Sunday, November 24, 2024

ad

Homeകവര്‍സ്റ്റോറിഉൽപാദകരുടെ ശക്തി സമാഹരിക്കണം ടയർ കുത്തകകളെ നിയന്ത്രിക്കണം

ഉൽപാദകരുടെ ശക്തി സമാഹരിക്കണം ടയർ കുത്തകകളെ നിയന്ത്രിക്കണം

പ്രൊഫ. കെ എൻ ഹരിലാൽ

കൃഷിയെയും കൃഷിക്കാരെയും സംരക്ഷിക്കാൻ എന്തു ചെയ്യണം എന്ന ചോദ്യം ആവർത്തിച്ച് ഉന്നയിക്കപ്പെടുകയാണ്. ഏതാണ്ട് എല്ലാ വിളകളുടെയും പ്രദേശങ്ങളുടെയും കാര്യത്തിൽ ഈ ചോദ്യം ഉന്നയിക്കപ്പെടുന്നുണ്ട്. കാർഷികരംഗം വിളഭേദമോ, പ്രദേശഭേദമോ ഇല്ലാതെ ഏറിയും കുറഞ്ഞുമുള്ള തകർച്ചയെ നേരിടുന്നു എന്നതാണ് മേൽപറഞ്ഞ ചോദ്യത്തിനു സാർവത്രിക സ്വഭാവം കെെവരാൻ കാരണം. എന്നിരുന്നാലും ഈ ലേഖനത്തിൽ റബ്ബർ കൃഷി നേരിടുന്ന പ്രതിസന്ധിയാണ് പ്രധാനമായും പരിശോധിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് റബ്ബർ കൃഷി നേരിടുന്നത്. വൻകിട പ്ലാന്റേഷനുകൾ റബ്ബർ ഉൽപാദനം നിയന്ത്രിച്ചിരുന്ന കാലം കഴിഞ്ഞു. അസംഘടിതരും അണുവൽക്കരിക്കപ്പെട്ടവരുമായ ചെറുകിട നാമമാത്ര കൃഷിക്കാരാണ് ഇപ്പോൾ റബ്ബർ കൃഷിയിൽ പ്രധാനമായും ഉള്ളത്. രണ്ടു ഹെക്ടറിൽ താഴെ കൃഷി ചെയ്യുന്നവരുടെ പങ്ക് മൊത്തം കൃഷിസ്ഥലത്തിന്റെ 90 ശതമാനത്തോളമുണ്ട്. റബ്ബർ കൃഷിക്കാർക്ക് റബ്ബർ വിലകളെ നിശ്ചയിക്കാനോ സ്വാധീനിക്കാനോ ഉള്ള കഴിവില്ല. കമ്പോളം നിശ്ചയിക്കുന്ന വില സ്വീകരിക്കുന്നതിനപ്പുറം എന്തെങ്കിലും ചെയ്യാനുള്ള കമ്പോളശക്തി (market power) അവർക്കില്ല. കൃഷിക്കാർ കമ്പോളം നിശ്ചയിക്കുന്ന വില സ്വീകരിക്കുന്നവരാണ് (price takers); വില തീരുമാനിക്കുന്നവരല്ല (price makers) എന്നു സാങ്കേതിക ഭാഷയിൽ പറയും. പ്രാഥമിക ഉൽപാദകരായ കൃഷിക്കാരല്ലെങ്കിൽ പിന്നെ വില നിശ്ചയിക്കുന്നത് ആരാണെന്ന ചോദ്യം ബാക്കിയാവുന്നു. കമ്പോളമാണ്, അഥവാ കമ്പോള ശക്തികളുടെ ‘അദൃശ്യ’ കരങ്ങളാണ് എന്ന ഉത്തരമാണ് യാഥാസ്ഥിതിക സാമ്പത്തിക ശാസ്ത്രം പൊതുവെ നൽകുക. എന്നാൽ കമ്പോളത്തിന്റെ അദൃശ്യകരങ്ങൾക്കു പിറകിൽ പ്രവർത്തിക്കുന്നത് സ്വാഭാവിക റബ്ബറിന്റെ ഉപഭോക്താക്കളായ ടയർ കുത്തക ഭീമന്മാരാണ് എന്നു വ്യക്തമാവാൻ ഏറെ ആയാസപ്പെടേണ്ടതില്ല. വിരലിലെണ്ണാവുന്ന ടയർ കുത്തകകളാണ് സ്വാഭാവിക റബ്ബറിന്റെ മുഖ്യ ഉപഭോക്താക്കൾ. ടയർ കമ്പനികളുടെ കാർട്ടലുകളാണ് വില നിശ്ചയിക്കുന്നത്. വില ഇടിയ്ക്കാനും വേണമെങ്കിൽ നിയന്ത്രിതമായി ഉയർത്താനുമുള്ള ശേഷി ടയർ കാർട്ടലുകൾക്കുണ്ട്. ടയർ കമ്പനികൾ സംഘടിതരാണ്. അവർക്കു ഭരണകൂടത്തിന്റെയും അന്താരാഷ്ട്ര കരാറുകളുടെയും സ്ഥാപനങ്ങളുടെയും വൻകിട മാധ്യമ സ്ഥാപനങ്ങളുടെയും കലവറയില്ലാത്ത പിന്തുണയുണ്ട്. സ്വാഭാവിക റബ്ബറിന്റെ വില നിരവധി വർഷങ്ങളായി തുടർച്ചയായി ഇടിയുകയും കൃഷിക്കാരും തൊഴിലാളികളും കുത്തുപാളയെടുക്കുകയും ചെയ്യുമ്പോൾ ടയർ കമ്പനികൾ റിക്കാർഡ് ലാഭം തുടർച്ചയായി നേടുകയും തടിച്ചുകൊഴുക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലം ‘സ്വതന്ത്ര’ കമ്പോളത്തിന്റെ മറവിൽ നടക്കുന്ന ഈ വഞ്ചനയാണ്. ലക്ഷക്കണക്കായ കൃഷിക്കാരേയും തൊഴിലാളികളെയും രക്ഷിയ്ക്കാൻ കുത്തകകളുടെ നിയന്ത്രണത്തിൽ നിന്നും സ്വാഭാവിക റബ്ബറിന്റെ വിപണിയെ മോചിപ്പിക്കാതെ നിവൃത്തിയില്ല. അതിനു കൃഷിക്കാർ സംഘടിക്കുകയും അവർക്കു പിന്തുണ നൽകാൻ റബ്ബർ ഉൽപാദക രാജ്യങ്ങളിലെ സർക്കാരുകളെ നിർബന്ധിക്കുകയും വേണം. ബഹുരാഷ്ട്ര സ്വതന്ത്ര വ്യാപാര കരാറുകളിലും സ്ഥാപനങ്ങളിലും തദനുസരണമായ മാറ്റങ്ങൾ കൊണ്ടുവരാനും പരിശ്രമിക്കണം. അങ്ങനെയൊരു മാറ്റം സാധ്യമാണോ എന്ന ആശങ്ക സംഗതമാണ്. ഉൽപാദകർ എന്ന നിലയ്ക്കുള്ള കൃഷിക്കാരുടെ ശക്തി സമാഹരിക്കാനും കേന്ദ്രീകരിക്കാനും കഴിഞ്ഞാൽ അൽഭുതകരമായ മാറ്റം സൃഷ്ടിക്കാനാവും എന്നു ഉറപ്പിച്ചു പറയാൻ കഴിയും. ഒറ്റയ്ക്കൊറ്റയ്ക്കെടുത്താൽ കൃഷിക്കാർ ദുർബലരാണ്. പക്ഷേ, റബ്ബർ കൃഷിക്കാർ ഒന്നിച്ചാലോ? സ്വാഭാവിക റബ്ബർ മുഴുവൻ ഉൽപാദിപ്പിക്കുന്നത് അവരാണ്. അവരുടെ സഹകരണമില്ലെങ്കിൽ ടയർ കമ്പനികളും അവരുടെ കൊള്ളലാഭവും പ്രതിസന്ധിയിലാവും. കൃഷിക്കാരുടെ ഐക്യവും വിലപേശൽ ശേഷിയും വളർത്താൻ പൊതുസമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രതിബദ്ധതയുള്ള മാധ്യമങ്ങളും സർക്കാരുകളും തയാറായാൽ വലിയ മാറ്റത്തിനു തുടക്കമാവും എന്ന കാര്യം തീർച്ചയാണ്. വൻകിട ടയർ കമ്പനികളെ ഒരു ചർച്ചയ്ക്കു നിർബന്ധിക്കാൻ കഴിഞ്ഞാൽ തന്നെ ഇന്നത്തെ സ്ഥിതിയിൽ അത് വലിയ നേട്ടമാകും. യഥാർത്ഥത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ റബ്ബർ കൃഷിയുടെ തകർച്ചയും നാശവും റബ്ബറധിഷ്ഠിത വ്യവസായങ്ങൾക്കു ഗുണകരമല്ല. പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലുന്ന സമീപനത്തിൽനിന്നും വൻകിട വ്യവസായ ഉടമസ്ഥരെ പിന്തിരിപ്പിക്കാൻ സമൂഹത്തിനു പൊതുവായ ഉത്തരവാദിത്വമുണ്ട്.

ഭരണകൂടത്തിന്റെയും 
പൊതുസമൂഹത്തിന്റെയും
ഉത്തരവാദിത്വം
ഈ ലേഖനത്തിന്റെ തുടക്കത്തിൽ ഉന്നയിച്ച കൃഷിയെയും കൃഷിക്കാരെയും രക്ഷിയ്ക്കാൻ എന്തുവേണം എന്ന ചോദ്യത്തിനു മറുപടിയായി ഉൽപാദനച്ചെലവു കുറച്ചും ഉൽപാദനക്ഷമതയും ഉൽപാദനവും വർധിപ്പിച്ചും ഉയർന്ന വരുമാനം നേടുക എന്ന ആഹ്വാനമായിരിക്കും ഏറെ വിദഗ്ദ്ധരും നടത്തുക. ഉൽപാദനച്ചെലവ് കുറയ്ക്കാനും ഉൽപാദനവും ഉൽപാദനക്ഷമതയും ഉയർത്താനും കൃഷിക്കാർ പരിശ്രമിയ്ക്കണം എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ഉൽപാദനക്ഷമത ഉയർത്തിയതുകൊണ്ടുമാത്രം ആയില്ല എന്നു തെളിയിക്കാൻ സ്വാഭാവിക റബ്ബറിന്റെ ഉദാഹരണം ധാരാളം മതി. റബ്ബറിന്റെ ഉൽപാദനക്ഷമതയിൽ കേരളം ആരുടെയും പിന്നിലായിരുന്നില്ല. ഉയർന്ന ഉൽപാദനക്ഷമത ഉണ്ടായിരുന്നിട്ടും കേരളത്തിലെ റബ്ബർ മേഖല ഏറെക്കാലമായി പ്രതിസന്ധി നേരിടുകയാണല്ലോ? ഉയർന്ന ഉൽപാദനക്ഷമത കെെവരിക്കാൻ കഴിഞ്ഞാലും കഠിനാധ്വാനം ചെയ്താലും കൃഷിക്കാരുടെ നിയന്ത്രണത്തിനതീതമായ ഒട്ടേറെ ഘടകങ്ങൾമൂലം കാർഷികരംഗത്ത് പ്രതിസന്ധി ഉണ്ടാവാം. കൃഷി പുരോഗമിക്കുന്നു എന്നു ഉറപ്പാക്കാൻ കൃഷിക്കാർ മാത്രം വിചാരിച്ചാൽ കഴിയില്ല. കൃഷിയുടെ കാര്യം സ്വതന്ത്ര വിപണി നോക്കിക്കോളും എന്നു വിചാരിച്ചാലും കഴിയില്ല. കാർഷികരംഗത്ത് അഭിവൃദ്ധിയുണ്ടാവാൻ പൊതുസമൂഹവും ഭരണകൂടവും നിർവഹിക്കേണ്ട പല നിർണായക ഉത്തരവാദിത്വങ്ങളുമുണ്ട്.

കാർഷികരംഗം നേരിടുന്ന അനിശ്ചിതത്വങ്ങൾ കാലം കഴിയുന്തോറും വർധിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തങ്ങൾ, കീടബാധയും കൃഷിനാശവും, വിലത്തകർച്ച തുടങ്ങിയവയൊക്കെ സംഭവിക്കുന്നത് സാധാരണമായിരിക്കുന്നു. അത്തരം അനിശ്ചിതത്വങ്ങൾ ചെറുകിട നാമമാത്ര കൃഷിക്കാർക്കു ഒറ്റയ്ക്കു താങ്ങാനാവില്ല. കൃഷി നിലനിൽക്കണമെങ്കിൽ അനിശ്ചിതത്വങ്ങളുടെ ഭാരത്തെ അഥവാ നഷ്ടത്തെ സാമൂഹ്യവൽക്കരിക്കേണ്ടതുണ്ട്. സർക്കാർ സഹായത്തോടെ നടപ്പാക്കുന്ന കുറ്റമറ്റ ഇൻഷുറൻസ് സമ്പ്രദായം ഇതിനൊരു മാർഗമാണ്. എന്നാൽ വിള ഇൻഷുറൻസ് ഇന്നു സ്വകാര്യ ഇൻഷുറൻസുകൾക്കു വലിയ കൊള്ള നടത്താനുള്ള അവസരമായി മാറിയിരിക്കുകയാണ്. ഈ രംഗത്ത് ഭരണകൂടത്തിനുള്ള ഉത്തരവാദിത്വം പ്രത്യേകിച്ചു എടുത്തുപറയേണ്ടതില്ല.

കാർഷികരംഗത്ത് ഉൽപാദനക്ഷമത ഉയർത്തുന്നതിനാവശ്യമായ ഗവേഷണവും പഠനങ്ങളും വിജ്ഞാനവ്യാപന പ്രവർത്തനവും ഏറ്റെടുക്കാൻ ചെറുകിട നാമമാത്ര കൃഷിക്കാർക്കു പാങ്ങില്ല. അതിനു സർക്കാരുകളും സർവകലാശാലകളും പൊതു ഗവേഷണകേന്ദ്രങ്ങളും മുൻകെെ എടുത്തേ മതിയാവൂ. സർക്കാർ സ്വയം ചെലവു ചുരുക്കി പിൻവാങ്ങാനാണ് ഒരുമ്പെടുന്നതെങ്കിൽ ഉൽപാദനശക്തികളുടെ വളർച്ച ഏട്ടിലെ പശുവായി തുടരുകയേ ഉള്ളൂ.

കൃഷി എന്നത് ഓരോരുത്തരും വ്യക്തിപരമായും ഒറ്റപ്പെട്ടും ചെയ്യാവുന്ന കാര്യമല്ല. ജലസേചനത്തിനും ജലനിർഗമനത്തിനും വന്യമൃഗങ്ങളിൽനിന്നുള്ള സംരക്ഷണത്തിനും ഗതാഗത – വാർത്താവിനിമയ സൗകര്യങ്ങൾക്കും, സംഭരണശാലകൾ നിർമിക്കാനും നടത്താനുമൊക്കെ സമൂഹത്തിന്റെ കൂട്ടായ ഇടപെടൽ ആവശ്യമാണ്. പൊതുനിക്ഷേപത്തിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ഭരണകൂടം ചെറുതായി പിൻവാങ്ങുകയും കാര്യങ്ങളെല്ലാം വിപണിയ്ക്കു വിട്ടുകൊടുക്കുകയും ചെയ്യണം എന്ന നിയോ ലിബറൽ പ്രത്യയശാസ്ത്രത്തിന്റെ പാപ്പരത്വമാണ് ഇവിടെയും വ്യക്തമാവുന്നത്.

വിലകളുടെ ഘടനയും 
കൃഷിയുടെ നിലനിൽപ്പും
ഉയർന്ന ഉൽപ്പാദനക്ഷമത, വളരുന്ന ഉത്പാദനം, വിള ഇൻഷുറൻസ്, മികച്ച പശ്ചാത്തല സൗകര്യങ്ങൾ, ഗവേഷണത്തിനും അറിവുകളുടെ വ്യാപനത്തിനുമുള്ള പിന്തുണ എന്നിവയൊക്കെ ഉറപ്പാക്കിയാലും കൃഷിയും കൃഷിക്കാരും രക്ഷപ്പെട്ടുകൊള്ളും എന്നു സമാധാനിക്കാവില്ല. വിലകൾ കൃഷിക്കാർക്കും കൃഷിയ്ക്കും എതിരെ തിരിഞ്ഞാൽ ബാക്കി എന്തുണ്ടായിട്ടും കാര്യമില്ല. വിലകളിൽ അമിതമായ കയറ്റിറക്കങ്ങളുണ്ടായാൽ ചെറുകിട കൃഷിക്കാർ തകർന്നുപോകും. വിലകളുടെ അനുപാതം കാർഷികോൽപ്പന്നങ്ങൾക്കു എതിരെ തുടർച്ചയായി നീങ്ങിക്കൊണ്ടിരുന്നാൽ അതും കൃഷിയ്ക്ക് വിനയാവും. നിർഭാഗ്യവശാൽ വിലകളിലെ ചാഞ്ചാട്ടവും ദീർഘകാല ഇടിവും കൃഷിക്കാർ പൊതുവെ നേരിടുന്ന പ്രശ്നങ്ങളാണ്. 1990കളിൽ നവഉദാരവൽകരണനയങ്ങൾ നടപ്പിലാക്കിയതിനുശേഷം കാർഷിക വിലകളിലെ ചാഞ്ചാട്ടവും ദീർഘകാല ഇടിവും രൂക്ഷമായി.

വിലകളുടെ പരിശോധനയും വിമർശനവും ഒഴിവാക്കാനാണ് യാഥാസ്ഥിതിക സാമ്പത്തികശാസ്ത്രവും കമ്പോള മൗലികവാദികളും സാധാരണ ശ്രമിക്കുക. കമ്പോളത്തെയും വിലകളെയും വിശുദ്ധപശുക്കളായാണ് അവർ അവതരിപ്പിക്കുക. സ്വതന്ത്രവിപണിയെയും കമ്പോളമത്സരത്തെയും തടസ്സപ്പെടുത്തുന്ന എന്തു ചർച്ചയെയും, നടപടിയെയും മഹാപാപമായാണ് അവർ ചിത്രീകരിക്കുക. കമ്പോളം മുതലാളിത്ത ചൂഷണത്തിന്റെ മറയാണ് എന്നു സ്ഥാപിച്ചത് മാർക്സും പിന്തുടർന്നു വന്ന അർഥശാസ്ത്രകാരരുമാണ്. കമ്പോളവും വിലകളും ദെെവദത്തമോ, പ്രകൃതിദത്തമോ, വിമർശനാതീതമോ അല്ല. അവ സാമൂഹ്യനിർമിതികളാണ്; വിമർശനത്തിനും തിരുത്തലിനും സർവഥാ യോഗ്യവുമാണ്. പക്ഷേ, കമ്പോളത്തെയും മത്സരത്തെയും പറ്റിയുള്ള സാമൂഹ്യ ആഖ്യാനങ്ങൾ പലപ്പോഴും ശുദ്ധാത്മാക്കളുടെ കാഴ്ചയെ മറയ്ക്കാറുണ്ട് എന്നതാണ് വസ്തുത.

കമ്പോളത്തെയും വിലകളെയും നിർമിക്കുന്നത് സമൂഹമാണെന്നും, അവയെ സമൂഹത്തിന്റെ പൊതുനന്മയ്ക്കുവേണ്ടി നിയന്ത്രിക്കാൻ കഴിയും എന്നും തെളിയിക്കാൻ റബ്ബറിന്റെ ചരിത്രംതന്നെ ധാരാളമാണ്. സ്വാതന്ത്ര്യത്തിനുശേഷം നവഉദാരവത്ക്കരണ നയങ്ങളുടെ ആരംഭം വരെയുള്ള റബ്ബറിന്റെ ചരിത്രത്തെക്കുറിച്ചാണ് ഇവിടെ സൂചന. ഇറക്കുമതി ബദൽ വികസനതന്ത്രം വിജയകരമായി നടപ്പിലാക്കിയതിന്റെ ഉദാഹരണമാണ് അക്കാലത്തെ ഇന്ത്യൻ റബ്ബർ മേഖലയുടെ ചരിത്രം. കേന്ദ്ര സർക്കാരും റബ്ബർ ബോർഡും റബ്ബർ കൃഷിയുടെ വ്യാപനത്തിനുവേണ്ടി ശക്തമായി കമ്പോളത്തിൽ ഇടപെട്ടു. കൃഷി വ്യാപിപ്പിക്കാൻ കർഷകർക്കു പുതുകൃഷിയ്ക്കും ആവർത്തനകൃഷിയ്ക്കും സബ്സിഡി നൽകി. ആധുനിക കൃഷി സമ്പ്രദായങ്ങൾ വികസിപ്പിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. കൃഷിക്കാർക്ക് അവർ ഉത്പാദിപ്പിക്കുന്ന റബ്ബറിനു ന്യായമായ വില ലഭിക്കുന്നു എന്ന് ഉറപ്പാക്കി. ആഭ്യന്തര വിപണിയിലും സാർവദേശീയ വിപണിയിലും ഇടപെട്ടു. കുറഞ്ഞ വിലയ്ക്ക് വിദേശത്തുനിന്നും റബ്ബർ ഇറക്കുമതി ചെയ്ത് വിലയിടിക്കാനുള്ള ടയർ കമ്പനികളുടെ ശ്രമത്തിനു തടയിട്ടു. സർക്കാർ ഏജൻസികൾ മുഖേനയും അന്തർദേശീയ റബ്ബർ ഉടമ്പടി മുഖേനയും റബ്ബറിന്റെ കരുതൽ ശേഖരം ഉണ്ടാക്കി വിലകളിലെ ചാഞ്ചാട്ടത്തെ പ്രതിരോധിച്ചു. സ്വാഭാവിക റബ്ബറിന്റെ ഉപഭോഗം വർധിപ്പിക്കുന്നതിനു പ്രോത്സാഹന നടപടികൾ സ്വീകരിച്ചു. കൃഷിക്കാരെ സംരക്ഷിക്കുന്നതിനോടൊപ്പം റബ്ബറധിഷ്ഠിത വ്യവസായങ്ങളെയും പുറത്തുനിന്നുള്ള അനിയന്ത്രിത ഇറക്കുമതിയിൽനിന്നും സംരക്ഷിച്ചു. ഭരണകൂടം ആസൂത്രിതമായി നടത്തിയ ഇത്തരം ഇടപെടലുകളുടെ ഫലം എന്തായിരുന്നു എന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. സ്വാഭാവിക റബ്ബറിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും അതിശയകരമായ നിലയിൽ ഉയർന്നു. റബറിധിഷ്ഠിത വ്യവസായങ്ങളും രാജ്യത്ത് തഴച്ചുവളർന്നു. ടയർ നിർമാണം മാത്രമല്ല മറ്റു റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾക്കും വലിയ വളർച്ച നേടിയെടുക്കാൻ കഴിഞ്ഞു. കൃഷിക്കാർക്കും കർഷക തൊഴിലാളികൾക്കും വ്യവസായ തൊഴിലാളികൾക്കും വലിയ നേട്ടങ്ങൾ ഉണ്ടായി.

1990കളുടെ തുടക്കത്തിൽ നവഉദാരവൽകരണ നയങ്ങൾ നടപ്പിലാക്കിത്തുടങ്ങിയതോടുകൂടി കാര്യങ്ങൾ തകിടംമറിഞ്ഞു. ഇന്ത്യ ആദ്യം ലോകവ്യാപാരസംഘടനയുടെ ഭാഗമായ സ്വതന്ത്ര വ്യാപാര കരാറിലും പിന്നീട് ഇന്ത്യ–ആസിയാൻ സ്വതന്ത്ര വ്യാപാരക്കരാറിലും ഒപ്പിട്ടു. അതുവഴി സ്വാഭാവിക റബ്ബറിന്റെയും ഉത്പന്നങ്ങളുടെയും ഇറക്കുമതി എളുപ്പമായി. താരിഫ്– താരിഫിതര ഇറക്കുമതി നിയന്ത്രണങ്ങൾ ഉദാരീകരിക്കപ്പെട്ടു. കേന്ദ്ര സർക്കാർ ആഭ്യന്തര കമ്പോളത്തിൽ ഇടപെടുന്നത് നിർത്തി. സർക്കാർ ഏജൻസികളും അന്തർദേശീയ റബ്ബർ ഉടമ്പടിയും റബ്ബറിന്റെ കരുതൽശേഖരം സൂക്ഷിക്കുന്നത് നിർത്തി. ഗവേഷണ – അറിവു വ്യാപന നടപടികളിൽനിന്നും പൊതുനിക്ഷേപങ്ങൾ നടത്തുന്നതിൽനിന്നും സർക്കാർ സാവധാനം പിന്മാറി. സ്വാഭാവിക റബ്ബറിന്റെ കൃഷിയെയും വ്യാപാരത്തെയും സ്വതന്ത്ര വിപണിക്കു വിട്ടുകൊടുത്തു. കമ്പോള മൗലികവാദികൾ രംഗം പൂർണമായും കെെയ്യടക്കി. സ്വാഭാവിക റബ്ബറിന്റെ വിലകളിലെ ചാഞ്ചാട്ടം കൂടി. ദീർഘകാലാടിസ്ഥാനത്തിൽ റബ്ബറിന്റെ ആപേക്ഷിക വിലകളിൽ വലിയ ഇടിവുണ്ടായി. അത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

കമ്പോളത്തിന്റെയും വിലകളുടെയും മേഖലയിൽ സർക്കാർ നടത്തുന്ന ഇടപെടലുകളും തിരുത്തലും എത്രമാത്രം പ്രധാനമാണെന്നു തൊണ്ണൂറുകൾക്കു മുൻപും അതിനു ശേഷവുമുള്ള ഈ രണ്ട് നയസമീപന കാലഘട്ടങ്ങൾ തമ്മിലുള്ള താരതമ്യം വ്യക്തമാക്കുന്നുണ്ട്. നവ ഉദാരവത്കരണ നയങ്ങളും സ്വതന്ത്ര വ്യാപാരക്കരാറുകളും എപ്രകാരമാണ് റബ്ബർ കൃഷിക്കാരുടെ നിലനിൽപ്പിനെ അപകടത്തിലാക്കിയത് എന്നത് കൂടുതൽ കൃത്യതയോടെ മനസ്സിലാക്കാൻ സ്വാഭാവിക റബ്ബറിന്റെ മൂല്യച്ചങ്ങലയിൽ (Value Chain) വന്ന മാറ്റം പരിശോധിച്ചാൽ മതിയാവും. അത്തരമൊരു പരിശോധന ഭാവിയിൽ ഉണ്ടാവേണ്ട ഇടപെടലുകളെക്കുറിച്ചും വ്യക്തമായ സൂചനകൾ നൽകും.

സ്വാഭാവിക റബ്ബറിന്റെ മൂല്യച്ചങ്ങലയുടെ തുടക്കം പ്രധാനമായും റബ്ബർതോട്ടങ്ങളിലാണ്. അവിടെയാണ് റബ്ബറിന്റെ പ്രാഥമിക ഉത്പാദനം നടക്കുന്നത്. മൂല്യച്ചങ്ങലയുടെ അങ്ങേത്തലയ്ക്കൽ ആത്യന്തിക ഉപഭോക്താക്കളാണ്. ടയറുകളും മറ്റ് റബ്ബറധിഷ്ഠിത ഉത്പന്നങ്ങളും വാങ്ങി ഉപയോഗിക്കുന്ന ജനങ്ങളെയാണ് അവിടെ കാണുക. ഈ രണ്ടറ്റത്തും ഉള്ളവർ – പ്രാഥമിക ഉത്പാദനം നടത്തുന്ന കൃഷിക്കാരും കർഷകത്തൊഴിലാളികളും – ആത്യന്തിക ഉപഭോക്താക്കളായ ജനങ്ങളും അസംഘടിതരാണ്. അവർക്കു വിപണിയുടെ ഗതിവിഗതികളുടെമേലും വിലകളിലും വലിയ സ്വാധീനം ചെലുത്താൻ കഴിയില്ല. റബ്ബറിന്റെ വിലയെ സ്വാധീനിക്കാൻ ഇറക്കുമതി ബദൽ വികസനതന്ത്രത്തിന്റെ കാലത്ത് കൃഷിക്കാരെ സഹായിച്ചിരുന്നത് സർക്കാർ ഏജൻസികളുടെ ഇടപെടലാണ്. അത് ഇപ്പോൾ പൂർണമായും ഇല്ലാതായിരിക്കുന്നു. എന്നു മാത്രമല്ല അണുവൽക്കരിക്കപ്പെട്ട കൃഷിക്കാർ തമ്മിലുള്ള മത്സരത്തിന്റെ ആഴവും വ്യാപ്തിയും വർധിക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാറിന്റെ സ്വാധീനം ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ഇന്ത്യയും ആസിയാനും ചേർന്നാൽ ഏതാണ്ട് എല്ലാ റബ്ബർ ഉത്പാദക രാജ്യങ്ങളും അതിൽപെടും. ഇന്ത്യ, മലേഷ്യ, ഇൻഡോനേഷ്യ, തായ്ലാന്റ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് പ്രമുഖ ഉത്പാദകർ. ഇൗ രാജ്യങ്ങളുടെ വിപണി പരസ്പരം മത്സരത്തിനു തുറന്നിടുകയാണ് ഇന്ത്യ–ആസിയാൻ കരാറിലൂടെ സംഭവിച്ചത്. ലോകമൊട്ടാകെയുള്ള റബ്ബറിന്റെ ഉത്പാദകർ പരസ്പരം കടുത്ത മത്സരത്തിൽ ഏർപ്പെടുന്ന സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത്. ലോക വിപണിയ്ക്കു വേണ്ടിയുള്ള മത്സരം മാത്രമല്ല ഇതിലൂടെ നടക്കുന്നത്. അംഗരാജ്യങ്ങൾ തമ്മിൽ ദേശീയ വിപണികൾ പിടിച്ചെടുക്കാൻ പരസ്പരം മത്സരിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

ഇതിനു പുറമേയാണ് ദേശീയ ഗവൺമെന്റുകളും ടയർ കമ്പനികളും അന്തർദേശീയ സ്ഥാപനങ്ങളും ചേർന്നു സ്വാഭാവിക റബ്ബറിന്റെ ഉത്പാദനം വളർത്താൻ നൽകുന്ന സബ്സിഡിയും മറ്റു ഇടപെടലുകളും. സ്വാഭാവിക റബ്ബറിന്റെ ഉത്പാദനവും പ്രദാനവും ലഭ്യതയും പരമാവധിയാക്കാനുള്ള ഉൗർജിത ഇടപെടലുകളാണ് എല്ലാ റബ്ബർ ഉൽപാദക രാജ്യങ്ങളിലും പ്രദേശങ്ങളിലും നടക്കുന്നത്. ഇന്ത്യയിൽ ടയർ നിർമാതാക്കളും നബാർഡും ചേർന്നു റബ്ബർ കൃഷി പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള വലിയ പദ്ധതിയാണ് നടപ്പിലാക്കുന്നത്.

റബ്ബർ കൃഷി വ്യാപനത്തിനു കൃഷിക്കാർക്കു പ്രോൽസാഹനം നൽകുന്നത് സ്വാഗതാർഹമാണ്. ഇറക്കുമതി – ബദൽ വികസനതന്ത്രത്തിന്റെ കാലത്ത്, അതായത് 1990കൾക്കു മുൻപ് ഇന്ത്യയിൽ റബ്ബർ കൃഷി വ്യാപനത്തിനു ഭരണകൂടം നൽകിയ ഒത്താശയെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചല്ലോ. പക്ഷേ അന്നും ഇന്നും തമ്മിൽ ഒരു പ്രധാന വ്യത്യാസമുണ്ട്. അന്ന് സർക്കാർ ഇടപെട്ടിരുന്നത് റബ്ബറിന്റെ ഉൽപാദനവും ലഭ്യതയും വർധിപ്പിക്കുന്നതിനു മാത്രമായിരുന്നില്ല. ഉൽപാദനം വർദ്ധിപ്പിക്കാൻ കൃഷിക്കാരെ പ്രേരിപ്പിക്കുന്നതിനോടൊപ്പം അവർക്കു ആദായകരമായ വില ഉറപ്പാക്കുന്നതിനും കമ്പോളത്തിൽ ശക്തമായി ഇടപെട്ടിരുന്നു. ഇറക്കുമതി നിയന്ത്രണവും, സംഭരണവും കരുതൽശേഖരം സൂക്ഷിക്കലും അന്നു സർക്കാരിനു നിഷിദ്ധമായിരുന്നില്ല. ഉദാരവൽക്കരണനയങ്ങളുടെ ഇരട്ടത്താപ്പും അപകടവും അങ്ങേയറ്റം വിവേചനപരമായ ഉള്ളടക്കവും വ്യക്തമാവുന്നത് ഈ സന്ദർഭത്തിലാണ്. ഇപ്പോൾ സർക്കാരുകളും അന്തർദേശീയ ഏജൻസികളും റബ്ബറിന്റെ ലഭ്യത ഉയർത്താൻ മാത്രമേ ഇടപെടുകയുള്ളൂ. കൃഷിക്കാർ തമ്മിലുള്ള മൽസരം കൊഴുപ്പിക്കാൻ മാത്രമേ ഇടപെടുകയുള്ളൂ. റബ്ബറിന്റെ മൂല്യച്ചങ്ങലയിൽ പ്രധാന പങ്കാളികളായ ഉപഭോക്തൃകുത്തകകൾ അതായത് ടയർ കമ്പനികൾ തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുകൾ (കാർട്ടലുകൾ) ഉണ്ടാക്കുന്നതിനെ നിയന്ത്രിക്കാൻ തയ്യാറല്ല. സ്വാഭാവിക റബ്ബറിന്റെ അന്തർദേശീയ വിപണിയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ബഹുരാഷ്ട്ര കുത്തകകളായ ടയർ കമ്പനികൾ പരസ്പരം സഹകരിച്ച് സ്വാഭാവിക റബ്ബറിന്റെ വില ഇടിക്കുന്നത് കെെയുംകെട്ടി നോക്കിനിൽക്കുന്നു. കുത്തകകളെ നിയന്ത്രിക്കാൻ സ്വതന്ത്രവ്യാപാര ഉടമ്പടികളിൽ വ്യവസ്ഥയില്ല. ചെറുകിട കൃഷിക്കാരെയും ചെറുകിട ഉൽപാദകരെയും സംരക്ഷിക്കാൻ സർക്കാരുകൾ നടത്തുന്ന പരിശ്രമങ്ങളെ നിയന്ത്രിക്കാനും നിരോധിക്കാനും മാത്രമേ സ്വതന്ത്രവ്യാപാര കരാറുകളിൽ വ്യവസ്ഥയുള്ളൂ.

പ്രാഥമിക ഉൽപന്നങ്ങളുടെ മൂല്യച്ചങ്ങലകൾ സംബന്ധിച്ചു നടന്നിട്ടുള്ള അസംഖ്യം പഠനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യം തന്നെയാണ് റബ്ബറിലും സംഭവിക്കുന്നത്. മൂല്യച്ചങ്ങലയിലെ കൃഷിയുടെ ഘട്ടത്തിൽ ലക്ഷക്കണക്കായ കൃഷിക്കാർ പങ്കെടുക്കുന്നു. സ്വതന്ത്ര വ്യാപാരനയങ്ങൾ അവർ തമ്മിലുള്ള മത്സരം തീവ്രമാക്കുന്നു. പ്രാഥമിക ഉൽപന്നങ്ങൾ വാങ്ങി സംസ്കരിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം കാലക്രമേണ കുറഞ്ഞുവരുന്നു; അവയുടെ വലുപ്പം കൂടി വരുന്നു; കുത്തകശക്തിയും ലാഭവും ഉയരുന്നു. ആത്യന്തിക ഉപഭോക്താക്കൾ നൽകുന്ന വിലയുടെ വളരെ ചെറിയ അംശം മാത്രമാണ് കൃഷിക്കാരിലേക്ക് എത്തുന്നത്.

പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്ന മൂല്യവിതരണത്തിലെ അസമത്വത്തെയും ചൂഷണത്തേയും ഔപചാരികമായി തെളിയിക്കുന്ന വിധിയാണ് അടുത്ത കാലത്ത് ഇന്ത്യയിലെ കോമ്പറ്റീഷൻ കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇന്ത്യൻ ടയർ കുത്തകകൾ കാർട്ടലുകളുണ്ടാക്കി വിലകളെ കൃത്രിമമായി സ്വാധീനിക്കുകയും കൊള്ളലാഭമുണ്ടാക്കുകയും ചെയ്തതായി കമ്മീഷൻ കണ്ടെത്തി. ടയർ കമ്പനികളുടെമേൽ പിഴ ഈടാക്കുകയും ചെയ്തു. കോമ്പറ്റീഷൻ കമ്മീഷന്റെ വിധി മറ്റു ലേഖനങ്ങളിൽ വിശദീകരിക്കുന്നു എന്നുള്ളതുകൊണ്ടു ഇവിടെ അതിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. പക്ഷേ, ഒരു കാര്യം തീർച്ചയാണ്. ടയർ കുത്തകകളേ നിയന്ത്രിച്ചുകൊണ്ടല്ലാതെ സ്വാഭാവിക റബ്ബറിന്റെ കൃഷിയെയും കൃഷിക്കാരെയും തൊഴിലാളികളെയും രക്ഷിയ്ക്കാനാവില്ല. അതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് ഇന്നത്തെ കടമ. അസംഘടിതരായ കൃഷിക്കാരോടൊപ്പം ആരൊക്കെയുണ്ട് എന്നു തീരുമാനിക്കേണ്ട സന്ദർഭമാണ് വരുന്നത്. കൃഷിക്കാരെ ചൂഷണം ചെയ്യുന്ന കുത്തകകളോടൊപ്പം കൂടുന്നവരെ ഒരിക്കൽകൂടി തിരിച്ചറിയാനും ഈ സന്ദർഭം ഉപയോഗപ്പെടും. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 2 =

Most Popular