നാണ്യവിളകളുടെ പ്രത്യേകത അതിന്റെ ആവർത്തനകൃഷിയുടെ സ്വഭാവമാണ്. നെല്ല്, ഗോതമ്പ് എന്നിവയുൾപ്പെടെയുള്ള ഭക്ഷ്യവിളകൾ ചെറിയകാലം കൊണ്ട് വിളവെടുക്കാവുന്നതും കൃഷിച്ചെലവ് കുറഞ്ഞകാലം കൊണ്ട് മടക്കിക്കിട്ടുന്ന രീതിയിലുമുള്ളതാണ്. എന്നാൽ വാണിജ്യവിളകൾക്ക് കാതലായ വ്യത്യാസമുണ്ട്. റബ്ബർ, കാപ്പി, ജാതി,ഗ്രാമ്പു, ഏലം തുടങ്ങിയവ നിശ്ചിതകാലം കഴിഞ്ഞാൽ വീണ്ടും കൃഷിയിറക്കണം. പുതുതായി നടുന്ന ചെടികൾ വളർന്ന് വിളവെടുക്കുന്നതിന് റബ്ബറിനെ സംബന്ധിച്ചാണെങ്കിൽ ആറോ ഏഴോ വർഷം വേണ്ടി വരും. ഏതാണ്ട് പതിനഞ്ച് കൊല്ലത്തോളം കഴിഞ്ഞാൽ, നിലവിലുള്ള റബ്ബർ മരം വെട്ടിമാറ്റി പുതിയ കൃഷിയിറക്കണം. തൽഫലമായി റീപ്ലാന്റേഷൻ നടത്തിയാൽ കർഷകന് നിശ്ചിതകാലത്തേക്ക് വരുമാനമുണ്ടാകില്ല. കൃഷിയിറക്കാനുള്ള ചെലവാകട്ടെ ഒട്ടും ചെറുതല്ല താനും. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ റബ്ബർ നിയമം അനുസരിച്ച് രൂപപ്പെടുത്തിയ സംവിധാനത്തിലൂടെ റബ്ബർ കൃഷിയുടെ ആവർത്തനകൃഷി സർക്കാർ ഉറപ്പാക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ റബ്ബറിന്റെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാനായി റബ്ബർ കർഷകരെ ആ മേഖലയിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുവരികയാണ് റബ്ബർ ബോർഡ് ചെയ്തത്. ഭൂമിയിലുണ്ടായിരുന്ന മരങ്ങൾ ഉൾപ്പെടെ വെട്ടിമാറ്റി, റബ്ബർ മാത്രം നടും എന്നുറപ്പാക്കിക്കൊണ്ടാണ് റബ്ബർ കൃഷിക്ക് സബ്സിഡി സമ്പ്രദായം ഏർപ്പെടുത്തിയത്. ഇത് റബ്ബറിന്റെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ച് വാണിജ്യാടിസ്ഥാനത്തിൽ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള രാജ്യത്തിന്റെ നയത്തിന്റെ ഭാഗമായിരുന്നു. നിലവിൽ മറ്റു കൃഷി ചെയ്തിരുന്ന കർഷകരെ തങ്ങളുടെ പതിവ് കൃഷി രീതിയിൽ നിന്നുമാറ്റി, വാണിജ്യകൃഷിക്കായി, ഭൂമിയെ തോട്ടമാക്കിയും നാട്ടുമരങ്ങൾ വെട്ടി വെളിപ്പിച്ചും, മറ്റൊരു കാർഷികരീതിയിലേക്ക് കൂട്ടിക്കൊണ്ടുപോയ റബ്ബർ ബോർഡിന്, തങ്ങളുടെ വഴിയിലേക്ക് ജീവിതം പറിച്ചുനട്ട റബ്ബർ കർഷകരെ സംരക്ഷിക്കാൻ ബാധ്യതയുണ്ട്. ‘‘ബൂർഷ്വാസി സ്വന്തം പ്രതിച്ഛായയിലൂടെ ഒരു ലോകംസൃഷ്ടിക്കുന്നു’’വെന്നു കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ചൂണ്ടിക്കാട്ടുന്നുണ്ട്. റബ്ബർ കൃഷിക്കാർ ഇവിടെ വികസിച്ചുവന്ന മുതലാളിത്തത്തിന്റെ കമ്പോളാവശ്യങ്ങൾക്കായി പരുവപ്പെടുത്തിയെടുക്കപ്പെട്ട മനുഷ്യരായി. ഇന്ത്യൻ ദേശീയ മുതലാളിയുടെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ താൽപ്പര്യങ്ങളെ വിനീതരായി നടപ്പാക്കിക്കൊടുക്കുകയും അതിന്റെ പങ്കുപറ്റി ഇടത്തരമോ മധ്യവർഗമോ ആയ ജീവിതരീതിയെ പിൻപറ്റിയവരാണവർ. അവർക്കുണ്ടായിരുന്നത് തീരെ തുണ്ടുവൽക്കരിക്കാത്ത കൃഷി ഭൂമിയായിരുന്നു താനും. റബ്ബറിന് ഉയർന്ന വില ലഭിച്ചപ്പോൾ, ജീവിതനിലവാരം ഉയരുന്നതു കണ്ട് കൂടുതൽ പേർ മോഹിതരായി റബ്ബർകൃഷിയിലേക്ക് വന്നു. റബ്ബർ ബോർഡ് കൃഷി സ്ഥാപനത്തിന് സഹായവും നൽകി. അങ്ങനെ റബ്ബറിനെ ജീവിതോപാധിയാക്കിയ കർഷകർ ആഗോളവൽക്കരണത്തിന്റെ ഭാഗമായ റബ്ബർ ഇറക്കുമതി തീവ്രമായതോടെ തകർച്ചയിലേക്ക് നീങ്ങാൻ തുടങ്ങി. ആസിയാൻ കരാർ അടുത്ത് വിനയായിരുന്നു. ഈ രണ്ട് പ്രക്രിയകളും അരങ്ങേറിയത് കോൺഗ്രസിന്റെ കാർമികത്വത്തിലായിരുന്നു. എന്നാൽ ബിജെപി ഭരണം വന്നതോടെ, റബ്ബർ കർഷകർ മൂന്നാമത്തെ ദുരന്തത്തെ അഭിമുഖീകരിക്കുകയാണ്. അത് ആവർത്തന കൃഷിക്ക് കേരളത്തിന് സഹായം നിഷേധിക്കുന്ന കേന്ദ്ര നടപടിയുടെ ഭാഗമായി സംഭവിക്കുകയാണ്.
കേരളത്തിനു സമാനമായ കാലാവസ്ഥയുള്ള ആസ്സാം, ത്രിപുര ഉൾപ്പെടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റബ്ബർ കൃഷിയെ പറിച്ചുനടുകയെന്ന തന്ത്രമാണ് മോദി സർക്കാർ നടപ്പാക്കുന്നത്. അവിടങ്ങളിൽ ഒരു ഹെക്ടർ റബ്ബർ കൃഷിയിറക്കാൻ റബ്ബർ ബോർഡ് വഴി നാൽപ്പതിനായിരം രൂപയാണ് കേന്ദ്രം സഹായിക്കുന്നത്. പ്രതിദിനം ഇരുന്നൂറ് രൂപക്ക് ഒരു തൊഴിലാളിയെ ജോലിക്ക് കിട്ടുന്ന ആസ്സാമിലേക്ക് റബ്ബർ കൃഷി വ്യാപിപ്പിക്കുകയെന്ന രാഷ്ട്രീയ തീരുമാനമാണ് ബിജെപി നടപ്പാക്കുന്നത്. കേരളത്തിൽ ഒരു ഹെക്ടറിന് ഇരുപത്തി അയ്യായിരം രൂപവരെ ആവർത്തന കൃഷിക്കായി നൽകിയിരുന്നത് വർഷങ്ങളായി നിർത്തിവച്ചിരിക്കുന്നു. കേരളത്തിലെ റബ്ബർ കൃഷിക്കാർക്കായി റബ്ബർ ബോർഡ് ഫണ്ട് മാറ്റിവയ്ക്കുന്നില്ല. നാമമാത്ര ജോലിക്കാർ മാത്രമായി റബ്ബർ ബോർഡിനെ നോക്കുകുത്തിയാക്കി. റബ്ബറിന് വില സ്ഥിരതാഫണ്ട് ഏർപ്പെടുത്തിയ കേരള സർക്കാരിന്റെ തീരുമാനം നടപ്പാക്കാൻ റബ്ബർ ബോർഡ് സഹകരിക്കുന്നില്ല. റബ്ബർ കൃഷിയിൽനിന്ന് കർഷകരെ പുറന്തള്ളാനുള്ള ലക്ഷ്യങ്ങളാണ് കേന്ദ്ര നീക്കത്തിനു പിന്നിൽ. കേരളത്തിലെ റബ്ബർ കൃഷിക്കാരിൽ മലയോര മേഖലകളിൽ പ്രബല സാന്നിധ്യമുള്ള മതവിഭാഗങ്ങളോടുള്ള വിപ്രതിപത്തിയും ഈ നീക്കത്തിനു പിന്നിലുണ്ട്. അങ്ങനെ കേരളത്തോടുള്ള കേന്ദ്ര പ്രതികാരത്തിന്റെ മറ്റൊരു മുഖമായി റബ്ബർ കൃഷിയിറക്കാനുള്ള ഫണ്ട് നിഷേധിക്കുന്ന നടപടി മാറിക്കഴിഞ്ഞു. പോരാട്ടത്തിന്റെ പുതിയ മുഖം തുറക്കാൻ റബ്ബർ കർഷകർ തീരുമാനിക്കേണ്ടത് ഈ വിവേചനം അവസാനിപ്പിക്കാൻ കൂടിയാണ്. ♦