Tuesday, April 16, 2024

ad

Homeകവര്‍സ്റ്റോറികർഷകരെ കൊള്ളയടിക്കുന്ന
 ടയർ കുത്തകകളുടെ കാർട്ടൽ

കർഷകരെ കൊള്ളയടിക്കുന്ന
 ടയർ കുത്തകകളുടെ കാർട്ടൽ

നിധീഷ് വില്ലാട്ട്

2017 ജനുവരിയിൽ നടന്ന ‘ഇന്ത്യ റബ്ബർ എക്സ്പോ’ യിൽ പങ്കെടുത്തുകൊണ്ട് എംആർഎഫിന്റെ ചെയർമാനും ടയർ കുത്തക കമ്പനികളുടെ സംഘടനയായ ATMA (ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ) യുടെ അന്നത്തെ അധ്യക്ഷനുമായിരുന്ന കെ എം മാമൻ നടത്തിയ പ്രസംഗം ബിസിനസ് പത്രങ്ങൾ വലിയ പ്രാധാന്യത്തോടെയായിരുന്നു പ്രസിദ്ധീകരിച്ചത്. റബ്ബർ കർഷകരും തൊഴിലാളികളും ടയർ കമ്പനികളും ടയർ ഉപഭോക്താക്കളും പങ്കുവയ്ക്കുന്ന പൊതുനിലനില്പിൽ ഊന്നിക്കൊണ്ട് ടയർ വ്യവസായത്തെ കൂടുതൽ പോഷിപ്പിക്കേണ്ടതിന്റെ ആവശ്യകതയായിരുന്നു നരേന്ദ്ര മോഡി നയിക്കുന്ന യൂണിയൻ സർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയെ പ്രകീർത്തിച്ചുകൊണ്ടുള്ള പ്രസംഗത്തിന്റെ മർമ്മം. പ്രമുഖ ബിസിനസ് പത്രമായ ‘ബിസിനസ്സ് ലൈൻ’ റിപ്പോർട്ട് ചെയ്തത് റബ്ബർ കൃഷിയും റബ്ബർ വ്യവസായവും തമ്മിലുള്ള ബന്ധം സഹജീവി- സ്വഭാവമാർന്നതാണെന്ന് (symbiotic) കെ.എം. മാമൻ പറഞ്ഞു എന്നാണ്.

കെ എം മാമന്റെ പ്രസംഗം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ അദ്ദേഹം പ്രധാനമായും ശ്രമിക്കുന്നത് ടയർ കുത്തക കമ്പനികളുടെയും സ്വാഭാവിക റബ്ബറിന്റെ പ്രാഥമിക ഉത്പാദകരായ കർഷകരുടെയും തൊഴിലാളികളുടേയും ടയർ ഉപഭോക്താക്കളുടേയും വർഗ്ഗ താല്പര്യം ഒന്നാണ് എന്ന് സ്ഥാപിക്കാൻ വേണ്ടിയാണ് എന്നത് വ്യക്തമാണ്. എന്നാൽ എംആർഎഫ്- നയിക്കുന്ന ATMA യിലെ ടയർ കുത്തക കമ്പനികളുടെ ലാഭനഷ്ട കണക്കുകളും റബ്ബർ കർഷകരുടെയും തൊഴിലാളികളുടേയും ഉപഭോക്താക്കളുടെയും ലാഭനഷ്ട കണക്കുകളും പരിശോധിച്ചാൽ എന്താണ് അവസ്ഥ? ഇവർ തമ്മിലുള്ള ബന്ധം യഥാർത്ഥത്തിൽ സഹജീവി-സ്വഭാവമാർന്നതാണോ? സഹജീവി-സ്വഭാവമുള്ള ബന്ധത്തിൽ വർത്തിക്കുന്ന വിവിധ ശക്തികൾക്ക് പരസ്പരം നേട്ടം കിട്ടണം. എന്നാലേ ആ ബന്ധം യഥാർത്ഥത്തിൽ സഹജീവി-സ്വഭാവമുള്ളതായി കണക്കാക്കാനാവൂ. ഈ ബന്ധത്തിൽ പങ്കെടുക്കുന്ന വിവിധ ഘടകങ്ങൾക്ക് അത്തരത്തിൽ പരസ്പരം നേട്ടം ലഭിക്കുന്നുണ്ടോ?

എംആർഎഫിന്റെ ഉദാഹരണം തന്നെ എടുക്കാം. എംആർഎഫിന്റെ വാർഷിക റിപ്പോർട്ട് 2022-–23 പ്രകാരം റബ്ബറിന്റെ പ്രാഥമിക ഉത്പാദകരെ സംബന്ധിച്ച് ശ്രദ്ധേയമായ ഒരു കണക്കുണ്ട്. 2013 സെപ്റ്റംബറിൽ 3645 കോടി രൂപ സമാഹൃത മൂല്യം (net worth) ഉണ്ടായിരുന്ന എംആർഎഫിന്, 2023 മാർച്ച് ആയപ്പോൾ 14509 കോടി രൂപയുടെ സമാഹൃത മൂല്യം ഉണ്ടായി. ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ള മൊത്തം സ്വത്തുവകകളിൽ നിന്ന് ബാധ്യതകൾ കിഴിച്ച ശേഷമുള്ളതാണ് ആ കമ്പനിയുടെ സമാഹൃത മൂല്യം എന്നത്. കോർപ്പറേറ്റ് കമ്പനികളുടെ ആരോഗ്യാവസ്ഥ അളക്കുന്നതിനുള്ള ഒരു പ്രധാന മാനദണ്ഡമാണിത്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് എംആർഎഫിന്റെ സമാഹൃത മൂല്യം നാലിരട്ടിയാണ് കൂടിയത്. മറ്റൊരു പ്രധാന ടയർ കുത്തക കമ്പനിയായ CEAT ന് 2012ൽ –679 കോടി രൂപ ആയിരുന്നു സമാഹൃത മൂല്യം എന്നാൽ 2013 ആകുമ്പോൾ അത് അഞ്ചിരട്ടി കൂടി –3439 കോടി രൂപ ആയി മാറി. Apollo, JK Tyres തുടങ്ങിയ മറ്റ് കുത്തക കമ്പനികൾക്കും സമാനമായ വളർച്ച ഉണ്ടായിട്ടുണ്ട്.

ഇനി നമുക്ക് കർഷകരുടെ കാര്യം പരിശോധിക്കാം. 2022 ഡിസംബർ 2 ലെ ചിന്ത കവർ സ്റ്റോറിയായ ‘റബ്ബറിന്റെ വിലയിടിവ്: സ്വയം പര്യാപ്തതയിൽ നിന്നും സമ്പൂർണ ഇറക്കുമതിയിലേക്ക്’ എന്ന ലേഖനത്തിൽ ഡോ. എസ്. മോഹൻകുമാർ റബ്ബറിന്റെ വിലയിടിവ് പ്രാഥമിക ഉത്പാദകരായ കർഷകരേയും തൊഴിലാളികളേയും ഏതളവിൽ ബാധിക്കുന്നു എന്ന് വിശദീകരിക്കുന്നുണ്ട്. 2011 ൽ ഒരു കിലോ റബ്ബറിന് കർഷകർക്ക് ലഭിച്ചിരുന്നത് ശരാശരി 216 രൂപയായിരുന്നു. അന്ന് ഒരു കിലോ റബ്ബർ വിറ്റ് കിട്ടുന്ന തുക കൊണ്ട് കർഷകർക്ക് 11 കിലോ അരി വാങ്ങാമായിരുന്നു. എന്നാൽ 2022 നവംബർ ആകുന്നതോടെ ഒരു കിലോ റബ്ബറിന് കർഷകർക്ക് ലഭിക്കുന്ന തുക കൊണ്ട് രണ്ടര കിലോ അരി പോലും വാങ്ങാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചേർന്നു. റബ്ബറിന്റെ വിലത്തകർച്ച കാരണം വാങ്ങൽ ശക്തിയിൽ വന്ന അപായകരമായ ഇടിവാണ് ഇത് കാണിക്കുന്നത്.

യൂണിയൻ സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾ കാരണം റബ്ബർകൃഷി തകരുമ്പോൾ കർഷകർ മാത്രമല്ല ടാപ്പിങ് തൊഴിലാളികൾ ഉൾപ്പെടെ റബ്ബർ മേഖലയിൽ ഉള്ള സമസ്ത തൊഴിലാളികളും ചെറുകിട കച്ചവടക്കാരും വലിയ ദുരിതത്തിലേക്ക് പോവുകയാണ്. റബ്ബർ ഗ്രാമങ്ങളിൽ ടാപ്പ് ചെയ്യാൻ പാകമായിട്ടും ടാപ്പ് ചെയ്യാതെ ഇട്ടിരിക്കുന്ന മരങ്ങളും തൊഴിലാളികളുടെ ഈ മേഖലയ്ക്ക് പുറത്തേക്കുള്ള കുടിയേറ്റവും പ്രതിസന്ധിയുടെ ആഴം കാണിക്കുന്നുണ്ട്. പ്രതിസന്ധി കാരണം പൂട്ടിപ്പോയ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (MSMEs) തുടങ്ങിയവ കാണിക്കുന്നത് എംആർഎഫിനെ പോലെയുള്ള ടയർ കുത്തകകൾ ഒഴിച്ച് റബ്ബർ മേഖലയിലെ സമസ്ത ജനവിഭാഗങ്ങളും കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങളുടെ ഇരകളാണ് എന്നാണ്. ടയർ വാങ്ങുന്ന ഉപഭോക്താക്കളും കോർപ്പറേറ്റുകളുടെ കടുത്ത ചൂഷണത്തിന് വിധേയരാകുന്നു. ഉദാഹരണമായി ഡോക്ടർ മോഹൻകുമാറിന്റെ മേൽപ്പറഞ്ഞ ലേഖനത്തിൽ തന്നെ വിശദീകരിക്കുന്ന എംആർഎഫിന്റെ ട്രക്ക് ടയറിന്റെ കാര്യം എടുക്കാം. “റബ്ബറിന് ഉയർന്ന വിലയായ 236 രൂപ ലഭിച്ചിരുന്ന 2011 ഏപ്രിൽ മാസത്തിൽ ടയർ വ്യവസായികൾ പറഞ്ഞിരുന്നത് ടയർ ഉത്പാദന ചെലവിൽ 40 ശതമാനത്തിലേറെ സ്വാഭാവിക റബ്ബറിന്റെ ചെലവ് വരുന്നുണ്ടെന്നാണ്. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഒരു ട്രക്ക് ടയറിൽ 22 മുതൽ 25 കിലോഗ്രാം വരെ സ്വാഭാവിക റബ്ബർ ഉപയോഗിക്കുന്നുണ്ട്. ഇന്ന് ടയർ വ്യവസായികൾ ഒരു കിലോഗ്രാം റബ്ബർ വാങ്ങുന്നത് 136 രൂപക്ക് ആണെന്നു വച്ചാൽ പോലും 2011 ഏപ്രിൽ മാസത്തെ വിലയുമായി തട്ടിച്ചു നോക്കുമ്പോൾ ഒരു ട്രക്ക് ടയറിൽ നിന്നു മാത്രം 2022 നവംബറിൽ ലാഭം 2525 രൂപയാണ്. ഇത് റബറിന്റെ വില കുറഞ്ഞതുകൊണ്ട് മാത്രം ലഭിച്ചതാണ്.…2019ൽ ഒരു ട്രക്ക് ടയറിന്റെ (MRF) വില 19,000 രൂപയായിരുന്നു. 2022 അതേ ടയറിന് 23000 രൂപയാണ്. ഓരോ വർഷവും 10 മുതൽ 15 ശതമാനം വരെ ടയർ ഉത്പന്നങ്ങളുടെ വില കൂടുന്നുണ്ട്.”

ഇതൊക്കെ കാണിക്കുന്നത് എംആർഎഫിന്റെ മുതലാളി പറയുന്നതുപോലെ റബ്ബർ കർഷകരും അനുബന്ധ തൊഴിലാളികളും ചെറുകിട കച്ചവടക്കാരും ടയർ കുത്തകകളും തമ്മിൽ ഒരു സഹജീവി ബന്ധമുണ്ട് എന്നല്ല മറിച്ച് ഇവർ തമ്മിൽ ഉള്ള ബന്ധം പരാന്നഭോജി (parasitic) ബന്ധം ആണ് എന്നാണ്. എംആർഎഫിന്റെ നേതൃത്വത്തിലുള്ള ടയർ കുത്തക ലോബി പരാന്നഭോജിയായ അട്ടയെപ്പോലെ ചോര കുടിയൻ ആണ്. ചോര കുടിയൻ ആയ അട്ട അത് ഒട്ടുന്ന ശരീരത്തിന്റെ രക്തം ഊറ്റികുടിച്ചാണ് ജീവിക്കുന്നത്. പ്രാഥമിക ഉത്പാദകരായ കർഷകരുടെയും തൊഴിലാളികളുടെയും ചെറുകിട കച്ചവടക്കാരുടെയും രക്തം ഊറ്റിക്കുടിച്ചാണ് എംആർഎഫ് ഉൾപ്പെടെയുള്ള ടയർ കുത്തകകൾ തങ്ങളുടെ സമാഹൃത മൂല്യം വർദ്ധിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ റബർ ഉത്പാദന കേന്ദ്രമായ കേരളത്തിലെ അധ്വാനിക്കുന്ന ജനങ്ങളാണ് പരാന്നഭോജിയായ ടയർ കുത്തകകളുടെ ആക്രമണത്തിന്റെ പ്രധാന ഇരകൾ.

ടയർ കുത്തകകൾ രക്തം ഊറ്റിക്കുടിക്കുന്നവരാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആന്റി ട്രസ്റ്റ് വാച്ച് ഡോഗ് ആയ സിസിഐ (കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ) കണ്ടെത്തിയ എംആർഎഫിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഓപ്പറേറ്റ് ചെയ്യുന്ന ടയർ കാർട്ടൽ. കുത്തക ഉത്പാദകർ നിയമവിരുദ്ധമായി ചേർന്ന് ഉത്പന്നവില ഉയർന്ന തലത്തിൽ നിലനിർത്താനും ബൂർഷ്വാ സാമ്പത്തികശാസ്ത്രം ഉറപ്പു നൽകുന്ന മുതലാളിത്തത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായ വിപണി മത്സരം പരിമിതപ്പെടുത്താനും അതുവഴി കമ്പോളത്തെ വഴിപ്പെടുത്തിയെടുക്കാനുമുള്ള സംവിധാനമാണ് ടയർ കാർട്ടൽ.

സ്വതന്ത്ര വിപണി, കോമ്പറ്റീഷൻ / മത്സരം മുതലായ സവിശേഷതകളാണ് മുതലാളിത്തത്തെ വ്യത്യസ്തമാക്കുന്നത്, ഉയർന്ന തലത്തിലുള്ള ഒരു ഉത്പാദന വ്യവസ്ഥ ആക്കുന്നതെന്ന് പറഞ്ഞുകൊണ്ടിരുന്ന ആദം സ്മിത്ത് മുതലായ സാമ്പത്തിക ശാസ്ത്രജ്ഞരിൽ നിന്ന് വ്യത്യസ്തമായി കാറൽ മാർക്സ് ആണ് മുതലാളിത്തത്തിന്റെ സഹജപ്രവണത മുതലാളിത്തത്തിന്റെ സാന്ദ്രീകരണവും കേന്ദ്രീകരണവും (concentration and centralisation) ആണ് എന്ന് 1850 കളിൽ തന്നെ വാദിക്കാൻ തുടങ്ങിയത്. ഇത് തെളിയിക്കുന്ന ഉത്തമ ദൃഷ്ടാന്തമാണ് കാർട്ടലുകൾ.

സിസിഐ രേഖകൾ അനുസരിച്ച്, ഈ വിവാദപരമായ കേസ് 2011–-12 കാലയളവിൽ ടയർ വിലകൾ ഉയർന്ന തലത്തിൽ നിലനിർത്താൻ കൂട്ടുചേർന്ന CEAT, എംആർഎഫ്, അപ്പോളോ ടയേഴ്‌സ്, ജെകെ ടയർ, ബിർള ടയർ എന്നീ പ്രധാന ആഭ്യന്തര ടയർ നിർമ്മാണ കുത്തകകളെ ഉൾക്കൊള്ളുന്ന ഒരു കാർട്ടലിനെക്കുറിച്ചാണ്. ഒരു പ്രത്യേക ഉൽപ്പന്നമോ സേവനമോ നിർമ്മിക്കുന്ന അല്ലെങ്കിൽ വിതരണം ചെയ്യുന്ന ഉത്പാദകരുടെയോ വിതരണക്കാരുടെയോ ഒരു സംഘടനയാണ് കാർട്ടൽ. കാർട്ടലുകൾ സാധാരണയായി കമ്പനികൾ തമ്മിലുള്ള കരാറിലൂടെ രൂപീകരിക്കപ്പെടുന്ന ഉത്പാദനം നിയന്ത്രിക്കുന്നതിനോ വിലകൾ നിർന്ത്രിക്കുന്നതിനോ വേണ്ടി ഉപയോഗിക്കുന്ന മുതലാളിത്ത സംവിധാനമാണ്.

ടയറുകൾ നിർമിക്കുന്നതിനുള്ള മുഖ്യ അസംസ്കൃത വസ്തുവായ സ്വാഭാവിക റബ്ബറിന്റെയടക്കം എല്ലാ അസംസ്‌കൃത വസ്തുക്കളുടെയും ആകെ വില 2012–-13, 2014-–15 വർഷങ്ങളിൽ ഇടിഞ്ഞപ്പോഴും, 2011–-12 കാലഘട്ടത്തിൽ ഉയർത്തിയ ടയർ വിലകൾ നിലനിർത്തുന്നതിനായി മേൽപ്പറഞ്ഞ ടയർ കുത്തകക്കമ്പനികൾ ഒത്തുകളിക്കുകയും തുടർച്ചയായി ടയറിന്റെ ഉയർന്ന വില നിലനിർത്തുന്നതിനായി കാർട്ടലിനെ ഉപയോഗിക്കുകയും അങ്ങനെ കൊള്ളലാഭം കൊയ്യുകയും ചെയ്തു. ഇതാണ് സിസിഐ കണ്ടെത്തിയ പ്രധാന കുറ്റകൃത്യം.

ടയർ നിർമ്മാതാക്കൾ ഇടുന്ന വില ഡിമാൻഡിനനുസരിച്ച് മാറുകയോ വ്യത്യാസപ്പെടുകയോ ചെയ്തില്ല എന്നത് വിപണി ശക്തികളുടെ സ്വതന്ത്ര പ്രവർത്തനം കാർട്ടലുകൾ വഴി തടഞ്ഞതിന്റെ തെളിവാണ് എന്നാണ് സിസിഐ പറയുന്നത്. ഉത്തമമായ മത്സരം (Perfect competition) എന്ന മോഹത്തിൽ കടിച്ചുതൂങ്ങി നിൽക്കുന്ന നവക്ലാസിക്കൽ സാമ്പത്തിക ശാസ്ത്രം ഉത്പാദന ബന്ധങ്ങളെ വിലയിരുത്താൻ പരാജയപ്പെടുന്നതിന്റെ ജീവിച്ചിരിക്കുന്ന തെളിവ് കൂടിയാണ് ഇന്ത്യയിലെ ടയർ കാർട്ടൽ.

2018-ൽ പൂർത്തിയാക്കിയ ഡയറക്ടർ ജനറലിന്റെ (സിസിഐയുടെ അന്വേഷണ വിഭാഗമാണ് DG) അന്വേഷണത്തെ അടിസ്ഥാനമാക്കി, സിസിഐ കണ്ടെത്തിയത് പ്രമുഖ ടയർ കമ്പനികളും അവരുടെ കോർപ്പറേറ്റ് ലോബിയിംഗ് കമ്പനിയായ ATMAയും കോമ്പറ്റീഷൻ നിയമത്തിലെ 3(3) വകുപ്പ് ലംഘിച്ചുകൊണ്ട് കാർട്ടൽ രൂപീകരിക്കുകയും വിവരങ്ങൾ പങ്കിടുകയും ടയർ വിലകൾ നിശ്ചയിക്കുകയും ചെയ്തുവെന്നാണ്.

സ്വാഭാവിക റബ്ബറിന്റെ “വിലയിടിവിൽ” നിന്ന് ടയർ കുത്തകകൾ ഏറെ നേട്ടമുണ്ടാക്കിയതായി സിസിഐ രേഖകൾ വ്യക്തമാക്കുന്നു. കൂടാതെ, കർഷകരുടെ ചെലവിൽ ഉണ്ടാക്കിയ ലാഭം ഉപഭോക്താക്കൾക്ക് കൈമാറിയില്ല എന്നു മാത്രമല്ല ആഭ്യന്തര വിപണിയുടെ 83 ശതമാനത്തിലധികം നിയന്ത്രിക്കുന്ന പ്രമുഖ ടയർ കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. നിയമലംഘനങ്ങൾക്ക് കമ്പനികൾക്കും ATMA-യ്ക്കും 1,788 കോടി രൂപയുടെ പിഴ ചുമത്തി. ഏറ്റവും ഉയർന്ന തുക പിഴയായി അടയ്-ക്കേണ്ടത് എംആർഎഫ് ആണ്. പിഴയുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു,

എംആർഎഫ് ലിമിറ്റഡ് -– 622.09 കോടി
അപ്പോളോ ടയേഴ്‌സ് ലിമിറ്റഡ് – –425.53 കോടി
സിയറ്റ് ലിമിറ്റഡ് -– 252.16 കോടി
ജെകെ ടയർ & ഇൻഡസ്ട്രീസ് ലിമിറ്റഡ് – –309.95 കോടി
ബിർള ടയേഴ്സ് ലിമിറ്റഡ് -–178.33 കോടി
ATMA -–0.084 കോടി

2022 ഫെബ്രുവരിയിൽ സുപ്രീം കോടതിയുടെ അന്തിമ അനുമതി ലഭിച്ചതിന് ശേഷം ഈ വിവരം കമ്പനികളെ അറിയിക്കുകയും ചെയ്തു.

സിസിഐ മുകളിൽ പറഞ്ഞ അഞ്ച് പ്രധാന ടയർ നിർമ്മാണ കോർപ്പറേറ്റ് കമ്പനികൾക്ക് ചുമത്തിയ പിഴയ്ക്ക് തുല്യമായി, 1788 കോടി രൂപ ഒരു ഉത്പാദക സഹകരണ സംഘം രൂപീകരിക്കാനും സഹകരണ ഉടമസ്ഥതയിൽ ലോകോത്തര ടയർ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനും വേണ്ടി റബ്ബർ കർഷകർക്ക് നൽകണമെന്ന് അഖിലേന്ത്യാ കർഷക സംഘം (AIKS) പ്രധാനമന്ത്രിക്ക് കത്തയച്ചു.

എന്നിരുന്നാലും, ടയർ കുത്തകകൾ സിസിഐയുടെ വിധിക്കെതിരെ ദേശീയ കമ്പനി നിയമ അപ്പീലേറ്റ് ട്രൈബ്യൂണലിനെ (NCLAT) സമീപിച്ചു. NCLAT 2022 ഡിസംബറിൽ സിസിഐ വിധി റദ്ദാക്കുകയും, “സംഖ്യാപരവും അബദ്ധത്തിലുള്ളതുമായ പിഴവുകൾ’ പുനഃപരിശോധിക്കാനും, “ആഭ്യന്തര ടയർ വ്യവസായത്തെ രക്ഷിക്കുന്നതിനായി പിഴ പുനഃപരിശോധിക്കാനും” സിസിഐപുതിയ ഉത്തരവ് പാസാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് NCLAT ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിൽ സിസിഐ അപ്പീൽ ഫയൽ ചെയ്തു. ഈ കേസ് നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച രണ്ട് ഔദ്യോഗിക സ്ഥാപനങ്ങൾ പരസ്പര വിരുദ്ധമായ നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് കേസിന്റെ ചരിത്രം വിമർശനാത്മകമായി വിശകലനം ചെയ്യുമ്പോൾ വെളിപ്പെടുന്നത്.

സിസിഐ നിയമത്തെ അടിസ്ഥാനമാക്കി ഒരു വസ്തുനിഷ്ഠമായ നിലപാട് സ്വീകരിച്ചപ്പോൾ, NCLAT യുടെ ഉത്തരവ് കർഷകരും ഉപഭോക്താക്കളുമായ റബ്ബറിന്റെ പ്രാഥമിക ഉത്പാദകരുടെ ചെലവിൽ ഒരേസമയം ഒറ്റയടിക്ക് ലാഭമുണ്ടാക്കുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ താൽപ്പര്യങ്ങളെ പ്രോത്സാഹിക്കാനായി ദേശീയ താത്പര്യത്തെ ബലികഴിച്ചു.

ഒരേ സമയം ഉത്പാദക വർഗ്ഗങ്ങളെ നിഷ്-കരുണം ചൂഷണം ചെയ്യുകയും ഉപഭോക്താക്കളെ പിഴിഞ്ഞൂറ്റുകയും ചെയ്യുക എന്ന നവലിബറൽ സാമ്പത്തിക നയത്തിന്റെ ഈ തനതു സ്വഭാവം പ്രാങ് മൂലധന സമാഹരണത്തെ (primitive accumulation) സേവിക്കുന്നതാണ്.

ആഗോളതലത്തിലെ അന്താരാഷ്ട്ര ഫിനാൻസ് മൂലധന ശക്തികളുടെ പ്രവർത്തനവും വിവിധ അന്താരാഷ്ട്ര കരാറുകളെ ഉപകരണങ്ങളാക്കിക്കൊണ്ട് ഓരോ രാജ്യത്തേയും ആഭ്യന്തര കുത്തക മൂലധന ശക്തികളുടെ വർത്തന മേഖലയുമായുള്ള അവയുടെ അധീശത്വത്തോടെയുള്ള ഉൾച്ചേരലും തമ്മിൽ ഒത്തിണങ്ങി വർത്തിക്കുന്ന പ്രതിഭാസത്തെ നവലിബറൽ സാമ്പത്തിക നയത്തിന്റെ ഈ തനതു സ്വഭാവം ഉദാഹരിക്കുന്നു.

പൊതുവെ കാർട്ടലുകളുടെയും, പ്രത്യേകിച്ച് ടയർ കാർട്ടൽ കേസിന്റെയും കാര്യത്തിൽ മത്സരനിയമ ലംഘനത്തെക്കുറിച്ചുള്ള മുഖ്യധാരാ സമ്പദ്ശാസ്ത്ര, പത്രപ്രവർത്തന വിശകലനങ്ങളുടെ ശ്രദ്ധ അത്തരം നിയമ ലംഘനങ്ങൾ ഉപഭോക്താക്കൾക്ക് ദോഷം വരുത്തുന്നുണ്ടോ എന്നതിൽ ഏകമാത്രമായി കേന്ദ്രീകരിക്കുകയും കർഷകരെയും തോട്ടം തൊഴിലാളികളെയും പോലുള്ള പ്രകൃതിദത്ത റബ്ബറിന്റെ പ്രാഥമിക ഉത്പാദകരെ ബാധിക്കുന്നുണ്ടോ എന്ന കാര്യം വിശകലനത്തിൽ ഒഴിവാക്കുകയും ചെയ്യുന്നു.

ടയർ കാർട്ടലിന്റെ ഒത്തുകളി സ്വഭാവത്തിന്റെ വർഗരാഷ്ട്രീയം മനസ്സിലാക്കാൻ ഈ വ്യവസായത്തിലെ കുത്തകകൾ നടത്തുന്ന മൂലധന സമാഹരണത്തിന്റെ ഗതിപഥം (accumulation strategy)ചരിത്രപരമായി തേടി കണ്ടെത്തണം.

സ്വാഭാവിക റബ്ബർ വാങ്ങുന്ന ടയർ നിർമ്മാതാക്കളായ ബഹുരാഷ്ട്ര കുത്തക കമ്പനികൾ പരസ്പരം മത്സരിക്കുമ്പോഴുണ്ടാക്കുന്ന വിലനിലവാരത്തേക്കാൾ താഴേക്ക് സ്വാഭാവിക റബ്ബറിന്റെ വില കുറയ്ക്കുന്ന കാർട്ടൽ പ്രാഥമിക ഉൽപ്പാദകരെ സാരമായി ബാധിച്ചുവെന്നത് വസ്തുതയാണ്.

“വാങ്ങൽ വിലകൾ അല്ലെങ്കിൽ, വിൽപന വിലകൾ നേരിട്ടോ അല്ലാതെയോ നിർണ്ണയിക്കുന്ന’ ഏതൊരു കരാറും മത്സരത്തിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് കോമ്പറ്റീഷൻ ആക്ടിലെ സെക്ഷൻ 3(3) വ്യക്തമാക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
പ്രാഥമിക ഉത്പാദകരുടേയും ഉപഭോക്താക്കളുടെയും മേലുള്ള ഈ കൊള്ളയ്‌ക്കുപുറമേ, ഈ ടയർ കാർട്ടൽ ധാരാളം ചെറുകിട വ്യാപാരികളുടെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും ഉപജീവനമാർഗവും നശിപ്പിച്ചു.

ടയർ – ട്യൂബ് വ്യവസായം, ഓട്ടോമൊബെൽ വ്യവസായം, അവയുമായി ബന്ധപ്പെട്ടുള്ള ഊഹ വ്യാപാരങ്ങൾ എന്നിവ നടത്തി നേട്ടങ്ങൾ കൊയ്യുന്ന കുത്തക മൂലധന ശക്തികൾ ഒരു വശത്തും മറുവശത്ത് കുത്തകേതര പ്ലാന്റേഷനുകൾ, ധനിക, ഇടത്തരം, ചെറുകിട കർഷകർ, വിദഗ്-ധ ,അവിദഗ്-ധ തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നിവയും തമ്മിലാണ് റബ്ബർ മേഖലയിലെ പ്രമുഖ വൈരുദ്ധ്യം എന്നതാണ് ടയർ കാർട്ടൽ സംസ്ഥാപിക്കുന്നത്.

എംആർഎഫിന്റെ 
നിയമാധിഷ്ഠിത ഭീകരത
24-/06/-2014 ൽ തുടങ്ങിയ സിസിഐയുടെ ടയർ കാർട്ടൽ അന്വേഷണം തകർക്കാൻ എംആർഎഫിന്റെ നേതൃത്വത്തിൽ കുത്തക ബൂർഷ്വാസി നിയമാധിഷ്ഠിത ഭീകരത തന്നെ നടത്തി. ഈ legal offensive പ്രധാനമായും മദ്രാസ് ഹൈക്കോടതിയിൽ റിട്ട് പെറ്റീഷനുകളുടെ രൂപത്തിൽ ആണ് ഉണ്ടായത്. സിസിഐയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥവൃത്തങ്ങളും ലഭ്യമായ രേഖകളും പറയുന്നത് ടയർ കുത്തകകൾ നിയമസംവിധാനത്തെ ദുരുപയോഗം ചെയ്തുകൊണ്ട് സിസിഐയുടെ അന്വേഷണ പ്രക്രിയയെ ഏഴ് വർഷത്തോളം തടഞ്ഞു എന്നാണ്. അന്വേഷണം തുടങ്ങി കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ എംആർഎഫ് മദ്രാസ് ഹൈക്കോടതിയിൽ ഒരു റിട്ട് (W.P. No. 35255 of 2015) പെറ്റീഷൻ ഫയൽ ചെയ്തു.

30/-10-/2015 ന് മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് ടയർ കുത്തകകൾക്ക് അനുകൂലമായി ഒരു ഇടക്കാല ഉത്തരവ് ഇറക്കി. സിസിഐയെ അന്തിമ വിധി പുറപ്പെടുവിക്കുന്നതിൽ നിന്ന് സിസിഐയെ വിലക്കിക്കൊണ്ടുള്ളതായിരുന്നു മദ്രാസ്‌ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാൽ സിസിഐനടത്തിയ നിയമ പോരാട്ടത്തിന്റെ ഭാഗമായി എംആർഎഫിന്റെ മേൽപ്പറഞ്ഞ റിട്ട് പെറ്റിഷൻ 06/-03/-2018ൽ മദ്രാസ് ഹൈക്കോടതിയിലെ സിംഗിൾ ബഞ്ച് തള്ളി. തൊട്ടടുത്ത ദിവസം തന്നെ എംആർഎഫ് മദ്രാസ് ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ചിന്റെ മുൻപാകെ റിട്ട് അപ്പീൽ (W.A. No. 529 of 2015) ഫയൽ ചെയ്തു. ഡിവിഷൻ ബെഞ്ചിൽ നിന്നും എംആർഎഫിനും മറ്റു ടയർ കുത്തകകൾക്കും അനുകൂലമായ ഉത്തരവ് ലഭിക്കുകയുണ്ടായി. സിസിഐക്ക് അന്തിമ വിധി പുറപ്പെടുവിക്കാമെങ്കിലും മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുൻപാകെയുള്ള കേസ് തീർപ്പാകുന്നതുവരെ സിസിഐയുടെ അന്തിമ വിധി മുദ്ര വച്ച കവറിൽ ഭദ്രമായി സൂക്ഷിക്കണം എന്നതായിരുന്നു ഇടക്കാല ഉത്തരവ്. ഇതനുസരിച്ച് സിസിഐഅന്തിമ വിധി 31-/08-/2018ന് എഴുതിയെങ്കിലും ആയത് മുദ്ര വച്ച കവറിൽ ഭദ്രമായി സൂക്ഷിക്കുകയും ചെയ്തു. സിസിഐ തുടർച്ചയായി നടത്തിയ പോരാട്ടത്തിന്റെ ഭാഗമായി ഏകദേശം നാലു വർഷത്തിന് ശേഷം 06-/01/-2022ന് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് എംആർഎഫിന്റെ റിട്ട് അപ്പീൽ (W.A. No. 529 of 2015) തള്ളുകയും സിസിഐക്ക് അന്തിമ വിധിയുമായി മുന്നോട്ട് പോകാൻ അനുവാദം കൊടുക്കുകയും ചെയ്തു. എന്നാൽ എംആർഎഫിന്റെ നേതൃത്വത്തിൽ ടയർ കുത്തക കമ്പനികൾ തങ്ങൾക്ക് എതിരായ, സിസിഐക്ക് അനുകൂലമായ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിന് എതിരായി സുപ്രീംകോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷനുകൾ (SLPകൾ) ഫയൽ ചെയ്തു. എന്നാൽ സുപ്രീംകോടതി ഇത് അനുവദിച്ചില്ല. സുപ്രീംകോടതി 28-/01-/2022ൽ ഈ SLP കൾ തള്ളി. അങ്ങനെ സിസിഐയുടെ ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. അതേ സമയം നിയമം അനുശാസിക്കുന്ന പ്രതിവിധികൾ തേടാൻ ഹർജിക്കാരന് അനുമതി നൽകി. സിസിഐയുടെ ഉത്തരവ് പ്രകാരം വലിയ പിഴ ഒടുക്കേണ്ടി വരും എന്ന് മനസ്സിലാക്കിയ എംആർഎഫും ടയർ കുത്തകകളും സുപ്രീംകോടതി വിധി വഴി സിദ്ധിച്ച നിയമപരമായ പ്രതിവിധി തേടി. അങ്ങനെയാണ് അവർ NCLAT യിലേക്ക് പരാതിയുമായി ചെന്നത്. NCLAT 01-/12/-2022 ന് സിസിഐയുടെ ഉത്തരവിന്റെ സാധുത ചോദ്യം ചെയ്തു കൊണ്ട് ഉത്തരവിറക്കി. NCLAT യുടെ ഈ ഉത്തരവിന് എതിരായി സിസിഐ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

സിസിഐ 
കണ്ടെത്തിയത്

യർ കുത്തകകൾ നടത്തിയ കൃത്രിമം സംബന്ധിച്ച് സിസിഐ കണ്ടെത്തിയ തെളിവുകളിൽ ചിലത്.

എംആർഎഫ് ഉൾപ്പെടെയുള്ള ടയർ കുത്തക കമ്പനികളുടെയും ATMA യുടെയും ഉയർന്ന മാനേജീരിയൽ പ്രൊഫഷണലുകൾ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പുകൾ ഫോണുകൾ എന്നിവ പിടിച്ചെടുത്ത് സിസിഐ നടത്തിയ പരിശോധനയിൽ നിന്നും കാർട്ടൽ ഓപ്പറേറ്റ് ചെയ്തിരുന്നു എന്നതിന് ശ്രദ്ധേയമായ പല തെളിവുകളും കിട്ടിയിട്ടുണ്ട്.

മാനേജ്മെന്റിലെ ഉയർന്ന ഉദ്യോഗസ്ഥർ തമ്മിൽ നടന്ന ഇമെയിൽ സംഭാഷണങ്ങളിൽ സ്വാഭാവിക റബറിന്റെ വിലയിൽ 2010-–11 കാലഘട്ടത്തിൽ ഉണ്ടായ വർധനവ് കുത്തക കമ്പനികളുടെ ഓപ്പറേറ്റിങ് മാർജിനിൽ ഉണ്ടാക്കുന്ന ക്ഷതങ്ങളെ സംബന്ധിച്ച് ആശങ്കയും പരിഭ്രാന്തിയും പ്രകടിപ്പിച്ചിരുന്നു എന്ന് വ്യക്തമാണ്.

ഇത് മത്സരാധിഷ്ഠിത നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് കമ്പനികൾ ATMA യുടെ ഒത്താശയോടെ ചെലവ്, വില, ലാഭസാധ്യത എന്നിവയെ സംബന്ധിച്ചുള്ള വാണിജ്യപരമായി നിർണായകമായ വിവരം പങ്കു വക്കുന്നതിലേക്ക് നയിച്ചു. ഉദാഹരണമായി 18/05/-2011ൽ ATMA യുടെ ഉയർന്ന ഉദ്യോഗസ്ഥനായ രാജീവ് ബുദ്ധരാജ അപ്പോളോ ടയറിന്റെ മാനേജിങ് ഡയറക്ടറും ATMA യുടെ അന്നത്തെ ചെയർമാനുമായ നീരജ് കൻവറുമായി നടത്തിയ ഇമെയിൽ സംഭാഷണം. ഈ ഇമെയിൽ സംഭാഷണത്തിൽ എംആർഎഫിന്റെ അന്നത്തെ ഉയർന്ന മാനേജീരിയൽ എക്സിക്യൂട്ടീവ് ആയിരുന്ന കോശി വർഗീസുമായി നടത്തിയ സംഭാഷണത്തെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ടയർ കമ്പനികൾ ഉയർന്ന ലാഭസാധ്യത നിലനിർത്താൻ 10-–11% വരെ വില കൂട്ടണം എന്ന അഭിപ്രായക്കാരനായിരുന്നു കോശി വർഗീസ്. ഇവർ മൂന്ന് പേരും തമ്മിലുള്ള ഇമെയിൽ സംഭാഷണങ്ങൾ ലാഭസാധ്യത, ഓപ്പറേറ്റിങ് മാർജിൻ എന്നിവയിലെ കുത്തക കമ്പനികളുടെ നിയമവിരുദ്ധമായ ഒത്തുകളിയിലേക്കുള്ള സൂചന തരുന്നു.

2011 മാർച്ച് മുതൽ 2014 ഫെബ്രുവരി വരെ കാർട്ടലിലെ ടയർ കുത്തകകളുടെ ഉത്പന്നങ്ങളുടെ കേവല വിലകൾ ഒരേ പാറ്റേണിൽ തുടർന്നു. ടയർ കുത്തകകളുടെ ഉത്പന്നങ്ങളുടെ വിലകൾ വിപണിയിലെ ഡിമാൻഡ് അനുസരിച്ച് ഉയരുകയോ താഴുകയോ ചെയ്തിട്ടില്ല.

കാർട്ടലിനെ ആയുധമാക്കിക്കൊണ്ട് ടയർ മനുഫാക്ച്ചറിങ് രംഗത്തെ കുത്തക ടയർ കമ്പനികൾ റബ്ബറിന്റെ ഉത്പാദനത്തിന്റെ അടിസ്ഥാന ശ്രേണിയിൽ നിൽക്കുന്ന കർഷകർ, ടാപ്പിങ് തൊഴിലാളികൾ തുടങ്ങിയ ഉത്പാദക വർഗത്തെ നിഷ്ഠുരമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന വ്യവസ്ഥയുടെ പരിച്ഛേദമാണ് സിസിഐ പുറത്തു കൊണ്ടുവന്നത്. ഇതിനോടൊപ്പം വിപണിയിലെ ഏറ്റക്കുറച്ചിലുകൾ തീരെ പരിഗണിക്കാതെ ടയർ ഉത്പന്നങ്ങളുടെ വില കൃത്രിമമായി ഉയർത്തി നിർത്തിക്കൊണ്ട് കൊള്ളലാഭം കൊയ്‌ത് ഈ കുത്തകകൾ എല്ലാ വിഭാഗം ഉപഭോക്താക്കളേയും ഭീമമായി ചൂഷണം ചെയ്യുകയാണ് ഉണ്ടായത്. സിസിഐ പോലെ അധികാരങ്ങൾ കയ്യിലുള്ള കേന്ദ്ര സർക്കാരിന്റെ ഏജൻസിയെ വരെ വെല്ലുവിളിക്കാനും കൃത്രിമ വ്യവഹാരങ്ങളിൽ കുടുക്കാനും കുത്തകകളുടെ കാർട്ടലിന് കഴിയും എന്നു കൂടി തെളിയിക്കപ്പെട്ടു. നിയമയുദ്ധത്തിന് പുറമെ രാഷ്ട്രീയവും സാമൂഹികവും ആയ ചെറുത്തുനിൽപ്പിലൂടെ ഈ വന്യമായ ചൂഷണത്തിന് എതിരെ പൊരുതുകയും സാമൂഹ്യമായ ഉത്പാദക രൂപങ്ങളിലൂടെ ഉത്പാദക സഹകരണ സംഘങ്ങൾ, പൊതുമേഖലാ വ്യവസായങ്ങൾ, സർക്കാർ സംവിധാനം എന്നിവയെല്ലാം ഒത്തിണക്കി ഉപയോഗിച്ചു കൊണ്ട് ഒരു പ്രയോഗികമായ ബദൽ സംവിധാനം ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ട്. അതേസമയം, ഉടനടി ഈ കുത്തകകളെ മതിയായ രീതിയിൽ മാതൃകാപരമായി ശിക്ഷിച്ചു കൊണ്ട് പിഴയായി ഈടാക്കുന്ന തുക നിലവിലെ ഇടത്തരം ചെറുകിട റബ്ബർ കർഷകർക്കും തൊഴിലാളികൾക്കും ക്ഷേമകരമായ രീതിയിൽ വിനിയോഗിക്കേണ്ടത് അടിയന്തര ആശ്വാസം നടപ്പാക്കുന്നതിന്റെ പ്രശ്നം മാത്രമല്ല കുറഞ്ഞ പക്ഷ നീതി നടപ്പാക്കേണ്ടതിന്റെ കൂടി അവശ്യമായ ഘടകമാണ്. റബ്ബർ എന്ന നാണ്യവിളയുടെ ഭാവിയും അത് ആശ്രയിച്ചു ജീവിക്കുന്ന ജനലക്ഷങ്ങളുടെ ജീവസന്ധാരണവും ഇല്ലായ്മ ചെയ്യാൻ കുത്തക മുതലാളിത്തത്തിന്റെ യാതൊരു തരത്തിലുള്ള കൂട്ടുകെട്ടുകളെയും അനുവദിക്കാൻ പാടില്ല. അതനുവദിക്കുകയാണെങ്കിൽ, അത് കേരളത്തിന്റെ നിലനിൽപ്പിന് അപായകരവും അപമാനകരവുമായ പരാജയമാണ് സമ്മാനിക്കുക. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 4 =

Most Popular