ത്രിച്ചോളും എന്ന സമീപനമാണ് ബിജെപി സർക്കാർ സ്വീകരിച്ചുപോരുന്നത്. എന്നാൽ 1950കളിൽ റബ്ബർ മേഖലയിൽ വൻകിട ഉടമകളാണ് കൂടുതലുണ്ടായിരുന്നത് എങ്കിൽ ഇന്ന് ചെറുകിട –നാമമാത്ര കർഷകരാണ് ഈ മേഖലയിൽ കൂടുതലുള്ളത്. കേരളത്തിലും ഇന്ത്യയിലാകെയും അതാണ് സ്ഥിതി. അപ്പോൾ ഈ ചെറുകിട കർഷകർക്ക് യാതൊരു വിധ സംരക്ഷണവും ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ സദാ ചാഞ്ചാട്ട സ്വഭാവമുള്ള അന്താരാഷ്ട്ര കമ്പോളത്തിലെ കയറ്റിറക്കങ്ങളുടെ പ്രശ്നങ്ങളും ഈ കർഷകർ നേരിടേണ്ടി വരുന്നു. കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഈ രംഗത്തുണ്ടായ വമ്പിച്ച വിലയിടിവ് നികത്തുന്നതിനു വേണ്ടി വില സ്ഥിരതാ ഫണ്ട് എന്ന നിലയ്ക്ക് ആദ്യം ഏകദേശം 1807 കോടി രൂപ നൽകുകയും ഒരു കിലോഗ്രാം റബ്ബറിന് 170 രൂപ അടിസ്ഥാന വില നിശ്ചയിക്കുകയും പിന്നീട് അത് 250 രൂപയായി ഉയർത്തുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിട്ടുണ്ട്. 170 രൂപയിൽ താഴെ വില ലഭിക്കുന്ന കർഷകരുടെ നഷ്ടം നികത്തുന്നതിനു വേണ്ടി ആവശ്യമായ തുക സംസ്ഥാന ഗവൺമെന്റ് കൊടുക്കുന്നുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ വില സ്ഥിരത ഫണ്ടിലേക്ക് ഒരു രൂപപോലും നൽകുന്നില്ല. പൊതുവെ കേരളത്തോടുള്ള അവഗണനയും റബ്ബർ സബ്സിഡിയുടെ കാര്യത്തിൽ കേന്ദ്ര ഗവൺമെന്റ് വച്ചുപുലർത്തുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ റബ്ബറിനു കേന്ദ്ര സർക്കാർ കൊടുക്കുന്ന സബ്സിഡി കേരളത്തിന് അവർ നൽകുന്നതിനേക്കാൾ കൂടുതലാണ്. ഹെക്ടറിന് 25,000 രൂപയാണ് കേരളത്തിൽ സബ്സിഡിയായി നൽകുന്നത്. എന്നാൽ ഇപ്പോൾ മാസങ്ങളായി അതുപോലും കേന്ദ്ര സർക്കാർ നൽകുന്നില്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇതിലും വളരെ കൂടുതലാണ്. ഇത് കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയാണ്. മിക്കവാറും എല്ലാ ആസിയാൻ രാജ്യങ്ങളിൽനിന്നും ഇറക്കുമതി ചുങ്കം പൂർണമായും ഒഴിവാക്കിയാണ് ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യുന്നത്. 2005–2006ൽ 45,000 ടൺ ആണ് നമ്മൾ ഇറക്കുമതി ചെയ്തതെങ്കിൽ ഇപ്പോൾ അത് അഞ്ചുലക്ഷത്തിലധികം ടണ്ണാണ്; അതായത് ഏകദേശം 12 ഇരട്ടിയാണ് നിലവിൽ നമ്മൾ ഇറക്കുമതി ചെയ്യുന്നത്. ഇതിനെല്ലാം ആവശ്യമായ വിദേശ നാണയവും നമുക്ക് ചെലവഴിക്കേണ്ടതായി വരുന്നു.

എന്നാൽ കോൺഗ്രസും ബിജെപിയും ഈ വിഷയത്തിൽ വളരെ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. റബ്ബറിന് കിലോയ്ക്ക് 300 രൂപ ആക്കുകയാണെങ്കിൽ തിരഞ്ഞെടുപ്പിൽ കൂടെ നിൽക്കുമെന്നും രണ്ട് എംപിമാരെ ഉറപ്പാക്കിത്തരുമെന്നും ബിജെപിയോട് ബിഷപ്പ് പാംപ്ലാനി പറഞ്ഞപ്പോൾപോലും അങ്ങനെ 300 രൂപയാക്കി റബ്ബർ വില ഉയർത്താൻ സാധ്യമല്ല എന്നാണ് കേന്ദ്രമന്ത്രി പ്രതികരിച്ചത്. ആസിയാൻ കരാറിനെ ഇടതുപക്ഷം എതിർത്തപ്പോഴും അന്ന് കോൺഗ്രസ് ഗവൺമെന്റും ബിജെപി അടക്കമുള്ള മറ്റു പാർട്ടികളും അതിനെ അനുകൂലിച്ചു. അന്ന് കേരള മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദൻ, പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ നേരിൽകണ്ട് ആസിയാൻ കരാറിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ കോൺഗ്രസ് സർക്കാർ അതിനു കൂട്ടാക്കിയില്ല. 2019ൽ റീജിയണൽ കോമ്പ്രിഹെൻസീവ് എക്കണോമിക് പാർട്ണർഷിപ്പിൽ (RCEP) ഒപ്പുവയ്ക്കാൻ പോയ നരേന്ദ്രമോദി ബാങ്കോക്കിൽനിന്ന് അത് ഒപ്പിടാതെ മടങ്ങിവരുന്നു. കർഷക പ്രക്ഷോഭങ്ങൾ കാരണം തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്നതിനാലാണ് ഒപ്പിടാതിരുന്നത്. അന്ന് ആസിയാൻ ഉൾപ്പെടെ മുമ്പുള്ള നമ്മുടെ സകല സ്വതന്ത്രവ്യാപാരകരാറുകളും പുനഃപരിശോധിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് മോദി മടങ്ങിവന്നത്. എന്നാൽ ഇതുവരെ അങ്ങനെയൊരു പുനഃപരിശോധന അവർ നടത്തിയില്ല. അതുമാത്രമല്ല, യൂറോപ്യൻ യൂണിയൻ, അമേരിക്ക, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുമായി കൂടുതൽ സ്വതന്ത്ര വ്യാപാരകരാറുകൾ ഒപ്പിടാൻ തയ്യാറെടുക്കുകയാണ്; അത്തരം നിലപാടാണ് ബിജെപി സ്വീകരിച്ചുപോരുന്നത്. കോൺഗ്രസ്സിന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലും സ്വതന്ത്ര വ്യാപാരകരാറിനനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ രണ്ടു പാർട്ടികളും ഇത്തരം സമീപനം കൊണ്ട് കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല. അപ്പോഴും സംസ്ഥാനത്തെ എൽഡിഎഫ് സർക്കാർ സാധ്യമായതെല്ലാം കർഷകർക്കുവേണ്ടി ചെയ്യുന്നു. അതേസമയം കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ സംസ്ഥാനത്തിന് അവകാശപ്പെട്ടതുപോലും നൽകുന്നുമില്ല. ഇതുവരെ തന്നുകൊണ്ടിരുന്ന തുകകൾപോലും റദ്ദു ചെയ്യാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

കേരളത്തിൽ റബ്ബർ കർഷകർ പ്രക്ഷോഭത്തിന്റെ പാതയിലാണ്. കോട്ടയത്തുചേർന്ന റബ്ബർ കർഷകരുടെ കൺവെൻഷൻ തീരുമാനപ്രകാരം കേരളത്തിൽ റബ്ബർ മേഖലയിലാകെ ലോങ് മാർച്ചുകളും സമാപനം കുറിച്ചുകൊണ്ട് 10000ത്തിലധികം കർഷകരുടെ പങ്കാളിത്തത്തോടുകൂടി രാജ്ഭവനുമുന്നിൽ ദ്വിദിന രാപകൽ സമരവും നടത്തി. അതുകൂടാതെ എഐകെഎസ് പാർലമെന്റ് മാർച്ചും നടത്തുകയുണ്ടായി. കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തുന്നതിനുള്ള തയ്യാറെടുപ്പാണ് ഇപ്പോൾ കർഷക സംഘം നടത്തുന്നത്. അതിന്റെ ഭാഗമായി റബ്ബർ മേഖലയിലെ സഹകരിക്കാൻ തയ്യാറുള്ള എല്ലാ സംഘടനകളെയും ചേർത്ത് സംയുക്ത കൺവെൻഷൻ ചേരാനും തുടർന്ന് ശക്തമായ സംയുക്ത പ്രക്ഷോഭം നടത്താനുമാണ് കിസാൻ സഭ ആലോചിക്കുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × two =

Most Popular