Tuesday, April 16, 2024

ad

Homeകവര്‍സ്റ്റോറിചെറുകിട ഉൽപാദന മേഖലയിലെ പ്രതിസന്ധിയും പരിഹാരവും

ചെറുകിട ഉൽപാദന മേഖലയിലെ പ്രതിസന്ധിയും പരിഹാരവും

പി കൃഷ്ണപ്രസാദ്

കേരളത്തിലെ റബ്ബർ കർഷകർ ഒരു ദശകക്കാലമായി കടുത്ത പാപ്പരീകരണം നേരിടുന്നു. 2012 ൽ 7,98,890 ടൺ ആയിരുന്ന ഉല്പാദനം 2016 ൽ 4,38,630 ടൺ ആയിട്ടാണ് കുറഞ്ഞത്. അതായത് 45 % തകർച്ച. 2017-–18 ൽ 5.40 ലക്ഷവും 2019-–20 ൽ 5.33 ലക്ഷവും ഉല്പാദനം. 2011 ൽ സ്വാഭാവിക റബ്ബർ വില കിലോയ്ക്ക് 248 രൂപ എന്നത് പിന്നീടുള്ള വർഷങ്ങളിൽ 80 രൂപ വരെ കുറഞ്ഞു. നിലവിലെ കിലോയ്ക്ക് 120-–130 രൂപ. എൽഡിഎഫ് സർക്കാർ വിലസ്ഥിരതാ നിധിയിലൂടെ 170 രൂപ ഉറപ്പുവരുത്തുന്നു. യൂണിയൻ സർക്കാർ ഒരു രൂപപോലും കർഷകർക്കായി നീക്കിവെക്കുന്നില്ല.

ഉല്പാദനത്തിലും വിലയിലും വന്ന കുറവും, മറുഭാഗത്ത് ഉല്പാദന ചെലവിലും ജീവിത ചെലവിലും വന്ന വർദ്ധനവും കർഷകരെ കടുത്ത വരുമാന തകർച്ചയിലേക്കും പാപ്പരീകരണത്തിലേക്കും തള്ളിയിട്ടു. കർഷക കുടുംബങ്ങൾ കടക്കെണിയിൽ മുങ്ങിത്താഴുന്നു. കാർഷിക പ്രതിസന്ധി അവരെ ആത്മഹത്യയുടെ മുനമ്പിലേക്കാണ് വലിച്ചിഴക്കുന്നത്. അതീവ ഗുരുതരമായ ഈ സ്ഥിതിവിശേഷം റബ്ബർ മേഖലയിലെ ഉല്പാദന ബന്ധങ്ങളിൽ അടിസ്ഥാനപരമായ അഴിച്ചുപണി അനിവാര്യമാക്കുന്നു.

ഇന്ത്യയിലെ 90 ശതമാനം റബ്ബറും ഉല്പാദിപ്പിച്ചിരുന്നത് കേരളമാണ്. നിലവിൽ 74% മാണ് ഉല്പാദനം. 2012–-13 ലെ ഡാറ്റാ പ്രകാരം 6,85,860 ഹെക്ടറിൽ 12,46,000 കൃഷിയിടങ്ങളിലാണ് റബ്ബർ കൃഷി. അതിൽ 5,96,360 ഹെക്ടർ സ്ഥലത്ത് രണ്ട് ഹെക്ടറിൽ താഴെയുള്ള 12,26,000 (98%) ചെറുകിട, നാമമാത്ര കർഷകരാണ്. ശേഷിക്കുന്ന 89500 ഹെക്ടറിൽ രണ്ട് ഹെക്ടറിൽ കൂടുതലുള്ള 20000 (1.7%) കർഷകരുണ്ട്.

കാർഷിക പ്രതിസന്ധിയും വികസന നയങ്ങളും-
വിവിധ രാഷ്ട്രീയ പാർടികൾ നടപ്പിലാക്കുന്ന വികസന നയങ്ങളാണ് ആത്യന്തികമായി കർഷകരുടെ ജീവിതത്തെ നിർണ്ണായകമായി ബാധിക്കുക. കേരളത്തിലെ റബ്ബർ മേഖല പരമ്പരാഗതമായി കോൺഗ്രസ്, കേരള കോൺഗ്രസ്, മുസ്ലിം ലീഗ്, ഉൾപ്പെടുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെയും ബിജെപിയുടെയും സ്വാധീനമേഖലയാണ്. സിപിഐ എം ഉൾപ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ ശക്തികളും കർഷകർക്കിടയിൽ സജീവമാണ്. കാലാകാലങ്ങളായി തങ്ങൾ പിന്തുണയ്ക്കുന്ന വലതുപക്ഷ പാർട്ടികളുടെ വികസന നയങ്ങളെ വിമർശനത്തോടെ വിലയിരുത്താൻ റബ്ബർ മേഖല നേരിടുന്ന രൂക്ഷമായ പ്രതിസന്ധി പൊതുവേ കർഷകരെ നിർബന്ധിതരാക്കുന്നുണ്ട്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതൃത്വം നൽകിയ നരസിംഹ റാവു സർക്കാർ 1991 നു ശേഷം നടപ്പിലാക്കിയ നവ ഉദാരണവൽക്കരണ നയം 1947 മുതൽ ഇന്ത്യ പിന്തുടർന്നു വന്ന -‘സർക്കാർ പിന്തുണയോടെയുള്ള സാമ്പത്തിക വികസന നയ’-ത്തിൽ അടിസ്ഥാനപരമായ മാറ്റം വരുത്തി. 1990 ൽ സോവിയറ്റ് യൂണിയൻ ഇല്ലാതായതോടെ അമേരിക്കയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സാമ്രാജ്യത്വ ആഗോളവൽക്കരണ നയങ്ങൾക്ക് മുന്നിൽ കോൺഗ്രസ്സ് നേതൃത്വം മുട്ടുമടക്കി. അന്താരാഷ്ട ധന മൂലധന- കുത്തക (വ്യവസായ-വാണിജ്യ) മൂലധന കൂട്ടുകെട്ട് നിർദേശിക്കുന്നതാണ് കോൺഗ്രസ്സിന്റെ വികസന നയം.

കാർഷിക മേഖലയിൽ യൂണിയൻ സർക്കാർ നൽകിവന്ന സബ്സിഡികൾ പടിപടിയായി ഇല്ലാതാക്കിയതോടെ വളം, വിത്ത്, കീടനാശിനി, യന്ത്രങ്ങളും ഉപകരണങ്ങളും, വെള്ളം, വൈദ്യുതി എന്നിവയുടെ വില വർദ്ധനവ് ഉല്പാദന ചെലവ് നിയന്ത്രണാതീതമാക്കി.

കാർഷിക വായ്പയുടെ പലിശ ഉയർത്തി. കാർഷിക വായ്പ കാർഷിക-ബിസിനിസ് കമ്പനികളിലേക്ക് വഴിതിരിച്ചു നൽകി. കർഷകർക്ക് വായ്പ ലഭിക്കാത്ത സ്ഥിതി സംജാതമായി. കാർഷിക ഇൻഷൂറൻസ് മേഖല സ്വകാര്യമേഖലക്ക് കൈമാറി. ക്രമേണ കർഷകർ കടക്കെണിയിൽ അമരുന്ന സ്ഥിതി രൂപപ്പെട്ടു.

പൊതുമേഖലയിലെ കാർഷിക ഗവേഷണ- വികസന ചെലവുകൾ വെട്ടികുറച്ചു. കോർപ്പറേറ്റ് മൂലധനത്തിനായി പരവതാനി വിരിച്ചു, കോർപ്പറേറ്റ് നയങ്ങൾക്കൊപ്പം നിൽക്കാൻ ഉന്നത പഠന – ഗവേഷണ സ്ഥാപനങ്ങളെ നിർബന്ധിതമാക്കി.

2010 ജനുവരി 1 നു പ്രാബല്യത്തിൽ വന്ന ആസിയാൻ സ്വതന്ത്ര വ്യാപാര കരാർ ആഭ്യന്തര വിപണിയിൽ കാർഷിക ചരക്കുകളുടെ വില സംരക്ഷണം ഇല്ലാതാക്കി. സാർവദേശീയ ധനമൂലധന- കുത്തക (വ്യാവസായിക -വാണിജ്യ) മൂലധന കൂട്ടുകെട്ട് നിയന്ത്രിക്കുന്ന ലോകവിപണിയിൽ കാർഷിക ചരക്കുകൾ ചൂതാട്ടത്തിന് വിട്ടുകൊടുത്തു. ലോക രാജ്യങ്ങളിലാകെ ചെറുകിട ഉല്പാദകരെ നശിപ്പിച്ചു കോർപ്പറേറ്റ് കൃഷി അടിച്ചേൽപ്പിക്കലാണ് ലക്ഷ്യം.

കർഷകരെ ഏറ്റവും ഗുരുതരമായി ബാധിച്ച ഘടകമാണ് ജീവിത ചെലവിലെ വർദ്ധനവ്. വിദ്യാഭ്യാസവും ആരോഗ്യസേവനങ്ങളും സ്വകാര്യവൽക്കരിച്ചത് ഊഹിക്കാനാവാത്ത ബാദ്ധ്യതയുണ്ടാക്കി. കൃഷിഭൂമിയും കിടപ്പാടവും പണയപ്പെടുത്തേണ്ട, വിൽപന നടത്തേണ്ട സ്ഥിതിയിലായി കർഷക കുടുംബങ്ങൾ.

ഈ നയങ്ങൾ രാജ്യത്താകെ കാർഷിക പ്രതിസന്ധി രൂക്ഷമാക്കി. കൃഷി ആദായകരമല്ല. കർഷക തൊഴിലാളികൾക്ക് സ്ഥിരമായ തൊഴിലും കൂലിയുമില്ല. ആത്മഹത്യയും കടക്കെണിയും പടർന്നുപിടിച്ചു. ന്യായമായ നഷ്ടപരിഹാരം നൽകാതെ വിവിധ പദ്ധതികൾക്കായി കൃഷിഭൂമി ഏറ്റെടുക്കുന്നു. കന്നുകാലികളും കൃഷി ഭൂമിയും നഷ്ടപ്പെട്ടു. പാപ്പരായ കർഷകജനസാമാന്യം പ്രവാസി തൊഴിലാളികളാകുന്ന പ്രവണത സാർവത്രികമായി.

രാജ്യത്താകെ 9 കോടി കർഷകരും 13 കോടി കർഷക തൊഴിലാളികളും ഉണ്ടെന്നാണ് കണക്ക്. 23 കോടി പ്രവാസി തൊഴിലാളികളുണ്ട്. ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് നിരന്തരം ചേക്കേറുന്ന ‘തൊഴിലാളികളുടെ കരുതൽ സേന’ (പാപ്പരായ കർഷകരും ഗ്രാമീണ-കർഷക തൊഴിലാളികളും) പൊതു- സ്വകാര്യ മേഖലകളിലെ സംഘടിത തൊഴിലാളികളുടെ മിനിമം വേതനവും തൊഴിൽ സുരക്ഷയും നിഷേധിക്കാനുള്ള സാമൂഹ്യ ഘടകമായി വർത്തിക്കുന്നു. സ്ഥിരമായ നിയമനങ്ങൾ നടത്തുന്നില്ല. തസ്തികകൾ കരാർവൽക്കരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്നു. സ്ഥിരമായ ജോലി, പെൻഷൻ അടക്കമുള്ള സാമൂഹ്യ സേവനങ്ങളെ നിഷേധിക്കുന്നു. മോദി സർക്കാർ 4 ലേബർ കോഡുകളിലൂടെ തൊഴിലാളി വർഗത്തെ കടന്നാക്രമിച്ചു. 8 മണിക്കൂർ ജോലിസമയം 12 മണിക്കൂറാക്കി ഉയർത്തി. ട്രേഡ് യൂണിയനുകൾ രൂപീകരിക്കാനുള്ള തൊഴിലാളികളുടെ അവകാശം ഇല്ലാതാക്കി. മിനിമം വേതനം നൽകാനുള്ള ഉത്തരവാദിത്തത്തിൽനിന്നും മുതലാളിമാരെ സ്വതന്ത്രരാക്കി. തൊഴിലാളികളുടെ ശക്തമായ ചെറുത്തു നില്പുമൂലം ലേബർ കോഡുകൾ ഇനിയും സമഗ്രമായി നടപ്പായിട്ടില്ല.

തൊഴിലാളികളുടെ നിലനിൽപ്പിനെ ബാധിക്കുന്ന ദേശീയതലത്തിലെ മുഖ്യ രാഷ്ട്രീയ പ്രശ്നമാണ് നിലവിൽ കാർഷിക പ്രതിസന്ധി. കാർഷിക പ്രതിസന്ധി പരിഹരിക്കേണ്ടത് കർഷകരുടെയും തൊഴിലാളികളുടെയും പൊതുവായ സാമ്പത്തിക–രാഷ്ട്രീയ ആവശ്യമാണ്.

പതിറ്റാണ്ടുകളായി നീളുന്ന കാർഷിക പ്രതിസന്ധിയാണ് കോൺഗ്രസ്സ് നേരിട്ട രാഷ്ട്രീയ തകർച്ചക്ക് പ്രധാന കാരണം. എന്നാൽ കർഷകർക്ക് C2+50% നിരക്കിൽ മിനിമം തറ വില വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ബിജെപി അത് നടപ്പാക്കിയില്ല. മാത്രമല്ല, കർഷകരുടെ ഭൂമിയും കാർഷിക വിപണിയും ആവശ്യ ഭക്ഷ്യ ചരക്കുകളും കോർപ്പറേറ്റുകൾക്ക് കൈമാറാനായി 3 കാർഷിക നിയമങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്തു. കാർഷിക പ്രതിസന്ധി സൃഷ്ടിച്ച നയങ്ങളെ തള്ളിപ്പറയാൻ കോൺഗ്രസ്സും ബിജെപിയും ഇനിയും തയ്യാറല്ല. കർഷകരെ പാപ്പരീകരിക്കുന്ന നയങ്ങൾ തിരുത്താതെ റബ്ബർ മേഖലയിലെ ചെറുകിട കർഷകർക്ക് നിലനിൽക്കാനാവില്ല. ഈ പശ്ചാത്തലത്തിലാണ് തൊഴിലാളി-കർഷക സഖ്യം നയിക്കുന്ന, ബദൽ നയങ്ങൾ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ ധ്രുവീകരണം കേരളത്തിലും രാജ്യത്താകെയും അനിവാര്യമാകുന്നത്.

ലോകത്താകെ ചെറുകിട ഉല്പാദനം 
നേരിടുന്ന പ്രതിസന്ധി
ലോകത്തെങ്ങുമുള്ള ദേശരാഷ്ട്ര വിപണികളിൽ കടന്നുകയറി കർഷകരുടെയും തൊഴിലാളികളുടെയും അദ്ധ്വാനത്തെ ചൂഷണം ചെയ്ത് മൂലധന കേന്ദ്രീകരണം നടത്താൻ മുതലാളിത്ത വർഗം ഉപയോഗിക്കുന്ന പ്രധാന ആയുധം സ്വതന്ത്ര വ്യാപാരമാണ്. തായ്ലൻഡ്, ഇൻഡോനേഷ്യ, വിയറ്റ്നാം, ഇന്ത്യ, ചൈന, ഐവറികോസ്റ്റ് എന്നിവയാണ് പ്രധാന റബ്ബർ ഉല്പാദക രാജ്യങ്ങൾ. ഇന്ത്യയിലെ 98.3% റബ്ബർ കർഷകരും ചെറുകിട ഇടത്തരം കർഷകരാണെന്ന് നാം കണ്ടു. ആസിയാൻ കരാർ നടപ്പായ എല്ലാ രാജ്യങ്ങളിലും ചെറുകിട റബ്ബർ ഉല്പാദകർ പരസ്പരം മത്സരിച്ചു പാപ്പരാകുകയാണ്.

മറുഭാഗത്ത് റബ്ബർ-അടിസ്ഥാന മൂല്യ വർദ്ധിത വ്യാവസായ മേഖലയിലെ വൻകിട മുതലാളിത്ത വർഗം കൊള്ളലാഭമെടുക്കുന്നു. അന്യായലാഭം കയ്യടക്കാനായി സാമ്രാജ്യത്ത കുത്തക മൂലധന കൂട്ടുകെട്ട് റബ്ബർ മേഖലയിൽ വികസിച്ച ഉല്പാദന ശക്തികളെ തകർക്കുന്നു. ഉല്പാദന ശക്തികൾ കൈവരിച്ച വളർച്ചയെ ഉൾക്കൊള്ളാനാകാത്ത മുതലാളിത്ത ഉല്പാദന ബന്ധങ്ങൾ കാൽചങ്ങലകളായി. അത് തകർക്കാൻ റബ്ബർ ഉല്പാദക രാജ്യങ്ങളിലെ കർഷകർക്കും തൊഴിലാളികൾക്കും ഒരുമിച്ചുനിൽക്കാനും വിലപേശാനും സാധിക്കണം. എന്നാലവർ സ്വതന്ത്ര വ്യാപാരത്തിലെ കഴുത്തറപ്പൻ മൽസരത്തിൽ പാപ്പരാകുകയാണ്. ഫലം ലോകത്താകെ ചെറുകിട ഉല്പാദനം കനത്ത നാശം നേരിടുന്നു.

ജനസംഖ്യയിൽ ഭൂരിപക്ഷമായ കർഷകരുടെയും തൊഴിലാളികളുടെയും പാപ്പരീകരണം വികസിത മുതലാളിത്ത രാജ്യങ്ങളെ ദീർഘമായ മാന്ദ്യത്തിലേക്ക് തള്ളിയിട്ടു. ലോക മുതലാളിത്ത രാജ്യങ്ങൾ മൂന്നാം വ്യവസ്ഥാ പ്രതിസന്ധി നേരിടുന്നു. ഈ പശ്ചാത്തലത്തിൽ, നവഉദാരവൽക്കരണം അതിന്റെ അവസാനഘട്ടത്തിലെത്തിയെന്ന നിഗമനത്തിലാണ് മാർക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രഞർ.

ഈ സാഹചര്യത്തിൽ, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ പരാമർശം പ്രസക്തമാണ്- “ബൂർഷ്വാ സമൂഹത്തിലെ ബന്ധങ്ങൾ അവ സൃഷ്ടിച്ചിരിക്കുന്ന സമ്പത്തിനെ ഉൾക്കൊള്ളാൻ കഴിയാത്തവിധം സങ്കുചിതമാണ്. എങ്ങിനെയാണ് ബൂർഷ്വാസി ഈ പ്രതിസന്ധികളിൽ നിന്ന് കരകയറുന്നത്? ഒരു വശത്ത് ഉല്പാദനശക്തികളിൽ വലിയൊരു ഭാഗത്തെ കല്പിച്ചുകൂട്ടി നശിപ്പിച്ചിട്ട്, മറുവശത്ത് പുതിയ കമ്പോളങ്ങൾ വെട്ടിപ്പിടിച്ചിട്ടും പഴയവയെ കൂടുതൽ സമഗ്രമായി ചൂഷണം ചെയ്തിട്ടും; എന്നുവച്ചാൽ, കൂടുതൽ വ്യാപകവും കൂടുതൽ വിനാശകാരിയുമായ പ്രതിസന്ധികൾക്ക് വഴിതെളിച്ചുകൊണ്ടും പ്രതിസന്ധികളെ തടയാനുള്ള മാർഗ്ഗങ്ങൾ അധികമധികം അടച്ചുകൊണ്ടും.”

കേരളത്തിലെ റബ്ബർ മേഖലയിലെ ഉല്പാദനം 2012-–2016 കാലയളവിൽ 45% ഇടിഞ്ഞതായി നാം കണ്ടു. ഉല്പാദക ശക്തികളെ കല്പിച്ചുകൂട്ടി നശിപ്പിക്കുമ്പോൾ തന്നെ, പുതിയ കമ്പോളങ്ങൾ കയ്യടക്കാൻ വടക്ക് കിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിൽ 2 ലക്ഷം ഹെക്ടറിൽ റബ്ബർ കൃഷി വ്യാപിപ്പിക്കാൻ യൂണിയൻ സർക്കാർ ചെലവഴിക്കുന്ന തുകകയ്ക്ക് പുറമെ ഓട്ടോമാറ്റീവ് ടയർ മാനുഫാക്ച്ചേഴ്സ് അസ്സോസിയേഷൻ (ആത്മ) 1000 കോടി രൂപ നീക്കിവെച്ചിരിക്കുന്നു. എന്നാൽ റബ്ബർ കർഷകർക്ക് വിലസ്ഥിരത ഉറപ്പാക്കാനായി ഒരു രൂപ പോലും ചെലവഴിക്കാൻ തയ്യാറല്ല. പകരം പ്രതിസന്ധി നേരിടുന്ന കേരളത്തിലെ കർഷകരെ കൂടുതൽ സമഗ്രമായി ചൂഷണം ചെയ്യാനാണ് തയ്യാറാവുക. കർഷകരെ ഈ സാഹചര്യം ബോധ്യപ്പെടുത്തി തീക്ഷ്ണമായ കോർപ്പറേറ്റ് വിരുദ്ധ വർഗ സമരത്തിന് തയ്യാറെടുപ്പിക്കാൻ തൊഴിലാളിവർഗ പാർട്ടിക്ക് സാധിക്കേണ്ടതുണ്ട്.

ഉല്പാദനത്തിന്റെ 
സാമൂഹ്യവൽക്കരണ പരിഹാരം
കാർഷിക പ്രതിസന്ധി തൊഴിലാളികളെ ബാധിക്കുന്നത് നാം വിലയിരുത്തി. ലോക മുതലാളിത്തം പരിഹരിക്കാനാവാത്ത വിധം പ്രതിസന്ധിയിൽ നിന്നും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ലോക രാജ്യങ്ങളിലാകെയും പ്രാദേശികമായും കടുത്ത സാമ്പത്തിക തകർച്ച രൂപപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ വേണം യൂണിയൻ സർക്കാർ അർഹമായ സാമ്പത്തിക വിഹിതം നിഷേധിക്കുന്നതിനാൽ കേരളം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾ പരിശോധിച്ചു പരിഹാരം മുന്നോട്ടുവെക്കാൻ.

2012-ലെ 7,98,890 ടൺ റബ്ബർ ഉല്പാദനം അടിസ്ഥാനമാക്കി ശരാശരി കിലോയ്ക്ക് 100 രൂപ വിലക്കുറവ് കണക്കാക്കിയാൽ 7,988 കോടി രൂപയുടെ വാർഷിക നഷ്ടമാണ് കർഷകർ നേരിട്ടത്. കഴിഞ്ഞ 10 വർഷത്തിൽ 79880 കോടി രൂപ കുറവ്. 2016 നു ശേഷം KIFBI യിലൂടെ സമാഹരിച്ച തുക 31,508 കോടി രൂപയാണ്. 986 പദ്ധതികൾക്കായി അനുമതി നല്കിയ തുക 73,851 കോടി രൂപയാണ്. ഈ താരതമ്യം റബ്ബർ മേഖലയിൽ മാത്രം സംസ്ഥാന മൊത്ത ആഭ്യന്തര വരുമാനത്തിലുണ്ടായ നഷ്ടത്തിന്റെ ഗൗരവം തുറന്നുകാട്ടുന്നു. റബ്ബർ കൃഷി വിസ്തീർണ്ണം 6,85,860 ഹെക്ടർ എന്നു കണക്കാക്കിയാൽ 10 വർഷത്തിനകം ഒരു ഹെക്ടർ സ്ഥലത്ത് കൃഷിചെയ്യുന്ന കർഷകനുണ്ടായ നഷ്ടം 11.64 ലക്ഷം രൂപയാണ്. ആസിയാൻ കരാർ നടപ്പാക്കിയ യൂണിയൻ സർക്കാർ തന്നെ ഓരോ റബ്ബർ കർഷകനും നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് തലത്തിൽ ഐക്യപ്രക്ഷോഭം ഉയർത്തികൊണ്ടുവരണം.

റബ്ബർ-അധിഷ്ഠിത വ്യവസായങ്ങളുടെ അസംസ്കൃത ചരക്കാണ് സ്വാഭാവിക റബ്ബർ. 60% സ്വാഭാവിക റബ്ബറും ഉപയോഗിക്കുന്നത് ആട്ടോമേറ്റീവ് ടയർ വ്യവസായത്തിലാണ്. സാർവദേശീയ ധനമൂലധന – കുത്തക മൂലധന കൂട്ടുകെട്ട് നിയന്ത്രിക്കുന്ന കാർട്ടലുകൾ ഫ്യൂച്ചർ ട്രേഡിലൂടെ കാർഷികചരക്കിന്റെ വില തകർക്കുന്നു. മൊത്തവിപണിയിലും ഉപഭോക്തൃവിപണിയിലും കാർട്ടലുകൾ മേൽകോയ്മ സ്ഥാപിക്കുന്നു. എംആർഎഫ്, അപ്പോളോ ടയേർസ്, സിയറ്റ്, ജെ കെ ടയേർസ് എന്നീ വിരലിലെണ്ണാവുന്ന കുത്തക കമ്പനികളാണ് ടയർവ്യവസായം നിയന്ത്രിക്കുന്നത്. സംസ്കരണ വ്യവസായങ്ങളിലെ കുത്തക ഉടമസ്ഥതയാണ് അത് സാദ്ധ്യമാക്കുന്നത്.

ആധുനിക ശാസ്ത്ര സാങ്കേതികവിദ്യകളുടെ പിന്തുണയോടെ ഉല്പാദനത്തെയും ഉല്പാദനക്ഷമതയെയും നിരന്തരം നവീകരിച്ചാണ് കൃഷിയിൽ മുതലാളിത്തം വികസിക്കുക. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വിശദീകരിക്കുന്നു;. “ഉല്പാദനോപകരണങ്ങളിലും തദ്വാരാ ഉല്പാദനബന്ധങ്ങളിലും അതോടൊപ്പം സാമൂഹ്യബന്ധങ്ങളിലൊട്ടാകെയും നിരന്തരം വിപ്ലവകരമായ പരിവർത്തനം വരുത്താതെ ബൂർഷ്വാസിക്ക് നിലനിൽക്കാനാവില്ല. നേരേമറിച്ച്, ഇതിനു മുമ്പുണ്ടായിരുന്ന എല്ലാ വ്യാവസായികവർഗ്ഗങ്ങളുടേയും നിലനില്പിന്റെ ആദ്യത്തെ ഉപാധി, പഴയ ഉല്പാദനരീതികളെ യാതൊരു മാറ്റവും കൂടാതെ നിലനിർത്തുകയെന്നതായിരുന്നു. ഉല്പാദനത്തിൽ നിരന്തരം വിപ്ലവകരമായ പരിവർത്തനം, എല്ലാ സാമൂഹ്യബന്ധങ്ങളേയും ഇടതടവില്ലാതെ ഇളക്കിമറിക്കൽ, ശാശ്വതമായ അനിശ്ചിതാവസ്ഥയും പ്രക്ഷോഭവും – ഇതെല്ലാം ബൂർഷ്വാകാലഘട്ടത്തെ എല്ലാ പഴയ കാലഘട്ടങ്ങളിൽ നിന്നും വേർതിരിക്കുന്നു.”

ഫ്യൂഡൽ വ്യവസ്ഥയിലെ വ്യാവസായിക ഉല്പാദനത്തെ മാനിഫെസ്റ്റോ പരാമർശിക്കുന്നു- “ബൂർഷ്വാസി സ്വയം പടുത്തുയർത്തിയത് ഏതൊരടിത്തറയിന്മേലാണോ ആ ഉല്പാദന – വിനിമയോപാധികൾ ഉടലെടുത്തത് ഫ്യൂഡൽ സമൂഹത്തിലാണ്. ഈ ഉല്പാദന – വിനിമയോപാധികളുടെ വികാസം ഒരു പ്രത്യേകഘട്ടത്തിലെത്തിയപ്പോൾ, ഫ്യൂഡലിസത്തിൻകീഴിൽ ഉല്പാദനവും വിനിമയവും നടത്തിയിരുന്ന സാഹചര്യങ്ങൾ, കൃഷിയുടേയും വ്യവസായത്തിന്റേയും ഫ്യൂഡൽ സംഘടന, ചുരുക്കിപ്പറഞ്ഞാൽ ഫ്യൂഡൽ സ്വത്തുടമബന്ധങ്ങൾ, വളർന്നുകഴിഞ്ഞ ഉല്പാദനശക്തികളുമായി പൊരുത്തപ്പെടാത്ത നില വന്നു. അവ ചങ്ങലക്കെട്ടുകളായി മാറി. അവയെ ഭേദിക്കേണ്ടതായി വന്നു. അവ ഭേദിക്കപ്പെടുകയും ചെയ്തു. അവയുടെ സ്ഥാനത്തേയ്ക്ക് സ്വതന്ത്രമത്സരം കടന്നുവന്നു, അതേത്തുടർന്ന് അതിന് അനുയോജ്യമായ ഒരു സാമൂഹ്യ – രാഷ്ട്രീയസംവിധാനവും ബൂർഷ്വാവർഗ്ഗത്തിന്റെ സാമ്പത്തിക – രാഷ്ട്രീയാധിപത്യവും സ്ഥാപിതമായി.”

സമാനമായി, വർത്തമാന കാലത്ത് റബ്ബർ മേഖലയിൽ സ്വതന്ത്ര മൽസരത്തിലൂടെ മുതലാളിത്ത ഉല്പാദന ബന്ധങ്ങൾ ഉല്പാദന ശക്തികളുമായി പൊരുത്തപ്പെടാത്ത സ്ഥിതി രൂപപ്പെട്ടിരിക്കുന്നു. ലോകത്താകെ മുതലാളിത്ത വ്യവസ്ഥ ആഴത്തിലുള്ള വൈരുദ്ധ്യങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു. ഫ്യൂഡൽ വ്യവസ്ഥക്ക് ഉള്ളിൽ മുതലാളിത്ത വർഗം വികസിച്ചു വന്നതിന് സമാനമായി മുതലാളിത്ത സമൂഹത്തിനകത്ത് വികസിച്ച ഉല്പാദന ശക്തികളെ ഉൾകൊള്ളാനുതകുന്നവിധം ഉൽപാദന ബന്ധങ്ങളെ പുന: സംഘടിപ്പിക്കാനുള്ള സാദ്ധ്യതകൾ ആരായാൻ തൊഴിലാളികളും കർഷകരും മുൻകൈ എടുക്കേണ്ടതുണ്ട്.

രാജ്യത്താകെ തൊഴിലാളി – കർഷക സംഘടനകൾ യോജിച്ച കോർപ്പറേറ്റു വിരുദ്ധ പ്രക്ഷോഭങ്ങൾക്കു സന്നദ്ധരാകുകയും കേരളത്തിൽ തൊഴിലാളി വർഗ രാഷ്ട്രീയ പാർട്ടിയായ സിപിഐ എം നേതൃത്വം നല്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി തുടർ ഭരണം കരസ്ഥമാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ വൻ പ്രതിസന്ധി നിലനിൽക്കുന്ന റബ്ബർ മേഖലയിൽ ഉല്പാദന ബന്ധങ്ങളെ പുന : സംഘടിപ്പിക്കാനുള്ള സമരത്തിൽ ചെറുകിട ഉല്പാദകരെയും തൊഴിലാളികളെയും രാഷ്ട്രീയമായി അണിനിരത്തണ്ടത് നിർണ്ണായകമാണ്.

ഈ പ്രക്രിയയിൽ, ആധുനിക വൻകിട സംസ്കരണ വ്യവസായത്തിനുള്ള നേതൃത്വപരമായ പങ്ക് മർമ്മപ്രധാനമാണ്. കർഷകരെയും തൊഴിലാളികളെയും ചൂഷണം ചെയ്യുന്നതിൽ മുതലാളിത്ത വർഗത്തിന് മേൽകൈ ലഭിക്കാൻ കാരണം സംസ്കരണ വ്യവസായത്തിലെ കുത്തക ഉടമസ്ഥതയാണ്. സ്വാഭാവിക റബ്ബറിന് മൂല്യവർദ്ധന വരുത്തുവാനുള്ള ആധുനിക വൻകിട റബ്ബർ സംസ്കരണ വ്യവസായം തൊഴിലാളികളുടെയും കർഷകരുടെയും കൂട്ടായ ഉടമസ്ഥതയിൽ സ്ഥാപിക്കാനായാൽ കാർഷിക ഉൽപന്നം തുച്ഛവിലയ്ക്ക് കോർപ്പറേറ്റുകൾക്കു വിട്ടുകൊടുക്കേണ്ടിവരുന്നത് കർഷകർക്ക് മറികടക്കാം. കോർപ്പറേറ്റുവിരുദ്ധ വർഗസമരത്തിൽ തൊഴിലാളി-കർഷക കൂട്ടായ്മക്ക് നിർണ്ണായക വിജയം നേടാൻ അത് അനിവാര്യമാണ്.

പി സുന്ദരയ്യ മെമ്മോറിയൽ ട്രസ്റ്റും പബ്ലിക് പോളിസി റിസെർച്ച് ഇൻസ്റ്റിറ്റൂട്ടും 2023 സെപ്റ്റംബർ 7,8 നു തിരുവനന്തപുരത്ത് നടത്തിയ റബ്ബർ പ്രതിസന്ധി സംബന്ധിച്ച സെമിനാറിൽ റബ്ബർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട് റിട്ടയേർഡ് ശാസ്ത്രഞ്ജനായ ഡോ . ബെന്നി ജോർജ്ജ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ച് നടത്തിയ പരാമർശം പ്രസക്തമാണ്. 2016-–21 ലെ എൽ ഡി എഫ് സർക്കാർ കാലത്ത് റബ്ബർ കർഷകരെ സഹായിക്കാൻ കേരളത്തിൽ ആധുനിക ആട്ടോമേറ്റീവ് ടയർ ഫാക്ടറി സ്ഥാപിക്കണമെന്ന നിർദ്ദേശം മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. എന്നാൽ അത് പ്രായോഗികമാക്കാൻ തടസ്സങ്ങളുണ്ട് എന്നാണ് വിദഗ്ധർ ഉപദേശിച്ചത്. മുഖ്യമന്ത്രിയുടെ സാമാന്യ ബോധമായിരുന്നു ശരിയെന്നും എത്രയും വേഗം അത് പ്രാവർത്തികമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ, യൂണിയൻ- – സംസ്ഥാന സർക്കാരുകളുമായി കൂട്ടായി വിലപേശാൻ റബ്ബർ കർഷകരും തൊഴിലാളി പ്രസ്ഥാനങ്ങളും മുന്നോട്ടുവരണം.

ചെറുകിട കർഷകരെ സംരക്ഷിക്കണം. എന്നാൽ ചെറുകിട കൃഷി സംരക്ഷിക്കാനാവില്ല. പകരം വൻകിട കൃഷിയിലേക്ക് മുന്നേറണം. സഹകരണ കൃഷി വികസിപ്പിക്കണം. അതിനുണ്ടാകുന്ന കാലതാമസം കർഷകരെ കൂടുതൽ കൂടുതൽ പാപ്പരീകരിക്കും. ഭൂമിയിലെ സ്വകാര്യ ഉടമസ്ഥത നിയമപരമായി സംരക്ഷിച്ചു സഹകരണ കൃഷിയിലൂടെ ഉല്പാദന ബന്ധങ്ങളെ പുന:സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെടണം. വിളയടിസ്ഥാനത്തിൽ കർഷകരെ സംഘടിപ്പിക്കലാണ് അതിനുള്ള മുന്നുപാധി. കോർപ്പറേറ്റ് കാർട്ടലുകൾക്കെതിരെ വിലപേശാനുള്ള ശക്തി ആർജ്ജിക്കാനും, ഉല്പാദകരുടെ കൂട്ടായ ഉടമസ്ഥതയിൽ ആധുനിക വൻകിട റബ്ബർ സംസ്കരണ വ്യവസായ യൂണിറ്റുകൾ സ്ഥാപിക്കാനും, സാമൂഹ്യമായി മൂലധനം സമാഹരിക്കാനും അത് അനിവാര്യമാണ്.

നവ ഉദാരവൽക്കരണ ഘട്ടത്തിന് മുൻപ്, 1986 മുതൽ റബ്ബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റികൾ (ആർ.പി.എസ്) എന്ന സന്നദ്ധ സംഘങ്ങൾ രൂപീകരിച്ച അനുഭവം കേരളത്തിനുണ്ട്. ലോക വിപണിയിലും ആഭ്യന്തര വിപണിയിലും ആവശ്യമുള്ള ബ്ലോക്ക് റബ്ബർ ഉല്പാദനം, സാങ്കേതിക വിദ്യകളുടെ നവീകരണം, ഉല്പാദനക്ഷമത, ഉൽപ്പന്ന മേന്മ എന്നിവയ്ക്ക് ആർപിഎസ് കളുടെ സേവനം ആവശ്യമാണ്. സംസ്കരണം, മൊത്ത വ്യാപാരം, ഉപഭോഗ ശൃംഖല, മൂലധന സമാഹരണം, മിച്ചവിതരണം എന്നി മേഖലകളിൽ സഹകരണ കൺസൊർഷ്യം വികസിപ്പിക്കുന്നതിലൂടെ ഉൽപാദനം സാമൂഹ്യവൽക്കരിക്കാനുള്ള സാദ്ധ്യത കേരളത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ പിൽക്കാലത്ത് – റബ്ബർ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ, അതിനെതിരെ ചെറുകിട ഉല്പാദകരുടെ സമരവേദിയായി വികസിക്കുന്നതിന് പകരം- ആർ പി എസുകൾ നിഷക്രിയമായി. ഇക്കാര്യം കേരളത്തിലെ കർഷക പ്രസ്ഥാനം സ്വയം വിമർശനപരമായി വിലയിരുത്തണം.

ഉല്പാദന- – വിപണന- -– ഉപഭോഗ മേഖലകളിൽ തൊഴിലാളി-കർഷക ഉല്പാദക സംഘങ്ങളും സഹകരണ കണസോർഷ്യവും ആവശ്യപ്പെടണം. ആവശ്യമായ മൂലധന പിന്തുണ യൂണിയൻ സർക്കാരും സംസ്ഥാന സർക്കാരും ലഭ്യമാക്കണം. റബ്ബർ കിലോയ്ക്ക് 300 രൂപ വില ലഭ്യമാക്കാൻ യൂണിയൻ സർക്കാർ 5000 കോടി രൂപയുടെ വില സ്ഥിരതാ നിധി രൂപീകരിക്കൽ, ആട്ടോമേട്ടീവ് ടയർ അടക്കമുള്ള റബ്ബർ അധിഷ്ഠിത വ്യവസായ കോർപ്പറേറ്റുകളുടെ ലാഭത്തിലെ നിശ്ചിത വിഹിതം വില സ്ഥിരതാ നിധിയിലേക്ക് വകയിരുത്തണം. ഈ ദിശയിൽ നിയമ നിർമ്മാണം ആവശ്യപ്പെട്ട് വിപുലമായ കോർപ്പറേറ്റ് വിരുദ്ധ പ്രക്ഷോഭം കെട്ടഴിച്ചുവിടണം.

കേരളത്തിലെ 2 ഹെക്ടറിൽ താഴെ ഭൂമിയുള്ള 12.2 ലക്ഷം കർഷകരെയും, റബ്ബർ വ്യാപാര രംഗത്തുള്ള വ്യാപാരികളെയും, ടാപ്പിങ് തൊഴിലാളികളെയും പ്രക്ഷോഭത്തിൽ ഒരുമിപ്പിക്കണം. ഈ ആവശ്യങ്ങളോട് കോൺഗ്രസ്സ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയും യൂണിയൻ സർക്കാരിനു നേതൃത്വം നൽകുന്ന ബിജെപിയും നയം വ്യക്തമാക്കണമെന്ന് റബ്ബർ കർഷകർ ആവശ്യപ്പെടണം. തെക്കൻ കേരള ജില്ലകളിൽ പ്രത്യേകിച്ചും, റബ്ബർ കൃഷി ചെയ്യുന്ന എല്ലാ ജില്ലകളിലും പൊതുവേയും കർഷകരെയും തൊഴിലാളികളെയും ചെറുകിട വ്യാപാരികളെയും സംരക്ഷിക്കുന്ന ദിശയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയമാറ്റത്തിന് ഈ പ്രക്ഷോഭം വഴിതുറക്കും. നാളികരം, കാപ്പി, നെല്ല് തുടങ്ങി പ്രതിസന്ധി നേരിടുന്ന മറ്റ് വിളകളിലും സമാനമുദ്രാവാക്യങ്ങളിൽ കോർപ്പറേറ്റു വിരിദ്ധ പ്രക്ഷോഭങ്ങൾ അനിവാര്യമാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × one =

Most Popular